വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മൂന്നു രാജാക്കന്മാർ ഉണ്ണിയേശുവിനെ സന്ദർശിച്ചിരുന്നോ?

മൂന്നു രാജാക്കന്മാർ ഉണ്ണിയേശുവിനെ സന്ദർശിച്ചിരുന്നോ?

വായനക്കാർ ചോദിക്കുന്നു

മൂന്നു രാജാക്കന്മാർ ഉണ്ണിയേശുവിനെ സന്ദർശിച്ചിരുന്നോ?

പുൽത്തൊട്ടിയിൽ കിടക്കുന്ന ഉണ്ണിയേശുവിന്‌ വിലയേറിയ സമ്മാനങ്ങൾ കാഴ്‌ചവെക്കുന്ന മൂന്നു രാജാക്കന്മാർ. തെക്കേ അമേരിക്ക, കിഴക്കൻ യൂറോപ്പ്‌, ഏഷ്യ എന്നിങ്ങനെ എല്ലാ ഭൂഖണ്ഡങ്ങളിലും ക്രിസ്‌തുമസ്സ്‌ കാലത്ത്‌ ആളുകൾ ഒരുക്കുന്ന പുൽക്കൂടുകളിലെ ഒരു പതിവു ദൃശ്യമാണിത്‌. ഇങ്ങനെ മൂന്നുപേർ കാലിത്തൊഴുത്തിൽ യേശുവിനെ സന്ദർശിച്ചു എന്നു പറയുന്നതു നേരാണോ? എന്താണ്‌ ഇതിന്റെ വാസ്‌തവം? നമുക്കു നോക്കാം.

മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷങ്ങളിലാണ്‌ യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള വിവരണങ്ങൾ നാം കാണുന്നത്‌. സമീപത്തുള്ള വയലുകളിൽ ആടുകളെ മേയിച്ചിരുന്ന ഇടയന്മാർ മാത്രമാണ്‌ യേശുവിനെ ജനിച്ചയുടനെ ചെന്നുകണ്ടതെന്ന്‌ ഈ വിവരണങ്ങൾ വ്യക്തമാക്കുന്നു. നേരത്തേപറഞ്ഞ പുരുഷന്മാർ വാസ്‌തവത്തിൽ ജ്യോതിഷികളായിരുന്നു, അല്ലാതെ രാജാക്കന്മാർ ആയിരുന്നില്ല. അവർ എത്ര പേർ ഉണ്ടായിരുന്നു എന്നും ബൈബിൾ പറയുന്നില്ല. പുൽത്തൊട്ടിയിൽ കിടക്കുന്ന ഒരു നവജാത ശിശുവിന്റെ അടുക്കലേക്കല്ല ഈ ജ്യോതിഷികൾ ചെന്നത്‌. അവർ ഒരു വീട്ടിൽച്ചെന്നാണ്‌ യേശുവിനെ കണ്ടത്‌. അപ്പോഴേക്കും അവൻ കുറച്ചുകൂടെ വളർന്നിരുന്നു. ശ്രദ്ധേയമായ മറ്റൊരു സംഗതി, അവരുടെ ആ സന്ദർശനം യേശുവിന്റെ ജീവൻ അപകടത്തിലാക്കി എന്നുള്ളതാണ്‌!

യേശുവിന്റെ ജനനത്തെക്കുറിച്ച്‌ ലൂക്കോസ്‌ എഴുതിയ വിവരണം കാണുക: “ആ നാട്ടിൽ ആട്ടിടയന്മാർ രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാത്തുകൊണ്ടു വെളിമ്പ്രദേശത്തു പാർത്തിരുന്നു. പെട്ടെന്ന്‌ യഹോവയുടെ ദൂതൻ പ്രത്യക്ഷനായി . . . അവരോട്‌, ‘. . . ശീലകളിൽ പൊതിഞ്ഞ്‌ പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും’ എന്നു പറഞ്ഞു. . . . അവർ അതിവേഗം പോയി മറിയയെയും യോസേഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.”—ലൂക്കോസ്‌ 2:8-16.

യോസേഫും മറിയയും ആട്ടിടയന്മാരും മാത്രമേ ഉണ്ണിയേശുവിനോടൊപ്പം അപ്പോൾ അവിടെ ഉണ്ടായിരുന്നുള്ളൂ. മറ്റാരെക്കുറിച്ചും ലൂക്കോസ്‌ പ്രതിപാദിക്കുന്നില്ല.

