ക്യാരൽ അപ്പൽബി | ജീവിതകഥ
എന്റെ അഞ്ച് കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ യഹോവ സഹായിച്ചു
ഞാൻ ഇംഗ്ലണ്ടിലെ നോർത്ത് യോർക്ഷയറിലുള്ള മാൾട്ടൻ ടൗണിന് അടുത്താണു പണ്ടുമുതലേ താമസിക്കുന്നത്. മലകളും മരങ്ങൾ തിങ്ങിനിറഞ്ഞ ഇടങ്ങളും പച്ചപ്പു നിറഞ്ഞ പാടങ്ങളും കല്ലുകൊണ്ടുള്ള വീടുകളും വളഞ്ഞുപുളഞ്ഞ് കിടക്കുന്ന വഴികളും ഒക്കെ നിറഞ്ഞ മനംകവരുന്ന ഗ്രാമങ്ങളുള്ള സ്ഥലമാണ് ഇത്. എന്റെ അഞ്ച് കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ പറ്റിയൊരു സ്ഥലം. എന്നാൽ അത് അത്ര എളുപ്പമായിരുന്നില്ല. എന്തുകൊണ്ടാണെന്നു ഞാൻ പറയാം.
ഞാൻ വളർന്നുവന്നതു ചെറിയൊരു ഫാമിലാണ്. പപ്പയും മമ്മിയും രണ്ട് ആങ്ങളമാരും ഒരു ചേച്ചിയും ഒരു അനിയത്തിയും ഒക്കെ ഉൾപ്പെട്ടതായിരുന്നു എന്റെ കുടുംബം. ഞങ്ങളുടെ ഫാമിൽ കോഴികളും പന്നികളും പശുക്കളും ഒക്കെയുണ്ടായിരുന്നു. ഫാമിലെ ജോലി കഠിനാധ്വാനം ഉള്ളതായിരുന്നെങ്കിലും ഞങ്ങൾ എപ്പോഴും സന്തോഷമുള്ളവരായിരുന്നു.
14-ാമത്തെ വയസ്സിൽ ഫാമിൽ
മെഥഡിസ്റ്റ് പള്ളിയിലാണു ഞങ്ങൾ പോയിരുന്നത്. എന്റെ പപ്പ നന്നായിട്ട് പാടുന്നതുകൊണ്ട് കൊയർ സംഘത്തിലുണ്ടായിരുന്നു. പാടാനായി മറ്റു പള്ളികളിൽ പോകുമ്പോൾ ഞാനും മിക്കവാറും പപ്പയോടൊപ്പം പോകും. ഇവിടത്തെ പള്ളികളൊക്കെ കല്ലുകൊണ്ട് നിർമിച്ചതായതുകൊണ്ട് ശൈത്യകാലത്ത് അതിനുള്ളിൽ നല്ല തണുപ്പായിരുന്നു. പള്ളിക്ക് അകത്ത് മുന്നിൽനിന്നുകൊണ്ടായിരുന്നു പപ്പ പാട്ടു പാടുന്നത്. മുന്നിലത്തെ സീറ്റുകളെല്ലാം പ്രമുഖരായ ആളുകൾക്കുവേണ്ടി മാറ്റിയിട്ടിരുന്നതുകൊണ്ട് ഞാൻ പുറകിലാണ് ഇരിക്കാറ്. എന്നാലും പപ്പയുടെ പാട്ട് കേൾക്കുന്നത് എനിക്കു വളരെ ഇഷ്ടമായിരുന്നു.
ഞാൻ ഗ്രാനി എന്നു വിളിക്കുന്ന എന്റെ പപ്പയുടെ അമ്മ, എല്ലാ ഞായറാഴ്ചയും ഞങ്ങളെ കാണാൻ വരുമായിരുന്നു. പക്ഷേ എനിക്ക് ഏതാണ്ട് 16 വയസ്സുള്ളപ്പോൾ ഗ്രാനി മരിച്ചുപോയി. അത് എനിക്ക് ഒട്ടും താങ്ങാൻ പറ്റിയില്ല. ഗ്രാനി എവിടെയാണെന്നും ഇനി എനിക്കു ഗ്രാനിയെ കാണാൻ പറ്റുമോ എന്നും ഒക്കെ ഞാൻ ചിന്തിച്ചു. അത് അറിയാനായി, മരിച്ചവരുമായി സംസാരിക്കാൻ കഴിവുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഒരു സ്ത്രീയെ ഞാൻ പലവട്ടം പോയി കണ്ടു. ഒട്ടും വൃത്തിയില്ലാത്ത, ഭയങ്കര തണുപ്പുള്ള ഒരു വീടായിരുന്നു അവരുടേത്. കണ്ടാൽത്തന്നെ പേടി തോന്നും. എനിക്കു ഗ്രാനി എവിടെയാണെന്നു മാത്രം അറിഞ്ഞാൽ മതിയായിരുന്നു. പക്ഷേ, അത് ആ സ്ത്രീയ്ക്കു പറഞ്ഞുതരാൻ പറ്റിയില്ല.
