വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

വൈദ്യ​പ​രി​ശോ​ധനാ രേഖകൾ—ടിവി കാണൽ ശീലങ്ങൾ ഉൾപ്പെ​ടു​ത്ത​ണ​മോ?

സ്‌പെ​യി​നി​ലെ ഒരു കൂട്ടം ശിശു​രോഗ വിദഗ്‌ധർ കുട്ടി​ക​ളു​ടെ ടിവി കാണൽ ശീലങ്ങൾ അവരുടെ വൈദ്യ​പ​രി​ശോ​ധനാ രേഖക​ളിൽ ഉൾപ്പെ​ടു​ത്താൻ ശുപാർശ ചെയ്യുന്നു. സ്‌പാ​നിഷ്‌ വർത്തമാ​ന​പ്പ​ത്ര​മായ ഡിയ​ര്യോ മെഡി​ക്കോ പറയു​ന്ന​ത​നു​സ​രിച്ച്‌ തങ്ങൾ ചികി​ത്സി​ക്കുന്ന കുട്ടികൾ ഒരു ദിവസം എത്ര മണിക്കൂർ ടിവി കാണു​ന്നു​വെ​ന്നും ഏതുതരം പരിപാ​ടി​കൾ, ആരുടെ കൂടെ​യി​രുന്ന്‌ വീക്ഷി​ക്കു​ന്നു​വെ​ന്നും തങ്ങൾ അറി​യേ​ണ്ട​തുണ്ട്‌ എന്ന്‌ ഈ ഡോക്ടർമാർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. എന്തു​കൊണ്ട്‌? കാരണം, ടിവി വീക്ഷണം അലസമായ ഒരു ജീവി​ത​ശൈലി, വർധിച്ച അക്രമാ​സക്ത പ്രവണത, സാധനങ്ങൾ വാങ്ങി​ക്കൂ​ട്ടാ​നുള്ള ആഗ്രഹം, സ്‌കൂ​ളി​ലെ മോശ​മായ പ്രകടനം എന്നിവ​യി​ലേക്കു നയിക്കു​മെ​ന്നും കുട്ടികൾ ടിവി ആസക്തരാ​യി​ത്തീ​രാൻ ഇടയാ​ക്കു​മെ​ന്നും ഈ ശിശു​രോഗ വിദഗ്‌ധർ നടത്തിയ ഒരു സർവേ വെളി​പ്പെ​ടു​ത്തി. “കുട്ടി​ക​ളു​ടെ കിടപ്പു​മു​റി പോലെ അവർക്ക്‌ ഇഷ്ടാനു​സ​രണം ഏതു പരിപാ​ടി​യും കാണാൻ കഴിയുന്ന ഒരു സ്ഥാനത്ത്‌ ടെലി​വി​ഷൻ വെക്കാ​തി​രി​ക്കാൻ ഡോക്ടർമാർ മാതാ​പി​താ​ക്കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു” എന്ന്‌ പത്ര റിപ്പോർട്ടു പറയുന്നു. “കൂടാതെ, ഭക്ഷണ​വേ​ള​ക​ളി​ലെ ടെലി​വി​ഷൻ കാഴ്‌ച ഒഴിവാ​ക്കേ​ണ്ട​താണ്‌. മാതാ​പി​താ​ക്കൾ കുട്ടി​ക​ളു​ടെ ടെലി​വി​ഷൻ വീക്ഷണത്തെ ദിവസം രണ്ടു മണിക്കൂ​റിൽ താഴെ​യാ​യി പരിമി​ത​പ്പെ​ടു​ത്തണം, ദിവസം ഒരു മണിക്കൂ​റിൽ താഴെ​യാ​ണെ​ങ്കിൽ ഏറെ നല്ലത്‌.”(g01 11/8)

