ബൈബിളിലേക്കു ശ്രദ്ധ തിരിക്കൽ
പാഠം 24
ബൈബിളിലേക്കു ശ്രദ്ധ തിരിക്കൽ
1, 2. നാം നമ്മുടെ ശ്രോതാക്കളെ ബൈബിളിലേക്കു നയിക്കേണ്ടതെന്തുകൊണ്ട്?
1 ശുശ്രൂഷയിൽ നമ്മുടെ ആഗ്രഹം എല്ലാവരുടെയും ശ്രദ്ധ ദൈവവചനമായ ബൈബിളിലേക്കു തിരിക്കുക എന്നതാണ്. അതിൽ നാം പ്രസംഗിക്കുന്ന സന്ദേശമടങ്ങുന്നു. നാം പറയുന്നതു നമ്മിൽനിന്ന് ഉത്ഭവിച്ചതല്ല, പിന്നെയോ ദൈവത്തിൽനിന്നുളളതാണെന്ന് ആളുകൾ തിരിച്ചറിയാൻ നാം ആഗ്രഹിക്കുന്നു. ദൈവത്തെ സ്നേഹിക്കുന്ന ആളുകൾക്കു ബൈബിളിൽ വിശ്വാസമുണ്ട്. അത് അവരെ വായിച്ചുകേൾപ്പിക്കുമ്പോൾ അവർ അതു ശ്രദ്ധിക്കുകയും അതിലെ ബുദ്ധ്യുപദേശം കാര്യമായി എടുക്കുകയും ചെയ്യുന്നു. എന്നാൽ അവർ ബൈബിളിന്റെ സ്വന്തം പ്രതി പുറത്തെടുത്ത് അവർതന്നെ വായിക്കുമ്പോൾ ധാരണ ഗണ്യമായി ആഴമേറിയതാകുന്നു. അതുകൊണ്ടു വയൽശുശ്രൂഷയിൽ സാഹചര്യങ്ങൾ സാധ്യമാക്കുമ്പോൾ, വീട്ടുകാരന്റെ സ്വന്തം ബൈബിൾപ്രതി പുറത്തെടുത്തു നിങ്ങളോടൊത്തു തിരുവെഴുത്തുകൾ എടുത്തുനോക്കാൻ പ്രോത്സാഹിപ്പിക്കുന്നതു ജ്ഞാനമാണ്. അതുപോലെ, സഭായോഗങ്ങളിൽ ബൈബിളുപയോഗിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ, നമ്മുടെ വിശ്വാസങ്ങളുടെ ഉറവ് അതാണെന്നു പുതിയവർ കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയും. ദർശന ധാരണയുടെ കൂടുതലായ ദൃഢതയിൽനിന്ന് എല്ലാവർക്കും പ്രയോജനം കിട്ടും.
2 അതുകൊണ്ട്, പ്രായോഗികമായിരിക്കുന്നടത്തെല്ലാം സദസ്സിലുളളവർ തങ്ങളുടെ സ്വന്തം ബൈബിളിൽ തിരുവെഴുത്തുവാക്യങ്ങളുടെ വായനയെ പിന്തുടരുന്നുവെങ്കിൽ നിങ്ങളുടെ പ്രസംഗോദ്ദേശ്യം നിറവേററുന്നതിൽ നിങ്ങൾക്കു നിർണായകമായ ഒരു പ്രയോജനം ലഭിക്കും. അവർ അതു ചെയ്യുന്നുണ്ടോ ഇല്ലയോ എന്നതു നിങ്ങൾ അവർക്ക് ഉചിതമായ പ്രോത്സാഹനം കൊടുക്കുന്നുണ്ടോ എന്നതിനെ ഒരു വലിയ പരിധിവരെ ആശ്രയിച്ചിരിക്കും. അതിനെയാണു നിങ്ങളുടെ ഗുണദോഷച്ചീട്ടിൽ “ബൈബിളുപയോഗിക്കാൻ സദസ്യർ പ്രോത്സാഹിപ്പിക്കപ്പെട്ടു” എന്നു പരാമർശിക്കുന്നത്.
