വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സാബയിലെ ‘അടിവാര’ത്തേക്കു കയറിച്ചെല്ലുന്നു

സാബയിലെ ‘അടിവാര’ത്തേക്കു കയറിച്ചെല്ലുന്നു

സാബയിലെ ‘അടിവാര’ത്തേക്കു കയറിച്ചെല്ലുന്നു

ഡച്ച്‌ അധീനതയിലുള്ള സാബ എന്ന ദ്വീപ്‌ പണ്ട്‌ പണവും സ്വർണവും മറ്റും അന്വേഷിച്ചുനടന്നിരുന്ന കരീബിയൻ കടൽക്കൊള്ളക്കാരുടെ വിഹാരരംഗമായിരുന്നു. പോർട്ടറിക്കോയ്‌ക്ക്‌ 240 കിലോമീറ്റർ കിഴക്കുള്ള ഈ കൊച്ചുദ്വീപിൽ ഇന്ന്‌ ഏകദേശം 1,600 നിവാസികളുണ്ട്‌. അവരിൽ 5 പേർ യഹോവയുടെ സാക്ഷികളാണ്‌. പണത്തെക്കാളും സ്വർണത്തെക്കാളും ഒക്കെ മൂല്യമുള്ള ചിലതാണ്‌ ധൈര്യശാലികളായ ഈ ശുശ്രൂഷകർ തേടിക്കൊണ്ടിരിക്കുന്നത്‌. “നിത്യജീവനു യോജിച്ച പ്രകൃതമുള്ള” വ്യക്തികൾക്കുവേണ്ടി അവർ ശുഷ്‌കാന്തിയോടെ അന്വേഷണം നടത്തുന്നു.​—⁠പ്രവൃത്തികൾ 13:48, NW.

1952 ജൂൺ 22-നാണ്‌ ആദ്യമായി ഈ ദ്വീപിൽ ദൈവരാജ്യത്തിന്റെ സുവാർത്ത എത്തിച്ചേർന്നത്‌. (മത്തായി 24:14) 18 മീറ്റർ നീളമുള്ള സിബിയ എന്ന പായ്‌ക്കപ്പലിൽ യഹോവയുടെ സാക്ഷികൾ സാബയുടെ തീരത്തെത്തിയത്‌ അന്നായിരുന്നു. മിഷനറിമാരായ ഗസ്റ്റ്‌ മാകിയും സ്റ്റാൻലി കാർട്ടറും ലാഡർ (ഗോവണി) എന്ന പേരിലുള്ള, 500-ലധികം കൽപ്പടവുകൾ കയറി സാബയുടെ തലസ്ഥാനമായ ‘അടിവാര’ത്തേക്കു യാത്രചെയ്‌തു. * കഴിഞ്ഞ നൂറ്റാണ്ടുകളിൽ, ദ്വീപുവാസികളുടെ അടുത്തെത്താനുള്ള ഒരേയൊരു മാർഗമായി ഉപയോഗിച്ചിരുന്നത്‌ ഇടുങ്ങിയ ഈ പാതയായിരുന്നു.

സാബയിൽ നടത്തിയ സാക്ഷീകരണത്തിന്റെ ആദ്യത്തെ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചത്‌ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 1966-ലാണ്‌. അതനുസരിച്ച്‌, സജീവമായി പ്രവർത്തിച്ചിരുന്ന ഒരേയൊരു സാക്ഷിയാണ്‌ അന്ന്‌ ആ ദ്വീപിൽ ഉണ്ടായിരുന്നത്‌. പിന്നീട്‌, കാനഡയിൽനിന്നെത്തിയ ഒരു കുടുംബം വർഷങ്ങളോളം അവിടെ സുവാർത്ത ഘോഷിച്ചു. അടുത്തകാലത്ത്‌, ജോലിയിൽനിന്നു വിരമിച്ച അമേരിക്കൻ ദമ്പതികളായ റസെലും കാത്തിയും സാബയിൽ പ്രസംഗപ്രവർത്തനം ആരംഭിച്ചു. അവരുടെ കഥ കേൾക്കൂ.