കുറച്ച് വർഷങ്ങൾക്കു ശേഷം യഹോവയുടെ സാക്ഷികളിൽ ഒരാളായ എന്റെ പപ്പയുടെ ബന്ധുക്കളിൽ ഒരാൾ എന്നെ ഒരു മീറ്റിങ്ങിനു ക്ഷണിച്ചു. സാക്ഷികളുടേതു വിചിത്രമായ ഒരു മതമാണെന്നു കേട്ടിട്ടുണ്ടെങ്കിലും പോകാൻ ഞാൻ തീരുമാനിച്ചു. ആ മീറ്റിങ്ങിനു പോയപ്പോൾ ബൈബിൾ പഠിക്കാൻ താത്പര്യമുണ്ടോ എന്ന് ഒരു സ്ത്രീ സ്നേഹത്തോടെ എന്നോടു ചോദിച്ചു. അങ്ങനെയാണു ഞാൻ യഹോവയെക്കുറിച്ച് മനസ്സിലാക്കാൻ തുടങ്ങിയത്. ആദ്യം ഞാൻ ഉപയോഗിച്ചിരുന്ന ബൈബിൾ ജയിംസ് രാജാവിന്റെ ഭാഷാന്തരമായിരുന്നു. കാരണം സാക്ഷികൾ ഉപയോഗിക്കുന്ന ബൈബിൾ അത്ര കൃത്യതയുള്ളതല്ലെന്നു മമ്മി എന്നോടു പറഞ്ഞിട്ടുണ്ട്. എന്നാൽ പഠിച്ചുതുടങ്ങിയപ്പോൾ മമ്മി പറഞ്ഞതു സത്യമല്ലെന്ന് എനിക്കു മനസ്സിലായി.
ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങൾ എന്നെ ശരിക്കും അതിശയിപ്പിച്ചു. പ്രത്യേകിച്ചും എന്റെ ഗ്രാനി ‘ഉറങ്ങുകയാണെന്നും’ പുനരുത്ഥാനത്തിലൂടെ a എനിക്കു ഗ്രാനിയെ വീണ്ടും കാണാൻ പറ്റുമെന്നും അറിഞ്ഞത്! കൂടുതൽ പഠിച്ചുവന്നപ്പോൾ മനസ്സിലായി, എനിക്ക് ദൈവത്തെക്കുറിച്ചും ബൈബിളിനെക്കുറിച്ചും ഒന്നും അറിയില്ലെന്ന്. ഇത്രയും കാലം പള്ളിയിൽ പോയിരുന്നെങ്കിലും ദൈവത്തെക്കുറിച്ച് പപ്പയ്ക്കും കാര്യമായിട്ട് ഒന്നും അറിയില്ലായിരുന്നു. “എന്നെ വഴി നയിക്കേണമേ, മഹാനായ യഹോവേ” എന്ന ഭക്തിഗാനം ഞങ്ങൾ പലതവണ പാടിയിട്ടുണ്ട്. പക്ഷേ, ആരെക്കുറിച്ചാണു പാടിയിരുന്നതെന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു.
വിവാഹവും എതിർപ്പുകളും
ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ഇയാൻ സത്യത്തോടു താത്പര്യം കാണിക്കുകയും അങ്ങനെ ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്തു. അദ്ദേഹം നന്നായി പുരോഗമിച്ചു, പുകവലി നിറുത്തുകപോലും ചെയ്തു. അങ്ങനെ ഞങ്ങൾ 1971 സെപ്റ്റംബറിൽ വിവാഹിതരായി. എന്നാൽ അധികംവൈകാതെ ഇയാന്റെ അമ്മ മരിച്ച സമയത്ത് ഞങ്ങളുടെ വിശ്വാസത്തിനു ചില പരീക്ഷണങ്ങൾ നേരിട്ടു. മരണവുമായി ബന്ധപ്പെട്ട ചില കൂടിവരവുകൾക്കുവേണ്ടി കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഞങ്ങളെ ക്ഷണിച്ചു. ഇതുപോലുള്ള കൂടിവരവുകളിൽ പങ്കെടുക്കുന്ന പലരും പുക വലിക്കുകയും അമിതമായി കുടിക്കുകയും ചെയ്യുമായിരുന്നു. ആ സമയത്ത് പഴയ ശീലങ്ങളിലേക്കു തിരിച്ചുപോകാനുള്ള ശക്തമായ ഒരു പ്രലോഭനം ഇയാനു നേരിട്ടു.