ചൈന​യു​ടെ ജനസം​ഖ്യാ വർധന

“ചൈന​യു​ടെ ജനസംഖ്യ 126 കോടി ആയിരി​ക്കു​ക​യാണ്‌. ആളുക​ളു​ടെ ആയുർ​ദൈർഘ്യം വർധി​ച്ചി​രി​ക്കു​ന്നു, അവർ കൂടുതൽ അഭ്യസ്‌ത​വി​ദ്യ​രും പരിഷ്‌കൃ​ത​രും ആയിത്തീർന്നി​രി​ക്കു​ന്നു” എന്ന്‌ എബിസി​ന്യൂ​സ്‌ഡോ​ട്ട്‌കോം (abcNEWS.com) എന്ന വെബ്‌​സൈറ്റ്‌ പറയുന്നു. നാഷണൽ ബ്യൂറോ ഓഫ്‌ സ്റ്റാറ്റി​സ്റ്റി​ക്‌സി​ന്റെ ഡയറക്ടർ ജൂ ജിഷിൻ പറയു​ന്ന​ത​നു​സ​രിച്ച്‌ 1990-നു ശേഷം ജനസം​ഖ്യ​യിൽ 13.22 കോടി വർധന ഉണ്ടായി​ട്ടുണ്ട്‌. പ്രതി​വർഷം 1.07 എന്ന കുറഞ്ഞ ജനന നിരക്ക്‌ 1970-കളുടെ അവസാ​ന​ത്തോ​ടെ ചൈന​യിൽ നടപ്പാ​ക്ക​പ്പെട്ട, ഒരു ദമ്പതി​കൾക്ക്‌ ഒരു കുട്ടി എന്ന ജനനനി​യ​ന്ത്രണ നയത്തിന്റെ ഫലമാണ്‌ എന്നു കരുത​പ്പെ​ടു​ന്നു. എന്നാൽ ഓരോ 100 പെൺകു​ട്ടി​കൾക്കും ആനുപാ​തി​ക​മാ​യി 117 ആൺകു​ട്ടി​കൾ ജനിക്കു​ന്നു​വെന്നു—സാധ്യ​ത​യ​നു​സ​രിച്ച്‌ കുട്ടി ആണോ പെണ്ണോ എന്നു മനസ്സി​ലാ​ക്കി​യ​ശേഷം ഗർഭച്ഛി​ദ്രം നടത്തു​ന്ന​തി​ന്റെ ഫലമാണ്‌ ഇത്‌—വെളി​പ്പെ​ടു​ത്തിയ 1999-ലെ ഒരു സർവേ അധികാ​രി​കളെ ആശങ്കാ​കു​ല​രാ​ക്കി​യി​രി​ക്കു​ക​യാണ്‌. “ജനന അനുപാ​ത​ത്തി​ലെ ഈ അസന്തു​ലനം മണവാ​ട്ടി​മാ​രു​ടെ ദൗർല​ഭ്യം, വർധിച്ച വേശ്യാ​വൃ​ത്തി, വിവാ​ഹ​ത്തി​നാ​യി സ്‌ത്രീ​കളെ തട്ടി​ക്കൊ​ണ്ടു​പോ​കുക, വിൽക്കുക എന്നിങ്ങ​നെ​യുള്ള പ്രശ്‌ന​ങ്ങൾക്ക്‌ ഇടയാ​ക്കു​മെന്ന്‌ സാമൂ​ഹിക ശാസ്‌ത്രജ്ഞർ ഭയപ്പെടു”ന്നതായി റിപ്പോർട്ടു പറയുന്നു. (g01 11/8)

