വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയിൽ പൂർണമായി ആശ്രയിക്കാൻ ഞങ്ങൾ പഠിച്ചു

യഹോവയിൽ പൂർണമായി ആശ്രയിക്കാൻ ഞങ്ങൾ പഠിച്ചു

ജീവിത കഥ

യഹോവയിൽ പൂർണമായി ആശ്രയിക്കാൻ ഞങ്ങൾ പഠിച്ചു

നാറ്റലി ഹോൾട്ടോർഫ്‌ പറഞ്ഞപ്രകാരം

വർഷം 1945, ജൂൺ മാസത്തിലെ ഒരു ദിവസം. ഞങ്ങളുടെ വീടിനുമുമ്പിൽ പരിക്ഷീണനായ ഒരു മനുഷ്യൻ പ്രത്യക്ഷപ്പെട്ടു. അയാൾ വാതിൽക്കൽ ക്ഷമയോടെ കാത്തുനിന്നു. പരിഭ്രമിച്ചുപോയ എന്റെ ഇളയ മകൾ രൂത്ത്‌ വിളിച്ചുപറഞ്ഞു, “മമ്മാ, വാതിൽക്കൽ ആരോ വന്നിരിക്കുന്നു!” അത്‌ അവളുടെ പിതാവ്‌, എന്റെ പ്രിയ ഭർത്താവായ ഫെർഡിനാൻഡ്‌ ആണെന്ന കാര്യം അവൾക്ക്‌ അറിയില്ലായിരുന്നു. അതിനു രണ്ടുവർഷംമുമ്പ്‌, രൂത്ത്‌ പിറന്ന്‌ കേവലം മൂന്നുദിവസം കഴിഞ്ഞ്‌ വീട്ടിൽനിന്നു പോയ ഫെർഡിനാൻഡിനെ പോലീസ്‌ അറസ്റ്റുചെയ്യുകയായിരുന്നു. ഒടുവിൽ അദ്ദേഹത്തിന്‌ ഒരു നാസി തടങ്കൽപ്പാളയത്തിൽ കഴിയേണ്ടിവന്നു. എന്നാൽ ഇപ്പോൾ, രൂത്തിന്‌ അവളുടെ പിതാവിനെ കാണാൻ കഴിഞ്ഞു, ഞങ്ങളുടെ കുടുംബം വീണ്ടും ഒന്നിച്ചു. ഫെർഡിനാൻഡിനും എനിക്കും എത്രയെത്ര കാര്യങ്ങളാണു പറയാനുണ്ടായിരുന്നത്‌!

ജർമനിയിലെ കിൽ എന്ന നഗരത്തിൽ 1909-ലാണ്‌ ഫെർഡിനാൻഡ്‌ ജനിച്ചത്‌, ജർമനിയിൽത്തന്നെയുള്ള ഡ്രെസ്‌ഡനിൽ 1907-ൽ ഞാനും. എനിക്കു 12 വയസ്സുള്ളപ്പോഴാണ്‌ എന്റെ കുടുംബം ബൈബിൾ വിദ്യാർഥികളുമായി​—⁠യഹോവയുടെ സാക്ഷികൾ അന്ന്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌​—⁠ആദ്യമായി സമ്പർക്കം പുലർത്തുന്നത്‌. 19-ാം വയസ്സിൽ ഞാൻ ഇവാഞ്ചലിക്കൽ സഭ ഉപേക്ഷിച്ച്‌ എന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചു.

