വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുവജനങ്ങളേ, മാതാപിതാക്കളെ സന്തോഷിപ്പിക്കുക

യുവജനങ്ങളേ, മാതാപിതാക്കളെ സന്തോഷിപ്പിക്കുക

യുവജനങ്ങളേ, മാതാപിതാക്കളെ സന്തോഷിപ്പിക്കുക

“എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല,” വാർധക്യത്തിലായിരിക്കെ അപ്പൊസ്‌തലനായ യോഹന്നാൻ പറഞ്ഞ വാക്കുകളാണിവ. (3 യോഹന്നാൻ 4) ഈ വാക്യത്തിൽ മക്കൾ എന്നു പറഞ്ഞിരിക്കുന്നത്‌ ക്രിസ്‌തു ശിഷ്യന്മാരെ ഉദ്ദേശിച്ചാണെങ്കിലും ദൈവഭയമുള്ള മാതാപിതാക്കൾക്ക്‌ ഈ വാക്കുകൾക്കു പിന്നിലെ വികാരം മനസ്സിലാകും. മാതാപിതാക്കൾ കുട്ടികളുടെ ജീവിതത്തിന്മേൽ ശക്തമായ പ്രഭാവം ചെലുത്തുന്നതുപോലെ മക്കൾ മാതാപിതാക്കളുടെ ജീവിതത്തെയും ശക്തമായി സ്വാധീനിക്കുന്നു.

കുട്ടികളുടെ പ്രവർത്തനത്തിന്‌ മാതാപിതാക്കളുടെമേൽ എത്ര വലിയ ഫലമുളവാക്കാനാകുമെന്നു ഇസ്രായേലിലെ ശലോമോൻ രാജാവിന്‌ അറിയാമായിരുന്നു. അവൻ എഴുതി: “ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു.” (സദൃശവാക്യങ്ങൾ 10:1) അതുകൊണ്ട്‌, പ്രായഭേദമന്യേ എല്ലാവരും തങ്ങളുടെ പ്രവർത്തനങ്ങൾ അപ്പനെയും അമ്മയെയും എപ്രകാരം ബാധിക്കുന്നുവെന്നു പരിചിന്തിക്കുന്നതു നന്നായിരിക്കും. അത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

നിങ്ങളെ വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കൾ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന്‌ ചിന്തിച്ചു നോക്കൂ! നിങ്ങളെപ്പറ്റിയുള്ള അവരുടെ ആകുലതകളും പ്രാർഥനകളും നിങ്ങൾ ജനിക്കുന്നതിനു വളരെ മുമ്പേ ആരംഭിച്ചതാണ്‌. നിങ്ങളുടെ ജനനശേഷം മാതാപിതാക്കൾ നിങ്ങളുമായുള്ള ഉറ്റബന്ധം ആസ്വദിച്ചിരിക്കുന്നു; മക്കളെ വളർത്താനുള്ള, ഗൗരവമേറിയതും അതേസമയം ശ്രേഷ്‌ഠവുമായ പദവിയെയും ഉത്തരവാദിത്വത്തെയും പ്രതി ഒരുപക്ഷേ അവർ ദൈവത്തിനു നന്ദി കരേറ്റുകയും ചെയ്‌തിട്ടുണ്ട്‌. നിസ്സഹായനായ ഒരു കുഞ്ഞിനെ നോക്കാനുള്ള ഉത്തരവാദിത്വം അവരുടെ ചുമലിലായി. യഹോവയുടെ ആരാധകരായ അവർ അതു നിസ്സാരമായിട്ടല്ല എടുത്തത്‌.

നിങ്ങളുടെ മാതാപിതാക്കൾ സത്യക്രിസ്‌ത്യാനികളായതിനാൽ അവർ ആശ്രയയോഗ്യമായ മാർഗനിർദേശങ്ങൾക്കായി ബൈബിളിലേക്കും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിലേക്കും തിരിയുകയും കുട്ടികളെ വളർത്തുന്നതിൽ അനുഭവം സിദ്ധിച്ചിട്ടുള്ളവരുടെ ഉപദേശങ്ങൾ തേടുകയും ചെയ്‌തു. അവർ തുടർന്നും അവരുടെ ആകുലതകൾ ദൈവത്തോട്‌ അറിയിച്ചു. (ന്യായാധിപന്മാർ 13:8) നിങ്ങൾ വളർന്നു വരവേ നിങ്ങളുടെ നല്ല ഗുണങ്ങളെക്കുറിച്ച്‌ അവർക്കു മനസ്സിലായി, ഒപ്പം മോശം ഗുണങ്ങളെയും. (ഇയ്യോബ്‌ 1:5) കൗമാരമായതോടെ പുതിയ പുതിയ വെല്ലുവിളികളും തലപൊക്കി. ചിലപ്പോഴെങ്കിലും നിങ്ങൾ മത്സര മനോഭാവത്തോടെ പ്രവർത്തിച്ചിരിക്കാം. അപ്പോഴൊക്കെ സ്വർഗീയ പിതാവായ യഹോവയെ തുടർന്നും സേവിക്കാൻ നിങ്ങളെ എങ്ങനെയും സഹായിക്കുന്നതിനായി നിങ്ങളുടെ മാതാപിതാക്കൾ ഏറെ പ്രാർഥിച്ചിരിക്കാം, ഏറെ വായിച്ചിരിക്കാം, ഏറെ ചിന്തിച്ചിരിക്കാം.

