വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ ക്ഷണങ്ങൾ സ്വീകരിക്കുന്നത്‌ പ്രതിഫലങ്ങൾ കൈവരുത്തുന്നു

യഹോവയുടെ ക്ഷണങ്ങൾ സ്വീകരിക്കുന്നത്‌ പ്രതിഫലങ്ങൾ കൈവരുത്തുന്നു

ജീവിത കഥ

യഹോവയുടെ ക്ഷണങ്ങൾ സ്വീകരിക്കുന്നത്‌ പ്രതിഫലങ്ങൾ കൈവരുത്തുന്നു

മാരിയ ദോ സേയു സാനാർഡി പറഞ്ഞപ്രകാരം

“താൻ എന്താണു ചെയ്യുന്നതെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം. അവൻ നിനക്ക്‌ ഒരു ക്ഷണം വെച്ചുനീട്ടിയെങ്കിൽ താഴ്‌മയോടെ അതു സ്വീകരിക്കുക.” ഏകദേശം 45 വർഷം മുമ്പ്‌ എന്റെ ഡാഡി പറഞ്ഞ ആ വാക്കുകൾ യഹോവയുടെ സംഘടനയിൽനിന്ന്‌ എനിക്കു ലഭിച്ച ആദ്യത്തെ ക്ഷണം സ്വീകരിക്കാൻ എന്നെ സഹായിച്ചു. മുഴു സമയ ശുശ്രൂഷകയായി സേവിക്കാനുള്ള ക്ഷണം ആയിരുന്നു അത്‌. ഡാഡിയുടെ ആ ബുദ്ധിയുപദേശത്തിന്‌ ഞാൻ ഇന്നും നന്ദിയുള്ളവളാണ്‌. എന്തുകൊണ്ടെന്നാൽ അത്തരം ക്ഷണങ്ങൾ സ്വീകരിച്ചതിന്റെ ഫലമായി എനിക്കു സമൃദ്ധമായ പ്രതിഫലങ്ങൾ ലഭിച്ചിരിക്കുന്നു.

ഡാഡി 1928-ൽ വീക്ഷാഗോപുരം മാസികയുടെ വരിസംഖ്യ എടുത്തു. അദ്ദേഹം ബൈബിളിൽ തത്‌പരനായിത്തീർന്നു. മധ്യ പോർച്ചുഗലിൽ താമസിച്ചിരുന്നതിനാൽ അദ്ദേഹത്തിന്‌ ദൈവത്തിന്റെ സഭയുമായി ആകെയുണ്ടായിരുന്ന സമ്പർക്കം തപാൽവഴി ലഭിച്ചിരുന്ന സാഹിത്യങ്ങളും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഒരു ബൈബിളുമായിരുന്നു. 1949-ൽ എനിക്കു 13 വയസ്സുള്ളപ്പോൾ ഞങ്ങളുടെ കുടുംബം മമ്മിയുടെ ജന്മനാടായ ബ്രസീലിലേക്കു കുടിയേറി. അവിടെ റിയോ ഡി ജനീറോയുടെ പ്രാന്തപ്രദേശങ്ങളിൽ ഞങ്ങൾ താമസമാക്കി.

പുതിയ അയൽക്കാർ ഞങ്ങളെ അവരുടെ പള്ളിയിൽ പോകാൻ ക്ഷണിച്ചു. ഏതാനും പ്രാവശ്യം ഞങ്ങൾ പോയി. അവരോട്‌ അഗ്നിനരകം, ആത്മാവ്‌, ഭൂമിയുടെ ഭാവി എന്നീ വിഷയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കാൻ ഡാഡിക്ക്‌ ഇഷ്ടമായിരുന്നു. എന്നാൽ അവർക്ക്‌ ഉത്തരം ഉണ്ടായിരുന്നില്ല. “ശരിയായ ബൈബിൾ വിദ്യാർഥികൾക്കായി നാം കാത്തിരുന്നേ പറ്റൂ” എന്ന്‌ ഡാഡി പറയുമായിരുന്നു.

ഒരു ദിവസം വീക്ഷാഗോപുരം, ഉണരുക! മാസികകളുമായി അന്ധനായ ഒരു വ്യക്തി ഞങ്ങളെ സന്ദർശിച്ചു. ഡാഡി ഇതേ ചോദ്യങ്ങൾതന്നെ അദ്ദേഹത്തോടും ചോദിച്ചു. അവയ്‌ക്കെല്ലാം അദ്ദേഹം യുക്തിപൂർവകമായ ബൈബിളധിഷ്‌ഠിത ഉത്തരങ്ങൾ നൽകി. പിറ്റേ ആഴ്‌ച യഹോവയുടെ സാക്ഷിയായ മറ്റൊരു വ്യക്തി ഞങ്ങളെ സന്ദർശിച്ചു. വേറെ കുറേ ചോദ്യങ്ങൾക്ക്‌ ഉത്തരം പറഞ്ഞശേഷം തനിക്ക്‌ വയൽസേവനത്തിന്‌ പോകണമെന്ന്‌ അവർ പറഞ്ഞു. അവർ പറഞ്ഞത്‌ എന്താണെന്നു ഡാഡിക്കു മനസ്സിലായില്ല. അപ്പോൾ അവർ മത്തായി 13:38 വായിച്ച്‌, വയൽ ലോകമാണെന്നും വയൽസേവനം അഥവാ പ്രസംഗവേല മുഴു ലോകത്തിലും നടത്തേണ്ടതാണെന്നും വിശദീകരിച്ചു. അപ്പോൾ ഡാഡി ചോദിച്ചു: “എനിക്കും ഇതിൽ പങ്കെടുക്കാമോ?” “തീർച്ചയായും,” അവർ മറുപടി പറഞ്ഞു. വീണ്ടും ബൈബിൾ സത്യം കണ്ടെത്താൻ കഴിഞ്ഞതിൽ ഞങ്ങൾ അതീവ സന്തുഷ്ടരായിരുന്നു! ഡാഡി അടുത്ത കൺവെൻഷനിൽ സ്‌നാപനമേറ്റു. താമസിയാതെ 1955 നവംബറിൽ ഞാനും സ്‌നാപനമേറ്റു.