പഞ്ചസാ​രയെ പ്ലാസ്റ്റി​ക്കാ​ക്കു​ന്നു

പഞ്ചസാ​രയെ പ്ലാസ്റ്റി​ക്കാ​ക്കി മാറ്റാൻ കഴിവുള്ള ഒരു പുതിയ ഇനം ബാക്‌ടീ​രി​യയെ ബ്രസീ​ലി​ലെ സാങ്കേ​തിക ഗവേഷണ ഇൻസ്റ്റി​റ്റ്യൂ​ട്ടി​ലെ ശാസ്‌ത്രജ്ഞർ കണ്ടെത്തി​യി​രി​ക്കു​ന്നു. നേരത്തേ കണ്ടെത്ത​പ്പെ​ട്ടി​രുന്ന ഇനങ്ങൾക്ക്‌, ചെറിയ തന്മാ​ത്ര​ക​ളാ​യി വിഘടിച്ച പഞ്ചസാ​രയെ മാത്രമേ ദഹിപ്പി​ക്കാ​നും പരിവർത്ത​ന​ത്തി​നു വിധേ​യ​മാ​ക്കാ​നും കഴിഞ്ഞി​രു​ന്നു​ള്ളൂ. എന്നാൽ “പഞ്ചസാ​രയെ നേരിട്ട്‌ പരിവർത്ത​ന​ത്തി​നു വിധേ​യ​മാ​ക്കാ​നുള്ള കഴിവാണ്‌ [പുതു​താ​യി കണ്ടെത്തിയ ബാക്‌ടീ​രി​യ​ത്തി​ന്റെ] സവി​ശേഷത” എന്ന്‌ കാർളൊസ്‌ ഹോസ്യു എന്ന വിദഗ്‌ധൻ പറയുന്നു. ഭക്ഷണം അമിത​മാ​യി അകത്തു ചെന്നു കഴിയു​മ്പോൾ കൂടു​ത​ലുള്ള പഞ്ചസാര ഉപയോ​ഗിച്ച്‌ ഇവ ജൈവ നിമ്‌നീ​ക​ര​ണീയ പ്ലാസ്റ്റി​ക്കി​ന്റെ തരികൾ നിർമി​ക്കു​ന്നു. ഒരു ലായകം ഉപയോ​ഗിച്ച്‌ ശാസ്‌ത്ര​ജ്ഞർക്ക്‌ അവയെ വേർതി​രിച്ച്‌ എടുക്കാൻ സാധി​ക്കും. ഗവേഷ​ക​രു​ടെ അഭി​പ്രാ​യ​ത്തിൽ “മൂന്നു കിലോ​ഗ്രാം പഞ്ചസാ​ര​യിൽനിന്ന്‌ ഒരു കിലോ​ഗ്രാം പ്ലാസ്റ്റിക്‌ ലഭിക്കും” എന്ന്‌ ഓ എസ്റ്റാഡോ ഡി സൗൻ പൗലൂ എന്ന പത്രം പറയുന്നു.(g01 11/8)

