വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ ഭയഗംഭീര പ്രപഞ്ചം

നമ്മുടെ ഭയഗംഭീര പ്രപഞ്ചം

അധ്യായം 9

നമ്മുടെ ഭയഗം​ഭീര പ്രപഞ്ചം

1, 2. (എ) ഭൗതി​കാ​കാ​ശത്തെ എങ്ങനെ വർണി​ക്കാൻ കഴിയും? (ബി) ചിന്തക​രായ ആളുകൾ ഏതു ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നു, ഉത്തരങ്ങൾ എന്തു നിർണ​യി​ക്കാൻ സഹായി​ക്കു​ന്നു?

 ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി ആളുകൾ നക്ഷത്ര​നി​ബി​ഡ​മായ ആകാശത്തെ നോക്കി അത്ഭുതം​കൂ​റി​യി​ട്ടുണ്ട്‌. തെളി​വുള്ള ഒരു രാത്രി​യിൽ നയനമ​നോ​ഹ​ര​മായ താരകങ്ങൾ ഒളിവി​ത​റുന്ന രത്‌ന​ങ്ങൾപ്പോ​ലെ ആകാശ​ത്തി​ന്റെ ഇരുളി​മ​യിൽ ഞാന്നു​കി​ട​ക്കു​ന്നു. നിലാ​വുള്ള ഒരു രാത്രി​യിൽ ചന്ദ്രബിം​ബം അതിന്റെ പ്രഭാ​പൂ​ര​ത്താൽ ഭൂമിയെ കുളി​പ്പി​ക്കുന്ന കാഴ്‌ച അതിമ​നോ​ഹ​ര​മാണ്‌.

2 തങ്ങൾ കാണുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കുന്ന ആളുകൾ പലപ്പോ​ഴും ഇങ്ങനെ അത്ഭുത​പ്പെ​ടു​ന്നു: ‘അങ്ങകലെ ബഹിരാ​കാ​ശത്ത്‌ എന്താണു​ള്ളത്‌? അത്‌ എങ്ങനെ​യാ​ണു സംഘടി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌? അവയെ​ല്ലാം ആരംഭി​ച്ച​വി​ധം നമുക്കു കണ്ടെത്താൻ കഴിയു​മോ?’ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ, ഭൂമി​യും അതിലെ മനുഷ്യ​നും മറ്റു ജീവി​ക​ളും ഇവിടെ ആയിരി​ക്കു​ന്ന​തി​ന്റെ കാരണ​വും ഭാവി​യിൽ അവസ്ഥ എന്തായി​രി​ക്കാ​മെ​ന്നും കൂടുതൽ കൃത്യ​മാ​യി നിർണ​യി​ക്കാൻ സഹായി​ക്കു​മെ​ന്ന​തി​നു സംശയ​മില്ല.

3. പ്രപഞ്ച​ത്തെ​ക്കു​റി​ച്ചുള്ള വർധി​ച്ചു​വ​രുന്ന വിജ്ഞാ​ന​ത്തി​ന്റെ ഒരു ഫലമെന്ത്‌?

3 നഗ്നനേത്രംകൊണ്ടു കാണാൻ കഴിയുന്ന ഏതാനും ആയിരം നക്ഷത്ര​ങ്ങളേ ഈ പ്രപഞ്ച​ത്തി​ലു​ള്ളൂ എന്നാണ്‌ അനേകം നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ വിചാ​രി​ച്ചി​രു​ന്നത്‌. എന്നാൽ ഇപ്പോൾ, ആകാശത്തെ സസൂക്ഷ്‌മം പരി​ശോ​ധി​ക്കുന്ന ശക്തമായ ഉപകര​ണ​ങ്ങ​ളു​ടെ സഹായ​ത്തോ​ടെ അതി​നെ​ക്കാ​ളൊ​ക്കെ വളരെ​യേറെ നക്ഷത്ര​ങ്ങ​ളു​ണ്ടെന്ന്‌ ശാസ്‌ത്ര​ജ്ഞ​ന്മാർ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, ഏതൊ​രാ​ളും സങ്കൽപ്പി​ച്ചി​ട്ടു​ള്ള​തി​നെ​ക്കാൾ വളരെ​യേറെ ഭയഗം​ഭീ​ര​മായ സംഗതി​ക​ളാണ്‌ അവർ നിരീ​ക്ഷി​ച്ചി​ട്ടു​ള്ളത്‌. അവയു​ടെ​യെ​ല്ലാം ബാഹു​ല്യ​വും സങ്കീർണ​ത​യും മനുഷ്യ​മ​ന​സ്സി​നെ അമ്പരപ്പി​ക്കു​ന്നു. പ്രപഞ്ച​ത്തെ​ക്കു​റിച്ച്‌ മനുഷ്യൻ ഇപ്പോൾ മനസ്സി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കുന്ന കാര്യങ്ങൾ “അവനെ അത്ഭുത​സ്‌ത​ബ്ധ​നാ​ക്കി”യിരി​ക്കു​ന്നു എന്ന്‌ നാഷണൽ ജിയോ​ഗ്ര​ഫിക്ക്‌ മാസിക അഭി​പ്രാ​യ​പ്പെട്ടു.1

ഭയഗം​ഭീ​ര​മായ വലുപ്പം

4. 1920-കളിൽ എന്താണു കണ്ടുപി​ടി​ക്ക​പ്പെ​ട്ടത്‌?

4 കഴിഞ്ഞ നൂറ്റാ​ണ്ടു​ക​ളിൽ ആദിമ ദൂരദർശി​നി​ക​ളു​പ​യോ​ഗിച്ച്‌ ആകാശത്തെ സസൂക്ഷ്‌മം പരി​ശോ​ധിച്ച ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​ന്മാർ മങ്ങിയ, മേഘസ​ദൃ​ശ​മായ ചില രൂപഘ​ട​നകൾ ശ്രദ്ധി​ക്കാ​നി​ട​യാ​യി. അവ വാതക​മേ​ഘ​ങ്ങ​ളാ​ണെന്ന്‌ അവർ കരുതി. എന്നാൽ 1920-കളിൽ വലുപ്പ​മേ​റി​യ​തും കൂടുതൽ ശക്തവു​മായ ദൂരദർശി​നി​കൾ ഉപയോ​ഗ​ത്തിൽ വന്നപ്പോൾ ഈ “വാതകങ്ങൾ” വിചാ​രി​ച്ചി​രു​ന്ന​തി​നെ​ക്കാൾ വളരെ​യേറെ വലുപ്പ​മു​ള്ള​തും സുപ്ര​ധാ​ന​വു​മായ മറ്റെന്തോ ആണെന്നു കണ്ടെത്ത​പ്പെട്ടു: ഗാലക്‌സി​കൾ.

5. (എ) എന്താണ്‌ ഒരു ഗാലക്‌സി? (ബി) നമ്മുടെ ക്ഷീരപഥ ഗാലക്‌സി എന്താണ്‌ ഉൾക്കൊ​ള്ളു​ന്നത്‌?

5 ഒരു കേന്ദ്ര ന്യൂക്ലി​യ​സി​നു ചുറ്റും ഭ്രമണം​ചെ​യ്യുന്ന നക്ഷത്ര​ങ്ങ​ളു​ടെ​യും വാതക​ത്തി​ന്റെ​യും മറ്റു പദാർഥ​ങ്ങ​ളു​ടെ​യും വലി​യൊ​രു കൂട്ടമാണ്‌ ഒരു ഗാലക്‌സി. ഗാലക്‌സി​കളെ ദ്വീപ​വി​ശ്വ​ങ്ങൾ എന്നു വിളി​ച്ചി​രി​ക്കു​ന്നു, കാരണം അവയി​ലോ​രോ​ന്നും ഒരു പ്രപഞ്ചം​പോ​ലെ​ത​ന്നെ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌ ക്ഷീരപഥം എന്നു വിളി​ക്ക​പ്പെ​ടുന്ന, നമ്മുടെ ഗാലക്‌സി​യെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കുക. നമ്മുടെ സൗരയൂ​ഥം, അതായത്‌ സൂര്യ​നും ഭൂമി​യും മറ്റു ഗ്രഹങ്ങ​ളും അവയുടെ ചന്ദ്രന്മാ​രും, ഈ ഗാലക്‌സി​യു​ടെ ഭാഗമാണ്‌. എന്നാൽ ഈ സൗരയൂ​ഥം അതിലെ തീരെ ചെറിയ ഒരു അംശം മാത്രമേ ആകുന്നു​ള്ളൂ, എന്തു​കൊ​ണ്ടെ​ന്നാൽ നമ്മുടെ ക്ഷീരപഥ ഗാലക്‌സി​യിൽ 10,000 കോടി​യി​ലേറെ നക്ഷത്ര​ങ്ങ​ളുണ്ട്‌! ചില ശാസ്‌ത്ര​ജ്ഞ​ന്മാർ പറയു​ന്നത്‌ കുറഞ്ഞത്‌ 20,000 കോടി​മു​തൽ 40,000 കോടി​വരെ നക്ഷത്രങ്ങൾ അതിൽ ഉണ്ടെന്നാണ്‌. ഒരു ശാസ്‌ത്ര​ലേ​ഖകൻ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ക​പോ​ലും ചെയ്‌തു: “ക്ഷീരപഥ ഗാലക്‌സി​യിൽ അഞ്ഞൂറു​സ​ഹ​സ്ര​കോ​ടി​മു​തൽ ആയിരം​സ​ഹ​സ്ര​കോ​ടി​വരെ നക്ഷത്രങ്ങൾ ഉണ്ടായി​രി​ക്കാം.”2

6. നമ്മുടെ ഗാലക്‌സി​ക്കു കുറു​കെ​യുള്ള ദൂരം എത്രയാണ്‌?