ആദ്യ ക്ഷണം സ്വീകരിക്കുന്നു

ഒന്നര വർഷം കഴിഞ്ഞപ്പോൾ റിയോ ഡി ജനീറോയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിൽനിന്ന്‌ തവിട്ടുനിറത്തിലുള്ള ഒരു വലിയ കവർ എനിക്കു ലഭിച്ചു. എന്നെ മുഴുസമയ പ്രസംഗവേലയ്‌ക്ക്‌ ക്ഷണിച്ചുകൊണ്ടുള്ള കത്ത്‌ ആയിരുന്നു അതിൽ. ആ സമയത്ത്‌ മമ്മിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. അതുകൊണ്ട്‌ ഞാൻ ഡാഡിയോട്‌ അഭിപ്രായം ചോദിച്ചു. “താൻ എന്താണു ചെയ്യുന്നതെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം” എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൃഢമായ ഉത്തരം. “അവൻ നിനക്ക്‌ ഒരു ക്ഷണം വെച്ചുനീട്ടിയെങ്കിൽ താഴ്‌മയോടെ അതു സ്വീകരിക്കുക.” ഈ വാക്കുകളിൽനിന്നു പ്രചോദനം ഉൾക്കൊണ്ട്‌ ഞാൻ എന്റെ അപേക്ഷാ ഫാറം പൂരിപ്പിച്ച്‌ അയച്ചു. 1957 ജൂലൈ 1-ന്‌ ഞാൻ മുഴുസമയ സേവനം ആരംഭിച്ചു. റിയോ ഡി ജനീറോ സംസ്ഥാനത്തെ ട്രേസ്‌ റിയൂസ്‌ പട്ടണം ആയിരുന്നു എന്റെ ആദ്യത്തെ നിയമനപ്രദേശം.

ആദ്യമൊക്കെ ട്രേസ്‌ റിയൂസിലെ ആളുകൾക്ക്‌ ഞങ്ങളുടെ സന്ദേശം കേൾക്കാൻ മടിയായിരുന്നു. ഞങ്ങൾ ഉപയോഗിച്ചിരുന്നത്‌ ബൈബിളിന്റെ കത്തോലിക്കാ ഭാഷാന്തരം ആയിരുന്നില്ല എന്നതായിരുന്നു കാരണം. കത്തോലിക്കനായിരുന്ന ഷെറാൾഡൂ റാമാല്യൂ എന്ന വ്യക്തിയോടൊത്തു ഞങ്ങൾ ബൈബിൾ പഠിക്കാൻ ആരംഭിച്ചപ്പോൾ ഇതിന്‌ ഒരു പരിഹാരം ഉണ്ടായി. അദ്ദേഹത്തിന്റെ സഹായത്തോടെ പ്രാദേശിക വൈദികന്റെ കൈയൊപ്പുള്ള ഒരു ബൈബിൾ സംഘടിപ്പിക്കാൻ എനിക്കു സാധിച്ചു. അപ്പോൾ മുതൽ ആരെങ്കിലും എന്തെങ്കിലും എതിർപ്പ്‌ ഉന്നയിച്ചാലുടൻ ഞാൻ വൈദികന്റെ ഒപ്പ്‌ അവരെ കാണിക്കുമായിരുന്നു. പിന്നെ കൂടുതലായ ചോദ്യങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. ഷെറാൾഡൂ പിന്നീട്‌ സ്‌നാപനമേറ്റു.

ട്രേസ്‌ റിയൂസ്‌ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ 1959-ൽ ഒരു സർക്കിട്ട്‌ സമ്മേളനം നടത്തപ്പെട്ടപ്പോൾ ഞാൻ അതിയായി ആഹ്ലാദിച്ചു. ആ സമയത്ത്‌ ബൈബിൾ പഠിച്ചുകൊണ്ടിരുന്ന പോലീസ്‌ ചീഫ്‌ പരിപാടി പരസ്യപ്പെടുത്തിക്കൊണ്ടുള്ള ബാനറുകൾ പട്ടണത്തിലുടനീളം കെട്ടുന്നതിനു വേണ്ട ഏർപ്പാടുകൾവരെ ചെയ്‌തു. മൂന്നു വർഷം ട്രേസ്‌ റിയൂസിൽ സേവിച്ച ശേഷം എനിക്ക്‌ സാവൊ പൗലോ നഗരത്തിന്‌ ഏകദേശം 110 കിലോമീറ്റർ പടിഞ്ഞാറുള്ള ഇട്ടൂവിലേക്കു പോകാനുള്ള ക്ഷണം ലഭിച്ചു.

ചെമപ്പ്‌, നീല, മഞ്ഞ നിറങ്ങളിലുള്ള പുസ്‌തകങ്ങൾ

കുറച്ച്‌ അന്വേഷണത്തിനു ശേഷം എനിക്കും എന്റെ പയനിയർ പങ്കാളിക്കും പട്ടണത്തിന്റെ ഹൃദയഭാഗത്തുതന്നെ നല്ല താമസസൗകര്യം ലഭിച്ചു. മരിയ എന്ന ദയാലുവായ ഒരു വിധവയോടൊപ്പമാണ്‌ ഞങ്ങൾ താമസിച്ചത്‌. സ്വന്തം പെൺമക്കളെ പോലെയാണ്‌ മരിയ ഞങ്ങളെ കണക്കാക്കിയത്‌. എന്നാൽ ഏറെ താമസിയാതെ ഇട്ടൂവിലെ റോമൻ കത്തോലിക്കാ ബിഷപ്പ്‌ മരിയയെ സന്ദർശിച്ച്‌ ഞങ്ങളെ അവിടെനിന്നു പറഞ്ഞയയ്‌ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ മരിയ വിട്ടുകൊടുത്തില്ല. അവർ പറഞ്ഞു: “എന്റെ ഭർത്താവു മരിച്ചപ്പോൾ എന്നെ ആശ്വസിപ്പിക്കാൻ നിങ്ങൾ യാതൊരു ശ്രമവും ചെയ്‌തില്ല. യഹോവയുടെ സാക്ഷികൾ ഞാൻ അവരുടെ മതത്തിൽ അല്ലാഞ്ഞിട്ടു കൂടി എന്നെ സഹായിച്ചിരിക്കുന്നു.”