ഭക്ഷണത്തി​ലെ കൊഴുപ്പ്‌ മനസ്സിനെ മന്ദീഭ​വി​പ്പി​ക്കു​ന്നു

“കൊഴുപ്പ്‌ അധിക​മുള്ള ഭക്ഷണ​ക്രമം നിങ്ങളു​ടെ മസ്‌തി​ഷ്‌ക​ത്തി​ന്റെ​യും ഹൃദയ​ധ​മ​നി​ക​ളു​ടെ​യും പ്രവർത്ത​നത്തെ തടസ്സ​പ്പെ​ടു​ത്തി​യേ​ക്കും” എന്ന്‌ ന്യൂ സയന്റിസ്റ്റ്‌ മാസിക പറയുന്നു. ഉയർന്ന അളവിൽ കൊഴുപ്പ്‌ അടങ്ങിയ ഒരു ഭക്ഷണ​ക്രമം എന്തു ഫലം ചെയ്യും എന്നു മനസ്സി​ലാ​ക്കു​ന്ന​തിന്‌ കാനഡ​യി​ലെ ഗവേഷകർ ഒരു പരീക്ഷണം നടത്തി. അവർ “ഒരു മാസം പ്രായ​മുള്ള എലികൾക്ക്‌ അവയ്‌ക്കു നാലു മാസം ആകുന്നതു വരെ മൃഗ​കൊ​ഴുപ്പ്‌ അല്ലെങ്കിൽ സസ്യ​കൊ​ഴുപ്പ്‌ ധാരാളം അടങ്ങി​യി​ട്ടുള്ള തീറ്റ നൽകി.” മറ്റൊരു കൂട്ടം എലികൾക്ക്‌ കൊഴു​പ്പു കുറഞ്ഞ തീറ്റയും. എന്നിട്ട്‌ ഈ രണ്ടു കൂട്ടം എലിക​ളെ​യും ഒരു പരിശീ​ലന പരിപാ​ടിക്ക്‌ വിധേ​യ​മാ​ക്കി. ഫലം എന്തായി​രു​ന്നു? മൃഗ​കൊ​ഴുപ്പ്‌ ആയാലും സസ്യ​കൊ​ഴുപ്പ്‌ ആയാലും, കൊഴുപ്പ്‌ അധികം ഉള്ള തീറ്റ തിന്ന എലിക​ളു​ടെ “പ്രകടനം കൊഴു​പ്പു കുറഞ്ഞ തീറ്റ തിന്നവയെ അപേക്ഷിച്ച്‌ വളരെ മോശ​മാ​യി​രു​ന്നു.” ഗവേഷകൻ ഗോർഡൻ വിനൊ​ക്കർ പറഞ്ഞു: “കൊഴുപ്പ്‌ കൂടുതൽ അടങ്ങിയ ഭക്ഷണ​ക്രമം എല്ലാ മണ്ഡലങ്ങ​ളി​ലു​മുള്ള നമ്മുടെ പ്രകട​നത്തെ പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ന്നു. ഈ ജീവി​ക​ളു​ടെ പ്രവർത്തനം എത്രമാ​ത്രം തകരാ​റി​ലാ​യി​ട്ടുണ്ട്‌ എന്നതു ശ്രദ്ധേ​യ​മാണ്‌.” റിപ്പോർട്ട്‌ അനുസ​രിച്ച്‌ “ഗ്ലൂക്കോസ്‌ ആഗിരണം ചെയ്യു​ന്ന​തിൽനിന്ന്‌ കൊഴുപ്പ്‌ മസ്‌തി​ഷ്‌കത്തെ തടയുന്നു” എന്ന്‌ ഗവേഷകർ കരുതു​ന്നു. “രക്തത്തിലെ പഞ്ചസാ​ര​യു​ടെ അളവിനെ നിയ​ന്ത്രി​ക്കാൻ സഹായി​ക്കുന്ന ഇൻസു​ലി​ന്റെ പ്രവർത്ത​നത്തെ തടസ്സ​പ്പെ​ടു​ത്തു​ന്നതു മൂലമാ​യി​രി​ക്കാം ഇത്‌.”(g01 11/8)

