വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ എന്റെ മിഴികൾക്കു വെളിച്ചമേകി പാട്രിസ്‌ ഒയാകാ പറഞ്ഞപ്രകാരം

യഹോവ എന്റെ മിഴികൾക്കു വെളിച്ചമേകി പാട്രിസ്‌ ഒയാകാ പറഞ്ഞപ്രകാരം

യഹോവ എന്റെ മിഴികൾക്കു വെളിച്ചമേകി പാട്രിസ്‌ ഒയാകാ പറഞ്ഞപ്രകാരം

സമയം ഏതാണ്ട്‌ വൈകുന്നേരത്തോടടുത്തിരുന്നു. ഇരുൾമൂടിയ എന്റെ ജീവിതത്തിലെ ഒരു ദിനംകൂടി ഞാൻ എങ്ങനെയോ തള്ളിനീക്കി​—⁠കാഴ്‌ചയില്ലാതെ, ഏകനായി, എത്രനേരമെന്നറിയാതെ റേഡിയോ മാത്രം കേട്ടുകൊണ്ട്‌. ആ നരകിച്ച ജീവിതം അവിടംകൊണ്ട്‌ അവസാനിപ്പിക്കാൻ ഞാൻ തീർച്ചയാക്കി. ഒരു ഗ്ലാസ്‌ വെള്ളത്തിൽ വിഷം കലർത്തി ഞാൻ മേശപ്പുറത്തു വെച്ചു. എല്ലാം അവസാനിപ്പിക്കുന്നതിനു മുമ്പ്‌ ഒന്നു കുളിച്ച്‌ നല്ല വസ്‌ത്രമൊക്കെ ധരിച്ചുവരാമെന്നു ഞാൻ തീരുമാനിച്ചു. എന്നാൽ, ഞാൻ എന്തിനാണ്‌ ജീവനൊടുക്കാൻ ശ്രമിച്ചത്‌? ഈ കഥ നിങ്ങളോട്‌ പറയാൻ ഞാൻ ഇപ്പോഴും ജീവനോടെ ശേഷിച്ചത്‌ എങ്ങനെയാണ്‌?

കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിലെ കസായി ഓറിയന്റൽ പ്രവിശ്യയിൽ 1958 ഫെബ്രുവരി 2-നാണ്‌ ഞാൻ ജനിച്ചത്‌. എനിക്ക്‌ ഒൻപതുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പിന്നീട്‌ ജ്യേഷ്‌ഠനാണ്‌ എന്റെ കാര്യങ്ങൾ നോക്കിയിരുന്നത്‌.

വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ എനിക്ക്‌ റബ്ബർ എസ്റ്റേറ്റിൽ ജോലി കിട്ടി. 1989-ൽ ഒരു ദിവസം രാവിലെ ഓഫീസിലിരുന്ന്‌ ഒരു റിപ്പോർട്ട്‌ തയ്യാറാക്കുകയായിരുന്നു ഞാൻ. പെട്ടെന്ന്‌ എനിക്ക്‌ ഒന്നും കാണാതെയായി. കറന്റ്‌ പോയതായിരിക്കും എന്നാണ്‌ ആദ്യം കരുതിയത്‌. പക്ഷേ ജനറേറ്റർ പ്രവർത്തിക്കുന്നുണ്ടായിരുന്നു. മാത്രമല്ല അതു പകൽ സമയവുമായിരുന്നു. എന്റെ കാഴ്‌ചയ്‌ക്ക്‌ എന്തോ പ്രശ്‌നമുണ്ടെന്ന്‌ നടുക്കത്തോടെ ഞാൻ തിരിച്ചറിഞ്ഞു! എന്റെ മുമ്പിലിരിക്കുന്ന റിപ്പോർട്ടുപോലും എനിക്ക്‌ കാണാൻ കഴിയുന്നില്ലായിരുന്നു.

എന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരാളോട്‌ ജോലിസ്ഥലത്തെ ആശുപത്രിയിലേക്ക്‌ എന്നെ കൊണ്ടുപോകാൻ ഞാൻ ആവശ്യപ്പെട്ടു. നഗരത്തിലെ നല്ലൊരു ഡോക്‌ടറെ കാണാനാണ്‌ അതിന്റെ ചുമതലയുള്ള വ്യക്തി എന്നോടു പറഞ്ഞത്‌. റെറ്റിനയിൽ മുറിവ്‌ വീണിരുന്നതുകൊണ്ട്‌ എന്റെ അവസ്ഥ വളരെ ഗുരുതരമായിരുന്നു. അതുകൊണ്ട്‌ തലസ്ഥാന നഗരിയായ കിൻഷാസയിലേക്ക്‌ അദ്ദേഹം എന്നെ അയച്ചു.