ഏതാണ്ട്‌ ആ സമയത്ത്‌, ഇട്ടൂവിലെ കത്തോലിക്കാ പുരോഹിതന്മാർ “പിശാചിനെ കുറിച്ചുള്ള ചെമന്ന പുസ്‌തകം” വാങ്ങുന്നതിൽനിന്ന്‌ ഇടവകാംഗങ്ങളെ വിലക്കിയിട്ടുള്ളതായി ഒരു സ്‌ത്രീയിൽനിന്നു ഞങ്ങൾക്കു വിവരം കിട്ടി. ആ ആഴ്‌ചയിൽ ഞങ്ങൾ സമർപ്പിച്ചുവന്ന “ദൈവം സത്യവാൻ” എന്ന ബൈബിൾ പ്രസിദ്ധീകരണമായിരുന്നു അത്‌. ചെമന്ന പുസ്‌തകം പുരോഹിതന്മാർ “നിരോധിച്ചതിനാൽ” ഞങ്ങൾ നീല പുസ്‌തകം (“പുതിയ ആകാശങ്ങളും പുതിയ ഭൂമിയും” [ഇംഗ്ലീഷ്‌]) സമർപ്പിക്കുന്നതിനുള്ള അവതരണം തയ്യാറായി. പിന്നീട്‌ ഈ മാറ്റത്തെ കുറിച്ചുള്ള വാർത്ത പുരോഹിതന്മാരുടെ ചെവിയിൽ എത്തിയപ്പോൾ ഞങ്ങൾ മഞ്ഞ പുസ്‌തകം (മതം മനുഷ്യവർഗത്തിനുവേണ്ടി എന്തു ചെയ്‌തിരിക്കുന്നു? [ഇംഗ്ലീഷ്‌]) ഉപയോഗിക്കാൻ തുടങ്ങി. വ്യത്യസ്‌ത നിറങ്ങളിലുള്ള പുറംചട്ടകളോടു കൂടിയ പല പുസ്‌തകങ്ങൾ ഉണ്ടായിരുന്നത്‌ ഏതായാലും വലിയ അനുഗ്രഹമായിരുന്നു!

ഇട്ടൂവിലെ സേവനം തുടങ്ങി ഏതാണ്ട്‌ ഒരു വർഷം കഴിഞ്ഞപ്പോൾ ഒരു ദേശീയ സമ്മേളനത്തിനുള്ള ഒരുക്കങ്ങളിൽ സഹായിക്കുന്നതിനായി റിയോ ഡി ജനീറോയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിൽ അഥവാ ബെഥേലിൽ താത്‌കാലിക സേവനം അനുഷ്‌ഠിക്കുന്നതിനു ക്ഷണിച്ചുകൊണ്ടുള്ള ഒരു ടെലഗ്രാം എനിക്കു ലഭിച്ചു. സന്തോഷപൂർവം ഞാൻ അതു സ്വീകരിച്ചു.

കൂടുതലായ പദവികളും വെല്ലുവിളികളും

ബെഥേലിൽ ജോലിക്കു യാതൊരു ക്ഷാമവും ഉണ്ടായിരുന്നില്ല. കഴിയുന്ന വിധങ്ങളിൽ എല്ലാം സഹായിക്കുന്നതിന്‌ എനിക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ദിവസവും രാവിലെ ദിനവാക്യ ചർച്ചയിലും തിങ്കളാഴ്‌ച വൈകുന്നേരങ്ങളിൽ വീക്ഷാഗോപുര അധ്യയനത്തിലും പങ്കെടുക്കുന്നത്‌ എത്ര പരിപുഷ്ടിദായകമായിരുന്നു! ഓട്ടോ എസ്റ്റെൽമാന്റെയും ബെഥേൽ കുടുംബത്തിലെ അനുഭവസമ്പന്നരായ മറ്റ്‌ അംഗങ്ങളുടെയും ഹൃദയംഗമമായ പ്രാർഥനകൾ എന്നെ ആഴത്തിൽ സ്‌പർശിച്ചു.

ദേശീയ സമ്മേളനം കഴിഞ്ഞപ്പോൾ ഇട്ടൂവിലേക്കു മടങ്ങാൻ ഞാൻ എന്റെ സാധനങ്ങളെല്ലാം അടുക്കി. എന്നാൽ എന്നെ അതിശയിപ്പിച്ചുകൊണ്ട്‌ ബ്രാഞ്ച്‌ ദാസനായ ഗ്രാന്റ്‌ മില്ലർ ബെഥേൽ കുടുംബത്തിലെ ഒരു സ്ഥിര അംഗമാകുന്നതിനു ക്ഷണിച്ചുകൊണ്ടുള്ള ഒരു കത്ത്‌ എനിക്കു നൽകി. ഹോസ യാസെഡ്‌ജിയാൻ സഹോദരിയോടൊപ്പമാണ്‌ ഞാൻ താമസിച്ചത്‌. അവർ ഇന്നും ബ്രസീൽ ബെഥേലിൽ സേവിക്കുന്നു. ആ സമയത്ത്‌ ബെഥേൽ കുടുംബം വളരെ ചെറുതായിരുന്നു. ആകെ 28 പേരേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെല്ലാം അടുത്ത സുഹൃത്തുക്കളായിരുന്നു.

ഷ്വാവുൻ സാനാർഡി എന്ന യുവ മുഴുസമയ ശുശ്രൂഷകൻ 1964-ൽ പരിശീലനത്തിനായി ബെഥേലിൽ വന്നു. തുടർന്ന്‌ അദ്ദേഹത്തെ സർക്കിട്ട്‌ ദാസൻ അഥവാ സഞ്ചാര മേൽവിചാരകൻ ആയി അവിടെ അടുത്തുതന്നെ നിയമിച്ചു. അദ്ദേഹം റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിന്‌ ബെഥേലിൽ വന്നിരുന്നു. അതുകൊണ്ട്‌ ഇടയ്‌ക്കൊക്കെ ഞങ്ങൾ പരസ്‌പരം കണ്ടിരുന്നു. തിങ്കളാഴ്‌ച വൈകുന്നേരങ്ങളിലെ കുടുംബ അധ്യയനത്തിനു ഹാജരാകാൻ ബ്രാഞ്ച്‌ ദാസൻ ഷ്വാവുന്‌ അനുവാദം നൽകി. അങ്ങനെ ഞങ്ങൾക്കു കൂടുതൽ സമയം ഒരുമിച്ചു ചെലവഴിക്കാനായി. ഷ്വാവുനും ഞാനും 1965 ആഗസ്റ്റിൽ വിവാഹിതരായി. സർക്കിട്ട്‌ വേലയിൽ ഭർത്താവിനോടൊപ്പം ചേരാനുള്ള ക്ഷണം ഞാൻ സന്തോഷപൂർവം സ്വീകരിച്ചു.