6 പ്രകാശത്തിന്റെ വേഗത്തിൽ (ഒരു സെക്കന്റിൽ 2,98,051 കിലോ​മീ​റ്റർ) സഞ്ചരി​ക്കാൻ കഴിയു​മെ​ങ്കിൽ നമ്മുടെ ഗാലക്‌സി കുറുകെ കടക്കാൻ നിങ്ങൾ 1,00,000 വർഷം എടുക്കും. അത്രയ​ധി​കം ആണ്‌ അതിന്റെ വ്യാസം! അത്‌ എത്ര കിലോ​മീ​റ്റ​റാണ്‌? കൊള്ളാം, പ്രകാശം ഒരു വർഷം ഏതാണ്ട്‌ 9.6 ശതസഹ​സ്ര​കോ​ടി (9,60,000,00,00,000) കിലോ​മീ​റ്റർ സഞ്ചരി​ക്കു​ന്ന​തി​നാൽ അതിനെ 1,00,000 കൊണ്ടു ഗുണി​ച്ചാൽ നിങ്ങൾക്ക്‌ ഉത്തരം ലഭിക്കു​ന്നു: നമ്മുടെ ക്ഷീരപഥ ഗാലക്‌സി​യു​ടെ വ്യാസം ഏതാണ്ട്‌ 960 സഹസ്ര​ലക്ഷം കോടി (9,600,00,00,000,00,00,000) കിലോ​മീ​റ്റർ ആണ്‌! ഗാലക്‌സി​ക്കു​ള്ളി​ലെ നക്ഷത്ര​ങ്ങൾക്കി​ട​യ്‌ക്കുള്ള ശരാശരി അകലം ഏതാണ്ട്‌ ആറ്‌ പ്രകാ​ശ​വർഷങ്ങൾ അല്ലെങ്കിൽ ഏകദേശം 58 ശതസഹ​സ്ര​കോ​ടി കിലോ​മീ​റ്റർ ആയിരി​ക്കു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു.

7. പ്രപഞ്ച​ത്തി​ലെ ഗാലക്‌സി​ക​ളു​ടെ എണ്ണം സംബന്ധിച്ച്‌ എന്തു കണക്കു​കൂ​ട്ട​ലു​ക​ളാ​ണു നടത്തി​യി​രി​ക്കു​ന്നത്‌?

7 ഇത്തരം വലുപ്പ​വും ദൂരവും ഗ്രഹി​ക്കു​ക​യെ​ന്നത്‌ മനുഷ്യ​മ​ന​സ്സി​നു മിക്കവാ​റും അസാധ്യം​ത​ന്നെ​യാണ്‌. എന്നാൽ, നമ്മുടെ ഗാലക്‌സി മാത്രമല്ല ബാഹ്യാ​കാ​ശ​ത്തു​ള്ളത്‌! ഒട്ടനവധി ഗാലക്‌സി​കൾ ഇപ്പോൾ കണ്ടുപി​ടി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. അവ “ഒരു പുൽത്ത​കി​ടി​യി​ലെ പുൽക്കൊ​ടി​കൾ പോലെ അത്ര അധികം ഉണ്ടെന്ന്‌” പറയ​പ്പെ​ട്ടി​രി​ക്കു​ന്നു.3 ദൃശ്യ പ്രപഞ്ച​ത്തിൽ ഏതാണ്ട്‌ സഹസ്ര​കോ​ടി ഗാലക്‌സി​ക​ളുണ്ട്‌! എന്നാൽ ഇവയെ കൂടാതെ, ഇന്നത്തെ ദൂരദർശി​നി​ക​ളു​പ​യോ​ഗി​ച്ചു കാണാൻ കഴിയാത്ത മറ്റനേകം ഗാലക്‌സി​ക​ളു​മുണ്ട്‌. പ്രപഞ്ച​ത്തിൽ 10,000 കോടി ഗാലക്‌സി​ക​ളു​ണ്ടെന്ന്‌ ചില ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​ന്മാർ കണക്കാ​ക്കു​ന്നു! ഓരോ ഗാലക്‌സി​യി​ലും സഹസ്ര​കോ​ടി​ക്ക​ണ​ക്കി​നു നക്ഷത്രങ്ങൾ ഉണ്ടായി​രു​ന്നേ​ക്കാം!

ഗാലക്‌സി​ക​ളു​ടെ സമൂഹങ്ങൾ

8. ഗാലക്‌സി​കൾ എങ്ങനെ ക്രമീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു?

8 എന്നാൽ ഇതു​കൊ​ണ്ടു തീർന്നില്ല. ഭയഗം​ഭീ​ര​മായ ഈ ഗാലക്‌സി​കൾ ബഹിരാ​കാ​ശത്ത്‌ അടുക്കും ചിട്ടയു​മി​ല്ലാ​തെ ചിതറി​ക്കി​ട​ക്കു​കയല്ല. പകരം, ഒരു മുന്തി​രി​ക്കു​ല​യി​ലെ മുന്തി​രി​ങ്ങ​കൾപ്പോ​ലെ അവ സാധാ​ര​ണ​മാ​യി ഗാലക്‌സി​സ​മൂ​ഹങ്ങൾ എന്നു വിളി​ക്ക​പ്പെ​ടുന്ന സുനി​ശ്ചിത ഗണങ്ങളാ​യി ക്രമീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഇത്തരം ആയിര​ക്ക​ണ​ക്കി​നു ഗാലക്‌സി​സ​മൂ​ഹ​ങ്ങളെ ഇതി​നോ​ടകം തന്നെ നിരീ​ക്ഷി​ക്കു​ക​യും ഫോ​ട്ടോ​യിൽ പകർത്തു​ക​യും ചെയ്‌തി​ട്ടുണ്ട്‌.

9. നമ്മുടെ പ്രാ​ദേ​ശിക ഗാലക്‌സി​സ​മൂ​ഹ​ത്തിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു?

9 ചില ഗാലക്‌സി​സ​മൂ​ഹ​ങ്ങ​ളിൽ ഗാലക്‌സി​ക​ളു​ടെ എണ്ണം താരത​മ്യേന കുറവാണ്‌. ഉദാഹ​ര​ണ​ത്തിന്‌, നമ്മുടെ ക്ഷീരപഥ ഗാലക്‌സി ഇരുപ​തോ​ളം ഗാലക്‌സി​കൾ മാത്ര​മുള്ള ഒരു ഗാലക്‌സി​സ​മൂ​ഹ​ത്തി​ന്റെ ഭാഗമാണ്‌. ഈ പ്രാ​ദേ​ശിക ഗണത്തിൽ, തെളി​വുള്ള ഒരു രാത്രി​യിൽ ദൂരദർശി​നി​യു​ടെ സഹായം​കൂ​ടാ​തെ കാണാൻ കഴിയുന്ന ഒരു “അയൽക്കാ​രൻ” ഗാലക്‌സി​യുണ്ട്‌. അതാണ്‌ ആൻ​ഡ്രോ​മി​ഡാ ഗാലക്‌സി. നമ്മുടെ ഗാലക്‌സി​യെ​പ്പോ​ലെ തന്നെ അതിനും സർപ്പി​ളാ​കൃ​തി ആണ്‌.

