വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തീയ പഠിപ്പിക്കൽ സമൂഹത്തിൽ ചെലുത്തുന്ന പ്രഭാവം

ക്രിസ്‌തീയ പഠിപ്പിക്കൽ സമൂഹത്തിൽ ചെലുത്തുന്ന പ്രഭാവം

ക്രിസ്‌തീയ പഠിപ്പിക്കൽ സമൂഹത്തിൽ ചെലുത്തുന്ന പ്രഭാവം

യഥാർഥ ക്രിസ്‌ത്യാനികൾ രാഷ്‌ട്രീയ കാര്യാദികളിൽ ഇടപെടുകയില്ല. പക്ഷേ തങ്ങൾ ജീവിക്കുന്ന സമൂഹത്തിന്റെ ഉന്നമനത്തിൽ വളരെയധികം താത്‌പര്യമുണ്ടെന്ന്‌ അവർക്ക്‌ എങ്ങനെ കാണിക്കാനാകും? യേശുവിന്റെ കൽപ്പന അനുസരിക്കുന്നതാണ്‌ ഒരു വിധം. അവൻ പറഞ്ഞു: “നിങ്ങൾ പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്‌നാനം കഴിപ്പിക്കുകയും ഞാൻ നിങ്ങളോടു കൽപ്പിച്ചതൊക്കെയും പ്രമാണിക്കാൻ തക്കവണ്ണം പഠിപ്പിക്കുകയും ചെയ്യുവിൻ.”​—⁠മത്തായി 28:​19, 20.

“ശിഷ്യരാക്കിക്കൊള്ളുവിൻ” എന്ന യേശുവിന്റെ കൽപ്പന അനുസരിക്കുന്നതും ലോകത്തിന്റെ ഉപ്പായിരിക്കാനും വെളിച്ചമായിരിക്കാനും ഉള്ള അവന്റെ നിർദേശങ്ങൾ പിൻപറ്റുന്നതും തമ്മിൽ ബന്ധമുണ്ട്‌. (മത്തായി 5:​13, 14) എന്താണ്‌ ഇവ തമ്മിലുള്ള ബന്ധം? ശിഷ്യരാക്കാനുള്ള നിയോഗം ആളുകളുടെമേൽ എന്തു ഫലമുളവാക്കും?

ക്രിസ്‌തുവിന്റെ സന്ദേശം​—⁠സംരക്ഷണമേകുന്നതും പ്രകാശംപരത്തുന്നതും

ഉപ്പ്‌ ഒരു സംരക്ഷക വസ്‌തുവാണ്‌; അത്‌ ജീർണനം തടയുന്നു. അതുപോലെ സകല ജനതകളോടും അറിയിക്കാൻ യേശു തന്റെ അനുഗാമികളോട്‌ കൽപ്പിച്ച സന്ദേശത്തിനും ഒരു സംരക്ഷക ശക്തിയുണ്ട്‌. യേശുവിന്റെ പഠിപ്പിക്കലുകൾ സ്വീകരിക്കുകയും അതുപ്രകാരം ജീവിക്കുകയും ചെയ്യുന്നവർ ഇന്ന്‌ വ്യാപകമായിരിക്കുന്ന ധാർമിക ജീർണനത്തിൽനിന്നു സംരക്ഷിക്കപ്പെടുന്നു. ഏതുവിധത്തിൽ? പുകവലിപോലെയുള്ള, ആരോഗ്യത്തിനു ഹാനികരമായ ശീലങ്ങൾ ഒഴിവാക്കാൻ അവർ പഠിക്കുന്നു. മാത്രമല്ല സ്‌നേഹം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ എന്നിങ്ങനെയുള്ള സദ്‌ഗുണങ്ങൾ അവർ വളർത്തിയെടുക്കുന്നു. (ഗലാത്യർ 5:​22, 23) അങ്ങനെ സമൂഹത്തിന്‌ അവർ ഒരു മുതൽക്കൂട്ടായിത്തീരുന്നു. അതെ, ഈ സംരക്ഷക സന്ദേശം അയൽക്കാരുമായി പങ്കുവെക്കുന്ന ക്രിസ്‌ത്യാനികൾ സമൂഹത്തിന്‌ വലിയൊരു സേവനമാണ്‌ ചെയ്യുന്നത്‌.

ലോകത്തിന്റെ വെളിച്ചമാകുന്നു എന്ന അലങ്കാരത്തെക്കുറിച്ച്‌ എന്തു പറയാം? ചന്ദ്രൻ സൂര്യന്റെ വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നതുപോലെ ക്രിസ്‌തുവിന്റെ അനുഗാമികൾ യഹോവയാംദൈവത്തിന്റെ ‘വെളിച്ചം’ പ്രതിഫലിപ്പിക്കുന്നു. ആളുകളെ പ്രബുദ്ധരാക്കുന്ന സന്ദേശം പ്രസംഗിച്ചുകൊണ്ടും സത്‌പ്രവൃത്തികൾ ചെയ്‌തുകൊണ്ടും ആണ്‌ അവർ ആ വെളിച്ചം പ്രതിഫലിപ്പിക്കുന്നത്‌.​—⁠1 പത്രോസ്‌ 2:⁠12.

ലോകത്തിന്റെ വെളിച്ചമായിരിക്കുന്നതും ഒരു ശിഷ്യനായിരിക്കുന്നതും തമ്മിലുള്ള സമാനത കുറച്ചുകൂടി വ്യക്തമാക്കിക്കൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “വിളക്കു കത്തിച്ച്‌ ആരും പറയുടെ കീഴിൽ വെക്കാറില്ല; വിളക്കുതണ്ടിന്മേലത്രേ വെക്കുന്നത്‌. അപ്പോൾ അത്‌ വീട്ടിലുള്ള എല്ലാവർക്കും പ്രകാശം നൽകും. അങ്ങനെതന്നെ, . . . നിങ്ങളുടെ വെളിച്ചം (മനുഷ്യരുടെ) മുമ്പിൽ പ്രകാശിക്കട്ടെ.” വിളക്കുതണ്ടിൽ കത്തിച്ചുവെച്ചിരിക്കുന്ന ഒരു വിളക്ക്‌ എല്ലാവർക്കും വ്യക്തമായി കാണാൻ സാധിക്കും. അതുപോലെ, ക്രിസ്‌ത്യാനികൾ ചെയ്യുന്ന പ്രസംഗപ്രവർത്തനവും മറ്റു സത്‌ചെയ്‌തികളും ചുറ്റുമുള്ളവർക്ക്‌ വ്യക്തമായി കാണാൻ കഴിയണം. കാരണം? ആ സത്‌പ്രവൃത്തികൾ കാണുന്നവർ ക്രിസ്‌ത്യാനികൾക്കല്ല മറിച്ച്‌ ദൈവത്തിന്‌ മഹത്വം നൽകുമെന്ന്‌ യേശു പറഞ്ഞു.​—⁠മത്തായി 5:​14-16.

കൂട്ടായ ഉത്തരവാദിത്വം

“നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു,” ‘നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ’ എന്ന്‌ യേശു പറഞ്ഞത്‌ തന്റെ എല്ലാ ശിഷ്യന്മാരോടുമാണ്‌. വ്യത്യസ്‌ത മതങ്ങളിലായി ചിതറിക്കിടക്കുന്ന ഏതാനും ആളുകളെക്കൊണ്ട്‌ യേശു നൽകിയ ഈ നിയോഗം പൂർത്തീകരിക്കാനാകില്ല. പകരം എല്ലാ വിശ്വാസികളും “വെളിച്ചം” ആയിരിക്കേണ്ടതുണ്ട്‌. ക്രിസ്‌തു തന്റെ അനുഗാമികളോട്‌ പ്രസംഗിക്കാൻ ആവശ്യപ്പെട്ട സന്ദേശം അയൽക്കാരുമായി പങ്കുവെക്കുന്നത്‌ തങ്ങളുടെ കൂട്ടായ ഉത്തരവാദിത്വമാണെന്ന്‌ 235-ലധികം ദേശങ്ങളിലായി ജീവിക്കുന്ന 70 ലക്ഷം യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു.

എന്തിനെക്കുറിച്ചാണ്‌ യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്നത്‌? തന്റെ അനുഗാമികൾക്ക്‌ പ്രസംഗ നിയോഗം നൽകിയപ്പോൾ സാമൂഹികമോ രാഷ്‌ട്രീയമോ ആയ നവോത്ഥാനത്തെക്കുറിച്ചോ മത-രാഷ്‌ട്രീയ ഏകീകരണത്തെക്കുറിച്ചോ മറ്റേതെങ്കിലും ലൗകിക പ്രത്യയശാസ്‌ത്രത്തെക്കുറിച്ചോ അറിയിക്കാനല്ല യേശു ആവശ്യപ്പെട്ടത്‌. പകരം, “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും” എന്നാണ്‌ അവൻ പറഞ്ഞത്‌. (മത്തായി 24:14) അതുകൊണ്ട്‌, യേശുവിന്റെ നിർദേശം അനുസരിച്ച്‌ സത്യക്രിസ്‌ത്യാനികൾ ദൈവരാജ്യത്തിന്റെ സുവിശേഷം അയൽക്കാരോട്‌ അറിയിക്കുന്നതിൽ തുടരുന്നു; ആ ഗവണ്മെന്റിനു മാത്രമേ സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിച്ച്‌ നീതിനിഷ്‌ഠമായ ഒരു പുതിയലോകം കൊണ്ടുവരാനാകൂ.

യേശുവിന്റെ ശുശ്രൂഷയിലെ പ്രധാനപ്പെട്ട രണ്ടു സവിശേഷതകൾ സുവിശേഷ വിവരണങ്ങളിൽ കാണാനാകും. ഇന്നത്തെ സത്യക്രിസ്‌ത്യാനികളുടെ പ്രവർത്തനങ്ങളെയും അവ സ്വാധീനിക്കുന്നു. അതേക്കുറിച്ചുള്ളതാണ്‌ അടുത്ത ലേഖനം. (w12-E 05/01)

[16-ാം പേജിലെ ആകർഷകവാക്യം]

ക്രിസ്‌ത്യാനികൾ അറിയിക്കുന്ന സന്ദേശം ഏതുവിധത്തിലാണ്‌ ഉപ്പുപോലെ ആയിരിക്കുന്നത്‌?

[17-ാം പേജിലെ ആകർഷകവാക്യം]

ക്രിസ്‌തുവിന്റെ സന്ദേശം ഇരുട്ടിൽ പ്രകാശിക്കുന്ന ഒരു വിളക്കുപോലെ ആയിരിക്കുന്നത്‌ എങ്ങനെ?