ആ നാളുകളിൽ ബ്രസീലിന്റെ ഉൾപ്രദേശങ്ങളിലെ സഞ്ചാര വേല സാഹസം നിറഞ്ഞ ഒന്നായിരുന്നു. മിനാ ഷെറൈസ്‌ സംസ്ഥാനത്തെ ആരാന പട്ടണത്തിലെ പ്രസാധകരുടെ കൂട്ടത്തെ സന്ദർശിക്കാൻ ഞങ്ങൾ പോയിരുന്നത്‌ ഒരിക്കലും മറക്കാനാവില്ല. ആദ്യം കുറെ ദൂരം ട്രെയിനിൽ യാത്ര ചെയ്‌ത ശേഷം ബാക്കി ദൂരം കാൽനടയായി പോകേണ്ടിയിരുന്നു. പെട്ടികൾ, ടൈപ്‌റൈറ്റർ, സ്ലൈഡ്‌ പ്രൊജക്ടർ, വയൽസേവന ബാഗുകൾ, സാഹിത്യം ഇവയൊക്കെക്കൊണ്ടു വേണമായിരുന്നു നടക്കാൻ. ഞങ്ങളെ സഹായിക്കാനായി ലുറിവാൽ ഷാൻറ്റാൽ എന്ന പ്രായമേറിയ ഒരു സഹോദരൻ എല്ലായ്‌പോഴും സ്റ്റേഷനിൽ വന്നു കാത്തു നിൽക്കുന്നതു കാണുന്നത്‌ വളരെ സന്തോഷകരമായിരുന്നു.

ആരാനയിലെ യോഗങ്ങൾ വാടകയ്‌ക്ക്‌ എടുത്ത ഒരു വീട്ടിലായിരുന്നു നടത്തിയിരുന്നത്‌. അതിന്റെ പിൻവശത്തുള്ള ഒരു കൊച്ചു മുറിയിലാണ്‌ ഞങ്ങൾ ഉറങ്ങിയിരുന്നത്‌. മുറിയുടെ ഒരു വശത്ത്‌ ഒരു വിറക്‌ അടുപ്പ്‌ ഉണ്ടായിരുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനും സഹോദരങ്ങൾ ബക്കറ്റുകളിൽ കൊണ്ടുവന്നുതന്ന വെള്ളം ചൂടാക്കുന്നതിനും ഞങ്ങൾ അത്‌ ഉപയോഗിച്ചു. അടുത്തുള്ള ഒരു മുളങ്കാടിന്റെ നടുവിലുള്ള ഒരു കുഴിയായിരുന്നു ഞങ്ങളുടെ കക്കൂസ്‌. ഷാഗസ്‌ രോഗം പരത്തുന്ന ബാർബർ ബീറ്റലുകൾ എന്ന പ്രാണികളിൽനിന്നു രക്ഷപ്പെടുന്നതിനായി രാത്രിയിൽ ഞങ്ങൾ ഒരു ഗ്യാസ്‌ ലൈറ്റ്‌ കത്തിച്ചു വെച്ചിരുന്നു. അതിന്റെ പുക കാരണം ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ ഞങ്ങളുടെ മൂക്കിനകം കരിപുരണ്ട്‌ ഇരിക്കുമായിരുന്നു. അതൊരു അനുഭവം തന്നെയായിരുന്നു!

പാരനാ സംസ്ഥാനത്തെ ഒരു സർക്കിട്ടിൽ സേവിക്കവേ ബ്രാഞ്ച്‌ ഓഫീസിൽനിന്ന്‌ ഞങ്ങൾക്കു വീണ്ടും തവിട്ടുനിറത്തിലുള്ള ഒരു വലിയ കവർ കിട്ടി. യഹോവയുടെ സംഘടനയിൽനിന്നുള്ള മറ്റൊരു ക്ഷണം​—⁠ഈ പ്രാവശ്യം പോർച്ചുഗലിൽ സേവിക്കുന്നതിനായിരുന്നു! ഈ നിയമനം സ്വീകരിക്കുന്നതിനു മുമ്പ്‌ ലൂക്കൊസ്‌ 14:​28-ലെ തത്ത്വം അനുസരിച്ച്‌ അതു നിവർത്തിക്കാൻ കഴിയുമോ എന്നു കണക്കു കൂട്ടാൻ കത്തിൽ ഞങ്ങളെ ബുദ്ധിയുപദേശിച്ചിരുന്നു. കാരണം അവിടെ ക്രിസ്‌തീയ വേല നിരോധനത്തിൻ കീഴിലായിരുന്നു. പോർച്ചുഗീസ്‌ ഗവൺമെന്റ്‌ അതിനോടകം തന്നെ പല സഹോദരങ്ങളെയും അറസ്റ്റു ചെയ്‌തിരുന്നു.

ഇത്തരം പീഡനത്തെ അഭിമുഖീകരിക്കേണ്ടിയിരുന്ന ഒരു ദേശത്തേക്ക്‌ ഞങ്ങൾ പോകുമായിരുന്നോ? “നമ്മുടെ പോർച്ചുഗീസ്‌ സഹോദരങ്ങൾക്ക്‌ അവിടെ ജീവിക്കാനും യഹോവയെ വിശ്വസ്‌തമായി സേവിക്കാനും കഴിയുമെങ്കിൽ നമുക്ക്‌ എന്തുകൊണ്ട്‌ അതിനു കഴിയില്ല?” ഷ്വാവുൻ പറഞ്ഞു. ഡാഡിയുടെ പ്രോത്സാഹന വാക്കുകൾ ഓർമിച്ച ഞാൻ ഇങ്ങനെ പറഞ്ഞുകൊണ്ട്‌ യോജിച്ചു: “യഹോവ നമുക്ക്‌ ഒരു ക്ഷണം വെച്ചുനീട്ടിയെങ്കിൽ നാം അതു സ്വീകരിക്കുകയും അവനിൽ ആശ്രയിക്കുകയും വേണം.” താമസിയാതെ കൂടുതലായ നിർദേശങ്ങൾ സ്വീകരിക്കുന്നതിനും യാത്രയ്‌ക്കു വേണ്ടിയുള്ള രേഖകൾ ശരിയാക്കുന്നതിനുമായി ഞങ്ങൾ സാവൊ പൗലോയിലുള്ള ബെഥേലിൽ എത്തി.