കിൻഷാസയിലേക്ക്‌

കിൻഷാസയിൽ ഞാൻ പല നേത്രരോഗ വിദഗ്‌ധരെ കണ്ടെങ്കിലും ആർക്കും എന്നെ സുഖപ്പെടുത്താനായില്ല. 43 ദിവസം ഞാൻ ആശുപത്രിയിൽ കഴിഞ്ഞു. ശിഷ്ടകാലം ഞാൻ അന്ധനായി കഴിയേണ്ടിവരുമെന്ന്‌ ഒടുവിൽ ഡോക്‌ടർമാർ വിധിയെഴുതി! അത്ഭുതരോഗശാന്തി പ്രതീക്ഷിച്ച്‌ കുടുംബാംഗങ്ങൾ എല്ലാത്തരം പള്ളികളിലും എന്നെ കൊണ്ടുപോയെങ്കിലും അതൊക്കെ വെറുതെയായി.

കാഴ്‌ച തിരികെ കിട്ടുമെന്ന എന്റെ സകല പ്രതീക്ഷകളും അസ്‌തമിച്ചു. എന്റെ ജീവിതമാകെ ഇരുട്ടിലായി: എന്റെ കാഴ്‌ച നഷ്ടപ്പെട്ടു, ജോലി നഷ്ടപ്പെട്ടു, എന്റെ ഭാര്യയെയും എനിക്കു നഷ്ടപ്പെട്ടു. വീട്ടിലുണ്ടായിരുന്ന വിലപ്പെട്ടതെല്ലാം എടുത്ത്‌ അവൾ എന്നെ ഉപേക്ഷിച്ചുപോയി! വീടിനു പുറത്തിറങ്ങാനും മറ്റുള്ളവരുമായി സംസാരിക്കാനും എനിക്കു ലജ്ജയായിരുന്നു. സ്വയം ഒറ്റപ്പെടുത്തിക്കൊണ്ട്‌ ഞാൻ വീടിനുള്ളിൽത്തന്നെ ഒതുങ്ങിക്കൂടി. ഏകാന്തതയും ഒന്നിനും കൊള്ളാത്തവനാണെന്ന ചിന്തയും എന്നെ വരിഞ്ഞുമുറുക്കി.

രണ്ടുതവണ ഞാൻ ആത്മഹത്യക്കു ശ്രമിച്ചു. രണ്ടാമത്തെ സാഹചര്യമാണ്‌ ഞാൻ ആദ്യം വിവരിച്ചത്‌. വീട്ടിലെ ഒരു കൊച്ചുകുട്ടിയാണ്‌ അന്ന്‌ എന്നെ രക്ഷിച്ചത്‌. ഞാൻ കുളിക്കാൻ പോയ സമയത്ത്‌ കഥയൊന്നും അറിയാതെ അവൻ ആ ഗ്ലാസിലെ വിഷം നിലത്ത്‌ ഒഴിച്ചുകളയുകയായിരുന്നു. അവൻ അതു കുടിക്കാതിരുന്നത്‌ ദൈവാനുഗ്രഹം! ഞാൻ അതിനുവേണ്ടി കുറെ തിരഞ്ഞെങ്കിലും കിട്ടിയില്ല. അതു തിരയുന്നത്‌ എന്തിനാണെന്നും എന്റെ ഉദ്ദേശ്യം എന്തായിരുന്നെന്നും അതുകൊണ്ട്‌ എനിക്ക്‌ വീട്ടുകാരോട്‌ തുറന്നുപറയേണ്ടിവന്നു.

എന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ കാണിക്കുന്ന ദൈവത്തോടും വീട്ടുകാരോടും എനിക്ക്‌ ഏറെ നന്ദിയുണ്ട്‌. ആത്മഹത്യ ചെയ്യാനുള്ള ശ്രമം അതോടെ ഞാൻ ഉപേക്ഷിച്ചു.