സാബ സന്ദർശിക്കുന്നു

റൊണൾഡിന്റെ അതിഥികളായിട്ടാണ്‌ ഞാനും ഭാര്യയും സാബയിൽ എത്തിയത്‌. 1990-കളുടെ ഏറിയ പങ്കും അദ്ദേഹം മാത്രമാണ്‌ സാക്ഷിയായിട്ട്‌ അവിടെ ഉണ്ടായിരുന്നത്‌. ആതിഥേയൻ ഞങ്ങളെയും കാത്ത്‌ വിമാനത്താവളത്തിൽ നിൽപ്പുണ്ടായിരുന്നു. ആ ദ്വീപിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷികളൊന്നും നടത്തിയിരുന്നില്ല. അതുകൊണ്ട്‌, സമ്മാനമായി ഞങ്ങൾ കൊണ്ടുവന്ന പച്ചക്കറികളടങ്ങിയ ചെറിയ പെട്ടി കണ്ടപ്പോൾ അദ്ദേഹത്തിനു സന്തോഷമായി. ഒരു ചെറിയ ട്രക്കിലായിരുന്നു തുടർന്നുള്ള യാത്ര. ദുർഘടംപിടിച്ച വഴിയിലൂടെ സീനെറി പർവതം ചുറ്റി നിർജീവമായ ആ അഗ്നിപർവതത്തിന്റെ മുകളിലേക്കു ഞങ്ങൾ സാവകാശം നീങ്ങി.

ഹെൽസ്‌ ഗെയ്‌റ്റ്‌ (നരകവാതിൽ) എന്ന ഗ്രാമത്തിൽ വണ്ടി നിറുത്തി. പൊതു വാർത്താബോർഡിൽ ഞായറാഴ്‌ചത്തെ പരസ്യപ്രസംഗത്തിനുള്ള ക്ഷണക്കത്ത്‌ ഇട്ടിട്ടുണ്ടോ എന്നു പരിശോധിക്കാനായി റൊണൾഡ്‌ പുറത്തേക്കിറങ്ങി. അത്‌ അവിടെ ഉണ്ടെന്ന്‌ കണ്ടപ്പോൾ ഞങ്ങൾക്കെല്ലാവർക്കും സന്തോഷമായി. അദ്ദേഹം ട്രക്കിലേക്കു ചാടിക്കയറി. ദ്വീപിലെ ഏറ്റവും വലിയ ഗ്രാമമായ വിൻഡ്‌വേഡ്‌സൈഡിലേക്കുള്ള കയറ്റത്തിലൂടെ ഞങ്ങൾ യാത്ര തുടർന്നു. സമുദ്രനിരപ്പിൽനിന്ന്‌ ഏതാണ്ട്‌ 400 മീറ്റർ ഉയരത്തിലുള്ള മനോഹരമായ ആ ഗ്രാമം, അതിന്റെ പേരിന്റെ അർഥം സൂചിപ്പിക്കുന്നതുപോലെ കടൽക്കാറ്റടിക്കുന്ന വശത്തുതന്നെയാണു സ്ഥിതിചെയ്യുന്നത്‌. റൊണൾഡിന്റെ വസതിയിലേക്കുള്ള നിരത്തിലേക്കു ട്രക്ക്‌ പ്രവേശിച്ചപ്പോൾ ആ വീടിന്റെ പൂമുഖത്തായി ആകർഷണീയമായ നിറങ്ങളിൽ യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ എന്നെഴുതിയ ഒരു ബോർഡ്‌ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഞാൻ ചോദിച്ചു: “താങ്കൾ എങ്ങനെയാണ്‌ സാബയിലെ ഒരു രാജ്യഘോഷകൻ ആയിത്തീർന്നത്‌?” ഞങ്ങളുടെ സന്ദർശനലക്ഷ്യത്തോടു വളരെ ബന്ധമുള്ള ഒരു ചോദ്യമായിരുന്നു അത്‌.