ഷ്വാവുൻ മാരിയയും മാരിയ ഷ്വാവുനും

ഞങ്ങളുടെ കപ്പൽ ഏയുഷേന്യൂ സി, 1969 സെപ്‌റ്റംബർ 6-ന്‌ സാവൊ പൗലോ സംസ്ഥാനത്തെ സാന്റോസ്‌ തുറമുഖത്തുനിന്ന്‌ യാത്ര തിരിച്ചു. ഒമ്പതു ദിവസത്തെ കടൽ യാത്രയ്‌ക്കു ശേഷം ഞങ്ങൾ പോർച്ചുഗലിൽ എത്തിച്ചേർന്നു. ആദ്യത്തെ ഏതാനും മാസങ്ങൾ പഴയ ജില്ലയായ ലിസ്‌ബണിലെ അൽഫാമാ, മോറാരിയ എന്നീ ഇടുങ്ങിയ നിരത്തുകളിൽ അനുഭവസമ്പന്നരായ സഹോദരങ്ങളോടൊത്തു പ്രവർത്തിച്ചുകൊണ്ടു ഞങ്ങൾ ചെലവഴിച്ചു. പോലീസിന്റെ പിടിയിൽ എളുപ്പം അകപ്പെടാതിരിക്കാൻ തക്കവണ്ണം ശ്രദ്ധാപൂർവം കാര്യങ്ങൾ നിരീക്ഷിക്കാൻ അവർ ഞങ്ങളെ പരിശീലിപ്പിച്ചു.

സാക്ഷികളുടെ ഭവനങ്ങളിലാണു സഭായോഗങ്ങൾ നടത്തിയിരുന്നത്‌. അയൽക്കാർക്ക്‌ സംശയം തോന്നിത്തുടങ്ങുന്നതായി കാണുമ്പോൾത്തന്നെ യോഗങ്ങൾ മറ്റൊരു സ്ഥലത്തേക്കു മാറ്റുമായിരുന്നു. സഹോദരങ്ങളുടെ ഭവനങ്ങൾ റെയ്‌ഡു ചെയ്യുന്നതും അവരെ അറസ്റ്റു ചെയ്യുന്നതും ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്‌. സമ്മേളനങ്ങളെ ഞങ്ങൾ പിക്‌നിക്കുകൾ എന്നാണു വിളിച്ചിരുന്നത്‌. ലിസ്‌ബണിന്റെ പ്രാന്തപ്രദേശത്തുള്ള മോൺസാൻറ്റൂ പാർക്കിലും തീരപ്രദേശത്തെ കോസ്റ്റ ദ കാപാറിക എന്ന വൃക്ഷനിബിഡമായ പ്രദേശത്തുമാണ്‌ ഈ ‘പിക്‌നിക്കുകൾ’ നടത്തിയിരുന്നത്‌. സാധാരണ രീതിയിലുള്ള വേഷമാണ്‌ ഞങ്ങൾ അണിഞ്ഞിരുന്നത്‌. ജാഗ്രതയുള്ള ഒരു കൂട്ടം സേവകന്മാർ എപ്പോഴും തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ കാവൽ നിന്നിരുന്നു. സംശയം തോന്നുന്ന ആരെങ്കിലും അടുത്തേക്കു വന്നാൽ പെട്ടെന്നുതന്നെ ഞങ്ങൾ എന്തെങ്കിലും കളി സംഘടിപ്പിക്കുകയോ ഒരു പിക്‌നിക്‌ അന്തരീക്ഷം ഉണ്ടാക്കുകയോ ഒരു നാടൻ പാട്ടു പാടാൻ തുടങ്ങുകയോ ചെയ്യുമായിരുന്നു.

സെക്യൂരിറ്റി പോലീസ്‌ ഞങ്ങളെ തിരിച്ചറിയാതിരിക്കാൻ യഥാർഥ പേരുകൾ ഉപയോഗിക്കുന്നത്‌ ഞങ്ങൾ ഒഴിവാക്കി. ഷ്വാവുൻ മാരിയയെന്നും മാരിയ ഷ്വാവുൻ എന്നുമാണ്‌ സഹോദരങ്ങളുടെ ഇടയിൽ ഞങ്ങൾ അറിയപ്പെട്ടിരുന്നത്‌. ഞങ്ങളുടെ പേരുകൾ കത്തുകളിലോ രേഖകളിലോ ഉപയോഗിച്ചിരുന്നില്ല. പകരം ഞങ്ങൾക്കു നമ്പരുകൾ നിയമിച്ചു തന്നു. സഹോദരങ്ങളുടെ മേൽവിലാസങ്ങൾ ഓർക്കാതിരിക്കാൻ ഞാൻ ബോധപൂർവകമായ ശ്രമം നടത്തി. അങ്ങനെയാകുമ്പോൾ അറസ്റ്റു ചെയ്യപ്പെട്ടാലും എനിക്ക്‌ അവരെ ഒറ്റിക്കൊടുക്കാൻ കഴിയുമായിരുന്നില്ലല്ലോ.