ഇയാൻ സത്യത്തിൽനിന്ന് അകലുന്നതു കണ്ടപ്പോൾ എനിക്കു ശരിക്കും വിഷമം തോന്നി. ചില മീറ്റിങ്ങുകളും ബൈബിൾപഠനവും ഇയാൻ മുടക്കാൻതുടങ്ങി. പക്ഷേ എനിക്കു ബൈബിൾപഠനവും മീറ്റിങ്ങും ശുശ്രൂഷയും ഒക്കെ ഇഷ്ടമായിരുന്നു. 1972 മാർച്ച് 9-ന് ഞാൻ സ്നാനപ്പെട്ടു. അതു കാണാൻ ഇയാൻ വന്നിട്ടുണ്ടായിരുന്നു. എന്നാൽ പതിയെപ്പതിയെ ഇയാൻ സത്യത്തെ എതിർക്കാൻതുടങ്ങി. ആദ്യമൊക്കെ നമ്മുടെ പ്രസിദ്ധീകരണങ്ങൾ കാണുന്നത് ഇയാന് ഇഷ്ടമല്ലായിരുന്നു. പിന്നീട് ഞാൻ ശുശ്രൂഷയ്ക്കു പോകുന്നതും ഇയാന് ഇഷ്ടമല്ലാതായി. അവസാനം അവിടെ അടുത്തുള്ള ഒരു പബ്ബിലെ ക്രിസ്തുമസ്സ് ആഘോഷങ്ങൾക്കും ബർത്ത്ഡേ പാർട്ടികൾക്കും ഒപ്പം വരാൻ ഇയാൻ എന്നെ നിർബന്ധിച്ചു. ശിരസ്ഥാനത്തെ ബഹുമാനിക്കേണ്ടതുള്ളതുകൊണ്ട് ഞാൻ ഇയാനോടൊപ്പം പോകുമായിരുന്നു. എന്നാൽ തിരുവെഴുത്തുതത്ത്വങ്ങൾക്ക് വിരുദ്ധമായി ഒരു കാര്യവും ചെയ്യാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. b അവിടത്തെ സ്ത്രീകളുടെ ബാത്ത്റൂമിൽ പോയിരുന്ന് ഞാൻ പ്രാർഥിക്കുമായിരുന്നു. യഹോവയോടു വിശ്വസ്തമായി നിൽക്കാനും നല്ലൊരു മനസ്സാക്ഷി ഉണ്ടായിരിക്കാനും എന്നെ സഹായിക്കേണമേ എന്ന് ഞാൻ വീണ്ടുംവീണ്ടും പ്രാർഥിക്കും. യഹോവ എന്നെ സഹായിക്കുന്നത് എനിക്ക് അനുഭവിച്ചറിയാനായി.
ഇയാനും എനിക്കും മൂന്ന് ആൺമക്കൾ ഉണ്ടായിരുന്നു. ഫിലിപ്പ്, നൈജൽ, ആൻഡ്രൂ. ഇയാൻ ദൂരസ്ഥലങ്ങളിലേക്കു വണ്ടി ഓടിക്കുന്ന ഒരു ട്രക്ക് ഡ്രൈവർ ആയിരുന്നതുകൊണ്ട് ആഴ്ചയിൽ മിക്ക ദിവസവും വീട്ടിൽ ഉണ്ടാകില്ല. ഇയാന് നല്ലൊരു ഭാര്യയായിരിക്കാനും അതോടൊപ്പം കഴിയുന്നിടത്തോളം യഹോവയെ സേവിക്കാനും ഞാൻ ശ്രമിച്ചു. ഇയാൻ ജോലിയിലായിരിക്കുന്ന സമയത്ത് ഞാൻ ശുശ്രൂഷയിൽ ഏർപ്പെടും. വാരാന്തങ്ങളിൽ ഇയാനോടൊപ്പം സമയം ചെലവഴിക്കും. കുട്ടികളുടെ മുന്നിൽവെച്ച് ഇയാനെക്കുറിച്ച് മോശമായൊന്നും സംസാരിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
എനിക്കു സഭയിൽ ഒരുപാടു സുഹൃത്തുക്കളുണ്ടായിരുന്നു. അവരിൽ ചിലരെ ഞാൻ പപ്പയുടെയും മമ്മിയുടെയും അടുത്ത് കൊണ്ടുപോകുമായിരുന്നു. പതിയെ എന്റെ പുതിയ സുഹൃത്തുക്കളെ അവർക്കും ഇഷ്ടപ്പെടാൻതുടങ്ങി. ഞങ്ങളുടെ സഭയിലെ ഒരു സഹോദരൻ മരിച്ചപ്പോൾ എന്റെ മമ്മിയും രാജ്യഹാളിൽവെച്ച് നടന്ന ആ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു. താമസിക്കാതെ മമ്മിയും പപ്പയും എന്റെ ചേട്ടൻ സ്റ്റാൻലിയും ഭാര്യ അവേരിലും ബൈബിൾ പഠിക്കാൻ തുടങ്ങി, സ്നാനപ്പെട്ടു.
