വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

ഉൽപത്തി 1:1—“ആദിയിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു”

ഉൽപത്തി 1:1—“ആദിയിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു”

 “ആരംഭ​ത്തിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു.”—ഉൽപത്തി 1:1, പുതിയ ലോക ഭാഷാ​ന്തരം.

 “ആദിയിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു.”—ഉൽപത്തി 1:1, പി.ഒ.സി.

ഉൽപത്തി 1:1-ന്റെ അർഥം

 ബൈബി​ളി​ലെ ആദ്യത്തെ ഈ വചനം രണ്ടു പ്രധാന സത്യങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നു. ഒന്ന്‌, “ആകാശ​വും ഭൂമി​യും” അല്ലെങ്കിൽ പ്രപഞ്ച​ത്തിന്‌ ഒരു തുടക്ക​മു​ണ്ടാ​യി​രു​ന്നു. രണ്ട്‌, ദൈവ​മാണ്‌ അവയെ സൃഷ്ടി​ച്ചത്‌.—വെളി​പാട്‌ 4:11.

 ദൈവം പ്രപഞ്ചം സൃഷ്ടി​ച്ചിട്ട്‌ എത്ര നാളായി എന്നോ അതിനെ എങ്ങനെ​യാ​ണു സൃഷ്ടി​ച്ചത്‌ എന്നോ ബൈബിൾ പറയു​ന്നില്ല. എന്നാൽ ദൈവം തന്റെ “അപാര​മായ ഊർജ​വും ഭയഗം​ഭീ​ര​മായ ശക്തിയും” ഉപയോ​ഗി​ച്ചാ​ണു പ്രപഞ്ചത്തെ സൃഷ്ടി​ച്ച​തെന്നു ബൈബിൾ പറയു​ന്നുണ്ട്‌.—യശയ്യ 40:26.

 ഉൽപത്തി 1:1-ലെ “സൃഷ്ടിച്ചു” എന്ന വാക്ക്‌ ഒരു എബ്രായ ക്രിയാ​പ​ദ​ത്തിൽനിന്ന്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​താണ്‌. ആ പദം, ദൈവം എന്തെങ്കി​ലും സൃഷ്ടിക്കുന്നതിനെ a കുറി​ക്കാൻ മാത്ര​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ബൈബി​ളിൽ ദൈവ​മായ യഹോവയെ b മാത്ര​മാ​ണു സ്രഷ്ടാ​വാ​യി പറഞ്ഞി​രി​ക്കു​ന്നത്‌. —യശയ്യ 42:5; 45:18.

ഉൽപത്തി 1:1-ന്റെ സന്ദർഭം

 ഉൽപത്തി ഒന്ന്‌, രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ വിവരി​ച്ചി​രി​ക്കുന്ന സൃഷ്ടി​പ്പിൻവി​വ​ര​ണ​ത്തിന്‌ ആദ്യത്തെ ഈ വാക്യം നല്ലൊരു ആമുഖം തരുന്നു. ഉൽപത്തി 1:1 മുതൽ 2:4 വരെയുള്ള ഭാഗത്ത്‌ ദൈവം ഭൂമി​യെ​യും, ആദ്യത്തെ മനുഷ്യ​നും സ്‌ത്രീ​യും ഉൾപ്പെടെ സകല ജീവജാ​ല​ങ്ങ​ളെ​യും സൃഷ്ടി​ച്ച​തി​നെ​ക്കു​റിച്ച്‌ വളരെ ചുരു​ക്ക​മാ​യി വിവരി​ച്ചി​രി​ക്കു​ന്നു. ഈ ഹ്രസ്വ​മായ വിവര​ണ​ത്തി​നു​ശേഷം, പുരു​ഷ​ന്റെ​യും സ്‌ത്രീ​യു​ടെ​യും സൃഷ്ടി​യെ​ക്കു​റിച്ച്‌ കൂടു​ത​ലായ വിശദീ​ക​രണം ബൈബിൾ തരുന്നു.—ഉൽപത്തി 2:7-25.

