വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ടവർ ബ്രിഡ്‌ജ്‌ ലണ്ടനിലേക്കുള്ള വാതായനം

ടവർ ബ്രിഡ്‌ജ്‌ ലണ്ടനിലേക്കുള്ള വാതായനം

ടവർ ബ്രിഡ്‌ജ്‌ ലണ്ടനിലേക്കുള്ള വാതായനം

ബ്രിട്ടനിലെ ഉണരുക! ലേഖകൻ

ഇംഗ്ലണ്ടിൽ ഒരിക്കലും പോയിട്ടില്ലാത്തവർവരെ ഇതിനെക്കുറിച്ചു കേട്ടിട്ടുണ്ട്‌. വർഷംതോറും ആയിരക്കണക്കിനു വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കാറുണ്ട്‌. ലണ്ടൻ നിവാസികൾ നിത്യേന ഇതിലൂടെ യാത്ര ചെയ്യാറുണ്ട്‌, ഒരുപക്ഷേ അതിനെപ്പറ്റിയോ അതിന്റെ ഉത്ഭവത്തെപ്പറ്റിയോ തെല്ലും ചിന്തിക്കാതെതന്നെ. അതേ, ലണ്ടൻ നഗരത്തിന്റെ പ്രസിദ്ധമായ ഒരു മുഖമുദ്രയാണ്‌ ടവർ ബ്രിഡ്‌ജ്‌.

ടവർ ബ്രിഡ്‌ജ്‌ എന്നു കേൾക്കുമ്പോൾ അത്‌ ലണ്ടൻ ബ്രിഡ്‌ജിനെക്കുറിച്ച്‌ ആണെന്നു ധരിക്കരുത്‌. ലണ്ടൻ ബ്രിഡ്‌ജിൽനിന്ന്‌ അത്ര അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ടവർ ബ്രിഡ്‌ജ്‌, അടുത്തുള്ള ലണ്ടൻ ടവറുമായി ബന്ധിപ്പിച്ചിരിക്കുന്നു. 1872-ൽ ഇംഗ്ലണ്ട്‌ പാർലമെന്റ്‌, തെംസ്‌നദിക്കു കുറുകെ ഒരു പാലം പണിയുന്നതിനുവേണ്ട നിയമാംഗീകാരത്തിനുള്ള ഒരു പ്രമേയത്തിന്റെ നക്കൽ രൂപം പരിഗണിക്കുകയുണ്ടായി. ടവറിന്റെ അധികാരിയുടെ എതിർപ്പ്‌ അവഗണിച്ചുകൊണ്ട്‌ പാർലമെന്റ്‌ ബ്രിഡ്‌ജ്‌ പണിയാനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോയി, ഇത്‌ ലണ്ടൻ ടവറിന്റെ രൂപമാതൃകയോടു സമാനമായിരിക്കണമെന്ന വ്യവസ്ഥയോടെ. ഔദ്യോഗികമായി സമർപ്പിച്ച പ്രസ്‌തുത പ്രമേയത്തിന്റെ ഫലമാണ്‌ ഇന്നുകാണുന്ന ടവർ ബ്രിഡ്‌ജ്‌.

18, 19 നൂറ്റാണ്ടുകളിൽ, തെംസ്‌നദിക്കു കുറുകെ നിരവധി ബ്രിഡ്‌ജുകൾ ഉയരുകയുണ്ടായി. അവയിൽ ഏറ്റവും പ്രശസ്‌തം പഴയ ലണ്ടൻ ബ്രിഡ്‌ജായിരുന്നു. 1750 ആയപ്പോഴേക്കും നദിയുടെ ഇരുകരകളെയും പുണർന്നുനിന്നിരുന്ന പാലത്തിനു ബലക്ഷയം സംഭവിക്കുകയും ഗതാഗതക്കുരുക്ക്‌ ഒരു സ്ഥിരംകാഴ്‌ചയായി മാറുകയും ചെയ്‌തു. തിരക്കേറിയ തുറമുഖത്ത്‌ അടുപ്പിക്കാനായി ലോകമെമ്പാടുനിന്നും എത്തിയിട്ടുള്ള കപ്പലുകളുടെ തിരക്കായിരുന്നു താഴെ. നങ്കൂരമിട്ടിരുന്ന കപ്പലുകളുടെ ആധിക്യം നിമിത്തം, ചേർന്നുകിടക്കുന്ന കപ്പലുകളുടെ തട്ടിലൂടെ ഒരുവനു കിലോമീറ്ററുകളോളം നടക്കാനാകുമെന്ന്‌ പറയപ്പെട്ടിരുന്നു.