3, 4. ഇതു നമുക്ക് എങ്ങനെ ഫലകരമായി ചെയ്യാൻ കഴിയും?
3 നിർദേശത്താൽ. ഏററവും നല്ല മാർഗങ്ങളിലൊന്നു ബൈബിളുപയോഗിക്കാൻ സദസ്സിനു നേരിട്ടുളള ഒരു ക്ഷണം കൊടുക്കുന്നതാണ്; ഈ രീതി കൂടെക്കൂടെ ഉപയോഗിക്കുന്നു. ചിലസമയങ്ങളിൽ നിങ്ങൾ വാക്യങ്ങൾ വായിക്കുന്നതിനു മുമ്പ് അവ എവിടെയാണുളളതെന്നു മാത്രം പറയുന്നതിനാൽ അതേ ഫലങ്ങൾ ലഭിച്ചേക്കാം; ഒരുപക്ഷേ ഇതുപോലെ: “ഇപ്പോൾ നാം 2 തിമൊഥെയോസ് 3:1-5 വായിക്കുമ്പോൾ, ഈ പരിസരങ്ങളിൽതന്നെയുളള അവസ്ഥകളെക്കുറിച്ചു ചിന്തിക്കുക.” അപ്പോൾ, നിങ്ങൾതന്നെ വാക്യത്തിലേക്കു മറിക്കുമ്പോൾ സദസ്സു നിർദേശം പ്രയോജനപ്പെടുത്തുന്നുണ്ടോയെന്നു കാണാൻ ചുററും കണ്ണോടിക്കുക. സാധാരണയായി അവരും വാക്യം എടുത്തുനോക്കാൻ തുടങ്ങും.
4 സദസ്സിനെക്കൊണ്ട് എടുത്തുനോക്കിച്ചുകൊണ്ട് ഏതെങ്കിലും വാക്യങ്ങൾക്കു ദൃഢതകൊടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഏതിനെന്നു തീരുമാനിക്കേണ്ടതു പ്രസംഗകനാണ്. നിങ്ങളുടെ സദസ്സിനെ നിരീക്ഷിക്കുക. അവർ നിങ്ങളെ പിന്തുടരുന്നുണ്ടോയെന്നു കാണുന്നതിൽ തത്പരനായിരിക്കുക. ഏതെങ്കിലും കാരണത്താൽ ഒരു ലിഖിതപ്രസംഗം നടത്താൻ നിങ്ങളോട് ആവശ്യപ്പെടുന്നുവെങ്കിൽപോലും സദസ്സ് അവരുടെ ബൈബിളുകളിൽ നിങ്ങളെ പിന്തുടരത്തക്ക വിധത്തിൽ മിക്കപ്പോഴും മുഖ്യ വാക്യങ്ങൾ കൈകാര്യംചെയ്യാൻ നിങ്ങൾക്കു കഴിയും.
5, 6. നാം വായിക്കാൻ ആസൂത്രണം ചെയ്യുന്ന വാക്യങ്ങൾ കണ്ടുപിടിക്കാൻ സദസ്സിനു സമയമനുവദിക്കുന്നതു പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കുക.
5 വാക്യം കണ്ടുപിടിക്കാൻ സമയം അനുവദിച്ചുകൊണ്ട്. ഒരു തിരുവെഴുത്തു സൂചിപ്പിച്ചതുകൊണ്ടു മാത്രം മതിയാകയില്ല. നിങ്ങൾ അതു വായിക്കുകയും അതു കണ്ടുപിടിക്കാൻ സദസ്സിനു സമയം കിട്ടുന്നതിനുമുമ്പ് മറെറാന്നിലേക്കു കടക്കുകയും ചെയ്യുന്നുവെങ്കിൽ, അവർ ഒടുവിൽ നിരുത്സാഹിതരാകുകയും പിൻമാറുകയും ചെയ്യും. നിങ്ങളുടെ സദസ്സിനെ നിരീക്ഷിക്കുക, ഭൂരിപക്ഷവും വാക്യം കണ്ടുപിടിച്ചുകഴിയുമ്പോൾ അതു വായിക്കാൻ കഴിയും.