ഈ സമയത്ത്‌, ഫെർഡിനാൻഡ്‌ നാവിക കോളെജിൽനിന്നു ബിരുദം നേടി ഒരു നാവികനായിത്തീർന്നിരുന്നു. നാവികയാത്രകളിൽ, ഒരു സ്രഷ്ടാവിന്റെ അസ്‌തിത്വത്തെക്കുറിച്ച്‌ അദ്ദേഹം ഗാഢമായി ചിന്തിക്കുമായിരുന്നു. ഒരു യാത്രയ്‌ക്കുശേഷം ജർമനിയിലെത്തിയ ഫെർഡിനാൻഡ്‌ തന്റെ സഹോദരനെ സന്ദർശിച്ചു. അദ്ദേഹം ഒരു ബൈബിൾ വിദ്യാർഥി ആയിരുന്നു. തന്നെ അലട്ടിക്കൊണ്ടിരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ബൈബിളിൽ ഉണ്ടെന്നു ബോധ്യപ്പെടാൻ ഈ സന്ദർശനം ധാരാളമായിരുന്നു ഫെർഡിനാൻഡിന്‌. ലൂഥറൻ സഭ ഉപേക്ഷിച്ച അദ്ദേഹം, തന്റെ ജോലിയും ഉപേക്ഷിക്കാൻ തീരുമാനിച്ചു. പ്രസംഗവേലയിൽ ആദ്യത്തെ ഒരു ദിവസം ചെലവിട്ടുകഴിഞ്ഞപ്പോൾ, ശിഷ്ടകാലം ആ വേലയിൽത്തന്നെ തുടരാനുള്ള അദമ്യമായ ആഗ്രഹം അദ്ദേഹത്തിന്റെ മനസ്സിൽ രൂഢമൂലമായിത്തീർന്നു. ആ രാത്രി തന്നെ ഫെർഡിനാൻഡ്‌ തന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചു. 1931 ആഗസ്റ്റിൽ അദ്ദേഹം സ്‌നാപനമേറ്റു.

നാവികനും പ്രസംഗകനും എന്ന നിലയിൽ സേവിക്കുന്നു

1931 നവംബറിൽ ഫെർഡിനാൻഡ്‌ നെതർലൻഡ്‌സിലേക്കു ട്രെയിൻ കയറി. അവിടത്തെ പ്രസംഗവേലയിൽ സഹായിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. താൻ ഒരു നാവികനാണെന്ന്‌ ഫെർഡിനാൻഡ്‌ പറഞ്ഞപ്പോൾ അവിടെ വേല സംഘടിപ്പിക്കുന്ന ഉത്തരവാദിത്വം വഹിച്ചിരുന്ന സഹോദരൻ ഇങ്ങനെ ഉദ്‌ഘോഷിച്ചു, “ഞങ്ങൾക്ക്‌ ഏറ്റവും പറ്റിയ ആൾ താങ്കൾതന്നെ!” രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലെ ജലപാതകളിൽ പയനിയർമാർക്ക്‌ (മുഴുസമയ ശുശ്രൂഷകർ) പ്രസംഗവേല നടത്തുന്നതിനായി സഹോദരങ്ങൾ ഒരു ബോട്ട്‌ വാടകയ്‌ക്കെടുത്തിരുന്നു. ബോട്ടിൽ അഞ്ചു ജോലിക്കാരും ഉണ്ടായിരുന്നു, പക്ഷേ ആർക്കും ബോട്ട്‌ ഓടിക്കാൻ അറിയില്ലായിരുന്നു. അതുകൊണ്ട്‌ ബോട്ട്‌ ഓടിക്കാനുള്ള ഉത്തരവാദിത്വം ഫെർഡിനാൻഡ്‌ ഏറ്റെടുത്തു.

ആറുമാസം കഴിഞ്ഞ്‌, നെതർലൻഡ്‌സിന്റെ തെക്കൻ പ്രദേശത്തുള്ള റ്റിൽബർഗിൽ ഒരു പയനിയർ ആയി സേവിക്കാൻ ഫെർഡിനാൻഡിനോട്‌ ആവശ്യപ്പെട്ടു. ഏകദേശം ആ സമയത്തുതന്നെ ഒരു പയനിയറായി സേവിക്കുന്നതിന്‌ ഞാനും റ്റിൽബർഗിൽ എത്തിച്ചേർന്നു. ഞങ്ങൾ പരിചയപ്പെട്ടു, എന്നാൽ പെട്ടെന്നുതന്നെ, രാജ്യത്തിന്റെ വടക്കൻ പ്രദേശത്തുള്ള ഗ്രോണിങ്ങനിലേക്കു പോകാൻ ഞങ്ങളോട്‌ ആവശ്യപ്പെട്ടു. അവിടെവെച്ച്‌ 1932 ഒക്ടോബറിൽ ഞങ്ങൾ വിവാഹിതരായി. പല പയനിയർമാർ ഉപയോഗിച്ചിരുന്ന ഒരു വീട്ടിൽ ഞങ്ങൾ മധുവിധു ആഘോഷിച്ചു, ഒപ്പം പയനിയറിങ്ങും!