ലണ്ടൻ കോർപ്പറേഷൻ ആവശ്യപ്പെട്ടതനുസരിച്ച്‌ ആർക്കിടെക്‌റ്റായിരുന്ന ഹൊറേസ്‌ ജോൺസ്‌, ലണ്ടൻ ബ്രിഡ്‌ജിൽനിന്ന്‌ താഴേക്കു മാറി, ഗോഥിക്‌ ശൈലിയിലുള്ള, ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യാവുന്ന ഒരു പാലം പണിയുക എന്ന ആശയം മുന്നോട്ടുവെച്ചു. ഇത്തരമൊരു പാലം നിർമിച്ചാൽ തെംസിലൂടെ പടിഞ്ഞാറ്‌ തുറമുഖത്തേക്കു നീങ്ങുന്ന കപ്പലുകൾക്ക്‌ സുഗമമായി കടന്നുപോകാമായിരുന്നു. പലരും ഒരു നൂതന സവിശേഷതയെന്നു വിശേഷിപ്പിക്കുന്ന ഒരു രൂപകൽപ്പനയായിരുന്നു ഇത്‌.

അതുല്യമായ ഒരു രൂപകൽപ്പന

ലോകത്ത്‌ അങ്ങോളമിങ്ങോളം യാത്രചെയ്‌തിട്ടുള്ള ജോൺസ്‌, നെതർലൻഡ്‌സിലെ കനാലുകൾക്കു കുറുകെയുണ്ടായിരുന്ന ചെറിയ യന്ത്രബ്രിഡ്‌ജുകൾ കണ്ടിരുന്നു. അത്‌ ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യാനുള്ള സംവിധാനത്തോടു കൂടിയ ബാസ്‌ക്യൂൾ ബ്രിഡ്‌ജ്‌ എന്നൊരു ആശയം അദ്ദേഹത്തിന്റെ മനസ്സിൽ പൊട്ടിമുളയ്‌ക്കുന്നതിന്‌ ഇടയാക്കി. നവീന നിർമാണരീതിപ്രകാരം രൂപകൽപ്പന ചെയ്‌ത, സ്റ്റീൽ ചട്ടക്കൂടിന്മേൽ ഇഷ്ടികയും കോൺക്രീറ്റും ഒക്കെ ഇട്ടു നിർമിച്ച ടവർ ബ്രിഡ്‌ജിന്റെ പ്രസിദ്ധമായ ആകൃതി അദ്ദേഹത്തിന്റെയും കൂട്ടാളികളുടെയും തലയിൽ ഉദിച്ചതാണ്‌.

ടവർ ബ്രിഡ്‌ജിന്‌ മുഖ്യമായും രണ്ടു ടവറുകൾ ഉണ്ട്‌. അവ രണ്ടു നടപ്പാതകളാൽ പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്നു. അവ ഗതാഗതമാർഗത്തിൽനിന്ന്‌ 34 മീറ്റർ ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. നദിയുടെ ശരാശരി ജലനിരപ്പിൽനിന്നാകട്ടെ ഏകദേശം 42 മീറ്റർ ഉയരത്തിലും. ഗതാഗതത്തിനായി ഉപയോഗിക്കുന്ന ബ്രിഡ്‌ജിന്റെ മധ്യഭാഗം രണ്ടായി പിളർന്ന്‌ ആ ഇരുഭാഗങ്ങളും മുകളിലേക്ക്‌ ഉയർത്താവുന്ന വിധത്തിലുള്ളവയാണ്‌. അവയെ ബാസ്‌ക്യൂൾ എന്നാണു വിളിക്കുന്നത്‌. ഭീമാകാരങ്ങളായ ഈ ബാസ്‌ക്യൂളുകൾക്ക്‌ ഓരോന്നിനും ഏകദേശം 1,200 ടൺ ഭാരമുണ്ട്‌. അവ ഓരോന്നും മേൽപ്പോട്ട്‌ 86 ഡിഗ്രി കോണിൽ ഉയർത്തുകയും ചെയ്യാം. അതിനടിയിലൂടെ 10,000 ടൺവരെ ഭാരമുള്ള കപ്പലുകൾക്ക്‌ കടന്നുപോകാനാകും.