10. (എ) ഒരു ഗാലക്‌സി​സ​മൂ​ഹ​ത്തിൽ എത്ര ഗാലക്‌സി​കൾ ഉണ്ടായി​രു​ന്നേ​ക്കാം? (ബി) ഗാലക്‌സി​കൾ തമ്മിലും ഗാലക്‌സി​ക​ളു​ടെ സമൂഹങ്ങൾ തമ്മിലു​മുള്ള അകലം എത്രയാണ്‌?

10 എന്നാൽ മറ്റു ചില ഗാലക്‌സി​സ​മൂ​ഹ​ങ്ങ​ളിൽ ഡസൻ കണക്കിന്‌, ഒരുപക്ഷേ നൂറു​ക​ണ​ക്കി​നോ ആയിര​ക്ക​ണ​ക്കി​നോ​പോ​ലും, ഗാലക്‌സി​കൾ അടങ്ങി​യി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു ഗാലക്‌സി​സ​മൂ​ഹ​ത്തിൽ 10,000-ത്തോളം ഗാലക്‌സി​കൾ ഉള്ളതായി കരുത​പ്പെ​ടു​ന്നു! ഒരു ഗാലക്‌സി​സ​മൂ​ഹ​ത്തിന്‌ ഉള്ളിലെ ഗാലക്‌സി​കൾക്കി​ട​യ്‌ക്കുള്ള ശരാശരി അകലം ഏതാണ്ട്‌ ദശലക്ഷം പ്രകാ​ശ​വർഷങ്ങൾ ആണ്‌. എന്നാൽ ഒരു ഗാലക്‌സി​സ​മൂ​ഹ​ത്തിൽനി​ന്നു മറ്റൊ​ന്നി​ലേ​ക്കുള്ള അകലം അതിന്റെ നൂറി​രട്ടി ആയിരു​ന്നേ​ക്കാം. ഒരു മുന്തി​രി​വ​ള്ളി​യി​ലെ മുന്തി​രി​ക്കു​ല​കൾപ്പോ​ലെ, ഗാലക്‌സി​സ​മൂ​ഹ​ങ്ങൾത്തന്നെ “ഗാലക്‌സി​സ​മൂ​ഹ​സ​ഞ്ച​യ​ങ്ങളാ”യി (superclusters) ക്രമീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നതി​നും തെളി​വുണ്ട്‌. എത്ര അപാര​മായ വലുപ്പ​വും മികച്ച സംഘാ​ട​ന​വും!

സമാന​മായ സംഘാ​ട​നം

11. നമ്മുടെ സൗരയൂ​ഥ​ത്തിൽ സമാന​മായ എന്തു സംഘാ​ടനം നാം കാണുന്നു?

11 നമ്മുടെ സൗരയൂ​ഥ​ത്തി​ലേക്കു നോക്കു​മ്പോൾ അതിഗം​ഭീ​ര​മാ​യി സംഘടി​പ്പി​ക്ക​പ്പെട്ട മറ്റൊരു ക്രമീ​ക​രണം നാം കാണുന്നു. ഇടത്തരം വലുപ്പ​മുള്ള ഒരു നക്ഷത്ര​മായ സൂര്യൻ എന്ന “ന്യൂക്ലി​യസി”നു ചുറ്റും ഭൂമി​യും മറ്റു ഗ്രഹങ്ങ​ളും അവയുടെ ചന്ദ്രന്മാ​രും കൃത്യ​മായ ഭ്രമണ​പ​ഥ​ങ്ങ​ളി​ലൂ​ടെ നീങ്ങുന്നു. ഭാവി​യി​ലെ ഏതൊരു സമയത്തും അവ എവിടെ ആയിരി​ക്കും എന്ന്‌ ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​ന്മാർക്കു കൃത്യ​മാ​യി പ്രവചി​ക്കാൻ കഴിയ​ത്ത​ക്ക​വി​ധം ഗണിത​പ​ര​മാ​യി അത്ര കൃത്യ​ത​യോ​ടെ​യാണ്‌ അവ വർഷം​തോ​റും ഭ്രമണം​ചെ​യ്യു​ന്നത്‌.

12. ആറ്റങ്ങൾ സംഘടി​ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

12 അതിസൂക്ഷ്‌മ വസ്‌തു​ക്ക​ളി​ലേക്ക്‌—ആറ്റങ്ങളി​ലേക്ക്‌—നോക്കി​യാ​ലും അതേ കൃത്യ​ത​തന്നെ നമുക്കു കാണാം. ക്രമത്തി​ന്റെ ഒരു അത്ഭുത​മാണ്‌ ആറ്റം, അതിന്റെ ക്രമം സൗരയൂ​ഥ​ത്തി​ന്റെ ക്രമ​ത്തോ​ടു സദൃശം ആണ്‌. അതിൽ പ്രോ​ട്ടോ​ണു​ക​ളെ​ന്നും ന്യൂ​ട്രോ​ണു​ക​ളെ​ന്നും വിളി​ക്ക​പ്പെ​ടുന്ന കണങ്ങള​ട​ങ്ങുന്ന ഒരു അണു​കേ​ന്ദ്ര​വും അതിനു ചുറ്റു​മാ​യി ഭ്രമണം​ചെ​യ്യുന്ന തീരെ ചെറിയ ഇലക്‌​ട്രോ​ണു​ക​ളും ഉണ്ട്‌. ദ്രവ്യ​മെ​ല്ലാം ഈ നിർമാ​ണ​ഘ​ട​ക​ങ്ങൾകൊ​ണ്ടു നിർമി​ത​മാണ്‌. ഒരു പദാർഥത്തെ മറ്റൊ​ന്നിൽനി​ന്നു വ്യത്യ​സ്‌ത​മാ​ക്കു​ന്നത്‌ ന്യൂക്ലി​യ​സി​ലെ പ്രോ​ട്ടോ​ണു​ക​ളു​ടെ​യും ന്യൂ​ട്രോ​ണു​ക​ളു​ടെ​യും എണ്ണവും അതിനു​ചു​റ്റും ഭ്രമണം​ചെ​യ്‌തു​കൊ​ണ്ടി​രി​ക്കുന്ന ഇല​ക്ട്രോ​ണു​ക​ളു​ടെ എണ്ണവും അവയുടെ ക്രമീ​ക​ര​ണ​വു​മാണ്‌. ഇവയ്‌ക്ക്‌ ഉത്‌കൃ​ഷ്ട​മായ ഒരു ക്രമമുണ്ട്‌, കാരണം ദ്രവ്യ​ത്തി​ന്റെ ഘടകങ്ങ​ളായ എല്ലാ മൂലക​ങ്ങ​ളെ​യും അവയി​ലുള്ള നിർമാ​ണ​ഘ​ട​ക​ങ്ങ​ളു​ടെ എണ്ണമനു​സ​രിച്ച്‌ കൃത്യ​മായ ക്രമത്തിൽ അടുക്കി​വെ​ക്കാൻ കഴിയും.

ഈ സംഘാ​ട​ന​ത്തി​നു പിന്നിൽ എന്താണു​ള്ളത്‌?

13. മുഴു പ്രപഞ്ച​ത്തി​ലും എന്തു സവി​ശേഷത കാണ​പ്പെ​ടു​ന്നു?

