വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുദ്ധത്തിന്‌ അറുതി

യുദ്ധത്തിന്‌ അറുതി

യുദ്ധത്തിന്‌ അറുതി

‘ഞങ്ങൾക്കു 12 വയസ്സേ ഉള്ളൂ. രാഷ്‌ട്രീയത്തെയും യുദ്ധത്തെയും സ്വാധീനിക്കാൻ ഞങ്ങൾക്കു കഴിയില്ല. പക്ഷേ ഞങ്ങൾ ജീവിക്കാൻ ആഗ്രഹി ക്കുന്നു! ഞങ്ങൾ സമാധാനത്തിനായി കാത്തിരിക്കുകയാണ്‌. അതു കാണാൻ ഞങ്ങൾ ജീവിച്ചിരിക്കുമോ?’ ​—അഞ്ചാം തരത്തിൽ പഠിക്കുന്ന ഒരു കൂട്ടം സ്‌കൂൾ കുട്ടികൾ.

‘തട്ടിക്കൊണ്ടു പോകുമെന്ന ഭയമില്ലാതെ സ്‌കൂളിൽ പോകാനും കൂട്ടുകാരെയും ബന്ധുക്കളെയും സന്ദർശിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഗവൺമെന്റ്‌ ഈ കാര്യത്തിൽ ശ്രദ്ധിക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു. ഞങ്ങൾക്ക്‌ ഒരു നല്ല ജീവിതം വേണം. ഞങ്ങൾക്കു സമാധാനം വേണം.’ ​—അൽഹാജി, 14 വയസ്സ്‌.

ഹൃദയത്തിലേക്ക്‌ ആഴ്‌ന്നിറങ്ങുന്ന ഈ വാക്കുകൾ, വർഷങ്ങളോളം ആഭ്യന്തര കലാപങ്ങളുടെ കയ്‌പുനീർ കുടിക്കേണ്ടിവന്നിട്ടുള്ള യുവജനങ്ങളുടെ ഹൃദയംഗമമായ ആഗ്രഹത്തിന്റെ ബഹിർസ്‌ഫുരണങ്ങളാണ്‌. ഒരു സാധാരണ ജീവിതം നയിക്കണമെന്നു മാത്രമേ അവർക്ക്‌ ആശയുള്ളൂ. പക്ഷേ, അഭിലാഷങ്ങൾ പൂവണിയിക്കുക എന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. യുദ്ധമില്ലാത്ത ഒരു ലോകം കാണാൻ നാം ജീവിച്ചിരിക്കുമോ?

അടുത്ത കാലങ്ങളിൽ, ഒരു സമാധാന കരാറിൽ ഒപ്പിടാൻ എതിർച്ചേരികളുടെമേൽ സമ്മർദം ചെലുത്തിക്കൊണ്ട്‌ ചില ആഭ്യന്തര യുദ്ധങ്ങൾക്ക്‌ അറുതി വരുത്താനുള്ള ശ്രമങ്ങൾ അന്താരാഷ്‌ട്ര തലത്തിൽ ഉണ്ടായിട്ടുണ്ട്‌. ഇത്തരം കരാറുകൾ നടപ്പിൽ വരുത്താൻ ചില രാജ്യങ്ങൾ സമാധാന സേനകളെ അയച്ചിട്ടുണ്ട്‌. പക്ഷേ, കൊടുംപകയും അവിശ്വാസവും കൊടികുത്തിവാഴുന്ന രാജ്യങ്ങളിൽ, പോരാടുന്ന ചേരികൾക്കിടയിലെ ഏതൊരു സമാധാന കരാറും എപ്പോൾ വേണമെങ്കിലും ഉടഞ്ഞു ചിതറാവുന്ന നിലയിലാണ്‌. അങ്ങനെയുള്ള വിദൂര രാജ്യങ്ങളിലെ കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കാനുള്ള ആഗ്രഹവും സാമ്പത്തികശേഷിയും ഉള്ള രാജ്യങ്ങൾ ചുരുക്കമാണ്‌. ഒരു വെടിനിറുത്തൽ കരാർ ഒപ്പിട്ട്‌ ഏതാനും ആഴ്‌ചകൾക്കോ മാസങ്ങൾക്കോ ഉള്ളിൽ യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെടുന്നത്‌ അത്ര വിരളമല്ല. സ്റ്റോക്‌ഹോം അന്താരാഷ്‌ട്ര സമാധാന ഗവേഷണ സ്ഥാപനം ചൂണ്ടിക്കാണിക്കുന്നതുപോലെ, “പോരാളികൾക്ക്‌ പോരാട്ടം തുടരാൻ താത്‌പര്യവും പ്രാപ്‌തിയും ഉള്ളപ്പോൾ സമാധാനം കൈവരിക്കുക ബുദ്ധിമുട്ടാണ്‌.”