 ആറ്‌ “ദിവസം” എന്ന്‌ അറിയ​പ്പെ​ടുന്ന ഒരു കാലഘ​ട്ടം​കൊ​ണ്ടാണ്‌ ദൈവം സൃഷ്ടി​ക്രി​യകൾ നടത്തി​യ​തെന്ന്‌ ഉൽപത്തി പുസ്‌തകം പറയുന്നു. അത്‌ 24 മണിക്കൂർ അടങ്ങുന്ന അക്ഷരീ​യ​മായ ദിവസങ്ങൾ അല്ല. അതിന്റെ സമയ​ദൈർഘ്യം കൃത്യ​മാ​യി കണക്കു​കൂ​ട്ടാൻ കഴിയില്ല. “ദിവസം” എന്ന വാക്ക്‌ 24 മണിക്കൂ​റി​നെ കുറി​ക്കാൻ മാത്രമല്ല ഉപയോ​ഗി​ക്കു​ന്നത്‌. കാരണം ഉൽപത്തി 2:4-ൽ ‘ദിവസ​വും,’ ‘സമയവും’ ഒരേ അർഥത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. ഇനി, ആ വാക്യ​ത്തിൽ ദൈവം സൃഷ്ടി​ക്രി​യകൾ നടത്തിയ ആറു ദിവസ​ങ്ങളെ ഒരൊറ്റ ‘ദിവസ​മാ​യി’ ചുരു​ക്കി​പ്പ​റ​ഞ്ഞി​ട്ടു​മുണ്ട്‌.

ഉൽപത്തി 1:1-നെക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​ങ്ങൾ

 തെറ്റി​ദ്ധാ​രണ: പ്രപഞ്ച​ത്തിന്‌ ഏതാനും ആയിരം വർഷങ്ങ​ളു​ടെ പഴക്കമേ ഉള്ളൂ.

 വസ്‌തുത: പ്രപഞ്ചം എന്നാണു സൃഷ്ടി​ക്ക​പ്പെ​ട്ടത്‌ എന്നു ബൈബിൾ കൃത്യ​മാ​യി പറയു​ന്നില്ല. പ്രപഞ്ച​ത്തി​നു കോടി​ക്ക​ണ​ക്കി​നു വർഷത്തെ പഴക്കമു​ണ്ടെന്ന ശാസ്‌ത്ര​ജ്ഞ​ന്മാ​രു​ടെ അഭി​പ്രാ​യം ഉൽപത്തി 1:1 ഖണ്ഡിക്കുന്നില്ല. c

 തെറ്റി​ദ്ധാ​രണ: ഉൽപത്തി 1:1-ലെ വിവരണം കാണി​ക്കു​ന്നതു ദൈവം ത്രിത്വമാണെന്നാണ്‌. കാരണം “ദൈവം” എന്ന്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​പദം ബഹുവ​ച​ന​രൂ​പ​ത്തി​ലാണ്‌ അവിടെ കൊടുത്തിരിക്കുന്നത്‌.

