വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ടിവി ഒരു വിദഗ്‌ധ കവർച്ചക്കാരൻ

ടിവി ഒരു വിദഗ്‌ധ കവർച്ചക്കാരൻ

ടിവി ഒരു വിദഗ്‌ധ കവർച്ച​ക്കാ​രൻ

ജീവി​ത​ത്തിൽ ഇനി ഒരിക്ക​ലും ടിവി കാണരു​തെന്ന നിബന്ധ​ന​യിൽ ആരെങ്കി​ലും പത്തുലക്ഷം ഡോളർ തന്നാൽ നിങ്ങളതു സ്വീക​രി​ക്കു​മോ? കുറച്ചു വർഷങ്ങൾക്കു മുമ്പ്‌ ഒരു സർവേ​യിൽ പങ്കെടുത്ത അമേരി​ക്ക​ക്കാ​രിൽ നാലിൽ ഒരാൾ ആ വാഗ്‌ദാ​നം നിഷേ​ധി​ച്ചു. ജീവി​ത​ത്തി​ലെ ഏറ്റവും വലിയ ആഗ്രഹം എന്താ​ണെന്ന്‌ വേറൊ​രു സർവേ പുരു​ഷ​ന്മാരോ​ടു ചോദി​ച്ചു. ഭൂരി​പ​ക്ഷംപേ​രും സന്തോ​ഷ​വും സമാധാ​ന​വും ആഗ്രഹി​ക്കു​ന്ന​താ​യി പറഞ്ഞെ​ങ്കി​ലും അത്‌ അവരുടെ മുൻഗ​ണ​നാക്ര​മ​ത്തിൽ രണ്ടാമതേ വന്നുള്ളൂ. അവർ ഏറ്റവു​മ​ധി​കം ആഗ്രഹി​ച്ചത്‌ ഒരു വലിയ ടെലി​വി​ഷ​നുവേ​ണ്ടി​യാ​യി​രു​ന്നു!

‘കുടിൽ തൊട്ടു കൊട്ടാ​രം വരെ’ ടെലി​വി​ഷൻ ആളുക​ളു​ടെ മനംക​വർന്നി​രി​ക്കു​ന്നു. ടെലി​വി​ഷൻ അതിന്റെ ശൈശ​വ​ദ​ശ​യിൽ ആയിരുന്ന 1931-ൽ റേഡി​യോ കോർപ്പറേഷൻ ഓഫ്‌ അമേരി​ക്ക​യു​ടെ ചെയർമാൻ പിൻവ​രുന്ന പ്രസ്‌താ​വന നടത്തി: “ടെലി​വി​ഷൻ അതിന്റെ വികാ​സ​ത്തി​ന്റെ പാരമ്യ​ത്തിലെ​ത്തുമ്പോഴേ​ക്കും ലോകം മുഴുവൻ അതിന്റെ പ്രേക്ഷ​ക​രാ​യി​ത്തീർന്നി​ട്ടു​ണ്ടാ​കുമെന്ന്‌ പ്രതീ​ക്ഷി​ക്കാ​നാ​കും.” ഇതൊരു ഊതി​വീർപ്പിച്ച പ്രസ്‌താ​വ​ന​യാ​യി അന്ന്‌ തോന്നി​യി​രി​ക്കാം, എന്നാൽ ഇന്ന്‌ ആരും അങ്ങനെ കരുതില്ല. ഗോള​വ്യാ​പ​ക​മാ​യി ഇന്ന്‌ ഏതാണ്ട്‌ 150 കോടി ടെലി​വി​ഷൻ സെറ്റു​ക​ളുണ്ട്‌, അതില​ധി​കം പ്രേക്ഷ​ക​രും. ഇഷ്ടപ്പെ​ട്ടാ​ലും ഇല്ലെങ്കി​ലും, ജനങ്ങളു​ടെ ജീവി​ത​ത്തിൽ ടെലി​വി​ഷന്‌ വലിയ സ്വാധീ​ന​മുണ്ട്‌.

ആളുകൾ ടിവി-യുടെ മുമ്പിൽ ചെലവ​ഴി​ക്കുന്ന സമയം എത്രയാണ്‌ എന്നറി​ഞ്ഞാൽ നാം അമ്പരന്നുപോ​കും. ദിവസേന, ശരാശരി മൂന്നു മണിക്കൂ​റിൽ കൂടുതൽ സമയം ആളുകൾ ടിവി കാണു​ന്നുണ്ടെ​ന്നാണ്‌ അടുത്ത​യി​ടെ നടന്ന ഒരു ആഗോള പഠനം കാണി​ക്കു​ന്നത്‌. വടക്കേ അമേരി​ക്ക​യി​ലു​ള്ളവർ ദിവസേന നാലര മണിക്കൂർ അതിനുവേണ്ടി മാറ്റിവെ​ക്കു​ന്നു; എന്നാൽ ഇക്കാര്യ​ത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജപ്പാൻകാർ ദിവസ​വും അഞ്ചു മണിക്കൂർ ടിവി കാണുന്നു. ഈ കണക്കുകൾ അത്ര നിസ്സാ​ര​മാ​യി തള്ളിക്ക​ള​യ​രുത്‌. ദിവസേന നാലു മണിക്കൂർ ടിവി കാണു​ക​യാണെ​ങ്കിൽ 60 വയസ്സാ​കുമ്പോഴേ​ക്കും ഒരാൾ 10 വർഷം ടിവി-യുടെ മുമ്പിൽ ഇരുന്നി​ട്ടു​ണ്ടാ​വും. എന്നാൽ ‘ജീവി​ത​ത്തി​ന്റെ ആറി​ലൊ​രു ഭാഗം ടിവി-യുടെ മുമ്പി​ലി​രുന്ന ആൾ’ എന്നൊരു പ്രശസ്‌തി നമ്മിലാ​രും ആഗ്രഹി​ക്കില്ല.

