വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അംഗഹീനനെങ്കിലും സേവനസന്നദ്ധൻ

അംഗഹീനനെങ്കിലും സേവനസന്നദ്ധൻ

അംഗഹീനനെങ്കിലും സേവനസന്നദ്ധൻ

ആദ്യമായാണ്‌ നിങ്ങൾ ലിയാനാർഡോയെ കാണുന്നത്‌ എന്നിരിക്കട്ടെ; അദ്ദേഹം ഒരു കൺസ്‌ട്രക്‌ഷൻ ജോലിക്കാരനാണെന്നു തോന്നുകയേയില്ല. ജോലി സംബന്ധമായ ഒരു അത്യാഹിതത്തിൽ രണ്ടുകൈയും നഷ്ടപ്പെട്ട വ്യക്തിയാണ്‌ അദ്ദേഹം. എന്നിരുന്നാലും, എൽസാൽവഡോറിലുള്ള അക്കാഹൂറ്റ്‌ലായിൽ ഒരു കെട്ടിട നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ലിയാനാർഡോയെയാണ്‌ നിങ്ങൾ ചിത്രത്തിൽ കാണുന്നത്‌.

ആ നിർമാണത്തിൽ പങ്കെടുക്കുക എന്ന ലക്ഷ്യത്തിൽ തനിക്കാവശ്യമായ പണിയായുധങ്ങൾ അദ്ദേഹം സ്വന്തമായി തയ്യാറാക്കി. ഷവലിന്റെ ഒരറ്റത്ത്‌ ഇരുമ്പുവളയം പിടിപ്പിച്ചിട്ട്‌ അതിൽ വലത്തേ കൈത്തണ്ട കടത്തിയാണ്‌ ഉന്തുവണ്ടിയിലേക്കു മണ്ണ്‌ കോരിയിടുന്നത്‌. തുടർന്ന്‌ ആ ഉന്തുവണ്ടിയുടെ പിടിയിൽ ഘടിപ്പിച്ചിരിക്കുന്ന വളയങ്ങളുടെ സഹായത്തോടെ അദ്ദേഹം സ്വന്തമായി അത്‌ തള്ളിക്കൊണ്ടുപോകുന്നു. ഈ നിർമാണ പ്രവർത്തനത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌ എന്താണ്‌?

ഒരു രാജ്യഹാളിന്റെ നിർമാണത്തിൽ പങ്കെടുക്കാൻ ലിയാനാർഡോ അതിയായി ആഗ്രഹിച്ചിരുന്നു; യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭ ആരാധനയ്‌ക്കായി കൂടിവരുന്ന സ്ഥലമാണത്‌. ആ നിർമാണവേലയിൽ പങ്കെടുക്കാതിരിക്കാൻ അദ്ദേഹത്തിനു നിരവധി കാരണങ്ങളുണ്ടായിരുന്നു. ഒരു മുഴുസമയ ജോലി, ശാരീരിക പരിമിതി, അതിനുപുറമേ ശുശ്രൂഷാദാസനെന്ന നിലയിലുള്ള സഭയിലെ ഉത്തരവാദിത്വവും. എന്നിട്ടും, ആ നിർമാണ സ്ഥലത്തും തന്നാലാവുന്നതുപോലെ ദൈവത്തെ സേവിക്കാൻ അദ്ദേഹം ആഗ്രഹിച്ചു.

ദൈവത്തെ സേവിക്കുന്നതിൽ അത്തരം ഒരു സന്നദ്ധത നിങ്ങൾക്കുണ്ടോ? ശാരീരിക പരിമിതി ഒരു ഒഴികഴിവായി കാണുന്നതിനു പകരം ലിയാനാർഡോ തന്റെ മാനസിക പ്രാപ്‌തികൾ ഉപയോഗിച്ച്‌ തനിക്കാവശ്യമായ ഉപകരണങ്ങൾ നിർമിച്ചു. അങ്ങനെ അസാധ്യമായിരുന്ന ആ ജോലി ചെയ്യാൻ അദ്ദേഹത്തിനായി. അദ്ദേഹം തന്റെ ‘പൂർണ്ണമനസ്സോടുകൂടെ’ ദൈവത്തെ സേവിക്കുകയായിരുന്നു. (മത്തായി 22:37) ശാരീരിക പ്രശ്‌നങ്ങൾ ഉള്ളവരാണെങ്കിലും അല്ലെങ്കിലും, ലോകമെമ്പാടും നടക്കുന്ന യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ നിർമാണവേലയിൽ പങ്കെടുക്കുന്നവർക്കെല്ലാം അത്തരം സേവനസന്നദ്ധതയുണ്ട്‌. അവരുടെ യോഗങ്ങളിൽ ആർക്കും സംബന്ധിക്കാം. താങ്കൾക്കും സ്വാഗതം.