വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെളുത്തുള്ളി കിട്ടാൻ അവർ എത്ര കൊതിച്ചു!

വെളുത്തുള്ളി കിട്ടാൻ അവർ എത്ര കൊതിച്ചു!

വെളു​ത്തു​ള്ളി കിട്ടാൻ അവർ എത്ര കൊതി​ച്ചു!

ഡൊമിനിക്കൻ റിപ്പബ്ലി​ക്കി​ലെ ഉണരുക! ലേഖകൻ

വീട്ടിൽനിന്ന്‌ വളരെ അകലെ​യുള്ള ഒരു സ്ഥലത്ത്‌ നിങ്ങൾ വിശ​ന്നൊ​ട്ടിയ വയറു​മാ​യി​രി​ക്കു​ക​യാ​ണെന്നു വിചാ​രി​ക്കുക. ആ സമയത്ത്‌ എന്ത്‌ കഴിക്കാ​നാ​യി​രി​ക്കും നിങ്ങൾ ആഗ്രഹി​ക്കുക? നാട്ടിൽ വളരുന്ന ഒന്നാന്തരം പഴങ്ങളും പച്ചക്കറി​ക​ളും നിങ്ങളു​ടെ മനസ്സി​ലേക്ക്‌ ഓടി​യെ​ത്തി​യേ​ക്കാം, അതുമ​ല്ലെ​ങ്കിൽ അമ്മ ഉണ്ടാക്കി​ത്ത​രാ​റുള്ള കൊതി​യു​ണർത്തുന്ന ഇറച്ചി​ക്ക​റി​യോ മീൻക​റി​യോ കിട്ടി​യെ​ങ്കിൽ എന്ന്‌ ആശിച്ചു​പോ​യേ​ക്കാം. പക്ഷേ വെളു​ത്തു​ള്ളി​യെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ നിങ്ങളു​ടെ വായിൽ വെള്ളമൂ​റു​മോ?

ഏതാണ്ട്‌ 3,500 വർഷം മുമ്പ്‌ സീനായ്‌ മരുഭൂ​മി​യി​ലൂ​ടെ​യുള്ള ദുർഘ​ട​മായ യാത്ര​യ്‌ക്കി​ട​യിൽ ഇസ്രാ​യേൽ ജനം ഇങ്ങനെ പറഞ്ഞു: “ഈജി​പ്‌തിൽവച്ചു വില​കൊ​ടു​ക്കാ​തെ തിന്നി​ട്ടുള്ള മീൻ, വെള്ളരി​ക്കാ, മത്തങ്ങാ, സബോള, ഈരുള്ളി, വെളു​ത്തു​ള്ളി എന്നിവ ഞങ്ങൾ ഓർക്കു​ന്നു.” (സംഖ്യാ​പു​സ്‌തകം 11:4, 5, ഓശാന ബൈബിൾ) അതേ, വെളു​ത്തു​ള്ളി തിന്നാൻ അവർ കൊതി​ച്ചു. വെളു​ത്തു​ള്ളി അത്രയ്‌ക്ക്‌ ഇഷ്ടമാ​യി​രു​ന്ന​തി​നാൽ യഹൂദർ തങ്ങളെ​ത്തന്നെ വെളു​ത്തു​ള്ളി​പ്രി​യർ എന്നു വിശേ​ഷി​പ്പി​ച്ചി​രു​ന്ന​താ​യി ഒരു ഉറവിടം പറയുന്നു.