അതേസമയം, ഭൂമിയുടെ അനേക ഭാഗങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്ന, യാതൊരു അറുതിയും വരുത്താൻ കഴിഞ്ഞിട്ടില്ലാത്ത ഈ ഏറ്റുമുട്ടലുകൾ ഒരു ബൈബിൾ പ്രവചനത്തെ ക്രിസ്‌ത്യാനികളുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. ഒരു പ്രതീകാത്മക കുതിരക്കാരൻ ‘ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയുന്ന,’ ചരിത്രത്തിലെ നിർണായകമായ ഒരു കാലഘട്ടത്തെ കുറിച്ച്‌ വെളിപ്പാടു പുസ്‌തകം പറയുന്നു. (വെളിപ്പാടു 6:⁠4) “അന്ത്യകാലം” [“അന്ത്യനാളുകൾ”, NW] എന്നു ബൈബിൾ വിശേഷിപ്പിക്കുന്ന സമയത്താണ്‌ നാം ഇപ്പോൾ ജീവിക്കുന്നതെന്നു സൂചിപ്പിക്കുന്ന ഒരു സംയുക്ത അടയാളത്തിന്റെ ഭാഗമാണ്‌ ഇടതടവില്ലാത്ത പോരാട്ടത്തെ കുറിച്ചുള്ള ഈ പ്രവചനം. * (2 തിമൊഥെയൊസ്‌ 3:⁠1) എന്നിരുന്നാലും, ഈ അന്ത്യനാളുകൾ സമാധാനത്തിന്റെ മുന്നോടി ആണെന്ന്‌ ദൈവവചനം നമുക്ക്‌ ഉറപ്പു നൽകുന്നു.

യഥാർഥ സമാധാനം കളിയാടുന്നതിനായി യുദ്ധത്തിന്‌ അറുതി വരുത്തേണ്ടതുണ്ടെന്ന്‌ സങ്കീർത്തനം 46:⁠9-ൽ ബൈബിൾ ചൂണ്ടിക്കാട്ടുന്നു, ഗോളത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തു മാത്രമല്ല, മുഴുഭൂമിയിലും. മാത്രമല്ല, വില്ല്‌, കുന്തം, രഥങ്ങൾ എന്നിങ്ങനെ ബൈബിൾ കാലങ്ങളിലെ യുദ്ധായുധങ്ങൾ നാശത്തിനിരയാക്കുന്നതായും ഇതേ സങ്കീർത്തനത്തിൽ എടുത്തു പറഞ്ഞിരിക്കുന്നു. മനുഷ്യനു സമാധാനത്തോടെ ജീവിക്കണമെങ്കിൽ ഇന്നു കുന്നുകൂട്ടിയിരിക്കുന്ന ആയുധങ്ങളും ഇതുപോലെ നശിപ്പിക്കേണ്ടത്‌ ആവശ്യമാണ്‌.

