വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബസന്തുഷ്ടിക്ക്‌ പരസ്‌പരം ബഹുമാനിക്കുക

കുടുംബസന്തുഷ്ടിക്ക്‌ പരസ്‌പരം ബഹുമാനിക്കുക

കുടുംബസന്തുഷ്ടിക്ക്‌ പരസ്‌പരം ബഹുമാനിക്കുക

‘സകല ആക്രോശവും ദൂഷണവും നിങ്ങളെ വിട്ട്‌ ഒഴിഞ്ഞുപോകട്ടെ.’—എഫെസ്യർ 4:31.

എന്താണ്‌ അതിനർഥം? എല്ലാ കുടുംബങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്‌. എന്നാൽ പരസ്‌പരം ചെളിവാരിയെറിയാതെ കാര്യങ്ങൾ ശാന്തമായി സംസാരിച്ച്‌ പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ കുടുംബത്തിൽ സന്തോഷം ഉണ്ടായിരിക്കും. മറ്റുള്ളവർ തന്നോട്‌ എങ്ങനെയാണോ ഇടപെടാൻ ആഗ്രഹിക്കുന്നത്‌, അതേ വിധത്തിലായിരിക്കും ഓരോ കുടുംബാംഗവും അന്യോന്യം ഇടപെടുന്നത്‌.—മത്തായി 7:12.

അതിന്റെ പ്രാധാന്യം: വാക്കുകൾക്ക്‌ മറ്റുള്ളവരെ മുറിവേൽപ്പിക്കാനുള്ള ശക്തിയുണ്ട്‌. “വഴക്കാളിയും കോപക്കാരിയുമായ സ്‌ത്രീയോടുകൂടെ പാർക്കുന്നതിലും നല്ലത്‌ നിർജനപ്രദേശത്തു പാർക്കുന്നതാണ്‌” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 21:19, ദ ബൈബിൾ ഇൻ ബേസിക്ക്‌ ഇംഗ്ലീഷ്‌) വഴക്കാളിയായ ഒരു പുരുഷന്റെ കാര്യത്തിലും ഇതു സത്യമാണ്‌. ഇനി, മാതാപിതാക്കളോടായി ബൈബിൾ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ മക്കളെ അസഹ്യപ്പെടുത്തരുത്‌; അങ്ങനെചെയ്‌താൽ, അവരുടെ മനസ്സിടിഞ്ഞുപോകും.” (കൊലോസ്യർ 3:21) കുട്ടികളെ എപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നാൽ മാതാപിതാക്കളെ ഒരിക്കലും തൃപ്‌തിപ്പെടുത്താനാവില്ല എന്ന തോന്നൽ അവർക്കുണ്ടാകും. മനസ്സുമടുത്ത്‌ അവർ ശ്രമം ഉപേക്ഷിച്ചെന്നുംവരാം.

നിങ്ങളുടെ ഉത്തരം എന്താണ്‌? പിൻവരുന്ന ചോദ്യങ്ങളുടെ സഹായത്തോടെ സ്വയം വിലയിരുത്തുക.

അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ അതു പറഞ്ഞുതീർക്കുന്നതിനുപകരം ഞാൻ ദേഷ്യപ്പെട്ട്‌ മുറിവിട്ടിറങ്ങിപ്പോകുകയാണോ പതിവ്‌?

ഇണയോടോ കുട്ടികളോടോ സംസാരിക്കുമ്പോൾ ‘ഇഡിയറ്റ്‌,’ ‘സ്റ്റുപ്പിഡ്‌’ പോലുള്ള, തരംതാഴ്‌ത്തുന്ന വാക്കുകൾ ഞാൻ ഉപയോഗിക്കാറുണ്ടോ?

മറ്റുള്ളവരെ ഇടിച്ചുതാഴ്‌ത്തുന്നതരം സംസാരം കേട്ടാണോ ഞാൻ വളർന്നത്‌?

ഒരു ഉറച്ച തീരുമാനം എടുക്കുക. മറ്റുള്ളവരോട്‌ ആദരവോടെ സംസാരിക്കുന്ന കാര്യത്തിൽ നിങ്ങൾ മെച്ചപ്പെടേണ്ട ഒന്നോ രണ്ടോ വശങ്ങൾ കണ്ടെത്തുക. (നുറുങ്ങ്‌: ഇണയുടെ പ്രവൃത്തികൾ നിങ്ങളെ വേദനിപ്പിക്കുന്നു എന്ന്‌ കുറ്റപ്പെടുത്തുന്നതിനുപകരം ഇണയുടെ പ്രവൃത്തികൾ നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന്‌ പറയുക.)

നിങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റത്തെക്കുറിച്ച്‌ ഇണയോടു പറയുക. മൂന്നുമാസത്തിനുശേഷം, നിങ്ങൾ എത്ര പുരോഗതി വരുത്തിയിരിക്കുന്നുവെന്ന്‌ ഇണയോട്‌ ചോദിച്ചറിയുക.

തരംതാഴ്‌ത്തുന്നവിധത്തിൽ മക്കളോട്‌ സംസാരിക്കുന്നത്‌ ഒഴിവാക്കാൻ എന്തുചെയ്യാനാകും എന്ന്‌ ചിന്തിക്കുക.

മുമ്പ്‌ എപ്പോഴെങ്കിലും മക്കളോട്‌ പരുഷമായി സംസാരിച്ചിട്ടുണ്ടെങ്കിൽ അതിന്‌ അവരോട്‌ ക്ഷമചോദിക്കരുതോ?

[6-ാം പേജിലെ ചിത്രം]

തിരകൾ പാറപ്പുറത്ത്‌ ഇടവിടാതെ വന്നലയ്‌ക്കുമ്പോൾ അതിന്‌ അപക്ഷയം സംഭവിക്കുന്നതുപോലെ, മുറിപ്പെടുത്തുന്ന സംസാരം പതിവാകുമ്പോൾ കുടുംബബന്ധങ്ങൾക്കും ക്ഷയം സംഭവിക്കാം