ബാസ്‌ക്യൂളുകളുടെ ഊർജസ്രോതസ്സ്‌

ബാസ്‌ക്യൂളുകൾ ഉയർത്തുന്നതിനും ഗതാഗത മാർഗത്തിൽനിന്നും നടപ്പാതയിലേക്ക്‌ ആളുകളെ എത്തിക്കുന്നതിനുള്ള ലിഫ്‌റ്റ്‌ പ്രവർത്തിപ്പിക്കുന്നതിനും ഗതാഗതനിയന്ത്രണത്തിനുള്ള സിഗ്നലുകൾ പ്രവർത്തിപ്പിക്കുന്നതിനുപോലും ഹൈഡ്രോളിക്‌ സംവിധാനമാണ്‌ ഉപയോഗിച്ചിരുന്നത്‌. ഈ ബ്രിഡ്‌ജിന്റെ പ്രവർത്തനം ജലം ഉപയോഗിച്ചായിരുന്നു! ഊർജം സുലഭമായിരുന്നു, ആവശ്യമായിരുന്നതിന്റെ ഇരട്ടി.

ബ്രിഡ്‌ജിന്റെ തെക്കേ അറ്റത്ത്‌ അടിയിലായി കൽക്കരി ഉപയോഗിച്ചുള്ള നാലു ബോയ്‌ലറുകൾ സ്ഥാപിച്ചിരുന്നു. അവ രണ്ടു വലിയ പമ്പുകൾ പ്രവർത്തിപ്പിക്കുന്നതിനുവേണ്ട നീരാവി ഉത്‌പാദിപ്പിച്ചിരുന്നു, ചതുരശ്ര സെന്റിമീറ്ററിന്‌ അഞ്ചുമുതൽ ആറുവരെ കിലോഗ്രാം എന്ന നിരക്കിൽ മർദം ചെലുത്താനാവശ്യമായത്ര നീരാവി. ആ പമ്പുകൾ അങ്ങനെ ചതുരശ്ര സെന്റിമീറ്ററിന്‌ 60 കിലോഗ്രാം എന്ന നിരക്കിൽ മർദം ചെലുത്താൻ ആവശ്യമായത്ര ജലം എത്തിച്ചു. ബാസ്‌ക്യൂളുകളെ ഉയർത്താൻ ആവശ്യമായ ഊർജം തുടർച്ചയായി ലഭ്യമാക്കുന്നതിന്‌ ആറു സംഭരണികളിലായി ഉന്നത മർദത്തിൽ ജലം ശേഖരിച്ചു വെച്ചിരുന്നു. ഇത്‌ ബാസ്‌ക്യൂളുകളെ പ്രവർത്തിപ്പിച്ചിരുന്ന എട്ട്‌ എഞ്ചിനുകൾക്കുള്ള ഊർജം പ്രദാനം ചെയ്‌തു. എഞ്ചിൻ പ്രവർത്തനക്ഷമമാക്കുമ്പോൾ ബാസ്‌ക്യൂളുകൾ ഉയരുമായിരുന്നു. ഈ ബാസ്‌ക്യൂളുകൾ ബന്ധിച്ചിരുന്നത്‌ 50 സെന്റിമീറ്റർ വ്യാസമുള്ള തിരിയുന്ന താങ്ങുകളിലാണ്‌. അവ പൂർണമായി ഉയരാൻ വെറും ഒരു മിനിട്ടു മതി.