13 നാം കണ്ടതു​പോ​ലെ, പ്രപഞ്ച​ത്തി​ന്റെ വലുപ്പം ശരിക്കും ഭയഗം​ഭീ​ര​മാണ്‌. അതു​പോ​ലെ​ത​ന്നെ​യാണ്‌ അതിന്റെ അത്ഭുത​ക​ര​മായ ക്രമീ​ക​ര​ണ​വും. അതിബൃ​ഹ​ത്തായ സംഗതി​ക​ളിൽ മുതൽ അതിസൂ​ക്ഷ്‌മ​മായ സംഗതി​ക​ളിൽ വരെ, ഗാലക്‌സി​സ​മൂ​ഹ​ങ്ങ​ളിൽ മുതൽ ആറ്റങ്ങളിൽ വരെ, നാം കാണുന്ന അതിഗം​ഭീ​ര​മായ സംഘാ​ടനം പ്രപഞ്ച​ത്തി​ന്റെ സവി​ശേ​ഷ​ത​യാണ്‌. ഡിസ്‌കവർ മാസിക ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ഞങ്ങൾ ആ ക്രമം അത്ഭുത​ത്തോ​ടെ ഗ്രഹി​ച്ച​റി​ഞ്ഞു, ഞങ്ങളുടെ പ്രപഞ്ച​ശാ​സ്‌ത്ര​ജ്ഞ​ന്മാ​രും ഭൗതി​ക​ശാ​സ്‌ത്ര​ജ്ഞ​ന്മാ​രും ക്രമത്തി​ന്റെ പുതി​യ​തും വിസ്‌മ​യാ​വ​ഹ​വു​മായ വശങ്ങൾ കണ്ടെത്തി​ക്കൊ​ണ്ടേ​യി​രി​ക്കു​ക​യാണ്‌. . . . അതൊരു അത്ഭുത​മാ​ണെന്നു ഞങ്ങൾ പറയാ​റു​ണ്ടാ​യി​രു​ന്നു, എന്നാൽ മുഴു പ്രപഞ്ച​ത്തെ​യും ഒരു അത്ഭുത​മാ​യി പരാമർശി​ക്കാ​നാണ്‌ ഇപ്പോ​ഴും ഞങ്ങൾ ആഗ്രഹി​ക്കു​ന്നത്‌.”4 പ്രപഞ്ചത്തെ വർണി​ക്കാൻ ജ്യോ​തി​ശ്ശാ​സ്‌ത്ര​ത്തിൽ സാധാരണ ഉപയോ​ഗി​ക്കാ​റുള്ള “കോസ്‌മോസ്‌” എന്ന പദം തന്നെ ഈ ക്രമീ​കൃത ഘടനയെ സൂചി​പ്പി​ക്കു​ന്നു. ഒരു നിഘണ്ടു ഈ പദത്തെ നിർവ​ചി​ക്കു​ന്നത്‌ “ക്രമീ​കൃ​ത​വും ഏകോ​പി​ത​വും വ്യവസ്ഥാ​പി​ത​വു​മായ ഒരു പ്രപഞ്ചം” എന്നാണ്‌.5

14. ഒരു മുൻ ബഹിരാ​കാ​ശ​സ​ഞ്ചാ​രി എന്ത്‌ അഭി​പ്രായ പ്രകട​ന​മാ​ണു നടത്തി​യത്‌?

14 മുൻ ബഹിരാ​കാ​ശ​സ​ഞ്ചാ​രി​യായ ജോൺ ഗ്ലെൻ “നമുക്കു ചുറ്റു​മുള്ള മുഴു പ്രപഞ്ച​ത്തി​ന്റെ​യും ക്രമ”ത്തെക്കു​റി​ച്ചു പറയു​ക​യു​ണ്ടാ​യി. “എല്ലാ” ഗാലക്‌സി​ക​ളും “അവയുടെ നിർദിഷ്ട ഭ്രമണ​പ​ഥ​ങ്ങ​ളി​ലൂ​ടെ സഞ്ചരി”ക്കുകയാ​യി​രു​ന്നു​വെ​ന്നും അദ്ദേഹം പറഞ്ഞു. അതു​കൊണ്ട്‌ അദ്ദേഹം ഇങ്ങനെ ചോദി​ച്ചു: “അതു കേവലം യാദൃ​ച്ഛി​ക​മാ​യി സംഭവി​ക്കു​മാ​യി​രു​ന്നോ? ഒഴുകി നടക്കുന്ന ഒരുകൂ​ട്ടം ഗോളങ്ങൾ ഒരു യാദൃ​ച്ഛിക സംഭവ​ത്താൽ പെട്ടെന്ന്‌ സ്വന്തമായ ഈ ഭ്രമണ​പ​ഥങ്ങൾ ഉണ്ടാക്കി​ത്തു​ട​ങ്ങി​യത്‌ ആയിരി​ക്കു​മോ?” അദ്ദേഹം ഇങ്ങനെ നിഗമനം ചെയ്‌തു: “എനിക്കതു വിശ്വ​സി​ക്കാൻ കഴിയു​ന്നില്ല. . . . ഏതോ ശക്തി അവയെ എല്ലാം ഭ്രമണ​പ​ഥ​ത്തിൽ വെച്ചി​രി​ക്കു​ന്നു, അവിടെ നിലനിർത്തു​ക​യും ചെയ്യുന്നു.”6

15. പ്രപഞ്ച​ത്തി​ന്റെ കൃത്യ​മായ രൂപസം​വി​ധാ​ന​വും സംഘാ​ട​ന​വും എന്താണു സൂചി​പ്പി​ക്കു​ന്നത്‌?

15 വാസ്‌തവത്തിൽ, ജ്യോ​തിർഗോ​ള​ങ്ങളെ സമയപാ​ല​ന​ത്തി​നുള്ള ആധാര​മാ​യി മനുഷ്യന്‌ ഉപയോ​ഗി​ക്കാൻ കഴിയ​ത്ത​ക്ക​വി​ധം പ്രപഞ്ചം അത്ര കൃത്യ​മാ​യി സംഘടി​ത​മാണ്‌. സ്‌പഷ്ട​മാ​യും, നന്നായി രൂപസം​വി​ധാ​നം ചെയ്‌ത ഏതൊരു വാച്ചും രൂപസം​വി​ധാ​നം ചെയ്യാൻ കഴിവുള്ള ഒരു ക്രമീ​കൃത മനസ്സിന്റെ ഉത്‌പ​ന്ന​മാണ്‌. രൂപസം​വി​ധാ​നം ചെയ്യുന്ന ഒരു ക്രമീ​കൃത മനസ്സ്‌ ബുദ്ധി​ശ​ക്തി​യുള്ള ഒരു വ്യക്തിക്കു മാത്രമേ ഉണ്ടായി​രി​ക്കാൻ കഴിയൂ. അങ്ങനെ​യെ​ങ്കിൽ പ്രപഞ്ച​ത്തിൽ ആകമാനം ദർശി​ക്കാൻ കഴിയുന്ന വളരെ​യേറെ സങ്കീർണ​മായ രൂപസം​വി​ധാ​ന​ത്തെ​യും ആശ്രയ​യോ​ഗ്യ​ത​യെ​യും സംബന്ധി​ച്ചോ? ഇത്‌ ഒരു രൂപസം​വി​ധാ​യ​കന്റെ, ഒരു നിർമാ​താ​വി​ന്റെ, ഒരു മനസ്സിന്റെ, ബുദ്ധി​ശ​ക്തി​യു​ടെ അസ്‌തി​ത്വ​ത്തെ വിളി​ച്ചോ​തു​ന്നി​ല്ലേ? ബുദ്ധി​ശ​ക്തി​ക്കു വ്യക്തി​ത്വ​ത്തിൽനി​ന്നു വേറിട്ടു നിൽക്കാൻ കഴിയു​മെന്നു വിശ്വ​സി​ക്കു​ന്ന​തി​നു നിങ്ങൾക്ക്‌ എന്തെങ്കി​ലും കാരണ​മു​ണ്ടോ?

16. പ്രപഞ്ച​ത്തെ​ക്കു​റിച്ച്‌ നാം എന്തു നിഗമ​ന​ത്തിൽ എത്തി​ച്ചേ​രേ​ണ്ടി​യി​രി​ക്കു​ന്നു?

16 നമുക്ക്‌ അത്‌ അംഗീ​ക​രി​ക്കാ​തെ നിവൃ​ത്തി​യില്ല: അതിഗം​ഭീ​ര​മായ സംഘാ​ട​ന​ത്തിന്‌ അതിഗം​ഭീ​ര​നായ ഒരു സംഘാ​ടകൻ ആവശ്യ​മാണ്‌. സംഘടി​ത​മാ​യി​ട്ടുള്ള എന്തെങ്കി​ലും യാദൃ​ച്ഛി​ക​മാ​യി, ആകസ്‌മി​ക​മാ​യി സംഭവി​ച്ചി​ട്ടു​ള്ള​താ​യി നാം ഇന്നേവരെ കേട്ടി​ട്ടില്ല. മറിച്ച്‌, നമ്മുടെ ജീവി​താ​നു​ഭ​വങ്ങൾ എല്ലാം പ്രകട​മാ​ക്കു​ന്നത്‌ സംഘടി​ത​മാ​യി​ട്ടുള്ള സകലതി​നും ഒരു സംഘാ​ടകൻ ഉണ്ടായി​രു​ന്നേ പറ്റൂ എന്നാണ്‌. സകല യന്ത്രങ്ങൾക്കും കമ്പ്യൂ​ട്ട​റു​കൾക്കും കെട്ടി​ട​ങ്ങൾക്കും അതേ, പെൻസി​ലി​നും കടലാ​സി​നും പോലും ഒരു നിർമാ​താവ്‌, ഒരു സംഘാ​ടകൻ ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. അപ്പോൾ, പ്രപഞ്ച​ത്തി​ലെ വളരെ​യേറെ സങ്കീർണ​വും ഭയഗം​ഭീ​ര​വു​മായ സംഘാ​ട​ന​ത്തി​നും ഒരു സംഘാ​ടകൻ ഉണ്ടായി​രു​ന്നി​രി​ക്കണം എന്നു ചിന്തി​ക്കു​ന്നതു യുക്തി​പൂർവ​ക​മാണ്‌.