1935-ൽ ഞങ്ങളുടെ മകൾ എസ്റ്റ ജനിച്ചു. ഞങ്ങളുടെ വരുമാനം പരിമിതമായിരുന്നെങ്കിലും പയനിയറിങ്ങിൽ തുടരാൻ ഞങ്ങൾ ദൃഢചിത്തരായിരുന്നു. ഞങ്ങൾ ഒരു ഗ്രാമത്തിലേക്കു മാറി, അവിടെ ഒരു ചെറിയ വീട്ടിൽ താമസമാരംഭിച്ചു. ഞാൻ കുഞ്ഞിന്റെ കാര്യങ്ങളും നോക്കി വീട്ടിലിരിക്കെ, എന്റെ ഭർത്താവ്‌ പകൽ മുഴുവൻ ശുശ്രൂഷയിൽ ഏർപ്പെടുമായിരുന്നു. പിറ്റേ ദിവസം എന്റെ ജോലി അദ്ദേഹം ഏറ്റെടുക്കുമായിരുന്നു. ഞങ്ങളോടൊപ്പം ശുശ്രൂഷയ്‌ക്കു വരാൻ എസ്റ്റയ്‌ക്കു പ്രായമാകുന്നതുവരെ ഈ പതിവു തുടർന്നു.

അധികം വൈകാതെ, യൂറോപ്പിന്റെ രാഷ്‌ട്രീയ നഭസ്സിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങി. ജർമനിയിൽ സാക്ഷികൾ പീഡനത്തിൻകീഴിലാണെന്ന്‌ ഞങ്ങൾ മനസ്സിലാക്കി. പെട്ടെന്നുതന്നെ ഞങ്ങളുടെ ഊഴം വരുമെന്നു ഞങ്ങൾക്ക്‌ അറിയാമായിരുന്നു. അതികഠിനമായ പീഡനത്തിൻകീഴിൽ എങ്ങനെ സഹിച്ചുനിൽക്കുമെന്ന്‌ ഞങ്ങൾ ആശ്ചര്യപ്പെട്ടു. 1938-ൽ ഡച്ച്‌ അധികാരികൾ, മതപരമായ സാഹിത്യങ്ങൾ വിതരണം ചെയ്‌തുകൊണ്ട്‌ വിദേശികൾ കോൽപോർട്ടർ വേല ചെയ്യുന്നതു നിരോധിച്ചുകൊണ്ടുള്ള ഉത്തരവു പുറപ്പെടുവിച്ചു. ഡച്ചുകാരായ സഹോദരങ്ങൾ നമ്മുടെ വേലയിൽ താത്‌പര്യം കാണിച്ച ആളുകളുടെ പേരു നൽകിക്കൊണ്ട്‌ ശുശ്രൂഷയിൽ തുടരാൻ ഞങ്ങളെ സഹായിച്ചു. അവരിൽ ചിലരോടൊത്തു ബൈബിൾ പഠിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.