ആളുകൾ മണിക്കൂ​റു​കളോ​ളം ടിവി-യുടെ മുമ്പിൽ ചെലവ​ഴി​ക്കു​ന്നത്‌ അവർ അത്‌ ആസ്വദി​ക്കു​ന്ന​തുകൊ​ണ്ടാ​ണോ? അവശ്യം അങ്ങനെ ആയിരി​ക്ക​ണമെ​ന്നില്ല. തങ്ങൾ വളരെ​യ​ധി​കം സമയം ടിവി-ക്കുവേണ്ടി ചെലവ​ഴി​ക്കു​ന്നുണ്ടെന്ന്‌ പലർക്കു​മ​റി​യാം. ആ സമയം കുറെ​ക്കൂ​ടി പ്രയോ​ജ​നപ്ര​ദ​മായ രീതി​യിൽ ഉപയോ​ഗി​ക്കാ​തി​രു​ന്ന​തിൽ അവർ പിന്നീട്‌ ഖേദി​ക്കു​ക​യും ചെയ്യുന്നു. “ടിവി-യോട്‌ ഒരുതരം ആസക്തി​യുണ്ടെന്ന്‌” ചിലർ പറയുന്നു. ഒരാൾ മയക്കു​മ​രു​ന്നിന്‌ അടിമപ്പെ​ടു​ന്ന​തുപോ​ലെ ടിവി-ക്ക്‌ അടിമപ്പെ​ടു​ന്നില്ല എന്നതു ശരിതന്നെ. എങ്കിലും, ഇവർ തമ്മിൽ സമാന​തകൾ ഉണ്ട്‌. മയക്കു​മ​രു​ന്നിനോട്‌ ആസക്തി​യു​ള്ളവർ അതിനുവേണ്ടി വളരെ​യ​ധി​കം സമയം ചെലവ​ഴി​ക്കു​ന്നു. അതിന്റെ ഉപയോ​ഗം കുറയ്‌ക്കാ​നോ അതിൽനി​ന്നു പുറത്തു​ക​ട​ക്കാ​നോ അവർ ആഗ്രഹി​ക്കു​ന്നുണ്ടെ​ങ്കി​ലും അവരെക്കൊ​ണ്ട​തി​നു കഴിയു​ന്നില്ല. അവർ മയക്കു​മ​രു​ന്നു​കൾക്കുവേണ്ടി, സമൂഹ​ത്തിലെ​യും കുടും​ബ​ത്തിലെ​യും പ്രധാ​ന​പ്പെട്ട ഉത്തരവാ​ദി​ത്വ​ങ്ങൾ ബലിക​ഴി​ക്കു​ന്നു. മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കാ​തി​രി​ക്കുമ്പോൾ അത്‌ അസ്വാ​സ്ഥ്യ​ങ്ങൾക്ക്‌ ഇടയാ​ക്കു​ക​യും ചെയ്യുന്നു. ടിവി കാണാൻ വളരെ​യ​ധി​കം സമയം ചെലവ​ഴി​ക്കു​ന്നവർ ഈ ലക്ഷണങ്ങളെ​ല്ലാം കാണിച്ചേ​ക്കാം.

ജ്ഞാനി​യായ ശലോമോൻ രാജാവ്‌ എഴുതി: “തേൻ ഏറെ കുടി​ക്കു​ന്നതു നന്നല്ല.” (സദൃശ​വാ​ക്യ​ങ്ങൾ 25:27) ടിവി കാണുന്ന കാര്യ​ത്തി​ലും ഈ തത്ത്വം ബാധക​മാണ്‌. കാര്യ​മാത്രപ്ര​സ​ക്‌ത​മായ പരിപാ​ടി​കൾ ടിവി-യിലുണ്ടെ​ങ്കി​ലും വളരെ​യ​ധി​കം സമയം ടിവി-ക്കു വേണ്ടി ചെലവ​ഴി​ക്കു​ന്നത്‌ കുടും​ബ​ത്തി​നു വേണ്ടി ചെലവ​ഴി​ക്കേണ്ട സമയം അപഹരിച്ചേ​ക്കാം. അതു​പോ​ലെ വായനാ​ശീ​ലത്തെ​യും കുട്ടി​ക​ളു​ടെ പഠന​ത്തെ​യും അത്‌ കാര്യ​മാ​യി ബാധി​ക്കാ​നി​ട​യുണ്ട്‌, കൂടാതെ അമിത​വ​ണ്ണ​ത്തി​നും കാരണ​മായേ​ക്കാം. നിങ്ങൾ ടിവി കാണു​ന്ന​തി​നാ​യി ഏറെ സമയം ചെലവാ​ക്കു​ന്നുണ്ടെ​ങ്കിൽ ഫലത്തിൽ അതെന്തു മടക്കി​ത്ത​രു​ന്നു എന്നു ചിന്തി​ക്കു​ന്നത്‌ ബുദ്ധി ആയിരി​ക്കും. നമ്മുടെ സമയം വളരെ വില​പ്പെ​ട്ട​താണ്‌, അത്‌ പാഴാ​ക്കാ​നാ​വില്ല. നാം എന്ത്‌ കാണുന്നു എന്നതും ചിന്തി​ക്കേണ്ട വിഷയ​മാണ്‌. അടുത്ത ലേഖന​ത്തിൽ നാം അത്‌ പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും.