വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | വിവാ​ഹ​ജീ​വി​തം

മൊ​ബൈ​ലി​നെ​യും ടാബി​നെ​യും എങ്ങനെ ചൊൽപ്പ​ടി​യിൽ നിറുത്താം?

 വിവാ​ഹ​ജീ​വി​തത്തെ ശക്തമാ​ക്കാ​നോ തകർക്കാ​നോ സാങ്കേ​തി​ക​വി​ദ്യ​യ്‌ക്ക്‌ ആകും. നിങ്ങളു​ടെ വിവാ​ഹ​ജീ​വി​ത​ത്തി​ലെ ഒരു വില്ലനാ​ണോ മൊ​ബൈ​ലും ടാബും?

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

  •   സാങ്കേ​തി​ക​വി​ദ്യ ബുദ്ധി​പൂർവ്വം ഉപയോ​ഗി​ച്ചാൽ അത്‌ വിവാ​ഹ​ജീ​വി​ത​ത്തിന്‌ ഒരുപാട്‌ ഗുണം ചെയ്യും. ഉദാഹ​ര​ണ​ത്തിന്‌, ചില ഭാര്യാ​ഭർത്താ​ക്ക​ന്മാർക്ക്‌, ദിവസ​ത്തിൽ ഒരുമി​ച്ച​ല്ലാത്ത സമയത്ത്‌ പരസ്‌പരം ആശയവി​നി​മയം നടത്താൻ ഇതൊരു സഹായ​മാണ്‌.

     “ഭാര്യ എനിക്ക്‌, ‘ഐ ലവ്‌ യൂ’ എന്നോ ‘മിസ്‌ യു ഡിയർ’ എന്നോ ഒക്കെയുള്ള മെസേജ്‌ അയയ്‌ക്കു​മ്പോൾ അവളോ​ടു എനിക്ക്‌ വല്ലാത്ത സ്‌നേഹം തോന്നും.”—ജോനാ​ഥാൻ.

  •   സാങ്കേ​തി​ക​വി​ദ്യ ബുദ്ധി​ശൂ​ന്യ​മാ​യി ഉപയോ​ഗി​ച്ചാൽ അത്‌ വിവാ​ഹ​ജീ​വി​ത​ത്തിന്‌ ഒരുപാട്‌ ദോഷം ചെയ്യും. ഉദാഹ​ര​ണ​ത്തിന്‌, ചിലർ എപ്പോൾ നോക്കി​യാ​ലും ഫോണോ ടാബോ നോക്കി​ക്കൊ​ണ്ടി​രി​ക്കും. ഇണയ്‌ക്കു കൊടു​ക്കേണ്ട സമയവും ശ്രദ്ധയും ഒക്കെയാണ്‌ അതു കവരു​ന്നത്‌.

     “പലപ്പോ​ഴും ചേട്ടൻ എന്നോടു സംസാ​രി​ച്ചേനെ. പക്ഷേ അപ്പോ​ഴൊ​ക്കെ ഞാൻ ഫോൺ നോക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.”—ജുലിസ്സ.

  •   ഇണയോ​ടു നന്നായി സംസാ​രി​ക്കു​ന്ന​തി​നി​ട​യ്‌ക്കു​തന്നെ ഫോണോ ടാബോ ഉപയോ​ഗി​ക്കാൻ ഒരു ബുദ്ധി​മു​ട്ടും ഇല്ല എന്നാണു ചിലരു​ടെ അഭി​പ്രാ​യം. സാമൂ​ഹ്യ​ശാ​സ്‌ത്ര​ജ്ഞ​യായ ഷെറി ടെർക്കിൾ പറയു​ന്നത്‌: “ഒരേ സമയം പല കാര്യങ്ങൾ നന്നായി ചെയ്യാൻ പറ്റും എന്നു പറയു​ന്നത്‌ വെറു​തെ​യാണ്‌.” അങ്ങനെ പല കാര്യങ്ങൾ ഒരുമിച്ച്‌ ചെയ്യാൻ പറ്റുന്നതു നല്ലതല്ലേ എന്നാണു പലരും ചിന്തി​ക്കു​ന്നത്‌. പക്ഷേ അങ്ങനെയല്ല. ഷെറി പറയുന്നു: “ഒരേ സമയം നമ്മൾ പല കാര്യങ്ങൾ ചെയ്‌താൽ, ചെയ്യു​ന്ന​തൊ​ന്നും വൃത്തി​യാ​കില്ല.” *

     “ചേട്ട​നോ​ടു സംസാ​രി​ച്ചി​രി​ക്കാൻ എനിക്കു വലിയ ഇഷ്ടമാണ്‌. പക്ഷേ ആ സമയത്തു ചേട്ടൻ വേറെ​യൊ​ന്നും ചെയ്യാൻ പാടില്ല. അങ്ങനെ എന്തെങ്കി​ലും ചെയ്‌തു​കൊ​ണ്ടി​രു​ന്നാൽ എനിക്കു തോന്നു​ന്നത്‌ എന്നെ ഒട്ടും ശ്രദ്ധി​ക്കു​ന്നില്ല എന്നാണ്‌.”—സാറ.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: സാങ്കേ​തി​ക​വി​ദ്യ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു എന്നതു നിങ്ങളു​ടെ വിവാ​ഹ​ജീ​വി​തത്തെ നല്ല രീതി​യി​ലോ മോശം രീതി​യി​ലോ സ്വാധീ​നി​ച്ചേ​ക്കാം.

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

 മുൻഗ​ണ​ന​കൾ വെക്കുക. “കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു​വ​രു​ത്താൻ” ബൈബിൾ പറയുന്നു. (ഫിലി​പ്പി​യർ 1:10) സ്വയം ഇങ്ങനെ ചോദി​ക്കുക: ‘ഞങ്ങൾ ഒരുമിച്ച്‌ ചെലവ​ഴി​ക്കേണ്ട സമയമാ​ണോ മൊ​ബൈ​ലും ടാബും നോക്കി കളയു​ന്നത്‌?’

 “ഹോട്ട​ലി​ലി​രി​ക്കു​മ്പോൾ ഭാര്യ​യും ഭർത്താ​വും ഫോൺ നോക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നതു കാണു​മ്പോൾ സങ്കടം​ തോ​ന്നും. സാങ്കേ​തി​ക​വി​ദ്യ​യു​ടെ അടിമ​യാ​യി ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യങ്ങൾ മറന്നു​ക​ള​യ​രുത്‌, അതായതു ഭാര്യാ​ഭർത്താ​ക്ക​ന്മാർ തമ്മിലുള്ള ബന്ധം.”—മാത്യു.

 പരിധി​കൾ വെക്കുക: ബൈബിൾ പറയുന്നു: “നിങ്ങൾ എങ്ങനെ ജീവി​ക്കു​ന്നെന്നു പ്രത്യേ​കം ശ്രദ്ധി​ക്കുക; ബുദ്ധി​ഹീ​ന​രാ​യല്ല, ബുദ്ധി​യോ​ടെ നടന്ന്‌ സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കുക.” (എഫെസ്യർ 5:15, 16) സ്വയം ഇങ്ങനെ ചോദി​ക്കുക: ‘കിട്ടുന്ന എല്ലാ മെസേ​ജു​കൾക്കും അപ്പോൾത്തന്നെ മറുപടി കൊടു​ക്ക​ണോ? അത്യാ​വ​ശ്യ​മി​ല്ലാ​ത്തവ പിന്നീട്‌ നോക്കി​യാൽ മതിയോ?’

 “ഫോൺ സൈലന്റ്‌ ആക്കുന്ന​തും മെസേ​ജു​കൾക്കു പിന്നീട്‌ മറുപടി കൊടു​ക്കു​ന്ന​തും നല്ലതാ​ണെന്നു ഞാൻ മനസ്സി​ലാ​ക്കി. പെട്ടെന്ന്‌ മറുപടി കൊടു​ക്കേണ്ട കോളു​ക​ളും മെസേ​ജു​ക​ളും ഇ-മെയി​ലും ഒക്കെ വളരെ ചുരു​ക്ക​മാണ്‌.”—ജോനാ​ഥാൻ.