നിയമ​ത്തിന്‌ ഒരു നിയമ​നിർമാ​താവ്‌ ആവശ്യ​മാണ്‌

17. പ്രപഞ്ച​ത്തിൽ നിയമം ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ?

17 കൂടാതെ, ആറ്റങ്ങൾമു​തൽ ഗാലക്‌സി​കൾവ​രെ​യുള്ള മുഴു പ്രപഞ്ച​ത്തെ​യും സുനി​ശ്ചി​ത​മായ ഭൗതിക നിയമങ്ങൾ ഭരിക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ചൂട്‌, വെളിച്ചം, ശബ്ദം, ഗുരു​ത്വാ​കർഷണം എന്നിവയെ ഭരിക്കുന്ന നിയമ​ങ്ങ​ളുണ്ട്‌. ഭൗതി​ക​ശാ​സ്‌ത്ര​ജ്ഞ​നായ സ്റ്റീവൻ ഡബ്ലിയു. ഹോക്കിങ്‌ ഇങ്ങനെ പറഞ്ഞു: “നാം പ്രപഞ്ചത്തെ പരി​ശോ​ധി​ക്കു​ന്തോ​റും അത്‌ ഒട്ടും നിയമ​വി​മു​ക്ത​മ​ല്ലെ​ന്നും മറിച്ച്‌ വ്യത്യസ്‌ത മേഖല​ക​ളിൽ പ്രവർത്തി​ക്കുന്ന സുനിർവ​ചി​ത​മായ ചില നിയമങ്ങൾ അനുസ​രി​ക്കു​ന്നു​വെ​ന്നും നാം കണ്ടെത്തു​ന്നു. ഈ നിയമ​ങ്ങളെ എല്ലാം മറ്റൊരു വലിയ നിയമ​ത്തി​ന്റെ ഭാഗമാ​ക്കി​ത്തീർക്കുന്ന ചില ഏകോപന തത്ത്വങ്ങ​ളു​ണ്ടാ​യി​രു​ന്നേ​ക്കാ​മെന്നു കരുതു​ന്നതു വളരെ ന്യായ​യു​ക്ത​മാ​യി തോന്നു​ന്നു.”7

18. ഒരു റോക്കറ്റ്‌ വിദഗ്‌ധൻ എന്തു നിഗമനം ചെയ്‌തു?

18 റോക്കറ്റ്‌ വിദഗ്‌ധ​നായ വെർനെർ ഫോൺ ബ്രൗൺ പിൻവ​രു​ന്ന​പ്ര​കാ​രം പറഞ്ഞ​പ്പോൾ ഒരു പടികൂ​ടെ മുന്നോ​ട്ടു​പോ​യി: “പ്രപഞ്ച​ത്തി​ലെ പ്രകൃതി നിയമങ്ങൾ വളരെ കൃത്യ​മാണ്‌. അതു​കൊണ്ട്‌ ചന്ദ്രനി​ലേക്കു പറക്കാൻ ഒരു ബഹിരാ​കാ​ശ​വാ​ഹനം നിർമി​ക്കാൻ നമുക്കു യാതൊ​രു വിഷമ​വും ഇല്ല. സെക്കന്റി​ന്റെ ഒരംശം​വരെ കൃത്യ​ത​യോ​ടെ പറക്കലി​ന്റെ സമയവും നമുക്ക്‌ അളക്കാൻ കഴിയും. തീർച്ച​യാ​യും ഈ നിയമങ്ങൾ ആരെങ്കി​ലും വെച്ചതാ​യി​രു​ന്നേ പറ്റൂ.”8 ഒരു റോക്കറ്റ്‌ ഭൂമി​യെ​യോ ചന്ദ്ര​നെ​യോ വിജയ​ക​ര​മാ​യി ചുറ്റണ​മെ​ങ്കിൽ അതു വിക്ഷേ​പി​ക്കുന്ന ശാസ്‌ത്ര​ജ്ഞ​ന്മാർ അത്തരം പ്രപഞ്ച​നി​യ​മ​ങ്ങ​ളു​മാ​യി പൊരു​ത്ത​ത്തിൽ പ്രവർത്തി​ച്ചേ തീരൂ.

19. നിയമ​ങ്ങ​ളു​ടെ അസ്‌തി​ത്വ​ത്തിന്‌ എന്താവ​ശ്യ​മാണ്‌?

19 നിയമങ്ങളെക്കുറിച്ചു ചിന്തി​ക്കു​മ്പോൾ അവ ഒരു നിയമ​നിർമാ​താ​വിൽ നിന്നു വന്നു​വെന്നു നാം സമ്മതി​ക്കു​ന്നു. “സ്റ്റോപ്പ്‌” എന്ന ഒരു ഗതാഗത സൂചന​യു​ടെ പിന്നിൽ നിയമം രൂപ​പ്പെ​ടു​ത്തിയ ഒരു വ്യക്തി​യോ വ്യക്തി​ക​ളു​ടെ കൂട്ടമോ തീർച്ച​യാ​യും ഉണ്ട്‌. അങ്ങനെ​യെ​ങ്കിൽ ഭൗതി​ക​പ്ര​പ​ഞ്ചത്തെ ഭരിക്കുന്ന സമഗ്ര​മായ നിയമ​ങ്ങളെ സംബന്ധി​ച്ചെന്ത്‌? വിദഗ്‌ധ​മാ​യി നിർമി​ക്ക​പ്പെട്ട അത്തരം നിയമങ്ങൾ തീർച്ച​യാ​യും അതിബു​ദ്ധി​മാ​നായ ഒരു നിയമ​നിർമാ​താ​വിന്‌ സാക്ഷ്യം​വ​ഹി​ക്കു​ന്നു.

സംഘാ​ട​ക​നും നിയമ​നിർമാ​താ​വും

20. സയൻസ്‌ ന്യൂസ്‌ എന്തു പ്രസ്‌താ​വ​ന​യാ​ണു നടത്തി​യത്‌?

20 പ്രപഞ്ചത്തിൽ എങ്ങും ദൃശ്യ​മായ ക്രമത്തി​ന്റെ​യും നിയമ​ത്തി​ന്റെ​യും സകല സവി​ശേ​ഷ​ത​ക​ളെ​യും കുറിച്ച്‌ അഭി​പ്രാ​യ​പ്പെ​ട്ട​ശേഷം സയൻസ്‌ ന്യൂസ്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ഈ കാര്യ​ങ്ങ​ളു​ടെ ശ്രദ്ധാ​പൂർവ​ക​മായ വിചി​ന്തനം പ്രപഞ്ച​ശാ​സ്‌ത്ര​ജ്ഞ​ന്മാ​രെ അസ്വസ്ഥ​രാ​ക്കു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ അത്തരം പ്രത്യേ​ക​മായ, കൃത്യ​ത​യുള്ള അവസ്ഥകൾ യാദൃ​ച്ഛി​ക​മാ​യി ഉളവാ​കു​മാ​യി​രു​ന്നു എന്നു തോന്നു​ന്നില്ല. സകലതും വിദഗ്‌ധ​മാ​യി സൃഷ്ടി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും ദൈവ​ഹി​ത​ത്താൽ ഉളവാ​യ​താ​ണെ​ന്നും അംഗീ​ക​രി​ക്കു​ന്ന​താണ്‌ ഈ പ്രശ്‌നം കൈകാ​ര്യം​ചെ​യ്യു​ന്ന​തി​നുള്ള ഒരു മാർഗം.”9

21. ചില വ്യക്തികൾ എന്തു നിഗമ​നം​ചെ​യ്യാൻ മനസ്സു​ള്ള​വ​രാണ്‌?