സ്റ്റാൻലിക്കും അവേരിലിനും ഒരു മോനും മോളും ഉണ്ടായിരുന്നു. കുട്ടികളെയും കൂട്ടി ശുശ്രൂഷയ്ക്കു പോകുന്നതു ഞാനും അവേരിലും ഒരുപാട് ആസ്വദിച്ചു. എനിക്കും അവേരിലിനും കാർ ഇല്ലായിരുന്നതുകൊണ്ട് കുട്ടികളെ ഇരുത്തുന്ന വണ്ടിയും തള്ളി കിലോമീറ്ററുകളോളം നടന്നാണു ഞങ്ങൾ ശുശ്രൂഷയ്ക്കു പോയിരുന്നത്. അതു ശരിക്കും സന്തോഷത്തോടെയാണു ഞങ്ങൾ ചെയ്തത്. ആൻഡ്രൂവിനെ വണ്ടിയിൽ ഇരുത്തി തള്ളും, നൈജൽ വണ്ടിയുടെ മുകളിൽ ഇരിക്കും, ഫിലിപ്പ് വണ്ടിയുടെ പിടിയിൽ പിടിച്ച് ഞങ്ങളുടെ സൈഡിൽക്കൂടെ നടക്കും.
ഫിലിപ്പിനും നൈജലിനും എന്റെ പപ്പയോടും ഒപ്പം കൺവെൻഷനിൽ പങ്കെടുക്കാനായി ക്യാമ്പിൽ നിൽക്കുന്നു
എന്റെ കുട്ടികളെ പരിശീലിപ്പിക്കുന്നു
ഇയാനും എനിക്കും രണ്ടു കുട്ടികളുംകൂടെ ഉണ്ടായി: കാരോളിനും ഡെബിയും. യഹോവയുടെ വഴികളിൽ എന്റെ കുട്ടികളെ പരിശീലിപ്പിക്കാൻ ഞാൻ തീരുമാനിച്ചുറച്ചിരുന്നു. മാതാപിതാക്കൾക്കുവേണ്ടി ബൈബിളിൽ കൊടുത്തിരിക്കുന്ന ഏതൊരു നിർദേശവും ബാധകമാക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. സമർപ്പണത്തിനു ചേർച്ചയിൽ ഞാൻ ജീവിക്കുന്നത് എന്റെ കുട്ടികൾ കാണാൻ ഞാൻ ആഗ്രഹിച്ചു.
ഞാൻ എപ്പോഴും ഓർത്തിരിക്കുന്ന ഒരു വാക്യമാണ് 1 കൊരിന്ത്യർ 15:33. അവിടെ ഇങ്ങനെയാണു പറയുന്നത്: “ചീത്ത കൂട്ടുകെട്ടു നല്ല ശീലങ്ങളെ നശിപ്പിക്കുന്നു.” സ്കൂളിലെ കൂട്ടുകെട്ട് സ്കൂളിന്റെ ഗേറ്റിനുള്ളിൽത്തന്നെ നിറുത്തണമെന്നു താൻ കുട്ടികളോടു പറയാറുണ്ടെന്ന് ഒരു സഹോദരി സമ്മേളനത്തിൽവെച്ച് എന്നോടു പറഞ്ഞു. ഇതുതന്നെ ചെയ്യണമെന്ന് എനിക്കും തോന്നി. പക്ഷേ അതു ബുദ്ധിമുട്ടായിരുന്നു. ചിലപ്പോഴൊക്കെ എന്റെ കുട്ടികൾ സ്കൂളിൽ പഠിക്കുന്ന പിള്ളേരുമായിട്ട് ആരും കാണാതെ ഫുട്ബോൾ കളിക്കാൻ പോകും. അവരുടെ മിക്ക കൂട്ടുകാരും നല്ല കുട്ടികളായിരുന്നു. പക്ഷേ അവർ യഹോവയെ സേവിക്കാത്തവരാണ്. അത് ആ കൂട്ടുകാരുടെ സംസാരത്തിലും പ്രവൃത്തിയിലും ഒക്കെ വ്യക്തമായിരുന്നു.