റൊണൾഡ്‌ വിശദീകരിച്ചു: “1993-ൽ യഹോവയുടെ സാക്ഷികളുടെ പോർട്ടറിക്കോ ബ്രാഞ്ചിന്റെ നിർമാണം പൂർത്തിയായപ്പോൾ, വിദേശ നിയമനത്തിൽ പിന്നെയും തുടരണമെന്നായിരുന്നു എന്റെയും ഭാര്യയുടെയും ആഗ്രഹം. മുമ്പൊരിക്കൽ മറ്റൊരു പയനിയർ ദമ്പതികളോടൊപ്പം ഞങ്ങൾ സാബ സന്ദർശിച്ചിരുന്നു. അന്ന്‌ ഇവിടെ 1,400 പേരാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ ഒറ്റ സാക്ഷിപോലും ഇല്ലായിരുന്നു. അതുകൊണ്ട്‌ ഇവിടേക്കു താമസംമാറുന്നതിനെക്കുറിച്ച്‌ പോർട്ടറിക്കോ ബ്രാഞ്ച്‌ കമ്മറ്റിയുമായി ഞങ്ങൾ സംസാരിച്ചു.

“കാര്യങ്ങൾ ഭംഗിയായി പുരോഗമിച്ചു. താമസംമാറാൻ ഞങ്ങൾക്ക്‌ അനുവാദവും ലഭിച്ചു. സങ്കടകരമെന്നു പറയട്ടെ, ഭാര്യക്ക്‌ ഗുരുതരമായ അസുഖം ബാധിച്ചതിനെത്തുടർന്ന്‌ രണ്ടു വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾ കാലിഫോർണിയയിലേക്കു തിരിച്ചുപോയി. ഭാര്യയുടെ മരണശേഷം വീണ്ടും ഞാൻ സാബയിൽ വന്നു. എന്തെങ്കിലും തുടങ്ങിവെച്ചിട്ട്‌ അതു പൂർത്തീകരിക്കാതിരിക്കുന്നത്‌ എനിക്ക്‌ ഒട്ടും ഇഷ്ടമുള്ള കാര്യമല്ല.”

സാബയിൽ വീടുതോറും സാക്ഷീകരിക്കുന്നു

റൊണൾഡിന്റെ നൂറു വർഷം പഴക്കമുള്ള വീടിന്റെ സ്വീകരണമുറിയാണ്‌ രാജ്യഹാൾ. * ഞങ്ങൾ പ്രഭാതഭക്ഷണം കഴിച്ച്‌ വയൽസേവനത്തിനു തയ്യാറാകവേ മഴ ചാറാൻ തുടങ്ങി. മേൽക്കൂരയില്ലാതിരുന്ന അടുക്കള അൽപ്പമൊന്നു നനഞ്ഞു. ഭക്ഷണം കഴിഞ്ഞപ്പോൾ ആ പ്രഭാതത്തിൽ ‘അടിവാര’ത്തു വീടുതോറും സാക്ഷീകരിക്കാനായി ഞങ്ങൾ പുറപ്പെട്ടു. ആകാശത്ത്‌ മേഘക്കീറുകൾ തങ്ങിനിൽപ്പുണ്ടായിരുന്നു. പേർചൊല്ലിയാണ്‌ എല്ലാ വീട്ടുകാരെയും റൊണൾഡ്‌ സംബോധന ചെയ്‌തത്‌. ആയിടെ അവിടെ നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള പത്രറിപ്പോർട്ടിനെ കേന്ദ്രീകരിച്ചായിരുന്നു ഞങ്ങളുടെ ചർച്ച. റൊണൾഡിനെയും അദ്ദേഹത്തിന്റെ പ്രസംഗപ്രവർത്തനത്തെയും കുറിച്ച്‌ മിക്കവർക്കും അറിയാം. അനേകരും യാതൊരു മടിയും കൂടാതെ ബൈബിൾ സാഹിത്യങ്ങൾ സ്വീകരിച്ചു.

രാജ്യസന്ദേശത്തിൽ താത്‌പര്യം പ്രകടിപ്പിക്കുന്നവരെ നന്നായി ഓർത്തിരുന്നാൽ മാത്രമേ പിന്നീട്‌ അവരെ കണ്ടുപിടിക്കാൻ കഴിയൂ. കാരണം എന്താണെന്നറിയാമോ? “എല്ലാ വീടുകളും പെയിന്റ്‌ ചെയ്യുന്നത്‌ ഒരേ നിറത്തിൽ ആയിരിക്കണം എന്നതാണ്‌ ഇവിടത്തെ നിയമം,” റൊണൾഡ്‌ പറയുന്നു. അതു ശരിയാണ്‌. സാബയിലെ വീടുകൾക്കെല്ലാം വെള്ളനിറമാണ്‌. മേൽക്കൂര ചുവപ്പും.