ആത്യന്തികമായി പറഞ്ഞാൽ, യുദ്ധത്തിന്റെ തീജ്വാലകൾ ആളിക്കത്തിക്കുന്നതിൽ വെടിയുണ്ടകളെക്കാളും തോക്കുകളെക്കാളും പങ്ക്‌ വിദ്വേഷത്തിനും അത്യാഗ്രഹത്തിനുമാണ്‌. അത്യാഗ്രഹം, യുദ്ധത്തിന്റെ ഒരു മൂലകാരണമാണ്‌. വിദ്വേഷം പലപ്പോഴും അക്രമത്തിനു വഴിമരുന്നിടുകയും ചെയ്യുന്നു. വിനാശകമായ ഈ വികാരങ്ങളെ ആമൂലാഗ്രം പിഴുതെറിയാൻ ആളുകൾ തങ്ങളുടെ ചിന്താരീതിക്കു മാറ്റം വരുത്തേണ്ടതുണ്ട്‌. അവർ സമാധാനത്തിന്റെ പാതയിൽ അഭ്യസിപ്പിക്കപ്പെടേണ്ടതുണ്ട്‌. അങ്ങനെ, പുരാതനകാലത്തെ പ്രവാചകനായിരുന്ന യെശയ്യാവ്‌ വസ്‌തുനിഷ്‌ഠമായി പറഞ്ഞതുപോലെ, ആളുകൾ ‘ഇനി യുദ്ധം അഭ്യസിക്കാതിരിക്കുമ്പോൾ’ മാത്രമേ യുദ്ധത്തിന്‌ അറുതിവരുകയുള്ളൂ.​—⁠യെശയ്യാവു 2:⁠4.

എന്നിരുന്നാലും, ഇന്നു നാം ജീവിക്കുന്ന ലോകം മുതിർന്നവരെയും കുട്ടികളെയും സമാധാനത്തിന്റെ വില എന്തെന്നു പഠിപ്പിക്കുകയല്ല മറിച്ച്‌ യുദ്ധത്തിന്റെ മഹത്ത്വത്തെ വാഴ്‌ത്തിപ്പാടുകയാണു ചെയ്യുന്നത്‌. ദുഃഖകരമെന്നു പറയട്ടെ, കൊല ചെയ്യാൻ കുട്ടികളെപ്പോലും പരിശീലിപ്പിക്കുന്നു.

അവർ കൊല്ലാൻ അഭ്യസിച്ചു

അൽഹാജി 14 വയസ്സുവരെ ഒരു ബാലഭടനായി സേവിച്ചു. വിപ്ലവകാരികൾ അവനെ പിടിച്ചുകൊണ്ടുപോയി എകെ-47 ഉപയോഗിച്ച്‌ പോരാടാൻ പരിശീലിപ്പിച്ചപ്പോൾ അവനു പത്തുവയസ്സേ ഉണ്ടായിരുന്നുള്ളൂ. സൈനികനാകാൻ നിർബന്ധിതനായശേഷം അവൻ ഭക്ഷ്യവസ്‌തുക്കൾ കൊള്ളയടിച്ചു, വീടുകൾ ചുട്ടു ചാമ്പലാക്കി. കൂടാതെ, ആളുകളെ കൊല്ലുകയും അംഗഭംഗം വരുത്തുകയും ചെയ്‌തു. ഇന്ന്‌, യുദ്ധാനുഭവങ്ങൾ വിസ്‌മരിച്ച്‌ ഒരു സാധാരണ പൗരജീവിതത്തോടു പൊരുത്തപ്പെടാൻ അൽഹാജിക്കു ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നു. മറ്റൊരു ബാലഭടനായ അബ്രഹാമും കൊല്ലാൻ പഠിച്ചു. തന്റെ ആയുധം വിട്ടുകൊടുക്കാൻ അവനു മടിയായിരുന്നു. അവൻ പറയുന്നു: “തോക്കില്ലാതെ എവിടെയെങ്കിലും പൊയ്‌ക്കൊള്ളാൻ അവർ എന്നോടു പറഞ്ഞാൽ ഞാൻ എന്തു ചെയ്യും, എങ്ങനെ ആഹാരം കണ്ടെത്തും എന്ന്‌ എനിക്കറിയില്ല.”

ഇന്നും, ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 3,00,000-ത്തിലേറെ ബാലസൈനികർ ഈ ഭൂഗ്രഹത്തെ ഗ്രസിച്ചിരിക്കുന്ന ഒടുങ്ങാത്ത പോരാട്ടങ്ങളിൽ പൊരുതുകയും ജീവൻ വെടിയുകയും ചെയ്യുന്നു. ഒരു വിപ്ലവനേതാവ്‌ ഇപ്രകാരം പറഞ്ഞു: “അവർ ആജ്ഞകൾ അനുസരിക്കുന്നു, തിരികെ ഭാര്യയുടെയോ കുടുംബത്തിന്റെയോ അടുത്തേക്കു പോകണമെന്ന ചിന്ത അവർക്കില്ലല്ലോ. ഭയമെന്താണെന്ന്‌ അവർക്ക്‌ അറിയില്ല.” പക്ഷേ, ഈ കുട്ടികൾ ഒരു നല്ല ജീവിതം ആഗ്രഹിക്കുന്നു, അവർ അത്‌ അർഹിക്കുകയും ചെയ്യുന്നു.

വികസിത രാജ്യങ്ങളിലുള്ളവർക്ക്‌, ഒരു ബാലഭടന്റെ ഭീകരാവസ്ഥ എന്തെന്നു സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടു തോന്നിയേക്കാം. എന്നിരുന്നാലും, പാശ്ചാത്യ നാടുകളിലെ അനേകം കുട്ടികൾ തങ്ങളുടെ വീടിന്റെ സുഖസൗകര്യങ്ങൾക്കുള്ളിൽ യുദ്ധം അഭ്യസിക്കുന്നുണ്ട്‌. ഏതു വിധത്തിൽ?

തെക്കുകിഴക്കൻ സ്‌പെയിനിൽനിന്നുള്ള ഹൊസേയുടെ കാര്യമെടുക്കുക. ആയോധന കല അഭ്യസിക്കുന്നത്‌ പ്രിയപ്പെടുന്ന ഒരു കൗമാരപ്രായക്കാരനായിരുന്നു അവൻ. ഒരു സമുറായ്‌ വാൾ ആയിരുന്നു അവന്റെ വിലപ്പെട്ട സ്വത്ത്‌. ക്രിസ്‌തുമസിന്‌ അച്ഛൻ വാങ്ങിക്കൊടുത്തതായിരുന്നു അത്‌. അവൻ വീഡിയോ ഗെയിമുകളും ഇഷ്ടപ്പെട്ടിരുന്നു, പ്രത്യേകിച്ച്‌ അക്രമം നിറഞ്ഞുനിൽക്കുന്നവ. 2000 ഏപ്രിൽ 1-ന്‌ അവൻ വീഡിയോ ഗെയിമിലെ ഹീറോയുടെ അക്രമാസക്തി യഥാർഥ ജീവിതത്തിൽ പകർത്തി. അക്രമഭ്രാന്ത്‌ തലയ്‌ക്കുപിടിച്ച അവൻ അച്ഛൻ സമ്മാനിച്ച അതേ വാളുകൊണ്ട്‌ അച്ഛനെയും അമ്മയെയും അനുജത്തിയെയും വകവരുത്തി. “ലോകത്തിൽ ഞാൻ തനിച്ചായിരിക്കാൻ ആഗ്രഹിച്ചു. മാതാപിതാക്കൾ എന്നെ തിരയുന്നത്‌ എനിക്കിഷ്ടമില്ലായിരുന്നു,” അവൻ പോലീസിനോടു പറഞ്ഞു.

അക്രമാസക്ത വിനോദങ്ങൾ ഉളവാക്കുന്ന ഫലങ്ങളെ കുറിച്ച്‌ അഭിപ്രായപ്പെടവേ, എഴുത്തുകാരനും സൈനിക ഉദ്യോഗസ്ഥനുമായ ഡേവ്‌ ഗ്രോസ്സ്‌മൻ ഇപ്രകാരം പറയുന്നു: “വേദനയും ദുരിതവും വരുത്തിവെക്കുന്നത്‌ ഒരു വിനോദോപാധി ആയിത്തീർന്നിരിക്കുന്ന അളവോളം നമ്മുടെ മനസ്സു തഴമ്പിച്ചുപോയിരിക്കുന്നു. അതിനോടു വെറുപ്പു തോന്നുന്നതിനു പകരം, സ്വയം അതിൽ പങ്കെടുക്കുന്നതായി വിഭാവന ചെയ്‌ത്‌ ഒരുതരം ആനന്ദം കണ്ടെത്തുകയാണ്‌. നാം കൊല്ലാൻ പഠിക്കുകയാണ്‌, അത്‌ ആസ്വദിക്കാനും.”

അൽഹാജിയും ഹൊസേയും കൊല്ലാൻ പഠിച്ചു. അവർ കൊലയാളികളാകാൻ ആഗ്രഹിച്ചതല്ല. പക്ഷേ, ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള അഭ്യസനം അവരുടെ ചിന്താഗതിയെ വികൃതമാക്കി. അത്തരം പരിശീലനം​—⁠അതു കുട്ടികൾക്കായാലും മുതിർന്നവർക്കായാലും​—⁠അക്രമത്തിന്റെയും യുദ്ധത്തിന്റെയും വിത്തുകൾ പാകുന്നു.

യുദ്ധത്തിനു പകരം സമാധാനം അഭ്യസിക്കുന്നു

ആളുകൾ കൊല്ലാൻ പഠിക്കുന്നിടത്തോളം കാലം, നിലനിൽക്കുന്ന സമാധാനം പ്രാപ്യമല്ല. അനേകം നൂറ്റാണ്ടുകൾക്കു മുമ്പ്‌ യെശയ്യാ പ്രവാചകൻ ഇപ്രകാരം എഴുതി: “നീ എന്റെ കല്‌പനകളെ കേട്ടനുസരിച്ചങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെ . . . ആകുമായിരുന്നു.” (യെശയ്യാവു 48:⁠17, 18) ആളുകൾ ദൈവവചനത്തിന്റെ സൂക്ഷ്‌മ പരിജ്ഞാനം നേടുകയും ദൈവനിയമത്തെ സ്‌നേഹിക്കാൻ പഠിക്കുകയും ചെയ്യുമ്പോൾ അക്രമവും യുദ്ധവും അവർക്കു വെറുപ്പായിത്തീരും. ഇപ്പോൾ പോലും, മാതാപിതാക്കൾക്ക്‌ തങ്ങളുടെ കുട്ടികൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന കളികളിൽ ഏർപ്പെടുന്നില്ല എന്ന്‌ ഉറപ്പാക്കാൻ കഴിയും. മുതിർന്നവർക്കും വിദ്വേഷവും അത്യാഗ്രഹവും തരണം ചെയ്യാൻ പഠിക്കുന്നതിനു കഴിയും. വ്യക്തിത്വങ്ങൾക്കു സമൂലമാറ്റം വരുത്താൻ ദൈവവചനത്തിനു കഴിയുമെന്ന്‌ യഹോവയുടെ സാക്ഷികൾ വീണ്ടും വീണ്ടും തിരിച്ചറിഞ്ഞിരിക്കുന്നു.​—⁠എബ്രായർ 4:⁠12.