 ജോലി​കാ​ര്യ​ങ്ങൾ ജോലി​സ്ഥ​ലത്ത്‌ മതി. ബൈബിൾ പറയുന്നു: “എല്ലാത്തി​നും ഒരു നിയമി​ത​സ​മ​യ​മുണ്ട്‌.” (സഭാ​പ്ര​സം​ഗകൻ 3:1) സ്വയം ഈ ചോദ്യ​ങ്ങൾ ചോദി​ക്കുക: ‘വീട്ടി​ലാ​യി​രി​ക്കു​മ്പോൾ ജോലി​കാ​ര്യ​ങ്ങൾ ചെയ്യു​ന്ന​തി​നു​വേണ്ടി ഫോൺ ഉപയോ​ഗി​ക്കു​ന്നത്‌ എന്റെ കുടും​ബ​ജീ​വി​തത്തെ ഏതെങ്കി​ലും വിധത്തിൽ ബാധി​ക്കു​ന്നു​ണ്ടോ? ഇതെക്കു​റിച്ച്‌ ചോദി​ച്ചാൽ എന്റെ ഇണ എന്നോട്‌ എന്തു പറയും?’

 “സാങ്കേ​തി​ക​വി​ദ്യ​യു​ടെ വളർച്ച കാരണം എപ്പോ​ഴും എവി​ടെ​യും ജോലി ചെയ്യാ​നാ​കും. ഞാനും ഭാര്യ​യും ഒരുമി​ച്ചാ​യി​രി​ക്കു​മ്പോൾ എപ്പോ​ഴും ഫോൺ നോക്കി​ക്കൊ​ണ്ടി​രി​ക്കുന്ന രീതി​യും ജോലി സംബന്ധ​മായ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന സ്വഭാ​വ​വും മാറ്റാൻ എനിക്കു നല്ല ശ്രമം വേണ്ടി​വന്നു.”—മാത്യു.

 സാങ്കേ​തി​ക​വി​ദ്യ​യു​ടെ ഉപയോ​ഗ​ത്തെ​ക്കു​റിച്ച്‌ ഇണയു​മാ​യി ചർച്ച ചെയ്യുക. “തനിക്ക്‌ എന്തു നേട്ടമു​ണ്ടെന്നല്ല, മറ്റുള്ള​വർക്ക്‌ എന്തു നേട്ടമു​ണ്ടാ​കു​മെ​ന്നാണ്‌ ഓരോ​രു​ത്ത​രും നോ​ക്കേ​ണ്ടത്‌”എന്നു ബൈബിൾ പറയുന്നു. (1 കൊരി​ന്ത്യർ 10:24) ഇരുവ​രും എങ്ങനെ​യാ​ണു സാങ്കേ​തി​ക​വി​ദ്യ ഉപയോ​ഗി​ക്കു​ന്നത്‌ എന്നും അതിൽ എന്തെങ്കി​ലും മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടോ എന്നും സംസാ​രി​ക്കുക. അതിനാ​യി ഈ ലേഖന​ത്തിൽ കൊടു​ത്തി​രി​ക്കുന്ന നിങ്ങൾക്കു ചർച്ച ചെയ്യാ​വു​ന്നത്‌ എന്ന ഭാഗം ഉപയോ​ഗി​ക്കാം.

 “ഞാനോ ഭർത്താ​വോ കുറച്ച​ധി​കം സമയം ഫോണോ ടാബോ ഉപയോ​ഗി​ക്കു​ന്ന​താ​യി കണ്ടാൽ ഞങ്ങൾ അത്‌ അപ്പോൾത്തന്നെ പറയും. അത്‌ തുറന്നു​പ​റ​യാ​തി​രി​ക്കില്ല. പറയാ​തി​രു​ന്നാൽ അത്‌ ഒരു പ്രശ്‌ന​മാ​യേ​ക്കും എന്ന്‌ ഞങ്ങൾക്ക്‌ അറിയാം. അതു​കൊണ്ട്‌ അന്യോ​ന്യം പറയുന്ന കാര്യങ്ങൾ ഞങ്ങൾ ഗൗരവ​ത്തോ​ടെ​യെ​ടു​ക്കു​ന്നു.” —ഡാനി​യേല.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: നിങ്ങൾ സാങ്കേ​തി​ക​വി​ദ്യ​യു​ടെ അടിമ​യാ​ക​രുത്‌.

^ സംഭാഷണം പുനരാ​രം​ഭി​ക്കാൻ-സാങ്കേ​തിക യുഗത്തിൽ മുഖാ​മുഖ സംഭാ​ഷ​ണ​ത്തി​ന്റെ പ്രസക്തി (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