21 അനേകം ശാസ്‌ത്ര​ജ്ഞ​ന്മാ​രുൾപ്പെടെ നിരവധി ആളുകൾ അതു സമ്മതി​ക്കാൻ മനസ്സു​ള്ള​വരല്ല. എന്നാൽ, മറ്റുചി​ലർ തെളി​വു​ക​ളെ​ല്ലാം അടിവ​ര​യി​ടുന്ന സംഗതി, അതായത്‌ എല്ലാത്തി​ന്റെ​യും പിന്നിൽ ബുദ്ധി​ശക്തി ഉണ്ടെന്നുള്ള വസ്‌തുത, സമ്മതി​ക്കാൻ മനസ്സു​ള്ള​വ​രാണ്‌. പ്രപഞ്ച​ത്തി​ലെ അപാര​മായ വലുപ്പ​വും അതിലു​ട​നീ​ളം കാണാൻ കഴിയുന്ന കൃത്യ​ത​യും നിയമ​വും വെറു​മൊ​രു യാദൃ​ച്ഛിക സംഭവ​ത്തി​ന്റെ ഫലമാ​യി​രി​ക്കാൻ ഒരു സാധ്യ​ത​യു​മി​ല്ലെന്ന്‌ അവർ സമ്മതി​ക്കു​ന്നു. ഈ കാര്യ​ങ്ങ​ളെ​ല്ലാം ഒരു ശ്രേഷ്‌ഠ മനസ്സിന്റെ ഉത്‌പ​ന്ന​ങ്ങ​ളാ​യി​രു​ന്നേ തീരൂ.

22. ഒരു ബൈബി​ളെ​ഴു​ത്തു​കാ​രൻ പ്രപഞ്ച​ത്തി​ന്റെ കാരണ​ഭൂ​തനെ തിരി​ച്ച​റി​യി​ച്ച​തെ​ങ്ങനെ?

22 ഒരു ബൈബി​ളെ​ഴു​ത്തു​കാ​ര​നും ഇതേ നിഗമ​ന​ത്തിൽ ആണ്‌ എത്തി​ച്ചേർന്നത്‌. ഭൗതി​കാ​കാ​ശ​ങ്ങളെ കുറിച്ച്‌ അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ കണ്ണു മേലോ​ട്ടു ഉയർത്തി നോക്കു​വിൻ; ഇവയെ സൃഷ്ടി​ച്ച​താർ? അവൻ അവയുടെ സൈന്യ​ത്തെ സംഖ്യാ​ക്ര​മ​ത്തിൽ പുറ​പ്പെ​ടു​വി​ക്ക​യും അവയെ എല്ലാം പേർ ചൊല്ലി വിളി​ക്ക​യും ചെയ്യുന്നു.” ആ “അവൻ” “ആകാശ​ങ്ങ​ളു​ടെ സ്രഷ്ടാ​വും അവയെ വിരി​ക്കുന്ന മഹിമാ​ധ​ന​നും” ആയി തിരി​ച്ച​റി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.—യെശയ്യാ​വു 40:26; 42:5, NW.

ഊർജ​സ്രോ​തസ്സ്‌

23, 24. ദ്രവ്യത്തെ എങ്ങനെ ഉളവാ​ക്കാൻ കഴിയും?

23 സ്ഥിതിചെയ്യുന്ന ദ്രവ്യത്തെ പ്രപഞ്ച​നി​യ​മങ്ങൾ ഭരിക്കു​ന്നു. എന്നാൽ ദ്രവ്യ​മെ​ല്ലാം എവി​ടെ​നി​ന്നു വന്നു? കോസ്‌മോ​സിൽ കാൾ സാഗാൻ പറയുന്നു: “ഈ പ്രപഞ്ച​ത്തി​ന്റെ തുടക്ക​ത്തിൽ ഗാലക്‌സി​ക​ളോ നക്ഷത്ര​ങ്ങ​ളോ ഗ്രഹങ്ങ​ളോ ജീവനോ നാഗരി​ക​ത​ക​ളോ ഉണ്ടായി​രു​ന്നില്ല.” ആ അവസ്ഥയിൽനിന്ന്‌ ഇന്നത്തെ പ്രപഞ്ച​ത്തി​ലേ​ക്കുള്ള മാറ്റം “നാം മനസ്സി​ലാ​ക്കി തുടങ്ങി​യി​രി​ക്കു​ന്നതു പോലെ, ദ്രവ്യ​ത്തി​ന്റെ​യും ഊർജ​ത്തി​ന്റെ​യും ഏറ്റവും ഭയഗം​ഭീ​ര​മായ രൂപാ​ന്ത​രീ​ക​രണം ആണ്‌.”10

24 പ്രപഞ്ചം എങ്ങനെ അസ്‌തി​ത്വ​ത്തിൽ വന്നിരി​ക്കു​മെന്നു മനസ്സി​ലാ​ക്കു​ന്ന​തി​നുള്ള താക്കോൽ അതാണ്‌: ഊർജ​ത്തി​ന്റെ​യും ദ്രവ്യ​ത്തി​ന്റെ​യും ഒരു രൂപാ​ന്ത​രീ​ക​രണം സംഭവി​ച്ചി​രു​ന്നി​രി​ക്കണം. ഐൻ​സ്റ്റൈന്റെ പ്രസിദ്ധ സൂത്ര​വാ​ക്യ​മായ E=mc2 (ഊർജം സമം പിണ്ഡം ഗുണം പ്രകാ​ശ​വേ​ഗ​ത്തി​ന്റെ വർഗം) ഈ ബന്ധത്തെ സ്ഥിരീ​ക​രി​ച്ചു. ഈ സൂത്ര​വാ​ക്യ​ത്തിൽനിന്ന്‌ ഉരുത്തി​രി​യുന്ന ഒരു നിഗമനം, ദ്രവ്യ​ത്തിൽനി​ന്നു വൻതോ​തിൽ ഊർജം ഉത്‌പാ​ദി​പ്പി​ക്കാൻ കഴിയു​ന്ന​തു​പോ​ലെ​തന്നെ ഊർജ​ത്തിൽനി​ന്നു ദ്രവ്യ​വും ഉത്‌പാ​ദി​പ്പി​ക്കാൻ കഴിയു​മെ​ന്ന​താണ്‌. ആദ്യ​ത്തേതു സത്യമാ​ണെന്ന്‌ അണു​ബോംബ്‌ തെളി​യി​ച്ചു. അതു​കൊണ്ട്‌ ജ്യോ​തിർഭൗ​തിക ശാസ്‌ത്ര​ജ്ഞ​നായ (astrophysicist) ജോസിപ്‌ ക്ലെസെക്ക്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “മൗലി​ക​ക​ണങ്ങൾ മിക്കതും, സാധ്യ​ത​യ​നു​സ​രിച്ച്‌ മുഴു​വ​നും​തന്നെ ഊർജ​ത്തി​ന്റെ ദ്രവീ​ഭ​വനം വഴി സൃഷ്ടി​ക്ക​പ്പെ​ടാം.”11

25. പ്രപഞ്ചത്തെ സൃഷ്ടി​ക്കു​ന്ന​തി​നാ​വ​ശ്യ​മായ ഭയഗം​ഭീര ശക്തിയു​ടെ ഉറവി​ട​മേത്‌?

25 അതുകൊണ്ട്‌, പ്രപഞ്ച​ത്തി​ലെ ദ്രവ്യം നിർമി​ക്കു​ന്ന​തി​നുള്ള അസംസ്‌കൃത പദാർഥം അളവറ്റ ഊർജ​ത്തി​ന്റെ ഒരു സ്രോ​ത​സ്സിൽ ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നു എന്നതിനു ശാസ്‌ത്രീയ തെളി​വുണ്ട്‌. നേരത്തേ ഉദ്ധരിച്ച ബൈബി​ളെ​ഴു​ത്തു​കാ​രൻ പിൻവ​രു​ന്ന​പ്ര​കാ​രം പറഞ്ഞു​കൊണ്ട്‌ ഈ ഊർജ​സ്രോ​തസ്സ്‌ ജീവനും ബുദ്ധി​ശ​ക്തി​യു​മുള്ള ഒരു വ്യക്തി​യാ​ണെന്നു സൂചി​പ്പി​ച്ചു: “ചലനാത്മക ഊർജ​ത്തി​ന്റെ സമൃദ്ധി നിമി​ത്ത​വും അവന്റെ ശക്തിയു​ടെ ആധിക്യം നിമി​ത്ത​വും അവയിൽ ഒന്നു​പോ​ലും [ജ്യോ​തിർഗോ​ളങ്ങൾ] നഷ്ടമാ​വു​ന്നില്ല.” അതു​കൊണ്ട്‌, ഉല്‌പത്തി 1:1-ൽ “ആദിയിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു” എന്നു പറയു​മ്പോൾ ബൈബിൾ അതിരറ്റ ഊർജ​ത്തി​ന്റെ ഈ സ്രോ​ത​സ്സി​ലേ​ക്കാണ്‌ ശ്രദ്ധ ക്ഷണിക്കു​ന്നത്‌.