ഒരു ദിവസം ഞാൻ കുട്ടികളോട്, സ്കൂൾ കഴിഞ്ഞ് ഫുട്ബോൾ കളിക്കാൻ താത്പര്യമുണ്ടെങ്കിൽ ഞാൻ കൂടെ കളിക്കാമെന്നു പറഞ്ഞു. എന്നാൽ അതൊട്ടും ശരിയായില്ല. കാരണം എനിക്കു ഫുട്ബോൾ കളിക്കാൻ അറിയില്ലായിരുന്നു. എങ്കിലും ജ്ഞാനത്തോടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കാനായി ഞാൻ കുട്ടികളെ വീണ്ടുംവീണ്ടും സഹായിക്കാൻ ശ്രമിച്ചു. അങ്ങനെ പതിയെ യഹോവയെ സേവിക്കാത്ത കുട്ടികളോടൊപ്പം കൂട്ടുകൂടുന്നതിനു പകരം വിനോദത്തിനുള്ള മറ്റു വഴികൾ അവർതന്നെ കണ്ടുപിടിച്ചു.
എന്റെ മനസ്സിനോടു ചേർന്നിരിക്കുന്ന മറ്റൊരു തിരുവെഴുത്താണ് 1 യോഹന്നാൻ 2:17. അവിടെ ഇങ്ങനെ പറയുന്നു: “ലോകവും അതിന്റെ മോഹങ്ങളും നീങ്ങിപ്പോകുന്നു. എന്നാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നയാൾ എന്നും ജീവിക്കും.” സാത്താന്റെ ലോകം നീങ്ങിപ്പോകുമെന്ന് എനിക്ക് അറിയാം. അതുകൊണ്ടുതന്നെ ആത്മീയലക്ഷ്യങ്ങൾവെച്ചുകൊണ്ട് മുന്നോട്ടുപോകാനും അങ്ങനെ യഹോവയുടെ അംഗീകാരം ആസ്വദിക്കാനും ഞാൻ കുട്ടികളെ സഹായിച്ചു. പ്രശ്നങ്ങളുണ്ടാകുമ്പോൾ അത് എത്ര ചെറുതാണെങ്കിലും ഞാൻ യഹോവയോടു പ്രാർഥിക്കുകയും നിർദേശങ്ങൾക്കായി തിരുവെഴുത്തുകളിലേക്കു നോക്കുകയും ചെയ്തു. ഞാൻ ബൈബിൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കുട്ടികളോടു സംസാരിക്കുമ്പോൾ, അവർക്ക് അവരെ വഴിനയിക്കുന്നതു ഞാനല്ല പകരം യഹോവയാണെന്നു മനസ്സിലാകും. എന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഞാൻ അവരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു. അതിനോട് അവർ നന്നായി പ്രതികരിച്ചു. എന്റെ ശ്രമങ്ങൾക്കു ശരിക്കും ഫലമുണ്ടായി. ഉദാഹരണത്തിന്, ചെറുപ്പമായിരുന്നപ്പോൾത്തന്നെ അവർ ശുശ്രൂഷയിൽ സ്വന്തമായി മടക്കസന്ദർശനങ്ങൾ കണ്ടെത്തി. അത് അവരെ സന്തോഷിപ്പിച്ചു, അവർക്ക് അത് ഒരു പ്രോത്സാഹനമായിരുന്നു.
മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നതു വളരെ പ്രധാനമാണെന്ന് എനിക്ക് അറിയാമായിരുന്നു. ഇടയ്ക്കൊക്കെ ഇടദിവസത്തെ മീറ്റിങ്ങ് കൂടുന്ന സമയത്ത് കുട്ടികൾക്കു നല്ല ക്ഷീണം തോന്നിയിരുന്നു. അപ്പോൾ ഞാൻ ഒരു കാര്യം ചെയ്തു, മീറ്റിങ്ങുള്ള ദിവസം ഞാൻ കുട്ടികളെ സ്കൂളിൽ പോയി കൂട്ടും, എന്നിട്ട് അവർക്ക് കുറച്ച് ഭക്ഷണം കൊടുക്കും, പിന്നെ ഞങ്ങൾ കുറച്ച് നേരം കിടന്ന് ഉറങ്ങും, പ്രശ്നം പരിഹരിച്ചു. ഞങ്ങളിൽ ആർക്കെങ്കിലും അസുഖമുണ്ടെങ്കിൽ മാത്രമേ ഞങ്ങൾ മീറ്റിങ്ങ് മുടക്കിയിരുന്നുള്ളൂ. അങ്ങനെയാണെങ്കിലും ഞങ്ങൾ മീറ്റിങ്ങിന്റെ പരിപാടികളെല്ലാം വീട്ടിലിരുന്ന് പഠിക്കും. എന്നിട്ടുമാത്രമേ ടിവി ഓണാക്കുമായിരുന്നുള്ളൂ. ചിലപ്പോഴൊക്കെ ഇയാൻ അപ്രതീക്ഷിതമായിട്ട് വീട്ടിലേക്കു വരും. അപ്പോൾ ഞങ്ങൾ പെട്ടെന്നുതന്നെ പുസ്തകങ്ങളെല്ലാം ഒളിപ്പിച്ചിട്ട് ടിവി ഓണാക്കും.
കുടുംബാരാധനയ്ക്കു ഞങ്ങൾ ഒരു മുടക്കവും വരുത്തിയില്ല. ഞങ്ങൾ ഇടയ്ക്കൊക്കെ ബഥേലിനെക്കുറിച്ചും ഏതു ഡിപ്പാർട്ടുമെന്റിലാണു കുട്ടികൾക്കു സേവിക്കാൻ ഇഷ്ടമെന്നും ഒക്കെ ചർച്ച ചെയ്യുമായിരുന്നു.
ഇടത്തുനിന്ന് വലത്തേക്ക്: എന്റെ പ്രിയപ്പെട്ട മക്കൾ—ഫിലിപ്പ്, കാരോളിൻ, ഡെബി, ആൻഡ്രൂ, നൈജൽ
മുൻനിരസേവനം എന്ന ലക്ഷ്യം
എന്റെ മൂത്ത മകൻ ഫിലിപ്പിന് 16 വയസ്സുള്ളപ്പോൾ അവന് ഒരു കാർ മെക്കാനിക്കായി മുഴുസമയം ജോലി ചെയ്യാനുള്ള അവസരം കിട്ടി. ആ സമയത്തുതന്നെ പാർട്ട്ടൈം ആയി ജനൽ വൃത്തിയാക്കുന്ന ഒരു ജോലിക്കുള്ള അവസരവും അവനു മുന്നിലുണ്ടായിരുന്നു. എന്നാൽ അവനു ജനൽ വൃത്തിയാക്കുന്ന ആ ജോലി വലിയ താത്പര്യമില്ലായിരുന്നു. ഒരു മുഴുസമയ ജോലി ചെയ്യുകയാണെങ്കിൽ കുടുംബത്തിലെ ചെലവുകൾക്കുവേണ്ടി സഹായിക്കാമല്ലോ എന്നായിരുന്നു അവൻ പറയുന്നത്. എന്നാൽ കുടുംബത്തിന്റെ ഭൗതികാവശ്യങ്ങൾക്കായി കരുതാനുള്ള ഉത്തരവാദിത്വം പപ്പയ്ക്കാണെന്നും അതുപോലെ നമ്മുടെ ആവശ്യങ്ങൾ ഇപ്പോൾത്തന്നെ നടന്നുപോകുന്നുണ്ടല്ലോയെന്നും ഞാൻ അവനോടു പറഞ്ഞു. ഇനി പാർട്ട്ടൈം ജോലിയാണ് ചെയ്യുന്നതെങ്കിൽ പെട്ടെന്നുതന്നെ മുൻനിരസേവനം തുടങ്ങാനാകുമല്ലോ എന്നും ഞാൻ അവനു വിശദീകരിച്ചുകൊടുത്തു.
സ്കൂൾവിദ്യാഭ്യാസം കഴിഞ്ഞ ഉടനെ ഫിലിപ്പ് സാധാരണ മുൻനിരസേവകനായി പ്രവർത്തിക്കാൻതുടങ്ങി. ഞാൻ സഹായ മുൻനിരസേവനവും തുടങ്ങി. എന്റെ രണ്ടാമത്തെ മകൻ നൈജലും സ്കൂൾ പഠനത്തിനു ശേഷം മുൻനിരസേവനം തുടങ്ങി. ആ സമയത്ത് ഞാനും ഒരു സാധാരണ മുൻനിരസേവികയാകാനുള്ള അപേക്ഷ കൊടുത്തു. ഒരു വർഷമെങ്കിലും മുൻനിരസേവനം ചെയ്യുകയാണെങ്കിൽ എനിക്ക് എന്റെ കുട്ടികളെ ശുശ്രൂഷയിൽ പിന്തുണയ്ക്കാനാകുമെന്നും അതുപോലെ മുൻനിരസേവകർക്കുള്ള സ്കൂളിൽ പങ്കെടുക്കാൻ പറ്റുമെന്നും ഞാൻ ചിന്തിച്ചു. അങ്ങനെ നൈജലിനൊപ്പം എനിക്കു മുൻനിരസേവന സ്കൂളിൽ പങ്കെടുക്കാൻ പറ്റി.