ഏകദേശം ആ സമയത്ത്‌ യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷൻ പട്ടികപ്പെടുത്തിയിരുന്നു. കൺവെൻഷൻ സ്ഥലത്തേക്ക്‌ ട്രെയിൻ ടിക്കറ്റ്‌ എടുക്കാനുള്ള പണം ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും കൺവെൻഷനിൽ പങ്കെടുക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. ഞങ്ങൾ എന്തു ചെയ്‌തെന്നോ? ഹാൻഡിൽബാറിൽ ഘടിപ്പിച്ച ഒരു ഇരിപ്പിടത്തിൽ കൊച്ച്‌ എസ്റ്റയെ ഇരുത്തിക്കൊണ്ട്‌ ഞങ്ങൾ മൂന്നു ദിവസം സൈക്കിളിൽ യാത്രചെയ്‌തു. യാത്രാമാർഗേയുള്ള സാക്ഷികളുടെ വീടുകളിൽ അന്തിയുറങ്ങി. അങ്ങനെ ആദ്യമായി ദേശീയ കൺവെൻഷനിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ എത്രയധികം ആഹ്ലാദിച്ചെന്നോ! കൺവെൻഷൻ പരിപാടികൾ വരാനിരുന്ന പരിശോധനകളെ നേരിടാൻ ഞങ്ങളെ ശക്തീകരിച്ചു. എല്ലാറ്റിനുമുപരിയായി, ദൈവത്തിൽ ആശ്രയംവെക്കാൻ ഞങ്ങൾക്കു പ്രോത്സാഹനം ലഭിച്ചു. സങ്കീർത്തനം 31:⁠6 ഞങ്ങളുടെ ആപ്‌തവാക്യമായിത്തീർന്നു: “ഞാനോ യഹോവയിൽ ആശ്രയിക്കുന്നു.”

നാസികളാൽ വേട്ടയാടപ്പെടുന്നു

1940 മേയ്‌ മാസത്തിൽ നാസികൾ നെതർലൻഡ്‌സ്‌ ആക്രമിച്ചു. താമസിയാതെ ഗസ്റ്റപ്പോ അഥവാ നാസികളുടെ രഹസ്യ പോലീസ്‌ അവിചാരിതമായി ഞങ്ങളെ സന്ദർശിച്ചു. ഞങ്ങൾ അപ്പോൾ ബൈബിൾ സാഹിത്യങ്ങൾ ഇനംതിരിക്കുകയായിരുന്നു. അവർ ഫെർഡിനാൻഡിനെ ഗസ്റ്റപ്പോയുടെ ആസ്ഥാനത്തേക്കു കൊണ്ടുപോയി. ഞാനും എസ്റ്റയും പതിവായി അദ്ദേഹത്തെ സന്ദർശിച്ചുപോന്നു, ചിലപ്പോൾ ഞങ്ങളുടെ മുമ്പിൽവെച്ചുതന്നെ അദ്ദേഹത്തെ ചോദ്യംചെയ്യുകയും മർദിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയിരിക്കെ ഡിസംബറിൽ പൊടുന്നനെ അദ്ദേഹത്തെ മോചിപ്പിച്ചു, പക്ഷേ ആ സ്വാതന്ത്ര്യത്തിന്‌ അൽപ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസം വൈകുന്നേരം ഞങ്ങൾ വീട്ടിലേക്കു വരുമ്പോൾ, ഗസ്റ്റപ്പോയുടെ കാർ വീടിനരികെ കിടക്കുന്നതു ഞങ്ങൾ കണ്ടു. ഫെർഡിനാൻഡ്‌ അവിടെനിന്നു രക്ഷപ്പെട്ടു, ഞാനും എസ്റ്റയും വീട്ടിലേക്കു ചെന്നു. ഗസ്റ്റപ്പോ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ഫെർഡിനാൻഡ്‌ ആയിരുന്നു അവരുടെ ഉന്നം. അവർ തിരികെ പോയി. എന്നാൽ അന്നുരാത്രിതന്നെ ചോദ്യം ചെയ്യാനായി ഡച്ച്‌ പോലീസ്‌ എന്നെ കൂട്ടിക്കൊണ്ടുപോയി. പിറ്റേ ദിവസം ഞാനും എസ്റ്റയും ആയിടെ സ്‌നാപനമേറ്റ ഒരു ദമ്പതികളുടെ, നോർഡർ കുടുംബത്തിന്റെ വീട്ടിൽ അഭയം തേടി. അവർ ഞങ്ങൾക്ക്‌ ഒളിച്ചു പാർക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്‌തുതന്നു.