പാഴാ​ക്കി​ക്ക​ള​യുന്ന ഭക്ഷണം

“വിവാ​ഹ​സ​ദ്യ​ക​ളി​ലും മറ്റു വലിയ വിരു​ന്നു​ക​ളി​ലും പാഴാ​ക്കി​ക്ക​ള​യുന്ന ഭക്ഷണത്തി​ന്റെ അളവ്‌ അവിശ്വ​സ​നീ​യ​മാണ്‌” എന്ന്‌ ജപ്പാനി​ലെ മൈനി​ച്ചി ഡെയ്‌ലി ന്യൂസ്‌ പറയുന്നു. എത്രമാ​ത്രം ഭക്ഷണമാ​ണു പാഴാ​ക്കി​ക്ക​ള​യു​ന്നത്‌ എന്നറി​യാ​നാ​യി ഗവൺമെന്റ്‌ നടത്തിയ ഒരു സർവേ വെളി​പ്പെ​ടു​ത്തു​ന്ന​ത​നു​സ​രിച്ച്‌ വീടു​ക​ളിൽ ശരാശരി 7.7 ശതമാനം ഭക്ഷണം പാഴാ​ക്കി​ക്ക​ള​യു​മ്പോൾ ഭക്ഷണസാ​ധ​ന​ങ്ങ​ളു​ടെ വിൽപ്പ​ന​ക്കാർ 1.1 ശതമാ​ന​വും റെസ്റ്ററ​ന്റു​കൾ പാകം ചെയ്യാത്ത ആഹാര​സാ​ധ​ന​ങ്ങ​ളിൽ 5.1 ശതമാ​ന​വും വെറുതെ കളയുന്നു. എന്നിരു​ന്നാ​ലും പത്ര റിപ്പോർട്ട്‌ അനുസ​രിച്ച്‌ “ബൂഫേ രീതി​യിൽ നടത്തുന്ന സദ്യക​ളിൽ വിളമ്പുന്ന ഭക്ഷണത്തി​ന്റെ 15.7 ശതമാ​ന​മാണ്‌ കളയു​ന്നത്‌.” കൂടാതെ, വിവാ​ഹ​സ​ദ്യ​കൾക്കാ​യി ഒരുക്കുന്ന ഭക്ഷണത്തിൽ ഏകദേശം 24 ശതമാനം “മിച്ചം വരിക​യോ പാഴാ​ക്കി​ക്ക​ള​യു​ക​യോ ചെയ്യുന്നു.” “ഭക്ഷണം ഒട്ടും​തന്നെ പാഴാ​ക്കു​ന്നി​ല്ലെന്നു” റിപ്പോർട്ടു ചെയ്‌തത്‌ ഉത്‌പാ​ദകർ മാത്രമാണ്‌.(g01 11/8)

ഒന്നാം നമ്പർ കൊല​യാ​ളി

“മദ്യം പ്രതി​വർഷം 55,000 യുവാ​ക്ക​ളു​ടെ മരണത്തിന്‌ ഇടയാ​ക്കു​ന്നു” എന്ന്‌ ഫ്രഞ്ച്‌ ദിനപ​ത്ര​മായ ല ഫിഗാ​റോ റിപ്പോർട്ടു ചെയ്യുന്നു. ലോകാ​രോ​ഗ്യ സംഘടന പറയു​ന്ന​ത​നു​സ​രിച്ച്‌ യൂറോ​പ്പിൽ 15-നും 29-നും ഇടയ്‌ക്കു പ്രായ​മുള്ള പുരു​ഷ​ന്മാ​രെ കൊ​ന്നൊ​ടു​ക്കു​ന്ന​തിൽ മുൻപ​ന്തി​യിൽ നിൽക്കുന്ന കൊല​യാ​ളി മദ്യമാണ്‌. കൂടാതെ, അവിടെ നടക്കുന്ന മൊത്തം മരണങ്ങ​ളു​ടെ 25 ശതമാ​ന​ത്തി​ലും മദ്യപാ​നം ഒരു പങ്കു വഹിക്കു​ന്നു. “അമിത മദ്യപാ​ന​ത്താ​ലുള്ള വിഷബാധ, വാഹനാ​പ​ക​ടങ്ങൾ, ആത്മഹത്യ, കൊല​പാ​തകം” എന്നിവ മൂലമുള്ള മരണങ്ങൾ ഇതിൽ പെടുന്നു എന്നു പത്രം പറയുന്നു. ചില പൂർവ യൂറോ​പ്യൻ രാജ്യ​ങ്ങ​ളി​ലെ സ്ഥിതി വിശേ​ഷാൽ ഗുരു​ത​ര​മാണ്‌. അവിട​ങ്ങ​ളി​ലുള്ള “യുവാ​ക്ക​ളിൽ മൂന്നി​ലൊന്ന്‌ താമസി​യാ​തെ അമിത മദ്യപാ​ന​ത്തി​ന്റെ ഫലമായി മരിക്കു​മെന്നു തീർച്ച​യാണ്‌.” യുവാ​ക്കൾക്ക്‌ “മദ്യപാ​ന​ത്തോട്‌ സന്തുലി​ത​വും ആരോ​ഗ്യ​ക​ര​വു​മായ ഒരു മനോ​ഭാ​വം” ഉണ്ടായി​രി​ക്കുക അങ്ങേയറ്റം ബുദ്ധി​മു​ട്ടാ​ക്കി​ത്തീർക്കുന്ന മദ്യ കമ്പനി​ക​ളു​ടെ തീവ്ര​മായ വിപണന ശ്രമങ്ങളെ ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ ഡയറക്ടർ ജനറൽ ഡോ. ഗ്രോ ഹാർളെം സ്വീഡ​നി​ലെ സ്റ്റോക്ക്‌ഹോ​മിൽ നടന്ന ഒരു കോൺഫ​റെൻസിൽ അപലപി​ച്ചു. (g01 11/22)