തുടക്കംമുതലേ എനിക്ക് മുൻനിരസേവനം ഇഷ്ടമായിരുന്നു. ഇങ്ങനെ യഹോവയെ സേവിക്കുകയാണെങ്കിൽ കുട്ടികൾക്കു നല്ലൊരു മാതൃക വെക്കാൻ പറ്റുമെന്ന് എനിക്ക് അറിയാമായിരുന്നു. യഹോവയ്ക്കു നന്ദി. കഴിഞ്ഞ 35 വർഷമായി എനിക്കൊരു മുൻനിരസേവികയായി പ്രവർത്തിക്കാൻ പറ്റുന്നു. ഞാൻ മുൻനിരസേവനം ചെയ്യുന്നതിനെക്കുറിച്ച് ഇയാൻ അറിയുകയായിരുന്നെങ്കിൽ അദ്ദേഹം ചിലപ്പോൾ തടഞ്ഞേനേ. പക്ഷേ ഇടദിവസങ്ങളിൽ ഇയാൻ ജോലിയിലായിരിക്കുമ്പോൾ ഞാൻ ശുശ്രൂഷ ചെയ്യുകയും അദ്ദേഹം വീട്ടിലുള്ളപ്പോൾ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.
പിന്നീട് നൈജൽ ബഥേൽ സേവനത്തിലുള്ള ആപ്ലിക്കേഷൻ കൊടുത്തു. അങ്ങനെ ബഥേലിൽ സേവിക്കാൻതുടങ്ങി. അവിടെവെച്ച് അവനു നല്ല സഹവാസവും പരിശീലനവും ഒക്കെ കിട്ടി. നല്ലൊരു ആത്മീയപുരുഷനാകാൻ അത് അവനെ സഹായിച്ചു. ഇനി ഫിലിപ്പിനും ആൻഡ്രൂവിനും ശുശ്രൂഷാ പരിശീലന സ്കൂൾ c കിട്ടി. എന്റെ കണ്ണിൽ, അവർ ആ സ്കൂളിനായി പോകുന്നതിനുമുമ്പ് കുട്ടികളായിരുന്നു. തിരിച്ച് അവർ പുരുഷന്മാരായിട്ടാണു വന്നത്. (1 പത്രോസ് 5:10) യഹോവയുടെ ജനത്തിനു കിട്ടുന്ന ഇതുപോലുള്ള ദിവ്യാധിപത്യ സ്കൂളുകളെല്ലാം ശരിക്കും വളരെ നല്ലതാണ്. എന്റെ കുട്ടികൾക്കു കിട്ടിയ ഈ പരിശീലനത്തിനു ഞാൻ യഹോവയോടും സംഘടനയോടും ഒരുപാടു നന്ദിയുള്ളവളാണ്.