6 നിങ്ങളുടെ ആസൂത്രിതവായന നടത്തുന്നതിനു വേണ്ടത്ര മുമ്പുകൂട്ടി സൂചന കൊടുക്കുന്നതു സാധാരണയായി ബുദ്ധിപൂർവകമാണ്, തന്നിമിത്തം കൂടെക്കൂടെയുളള നീണ്ട നിർത്തലുകളാലോ സദസ്സു വാക്യം കണ്ടുപിടിച്ചുകൊണ്ടിരിക്കെയുളള അനാവശ്യമായ “പൂരിപ്പിക്കലി”നാലോ വിലപ്പെട്ട സമയം നഷ്ടമാകുന്നില്ല. എന്നിരുന്നാലും ഇവിടെ അനുയോജ്യമായ നിർത്തൽ ഉചിതമാണ്. മറിച്ച്, വാക്യത്തിന്റെ അവതാരികയിൽ നേരത്തെ സൂചന കൊടുക്കുകയാണെങ്കിൽ നിങ്ങൾ പറയുന്ന കാര്യങ്ങളിൽ ചിലതു സൂക്ഷ്മമായി ശ്രദ്ധിക്കപ്പെടുകയില്ലെന്ന് ഓർത്തിരിക്കണം. അങ്ങനെയുളള ഒരു കേസിൽ, മുൻകൂട്ടിയുളള വാദംസംബന്ധിച്ചു പ്രസക്തമായ കാര്യങ്ങൾ സൂചന കൊടുക്കുന്നതിനുമുമ്പു പ്രസ്താവിക്കേണ്ടതാണ്.
**********
7-18. തിരുവെഴുത്തുവാക്യങ്ങൾ ഫലകരമായി അവതരിപ്പിക്കാൻ ഏതു രീതികൾ ഉപയോഗിക്കാൻ കഴിയും?
7 ഒരു പ്രസംഗത്തിൽ ഉപയോഗിക്കുന്ന തിരുവെഴുത്തുകളാണു സാധാരണയായി പ്രസംഗത്തിന്റെ കേന്ദ്ര പോയിൻറുകൾ. ഈ വാക്യങ്ങളെ ചുററിപ്പററിയാണു വാദങ്ങൾ പോകുന്നത്. അപ്പോൾ അവ പ്രസംഗത്തിന് എത്രത്തോളം സംഭാവന ചെയ്യുമെന്നുളളത് അവ എത്ര ഫലകരമായി ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട്, നിങ്ങളുടെ ഗുണദോഷച്ചീട്ടിൽ കുറിച്ചിരിക്കുന്ന “തിരുവെഴുത്തുകൾ ഉചിതമായി അവതരിപ്പിച്ചു” എന്ന സംഗതി പരിഗണനക്ക് മൂല്യവത്തായ ഒന്നാണ്.
8 ഒരു തിരുവെഴുത്തുവാക്യം അവതരിപ്പിക്കാനും വായിക്കാനും ബാധകമാക്കാനും കഴിയുന്ന വിവിധങ്ങളായ ഒട്ടേറെ മാർഗങ്ങളുണ്ട്. ചിലപ്പോൾ, ഉദാഹരണത്തിന്, വാക്യത്തിന്റെ അവതാരിക വായനയിലേക്കു നയിക്കുന്നുവെന്നു മാത്രമല്ല അതിന്റെ പ്രയുക്തത കാണിക്കുകയും ചെയ്യുന്നു, തന്നിമിത്തം വായനതന്നെ പോയിൻറിനു ദൃഢത കൊടുക്കുകയോ അതിനെ ഉറപ്പായി സ്ഥാപിക്കുകയോ മാത്രമാണു ചെയ്യുന്നത്. മറിച്ച്, അവതാരികയുടെ രൂപത്തിൽ ഒരു വാക്കും പറയാതെ ചില വാക്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു, ഉദാഹരണത്തിന് ഒരു പ്രസംഗത്തിന്റെ തുടക്കത്തിൽതന്നെ.
