വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിഷാദത്തിന്റെ പിടിയിൽനിന്ന്‌ എങ്ങനെ രക്ഷപ്പെടാം?

വിഷാദത്തിന്റെ പിടിയിൽനിന്ന്‌ എങ്ങനെ രക്ഷപ്പെടാം?

യുവജനങ്ങൾ ചോദിക്കുന്നു

വിഷാദത്തിന്റെ പിടിയിൽനിന്ന്‌ എങ്ങനെ രക്ഷപ്പെടാം?

“കൂട്ടുകാർക്ക്‌ എന്തു വിഷമം വന്നാലും അവരെ സഹായിക്കാനും സന്തോഷിപ്പിക്കാനും ഞാനുണ്ടാകും. എന്നിട്ട്‌ ഞാൻ ചെയ്യുന്നതോ? വീട്ടിൽ പോയി മുറിയടച്ചിരുന്ന്‌ കരയും. ആരും അത്‌ അറിയാറില്ല.”—കെല്ലി. *

“സങ്കടം വരുമ്പോഴൊക്കെ ഞാൻ എവിടെയെങ്കിലും പോയി ഒറ്റയ്‌ക്കിരിക്കും. ആരെങ്കിലും എന്തെങ്കിലും പരിപാടികൾക്ക്‌ ക്ഷണിച്ചാൽ ഓരോ കാരണം കണ്ടെത്തി ഞാൻ പോകാതിരിക്കാൻ നോക്കും. പിന്നെ, ഉള്ളിലെ ദുഃഖം വീട്ടുകാരിൽനിന്ന്‌ മറച്ചുപിടിക്കാൻ എനിക്കു നല്ല കഴിവാണ്‌. ഞാൻ വളരെ ഹാപ്പിയാണെന്നാണ്‌ അവരുടെ വിചാരം.”—റിക്ക്‌.

നിങ്ങൾക്ക്‌ എപ്പോഴെങ്കിലും ഇവരെപ്പോലെ തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽത്തന്നെ നിങ്ങൾക്ക്‌ എന്തെങ്കിലും കുഴപ്പമുണ്ടെന്ന്‌ അർഥമില്ല. എല്ലാവർക്കും ഇടയ്‌ക്കൊക്കെ അങ്ങനെ തോന്നാറുണ്ട്‌. ബൈബിൾക്കാലങ്ങളിലെ ദൈവഭക്തരായ ആളുകൾക്കുപോലും അങ്ങനെ തോന്നിയിട്ടുണ്ട്‌.

ചിലപ്പോൾ ദുഃഖത്തിന്‌ ഒരു കാരണം ഉണ്ടായിരിക്കും; എന്നാൽ മറ്റു ചിലപ്പോൾ കാരണമൊന്നും ഇല്ലാതെയും ദുഃഖം തോന്നാം. 19 വയസ്സുള്ള അന്ന പറയുന്നു: “സങ്കടം തോന്നാൻ വലിയ ദുരന്തങ്ങൾ സംഭവിക്കണമെന്നില്ല. പ്രശ്‌നങ്ങളൊന്നും ഇല്ലാത്തപ്പോൾപ്പോലും മനസ്സിൽ സങ്കടങ്ങൾ ഉരുണ്ടുകൂടാം. എന്തുകൊണ്ടാണെന്നു ചോദിച്ചാൽ അതിനൊരു ഉത്തരമില്ല.”

വിഷാദത്തിനു പിന്നിലെ കാരണം എന്തുതന്നെയായാലും—ഇനി, കാരണം ഇല്ലെങ്കിൽത്തന്നെ—അതിന്റെ പിടിയിൽനിന്നു പുറത്തുവരാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

#1. ആരോടെങ്കിലും മനസ്സുതുറക്കുക. “സ്‌നേഹിതൻ എല്ലാകാലത്തും സ്‌നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്‌തീരുന്നു” എന്ന്‌ ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 17:17.

കെല്ലി: “ആരോടെങ്കിലും മനസ്സുതുറന്നു കഴിയുമ്പോൾ വലിയ ആശ്വാസമാണ്‌! എന്റെ സങ്കടങ്ങൾ അറിയുന്ന ഒരാളെങ്കിലും ഉണ്ടല്ലോ. അവരുടെ സഹായത്താൽ വിഷാദത്തിൽനിന്നു കരകയറാൻ നമുക്കാകും.”

ചെയ്യാവുന്നത്‌: നിങ്ങളുടെ സങ്കടങ്ങളെല്ലാം പറയാൻ കഴിയുന്ന ഒരു സുഹൃത്തിന്റെ പേര്‌ താഴെ എഴുതുക.