 വസ്‌തുത: ആ വാക്യ​ത്തിൽ “ദൈവം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന “എലോ​ഹിം” എന്ന എബ്രാ​യ​പദം ബഹുവ​ച​ന​രൂ​പ​ത്തിൽ ഉപയോഗിച്ചിരിക്കുന്നത്‌, മഹിമ​യെ​യും ഗാംഭീ​ര്യ​ത്തെ​യും കുറി​ക്കാ​നാണ്‌ അല്ലാതെ ഒന്നിൽ കൂടുതൽ വ്യക്തികൾ ഉണ്ടെന്ന്‌ സൂചിപ്പിക്കാനല്ല. അതെക്കു​റിച്ച്‌ പുതിയ കത്തോ​ലി​ക്കാ സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയു​ന്നത്‌, “എലോ​ഹിം” ബഹുവ​ച​ന​രൂ​പ​ത്തിൽ കാണുന്ന ഉൽപത്തി 1:1 പോലുള്ള വാക്യ​ങ്ങ​ളിൽ “എലോ​ഹിം” “എന്ന പദത്തോ​ടൊ​പ്പം ക്രിയ വരു​ന്നെ​ങ്കിൽ അത്‌ എപ്പോ​ഴും ഏകവച​ന​ത്തി​ലാ​യി​രി​ക്കും” എന്നാണ്‌. ആ പുസ്‌തകം തുടരു​ന്നു: “‘എലോ​ഹിം’ ഒരൊറ്റ വ്യക്തി​യെ​യാ​ണു കുറി​ക്കു​ന്ന​തെന്ന്‌ അതു സൂചി​പ്പി​ക്കു​ന്നു. എങ്കിലും ഇവിടെ ബഹുവ​ച​ന​രൂ​പം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ രാജാ​ക്ക​ന്മാ​രും മറ്റും സ്വന്ത​പ്രൗ​ഢി​യെ സൂചി​പ്പി​ക്കാൻ നാം എന്ന ബഹുവ​ച​ന​പദം ഉപയോ​ഗി​ക്കു​ന്ന​തു​പോ​ലെ ബഹുമാ​നത്തെ സൂചി​പ്പി​ക്കാൻ മാത്ര​മാണ്‌.”—രണ്ടാം പതിപ്പ്‌, വാല്യം 6, പേജ്‌ 272.

ഉൽപത്തി ഒന്നാം അധ്യായം വായി​ക്കുക. അടിക്കു​റി​പ്പു​ക​ളും ഒത്തുവാ​ക്യ​ങ്ങ​ളും കാണാം.

a എച്ച്‌. സി. എസ്‌. ബി. പഠന​ബൈ​ബിൾ (ഇംഗ്ലീഷ്‌) പേജ്‌-7 ൽ ഈ വാക്കി​നെ​ക്കു​റിച്ച്‌ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ബൈബി​ളിൽ ബാറാ എന്ന വാക്കു കർത്തരി​പ്ര​യോ​ഗ​ത്തിൽ (‘സൃഷ്ടി​ക്കുക’ എന്ന അർഥത്തിൽ) ഉപയോ​ഗി​ച്ചി​രി​ക്കു​ന്നി​ട​ത്തൊ​ന്നും ഒരു മനുഷ്യ​നെ അതിന്റെ കർത്താ​വാ​യി കൊടു​ത്തി​ട്ടില്ല. അതു സൂചി​പ്പി​ക്കു​ന്നത്‌ ബാറാ എന്ന പദം ദൈവം ചെയ്യുന്ന പ്രവൃ​ത്തി​കളെ മാത്രം കുറി​ക്കാ​നാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌ എന്നാണ്‌.”

b ദൈവത്തിന്റെ പേര്‌ യഹോവ എന്നാണ്‌.—സങ്കീർത്തനം 83:18.

c “ആദിയിൽ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ പദത്തെ​ക്കു​റിച്ച്‌ ഒരു ബൈബിൾ വ്യാഖ്യാ​ന​ഗ്രന്ഥം [ദി എക്‌സ്‌പോ​സി​റ്റേ​ഴ്‌സ്‌ ബൈബിൾ കമെന്ററി (ഇംഗ്ലീഷ്‌)] പറയു​ന്നത്‌: “ആദിയിൽ എന്ന പദത്തിൽനിന്ന്‌ ആ കാലഘ​ട്ട​ത്തി​ന്റെ ദൈർഘ്യ​മോ നീളമോ കൃത്യ​മാ​യി മനസ്സി​ലാ​ക്കാൻ കഴിയില്ല.”—പരിഷ്‌ക​രിച്ച പതിപ്പ്‌ വാല്യം 1, പേജ്‌ 51.