1941 ജനുവരി അവസാനത്തോടെ ഹൗസ്‌ബോട്ടിൽ താമസിച്ചിരുന്ന ഒരു പയനിയർ ദമ്പതികൾ അറസ്റ്റു ചെയ്യപ്പെട്ടു. അടുത്ത ദിവസം, ഒരു സർക്കിട്ട്‌ മേൽവിചാരകനും (സഞ്ചാര ശൂശ്രൂഷകൻ) എന്റെ ഭർത്താവും കൂടെ ആ ദമ്പതികളുടെ ചില സാധനങ്ങൾ എടുക്കാനായി അവിടെ ചെന്നു. എന്നാൽ ഗസ്റ്റപ്പോയുടെ സഹകാരികൾ അവരുടെമേൽ ചാടിവീണു. ഫെർഡിനാൻഡ്‌ ഒരുവിധത്തിൽ അവരുടെ പിടിയിൽനിന്നു രക്ഷപ്പെട്ട്‌ തന്റെ ബൈക്കിൽ കയറി സ്ഥലംവിട്ടു. എന്നാൽ സർക്കിട്ട്‌ മേൽവിചാരകൻ ജയിലിലടയ്‌ക്കപ്പെട്ടു.

ഉത്തരവാദിത്വപ്പെട്ട സഹോദരന്മാർ ഫെർഡിനാൻഡിനോട്‌ സർക്കിട്ട്‌ മേൽവിചാരകന്റെ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്‌താൽ മാസത്തിൽ അദ്ദേഹത്തിന്‌ മൂന്നു ദിവസത്തിൽ കൂടുതൽ വീട്ടിൽ ഉണ്ടായിരിക്കാൻ കഴിയുമായിരുന്നില്ല. ഇത്‌ ഞങ്ങൾക്ക്‌ പുതിയൊരു പരിശോധനയായിരുന്നു. എന്നാൽ ഞാൻ പയനിയറിങ്‌ തുടർന്നു. ഗസ്റ്റപ്പോ, സാക്ഷികൾക്കുവേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിരുന്നു. അതുകൊണ്ട്‌ ഞങ്ങൾക്കു തുടർച്ചയായി താമസസ്ഥലം മാറേണ്ടിവന്നു. 1942-ൽ മൂന്നു പ്രാവശ്യം ഞങ്ങൾ വീടുമാറി. അവസാനം ഞങ്ങൾ റോട്ടർഡാം നഗരത്തിലെത്തി, ഫെർഡിനാൻഡ്‌ തന്റെ രഹസ്യ ശുശ്രൂഷ നിർവഹിക്കുന്ന പ്രദേശത്തുനിന്നു വളരെയകലെ. അപ്പോഴേക്കും ഞാൻ വീണ്ടും ഗർഭിണിയായി. കംപ്‌ കുടുംബം​—⁠അവരുടെ രണ്ട്‌ ആൺമക്കളെ ആയിടെ തടങ്കൽപ്പാളയത്തിലേക്കു കൊണ്ടുപോയിരുന്നു​—⁠ഞങ്ങളെ സദയം അവരുടെ വീട്ടിൽ സ്വീകരിച്ചു.