9 തിരുവെഴുത്തുകൾ ഫലപ്രദമായി അവതരിപ്പിക്കാൻ പഠിക്കുന്നതിന്, പരിചയസമ്പന്നരായ പ്രസംഗകർ ചെയ്യുന്നത് അപഗ്രഥിക്കുക. തിരുവെഴുത്തുകൾ അവതരിപ്പിക്കുന്ന വ്യത്യസ്ത വിധങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുക. അവയുടെ ഫലപ്രദത്വം പരിഗണിക്കുക. നിങ്ങളുടെ സ്വന്തം പ്രസംഗങ്ങൾ തയ്യാറാകുമ്പോൾ, വാക്യം സാധിക്കേണ്ട കാര്യത്തിനു മുന്നമേ പരിഗണന കൊടുക്കുക, വിശേഷിച്ച് അത് ഒരു പ്രധാന പോയിൻറിനുളള ഒരു മുഖ്യ വാക്യമാണെങ്കിൽ. അത് ഏററവും ഫലപ്രദമായി ഉപയോഗിക്കപ്പെടത്തക്കവണ്ണം അതിന്റെ അവതാരിക ശ്രദ്ധാപൂർവം ആസൂത്രണംചെയ്യുക. ഇതാ ഏതാനും ചില നിർദേശങ്ങൾ:
10 ഒരു ചോദ്യം. ചോദ്യങ്ങൾ ഉത്തരം ആവശ്യപ്പെടുന്നു. അവ ചിന്തയെ ഉത്തേജിപ്പിക്കുന്നു. ഉത്തരം പ്രദാനംചെയ്യാൻ വാക്യത്തെയും അതിന്റെ പ്രയുക്തതയെയും അനുവദിക്കുക. ഉദാഹരണത്തിന്, രക്തപ്പകർച്ചയെക്കുറിച്ചു ചർച്ചചെയ്യുമ്പോൾ എബ്രായതിരുവെഴുത്തുകളിൻപ്രകാരമുളള വിലക്കിനെ സ്ഥാപിച്ച ശേഷമായിരിക്കാം നിങ്ങൾ പ്രവൃത്തികൾ 15:28, 29 അവതരിപ്പിക്കുന്നത്. “എന്നാൽ ഇതേ വിലക്കു ക്രിസ്ത്യാനികൾക്കു ബാധകമാണോ?” എന്നു ചോദിച്ചുകൊണ്ടു നിങ്ങൾക്ക് ആ വാക്യം അവതരിപ്പിക്കാൻ കഴിയും. “ആദിമസഭയുടെ ഭരണസംഘം പരിശുദ്ധാത്മാവിനാൽ പ്രേരിതരായപ്പോൾ നൽകിയ ആധികാരികമായ തീർപ്പു ശ്രദ്ധിക്കുക” എന്നു തുടർന്നുപറയുക.
11 അവതരിപ്പിക്കപ്പെടുന്ന വാക്യം പിന്താങ്ങേണ്ട ഒരു പ്രസ്താവനയോ തത്ത്വമോ. ദൃഷ്ടാന്തത്തിന്, ദുഷ്കൃത്യത്തെക്കുറിച്ചുളള ഒരു പ്രസംഗത്തിൽ നിങ്ങൾക്ക് ഇങ്ങനെ പറയാം: “നമ്മുടെ കൂട്ടുകാരുടെ തിരഞ്ഞെടുപ്പുപോലും തെററിനോടും ശരിയോടുമുളള നമ്മുടെ മനോഭാവം എന്തായിരിക്കാമെന്നതിലെ ഒരു പ്രധാനഘടകമാണ്.” പിന്നീട് 1 കൊരിന്ത്യർ 15:33-ലെ പൗലോസിന്റെ വാക്കുകൾ നിങ്ങളുടെ പ്രസ്താവനക്കു തെളിവായി വായിക്കാൻ കഴിയും.
