വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വാസം എന്നാൽ എന്താണ്‌?

വിശ്വാസം എന്നാൽ എന്താണ്‌?

വിശ്വാസം എന്നാൽ എന്താണ്‌?

വിശ്വാസത്തെ നിങ്ങൾ എങ്ങനെ നിർവചിക്കും? “സംഭവിക്കാൻ തീരെ സാധ്യതയില്ലാത്ത ഒരു കാര്യം സംഭവിക്കുമെന്ന യുക്തിഹീനമായ പ്രതീക്ഷ.” പ്രശസ്‌ത അമേരിക്കൻ ജേർണലിസ്റ്റ്‌ എച്ച്‌. എൽ. മെങ്കെൻ നൽകുന്ന നിർവചനം അതാണ്‌.

എന്നാൽ തികച്ചും വ്യത്യസ്‌തമായ ഒരു വിധത്തിലാണ്‌ ദൈവവചനമായ ബൈബിൾ വിശ്വാസത്തെ നിർവചിക്കുന്നത്‌. അതിൻപ്രകാരം, വിശ്വാസം എന്നത്‌ യുക്തിഹീനമായ ഒന്നല്ല; മറിച്ച്‌ തെളിവിലധിഷ്‌ഠിതമായ ഉറച്ച ബോധ്യമാണ്‌. “വിശ്വാസം എന്നതോ പ്രത്യാശിക്കുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന ഉറച്ചബോധ്യവും കാണപ്പെടാത്ത കാര്യങ്ങളെക്കുറിച്ചുള്ള, തെളിവിലധിഷ്‌ഠിതമായ നിശ്ചയവുമാകുന്നു” എന്നാണ്‌ ബൈബിൾ പറയുന്നത്‌.—എബ്രായർ 11:1.

വിശ്വാസത്തെക്കുറിച്ച്‌ ആളുകൾക്ക്‌ വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉള്ളതിനാൽ പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുന്നത്‌ നന്നായിരിക്കും:

വിശ്വാസത്തെക്കുറിച്ചുള്ള ബൈബിളിന്റെ നിർവചനം ആളുകളുടെ അഭിപ്രായങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായിരിക്കുന്നത്‌ എങ്ങനെ?

ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലുള്ള വിശ്വാസം നാം വളർത്തിയെടുക്കേണ്ടത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

നിങ്ങൾക്ക്‌ എങ്ങനെ നിങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്താം?

ഒരു തീറാധാരം

എബ്രായർക്കുള്ള ലേഖനം (ബൈബിളിലെ ഒരു പുസ്‌തകം) എഴുതുന്ന കാലത്ത്‌, ‘ഉറച്ചബോധ്യം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ ഉപയോഗം സർവസാധാരണമായിരുന്നു. കച്ചവടസംബന്ധമായ രേഖകളിലാണ്‌ ഈ പദം പൊതുവെ ഉപയോഗിച്ചിരുന്നത്‌. അവകാശക്കൈമാറ്റം നടത്തുമ്പോൾ ഒരു വ്യക്തി മറ്റേയാൾക്കു നൽകുന്ന ഉറപ്പിനെ അത്‌ അർഥമാക്കി. അതുകൊണ്ട്‌ എബ്രായർ 11:1, “വിശ്വാസം എന്നത്‌ പ്രത്യാശിക്കുന്ന കാര്യങ്ങളുടെ തീറാധാരമാണ്‌” എന്നു പരിഭാഷപ്പെടുത്താവുന്നതാണെന്ന്‌ ഒരു റഫറൻസ്‌ ഗ്രന്ഥം പറയുന്നു.

