വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബേൽശസ്സർ എന്നു പേരുള്ള കളിമൺ സിലിണ്ടർ (ശരിക്കുള്ള വലുപ്പ​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നു.)

നിങ്ങൾക്ക്‌ അറിയാ​മോ?

നിങ്ങൾക്ക്‌ അറിയാ​മോ?

ബാബിലോണിലെ ബേൽശസ്സർ ആരാണെന്നാണ്‌ പുരാവസ്‌തുശാസ്‌ത്രം കണ്ടെത്തി​യി​രി​ക്കു​ന്നത്‌?

ബൈബി​ളി​ലെ ദാനി​യേൽ പുസ്‌ത​ക​ത്തിൽ പറയുന്ന ബേൽശസ്സർ രാജാവ്‌ ഒരിക്ക​ലും ജീവി​ച്ചി​രു​ന്നി​ട്ടി​ല്ലെ​ന്നാണ്‌ വളരെ കാലമാ​യി ബൈബി​ളി​ന്റെ വിമർശകർ അവകാ​ശ​പ്പെ​ട്ടി​രു​ന്നത്‌. (ദാനി. 5:1) പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞ​ന്മാർക്ക്‌ അദ്ദേഹം ജീവി​ച്ചി​രു​ന്ന​തി​ന്റെ തെളി​വു​ക​ളൊ​ന്നും കണ്ടെത്താൻ കഴിയാ​ഞ്ഞ​താ​യി​രു​ന്നു അതിനു കാരണം. എന്നാൽ 1854-ൽ കാര്യ​ങ്ങൾക്കു മാറ്റം വന്നു. എങ്ങനെ?

ആ വർഷം ജെ.ജി. ടെയ്‌ലർ എന്ന ബ്രിട്ടീഷ്‌ നയത​ന്ത്രോ​ദ്യോ​ഗസ്ഥൻ ഇന്നത്തെ ദക്ഷിണ ഇറാഖി​ന്റെ സ്ഥാനത്ത്‌ സ്ഥിതി ചെയ്‌തി​രുന്ന പുരാതന ഊർ നഗരത്തിൽനിന്ന്‌ ചില പുരാ​വ​സ്‌തു​ശ​ക​ലങ്ങൾ കണ്ടെടു​ത്തു. അവിടെ ഒരു വലിയ ഗോപു​ര​ത്തിൽ അദ്ദേഹം കുറെ കളിമൺ സിലി​ണ്ട​റു​കൾ കണ്ടെത്തി. ഏകദേശം 10 സെന്റീ​മീ​റ്റർ (4 ഇഞ്ച്‌) നീളം വരുന്ന ആ സിലി​ണ്ട​റു​ക​ളിൽ ക്യൂണി​ഫോം ലിഖി​തങ്ങൾ കൊത്തി​വെ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഒരു സിലി​ണ്ട​റിൽ ബാബി​ലോൺ രാജാവ്‌ നബോ​ണീ​ഡ​സി​നും അദ്ദേഹ​ത്തി​ന്റെ മൂത്ത മകൻ ബേൽശ​സ്സ​റി​നും ദീർഘാ​യുസ്സ്‌ ലഭിക്കാ​നുള്ള ഒരു പ്രാർഥ​ന​യാണ്‌ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നത്‌. ഇതു ലഭിച്ച​തോ​ടെ വിമർശ​കർക്കും സമ്മതി​ക്കേ​ണ്ടി​വന്നു, ബേൽശസ്സർ എന്ന വ്യക്തി ജീവി​ച്ചി​രു​ന്നി​ട്ടുണ്ട്‌ എന്ന്‌.

എന്നാൽ ബേൽശസ്സർ എന്ന ഒരാളു​ണ്ടാ​യി​രു​ന്നു എന്നു മാത്രമല്ല, അയാൾ ഒരു രാജാ​വാ​യി​രു​ന്നെ​ന്നും ബൈബിൾ പറയുന്നു. പക്ഷേ ഇക്കാര്യ​ത്തി​ലും വിമർശ​കർക്കു സംശയ​മു​ണ്ടാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, 19-ാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രുന്ന ഇംഗ്ലീ​ഷു​കാ​ര​നായ വില്യം ടാൽബോട്ട്‌ എന്ന ശാസ്‌ത്രജ്ഞൻ ഇങ്ങനെ എഴുതി: ചിലർ പറയു​ന്നതു “ബെൽ-സർ-ഊസർ (ബേൽശസ്സർ) പിതാ​വായ നബോ​ണീ​ഡ​സി​നൊ​പ്പം ഒരു സഹഭര​ണാ​ധി​കാ​രി​യാ​യി​രു​ന്നു എന്നാണ്‌. പക്ഷേ അതിനു യാതൊ​രു തെളി​വു​മില്ല.”

പക്ഷേ ആ സംശയ​ത്തി​നും പരിഹാ​രം കിട്ടി. എങ്ങനെ? ബേൽശ​സ്സ​റി​ന്റെ പിതാ​വായ നബോ​ണീ​ഡസ്‌ രാജാവ്‌ തലസ്ഥാ​ന​ന​ഗ​രി​യിൽനിന്ന്‌ വർഷങ്ങ​ളോ​ളം മാറി​നി​ന്നി​രു​ന്നു എന്നു മറ്റു കളിമൺ സിലി​ണ്ട​റു​ക​ളി​ലെ എഴുത്തു​ക​ളിൽനിന്ന്‌ മനസ്സി​ലാ​യി. നബോ​ണീ​ഡസ്‌ ഇല്ലാതി​രുന്ന സമയത്ത്‌ എന്തു സംഭവി​ച്ചു? ബ്രിട്ടാ​നിക്ക സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു: “നബോ​ണീ​ഡസ്‌ മറ്റൊരു രാജ്യ​ത്തേക്കു പോയ​പ്പോൾ ഭരണവും തന്റെ സൈനി​ക​രിൽ കുറെ​യ​ധി​കം പേരെ​യും ബേൽശ​സ്സ​റി​നെ ഏൽപ്പിച്ചു.” അതു​കൊണ്ട്‌ ആ സമയത്ത്‌ ബേൽശസ്സർ ബാബി​ലോ​ണി​ന്റെ സഹഭര​ണാ​ധി​കാ​രി​യാ​യി സേവിച്ചു എന്നു പറയാം. പുരാ​വ​സ്‌തു​ഗ​വേ​ഷ​ക​നും ഭാഷാ​പ​ണ്ഡി​ത​നും ആയ അലൻ മിലാർഡ്‌ പറയു​ന്നത്‌, “ബേൽശ​സ്സ​റി​നെ ദാനി​യേൽ പുസ്‌തകം ‘രാജാവ്‌’ എന്നു വിളി​ക്കു​ന്നത്‌” ഉചിത​മാണ്‌ എന്നാണ്‌.

എന്നാൽ, ദാനി​യേൽ പുസ്‌തകം വിശ്വ​സ​നീ​യ​മാ​ണെ​ന്നും അതു ദൈവ​പ്ര​ചോ​ദി​ത​മാ​ണെ​ന്നും ഉള്ളതിനു ദൈവ​ദാ​സർക്കുള്ള ഏറ്റവും വലിയ തെളിവ്‌ ബൈബി​ളിൽത്ത​ന്നെ​യുണ്ട്‌.—2 തിമൊ. 3:16.