ആനയു​ടേതു പോലുള്ള ഓർമ​ശ​ക്തി​യോ?

ഒരു ആനപ്പറ്റ​ത്തി​ന്റെ അതിജീ​വ​ന​ത്തിൽ ഏറ്റവും പ്രായ​മേ​റിയ പിടി​യാ​ന​യു​ടെ ഓർമ​ശക്തി നിർണാ​യക പങ്കുവ​ഹി​ക്കു​ന്ന​താ​യി കെനി​യ​യു​ടെ ആംബോ​സെലി ദേശീയ പാർക്കി​ലെ ഗവേഷകർ കണ്ടെത്തി. “പിടി​യാ​ന​ക​ളു​ടെ കൂട്ടത്തി​ലെ പ്രായം കൂടി​യ​വ​യ്‌ക്ക്‌, അതായത്‌ 55 വയസ്സെ​ങ്കി​ലും ഉള്ളവയ്‌ക്ക്‌ അപരി​ചി​തരെ സുഹൃ​ത്തു​ക്ക​ളിൽനി​ന്നു തിരി​ച്ച​റി​യാൻ 35 വയസ്സുള്ള . . . ആനക​ളെ​ക്കാൾ കഴിവുണ്ട്‌” എന്ന്‌ സയൻസ്‌ ന്യൂസ്‌ റിപ്പോർട്ടു ചെയ്യുന്നു. കൂട്ടത്തി​ലെ ആനകളു​ടെ ആശയവി​നി​മയ ശബ്ദങ്ങൾ അല്ലെങ്കിൽ താഴ്‌ന്ന ആവൃത്തി​യി​ലുള്ള ചിന്നം വിളികൾ ഓർത്തു​വെ​ച്ചു​കൊണ്ട്‌ അപരി​ചി​ത​മായ ശബ്ദങ്ങൾ തിരി​ച്ച​റി​യാൻ മുതിർന്ന പിടി​യാ​ന​കൾക്കു സാധി​ക്കും. അങ്ങനെ​യു​ള്ള​പ്പോൾ ശത്രു​ക്ക​ളു​ടെ ആക്രമ​ണ​ത്തിൽനി​ന്നു രക്ഷപ്പെ​ടു​ന്ന​തി​നാ​യി അവ കൂട്ടത്തി​ലെ ആനകളെ ഒരുമി​ച്ചു ചേർക്കു​ന്നു. “സാധാ​ര​ണ​ഗ​തി​യിൽ ഒരു പിടി​യാ​ന​യ്‌ക്ക്‌ നൂറോ​ളം സുഹൃ​ത്തു​ക്കളെ അവയുടെ ചിന്നം വിളി​യാൽ തിരി​ച്ച​റി​യാൻ കഴിയും” എന്ന്‌ റിപ്പോർട്ടു പറയുന്നു. അതു​കൊണ്ട്‌ വേട്ടക്കാർ പ്രായ​മുള്ള ഒരു പിടി​യാ​നയെ കൊല്ലു​മ്പോൾ മുഴു ആനപ്പറ്റ​ത്തി​നും വിവര​ങ്ങ​ളു​ടെ ഒരു വൻ ശേഖര​മാ​ണു നഷ്ടപ്പെടുന്നത്‌.(g01 11/22)

സന്തുഷ്ടി എങ്ങനെ നേടാം?

