വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വേർപാടിന്റെ വേദനയിൽ ഉരുകുന്ന മനസ്സുമായി . . .

വേർപാടിന്റെ വേദനയിൽ ഉരുകുന്ന മനസ്സുമായി . . .

വേർപാടിന്റെ വേദനയിൽ ഉരുകുന്ന മനസ്സുമായി . . .

ഉറ്റവരെ മരണത്തിൽ നഷ്ടപ്പെട്ടവരുടെ വേദന കാലം എത്രത്തോളം മായ്‌ച്ചുകളയുന്നു എന്നറിയാൻ ഒരു വ്യക്തി ആഗ്രഹിച്ചു. അതിനായി, വർഷങ്ങൾക്കു മുമ്പ്‌ മക്കളെ നഷ്ടപ്പെട്ട കുറെ മാതാപിതാക്കൾക്ക്‌ അദ്ദേഹം ഒരു ചോദ്യാവലി അയച്ചുകൊടുത്തു. എല്ലാവരുമൊന്നും അതിനോടു പ്രതികരിച്ചില്ല. അഞ്ചു വർഷം മുമ്പ്‌ തന്റെ മകനെ നഷ്ടപ്പെട്ട വ്‌ളാഡിമിർ എന്ന പിതാവ്‌ പറഞ്ഞത്‌ ഇപ്പോഴും അവന്റെ കാര്യം ഓർക്കുമ്പോൾ ഹൃദയം വിങ്ങുന്നു എന്നാണ്‌. *

മക്കളെ മരണത്തിൽ നഷ്ടപ്പെട്ടതിന്റെ സങ്കടം ദീർഘകാലം നിലനിൽക്കുക സാധാരണമാണ്‌. പത്തു വർഷം മുമ്പാണ്‌ വില്യമിന്റെ 18-കാരനായ മകൻ മുങ്ങിമരിച്ചത്‌. അതേക്കുറിച്ച്‌ അദ്ദേഹം എഴുതുന്നു: “അതിന്റെ വേദന ഇന്നും ഉണ്ട്‌. എന്റെ കണ്ണടയുന്നതുവരെ അത്‌ എന്നോടൊപ്പം ഉണ്ടായിരിക്കുകയും ചെയ്യും.” പെട്ടെന്നുണ്ടായ ഒരു രോഗം അഞ്ചു വർഷം മുമ്പ്‌ ലൂസിയുടെ മകന്റെ ജീവൻ അപഹരിച്ചു. അവർ എഴുതുന്നു: “ആദ്യത്തെ ഏതാനും ദിവസത്തേക്ക്‌ എനിക്കത്‌ ഒട്ടും ഉൾക്കൊള്ളാനായില്ല. അതൊരു ദുഃസ്വപ്‌നം മാത്രമാണെന്നും ഉണരുമ്പോൾ എല്ലാം ശരിയാകുമെന്നും ഞാൻ കരുതി. ദിവസങ്ങൾ പിന്നിട്ടതോടെ അവനിനി വരില്ല എന്ന യാഥാർഥ്യവുമായി ഞാൻ പൊരുത്തപ്പെട്ടു തുടങ്ങി. എനിക്കവനെ നഷ്ടപ്പെട്ടിട്ട്‌ അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇന്നും ഒറ്റയ്‌ക്കിരിക്കുമ്പോൾ ചിലപ്പോഴൊക്കെ അവനെ ഓർത്തു എന്റെ കണ്ണു നിറയാറുണ്ട്‌.”

വ്‌ളാഡിമിർ, വില്യം, ലൂസി എന്നിവരുടെ അനുഭവം കാണിക്കുന്നതുപോലെ മക്കളുടെ വേർപാട്‌ മാതാപിതാക്കളെ ഇത്രമാത്രം വേദനിപ്പിക്കുന്നത്‌ എന്തുകൊണ്ടായിരിക്കാം?

തീവ്രവേദനയ്‌ക്കു കാരണം

ഒരു കുഞ്ഞിന്റെ ജനനം മാതാപിതാക്കളിൽ ഉളവാക്കുന്ന സന്തോഷം ഒന്നു വേറേതന്നെയാണ്‌. ആ പൊന്നോമനയെ താലോലിക്കുന്നതും അവൻ ശാന്തമായി ഉറങ്ങുമ്പോൾ കണ്ണിമയ്‌ക്കാതെ നോക്കിയിരിക്കുന്നതും അവന്റെ പാൽപ്പുഞ്ചിരി കാണുന്നതുമെല്ലാം എത്ര ആനന്ദവും നിർവൃതിയുമാണ്‌ അവർക്കേകുന്നത്‌. സ്‌നേഹനിധികളായ മാതാപിതാക്കൾക്ക്‌ എല്ലാമെല്ലാമാണ്‌ തങ്ങളുടെ കുഞ്ഞുങ്ങൾ. മറ്റുള്ളവരോടു നന്നായി പെരുമാറാനും ആദരവോടെ ഇടപെടാനും അവർ അവരെ പരിശീലിപ്പിക്കുന്നു. (1 തെസ്സലൊനീക്യർ 2:7, 11) മക്കൾ തങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു വളരുന്നതു കാണുമ്പോൾ മാതാപിതാക്കൾക്ക്‌ അവരെക്കുറിച്ച്‌ അഭിമാനം തോന്നുന്നു. ഒപ്പം, അവരെ ചുറ്റിപ്പറ്റി എത്രയെത്ര സ്വപ്‌നങ്ങളാണ്‌ അവർ നെയ്‌തുകൂട്ടുന്നത്‌!

മക്കളെക്കുറിച്ചു ചിന്തയുള്ള മാതാപിതാക്കൾ അവർക്കുവേണ്ടി ചോര നീരാക്കി ജോലി ചെയ്യുന്നു. മക്കളുടെ ഭാവി ഭാസുരമാക്കുന്നതിന്‌ പണവും പണ്ടങ്ങളും അവർ സ്വരൂപിച്ചുവെക്കുന്നു. (2 കൊരിന്ത്യർ 12:14) മാതാപിതാക്കൾ മക്കളെ ഇത്രയധികം സ്‌നേഹിക്കുന്നതും അവർക്കുവേണ്ടി സമയവും പണവുമൊക്കെ ചെലവഴിച്ച്‌ അവരെ വളർത്തുന്നതും അവർ എന്നെന്നും തങ്ങളോടൊപ്പം ഉണ്ടായിരിക്കണമെന്ന ആഗ്രഹത്തോടെയാണ്‌. എന്നാലിപ്പോൾ കുഞ്ഞിന്റെ മരണത്തോടെ മാതാപിതാക്കളുടെ സകല സ്വപ്‌നങ്ങളും തകർന്നുടയുന്നു. അവരുടെ ഹൃദയത്തിൽ ഒരു ശൂന്യത അവശേഷിപ്പിച്ചുകൊണ്ടാണ്‌ അവർ ജീവനുതുല്യം സ്‌നേഹിച്ച മകനെയോ മകളെയോ മരണം തട്ടിയെടുത്തിരിക്കുന്നത്‌. അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകാത്ത തീവ്രവേദനയാണ്‌ അതവരിൽ ഉളവാക്കുന്നത്‌.

ദുഃഖാർത്തരായ മാതാപിതാക്കളുടെ ഹൃദയവേദന ആഴമേറിയതും തീവ്രവുമാണെന്നതിനോട്‌ ബൈബിൾ യോജിക്കുന്നു. തന്റെ മകനായ യോസെഫ്‌ കൊല്ലപ്പെട്ടെന്ന്‌ അറിഞ്ഞപ്പോൾ ഗോത്രപിതാവായ യാക്കോബിന്‌ ഉണ്ടായ വേദനയെ ബൈബിൾ വിവരിക്കുന്നത്‌ നോക്കുക: “യാക്കോബ്‌ വസ്‌ത്രം കീറി, അരയിൽ രട്ടുശില ചുറ്റി ഏറിയനാൾ തന്റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു. അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിപ്പാൻ വന്നു; അവനോ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതെ: ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നു പറഞ്ഞു.” വർഷങ്ങൾക്കുശേഷവും, മരിച്ചുപോയെന്നു കരുതിയ മകനെ ഓർത്ത്‌ അവൻ ദുഃഖിച്ചിരുന്നു. (ഉല്‌പത്തി 37:34, 35; 42:36-38) രണ്ടു പുത്രന്മാരെ നഷ്ടപ്പെട്ട വിശ്വസ്‌തയായ നവോമിയുടേതാണ്‌ ബൈബിൾ വിവരിച്ചിരിക്കുന്ന മറ്റൊരു ദൃഷ്ടാന്തം. ദുഃഖത്തിന്റെ ആധിക്യത്താൽ, “എന്റെ പ്രസന്നത” എന്നർഥമുള്ള നവോമി എന്ന തന്റെ പേരു മാറ്റി “കയ്‌പ്‌” എന്നർഥമുള്ള മാറാ എന്നാക്കാൻ അവൾ ആഗ്രഹിച്ചു.​—⁠രൂത്ത്‌ 1:3-5, 20, 21.

ഇനി, മാതാപിതാക്കൾക്കുണ്ടാകുന്ന ഹൃദയവേദനയെക്കുറിച്ചു പറയുന്നതോടൊപ്പം ദുഃഖഭാരം താങ്ങാനാകാതെ വിഷമിക്കുന്നവർക്ക്‌ യഹോവ ശക്തി പകരുന്നത്‌ എങ്ങനെയെന്നും ബൈബിൾ വ്യക്തമാക്കുന്നു. ദൈവം ദുഃഖിതർക്ക്‌ ആശ്വാസമേകുന്ന ചില വിധങ്ങൾ മനസ്സിലാക്കാൻ തുടർന്നു വായിക്കുക.

[അടിക്കുറിപ്പ്‌]

^ ഖ. 2 ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.