വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ടെക്‌നോളജി എങ്ങനെയാണ്‌ ദോഷം ചെയ്യുന്നത്‌ . . . നിങ്ങളുടെ വിവാഹജീവിതത്തിൽ?

ടെക്‌നോളജി എങ്ങനെയാണ്‌ ദോഷം ചെയ്യുന്നത്‌ . . . നിങ്ങളുടെ വിവാഹജീവിതത്തിൽ?

നല്ല വിധത്തിൽ ഉപയോ​ഗി​ക്കു​ക​യാ​ണെ​ങ്കിൽ ടെക്‌നോ​ളജി വിവാ​ഹ​ജീ​വി​ത​ത്തിൽ വലി​യൊ​രു സഹായ​മാണ്‌, അവർക്കി​ട​യി​ലുള്ള ബന്ധം ശക്തമാ​ക്കാൻ അതിനു കഴിയും. ഉദാഹ​ര​ണ​ത്തിന്‌, ഒരുമി​ച്ച​ല്ലാ​ത്ത​പ്പോൾ പരസ്‌പരം സംസാ​രി​ക്കാൻ ടെക്‌നോ​ളജി പ്രയോ​ജ​ന​പ്പെ​ടു​ത്താം.

എന്നാൽ ചില ദമ്പതികൾ ടെക്‌നോ​ള​ജി​യെ ദുരു​പ​യോ​ഗം ചെയ്യുന്നു. അങ്ങനെ  . . .

  • അവർക്ക്‌ ഒരുമിച്ച്‌ സമയം ചെലവ​ഴി​ക്കാ​നാ​കു​ന്നില്ല.

  • ജോലി ജോലി​സ്ഥ​ലത്ത്‌ നിറു​ത്താൻ സാധി​ക്കാ​തെ വരുന്നു.

  • പരസ്‌പ​ര​മുള്ള വിശ്വാ​സ​വും വിശ്വ​സ്‌ത​ത​യും നഷ്ടപ്പെ​ടു​ന്നു.

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

ഒരുമി​ച്ചുള്ള സമയം

വിവാ​ഹി​ത​നായ മൈക്കിൾ പറയുന്നു: “ചില​പ്പോ​ഴൊ​ക്കെ ഞാനും ഭാര്യ​യും ഒരുമി​ച്ചാണ്‌ ഇരിക്കു​ന്ന​തെ​ങ്കി​ലും അവൾ ഇവി​ടെ​യൊ​ന്നും ആയിരി​ക്കില്ല. എപ്പോ​ഴും ഫോണിൽത്ത​ന്നെ​യാ​യി​രി​ക്കും. എന്നിട്ട്‌ ഇങ്ങനെ​കൂ​ടെ പറയും: ‘ഇപ്പോഴാ ഫോ​ണൊ​ന്നെ​ടു​ത്തത്‌.’” ജോനാ​ഥാൻ എന്നു പേരുള്ള ഒരു ഭർത്താവ്‌ പറയു​ന്നത്‌, അത്തരം അവസര​ങ്ങ​ളിൽ “ഇണകൾ ഒരുമി​ച്ചാ​ണെ​ങ്കി​ലും അവരുടെ മനസ്സ്‌ രണ്ടു ലോക​ത്താ​യി​രി​ക്കും” എന്നാണ്‌.

ചിന്തി​ക്കാ​നാ​യി: ഇണയോ​ടൊ​പ്പ​മാ​യി​രി​ക്കുന്ന സമയത്ത്‌ നിങ്ങൾക്ക്‌ എത്ര കൂടെ​ക്കൂ​ടെ മറ്റു മെസ്സേ​ജു​ക​ളും ഫോൺകോ​ളു​ക​ളും വരാറുണ്ട്‌? അത്‌ നിങ്ങളു​ടെ സംസാ​ര​ത്തിന്‌ ഒരു ശല്യമാ​കാ​റു​ണ്ടോ?—എഫെസ്യർ 5:33.

ജോലി

ചിലർക്ക്‌ ജോലി​സ്ഥ​ലത്തെ കോളു​കൾ ഏതു സമയത്തും എടു​ക്കേ​ണ്ടി​വ​രും. അവരുടെ ജോലി​യു​ടെ സ്വഭാവം അങ്ങനെ​യാ​യി​രി​ക്കാം. എന്നാൽ, ജോലി​സ​മയം കഴിഞ്ഞും അത്യാ​വ​ശ്യ​മി​ല്ലാത്ത ജോലി ചെയ്യു​ന്ന​വ​രു​മുണ്ട്‌. “ഭാര്യ​യോ​ടൊ​പ്പ​മാ​യി​രി​ക്കാൻ വെച്ചി​രി​ക്കുന്ന സമയത്ത്‌ ജോലി​സ്ഥ​ല​ത്തു​നിന്ന്‌ വരുന്ന കോളു​ക​ളും മെസ്സേ​ജു​ക​ളും നോക്കാ​തി​രി​ക്കുക അത്ര എളുപ്പമല്ല” എന്ന്‌ ലീ എന്ന ഭർത്താവ്‌ പറയുന്നു. ജോയ്‌ എന്ന ഒരു ഭാര്യ പറയുന്നു: “ഞാൻ വീട്ടി​ലി​രു​ന്നാണ്‌ ജോലി ചെയ്യു​ന്നത്‌, എത്ര​നേരം വേണ​മെ​ങ്കി​ലും ചെയ്യാം. അതു​കൊണ്ട്‌ ജോലി​യെ അതിന്റെ സ്ഥാനത്ത്‌ നിറു​ത്താൻ നല്ല ശ്രമം​തന്നെ വേണം.”