“സംതൃ​പ്‌തി​ദാ​യ​ക​മായ ഒരു ജീവി​ത​ത്തി​നുള്ള താക്കോൽ ഒരു വലിയ ബാങ്ക്‌ നിക്ഷേപം ഉണ്ടായി​രി​ക്കു​ന്നതല്ല. വാസ്‌ത​വ​ത്തിൽ, പണം, പ്രശസ്‌തി, സ്വാധീ​നം എന്നിവ സംതൃ​പ്‌തി നേടി​ത്ത​രാ​നുള്ള സാധ്യത തീരെ കുറവാണ്‌” എന്ന്‌ മനശ്ശാ​സ്‌ത്ര​ജ്ഞ​രു​ടെ നൂതന ഗവേഷ​ണങ്ങൾ തെളി​യി​ക്കു​ന്നു. ഐക്യ​നാ​ടു​ക​ളി​ലെ മിസൗറി-കൊളം​ബിയ സർവക​ലാ​ശാ​ല​യി​ലെ കെനൻ ഷെൽഡൻ ഇങ്ങനെ പറയുന്നു: “പാശ്ചാത്യ സംസ്‌കാ​ര​ങ്ങ​ളിൽ പല പരസ്യ​ങ്ങ​ളും നമുക്ക്‌ സൗന്ദര്യ​വും പ്രശസ്‌തി​യും പണവും അനിവാ​ര്യ​മാ​ണെന്ന്‌ സൂചി​പ്പി​ക്കു​ന്നു. ഇത്‌ ഒരു നല്ല വിപണന തന്ത്രമാ​യി​രി​ക്കാം, എന്നാൽ അതിന്‌ ഇരയാ​കു​ന്നവർ ഏറ്റവും സന്തുഷ്ട​രാ​യി​രി​ക്കു​ന്ന​താ​യി കാണു​ന്നില്ല.” ലണ്ടനിലെ ദി ഇൻഡി​പെൻഡന്റ്‌ റിപ്പോർട്ടു ചെയ്‌ത​ത​നു​സ​രിച്ച്‌ 700 കോ​ളേജ്‌ വിദ്യാർഥി​കളെ ഉൾപ്പെ​ടു​ത്തി നടത്തിയ ഒരു പഠനം, വിദ്യാർഥി​കൾ തങ്ങളുടെ സന്തുഷ്ടി​യെ ഏറ്റവും ബാധി​ക്കു​ന്നത്‌ “ആത്മാഭി​മാന”വും “മറ്റുള്ള​വ​രു​മാ​യുള്ള അടുത്ത ബന്ധങ്ങ”ളും ആണെന്നു പറഞ്ഞതാ​യി വെളി​പ്പെ​ടു​ത്തി. സന്തുഷ്ടി​യി​ലേക്കു നയിക്കുന്ന ഘടകങ്ങ​ളിൽ ഏറ്റവും ചുരു​ക്ക​മാ​യി പരാമർശി​ക്ക​പ്പെ​ട്ടത്‌ പണമാ​യി​രു​ന്നു. “പണത്തിന്റെ പ്രയോ​ജ​നത്തെ കുറിച്ച്‌ അറിയാ​ത്ത​വ​രാണ്‌ പണം​കൊ​ടുത്ത്‌ സന്തുഷ്ടി വാങ്ങാ​നാ​വി​ല്ലെന്നു പറയു​ന്നത്‌ എന്ന ധാരണ തിരു​ത്തി​ക്കു​റി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” എന്ന്‌ പത്രം പറയുന്നു. (g01 11/22)