ഇസ്രാ​യേ​ല്യർക്ക്‌ വെളു​ത്തു​ള്ളി​യോട്‌ ഇത്ര പ്രിയം വരാൻ കാരണം എന്താണ്‌? ഈജി​പ്‌തി​ലെ 215 വർഷം നീണ്ടു​നിന്ന വാസത്തി​നി​ട​യിൽ വെളു​ത്തു​ള്ളി അവരുടെ ആഹാര​ത്തി​ന്റെ ഭാഗമാ​യി​ത്തീർന്നി​രു​ന്നു. യാക്കോ​ബും കുടും​ബ​വും ഈജി​പ്‌തി​ലെ​ത്തു​ന്ന​തി​നു ദീർഘ​കാ​ലം മുമ്പു​തന്നെ അവിട​ത്തു​കാർ വെളു​ത്തു​ള്ളി കൃഷി ചെയ്‌തി​രു​ന്ന​താ​യി പുരാ​വ​സ്‌തു​ഗ​വേഷണ തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു. പിരമിഡ്‌ നിർമാ​ണ​ത്തി​ലേർപ്പെ​ട്ടി​രുന്ന തങ്ങളുടെ അടിമ​കൾക്കു കൊടു​ക്കാ​നാ​യി ഈജി​പ്‌ഷ്യൻ അധികാ​രി​കൾ വൻതോ​തിൽ ചുവന്നു​ള്ളി​യും മുള്ളങ്കി​യും വെളു​ത്തു​ള്ളി​യും വാങ്ങി​ക്കൂ​ട്ടി​യി​രു​ന്ന​താ​യി ഗ്രീക്ക്‌ ചരി​ത്ര​കാ​ര​നായ ഹിറോ​ഡോ​ട്ടസ്‌ റിപ്പോർട്ടു ചെയ്യുന്നു. ഉയർന്ന അളവിൽ വെളു​ത്തു​ള്ളി അടങ്ങി​യി​രുന്ന ആഹാര​ക്രമം പണിക്കാ​രു​ടെ കായി​ക​ബ​ല​വും ഓജസ്സും വർധി​പ്പി​ച്ച​താ​യി കാണ​പ്പെ​ടു​ന്നു. ഈജി​പ്‌തു​കാർ തൂത്തൻഖാ​മൻ ഫറവോ​നെ അടക്കം ചെയ്‌ത​പ്പോൾ വിലപി​ടി​പ്പുള്ള അനേകം വസ്‌തു​ക്ക​ളോ​ടൊ​പ്പം വെളു​ത്തു​ള്ളി​യും അദ്ദേഹ​ത്തി​ന്റെ ശവകു​ടീ​ര​ത്തിൽ വെക്കു​ക​യു​ണ്ടാ​യി. മരിച്ച​വർക്ക്‌ വെളു​ത്തു​ള്ളി​കൊ​ണ്ടു പ്രയോ​ജ​ന​മൊ​ന്നു​മി​ല്ലെ​ങ്കി​ലും ജീവി​ച്ചി​രി​ക്കു​ന്ന​വർക്ക്‌ അത്‌ വളരെ പ്രയോ​ജ​ന​ക​ര​മാ​ണെന്നു തെളി​ഞ്ഞി​ട്ടുണ്ട്‌.

വീര്യ​മുള്ള ഔഷധം

രോഗി​കളെ ചികി​ത്സി​ക്കാൻ ഡോക്ടർമാർ കാലങ്ങ​ളാ​യി വെളു​ത്തു​ള്ളി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ ഗ്രീക്ക്‌ ചികി​ത്സ​ക​രായ ഹിപ്പോ​ക്ര​റ്റി​സും ഡൈ​യൊ​സ്‌കോ​രി​ഡി​സും ദഹന​ക്കേട്‌, കുഷ്‌ഠം, അർബുദം, പരിക്കു​കൾ, അണുബാധ, ഹൃദയ​സം​ബ​ന്ധ​മായ തകരാ​റു​കൾ എന്നിവ​യ്‌ക്കുള്ള പ്രതി​വി​ധി​യാ​യി വെളു​ത്തു​ള്ളി ശുപാർശ ചെയ്‌തി​രു​ന്നു. 19-ാം നൂറ്റാ​ണ്ടിൽ, ഫ്രഞ്ച്‌ രസത​ന്ത്ര​ജ്ഞ​നായ ലൂയി പാസ്‌ച്ചർ വെളു​ത്തു​ള്ളി​യെ​ക്കു​റി​ച്ചു പഠിക്കു​ക​യും അതിന്റെ അണുനാ​ശക സവി​ശേ​ഷ​ത​ക​ളെ​പ്പറ്റി വിശദീ​ക​രി​ക്കു​ക​യും ചെയ്‌തു. 20-ാം നൂറ്റാ​ണ്ടിൽ ആഫ്രി​ക്ക​യി​ലെ ഒരു പ്രശസ്‌ത മിഷന​റി​യും ഡോക്ട​റു​മാ​യി​രുന്ന ആൽബെർട്ട്‌ ഷ്‌​വൈ​റ്റ്‌സർ അമീബ മൂലമു​ണ്ടാ​കുന്ന അതിസാ​ര​ത്തി​ന്റെ​യും മറ്റുചില രോഗ​ങ്ങ​ളു​ടെ​യും ചികി​ത്സ​യിൽ വെളു​ത്തു​ള്ളി ഉപയോ​ഗി​ച്ചി​രു​ന്നു. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ സമയത്ത്‌ ആധുനിക ഔഷധ​ങ്ങ​ളു​ടെ ദൗർല​ഭ്യം നേരി​ട്ട​പ്പോൾ, പരിക്കേറ്റ സൈനി​കരെ ചികി​ത്സി​ക്കാൻ റഷ്യൻ മിലി​റ്ററി ഡോക്ടർമാർ ഉപയോ​ഗി​ച്ച​തും വെളു​ത്തു​ള്ളി​തന്നെ. അങ്ങനെ വെളു​ത്തു​ള്ളി റഷ്യൻ പെൻസി​ലിൻ എന്ന്‌ അറിയ​പ്പെ​ടാൻ ഇടയായി. കുറെ​ക്കൂ​ടെ അടുത്ത​കാ​ലത്ത്‌, വെളു​ത്തു​ള്ളി രക്തപര്യ​യന വ്യവസ്ഥ​യ്‌ക്ക്‌ ഗുണക​ര​മാ​യി​രി​ക്കു​ന്നത്‌ ഏതു വിധത്തി​ലാണ്‌ എന്നതി​നെ​പ്പറ്റി ശാസ്‌ത്രജ്ഞർ പഠനം നടത്തി​യി​ട്ടുണ്ട്‌.