വിലക്കുകൾ ഉണ്ടായിരുന്നെങ്കിലും സാക്ഷ്യം നൽകുന്നതിനു ലഭിച്ച ഓരോ അവസരവും പ്രയോജനപ്പെടുത്താൻ ഷ്വാവുനും ഞാനും ദൃഢചിത്തരായിരുന്നു. കാരണം എപ്പോൾ വേണമെങ്കിലും സ്വാതന്ത്ര്യം നഷ്ടപ്പെടാമെന്നു ഞങ്ങൾക്ക്‌ അറിയാമായിരുന്നു. സ്വർഗീയ പിതാവായ യഹോവയിൽ ആശ്രയിക്കാൻ ഞങ്ങൾ പഠിച്ചു. അവനായിരുന്നു ഞങ്ങളുടെ സംരക്ഷകൻ. “അദൃശ്യദൈവത്തെ കണ്ടതുപോലെ” ഞങ്ങൾക്കു തോന്നുംവിധം അവൻ തന്റെ ദൂതന്മാരെ ഉപയോഗിച്ചു ഞങ്ങളെ സംരക്ഷിച്ചു.​—⁠എബ്രായർ 11:27.

ഒരിക്കൽ പോർട്ടോയിൽ വീടുതോറുമുള്ള സാക്ഷീകരണത്തിൽ ഏർപ്പെട്ടപ്പോൾ കണ്ടുമുട്ടിയ ഒരു മനുഷ്യൻ ഞങ്ങൾ വീട്ടിനുള്ളിലേക്കു ചെല്ലണമെന്നു നിർബന്ധം പിടിച്ചു. എന്നോടൊപ്പം ഉണ്ടായിരുന്ന സഹോദരി യാതൊരു മടിയും കൂടാതെ അകത്തേക്കു കയറിപ്പോയി. സഹോദരിയുടെ കൂടെ പോകുകയല്ലാതെ എനിക്കു വേറെ നിർവാഹമുണ്ടായിരുന്നില്ല. പ്രവേശന മുറിയിൽ മിലിട്ടറി യൂണിഫോം ധരിച്ച ഒരാളുടെ ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇനിയിപ്പോൾ എന്തു ചെയ്യും? ഞങ്ങളോട്‌ ഇരിക്കാൻ പറഞ്ഞിട്ട്‌ ആ വ്യക്തി എന്നോടു ചോദിച്ചു: “നിങ്ങളുടെ മകനെ സൈനിക സേവനത്തിനു വിളിക്കുകയാണെങ്കിൽ നിങ്ങൾ അതിനു സമ്മതിക്കുമോ?” അത്‌ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒരു സാഹചര്യം ആയിരുന്നു. മൗനമായി പ്രാർഥിച്ച ശേഷം ഞാൻ ശാന്തമായി മറുപടി പറഞ്ഞു: “എനിക്കു കുട്ടികൾ ഇല്ല, സാങ്കൽപ്പികമായ ഒരു സാഹചര്യത്തെ കുറിച്ചുള്ള ഇത്തരമൊരു ചോദ്യം ഞാൻ ചോദിച്ചാൽ നിങ്ങളും ഇങ്ങനെയായിരിക്കും ഉത്തരം പറയുക എന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.” അദ്ദേഹം നിശ്ശബ്ദനായി. അതുകൊണ്ട്‌ ഞാൻ തുടർന്നു: “പിതാവിനെയോ സഹോദരനെയോ നഷ്ടപ്പെടുമ്പോൾ എന്തു തോന്നും എന്ന്‌ നിങ്ങൾ എന്നോടു ചോദിക്കുന്നു എന്നിരിക്കട്ടെ, അതിന്‌ എനിക്ക്‌ ഉത്തരം പറയാൻ കഴിയും കാരണം എന്റെ പിതാവും സഹോദരനും മരണമടഞ്ഞു.” സംസാരിക്കവേ എന്റെ കണ്ണു നിറഞ്ഞു. അദ്ദേഹവും കരച്ചിലിന്റെ വക്കിലായിരുന്നുവെന്ന്‌ എനിക്കു കാണാമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിട്ട്‌ അധികമായില്ല എന്ന്‌ അദ്ദേഹം വിശദീകരിച്ചു. പുനരുത്ഥാന പ്രത്യാശയെ കുറിച്ചു ഞാൻ വിശദീകരിച്ചപ്പോൾ അദ്ദേഹം ശ്രദ്ധിച്ചു കേട്ടു. പിന്നീട്‌ ഞങ്ങൾ മര്യാദപൂർവം യാത്രപറഞ്ഞ്‌ കാര്യങ്ങൾ യഹോവയുടെ കരങ്ങളിൽ ഏൽപ്പിച്ച്‌ അവിടെനിന്നു സുരക്ഷിതരായി മടങ്ങി.

നിരോധനം ഉണ്ടായിരുന്നെങ്കിലും ആത്മാർഥഹൃദയരായ ആളുകൾക്ക്‌ സത്യത്തിന്റെ പരിജ്ഞാനം നേടാൻ സഹായം നൽകപ്പെട്ടു. പോർട്ടോയിൽവെച്ച്‌ എന്റെ ഭർത്താവ്‌ ഓരാസ്യൂ എന്ന ഒരു ബിസിനസുകാരനോടൊത്തു പഠിക്കാൻ തുടങ്ങി. അദ്ദേഹം പെട്ടെന്നു പുരോഗതി വരുത്തി. പിന്നീട്‌ ഒരു പ്രഗത്ഭ ഡോക്‌ടറായ അദ്ദേഹത്തിന്റെ മകനും​—⁠ഏമില്യൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്‌​—⁠യഹോവയുടെ പക്ഷത്ത്‌ നിലയുറപ്പിക്കുകയും സ്‌നാപനമേൽക്കുകയും ചെയ്‌തു. തീർച്ചയായും, യഹോവയുടെ പരിശുദ്ധാത്മാവിനെ തടുക്കാൻ യാതൊന്നിനും കഴിയില്ല.