ശുശ്രൂഷയ്ക്കു പോകുന്നു
ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ
ഈ വർഷങ്ങളിലുടനീളം എന്റെ ജീവിതത്തിൽ ഒരുപാടു പ്രശ്നങ്ങളുണ്ടായി. ഞാൻ നേരിട്ട ഏറ്റവും വലിയൊരു ബുദ്ധിമുട്ടായിരുന്നു എന്റെ ഭർത്താവിന്റെ അവിശ്വസ്തത. വിവാഹം കഴിച്ച് 33 വർഷങ്ങൾക്കു ശേഷം അദ്ദേഹം എന്നെ ഉപേക്ഷിച്ച് മറ്റൊരാളുടെകൂടെ പോയി. ഇനി ഞാൻ നേരിട്ട മറ്റൊരു പ്രശ്നമായിരുന്നു എന്റെ പ്രായമുള്ള മാതാപിതാക്കളുടെ കാര്യം. 1997 മാർച്ചിൽ എന്റെ പപ്പ മരിച്ചു. അത് എന്നെ ഒരുപാടു സങ്കടപ്പെടുത്തി. എന്റെ മമ്മി തന്നെയായിപ്പോയി. പപ്പയില്ലാത്തതുകൊണ്ട് മമ്മിക്കു വലിയ സങ്കടവും ഏകാന്തതയും ഒക്കെ തോന്നി. മമ്മിക്ക് ഒറ്റയ്ക്കു വണ്ടി ഓടിക്കാൻപോലും പറ്റാതായി. അതുകൊണ്ട് ഞാൻ ഇടയ്ക്ക് മമ്മിയെ വിളിച്ച് ഇങ്ങനെ ചോദിക്കും: “നമുക്ക് ചുമ്മാ വണ്ടി ഓടിച്ച് ഒന്നു പുറത്തുപോയി മടക്കസന്ദർശനങ്ങളൊക്കെ നടത്തി വന്നാലോ?” കുറച്ച് വർഷങ്ങൾക്കു ശേഷം മമ്മി എന്നോടൊപ്പം മുൻനിരസേവനം ചെയ്യാൻതുടങ്ങി. അങ്ങനെ ചെയ്യാൻ തീരുമാനമെടുത്തതുകൊണ്ട് മമ്മിയുടെ ജീവിതത്തിന് ഒരു ഉദ്ദേശ്യവും ലക്ഷ്യവും വീണ്ടുംവന്നു. പത്തു വർഷത്തോളം മമ്മി മുൻനിരസേവനം ചെയ്തു. മരണംവരെ മമ്മി വിശ്വസ്തയായി തുടർന്നു.
പുറകിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അഞ്ച് കുട്ടികളെയും സത്യത്തിൽത്തന്നെ വളർത്തിക്കൊണ്ടുവരാൻ അത്ര എളുപ്പമല്ലായിരുന്നു. ദൈവത്തെ സേവിക്കണോ വേണ്ടയോ എന്ന് ഓരോ കുട്ടിയും സ്വയം തീരുമാനിക്കണമെന്ന് എനിക്ക് അറിയാമായിരുന്നു. അവർ എന്താണു ചെയ്യുന്നതെന്ന് എനിക്കു നിയന്ത്രിക്കാൻ പറ്റില്ല. പക്ഷേ ഞാൻ ചെയ്യുന്ന കാര്യങ്ങൾ എനിക്കു നിയന്ത്രിക്കാൻ പറ്റും. അതുകൊണ്ട് ഞാൻ യഹോവയുടെ നിർദേശങ്ങളെല്ലാം പൂർണമായി അനുസരിച്ചു. അതുപോലെ എന്റെ വാക്കിലൂടെയും പ്രവൃത്തികളിലൂടെയും ഞാൻ കുട്ടികൾക്കു നല്ലൊരു മാതൃകവെച്ചു. അവരെല്ലാം യഹോവയെ സേവിക്കുന്നതു കാണുമ്പോൾ എനിക്ക് ഇപ്പോൾ അഭിമാനം തോന്നുന്നുണ്ട്. d ശരിക്കും എന്റെ കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ യഹോവയാണ് എന്നെ സഹായിച്ചത്.
ഇന്ന് എന്റെ മക്കളോടൊപ്പം
a മരിച്ചവർ ഏത് അവസ്ഥയിലാണ്? എന്ന വീഡിയോ കാണുക.
b ജീവിതം ആസ്വദിക്കാം പുസ്തകത്തിലെ “വിശേഷദിവസങ്ങളും ആഘോഷങ്ങളും” എന്ന 5-ാമത്തെ പിൻകുറിപ്പ് കാണുക.
c ഇതിനു പകരം വന്നതാണു രാജ്യസുവിശേഷകർക്കുള്ള സ്കൂൾ.
d ഫിലിപ്പ് ഇപ്പോൾ അയർലണ്ടിലെ ദിവ്യാധിപത്യ സ്കൂളുകളിലെ ഒരു അധ്യാപകനായി സേവിക്കുന്നു. നൈജൽ ഇംഗ്ലണ്ടിലെ ഒരു സമ്മേളനഹാൾ ദാസനായി സേവിക്കുന്നു. ആൻഡ്രൂ ഒരു മൂപ്പനാണ്. കഴിഞ്ഞ 30 വർഷമായി മുൻനിരസേവനവും ചെയ്യുന്നു. കാരോളിൻ അഞ്ചു വർഷം മുൻനിരസേവനം ചെയ്തു. ഡെബി ഇപ്പോൾ ക്യാരലിനെ ശുശ്രൂഷയിൽ പിന്തുണച്ചുകൊണ്ട് വീട്ടിൽത്തന്നെയുണ്ട്.

