വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വ്യഭിചാരം ചെയ്‌ത ദാവീദിനും ബത്ത്‌-ശേബയ്‌ക്കും വധശിക്ഷ ലഭിക്കാതിരിക്കുകയും അതേസമയം അവർക്കുണ്ടായ ആൺകുഞ്ഞ്‌ മരിച്ചുപോകുകയും ചെയ്‌തത്‌ എന്തുകൊണ്ട്‌?

മോശൈക ന്യായപ്രമാണം ഇങ്ങനെ പ്രസ്‌താവിച്ചിരുന്നു: “ഒരു പുരുഷന്റെ ഭാര്യയായ സ്‌ത്രീയോടു കൂടെ ഒരുത്തൻ ശയിക്കുന്നതു കണ്ടാൽ സ്‌ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്‌ത്രീയും ഇരുവരും മരണശിക്ഷ അനുഭവിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണം.” (ആവർത്തനപുസ്‌തകം 22:22) ദാവീദിന്റെയും ബത്ത്‌-ശേബയുടെയും ഈ നീതിന്യായ കേസ്‌ ന്യായപ്രമാണപ്രകാരം കൈകാര്യം ചെയ്യാൻ യഹോവയാം ദൈവം മനുഷ്യന്യായാധിപന്മാരെ അനുവദിച്ചിരുന്നെങ്കിൽ വ്യഭിചാരം ചെയ്‌ത രണ്ടുപേരും വധിക്കപ്പെടുമായിരുന്നു. മനുഷ്യന്യായാധിപന്മാർക്ക്‌ ഹൃദയങ്ങളെ വായിക്കാൻ കഴിയുമായിരുന്നില്ലാഞ്ഞതിനാൽ, വസ്‌തുതകളാൽ തെളിയിക്കപ്പെടുന്ന പ്രകാരമുള്ള, ദുഷ്‌പ്രവൃത്തിക്കാരുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ വേണമായിരുന്നു അവർ ന്യായവിധി നടത്താൻ. വ്യഭിചാരം മരണശിക്ഷ അർഹിക്കുന്ന കുറ്റമായിരുന്നു. ഇസ്രായേലിലെ ന്യായാധിപന്മാർക്ക്‌ ആ പാപം ക്ഷമിക്കാനുള്ള അധികാരമില്ലായിരുന്നു.

എന്നാൽ, സത്യദൈവം മനുഷ്യരുടെ ഹൃദയങ്ങളെ വായിക്കാൻ കഴിവുള്ളവനാണ്‌, പാപങ്ങൾക്ക്‌ ക്ഷമ നൽകാനുള്ള അടിസ്ഥാനമുണ്ടെങ്കിൽ അതു ചെയ്യാൻ അവനു സാധിക്കും. യഹോവ ദാവീദുമായി ഒരു രാജ്യ ഉടമ്പടി ചെയ്‌തിരുന്നു. അതുകൊണ്ട്‌ ഇത്‌ ദാവീദ്‌ ഉൾപ്പെട്ട ഒരു സംഭവമായതിനാൽ യഹോവ ഇതിനെ ഒരു പ്രത്യേക വിധത്തിൽ പരിഗണിക്കുകയും അവൻതന്നെ അതു കൈകാര്യം ചെയ്യുകയും ചെയ്‌തു. (2 ശമൂവേൽ 7:12-16) അങ്ങനെ ചെയ്യാനുള്ള അവകാശം “സർവ്വഭൂമിക്കും ന്യായാധിപതി”യായവന്‌ ഉണ്ട്‌.​—⁠ഉല്‌പത്തി 18:25.