സത്യവേദപുസ്‌തകത്തിലെ മത്തായി 2:1-11 വാക്യങ്ങൾ ശ്രദ്ധിക്കുക: “ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്‌ലെഹെമിൽ ജനിച്ച ശേഷം, കിഴക്കുനിന്നു വിദ്വാൻമാർ യെരൂശലേമിൽ എത്തി . . . അവർ . . . ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്‌കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്‌ചവെച്ചു.”—മത്തായി 2:1-11.

ഈ വിവരണത്തിൽ “വിദ്വാൻമാർ” എന്നു മാത്രമേ പറയുന്നുള്ളൂ, “മൂന്നു വിദ്വാൻമാർ” എന്നു പറയുന്നില്ല. അതുപോലെ, അവർ പൗരസ്‌ത്യദേശത്തുനിന്ന്‌ യാത്ര ചെയ്‌ത്‌ ആദ്യം എത്തിയത്‌ യെരുശലേമിലാണ്‌, യേശു ജനിച്ച ബേത്ത്‌ലെഹെമിലല്ല. നീണ്ട യാത്രയ്‌ക്കൊടുവിൽ അവർ ബേത്ത്‌ലെഹെമിൽ എത്തുമ്പോൾ യേശു കാലിത്തൊഴുത്തിലായിരുന്നില്ല, പിന്നെയോ ഒരു വീട്ടിലായിരുന്നു.

സത്യവേദപുസ്‌തകത്തിൽ ഈ സന്ദർശകരെ “വിദ്വാൻമാർ” എന്നാണ്‌ വിളിക്കുന്നതെങ്കിലും ചില ഭാഷാന്തരങ്ങൾ ഇവരെ “ജ്യോതിഷികൾ” എന്നു വിളിക്കുന്നു. എ ഹാൻഡ്‌ബുക്ക്‌ ഓൺ ദ ഗോസ്‌പൽ ഓഫ്‌ മാത്യു എന്ന പുസ്‌തകം പറയുന്നത്‌, “വിദ്വാൻമാർ” എന്നതിനുള്ള ഗ്രീക്ക്‌ നാമപദം ജ്യോതിഷത്തിൽ പാണ്ഡിത്യമുള്ള പേർഷ്യൻ തന്ത്രിമാരെ കുറിക്കുന്നു എന്നാണ്‌. ഒരു നിഘണ്ടു (The Expanded Vine’s Expository Dictionary of New Testament Words) ഈ നാമപദത്തിനു നൽകുന്ന അർഥങ്ങൾ, “മാന്ത്രികൻ, ദുർമന്ത്രവാദി, ഇന്ദ്രജാലക്കാരൻ, ആഭിചാരകൻ” എന്നൊക്കെയാണ്‌.

ജ്യോതിഷവും മന്ത്രവാദവുമെല്ലാം ഇന്ന്‌ ജനപ്രീതിയാർജിച്ച കാര്യങ്ങളാണെങ്കിലും ബൈബിൾ അവയെ കുറ്റംവിധിക്കുന്നു. (യെശയ്യാവു 47:13-15) വാസ്‌തവം പറഞ്ഞാൽ, അവ ഭൂതവിദ്യയിൽ പെടുന്നു. യഹോവയ്‌ക്ക്‌ അവ വെറുപ്പാണ്‌. (ആവർത്തനപുസ്‌തകം 18:10-12) അതുകൊണ്ട്‌ യേശുവിന്റെ ജനനത്തെക്കുറിച്ച്‌ ജ്യോതിഷികളെ അറിയിച്ചത്‌ ഒരിക്കലും ദൈവദൂതന്മാരായിരുന്നില്ല. എന്നിരുന്നാലും, ദുഷ്ടനായ ഹെരോദാരാജാവിന്റെ അടുക്കലേക്ക്‌ മടങ്ങിപ്പോകരുതെന്ന്‌ ഒരു സ്വപ്‌നത്തിലൂടെ ദൈവം അവരെ അറിയിക്കുന്നുണ്ട്‌. അത്‌, ഹെരോദാവ്‌ യേശുവിനെ കൊല്ലാൻ വഴിയന്വേഷിച്ചുകൊണ്ടിരുന്നതിനാലാണ്‌. അങ്ങനെ, “അവർ മറ്റൊരു വഴിയായി സ്വദേശത്തേക്കു മടങ്ങി.”—മത്തായി 2:11-16.

യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള സത്യം മറച്ചുവെക്കുന്ന ഇത്തരം കെട്ടുകഥകൾക്ക്‌ സത്യ ക്രിസ്‌ത്യാനികൾ ചെവികൊടുക്കുമോ? ഒരിക്കലുമില്ല.