ആധുനിക ടവർ ബ്രിഡ്‌ജ്‌—⁠ഒരു സന്ദർശനം

ഇപ്പോൾ, നീരാവിയുടെ സ്ഥാനം വൈദ്യുതി കൈയടക്കിയിരിക്കുന്നു. എന്നാൽ പണ്ടത്തേതുപോലെതന്നെ ടവർ ബ്രിഡ്‌ജ്‌ തുറക്കുമ്പോൾ വാഹന ഗതാഗതം പൂർണമായും നിലയ്‌ക്കാറുണ്ട്‌. കാൽനടയാത്രക്കാരും വിനോദസഞ്ചാരികളും മറ്റു സന്ദർശകരും ഈ ബ്രിഡ്‌ജിന്റെ പ്രവർത്തനം കണ്ട്‌ അത്ഭുതംകൂറുന്നത്‌ അസാധാരണമല്ല.

ഒരു മുന്നറിയിപ്പിൻ മണി മുഴങ്ങുന്നു, വാഹന ഗതാഗതത്തിനുള്ള വഴി മെല്ലെ അടയുന്നു, ബ്രിഡ്‌ജിലുള്ള അവസാന വാഹനവും ബാസ്‌ക്യൂളിൽനിന്ന്‌ പുറത്തിറങ്ങുന്നു, ബ്രിഡ്‌ജിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നവർ ബ്രിഡ്‌ജിൽ വാഹനങ്ങളൊന്നുമില്ല എന്ന സൂചന നൽകുന്നു. ബാസ്‌ക്യൂളുകളെ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന നാലു ബോൾട്ടുകൾ ശബ്ദമുണ്ടാക്കാതെ തുറന്നുവരികയും ബാസ്‌ക്യൂളുകൾ മുകളിലേക്ക്‌ ഉയരുകയും ചെയ്യുന്നു. അതോടെ ആളുകളുടെ ശ്രദ്ധ മുഴുവൻ നദിയിലേക്കാകുന്നു. കപ്പലുകൾ വലിച്ചുനീക്കാൻ ഉപയോഗിക്കുന്ന ടഗ്‌ബോട്ടോ, ഒരു ഉല്ലാസബോട്ടോ, ഒരു യാത്രക്കപ്പലോ എന്തുതന്നെയായാലും എല്ലാ കണ്ണുകളും അവയിൽ പതിക്കുന്നു. നിമിഷങ്ങൾക്കകം സിഗ്നൽ മാറുന്നു. ബാസ്‌ക്യൂളുകൾ താഴുന്നു, ഗതാഗതമാർഗം തുറക്കുന്നു. സൈക്കിൾ യാത്രക്കാർ മറ്റുള്ള വാഹനങ്ങളെ പിന്നിലാക്കി ആദ്യം പോകാൻ തിടുക്കം കൂട്ടുന്നു. സെക്കൻഡുകൾക്കുള്ളിൽ ടവർ ബ്രിഡ്‌ജ്‌ പൂർവസ്ഥിതിയിലാകുന്നു, തുറക്കുന്നതിനുള്ള അടുത്ത ഊഴത്തിനായി കാതോർത്തുകൊണ്ട്‌.

ബ്രിഡ്‌ജിന്റെ പ്രവർത്തനത്തിൽ ശരിക്കും താത്‌പര്യമുള്ള ഒരു സന്ദർശകൻ കൂടെക്കൂടെ ആവർത്തിക്കപ്പെടുന്ന ഈ സംഭവപരമ്പരകൾ മാത്രം കണ്ട്‌ തൃപ്‌തിപ്പെടാറില്ല. ആ ബ്രിഡ്‌ജിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയുന്നതിനായി അദ്ദേഹം മറ്റുള്ളവരോടൊപ്പം വടക്കേ ടവറിലുള്ള ലിഫ്‌റ്റ്‌ വഴി മുകളിലെത്തുന്നു. അവിടെ ടവർ ബ്രിഡ്‌ജിന്റെ പ്രവർത്തനവിധം വിശദാംശങ്ങൾ സഹിതം പ്രദർശിപ്പിക്കുന്ന “ടവർ ബ്രിഡ്‌ജ്‌ അനുഭവങ്ങൾ” എന്ന എക്‌സിബിഷൻ ഉണ്ട്‌. എഞ്ചിനിയറിങ്‌ നേട്ടങ്ങളും പകിട്ടാർന്ന ഉദ്‌ഘാടന ചടങ്ങുകളും കാൻവാസുകളിലും പൊട്ടുപൊട്ടായി കാണപ്പെടുന്ന (grainy) തവിട്ടുനിറത്തിലുള്ള ഫോട്ടോകളിലും ചിത്രീകരിച്ചിരിക്കുന്നു. പ്രദർശന ബോർഡുകൾ ടവർ ബ്രിഡ്‌ജിന്റെ അത്ഭുതകരമായ രൂപമാതൃക വെളിപ്പെടുത്തുന്നു.