ദാവീദിന്റെ ഹൃദയം പരിശോധിച്ചപ്പോൾ യഹോവ എന്താണ്‌ കണ്ടത്‌? “[ദാവീദ്‌] ബത്ത്‌-ശേബയുടെ അടുക്കൽ ചെന്നശേഷം നാഥാൻ പ്രവാചകൻ അവന്റെ അടുക്കൽ ചെന്നപ്പോൾ” ഉള്ള അവന്റെ വികാരങ്ങളാണ്‌ 51-ാം സങ്കീർത്തനം വെളിപ്പെടുത്തുന്നതെന്ന്‌ അതിന്റെ മേലെഴുത്ത്‌ പറയുന്നു. സങ്കീർത്തനം 51:1-4 ഇപ്രകാരം പറയുന്നു: “ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ. എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. നിന്നോടു തന്നേ ഞാൻ പാപം ചെയ്‌തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്‌തിരിക്കുന്നു.” യഹോവ ദാവീദിന്റെ ഹൃദയത്തിലെ ഈ ശക്തമായ പശ്ചാത്താപത്തെ യഥാർഥ അനുതാപത്തിന്റെ തെളിവായി വീക്ഷിക്കുകയും തെറ്റുകാരോട്‌ കരുണ കാണിക്കാനുള്ള അടിസ്ഥാനമുണ്ടെന്നു തീരുമാനിക്കുകയും ചെയ്‌തിരിക്കണം. മാത്രമല്ല, ദാവീദ്‌തന്നെയും കരുണയുള്ള ഒരു വ്യക്തിയായിരുന്നു. കരുണയുള്ളവരോട്‌ യഹോവയും കരുണ കാണിക്കും. (1 ശമൂവേൽ 24:4-7; മത്തായി 5:7; യാക്കോബ്‌ 2:13) അതിനാൽ, ദാവീദ്‌ തന്റെ പാപം ഏറ്റുപറഞ്ഞപ്പോൾ നാഥാൻ അവനോട്‌ പറഞ്ഞു: “യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.”​—⁠2 ശമൂവേൽ 12:13.

എന്നാൽ തങ്ങളുടെ പാപത്തിന്റെ സകല അനന്തരഫലങ്ങളിൽനിന്നും ദാവീദും ബത്ത്‌-ശേബയും രക്ഷപ്പെടുകയില്ലായിരുന്നു. നാഥാൻ ദാവീദിനോട്‌ ഇങ്ങനെ പറഞ്ഞു: “നീ ഈ പ്രവൃത്തിയിൽ യഹോവയുടെ ശത്രുക്കൾ ദൂഷണം പറവാൻ ഹേതു ഉണ്ടാക്കിയതുകൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചുപോകും.” ദാവീദ്‌ ഏഴു ദിവസം ഉപവസിക്കുകയും വിലപിക്കുകയും ചെയ്‌തെങ്കിലും കുട്ടി രോഗം മൂർച്ഛിച്ച്‌ മരിച്ചു.​—⁠2 ശമൂവേൽ 12:14-18.

ആ കുഞ്ഞ്‌ മരിച്ചത്‌ എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ ചിലർക്കു ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നു. “മക്കൾക്കു പകരം അപ്പന്മാരും അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുത്‌” എന്ന്‌ ആവർത്തനപുസ്‌തകം 24:​16-ൽ പറഞ്ഞിരിക്കുന്നു എന്നതാണ്‌ അതിനു കാരണം. എന്നാൽ, മാനുഷിക ന്യായാധിപന്മാരാണ്‌ ഈ കേസ്‌ കൈകാര്യം ചെയ്‌തിരുന്നതെങ്കിൽ മാതാപിതാക്കൾക്കും ഗർഭസ്ഥ ശിശുവിനും ജീവൻ നഷ്ടമാകുമായിരുന്നുവെന്ന്‌ നാം ഓർക്കണം. കുട്ടിയുടെ ജീവൻ നഷ്ടമായ സംഭവം, ബത്ത്‌-ശേബയുമായി താൻ പാപം ചെയ്‌തത്‌ യഹോവയെ എത്രമാത്രം വേദനിപ്പിച്ചെന്ന്‌ ഏറെ വ്യക്തമായി മനസ്സിലാക്കാനും ദാവീദിനെ സഹായിച്ചിരിക്കാം. യഹോവ ന്യായപൂർവമാണ്‌ പ്രസ്‌തുത സാഹചര്യം കൈകാര്യം ചെയ്‌തതെന്നു നമുക്ക്‌ പൂർണ ബോധ്യമുണ്ടായിരിക്കാം. കാരണം, ‘ദൈവത്തിന്റെ വഴികൾ തികവുള്ളതാണ്‌.’​—⁠2 ശമൂവേൽ 22:31.

[31-ാം പേജിലെ ചിത്രം]

ദാവീദ്‌ യഥാർഥ അനുതാപം പ്രകടമാക്കി