“യഹോവ എന്താണു സാധ്യമാക്കുക എന്നു പറയാനാവില്ല”

ഷ്വാവുനും എനിക്കും 1973-ൽ ബെൽജിയത്തിലെ ബ്രസൽസിൽ നടന്ന “ദിവ്യ വിജയ” അന്താരാഷ്‌ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. സ്‌പെയിനിൽനിന്നും ബെൽജിയത്തിൽനിന്നുമുള്ള ആയിരക്കണക്കിനു സഹോദരങ്ങൾ ഹാജരായിരുന്നു. കൂടാതെ മൊസാമ്പിക്ക്‌, അംഗോള, കേപ്‌ വെർഡ്‌, മഡിറ, ഏസോർസ്‌ എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളും ഉണ്ടായിരുന്നു. തന്റെ സമാപന പ്രസ്‌താവനകളിൽ ന്യൂയോർക്കിലെ ലോകാസ്ഥാനത്തുനിന്നു വന്ന നോർ സഹോദരൻ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചു: “യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നതിൽ തുടരുക. യഹോവ എന്താണു സാധ്യമാക്കുക എന്നു പറയാനാവില്ല. ആർക്കറിയാം, ചിലപ്പോൾ അടുത്ത അന്താരാഷ്‌ട്ര കൺവെൻഷൻ നിങ്ങൾ കൂടുന്നത്‌ പോർച്ചുഗലിൽ ആയിരിക്കും!”

പിറ്റേ വർഷം പ്രസംഗ വേലയ്‌ക്ക്‌ പോർച്ചുഗലിൽ നിയമാംഗീകാരം ലഭിച്ചു. നോർ സഹോദരന്റെ വാക്കുകൾ സത്യമായി ഭവിച്ചു. 1978-ൽ ഞങ്ങളുടെ ആദ്യത്തെ അന്താരാഷ്‌ട്ര കൺവെൻഷൻ ലിസ്‌ബണിൽ നടത്തപ്പെട്ടു. ലിസ്‌ബണിലെ തെരുവീഥികളിലൂടെ പ്ലാക്കാർഡുകൾ, മാസികകൾ, പരസ്യ പ്രസംഗത്തിനുള്ള ക്ഷണക്കത്തുകൾ എന്നിവ ഉപയോഗിച്ച്‌ സാക്ഷ്യം നൽകിക്കൊണ്ടു മാർച്ചു ചെയ്യുക എത്ര അമൂല്യമായ പദവിയായിരുന്നു! അതൊരു സ്വപ്‌ന സാക്ഷാത്‌കാരമായിരുന്നു.

പോർച്ചുഗീസ്‌ സഹോദരങ്ങളുമായുള്ള ഞങ്ങളുടെ സ്‌നേഹബന്ധം ശക്തമായിത്തീർന്നിരുന്നു. അവരിൽ അനേകരും ക്രിസ്‌തീയ നിഷ്‌പക്ഷത നിമിത്തം തടവും ഉപദ്രവവുമൊക്കെ സഹിച്ചവരായിരുന്നു. പോർച്ചുഗലിൽത്തന്നെ സേവനം തുടരുക എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. എന്നാൽ ഞങ്ങൾക്ക്‌ അതിനു കഴിഞ്ഞില്ല. 1982-ൽ ഷ്വാവുന്‌ ഗുരുതരമായ ഹൃദ്രോഗം പിടിപെട്ടു. ബ്രസീലിലേക്കു മടങ്ങാൻ ബ്രാഞ്ച്‌ ഓഫീസ്‌ ഞങ്ങളോടു നിർദേശിച്ചു.

ഒരു പരീക്ഷണ കാലഘട്ടം

ബ്രസീൽ ബ്രാഞ്ചിലെ സഹോദരങ്ങൾ ഞങ്ങളെ വളരെയധികം പിന്തുണച്ചു. സാവൊ പൗലോയിലെ ടൗബാട്ടേയിലുള്ള കിറിറിങ്‌ സഭയിൽ സേവിക്കാൻ ഞങ്ങളെ നിയമിച്ചു. ഷ്വാവുന്റെ ആരോഗ്യസ്ഥിതി വളരെ പെട്ടെന്നു മോശമായിക്കൊണ്ടിരുന്നു. ഏറെ കഴിയുന്നതിനു മുമ്പ്‌ അദ്ദേഹത്തിനു വീടിനു പുറത്ത്‌ ഇറങ്ങാൻ വയ്യാത്ത അവസ്ഥയായി. താത്‌പര്യക്കാർ ബൈബിൾ പഠിക്കാൻ ഞങ്ങളുടെ വീട്ടിലേക്കു വന്നു. ഞങ്ങളുടെ വീട്ടിൽ ദിവസവും വയൽസേവന യോഗങ്ങൾ നടത്തപ്പെട്ടു. കൂടാതെ, വാരംതോറുമുള്ള പുസ്‌തകാധ്യയനവും വീട്ടിൽ വെച്ചായിരുന്നു. ഈ ക്രമീകരണങ്ങൾ ആത്മീയത നിലനിറുത്താൻ ഞങ്ങളെ സഹായിച്ചു.

ഷ്വാവുൻ 1985 ഒക്‌ടോബർ 1-നു മരിച്ചു. മരണംവരെ അദ്ദേഹം യഹോവയുടെ സേവനത്തിൽ തന്നാലാകുംവിധം പ്രവർത്തിക്കുന്നതിൽ തുടർന്നു. ഞാൻ ദുഃഖിതയും ഏറെക്കുറെ വിഷാദചിത്തയുമായി. എങ്കിലും എന്റെ നിയമനം തുടർന്നും നിറവേറ്റാൻ ഞാൻ ദൃഢചിത്തയായിരുന്നു. എന്നാൽ 1986 ഏപ്രിലിൽ മറ്റൊരു തിരിച്ചടിയുണ്ടായി. കള്ളന്മാർ എന്റെ വീട്ടിൽ കയറി ഏതാണ്ട്‌ എല്ലാംതന്നെ മോഷ്ടിച്ചു. ജീവിതത്തിൽ ആദ്യമായി എനിക്ക്‌ ഭയവും ഏകാന്തതയും അനുഭവപ്പെട്ടു. ആ സമയത്ത്‌ കുറച്ചുകാലത്തേക്ക്‌ തങ്ങളോടൊപ്പം വന്നു നിൽക്കാൻ ഒരു ദമ്പതികൾ എന്നെ സ്‌നേഹപൂർവം ക്ഷണിച്ചു. അതിനു ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളായിരുന്നു.