വീണ്ടും സന്തോഷത്തിന്റെ ദിനങ്ങൾ

1992-ലെ ഒരു ഞായറാഴ്‌ച; ഞാൻ പുകവലിച്ചുകൊണ്ട്‌ വീട്ടിലിരിക്കുകയായിരുന്നു. അപ്പോൾ രണ്ട്‌ യഹോവയുടെ സാക്ഷികൾ എന്റെ വീട്ടിലേക്കു വന്നു. ആ പ്രദേശത്തുള്ള വീടുകൾ സന്ദർശിക്കുകയായിരുന്നു അവർ. ഞാൻ അന്ധനാണെന്നു മനസ്സിലാക്കിയപ്പോൾ യെശയ്യാവു 35:​5-ലെ, “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല” എന്ന വാക്യം അവർ എന്നെ വായിച്ചു കേൾപ്പിച്ചു. അതുകേട്ടതും ഞാൻ സന്തോഷത്താൽ മതിമറന്നു. ഞാൻ പോയിട്ടുള്ള പള്ളികളിൽ പറഞ്ഞിരുന്നതുപോലെ അത്ഭുതരോഗശാന്തിയൊന്നും അവർ വാഗ്‌ദാനം ചെയ്‌തില്ല. പകരം, ദൈവത്തെക്കുറിച്ച്‌ പഠിക്കുകയാണെങ്കിൽ അവൻ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ലോകത്തിൽ എനിക്ക്‌ എന്റെ കാഴ്‌ച തിരികെ കിട്ടുമെന്ന്‌ അവർ വിശദീകരിച്ചു. (യോഹന്നാൻ 17:⁠3) ഉടൻതന്നെ ഞാൻ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകം ഉപയോഗിച്ച്‌ അവർ എന്നെ ബൈബിൾ പഠിപ്പിച്ചു. ഞാൻ രാജ്യഹാളിൽ ക്രിസ്‌തീയ യോഗങ്ങൾക്ക്‌ ഹാജരാകാനും തുടങ്ങി. പഠിച്ചതിനു ചേർച്ചയിൽ ഞാൻ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തി. പുകവലിയും ഉപേക്ഷിച്ചു.

എന്റെ ആത്മീയ പുരോഗതിക്ക്‌ അന്ധത ഒരു തടസ്സമായിരുന്നതിനാൽ ബ്രെയിൽ ലിപി പഠിക്കാൻ ഞാൻ ഒരു അന്ധവിദ്യാലയത്തിൽ ചേർന്നു. പ്രസംഗ പഠിപ്പിക്കൽ വേലയ്‌ക്കുവേണ്ടി രാജ്യഹാളിൽവെച്ചു നടത്തിയിരുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ അത്‌ എന്നെ സഹായിച്ചു. പെട്ടെന്നുതന്നെ സമീപപ്രദേശങ്ങളിലൊക്കെ ഞാൻ സുവാർത്ത അറിയിക്കാൻ തുടങ്ങി. എന്റെ ജീവിതത്തിലേക്ക്‌ വീണ്ടും സന്തോഷം കടന്നുവന്നു. ഞാൻ തുടർന്നും പുരോഗതി വരുത്തി; ജീവിതം യഹോവയ്‌ക്ക്‌ സമർപ്പിച്ചു; 1994 മെയ്‌ 7-ന്‌ സ്‌നാനമേറ്റു.

യഹോവയെയും സഹമനുഷ്യരെയും സ്‌നേഹിക്കാൻ തുടങ്ങിയതോടെ മുഴുസമയവും യഹോവയുടെ സേവനത്തിൽ ചെലവഴിക്കാൻ ഞാൻ ആഗ്രഹിച്ചു. 1995 ഡിസംബർ 1 മുതൽ ഞാൻ ഒരു സാധാരണ പയനിയറായി അഥവാ മുഴുസമയ സേവകനായി പ്രവർത്തിക്കാൻ തുടങ്ങി. 2004 ഫെബ്രുവരി മുതൽ എന്റെ സഭയിൽ ഒരു മൂപ്പനായി സേവിക്കാനുള്ള പദവിയും എനിക്കു ലഭിച്ചു. ചിലപ്പോഴൊക്കെ അടുത്ത സഭകളിൽ ബൈബിൾ പ്രസംഗങ്ങൾ നടത്താൻ എന്നെ ക്ഷണിക്കാറുണ്ട്‌. ഈ അനുഗ്രഹങ്ങളെല്ലാം എനിക്ക്‌ അളവറ്റ സന്തോഷം നൽകുന്നു. യഹോവയാംദൈവത്തെ സേവിക്കാനുള്ള നമ്മുടെ ആഗ്രഹത്തിന്‌ തടയിടാൻ യാതൊരു ശാരീരിക വൈകല്യത്തിനും കഴിയില്ല എന്നതിന്റെ തെളിവുകളാണ്‌ ഇവയെല്ലാം.