ബൈബിൾ ചർച്ചയ്‌ക്കുശേഷം, ഞായറാഴ്‌ച രാജ്യഹാളിൽ നടത്തുന്ന ബൈബിൾ പ്രസംഗം കേൾക്കാൻ വീട്ടുകാരെ ഞങ്ങൾ ക്ഷണിച്ചു. റൊണൾഡ്‌ സ്ഥലത്തുള്ളപ്പോൾ എല്ലാ ആഴ്‌ചയിലും അദ്ദേഹം പരസ്യപ്രസംഗം നടത്തുന്നു. ഇപ്പോൾ സാബയിൽ 17 ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്‌. 2004-ൽ 20 പേർ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകത്തിനു ഹാജരായി. ഇതൊരു ചെറിയ സംഖ്യയാണെന്നു തോന്നിയേക്കാം. എന്നാൽ സാബയിലെ ജനസംഖ്യയുടെ ഒരു ശതമാനമാണ്‌ അത്‌.

ദൈവത്തിന്റെ രക്ഷാസന്ദേശം കഴിയുന്നത്ര ആളുകളെ അറിയിക്കാൻ യഹോവയുടെ സാക്ഷികൾ കഠിനമായി പരിശ്രമിക്കുന്നുവെന്നതിനു സംശയമില്ല. ‘സകലജാതികളെയും’ അഥവാ സകല രാഷ്‌ട്രങ്ങളിലുള്ളവരെയും​—⁠സാബയെപ്പോലുള്ള ഏതെങ്കിലും ചെറിയ ദ്വീപിൽ ഉള്ളവരെയായാലും വൻഭൂഖണ്ഡത്തിൽ ഉള്ളവരെയായാലും​—⁠‘ശിഷ്യരാക്കാനുള്ള’ തങ്ങളുടെ നിയമനം അവർ വിശ്വസ്‌തതയോടെ നിറവേറ്റുന്നു.​—⁠മത്തായി 28:20.

ഞങ്ങളുടെ സന്ദർശനം ഇവിടെ അവസാനിക്കുന്നു. കൈ ഉയർത്തിവീശി വിടപറഞ്ഞുകൊണ്ട്‌ ഞങ്ങൾ വിമാനത്തിലേക്കു കയറി. സാബസന്ദർശനവും ‘അടിവാര’ത്തേക്കു കയറിച്ചെല്ലാനായി നടത്തിയ യാത്രയും ഓർമയുടെ മണിച്ചെപ്പിൽ ഞങ്ങൾ എന്നും സൂക്ഷിക്കും!

[അടിക്കുറിപ്പുകൾ]

^ ഖ. 3 ഈ സ്ഥലം ഒരു അഗ്നിപർവതമുഖത്തിന്റെ അടിത്തട്ടിൽ സ്ഥിതിചെയ്യുന്നതായി കടൽക്കൊള്ളക്കാർ കരുതിയിരുന്നതിനാലാണ്‌ അവർ ഇതിനെ ‘അടിവാരം’ എന്നു വിളിച്ചത്‌ എന്നു തോന്നുന്നു.

^ ഖ. 12 2003 സെപ്‌റ്റംബർ 28-ന്‌ യു.എ⁠സ്‌.എ.-യിലെ ഫ്‌ളോറിഡയിൽനിന്നെത്തിയ സ്വമേധാസേവകർ പുതുക്കിപ്പണിത, സമീപത്തുള്ള ഒരു കെട്ടിടമാണ്‌ ഇപ്പോൾ ഇവിടത്തെ രാജ്യഹാൾ.

[10-ാം പേജിലെ ഭൂപടങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

പോർട്ടറിക്കോ

[10-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

പശ്ചാത്തലം: www.sabatourism.com