ആരംഭം കുഴഞ്ഞു​മ​റി​ഞ്ഞ​തല്ല

26. ഇന്നു ശാസ്‌ത്ര​ജ്ഞ​ന്മാർ പൊതു​വെ എന്തു സമ്മതി​ക്കു​ന്നു?

26 പ്രപഞ്ചത്തിന്‌ തീർച്ച​യാ​യും ഒരു ആരംഭ​മു​ണ്ടാ​യി​രു​ന്നു​വെന്ന്‌ ഇന്നു ശാസ്‌ത്ര​ജ്ഞ​ന്മാർ പൊതു​വെ സമ്മതി​ക്കു​ന്നു. ഈ ആരംഭത്തെ വിശദീ​ക​രി​ക്കാ​നുള്ള ശ്രമത്തിൽ അവർ മഹാസ്‌ഫോ​ടനം (Big Bang) എന്നറി​യ​പ്പെ​ടുന്ന ഒരു പ്രമു​ഖ​സി​ദ്ധാ​ന്ത​ത്തിന്‌ രൂപം കൊടു​ത്തു. “പ്രപ​ഞ്ചോ​ത്‌പ​ത്തി​യെ​ക്കു​റി​ച്ചുള്ള അടുത്ത​കാ​ലത്തെ മിക്കവാ​റു​മെല്ലാ ചർച്ചക​ളും മഹാസ്‌ഫോ​ടന സിദ്ധാ​ന്തത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെ”ന്ന്‌ ഫ്രാൻസിസ്‌ ക്രിക്ക്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു.12 ജാസ്റ്റ്രോ ഈ പ്രപഞ്ച “സ്‌ഫോ​ടന”ത്തെ “അക്ഷരാർഥ​ത്തി​ലുള്ള സൃഷ്ടി​നി​മിഷ”മായി പരാമർശി​ക്കു​ന്നു.13 എന്നാൽ, ഈ “നിമിഷ”ത്തിനു​ശേഷം സംഭവി​ച്ച​തി​നെ​ക്കു​റിച്ച്‌ “തങ്ങൾക്കു സവിസ്‌തരം വർണി​ക്കാൻ കഴിയു​ന്ന​താ​യി” ശാസ്‌ത്ര​ജ്ഞ​ന്മാർ “പൊതു​വെ അവകാ​ശ​പ്പെ​ടു​ന്നു​ണ്ടെ”ങ്കിലും “സൃഷ്ടി​നി​മി​ഷ​ത്തിന്‌” ഇടയാ​ക്കി​യ​തെ​ന്തെ​ന്നു​ള്ളത്‌ “ഒരു നിഗൂ​ഢ​ത​യാ​യി​ത്തന്നെ അവശേ​ഷി​ക്കു​ന്നു”എന്ന്‌ ജ്യോ​തിർഭൗ​തിക ശാസ്‌ത്ര​ജ്ഞ​നായ ജോൺ ഗ്രിബ്ബിൻ ന്യൂ സയന്റി​സ്റ്റിസമ്മതിച്ചു പറഞ്ഞു. എന്നിട്ട്‌ അദ്ദേഹം ചിന്താ​മ​ഗ്ന​നാ​യി പറഞ്ഞു, “ഒരുപക്ഷേ ദൈവം​തന്നെ ആയിരി​ക്കാം അതിനി​ട​യാ​ക്കി​യത്‌.”14

27. മഹാസ്‌ഫോ​ടന സിദ്ധാന്തം വളരെ പരിമി​ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

27 എന്നിരുന്നാലും, ഈ “നിമിഷ”ത്തിന്റെ ബഹുമതി ദൈവ​ത്തി​നു കൊടു​ക്കാൻ മിക്ക ശാസ്‌ത്ര​ജ്ഞ​ന്മാ​രും മനസ്സു​ള്ള​വരല്ല. അതു​കൊണ്ട്‌, ഒരു ന്യൂക്ലി​യർ ബോംബ്‌ സ്‌ഫോ​ടനം പോലെ ഈ സ്‌ഫോ​ടനം ആകെ കുഴഞ്ഞു​മ​റിഞ്ഞ ഒരു അവസ്ഥയ്‌ക്ക്‌ ഇടയാ​ക്കി​യ​താ​യി സാധാരണ പറയ​പ്പെ​ടു​ന്നു. എന്നാൽ ഈ രീതി​യി​ലുള്ള സ്‌ഫോ​ടനം മെച്ചമായ സംഘാ​ട​ന​ത്തിൽ കലാശി​ക്കു​ന്നു​ണ്ടോ? യുദ്ധകാ​ലത്ത്‌ നഗരങ്ങ​ളിൽ വീഴുന്ന ബോം​ബു​കൾ അതിഗം​ഭീ​ര​മാ​യി രൂപസം​വി​ധാ​നം ചെയ്യപ്പെട്ട കെട്ടി​ട​ങ്ങ​ളെ​യും തെരു​വു​ക​ളെ​യും ഗതാഗത നിയമങ്ങൾ ഉൾക്കൊ​ള്ളുന്ന സൂചന​ക​ളെ​യും ഉളവാ​ക്കു​ന്നു​ണ്ടോ? നേരെ​മ​റിച്ച്‌, അത്തരം സ്‌ഫോ​ട​നങ്ങൾ വിനാ​ശ​ത്തി​നും ക്രമരാ​ഹി​ത്യ​ത്തി​നും അവ്യവ​സ്ഥ​യ്‌ക്കും ശിഥി​ലീ​ക​ര​ണ​ത്തി​നും ഇടയാ​ക്കു​ന്നു. സ്‌ഫോ​ട​ന​ത്തി​നു പിന്നിൽ ന്യൂക്ലി​യർ ഉപകര​ണ​ങ്ങ​ളാ​കു​മ്പോൾ ക്രമരാ​ഹി​ത്യം സമഗ്ര​മാണ്‌—1945-ൽ ജപ്പാനി​ലെ നഗരങ്ങ​ളായ ഹിരോ​ഷി​മ​യി​ലും നാഗസാ​ക്കി​യി​ലും സംഭവി​ച്ച​തു​പോ​ലെ.

28. പ്രപഞ്ചത്തെ സൃഷ്ടി​ക്കു​ന്ന​തിൽ പ്രവർത്തിച്ച പ്രബല ശക്തിക​ളെ​ക്കു​റിച്ച്‌ എന്തു നിഗമനം ചെയ്യേ​ണ്ട​തുണ്ട്‌?

28 ഇല്ല, വെറു​മൊ​രു “സ്‌ഫോ​ടന”ത്തിന്‌ വിസ്‌മ​യാ​വ​ഹ​മായ ക്രമവും രൂപസം​വി​ധാ​ന​വും നിയമ​വും ഉള്ള നമ്മുടെ ഭയഗം​ഭീര പ്രപഞ്ചത്തെ സൃഷ്‌ടി​ക്കാൻ കഴിയില്ല. അതിഗം​ഭീ​ര​മായ സംഘാ​ട​ന​ത്തി​ലും നിയമ​ത്തി​ലും കലാശി​ക്ക​ത്ത​ക്ക​വി​ധം പ്രബല ശക്തിക​ളു​ടെ പ്രവർത്ത​നത്തെ നയിക്കാൻ ശക്തനായ ഒരു സംഘാ​ട​ക​നും നിയമ​നിർമാ​താ​വി​നും മാത്രമേ കഴിയൂ. അതു​കൊണ്ട്‌ ശാസ്‌ത്രീ​യ​മായ തെളി​വും യുക്തി​യും ഈ ബൈബിൾ പ്രഖ്യാ​പ​ന​ത്തിന്‌ ഉറച്ച പിൻബലം നൽകുന്നു: “ആകാശം ദൈവ​ത്തി​ന്റെ മഹത്വത്തെ വർണ്ണി​ക്കു​ന്നു; ആകാശ​വി​താ​നം അവന്റെ കൈ​വേ​ലയെ പ്രസി​ദ്ധ​മാ​ക്കു​ന്നു.”—സങ്കീർത്തനം 19:1.

29. ശാസ്‌ത്ര​ത്തി​ന്റെ​യും അതു​പോ​ലെ നമ്മു​ടെ​ത​ന്നെ​യും നിരീ​ക്ഷ​ണങ്ങൾ എന്തിനെ സ്ഥിരീ​ക​രി​ക്കു​ന്നു?