അതേ, വെളു​ത്തു​ള്ളി​യു​ടെ പോഷ​ക​ഗു​ണ​വും ഔഷധ​മൂ​ല്യ​വും അപാര​മാണ്‌. അതിന്റെ മണവും രുചി​യും ഒന്നു​വേ​റെ​തന്നെ. വെളു​ത്തു​ള്ളി ആദ്യം കൃഷി ചെയ്‌തി​രു​ന്നത്‌ എവി​ടെ​യാണ്‌? അതിന്റെ ജന്മദേശം മധ്യേ​ഷ്യ​യാ​ണെ​ന്നും പിന്നീട്‌ അത്‌ ഗോള​മെ​മ്പാ​ടും സ്ഥാനം​പി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ചില സസ്യശാ​സ്‌ത്രജ്ഞർ വിശ്വ​സി​ക്കു​ന്നു. വെളു​ത്തു​ള്ളി വ്യാപ​ക​മാ​യി കൃഷി ചെയ്യ​പ്പെ​ടുന്ന, പശ്ചിമാർധ​ഗോ​ള​ത്തി​ലെ മനോ​ഹ​ര​മായ ഒരു സ്ഥലം നമുക്കി​പ്പോൾ പരിച​യ​പ്പെ​ടാം.

കോൺസ്റ്റാൻസാ​യി​ലെ വെളു​ത്തു​ള്ളി​ക്കൃ​ഷി

ഡൊമി​നി​ക്കൻ റിപ്പബ്ലി​ക്കി​ലെ കോൺസ്റ്റാൻസാ താഴ്‌വ​ര​യിൽ മിതോഷ്‌ണ കാലാ​വ​സ്ഥ​യാ​ണു​ള്ളത്‌. മലനി​ര​ക​ളാൽ ചുറ്റപ്പെട്ട ഈ താഴ്‌വാ​ര​ത്തി​ലെ മണ്ണ്‌ ഫലഭൂ​യി​ഷ്‌ഠ​മാണ്‌, മാത്രമല്ല ഇവിടെ നല്ല മഴയും ലഭിക്കു​ന്നു. വെളു​ത്തു​ള്ളി​ക്കൃ​ഷി​ക്കു പറ്റിയ സ്ഥലമാണ്‌ കോൺസ്റ്റാൻസാ.

സെപ്‌റ്റം​ബ​റിൽ അല്ലെങ്കിൽ ഒക്ടോ​ബ​റിൽ ഇവിടത്തെ കർഷകർ തങ്ങളുടെ കൃഷി​യി​ടങ്ങൾ വെടി​പ്പാ​ക്കു​ക​യും ഉഴുക​യും ചെയ്യുന്നു. ആ നിലങ്ങ​ളിൽ അവർ ആഴത്തി​ലുള്ള ചാലുകൾ കീറുന്നു. ഈ ചാലുകൾ ഏകദേശം ഒരു മീറ്റർ വീതി​യുള്ള മൺതി​ട്ട​ക​ളാൽ വേർതി​രി​ച്ചി​രി​ക്കും. ഓരോ മൺതി​ട്ട​യി​ലും കർഷകർ വീണ്ടും, അത്ര താഴ്‌ച​യി​ല്ലാത്ത മൂന്നോ നാലോ ചാലുകൾ ഉണ്ടാക്കും. ഇവയി​ലാണ്‌ വെളു​ത്തു​ള്ളി നടുന്നത്‌. ഇതിനി​ടെ പണിക്കാർ വെളു​ത്തു​ള്ളി, അല്ലിക​ളാ​യി അടർത്തി​യെ​ടു​ക്കും. ഈ അല്ലികൾ വെള്ളത്തിൽ 30 മിനിട്ട്‌ മുക്കി​വെ​ച്ച​ശേഷം അവർ അവ മൺത്തി​ട്ട​ക​ളിൽ ഉണ്ടാക്കി​യി​രി​ക്കുന്ന ചാലു​ക​ളിൽ നടും. തണുപ്പു​കാ​ല​ത്താണ്‌ വെളു​ത്തു​ള്ളി വളരു​ന്നത്‌. ഡൊമി​നി​ക്കൻ റിപ്പബ്ലി​ക്കി​ലാ​കട്ടെ ശിശിരം ഒട്ടും കഠിന​വു​മല്ല.