#2. നിങ്ങളുടെ തോന്നലുകൾ എഴുതിവെക്കുക. മാനസിക വിഷമങ്ങൾ ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്‌ചപ്പാടിനു മങ്ങലേൽപ്പിക്കുമ്പോൾ ആ വിഷമതകൾ ഒരു കടലാസിലേക്കു പകർത്തുക. ചില സങ്കീർത്തനങ്ങളിൽ ദാവീദ്‌ തന്റെ മനോവ്യഥകൾ കുറിച്ചുവെച്ചിട്ടുണ്ട്‌. (സങ്കീർത്തനം 6:6) അങ്ങനെ എഴുതിവെക്കുന്നത്‌ വിവേകത്തോടെ പ്രവർത്തിക്കാൻ നിങ്ങളെ സഹായിക്കും.—സദൃശവാക്യങ്ങൾ 3:21.

ഹെതർ: “കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ചിന്തകളെ ഒന്ന്‌ ചിട്ടപ്പെടുത്തിയെടുക്കാൻ അതു സഹായിക്കും. അങ്ങനെയാകുമ്പോൾ മനസ്സിലെ ഭാരത്തിന്‌ അയവുവരും.”

ചെയ്യാവുന്നത്‌: ചിലർ ഡയറി എഴുതാറുണ്ട്‌. നിങ്ങൾക്ക്‌ ആ ശീലമുണ്ടെങ്കിൽ എന്തെല്ലാം അതിൽ എഴുതാൻ കഴിയും? മനസ്സിൽ സങ്കടം ഉള്ളപ്പോൾ നിങ്ങളുടെ തോന്നലുകളെല്ലാം വിവരിച്ചെഴുതുക. സങ്കടത്തിന്റെ കാരണം തിരിച്ചറിയാനായാൽ അതും എഴുതുക. ഒരു മാസം കഴിഞ്ഞ്‌ അതെടുത്തു വായിച്ചുനോക്കുക. നിങ്ങളുടെ വികാരത്തിന്‌ മാറ്റം വന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിനു സഹായിച്ചത്‌ എന്താണെന്ന്‌ എഴുതുക.

#3. അതേക്കുറിച്ച്‌ പ്രാർഥിക്കുക. നിങ്ങളുടെ മനോവിഷമങ്ങളെക്കുറിച്ച്‌ ദൈവത്തോടു പ്രാർഥിക്കുമ്പോൾ, “മനുഷ്യബുദ്ധിക്ക്‌ അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും . . . കാത്തുകൊള്ളും” എന്നു ബൈബിൾ പറയുന്നു.—ഫിലിപ്പിയർ 4:7.

എസ്ഥേർ: “എന്റെ സങ്കടത്തിന്റെ കാരണം എത്ര ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും എനിക്കു കഴിഞ്ഞില്ല. സന്തോഷത്തോടിരിക്കാൻ സഹായിക്കണമേയെന്ന്‌ ഞാൻ യഹോവയോട്‌ അപേക്ഷിച്ചു. ഒരു കാരണവുമില്ലാതെ ഇങ്ങനെ സങ്കടപ്പെട്ട്‌ ജീവിതം തള്ളിനീക്കേണ്ടിവരുന്നതിൽ എനിക്കു മടുപ്പുതോന്നി. ഒടുവിൽ എനിക്ക്‌ മനസ്സിനെ നേരെ നിറുത്താനായി. പ്രാർഥനയുടെ ശക്തിയെ ഒരിക്കലും നിസ്സാരമായി കാണരുത്‌!”

ചെയ്യാവുന്നത്‌: സങ്കീർത്തനം 139:23, 24-ൽ ദാവീദ്‌ പ്രാർഥിച്ചതുപോലെ നിങ്ങൾക്ക്‌ യഹോവയോടു പ്രാർഥിക്കാൻ കഴിഞ്ഞേക്കും. യഹോവയുടെ മുമ്പാകെ ഹൃദയം പകരുക. നിങ്ങളുടെ സങ്കടത്തിന്റെ കാരണം മനസ്സിലാക്കാൻ സഹായിക്കണമേയെന്ന്‌ അവനോട്‌ അപേക്ഷിക്കുക.