ഗസ്റ്റപ്പോയുടെ നിഴലിൽ

ഞങ്ങളുടെ രണ്ടാമത്തെ മകൾ രൂത്ത്‌, 1943 ജൂലൈയിലാണ്‌ ജനിച്ചത്‌. രൂത്തിന്റെ ജനനശേഷം മൂന്നു ദിവസം ഫെർഡിനാൻഡ്‌ ഞങ്ങളോടൊത്തു കഴിഞ്ഞു. അതിനുശേഷം പോയ അദ്ദേഹത്തെ വളരെക്കാലം ഞങ്ങൾ കണ്ടതേയില്ല. ഏകദേശം മൂന്നാഴ്‌ച കഴിഞ്ഞ്‌ ആംസ്റ്റർഡാമിൽവെച്ച്‌ ഫെർഡിനാൻഡിനെ അറസ്റ്റു ചെയ്‌ത്‌ ഗസ്റ്റപ്പോ സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെവെച്ച്‌ അദ്ദേഹം ആരാണെന്നുള്ളതു സ്ഥിരീകരിക്കപ്പെട്ടു. പ്രസംഗപ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയെടുക്കാൻ ഗസ്റ്റപ്പോ അദ്ദേഹത്തെ നിശിതമായി ചോദ്യംചെയ്‌തു. എന്നാൽ താൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നും യാതൊരു രാഷ്‌ട്രീയ പ്രവർത്തനത്തിലും ഉൾപ്പെട്ടിട്ടില്ലെന്നും മാത്രം പറയാനേ ഫെർഡിനാൻഡ്‌ കൂട്ടാക്കിയുള്ളൂ. ഒരു ജർമൻ പൗരനായ ഫെർഡിനാൻഡ്‌ സൈനിക സേവനത്തിനു റിപ്പോർട്ടു ചെയ്‌തിട്ടില്ല എന്നത്‌ ഗസ്റ്റപ്പോ ഓഫീസർമാരെ രോഷാകുലരാക്കി. രാജ്യദ്രോഹക്കുറ്റത്തിനു വധിക്കുമെന്ന്‌ അവർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി.

അടുത്ത അഞ്ചു മാസം ഫെർഡിനാൻഡിനെ ഒരു ജയിലറയിൽ അടച്ചു. ഫയറിങ്‌ സ്‌ക്വാഡിന്റെ തോക്കുകൾക്ക്‌ ഇരയാക്കുമെന്ന നിരന്തര ഭീഷണിയുണ്ടായിരുന്നിട്ടും യഹോവയോടുള്ള തന്റെ വിശ്വസ്‌തതയിൽനിന്ന്‌ അദ്ദേഹം അണുവിട വ്യതിചലിച്ചില്ല. ആത്മീയമായി ബലിഷ്‌ഠനായി നിലകൊള്ളാൻ അദ്ദേഹത്തെ സഹായിച്ചത്‌ എന്താണ്‌? ദൈവവചനമായ ബൈബിൾ. ഒരു സാക്ഷിയായിരുന്നതിനാൽ ഫെർഡിനാൻഡിന്‌ ബൈബിൾ കൈവശംവെക്കാൻ അനുവാദമില്ലായിരുന്നു. എന്നാൽ മറ്റു തടവുകാർക്ക്‌ അത്‌ അനുവദനീയമായിരുന്നു. അതുകൊണ്ട്‌ ഫെർഡിനാൻഡ്‌ സഹതടവുകാരനെക്കൊണ്ട്‌ അയാളുടെ വീട്ടിൽനിന്ന്‌ ഒരു ബൈബിൾ വരുത്തിച്ചു. വർഷങ്ങൾക്കുശേഷവും, ഈ സംഭവത്തെക്കുറിച്ചു സംസാരിക്കുമ്പോൾ തിളങ്ങുന്ന കണ്ണുകളോടെ അദ്ദേഹം ഇങ്ങനെ ഉദ്‌ഘോഷിക്കുമായിരുന്നു, “ആ ബൈബിൾ എനിക്ക്‌ എന്തൊരു ആശ്വാസമാണു നൽകിയത്‌!”

1944 ജനുവരി ആരംഭത്തിൽ ഫെർഡിനാൻഡിനെ പെട്ടെന്ന്‌ നെതർലൻഡ്‌സിലെ വൂഗ്‌റ്റിലുള്ള തടങ്കൽപ്പാളയത്തിലേക്കു കൊണ്ടുപോയി. അവിചാരിതമായ ഒരു വിധത്തിൽ ഈ മാറ്റം അദ്ദേഹത്തിന്‌ ഒരു അനുഗ്രഹമായിത്തീർന്നു, കാരണം അവിടെ 46 സാക്ഷികളെ കണ്ടുമുട്ടാൻ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തെക്കുറിച്ചു കേട്ടപ്പോൾ, അദ്ദേഹം ഇപ്പോഴും ജീവനോടിരിക്കുന്നല്ലോ എന്നോർത്ത്‌ എനിക്ക്‌ അടക്കാനാവാത്ത സന്തോഷം തോന്നി!