12 പ്രമാണമെന്ന നിലയിൽ ബൈബിൾ ഉദ്ധരിക്കൽ. വിശേഷിച്ച് ഉപവാക്യങ്ങൾക്ക്, “ഈ പോയിൻറുസംബന്ധിച്ചു ദൈവവചനം പ്രസ്താവിക്കുന്നതു ശ്രദ്ധിക്കുക” എന്നു മാത്രം നിങ്ങൾക്കു പറയാവുന്നതാണ്. ഇത് ആ തിരുവെഴുത്തിലേക്കു പ്രതീക്ഷയോടെ നോക്കാൻ മതിയായ കാരണമാണ്, അത് അതുപയോഗിക്കുന്നതിനുളള വ്യക്തമായ ഒരു കാരണം നൽകുന്നു.
13 ഒരു പ്രശ്നം. “നരക”ത്തെസംബന്ധിച്ച ഒരു പ്രസംഗത്തിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “ഒരു മനുഷ്യൻ നിത്യമായ അഗ്നിജ്വാലയിൽ യാതനയനുഭവിക്കേണ്ടതാണെങ്കിൽ അയാൾ മരണാനന്തരം ബോധത്തോടെയിരിക്കേണ്ടതാണെന്ന് അതർഥമാക്കും. എന്നാൽ സഭാപ്രസംഗി 9:5, 10 എന്തു പറയുന്നുവെന്നു കാണുക.”
14 പലതിൽനിന്നുളള തിരഞ്ഞെടുപ്പ്. നേരിട്ടുളള ഒരു ചോദ്യമോ ഒരു പ്രശ്നമോ ഒരു പ്രത്യേകസദസ്സിനു വളരെയധികം പ്രയാസമായിരിക്കാമെങ്കിൽ പല സാധ്യതകൾ അവതരിപ്പിക്കുകയും ഉത്തരം പ്രദാനംചെയ്യാൻ വാക്യത്തെയും അതിന്റെ പ്രയുക്തതയെയും അനുവദിക്കുകയും ചെയ്യുക. ഒരു കത്തോലിക്കനോടു സംസാരിക്കുമ്പോൾ ഉചിതമായി പ്രാർഥന ആരോടായിരിക്കണമെന്നു പ്രകടമാക്കാൻ മത്തായി 6:9 ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. നേരിട്ടുളള ഒരു ചോദ്യമോ ഒരു പ്രശ്നമോ നിങ്ങളുടെ വീട്ടുകാരന്റെ മനസ്സിനെ തെററായ ദിശയിൽ തിരിച്ചേക്കാം. തന്നിമിത്തം നിങ്ങൾക്ക് ഇങ്ങനെ പറയാം: “നമ്മൾ ആരോടു പ്രാർഥിക്കണമെന്ന കാര്യംസംബന്ധിച്ച് അനേകം വീക്ഷണങ്ങൾ ഉണ്ട്. മറിയയോട് എന്നു ചിലർ പറയുന്നു, ‘പുണ്യവാളൻമാരിൽ’ ഒരാളോട് എന്നു മററു ചിലർ പറയുന്നു, എന്നാൽ ദൈവത്തോടു മാത്രമേ പ്രാർഥിക്കാവൂ എന്നു ചിലർ പറയുന്നു. യേശു പറഞ്ഞത് ഇവിടെയുണ്ട്.”
15 ചരിത്ര പശ്ചാത്തലം. മറുവിലയെസംബന്ധിച്ച ഒരു പ്രസംഗത്തിൽ, തന്റെ സ്വന്തം രക്തം അർപ്പിച്ചുകൊണ്ടു യേശു “എന്നേക്കുമുളേളാരു വീണ്ടെടുപ്പു സാധിപ്പിച്ചു” എന്നു പ്രകടമാക്കാൻ നിങ്ങൾ എബ്രായർ 9:12 ഉപയോഗിക്കുകയാണെങ്കിൽ, സമാഗമനകൂടാരത്തിലെ “വിശുദ്ധസ്ഥല”ത്തെക്കുറിച്ചുളള ഒരു ചുരുങ്ങിയ വിശദീകരണം കൊടുത്തുകൊണ്ടു വാക്യത്തിന്റെ വായനയ്ക്ക് ആമുഖം പറയേണ്ടതാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം, അതു യേശു പ്രവേശിച്ച സ്ഥലത്തെ ചിത്രീകരിച്ചതായി പൗലോസ് സൂചിപ്പിക്കുന്നു.