മേൽപ്പറഞ്ഞ പടികൾ കൂടാതെ വിലയേറിയ അനേകം നിർദേശങ്ങൾ ദൈവവചനത്തിൽ നിങ്ങൾക്കു കണ്ടെത്താനാകും. (സങ്കീർത്തനം 119:105) ബൈബിൾ വിവരണങ്ങളിൽനിന്നു കണ്ടെടുക്കാനാകുന്ന നല്ലനല്ല ചിന്തകൾകൊണ്ട്‌ മനസ്സു നിറയ്‌ക്കുന്നത്‌ ക്രിയാത്മകമായ ഒരു വീക്ഷണം പുലർത്താൻ നിങ്ങളെ സഹായിക്കും. (സങ്കീർത്തനം 1:1-3) ബൈബിളിലെ അപ്പൊസ്‌തല പ്രവൃത്തികൾ എന്ന പുസ്‌തകത്തിൽ അത്തരം ധാരാളം വിവരണങ്ങളുണ്ട്‌. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും—വാല്യം 2 (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽ “റോൾ മോഡൽ” എന്ന ഒരു ഭാഗമുണ്ട്‌. യോസേഫ്‌, ഹിസ്‌കീയാവ്‌, ലുദിയ, ദാവീദ്‌ തുടങ്ങിയ ഒമ്പതു കഥാപാത്രങ്ങളെക്കുറിച്ച്‌ അവിടെ നിങ്ങൾക്കു വായിക്കാനാകും. 227-ാം പേജിൽ അപ്പൊസ്‌തലനായ പൗലോസ്‌ തന്റെ നിഷേധവിചാരങ്ങളെ തരണം ചെയ്‌തത്‌ എങ്ങനെയെന്നു പറയുന്നുണ്ട്‌. ഈ വിവരങ്ങളെല്ലാം നിങ്ങളുടെ മനസ്സിനെ ഏറെ ബലപ്പെടുത്തും.

പക്ഷേ എത്ര ശ്രമിച്ചിട്ടും മനസ്സിലെ ദുഃഖം പോകുന്നില്ലെങ്കിലോ?

ദുഃഖം സ്ഥായിയാകുമ്പോൾ. . .

റയൻ പറയുന്നു: “ചില ദിവസങ്ങളിൽ രാവിലെ എഴുന്നേൽക്കാനേ തോന്നില്ല. നിരർഥകമായ ഒരു ദിവസംകൂടി തള്ളിനീക്കണമല്ലോ എന്ന ചിന്തയായിരിക്കും മനസ്സിൽ.” റയന്‌ വിഷാദരോഗമാണ്‌. ഈ രോഗവുമായി ജീവിക്കുന്ന ഒട്ടനവധി ആളുകളുണ്ട്‌. യുവപ്രായക്കാരിൽ നാലിൽ ഒരാൾ വീതം പ്രായപൂർത്തിയാകുന്നതിനു മുമ്പ്‌ ഏതെങ്കിലും തരത്തിലുള്ള വിഷാദരോഗാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്ന്‌ ഒരു പഠനം വെളിപ്പെടുത്തുന്നു.

നിങ്ങൾക്ക്‌ വിഷാദരോഗമുണ്ടോ എന്ന്‌ എങ്ങനെ അറിയാം? സ്വഭാവത്തിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന പ്രകടമായ മാറ്റങ്ങൾ, സ്വയം ഒറ്റപ്പെടുത്താനുള്ള പ്രവണത, ഒന്നിനോടും താത്‌പര്യമില്ലാതാകുക, വിശപ്പുകൂടുകയോ കുറയുകയോ ചെയ്യുക, ഉറക്കം പതിവിൽ കൂടുകയോ കുറയുകയോ ചെയ്യുക, അവനവനെപ്പറ്റിയുള്ള മതിപ്പ്‌ കുറയുക, അകാരണമായി കുറ്റബോധം തോന്നുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കാണുന്നെങ്കിൽ വിഷാദരോഗം സംശയിക്കാം.

ഏതാണ്ട്‌ എല്ലാവർക്കുംതന്നെ എപ്പോഴെങ്കിലുമൊക്കെ ഈ ലക്ഷണങ്ങളിൽ ചിലത്‌ ഉണ്ടാകാറുണ്ട്‌. എന്നാൽ ലക്ഷണങ്ങൾ ആഴ്‌ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്നെങ്കിൽ മാതാപിതാക്കളെ അറിയിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക; ഒരു നല്ല ഡോക്‌ടർക്ക്‌ നിങ്ങളെ വളരെയധികം സഹായിക്കാനാകും. *

നിങ്ങൾക്ക്‌ വിഷാദരോഗമുണ്ടെങ്കിൽ അതിൽ ലജ്ജിക്കാനൊന്നുമില്ല. ദീർഘകാലം ഈ രോഗത്തിന്റെ പിടിയിൽ കഴിയേണ്ടിവന്നവർക്കുപോലും വൈദ്യസഹായത്താൽ മനസ്സിനെ തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. നിങ്ങളുടെ മനോദുഃഖം ഏതു തരത്തിലുള്ളതാണെങ്കിലും സങ്കീർത്തനം 34:18-ലെ സാന്ത്വനവചനങ്ങൾ നിങ്ങൾക്ക്‌ ആശ്വാസം പകരും: “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.” (g10-E 09)

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org /ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 3 ചില പേരുകൾ മാറ്റിയിട്ടുണ്ട്‌.