ചിന്തി​ക്കാ​നാ​യി: നിങ്ങളു​ടെ ഇണ സംസാ​രി​ക്കു​മ്പോൾ നിങ്ങൾ അത്‌ ശ്രദ്ധി​ച്ചു​കേൾക്കു​ന്നു​ണ്ടോ?—ലൂക്കോസ്‌ 8:18.

വിശ്വ​സ്‌തത

പല വിവാ​ഹ​പ്ര​ശ്‌ന​ങ്ങ​ളു​ടെ​യും കാരണം ഒളിഞ്ഞും​മ​റ​ഞ്ഞും ഉള്ള സോഷ്യൽമീ​ഡി​യ​യു​ടെ ഉപയോ​ഗ​മാ​ണെന്ന്‌ ഒരു സർവേ​യിൽ കണ്ടെത്തി. ഇണ അറിയാ​തെ പലതും ഓൺ​ലൈ​നിൽ പോസ്റ്റ്‌ ചെയ്യു​ന്നു​ണ്ടെന്ന്‌ ആ സർവേ​യിൽ പങ്കെടുത്ത പത്തു ശതമാനം ആളുക​ളും സമ്മതിച്ചു.

സോഷ്യൽമീ​ഡി​യ​യു​ടെ ദുരു​പ​യോ​ഗം വിവാ​ഹ​ജീ​വി​ത​ത്തിൽ ദുരന്തം വിത​ച്ചേ​ക്കാ​മെന്ന്‌ പലരും വിശ്വ​സി​ക്കു​ന്നു. ഒരുപക്ഷേ അത്‌ വ്യഭി​ചാ​ര​ത്തി​ലേ​ക്കു​വരെ കൊ​ണ്ടെ​ത്തി​ച്ചേ​ക്കാം. പല വിവാ​ഹ​മോ​ച​ന​ങ്ങ​ളു​ടെ​യും പിന്നിൽ സോഷ്യൽമീ​ഡി​യ​യാ​ണെന്ന്‌ അഭിഭാ​ഷകർ പറയു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല.

ചിന്തി​ക്കാ​നാ​യി: എതിർലിം​ഗ​വർഗ​ത്തിൽപ്പെട്ട ഒരാളു​മാ​യുള്ള സംഭാ​ഷണം നിങ്ങൾ ഇണയിൽനിന്ന്‌ മറച്ചു​വെ​ക്കു​ന്നു​ണ്ടോ?—സുഭാ​ഷി​തങ്ങൾ 4:23.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

മുൻഗ​ണ​നകൾ വെക്കുക

ഭക്ഷണം കഴിക്കാൻ മടി കാണി​ക്കുന്ന ഒരാൾക്ക്‌ നല്ല ആരോ​ഗ്യം ഉണ്ടായി​രി​ക്കില്ല. അതു​പോ​ലെ വിവാ​ഹ​യി​ണ​യോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ന്ന​തിൽ വീഴ്‌ച​വ​രു​ത്തി​യാൽ ആരോ​ഗ്യ​ക​ര​മായ വിവാ​ഹ​ജീ​വി​ത​വും ഉണ്ടായി​രി​ക്ക​ണ​മെ​ന്നില്ല. —എഫെസ്യർ 5:28, 29.

ബൈബിൾത​ത്ത്വം: ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു​വ​രു​ത്തുക.’—ഫിലി​പ്പി​യർ 1:10.

വിവാ​ഹ​ജീ​വി​ത​ത്തിൽ ടെക്‌നോ​ളജി ഒരു തടസ്സമാ​കാ​തി​രി​ക്കാൻ താഴെ​പ്പ​റ​യു​ന്ന​വ​യിൽ നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌ ടിക്‌ ചെയ്യുക. മറ്റെ​ന്തെ​ങ്കി​ലും ഐഡിയ ഉണ്ടെങ്കിൽ അതും എഴുതാം.

  • ദിവസം ഒരു നേര​മെ​ങ്കി​ലും ഒന്നിച്ചി​രുന്ന്‌ ഭക്ഷണം കഴിക്കുക

  • ഇല​ക്ട്രോ​ണിക്‌ ഉപകര​ണങ്ങൾ ഒന്നുമി​ല്ലാ​തെ ഒരു നിശ്ചി​ത​സ​മയം മാറ്റി​വെ​ക്കു​ക

  • നിങ്ങൾക്ക്‌ മാത്ര​മാ​യി ആസ്വദി​ക്കാൻ കുറച്ച്‌ സമയം പ്ലാൻ ചെയ്യുക

  • രാത്രി​യിൽ കിടക്കു​മ്പോൾ നിങ്ങളു​ടെ മൊ​ബൈ​ലും മറ്റും മാറ്റി​വെ​ക്കു​ക

  • മൊ​ബൈ​ലി​ന്റെ​യും മറ്റും ശല്യമി​ല്ലാ​തെ പരസ്‌പരം സംസാ​രി​ക്കാ​നാ​യി ദിവസം പതിനഞ്ചു മിനി​റ്റെ​ങ്കി​ലും നീക്കി​വെ​ക്കു​ക

  • എല്ലാ ദിവസ​വും ഇന്റർനെറ്റ്‌ ഓഫാ​ക്കാൻ ഒരു സമയം നിശ്ചയി​ക്കു​ക