യഹോവ എനിക്ക്‌ തന്ന “കണ്ണുകൾ”

എന്റെ കാഴ്‌ച നഷ്ടപ്പെട്ടതോടെ ഭാര്യ എന്നെ ഉപേക്ഷിച്ചുപോയ കാര്യം ഞാൻ മുമ്പ്‌ സൂചിപ്പിച്ചിരുന്നല്ലോ. എന്നാൽ യഹോവ എന്നെ ഒരു പ്രത്യേക വിധത്തിൽ അനുഗ്രഹിച്ചു. ഒരർഥത്തിൽ അവൻ എനിക്ക്‌ കണ്ണുകൾ തന്നു! എന്റെ വൈകല്യം വകവെക്കാതെ ആനി മാവാംമ്പു എന്നെ ഭർത്താവായി സ്വീകരിച്ചു. അന്നുമുതൽ അവളാണ്‌ എന്റെ കണ്ണുകൾ. ഒരു മുഴുസമയ ശുശ്രൂഷകയായതിനാൽ ശുശ്രൂഷയിൽ എന്നോടൊപ്പം എപ്പോഴും അവളും ഉണ്ടാകും. പ്രസംഗങ്ങൾ തയ്യാറാകുന്നതിന്‌ ആവശ്യമായ വിവരങ്ങൾ അവൾ എനിക്ക്‌ വായിച്ചുതരും. അതു കേട്ടാണ്‌ ഞാൻ ബ്രെയിൽ ലിപിയിൽ നോട്ട്‌ എഴുതിയെടുക്കുന്നത്‌. അവൾ എനിക്ക്‌ വലിയൊരു അനുഗ്രഹമാണ്‌. സദൃശവാക്യങ്ങൾ 19:​14-ലെ വാക്കുകൾ തികച്ചും സത്യമാണെന്ന്‌ ഞാൻ അനുഭവിച്ചറിഞ്ഞിരിക്കുന്നു: “ഭവനവും സമ്പത്തും പിതാക്കന്മാർ വെച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.”

യഹോവ ഞങ്ങൾക്കു രണ്ടുമക്കളെയും തന്നിരിക്കുന്നു, ഒരു ആണും ഒരു പെണ്ണും. പറുദീസയിൽ അവരെ എന്റെ കണ്ണാലെ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌! യഹോവയിൽനിന്നുള്ള മറ്റൊരു അനുഗ്രഹമാണ്‌ എന്റെ ജ്യേഷ്‌ഠൻ. തന്റെ സ്ഥലത്ത്‌ താമസിക്കാൻ അദ്ദേഹം ഞങ്ങളെ അനുവദിച്ചിരിക്കുന്നു. എന്നുതന്നെയല്ല അദ്ദേഹവും സത്യം സ്വീകരിച്ച്‌ സ്‌നാനമേറ്റു. ഒരേ സഭയിലാണ്‌ ഞങ്ങളെല്ലാവരും കൂടിവരുന്നത്‌.

കാഴ്‌ചയില്ലെങ്കിലും തുടർന്നും ദൈവത്തെ കൂടുതൽ സേവിക്കണമെന്നാണ്‌ എന്റെ ഹൃദയാഭിലാഷം; അത്രയേറെ ദൈവം എന്നെ അനുഗ്രഹിച്ചിട്ടുണ്ട്‌! (മലാഖി 3:10) യഹോവയുടെ രാജ്യം വരുന്നതിനും ദുരിതങ്ങൾക്കെല്ലാം അറുതിവരുത്തുന്നതിനും വേണ്ടി എന്നും ഞാൻ അവനോട്‌ പ്രാർഥിക്കും. യഹോവയെക്കുറിച്ച്‌ മനസ്സിലാക്കിയതിൽനിന്ന്‌ ഒരു കാര്യം എനിക്ക്‌ ഉറപ്പിച്ചു പറയാനാകും: “യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു. അവിടുന്ന്‌ അതിനോട്‌ കഷ്ടപ്പാട്‌ കൂട്ടിച്ചേർക്കുകയില്ല.”​—⁠സദൃശവാക്യങ്ങൾ 10:​22, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം. (w12-E 06/01)

[30-ാം പേജിലെ ചിത്രം]

ബൈബിൾ പ്രസംഗം നടത്തുന്നു; എന്റെ കുടുംബത്തോടും ജ്യേഷ്‌ഠനോടും ഒപ്പം