^ ഖ. 22 ദുഃഖം സ്ഥായിയാകുമ്പോൾ ചില യുവജനങ്ങൾ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കാറുണ്ട്‌. നിങ്ങളുടെ മനസ്സിൽ അത്തരം ചിന്തകൾ വന്നിട്ടുണ്ടെങ്കിൽ ഉടൻതന്നെ, നിങ്ങളെ മനസ്സിലാക്കുന്ന മുതിർന്ന ഒരു വ്യക്തിയോട്‌ സംസാരിക്കുക.—2008 ജൂലൈ ലക്കം ഉണരുക!-യുടെ 25-27 പേജുകൾ കാണുക.

ചിന്തിക്കാൻ:

കരയുന്നത്‌ ഗുണം ചെയ്യുമോ?

“അത്ര പെട്ടെന്നൊന്നും ഞാൻ കരയാറില്ല. പക്ഷേ സങ്കടം വരുമ്പോൾ കരഞ്ഞേ മതിയാകൂ. നന്നായൊന്നു കരഞ്ഞാൽ മനസ്സിലെ ദുഃഖമെല്ലാം കണ്ണീരിലൂടെ ഒഴുകിപ്പൊയ്‌ക്കൊള്ളും. പിന്നെ സമനിലയോടെ ചിന്തിക്കാനാകും; സന്തോഷമുള്ളൊരു ഭാവി മുന്നിൽ കാണാനുമാകും.”—ലിയാൻ.

നിങ്ങളെ സഹായിക്കാൻ മറ്റുള്ളവർക്ക്‌ എന്തെങ്കിലും ചെയ്യാൻ കഴിയുമോ?

“സങ്കടമുള്ളപ്പോൾ ഒറ്റയ്‌ക്ക്‌ മാറിയിരിക്കുന്നത്‌ നന്നല്ലെന്നുള്ളത്‌ ശരിയാണ്‌. പക്ഷേ, ചിലപ്പോൾ തനിച്ചിരിക്കേണ്ടതായിവരും. എങ്കിലേ, സങ്കടത്തിന്റെ കാരണം തിരിച്ചറിയാനും നന്നായൊന്നു കരയാനും സാധിക്കൂ. എന്നാൽ അതുകഴിഞ്ഞ്‌ ഉടനെതന്നെ ഞാൻ മറ്റുള്ളവരുടെ കൂടെക്കൂടും. അല്ലെങ്കിൽ എന്നെ ദുഃഖിപ്പിക്കുന്ന ആ സംഗതി മനസ്സിൽനിന്നു മായില്ല.”—ക്രിസ്റ്റീൻ.

[31-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

നിങ്ങളുടെ സമപ്രായക്കാർ പറയുന്നത്‌

“എന്നെപ്പറ്റിത്തന്നെ ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ എനിക്ക്‌ സങ്കടം തോന്നുന്നത്‌. അതുകൊണ്ട്‌ സാധിക്കുമ്പോഴൊക്കെ മറ്റുള്ളവരെ സഹായിക്കാൻ ഞാൻ ശ്രമിക്കും. ചിന്തകൾ ആ വഴിക്ക്‌ തിരിച്ചുവിടുമ്പോൾ മനസ്സിന്‌ അയവുവരും.”

“പതിവായി വ്യായാമം ചെയ്യുമ്പോൾ മനസ്സിന്‌ നല്ല ഉഷാറ്‌ തോന്നും. വ്യായാമം ചെയ്‌ത്‌ തളർന്നിരിക്കുമ്പോൾ സങ്കടപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ച്‌ ഓർക്കാൻ ഞാൻ മിനക്കെടാറില്ല.”

[ചിത്രങ്ങൾ]

ഡ്രെനെൽ

റിബെക്ക

[32-ാം പേജിലെ ചിത്രം]

സ്വന്തശ്രമവും മറ്റുള്ളവരുടെ പിന്തുണയും കൂടിയാകുമ്പോൾ നിങ്ങൾക്ക്‌ വിഷാദത്തിൽനിന്ന്‌ കരകയറാനാകും