16 സന്ദർഭം. ചിലപ്പോൾ ചുററുപാടുമുളള വാക്യങ്ങളിൽ വിശദീകരിച്ചിരിക്കുന്ന ഒരു വാക്യത്തിന്റെ രംഗവിധാനം ഒരു തിരുവെഴുത്ത് അവതരിപ്പിക്കുന്നതിൽ സഹായകമാണ്. ഉദാഹരണത്തിന്, “കൈസർക്കുളളത് കൈസർക്കു . . . കൊടു”ക്കുകയെന്നാൽ എന്താണർഥമെന്നു പ്രകടമാക്കുന്നതിനു നിങ്ങൾ ലൂക്കൊസ് 20:25 ഉപയോഗിക്കുമ്പോൾ കൈസറിന്റെ ആലേഖനത്തോടുകൂടിയ ഒരു നാണയം യേശു ഉപയോഗിച്ചതിനെ വിശദീകരിക്കുന്നതിൽ നിങ്ങൾ പ്രയോജനം കണ്ടെത്തിയേക്കാം, ഈ വിവരണത്തിനു സന്ദർഭത്തോടു ബന്ധമുളളതുകൊണ്ടുതന്നെ.
17 സംയോജനം. തീർച്ചയായും ഈ രീതികളുടെ സംയോജനങ്ങൾക്കും സാധ്യതയുണ്ട്, മിക്കപ്പോഴും പ്രയോജനകരവുമാണ്.
18 ഒരു തിരുവെഴുത്തിന്റെ അവതാരിക, വാക്യം വായിക്കുമ്പോൾ ശ്രദ്ധ ആകർഷിക്കുന്നതിനു വേണ്ടത്ര പ്രതീക്ഷ ഉണർത്തുകയും നിങ്ങൾ ആ വാക്യം ഉപയോഗിക്കുന്നതിനുളള കാരണത്തിൻമേൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.
19, 20. സൂചിപ്പിച്ച വാക്യത്തിൽ നാം പ്രതീക്ഷ ഉണർത്തിയിരിക്കുന്നുവോയെന്നു നമുക്ക് എങ്ങനെ തിട്ടപ്പെടുത്താൻ കഴിയും?
19 തിരുവെഴുത്തുകൾക്കുവേണ്ടി പ്രതീക്ഷ ഉണർത്തുന്നു. ഒരു വാക്യത്തിനുവേണ്ടി നിങ്ങൾ പ്രതീക്ഷ ഉണർത്തിയിരിക്കുന്നുവെന്നു നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയും? മുഖ്യമായി സദസ്യപ്രതികരണത്താൽ; നിങ്ങൾ വാക്യം അവതരിപ്പിക്കുന്ന രീതിയാലും. തിരുവെഴുത്ത് അവതരിപ്പിച്ചശേഷം നിങ്ങൾ അതു വായിക്കാതിരുന്നാൽ സദസ്സ് അനിശ്ചിതരായി വിടപ്പെടുമെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ അവതാരികയിൽ നിങ്ങൾ ഒരു ചോദ്യത്തിന് ഉത്തരംകൊടുക്കാതെ അവശേഷിപ്പിച്ചെങ്കിൽ, നിങ്ങൾ വാക്യത്തിൽ താത്പര്യം ഉണർത്തിയിരിക്കുന്നുവെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. തീർച്ചയായും അവതാരിക വിഷയത്തിനും അവതരിപ്പിക്കേണ്ട വാക്യത്തിനും ചേർച്ചയിലായിരിക്കണം. ഒന്നുകിൽ വാക്യംതന്നെയോ അല്ലെങ്കിൽ പിന്നീടുളള ബാധകമാക്കലോ അവതാരിക ഉത്തരംനൽകാതെ വിട്ട ചോദ്യത്തിന് ഉത്തരം നൽകണം.