വിശ്വാസയോഗ്യമായ ഒരു കമ്പനിയിൽനിന്ന്‌ നിങ്ങൾ ഒരു ഉത്‌പന്നം വാങ്ങിയെന്നു കരുതുക. കമ്പനി അത്‌ വീട്ടിലെത്തിക്കുന്നതും കാത്ത്‌ നിങ്ങൾ ഇരിക്കുകയാണ്‌. നിങ്ങളിപ്പോൾ മുകളിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള വിശ്വാസമാണ്‌ കാണിക്കുന്നത്‌. നിങ്ങളുടെ ആ വിശ്വാസത്തിന്‌ അടിസ്ഥാനം കമ്പനിയിൽനിന്ന്‌ നിങ്ങൾക്കു ലഭിച്ച രസീതാണ്‌. ഒരർഥത്തിൽ നിങ്ങൾക്കു ലഭിച്ച രസീത്‌ ഒരു തീറാധാരമാണ്‌; നിങ്ങൾ വാങ്ങിയ സാധനം നിങ്ങൾക്കു ലഭിച്ചിരിക്കും എന്നതിന്റെ ഉറപ്പ്‌. എന്നാൽ ഏതെങ്കിലും കാരണവശാൽ ആ രസീത്‌ കൈമോശം വന്നാലോ? ആ വസ്‌തുവിന്റെ ഉടമസ്ഥാവകാശത്തിനുള്ള തെളിവ്‌ നിങ്ങൾക്കു നഷ്ടമാകും. സമാനമായി, ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന കാര്യങ്ങൾ നിറവേറും എന്നു വിശ്വസിക്കുന്നവർക്ക്‌, അവർ പ്രതീക്ഷിക്കുന്ന കാര്യം ലഭിക്കുമെന്നത്‌ ഉറപ്പുള്ള സംഗതിയാണ്‌. എന്നാൽ വിശ്വാസം ഇല്ലാത്തവർക്ക്‌ അല്ലെങ്കിൽ അത്‌ നഷ്ടപ്പെടുത്തിക്കളയുന്നവർക്ക്‌ ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന കാര്യങ്ങൾ ലഭിക്കുകയില്ല.—യാക്കോബ്‌ 1:5-8.

ഈടുറ്റ തെളിവ്‌

ഇനി, എബ്രായർ 11:1-ലെ ‘തെളിവിലധിഷ്‌ഠിതമായ നിശ്ചയം’ എന്ന പ്രയോഗത്തിന്റെ കാര്യമെടുക്കാം. ഒരു ഉദാഹരണം ചിന്തിക്കുക: സൂര്യൻ കിഴക്കുദിച്ച്‌ പിന്നീട്‌ പടിഞ്ഞാറോട്ട്‌ നീങ്ങി അവിടെ അസ്‌തമിക്കുന്നതായിട്ടാണ്‌ കാണപ്പെടുന്നത്‌. അതുകൊണ്ട്‌ സൂര്യൻ ഭൂമിയെ വലംവെക്കുകയാണെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ ജ്യോതിശാസ്‌ത്രവും ഗണിതശാസ്‌ത്രവും നൽകിയിരിക്കുന്ന തെളിവുകളനുസരിച്ച്‌, സൂര്യൻ ഭൂമിയെയല്ല, ഭൂമി സൂര്യനെയാണ്‌ വലംവെക്കുന്നത്‌. ആ തെളിവ്‌ നാം അംഗീകരിച്ചുകഴിയുമ്പോൾ, കേവലം കണ്ണുകൊണ്ട്‌ കാണുന്നതിനെയല്ല ആ വസ്‌തുതയെ ആയിരിക്കും നാം വിശ്വസിക്കുന്നത്‌. ഇത്‌ അന്ധമായ വിശ്വാസമല്ല; മറിച്ച്‌, തെളിവിലധിഷ്‌ഠിതമായ ഒന്നാണ്‌.

ശക്തമായ വിശ്വാസം പ്രധാനമാണോ?

ഈടുറ്റ തെളിവിൽ അധിഷ്‌ഠിതമായ ശക്തമായ വിശ്വാസം. ബൈബിൾ പ്രോത്സാഹിപ്പിക്കുന്നത്‌ അങ്ങനെയുള്ള വിശ്വാസത്തെയാണ്‌. അത്‌ ആർജിക്കാൻ നമ്മുടെ ധാരണകളിൽ മാറ്റംവരുത്തേണ്ടതുണ്ടായിരിക്കാം. അത്തരം വിശ്വാസം ജീവത്‌പ്രധാനമാണ്‌. അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാനാവില്ല. ദൈവത്തെ സമീപിക്കുന്നവൻ ദൈവമുണ്ടെന്നും തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക്‌ അവൻ പ്രതിഫലം നൽകുന്നുവെന്നും വിശ്വസിക്കേണ്ടതാകുന്നു.”—എബ്രായർ 11:6.

ശക്തമായ വിശ്വാസം വളർത്തിയെടുക്കുക എളുപ്പമല്ല. എന്നാൽ പിൻവരുന്ന പേജുകളിൽ പറഞ്ഞിരിക്കുന്ന നാലു നടപടികൾ നിങ്ങളെ അതിനു സഹായിക്കും.