ഉയരത്തിലുള്ള നടപ്പാതയിൽ നിൽക്കുന്ന ഒരു സന്ദർശകന്‌ ലണ്ടൻനഗരത്തിന്റെ ചക്രവാളത്തിലെ വശ്യമനോഹര ദൃശ്യങ്ങൾ കാണാനാകുന്നു. പടിഞ്ഞാറു ഭാഗത്തായി സെന്റ്‌ പോൾസ്‌ കത്തീഡ്രലും ആ പ്രദേശത്തെ ബാങ്കു കെട്ടിടങ്ങളും കുറച്ച്‌ അകലെയായി പോസ്റ്റ്‌ ഓഫീസ്‌ ടവറും കാണാവുന്നതാണ്‌. കിഴക്കുവശത്ത്‌ ഉണ്ടായിരുന്ന തുറമുഖം ഇപ്പോൾ ആധുനിക നഗരത്തിൽനിന്നും കുറച്ചുകൂടി താഴ്‌ഭാഗത്തേക്കു മാറ്റിയിരിക്കുന്നതിനാൽ അതു പ്രതീക്ഷിച്ച്‌ എത്തുന്ന സന്ദർശകന്‌ നടപ്പാതയിൽനിന്നു നോക്കിയാൽ അതു കാണാനാവില്ല. എന്നാൽ അതിനുപകരം ആ പുരാതന തുറമുഖപ്രദേശം ഇന്ന്‌ നൂതന രൂപമാതൃകയിലുള്ള അംബരചുംബികളാൽ ശ്രദ്ധേയമാണ്‌. അതിഗംഭീരം, വശ്യമനോഹരം, ഉദ്വേഗജനകം, പ്രസ്‌തുത വർണനകളെല്ലാം ഈ വിഖ്യാത നിർമിതിയിൽനിന്നു നോക്കുമ്പോൾ കിട്ടുന്ന ദൃശ്യത്തിന്‌ ഉപയോഗിച്ചാലും ഒട്ടും അധികമാവില്ല.

നിങ്ങൾ എന്നെങ്കിലും ലണ്ടൻ സന്ദർശിക്കുന്നെങ്കിൽ ചരിത്രപ്രാധാന്യമുള്ള ഈ നിർമിതി ഒന്നടുത്തു വീക്ഷിക്കാൻ ശ്രമിക്കരുതോ? ആ സന്ദർശനം എഞ്ചിനിയറിങ്‌ രംഗത്തെ ശ്രദ്ധേയമായ ഒരു നേട്ടത്തെക്കുറിച്ചുള്ള മായാത്ത മുദ്ര നിങ്ങളുടെ മനസ്സിൽ പതിയാൻ ഇടയാക്കും.

[16-ാം പേജിലെ ചിത്രം]

ഒരുകാലത്ത്‌ എഞ്ചിനുകളെ പ്രവർത്തിപ്പിച്ചിരുന്ന രണ്ടു നീരാവി-നിയന്ത്രിത പമ്പുകളിൽ ഒന്ന്‌

[കടപ്പാട്‌]

Copyright Tower Bridge Exhibition

[16, 17 പേജുകളിലെ ചിത്രം]

ബ്രിഡ്‌ജിന്റെ രണ്ട്‌ ബാസ്‌ക്യൂളുകൾ പൂർണമായും ഉയരാൻ വെറും ഒരു മിനിട്ടു മതി

[കടപ്പാട്‌]

©Alan Copson/Agency Jon Arnold Images/age fotostock

[15-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© Brian Lawrence/SuperStock