29 അങ്ങനെ, പരിണാ​മ​സി​ദ്ധാ​ന്തം വ്യക്തമാ​യി ഉത്തരം നൽകി​യി​ട്ടി​ല്ലാത്ത ചോദ്യ​ങ്ങൾക്കു ബൈബിൾ അനായാ​സം ഉത്തരം നൽകുന്നു. നാം ഇരുട്ടിൽ തപ്പിത്ത​ട​യാൻ ഇടയാ​ക്കാ​തെ സകലത്തി​ന്റെ​യും ഉത്‌പ​ത്തി​ക്കു പിന്നിൽ എന്താണു​ള്ളത്‌ എന്നതു സംബന്ധിച്ച്‌ ബൈബിൾ ലളിത​മാ​യും മനസ്സി​ലാ​കു​ന്ന​വി​ധ​ത്തി​ലും നമുക്ക്‌ ഉത്തരം നൽകുന്നു. യാതൊ​ന്നും തനിയെ അസ്‌തി​ത്വ​ത്തിൽ വരുന്നില്ല എന്ന ശാസ്‌ത്ര​ത്തി​ന്റെ​യും അതു​പോ​ലെ​തന്നെ നമ്മു​ടെ​യും നിരീ​ക്ഷ​ണ​ങ്ങളെ അതു സ്ഥിരീ​ക​രി​ക്കു​ന്നു. പ്രപഞ്ചം നിർമി​ക്ക​പ്പെ​ട്ട​പ്പോൾ നാം ആരും അവിടെ ഇല്ലായി​രു​ന്നെ​ങ്കി​ലും ബൈബിൾ ന്യായ​വാ​ദം ചെയ്യു​ന്ന​തു​പോ​ലെ അതിന്‌ ഒരു വിദഗ്‌ധ ശിൽപ്പി ഉണ്ടായി​രി​ക്കേ​ണ്ടി​യി​രു​ന്നു എന്നതു സ്‌പഷ്ട​മാണ്‌: “ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവവും ചമെച്ചവൻ ദൈവം തന്നേ.”—എബ്രായർ 3:4.

[അധ്യയന ചോദ്യ​ങ്ങൾ]

[115-ാം പേജിലെ ആകർഷ​ക​വാ​ക്യം]

പ്രപഞ്ചത്തെക്കുറിച്ച്‌ മനുഷ്യൻ ഇപ്പോൾ മനസ്സി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കുന്ന കാര്യങ്ങൾ “അവനെ അത്ഭുത​സ്‌ത​ബ്ധ​നാ​ക്കി”യിരി​ക്കു​ന്നു

[117-ാം പേജിലെ ആകർഷ​ക​വാ​ക്യം]

നമ്മുടെ ക്ഷീരപഥ ഗാലക്‌സി​യിൽ 10,000 കോടി​യി​ലേറെ നക്ഷത്ര​ങ്ങ​ളുണ്ട്‌

[118-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ഒരു മുന്തി​രി​ക്കു​ല​യി​ലെ മുന്തി​രി​ങ്ങ​കൾപ്പോ​ലെ ഗാലക്‌സി​കൾ ഗാലക്‌സി​സ​മൂ​ഹ​ങ്ങ​ളാ​യി ക്രമീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു

[122-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ശാസ്‌ത്രജ്ഞന്മാർ “ക്രമത്തി​ന്റെ പുതി​യ​തും വിസ്‌മ​യാ​വ​ഹ​വു​മായ വശങ്ങൾ കണ്ടെത്തി​ക്കൊ​ണ്ടേ​യി​രി​ക്കു​ക​യാണ്‌”

[123-ാം പേജിലെ ആകർഷ​ക​വാ​ക്യം]

അതിഗംഭീരമായ സംഘാ​ട​ന​ത്തിന്‌ അതിഗം​ഭീ​ര​നായ ഒരു സംഘാ​ടകൻ ആവശ്യ​മാണ്‌

[123-ാം പേജിലെ ആകർഷ​ക​വാ​ക്യം]

പ്രപഞ്ചം “സുനിർവ​ചി​ത​മായ ചില നിയമങ്ങൾ അനുസ​രി​ക്കു​ന്നു”

[125-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“അത്തരം പ്രത്യേ​ക​മായ, കൃത്യ​ത​യുള്ള അവസ്ഥകൾ യാദൃ​ച്ഛി​ക​മാ​യി ഉളവാ​കു​മാ​യി​രു​ന്നു എന്നു തോന്നു​ന്നില്ല”

[114-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]

[116-ാം പേജിലെ ചിത്രം]

ഒരു സാധാരണ സർപ്പിള ഗാലക്‌സി

[116, 117 പേജു​ക​ളി​ലെ ചിത്രം]

നമ്മുടെ ക്ഷീരപഥ ഗാലക്‌സി​യോ​ടുള്ള താരത​മ്യ​ത്തിൽ മുകളി​ലത്തെ ചതുര​ത്തി​ലുള്ള നമ്മുടെ സൗരയൂ​ഥം ചെറു​താ​യി കാണ​പ്പെ​ടു​ന്നു

[119-ാം പേജിലെ ചിത്രം]

നമ്മുടെ ക്ഷീരപ​ഥ​ത്തോ​ടു സമാന​മായ ആൻ​ഡ്രോ​മി​ഡാ ഗാലക്‌സി, 10,000 കോടി​യോ​ളം ഗാലക്‌സി​കൾ ഉൾക്കൊ​ള്ളു​ന്ന​താ​യി പറയ​പ്പെ​ടുന്ന ഭയഗം​ഭീര പ്രപഞ്ച​ത്തി​ന്റെ ഒരു ചെറിയ ഭാഗം മാത്ര​മാണ്‌

[120, 121 പേജു​ക​ളി​ലെ ചിത്രങ്ങൾ]

നമ്മുടെ സൗരയൂ​ഥ​ത്തി​ലെ ഗ്രഹങ്ങൾ അങ്ങേയറ്റം കൃത്യ​ത​യോ​ടു​കൂ​ടി സൂര്യനെ ചുറ്റുന്നു

ഒരു ആറ്റത്തിലെ ക്രമം സൗരയൂ​ഥ​ത്തി​ന്റേ​തി​നോ​ടു സമാന​മാണ്‌

[122-ാം പേജിലെ ചിത്രം]

കൃത്യതയുള്ള ഒരു വാച്ച്‌ ബുദ്ധി​ശാ​ലി​യായ ഒരു രൂപസം​വി​ധാ​യ​കന്റെ ഉത്‌പ​ന്ന​മാണ്‌. അങ്ങനെ​യെ​ങ്കിൽ, പ്രപഞ്ച​ത്തിൽ കാണുന്ന അതി​നെ​ക്കാ​ളൊ​ക്കെ മികച്ച കൃത്യ​ത​യു​ടെ പിന്നി​ലും ബുദ്ധി​ശാ​ലി​യും ശ്രേഷ്‌ഠ​നു​മായ ഒരു രൂപസം​വി​ധാ​യകൻ ഉണ്ടായി​രി​ക്കേ​ണ്ട​തല്ലേ?

[124-ാം പേജിലെ ചിത്രം]

ചലനത്തിന്റെയും ഗുരു​ത്വാ​കർഷ​ണ​ത്തി​ന്റെ​യും നിയമങ്ങൾ അനുസ​രി​ക്കാ​തെ ഒരു റോക്ക​റ്റിന്‌ അതിന്റെ ഭ്രമണ​പ​ഥ​ത്തിൽ പറന്നെ​ത്താൻ കഴിയില്ല. തീർച്ച​യാ​യും ഈ നിയമ​ങ്ങൾക്കു പിന്നിൽ ഒരു നിയമ​നിർമാ​താവ്‌ ഉണ്ടായി​രു​ന്നി​രി​ക്കണം

[125-ാം പേജിലെ ചിത്രം]

ഗതാഗത നിയമങ്ങൾ നിർമി​ക്കു​ന്ന​തിന്‌ ഒരു മനസ്സ്‌ ആവശ്യ​മാണ്‌

[126-ാം പേജിലെ ചിത്രങ്ങൾ]

ദ്രവ്യവും ഊർജ​വും പരസ്‌പരം ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ അണു​ബോംബ്‌ പ്രകട​മാ​ക്കി

ബോംബ്‌ സ്‌ഫോ​ട​നങ്ങൾ കെട്ടി​ടങ്ങൾ മെച്ചമാ​യി സംഘടി​പ്പി​ക്ക​പ്പെ​ടാൻ ഇടയാ​ക്കു​ന്നു​ണ്ടോ?

[127-ാം പേജിലെ ചിത്രം]

“ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമെച്ചവൻ ദൈവം തന്നേ.”—എബ്രായർ 3:4