തടങ്കൽപ്പാളയത്തിൽ ഇടതടവില്ലാതെ പ്രസംഗിക്കുന്നു

വളരെ പരുക്കൻ ജീവിതമായിരുന്നു പാളയത്തിലേത്‌. ഗുരുതരമായ വികലപോഷണം, ചൂടുനിലനിറുത്തുന്ന വസ്‌ത്രങ്ങളുടെ അഭാവം, കൊടുംശൈത്യം എന്നിവ പതിവു സംഗതികളായിരുന്നു. ഫെർഡിനാൻഡിന്‌ ഗുരുതരമായ ടോൺസിലൈറ്റിസ്‌ പിടിപെട്ടു. ഹാജർ വിളിക്കുന്നതുവരെ വളരെ നേരം തണുപ്പത്തു നിൽക്കേണ്ടിവന്ന അദ്ദേഹം രോഗികൾക്കും പരിക്കേറ്റവർക്കും ഉള്ള ചികിത്സാലയത്തിൽ റിപ്പോർട്ടു ചെയ്‌തു. 104 ഡിഗ്രി അല്ലെങ്കിൽ അതിൽ കൂടുതൽ പനിയുള്ളവരെ അവിടെ കഴിയാൻ അനുവദിച്ചിരുന്നു. എന്നാൽ ഫെർഡിനാൻഡിന്‌ അതിനുള്ള അനുവാദം ലഭിച്ചില്ല, കാരണം അദ്ദേഹത്തിന്‌ 102 ഡിഗ്രി പനിയേ ഉണ്ടായിരുന്നുള്ളൂ! തിരികെപ്പോയി ജോലി ചെയ്യാൻ അവർ അദ്ദേഹത്തോടു നിർദേശിച്ചു. എന്നാൽ സഹതാപം തോന്നിയ സഹതടവുകാർ, അൽപ്പം ചൂടുകിട്ടുന്ന ഇടത്ത്‌ ഇടയ്‌ക്കിടെ അദ്ദേഹത്തെ ഒളിപ്പിച്ചുകൊണ്ട്‌ സഹായിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടപ്പോൾ അദ്ദേഹത്തിനു കൂടുതൽ ആശ്വാസം കിട്ടി. മാത്രമല്ല, ചില സഹോദരങ്ങൾക്കു ഭക്ഷണപ്പൊതികൾ കിട്ടിയപ്പോൾ അവർ അതു മറ്റുള്ളവരുമായി പങ്കുവെച്ചു. അങ്ങനെ ഫെർഡിനാൻഡ്‌ നഷ്ടപ്പെട്ട ആരോഗ്യം കുറച്ചെങ്കിലും വീണ്ടെടുത്തു.

എന്റെ ഭർത്താവ്‌ തടവിലാകുന്നതിനുമുമ്പ്‌, സുവാർത്താപ്രസംഗം അദ്ദേഹത്തിന്റെ ജീവിതരീതിയായിരുന്നു. പാളയത്തിനകത്തും തന്റെ വിശ്വാസം പങ്കുവെക്കുന്നതിൽ അദ്ദേഹം തുടർന്നു. അദ്ദേഹത്തിന്റെ പർപ്പിൾ ട്രയാംഗിളിനെപ്പറ്റി​—⁠തടവുകാരായ സാക്ഷികളുടെ തിരിച്ചറിയൽ അടയാളമായിരുന്നു അത്‌​—⁠പാളയത്തിലെ അധികാരികൾ മിക്കപ്പോഴും അവജ്ഞാദ്യോതകമായ അഭിപ്രായങ്ങൾ ഉതിർക്കുമായിരുന്നു. എന്നാൽ അത്തരം അവസരങ്ങളെ അവരുമായി ഒരു സംഭാഷണം തുടങ്ങാനുള്ള സന്ദർഭമായിട്ടാണ്‌ ഫെർഡിനാൻഡ്‌ വീക്ഷിച്ചത്‌. തുടക്കത്തിