വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുവർണ നിയമം ഒരു സാർവലൗകിക പഠിപ്പിക്കൽ

സുവർണ നിയമം ഒരു സാർവലൗകിക പഠിപ്പിക്കൽ

സുവർണ നിയമം ഒരു സാർവലൗകിക പഠിപ്പിക്കൽ

“മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.”​—⁠മത്തായി 7:12.

ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുമ്പ്‌ യേശുക്രിസ്‌തു തന്റെ വിഖ്യാതമായ ഗിരിപ്രഭാഷണത്തിൽ പറഞ്ഞ വാക്കുകളാണവ. അന്നു മുതൽ ഇങ്ങോട്ട്‌ ലളിതമായ ആ പ്രസ്‌താവനയെ കുറിച്ചു വളരെയധികം പറയപ്പെടുകയും എഴുതപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. ഉദാഹരണത്തിന്‌, “തിരുവെഴുത്തുകളുടെ സത്ത,” “അയൽക്കാരനോടുള്ള ഒരു ക്രിസ്‌ത്യാനിയുടെ കടമയുടെ രത്‌നച്ചുരുക്കം,” “ഒരു അടിസ്ഥാന ധാർമിക തത്ത്വം” എന്നൊക്കെ അതിനെ പ്രകീർത്തിച്ചിരിക്കുന്നു. സുവർണ നിയമം എന്നു മിക്കപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന അളവോളം അത്‌ വിഖ്യാതമായി തീർന്നിരിക്കുന്നു.

എന്നാൽ സുവർണ നിയമത്തിൽ ഉൾക്കൊണ്ടിരിക്കുന്ന ആശയം അംഗീകരിക്കുന്നത്‌ ക്രൈസ്‌തവർ മാത്രമല്ല. യഹൂദ, ബുദ്ധ മത പഠിപ്പിക്കലുകൾ, ഗ്രീക്കു തത്ത്വചിന്ത എന്നിവയിലെല്ലാം ഈ അടിസ്ഥാന ധാർമിക തത്ത്വം ഏതെങ്കിലുമൊരു രൂപത്തിൽ കാണാൻ കഴിയും. വിദൂര പൗരസ്‌ത്യ ദേശങ്ങളിൽ ഉള്ളവർക്കു പ്രത്യേകിച്ചും പരിചിതമായതാണ്‌ ഏറ്റവും വലിയ ദാർശനികനും ഗുരുവും എന്ന നിലയിൽ അവിടങ്ങളിൽ ആദരിക്കപ്പെടുന്ന കൺഫ്യൂഷ്യസിന്റെ വാക്കുകൾ. കൺഫ്യൂഷ്യസ്‌ മതത്തിന്റെ ചതുർഗ്രന്ഥങ്ങളിൽ (ഇംഗ്ലീഷ്‌) മൂന്നാമത്തേതായ ദി ആനലെക്‌റ്റ്‌സിൽ ഈ ആശയം മൂന്നു തവണ നമുക്കു കാണാൻ കഴിയും. തന്റെ ശിഷ്യന്മാരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി രണ്ടുവട്ടം കൺഫ്യൂഷ്യസ്‌ പ്രസ്‌താവിച്ചു: “മറ്റുള്ളവർ നിങ്ങളോടു ചെയ്യാൻ ആഗ്രഹിക്കാത്തത്‌ അവരോടും ചെയ്യരുത്‌.” മറ്റൊരു സന്ദർഭത്തിൽ ഡ്‌സിഗോങ്‌ എന്ന ഒരു ശിഷ്യൻ, “മറ്റുള്ളവർ എന്നോടു ചെയ്യാൻ ഞാൻ ആഗ്രഹിക്കാത്തത്‌ അവരോടു ചെയ്യാൻ ഞാനും ആഗ്രഹിക്കുന്നില്ല” എന്നു വീമ്പിളക്കിയപ്പോൾ, ഗുരുവിന്റെ ചിന്തോദ്ദീപകമായ മറുപടി ഇതായിരുന്നു: “അതേ, എന്നാൽ ഇതുവരെ അതു പ്രാവർത്തികമാക്കാൻ നിനക്കു കഴിഞ്ഞിട്ടില്ല.”

ഈ വാക്കുകൾ വായിക്കുന്ന ഒരാൾക്ക്‌ കൺഫ്യൂഷ്യസിന്റെ പ്രസ്‌താവന യേശു പിന്നീട്‌ പറഞ്ഞ വാക്കുകളുടെ നിഷേധാത്മക രൂപമാണെന്നു മനസ്സിലാക്കാനാകും. യേശു നൽകിയ സുവർണനിയമം ക്രിയാത്മക നടപടികൾ, മറ്റുള്ളവർക്കു നന്മ ചെയ്യുന്നത്‌ ആവശ്യമാക്കിത്തീർക്കുന്നു എന്നതാണ്‌ പ്രകടമായ വ്യത്യാസം. ആളുകൾ മറ്റുള്ളവരോടു കരുതൽ പ്രകടമാക്കുകയും അവരെ സഹായിക്കുകയും ചെയ്‌തുകൊണ്ട്‌ യേശുവിന്റെ ക്രിയാത്മക പ്രസ്‌താവനയ്‌ക്കു ചേർച്ചയിൽ അനുദിനം ജീവിക്കുന്നെങ്കിൽ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കും? അതു കൂടുതൽ മെച്ചമായിത്തീരുകയില്ലേ? തീർച്ചയായും.

പ്രസ്‌തുത നിയമം പ്രസ്‌താവിച്ചിരിക്കുന്നത്‌ ക്രിയാത്മക രൂപത്തിലോ നിഷേധാത്മക രൂപത്തിലോ മറ്റേതെങ്കിലും രൂപത്തിലോ ആയാലും വ്യത്യസ്‌ത കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന, വിവിധ സ്ഥലങ്ങളിൽനിന്നും പശ്ചാത്തലങ്ങളിൽനിന്നും ഉള്ള ആളുകൾ സുവർണ നിയമത്തിൽ ഉൾക്കൊണ്ടിരിക്കുന്ന ആശയത്തിൽ വളരെയധികം വിശ്വാസം അർപ്പിച്ചിട്ടുണ്ട്‌ എന്ന വസ്‌തുതയാണ്‌ പ്രാധാന്യം അർഹിക്കുന്നത്‌. ഗിരിപ്രഭാഷണത്തിൽ യേശു നടത്തിയ പ്രസ്‌താവന എല്ലായിടത്തുമുള്ള, എല്ലാ കാലത്തെയും ആളുകളുടെ ജീവിതത്തെ സ്‌പർശിക്കുന്ന ഒരു സാർവലൗകിക പഠിപ്പിക്കൽ ആണെന്നാണ്‌ ഇതു കാണിക്കുന്നത്‌.

നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്നോടുള്ള ഇടപെടലിൽ മറ്റുള്ളവർ ആദരവ്‌, നിഷ്‌പക്ഷത, സത്യസന്ധത എന്നിവ പ്രകടമാക്കാൻ ഞാൻ ആഗ്രഹിക്കുന്നുവോ? വർഗീയ മുൻവിധി, കുറ്റകൃത്യം, യുദ്ധം എന്നിവ ഇല്ലാത്ത ഒരു ലോകത്തിൽ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവോ? മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുകയും അവരുടെ ക്ഷേമത്തിൽ താത്‌പര്യം എടുക്കുകയും ചെയ്യുന്ന അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ ഭാഗമായിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നുവോ?’ ഈ ചോദ്യങ്ങൾക്കെല്ലാം ആരാണ്‌ ‘ഇല്ല’ എന്ന്‌ ഉത്തരം പറയുക? എന്നാൽ ഇന്ന്‌ ഇത്തരം അവസ്ഥകൾ ആസ്വദിക്കുന്നവർ വളരെ ചുരുക്കമാണ്‌ എന്ന ദുഃഖസത്യത്തെ നമുക്കു നിഷേധിക്കാനാവില്ല. മിക്കവർക്കും ഇങ്ങനെയുള്ള അവസ്ഥകളെ കുറിച്ചു സ്വപ്‌നം കാണാൻ കൂടി കഴിയില്ല.