20 വാക്യത്തിന്റെ അവതാരികയെ ഒരു വിളംബരത്തിനു മുമ്പത്തെ കാഹളത്തോട് ഉപമിക്കാവുന്നതാണ്. ഘോഷകൻ ഒരു മുഴു സംഗീതവും വായിക്കാൻവേണ്ടിയല്ല ഹാജരാകുന്നത്. പ്രത്യുത, തന്റെ കാഹളത്തിന്റെ ഉണർത്തുന്ന സ്വരങ്ങൾ വിളംബരത്തിൻമേൽ സകല താത്പര്യവും ശ്രദ്ധയും കേന്ദ്രീകരിക്കുന്നു. ഈ വിധത്തിൽ അവതരിപ്പിക്കപ്പെടുമ്പോൾ നിങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട വാക്യം അതീവ ആസ്വാദ്യതയോടും പ്രയോജനത്തോടുംകൂടെ കേൾക്കപ്പെടും.
21. ഒരു വാക്യം ഉപയോഗിക്കുന്നതിനുളള നമ്മുടെ കാരണത്തിൻമേൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്തുകൊണ്ട്?
21 വാക്യം ഉപയോഗിക്കുന്നതിനുളള കാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരു വാക്യത്തിന്റെ അവതാരിക ഒരു ചോദ്യത്തിന് ഉത്തരംപറയാതെ വിട്ടേക്കാമെങ്കിലും, ആ വാക്യം എന്തുകൊണ്ട് ഉചിതമാണെന്നും എന്തുകൊണ്ടു പൂർണശ്രദ്ധ അർഹിക്കുന്നുവെന്നും പ്രകടമാക്കുന്നതിനു കുറെ ന്യായമെങ്കിലും നൽകേണ്ടതാണ്. ദൃഷ്ടാന്തത്തിന്, മമനുഷ്യന്റെ സ്ഥിര ഭവനമായ ഭൂമിയെക്കുറിച്ചുളള ഒരു ചർച്ചയിൽ നിങ്ങൾ വെളിപ്പാടു 21:3, 4 ഉപയോഗിക്കാൻ ഒരുങ്ങുകയായിരിക്കാം. നിങ്ങളുടെ പ്രാഥമികവാദത്തോടുകൂടെ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “ഈ അടുത്ത തിരുവെഴുത്തിൽ, വെളിപ്പാടു 21:3, 4-ൽ കഷ്ടപ്പാടും മരണവും മേലാൽ ഇല്ലാതിരിക്കുമ്പോൾ, ദൈവത്തിന്റെ കൂടാരമിരിക്കുന്ന സ്ഥലം ഏതെന്നു കാണുക.” വാക്യത്തിനു വെളിപ്പെടുത്താൻ ചിലതു വിട്ടുകൊണ്ടു നിങ്ങൾ പ്രതീക്ഷ ഉണർത്തിയെന്നു മാത്രമല്ല, നിങ്ങളുടെ വാക്യത്തിന്റെ പ്രധാനഭാഗത്തിൻമേൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു, വാക്യം വായിച്ച ശേഷം ആ ഭാഗം നിങ്ങൾക്കു നിങ്ങളുടെ വാദത്തിന് അനായാസം ബാധകമാക്കാൻ കഴിയും. അങ്ങനെ തിരുവെഴുത്തിന്റെ യഥാർഥ ഉളളടക്കത്തിലേക്കു ശ്രദ്ധ തിരിച്ചുകൊണ്ടു നിങ്ങൾ ദൈവവചനത്തിന്റെ പ്രാധാന്യത്തിനു ദൃഢത കൊടുക്കുന്നു.
[അധ്യയന ചോദ്യങ്ങൾ]