മാതൃകാ ഡ്രൈ​വിങ്‌

“സ്വന്തമാ​യി ഡ്രൈ​വിങ്‌ ലൈസൻസ്‌ കിട്ടു​ന്ന​തി​നു മുമ്പും അതു​പോ​ലെ ഡ്രൈ​വിങ്‌ പഠിക്കു​മ്പോ​ഴും കുട്ടികൾ മാതൃക എന്ന നിലയിൽ തങ്ങളി​ലേക്കു നോക്കി​യേ​ക്കാം എന്ന വസ്‌തുത സംബന്ധിച്ച്‌ മാതാ​പി​താ​ക്കൾ ബോധ​വാ​ന്മാ​രാ​യി​രി​ക്കേ​ണ്ട​തുണ്ട്‌” എന്ന്‌ ‘ഹൈവേ സുരക്ഷ​യ്‌ക്കാ​യുള്ള ഇൻഷ്വ​റൻസ്‌ ഇൻസ്റ്റി​റ്റ്യൂ​ട്ടി’ലെ സൂസൻ ഫെർഗു​സൺ പറയുന്നു. ന്യൂ സയന്റിസ്റ്റ്‌ മാസിക റിപ്പോർട്ടു ചെയ്‌ത പ്രകാരം അവരും സഹപ്ര​വർത്ത​ക​രും 1,40,000 അമേരി​ക്കൻ കുടും​ബ​ങ്ങ​ളു​ടെ വാഹനാ​പകട രേഖകൾ പരി​ശോ​ധിച്ച്‌ 18-നും 21-നും ഇടയ്‌ക്ക്‌ പ്രായ​മുള്ള കുട്ടികൾ വരുത്തി​യി​രി​ക്കുന്ന അപകട​ങ്ങളെ അവരുടെ മാതാ​പി​താ​ക്ക​ളു​ടേ​തി​നോ​ടു താരത​മ്യം ചെയ്‌തു. അപകട​ങ്ങ​ളൊ​ന്നും വരുത്തി​യി​ട്ടി​ല്ലാഞ്ഞ മാതാ​പി​താ​ക്ക​ളു​ടെ കുട്ടി​കളെ അപേക്ഷിച്ച്‌ മൂന്നോ അതില​ധി​ക​മോ വാഹനാ​പ​ക​ടങ്ങൾ വരുത്തിയ മാതാ​പി​താ​ക്ക​ളു​ടെ കുട്ടികൾ സ്വന്തമാ​യി വണ്ടി​യോ​ടി​ക്കു​മ്പോൾ അപകടം വരുത്താ​നുള്ള സാധ്യത 22 ശതമാനം കൂടു​ത​ലാ​യി​രു​ന്നു. വേഗതാ പരിധി ലംഘി​ക്കുക, ചുവന്ന ലൈറ്റ്‌ അവഗണി​ച്ചു​കൊണ്ട്‌ വണ്ടി​യോ​ടി​ച്ചു പോകുക എന്നിങ്ങ​നെ​യുള്ള ഗതാഗത നിയമ​ങ്ങ​ളു​ടെ ലംഘന​ത്തി​ന്റെ കാര്യ​ത്തി​ലും ഇതു സത്യമാ​യി​രു​ന്നു. ഇത്തരം കാര്യ​ങ്ങ​ളിൽ കുട്ടികൾ മാതാ​പി​താ​ക്കളെ പോ​ലെ​തന്നെ പെരു​മാ​റാ​നുള്ള സാധ്യത 38 ശതമാ​ന​മാ​യി​രു​ന്നു. ‘ബ്രിട്ടന്റെ വാഹനാ​പകട നിർമാർജന റോയൽ സൊ​സൈറ്റി’യിലെ ജെയ്‌ൻ ഈസൻ പറയുന്നു: “മാതാ​പി​താ​ക്കൾ കുട്ടി​കൾക്കു നല്ല മാതൃക വെക്കണം. എത്ര നേരത്തേ അവരെ റോഡ്‌ സുരക്ഷയെ കുറിച്ചു പഠിപ്പി​ക്കു​ന്നോ അത്രയും നല്ലത്‌.”(g01 9/22)