ഉദാഹരണത്തിന്‌, ഓർട്ടെൻസ്യോയുടെ കാര്യമെടുക്കുക. ചെറുപ്പത്തിൽത്തന്നെ തന്റെ ഇഷ്ടത്തിനു വിരുദ്ധമായി അവന്‌ ഒരു പട്ടാളക്കാരൻ ആയിത്തീരേണ്ടിവന്നു. “മറ്റുള്ളവരെ കൊല്ലാനുള്ള ആഗ്രഹം ഉൾനടുകയും കൊല്ലാനുള്ള ഭയം ഇല്ലാതാക്കുകയും ചെയ്യുക എന്നതായിരുന്നു” തങ്ങൾക്കു ലഭിച്ച പരിശീലനത്തിന്റെ ഉദ്ദേശ്യം എന്ന്‌ അവൻ വിശദീകരിക്കുന്നു. ആഫ്രിക്കയിൽ, വളരെക്കാലം ദീർഘിച്ച ഒരു ആഭ്യന്തര യുദ്ധത്തിൽ അവൻ പൊരുതി. “യുദ്ധം എന്റെ വ്യക്തിത്വത്തെ ബാധിച്ചു,” അവൻ സമ്മതിക്കുന്നു. “ഞാൻ എന്തെല്ലാം ചെയ്‌തോ അതെല്ലാം ഇന്നും ഞാൻ ഓർക്കുന്നു. ചെയ്യാൻ നിർബന്ധിതനായിത്തീർന്ന കാര്യങ്ങളെ പ്രതി ഞാൻ ഏറെ ദുഃഖിക്കുന്നു.”

ഓർട്ടെൻസ്യോയുടെ ഒരു സഹസൈനികൻ ബൈബിളിനെ കുറിച്ചു സംസാരിച്ചപ്പോൾ അത്‌ അവന്റെ ഹൃദയത്തെ സ്‌പർശിച്ചു. എല്ലാത്തരം യുദ്ധങ്ങൾക്കും അറുതിവരുത്തുമെന്നുള്ള സങ്കീർത്തനം 46:⁠9-ലെ ദൈവത്തിന്റെ വാഗ്‌ദാനം അവന്റെ മനംകവർന്നു. ബൈബിൾ എത്രയധികം പഠിച്ചുവോ അത്രയധികം പോരാട്ടത്തിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കാൻ അവൻ ആഗ്രഹിച്ചു. താമസിയാതെ, അവനെയും രണ്ടു കൂട്ടുകാരെയും പട്ടാളത്തിൽനിന്നു പിരിച്ചുവിട്ടു. അവർ തങ്ങളുടെ ജീവിതം യഹോവയാം ദൈവത്തിനു സമർപ്പിച്ചു. “എന്റെ ശത്രുക്കളെ സ്‌നേഹിക്കാൻ ബൈബിൾ സത്യം എന്നെ സഹായിച്ചു,” ഓർട്ടെൻസ്യോ പറയുന്നു. “യുദ്ധത്തിൽ പോരാടുമ്പോൾ ഞാൻ വാസ്‌തവത്തിൽ യഹോവയോടു പാപം ചെയ്യുകയാണെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. കാരണം അയൽക്കാരനെ കൊല്ലരുതെന്ന്‌ യഹോവ പറയുന്നു. ഈ സ്‌നേഹം പ്രകടമാക്കുന്നതിന്‌, ഞാൻ എന്റെ ചിന്താരീതിക്കു മാറ്റം വരുത്തുകയും ആളുകളെ എന്റെ ശത്രുക്കളായി വീക്ഷിക്കാതിരിക്കുകയും ചെയ്യണമായിരുന്നു.”

ബൈബിൾ വിദ്യാഭ്യാസം വാസ്‌തവമായും സമാധാനത്തെ ഊട്ടിവളർത്തുന്നുവെന്ന്‌ ഇത്തരം യഥാർഥ ജീവിതാനുഭവങ്ങൾ ചിത്രീകരിക്കുന്നു. ഇത്‌ അതിശയമല്ല. ദൈവിക വിദ്യാഭ്യാസവും സമാധാനവും നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നെന്ന്‌ യെശയ്യാ പ്രവാചകൻ പറയുകയുണ്ടായി. അവൻ ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: ‘നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.’ (യെശയ്യാവു 54:⁠13) സകല ജനതകളിൽനിന്നുമുള്ള ആളുകൾ യഹോവയാം ദൈവത്തിന്റെ വഴികൾ പഠിക്കുന്നതിന്‌ അവന്റെ സത്യാരാധനയിലേക്ക്‌ ഒഴുകിച്ചെല്ലുന്ന ഒരു കാലം ഇതേ പ്രവാചകൻ മുൻകൂട്ടി കാണുകയുണ്ടായി. അതിന്റെ ഫലം എന്തായിരിക്കും? ‘അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.’​—⁠യെശയ്യാവു 2:⁠2-4.