ഷ്വാവുന്റെ മരണവും വീട്ടിലുണ്ടായ മോഷണവും എന്റെ ദൈവസേവനത്തെയും ബാധിച്ചു. എനിക്കു ശുശ്രൂഷയിൽ ഒട്ടും ആത്മവിശ്വാസം തോന്നിയില്ല. എന്റെ പ്രശ്‌നത്തെ കുറിച്ചു ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ എഴുതിയപ്പോൾ എന്റെ വൈകാരിക സമനില വീണ്ടെടുക്കുന്നതിന്‌ കുറച്ചു നാൾ ബെഥേലിൽ ചെന്നു നിൽക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. അവിടത്തെ താമസം എന്നെ എന്തുമാത്രം ശക്തിപ്പെടുത്തിയെന്നോ!

എന്റെ അവസ്ഥ കുറച്ചൊന്നു മെച്ചപ്പെട്ടപ്പോഴേക്കും സാവൊ പൗലോയിലെ ഒരു പട്ടണമായ ഇപൂവാനിൽ സേവിക്കാനുള്ള നിയമനം ഞാൻ സ്വീകരിച്ചു. പ്രസംഗവേല എന്നെ തിരക്കുള്ളവളാക്കി നിറുത്തി. എങ്കിലും ചില സമയങ്ങളിൽ എനിക്കു നിരുത്സാഹം തോന്നിയിരുന്നു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഞാൻ കിറിറിങ്ങിലെ സഹോദരങ്ങൾക്കു ഫോൺ ചെയ്യുമായിരുന്നു. അപ്പോൾ ഒരു കുടുംബം കുറച്ചു ദിവസത്തേക്ക്‌ എന്നെ സന്ദർശിക്കാൻ വരുമായിരുന്നു. അത്തരം സന്ദർശനങ്ങൾ വളരെ പ്രോത്സാഹജനകമായിരുന്നു! ഇപൂവാനിലെ എന്റെ ആദ്യത്തെ വർഷം 38 വ്യത്യസ്‌ത സഹോദരീസഹോദരന്മാർ വളരെ ദൂരം യാത്ര ചെയ്‌ത്‌ എന്നെ സന്ദർശിച്ചു.

ഷ്വാവുൻ മരിച്ച്‌ ആറു വർഷം കഴിഞ്ഞ്‌, 1992-ൽ യഹോവയുടെ സംഘടനയിൽനിന്ന്‌ എനിക്കു മറ്റൊരു ക്ഷണം ലഭിച്ചു. ഇത്തവണ സാവൊ പൗലോയിലെ ഫ്രാങ്കയിൽ സേവിക്കുന്നതിനുള്ള നിയമനം ആയിരുന്നു. ഇവിടെ ഞാനിപ്പോഴും മുഴുസമയ ശുശ്രൂഷകയായി സേവിക്കുന്നു. ഇവിടത്തെ പ്രദേശം വളരെ ഫലപ്രദമാണ്‌. 1994-ൽ ഞാൻ ഇവിടത്തെ മേയറുമൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. ആ സമയത്ത്‌ അദ്ദേഹം ബ്രസീൽ കോൺഗ്രസിൽ സീറ്റിനായി മത്സരിക്കുന്ന തിരക്കിലായിരുന്നു. എന്നാൽ വളരെ തിരക്കുണ്ടായിരുന്നെങ്കിലും എല്ലാ തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞും ഞങ്ങൾ അധ്യയനം നടത്തി. ആരും ഫോൺ വിളിച്ചു ശല്യം ചെയ്യാതിരിക്കുന്നതിന്‌ അദ്ദേഹം ഫോൺ ഓഫ്‌ ചെയ്‌തു വെക്കുമായിരുന്നു. അദ്ദേഹം ക്രമേണ രാഷ്‌ട്രീയത്തിൽനിന്നു പിന്മാറുകയും തകർന്ന ദാമ്പത്യ ബന്ധം സത്യത്തിന്റെ സഹായത്തോടെ വീണ്ടും കെട്ടിപ്പടുക്കുകയും ചെയ്‌തത്‌ എന്നെ എത്രമാത്രം സന്തുഷ്ടയാക്കിയെന്നോ! അദ്ദേഹവും ഭാര്യയും 1998-ൽ സ്‌നാപനമേറ്റു.

പിന്തിരിഞ്ഞു നോക്കുമ്പോൾ മുഴുസമയ ശുശ്രൂഷക എന്ന നിലയിലുള്ള എന്റെ ജീവിതം വളരെയേറെ അനുഗ്രഹങ്ങളും പദവികളും നിറഞ്ഞ ഒന്നായിരുന്നു എന്ന്‌ എനിക്കു പറയാൻ കഴിയും. യഹോവ തന്റെ സംഘടനയിലൂടെ വെച്ചുനീട്ടിയ ക്ഷണങ്ങൾ സ്വീകരിച്ചത്‌ എനിക്കു വാസ്‌തവത്തിൽ സമൃദ്ധമായ പ്രതിഫലങ്ങൾ കൈവരുത്തിയിരിക്കുന്നു. ഭാവിയിൽ എനിക്കു ലഭിക്കുന്ന ഏതൊരു ക്ഷണവും സ്വീകരിക്കാനും ഞാൻ എന്നത്തെയും പോലെതന്നെ മനസ്സൊരുക്കമുള്ളവളാണ്‌.

[25-ാം പേജിലെ ചിത്രങ്ങൾ]

1957-ൽ ഞാൻ മുഴുസമയ സേവനത്തിൽ പ്രവേശിച്ചപ്പോൾ, ഇന്ന്‌

[26-ാം പേജിലെ ചിത്രം]

1963-ൽ ബ്രസീലിലെ ബെഥേൽ കുടുംബത്തോടൊപ്പം

[27-ാം പേജിലെ ചിത്രം]

1965 ആഗസ്റ്റിൽ ഞങ്ങൾ വിവാഹിതരായപ്പോൾ

[27-ാം പേജിലെ ചിത്രം]

വേല നിരോധിക്കപ്പെട്ടിരുന്ന സമയത്ത്‌ പോർച്ചുഗലിൽ നടത്തപ്പെട്ട ഒരു സമ്മേളനം

[28-ാം പേജിലെ ചിത്രം]

1978-ൽ ലിസ്‌ബണിൽ നടന്ന “വിജയപ്രദ വിശ്വാസ” അന്താരാഷ്‌ട്ര കൺവെൻഷൻ സമയത്തെ തെരുവു സാക്ഷീകരണം