മാതാപിതാക്കൾ എന്നും മാതാപിതാക്കളാണ്‌. നിങ്ങൾ വളർന്നതിനുശേഷവും നിങ്ങളുടെ ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ ക്ഷേമത്തിലുള്ള അവരുടെ താത്‌പര്യത്തിനു തെല്ലും മങ്ങലേറ്റിട്ടില്ല. അപ്പോൾപ്പോലും, തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യമുള്ള ഒരു വ്യക്തിയാണു നിങ്ങളെന്നും നിങ്ങളുടെ ജീവിതം എന്തായിത്തീരുമെന്നതിനു യാതൊരു ഉറപ്പുമില്ലെന്നും മാതാപിതാക്കൾക്ക്‌ അറിയാം. ഏതു ഗതി പിൻപറ്റണമെന്നു തീരുമാനിക്കേണ്ടത്‌ ആത്യന്തികമായി നിങ്ങൾതന്നെയാണ്‌.

മക്കൾ “സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം” മാതാപിതാക്കൾക്കില്ല എന്നു പറയുമ്പോൾ, മക്കൾ സത്യത്തിൽ നടക്കാതിരിക്കുന്നത്‌ മാതാപിതാക്കളെ ദുഃഖിപ്പിക്കും എന്നതും ഒരു വസ്‌തുതയല്ലേ? അതേ, ബുദ്ധിശൂന്യമായി പ്രവർത്തിക്കുന്ന മക്കൾ മാതാപിതാക്കളെ അങ്ങേയറ്റം ദുഃഖിപ്പിക്കുന്നു. ശലോമോൻ പിൻവരുംവിധം പറഞ്ഞു: “മൂഢനായ മകൻ അപ്പന്നു വ്യസനവും തന്നെ പ്രസവിച്ചവൾക്കു കൈപ്പും ആകുന്നു.” (സദൃശവാക്യങ്ങൾ 17:25) സത്യദൈവത്തിന്റെ ആരാധനയിൽനിന്നു മക്കൾ വ്യതിചലിക്കുമ്പോൾ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന താങ്ങാവുന്നതിനപ്പുറമാണ്‌!

നിങ്ങളുടെ കുടുംബത്തിനകത്തും പുറത്തും നിങ്ങൾക്ക്‌ ഗണ്യമായ സ്വാധീനമുണ്ട്‌. നിങ്ങളുടെ പെരുമാറ്റവും പ്രവൃത്തിയുമെല്ലാം മാതാപിതാക്കളെ ഒരുപാടു ബാധിക്കുന്നു. നിങ്ങൾ ദൈവത്തിനും അവന്റെ തത്ത്വങ്ങൾക്കുംനേരെ പുറംതിരിയുകയാണെങ്കിൽ മാതാപിതാക്കൾ അങ്ങേയറ്റം വേദനിക്കും. എന്നാൽ മറിച്ചും സത്യമാണ്‌. യഹോവയോട്‌ നിങ്ങൾ വിശ്വസ്‌തനായിരിക്കുകയും അവനെ അനുസരിക്കുകയും ചെയ്‌താൽ അത്‌ അവരെ അങ്ങേയറ്റം സന്തോഷിപ്പിക്കും. അതുകൊണ്ട്‌ മാതാപിതാക്കളുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ ദൃഢചിത്തരായിരിക്കുക! നിങ്ങളെ വളർത്തിവലുതാക്കിയ സ്‌നേഹനിധികളായ മാതാപിതാക്കൾക്ക്‌ ഇതിനെക്കാൾ വലിയ എന്തു സമ്മാനമാണ്‌ നൽകാനാകുക?