മാർച്ചിൽ അല്ലെങ്കിൽ ഏപ്രി​ലിൽ ആണ്‌ വിള​വെ​ടുപ്പ്‌ ആരംഭി​ക്കു​ന്നത്‌. വിളഞ്ഞ വെളു​ത്തു​ള്ളി​ച്ചെ​ടി​കൾ വേരോ​ടെ പറി​ച്ചെ​ടു​ത്ത​ശേഷം കർഷകർ അവ അഞ്ചോ ആറോ ദിവസം വയലിൽത്തന്നെ ഇടും. അതിനു​ശേഷം അവർ അവയുടെ വേരു​ക​ളും മുകൾഭാ​ഗ​വും ചെത്തി​ക്ക​ളഞ്ഞ്‌ വെളു​ത്തു​ള്ളി​ക്കു​ടങ്ങൾ, ക്രിബാസ്‌ എന്നു വിളി​ക്കുന്ന തുറന്ന ടബ്ബുക​ളിൽ ശേഖരി​ക്കും. നിറഞ്ഞ ടബ്ബുകൾ അവർ ഒരു ദിവസം വെയി​ലത്തു വെക്കും. വെളു​ത്തു​ള്ളി​ക്കു​ട​ങ്ങ​ളി​ലെ ഈർപ്പം കളയാ​നാണ്‌ ഇങ്ങനെ ചെയ്യു​ന്നത്‌. ഇനി അവ വിൽക്കാ​വു​ന്ന​താണ്‌.

ഇത്തിരി വെളു​ത്തു​ള്ളി, പക്ഷേ എന്തൊരു മണം!

വെളു​ത്തു​ള്ളി ചേർത്ത ഒരു കറിയോ മറ്റോ മുന്നി​ലെ​ത്തേണ്ട താമസം നിങ്ങളു​ടെ മൂക്ക്‌ അതിന്റെ മണം പിടി​ച്ചെ​ടു​ക്കും. എന്നാൽ പൊളി​ക്കാത്ത ഒരു വെളു​ത്തു​ള്ളി​ക്കു​ട​ത്തിന്‌ മണമൊ​ന്നും ഇല്ലാത്തത്‌ എന്തു​കൊ​ണ്ടാണ്‌? വെളു​ത്തു​ള്ളി​യിൽ വീര്യ​മുള്ള രാസപ​ദാർഥങ്ങൾ അടങ്ങി​യി​ട്ടുണ്ട്‌. വെളു​ത്തു​ള്ളി​യല്ലി ചതയ്‌ക്കു​ക​യോ മുറി​ക്കു​ക​യോ ചെയ്യു​മ്പോൾ മാത്രമേ അവ പരസ്‌പരം സമ്പർക്ക​ത്തിൽ വരിക​യു​ള്ളൂ. നിങ്ങൾ ഒരു വെളു​ത്തു​ള്ളി​യല്ലി അരിയു​മ്പോൾ അലൈ​നേസ്‌ എന്ന എൻസൈം, അലൈൻ എന്ന ഒരു പദാർഥ​വു​മാ​യി ചേരുന്നു. തത്‌ക്ഷണം സംഭവി​ക്കുന്ന ഒരു രാസ​പ്ര​വർത്ത​ന​ത്തി​ന്റെ ഫലമായി അലൈ​സിൻ രൂപം​കൊ​ള്ളു​ന്നു. വെളു​ത്തു​ള്ളിക്ക്‌ തനതായ മണവും രുചി​യും നൽകു​ന്നത്‌ ഈ രാസസം​യു​ക്ത​മാണ്‌.