ഈ പ്രവചനത്തിനു ചേർച്ചയിൽ, യഹോവയുടെ സാക്ഷികൾ ഒരു ആഗോള വിദ്യാഭ്യാസ വേലയിൽ ഏർപ്പെട്ടിരിക്കുകയാണ്‌. മാനവ യുദ്ധങ്ങളുടെ മൂലകാരണമായ വിദ്വേഷത്തിന്റെ വേരറുക്കുന്നതിന്‌ ഈ വിദ്യാഭ്യാസം ഇപ്പോൾത്തന്നെ ദശലക്ഷങ്ങളെ സഹായിച്ചിരിക്കുന്നു.

ലോകസമാധാനത്തിനുള്ള ഉറപ്പ്‌

ഈ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതു കൂടാതെ, ലോകസമാധാനം ഉറപ്പുവരുത്താൻ പ്രാപ്‌തമായ ഒരു ഗവൺമെന്റ്‌ അഥവാ “രാജ്യം” ദൈവം സ്ഥാപിച്ചിരിക്കുന്നു. ശ്രദ്ധേയമായി, ദൈവം തിരഞ്ഞെടുത്തിരിക്കുന്ന ഭരണാധികാരിയായ യേശുക്രിസ്‌തുവിനെ, “സമാധാനപ്രഭു” എന്നാണു ബൈബിൾ വർണിച്ചിരിക്കുന്നത്‌. ബൈബിൾ നമുക്ക്‌ പിൻവരുന്ന കൂടുതലായ ഉറപ്പു നൽകുന്നു, “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല.”​—⁠യെശയ്യാവു 9:⁠6, 7.

ക്രിസ്‌തുവിന്റെ ഭരണം എല്ലാത്തരം യുദ്ധങ്ങളെയും ഉന്മൂലനം ചെയ്യുന്നതിൽ വിജയിക്കും എന്നതിന്‌ നമുക്ക്‌ എന്ത്‌ ഉറപ്പാണുള്ളത്‌? പ്രവാചകനായ യെശയ്യാവ്‌ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്‌ണത അതിനെ നിവർത്തിക്കും.” (യെശയ്യാവു 9:⁠7) സമാധാനം എന്നേക്കും നിലനിറുത്തണം എന്നുള്ളത്‌ ദൈവത്തിന്റെ ഇഷ്ടമാണ്‌. അത്‌ നിവർത്തിക്കാനുള്ള കഴിവും അവനുണ്ട്‌. ഈ വാഗ്‌ദാനത്തിൽ യേശുവിന്‌ പൂർണ വിശ്വാസമുണ്ട്‌. അതുകൊണ്ടാണ്‌, ദൈവരാജ്യം വരാനും ഭൂമിയിൽ ദൈവേഷ്ടം നിറവേറാനും പ്രാർഥിക്കാൻ അവൻ തന്റെ അനുഗാമികളെ പഠിപ്പിച്ചത്‌. (മത്തായി 6:⁠9, 10) ഹൃദയംഗമമായ ഈ അപേക്ഷയ്‌ക്ക്‌ ഒടുവിൽ ഉത്തരം ലഭിക്കുമ്പോൾ, യുദ്ധം മേലാൽ ഭൂഗ്രഹത്തിന്മേൽ പുഴുക്കുത്തു വീഴ്‌ത്തുകയില്ല.

[അടിക്കുറിപ്പ്‌]

^ ഖ. 6 നാം ജീവിക്കുന്നത്‌ അന്ത്യനാളുകളിലാണ്‌ എന്നതിനുള്ള തെളിവുകൾ പരിശോധിക്കുന്നതിനായി, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെ 11-ാം അധ്യായം കാണുക.

[7-ാം പേജിലെ ചിത്രം]

ബൈബിൾ വിദ്യാഭ്യാസം യഥാർഥ സമാധാനത്തെ ഉന്നമിപ്പിക്കുന്നു