സുവർണ നിയമത്തിന്റെ തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു

മനുഷ്യാവകാശങ്ങളെ പൂർണമായും ചവിട്ടിമെതിച്ച മഹാപാതകങ്ങൾ ചരിത്രത്തിലുടനീളം അരങ്ങേറിയിട്ടുണ്ട്‌. ആഫ്രിക്കൻ അടിമക്കച്ചവടം, നാസി മരണ പാളയങ്ങൾ, നിർബന്ധിത ബാലതൊഴിൽ, ഒന്നിനു പുറകേ ഒന്നായി പലയിടങ്ങളിൽ നടന്നിട്ടുള്ള മൃഗീയ വംശഹത്യകൾ എന്നിവ ഭീതിദമായ ആ പട്ടികയിൽ ചിലതു മാത്രമാണ്‌.

ഇന്നത്തെ അതിനൂതന സാങ്കേതിക വിദ്യകളോടുകൂടിയ ലോകം സ്വാർഥത നിറഞ്ഞതാണ്‌. സ്വന്തം ‘അവകാശങ്ങളും’ സുഖസൗകര്യങ്ങളും വിട്ട്‌ മറ്റുള്ളവരെ കുറിച്ചു ചിന്തിക്കാൻ തയ്യാറാകുന്നവർ ചുരുക്കമാണ്‌. (2 തിമൊഥെയൊസ്‌ 3:​1-5) ഇത്രയധികം ആളുകൾ സ്വാർഥരും ക്രൂരരും നിർവികാരരും ആയിത്തീർന്നിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? സുവർണ നിയമം ഇന്നും മിക്ക ആളുകൾക്കും പരിചിതമാണെങ്കിലും അവർ അതിനെ അപ്രായോഗികവും കഴിഞ്ഞകാല ധാർമികതയുടെ ബാക്കിപത്രവും ആയി തള്ളിക്കളയുന്നതല്ലേ അതിനു കാരണം? ദുഃഖകരമെന്നു പറയട്ടെ, ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന മിക്കവരുടെയും കാര്യത്തിൽ പോലും ഇതാണ്‌ സത്യം. ഇപ്പോഴത്തെ ചായ്‌വ്‌ അനുസരിച്ചു വിലയിരുത്തിയാൽ ആളുകൾ കൂടുതൽ കൂടുതൽ സ്വാർഥർ ആയിത്തീരാനുള്ള സാധ്യതയാണു കാണുന്നത്‌.

അതുകൊണ്ട്‌ പരിചിന്തിക്കേണ്ട പ്രധാനപ്പെട്ട ചോദ്യങ്ങൾ ഇവയാണ്‌: സുവർണ നിയമം അനുസരിച്ചു ജീവിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? ഇപ്പോഴും അത്‌ അനുസരിച്ചു ജീവിക്കുന്നവർ ഉണ്ടോ? സകല മനുഷ്യരും സുവർണ നിയമത്തിനു ചേർച്ചയിൽ ജീവിക്കുന്ന ഒരു കാലം എന്നെങ്കിലും വരുമോ? ഈ ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരങ്ങൾക്കായി ദയവായി അടുത്ത ലേഖനം വായിക്കുക.

[3-ാം പേജിലെ ചിത്രം]

കൺഫ്യൂഷ്യസും മറ്റുള്ളവരും സുവർണ നിയമം മറ്റു രൂപങ്ങളിൽ പഠിപ്പിച്ചു