വാടാത്ത ഒരു വെളു​ത്തു​ള്ളി​യല്ലി ഒന്നു കടിക്കു​മ്പോൾ വായിൽ അലൈ​സി​ന്റെ ഒരു സ്‌ഫോ​ടനം നടക്കു​ന്ന​തു​പോ​ലെ​യാണ്‌. നിങ്ങൾക്ക്‌ ഇഷ്ടമാ​ണെ​ങ്കി​ലും അല്ലെങ്കി​ലും ശരി, വെളു​ത്തു​ള്ളി​യു​ടെ ഗന്ധം നിങ്ങളെ വലയം ചെയ്യു​ക​യാ​യി. ശ്വാസ​ത്തി​ലെ ഗന്ധത്തിന്റെ രൂക്ഷത കുറയ്‌ക്കാൻ എന്തെങ്കി​ലും ചെയ്യാ​നാ​കു​മോ? അൽപ്പം ഗ്രാമ്പൂ​വോ പാർസ്‌ലി​യോ ചവച്ചാൽ മതിയാ​കും.

എന്നാൽ ഒരു കാര്യം മനസ്സിൽപ്പി​ടി​ക്കുക, ഈ വെളു​ത്തു​ള്ളി​മണം മുഖ്യ​മാ​യും നിങ്ങളു​ടെ ശ്വാസ​കോ​ശ​ങ്ങ​ളിൽനി​ന്നാ​ണു വരുന്നത്‌. എങ്ങനെ​യെ​ന്നല്ലേ? വെളു​ത്തു​ള്ളി തിന്നു​ക​ഴി​യു​മ്പോൾ അത്‌ നിങ്ങളു​ടെ ദഹനവ്യൂ​ഹ​ത്തിൽനിന്ന്‌ രക്തത്തി​ലേക്കു കടക്കുന്നു, അങ്ങനെ ശ്വാസ​കോ​ശ​ങ്ങ​ളി​ലെ​ത്തു​ന്നു. തുടർന്ന്‌, നിങ്ങളു​ടെ ഉച്ഛ്വാ​സ​വാ​യു​വി​ലൂ​ടെ അതിന്റെ രൂക്ഷഗന്ധം പുറത്തു​വ​രു​ന്നു. അതു​കൊണ്ട്‌ മൗത്ത്‌വാഷ്‌ ഉപയോ​ഗി​ച്ചാ​ലോ പാർസ്‌ലി ചവച്ചാ​ലോ ഒന്നും ശ്വാസ​ത്തി​ലെ വെളു​ത്തു​ള്ളി​മണം പൂർണ​മാ​യും ഇല്ലാതാ​ക്കാൻ കഴിയില്ല. അപ്പോൾപ്പി​ന്നെ ഈ പ്രശ്‌ന​ത്തിന്‌ ശരി​ക്കൊ​രു പരിഹാ​ര​മി​ല്ലെ​ന്നാ​ണോ? ഇല്ലെന്നു​തന്നെ പറയാം. പക്ഷേ നിങ്ങളു​ടെ കൂടെ​യുള്ള എല്ലാവ​രും വെളു​ത്തു​ള്ളി തിന്നു​ന്ന​വ​രാ​ണെ​ങ്കിൽപ്പി​ന്നെ കുഴപ്പ​മില്ല, ആരും അതിന്റെ മണം ശ്രദ്ധി​ച്ചെന്നു വരില്ല!

പല ദേശക്കാർക്കും വെളു​ത്തു​ള്ളി ചേർക്കാത്ത ആഹാര​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നേ കഴിയില്ല. വെളു​ത്തു​ള്ളി കുറഞ്ഞ അളവിൽ ഉപയോ​ഗി​ക്കു​ന്നി​ട​ങ്ങ​ളിൽപ്പോ​ലും, അതിന്റെ മോശ​മായ വിശേ​ഷ​ത​കളെ കടത്തി​വെ​ട്ടു​ന്ന​താണ്‌ അതിന്റെ പ്രയോ​ജ​നങ്ങൾ എന്നു വിശ്വ​സി​ക്കുന്ന അനേകം ആളുക​ളുണ്ട്‌.

[23-ാം പേജിലെ ചിത്രം]

വിളവെടുപ്പിനു ശേഷം വെളു​ത്തു​ള്ളി വെയി​ല​ത്തു​വെച്ച്‌ ഉണക്കുന്നു

[23-ാം പേജിലെ ചിത്രം]

കോൺസ്റ്റാൻസാ താഴ്‌വാ​രം

[23-ാം പേജിലെ ചിത്രം]

ചതയ്‌ക്കുകയോ മുറി​ക്കു​ക​യോ ചെയ്യു​മ്പോൾ മാത്രം വെളു​ത്തു​ള്ളി​യിൽനി​ന്നു മണം വരുന്നത്‌ എന്തു​കൊണ്ട്‌?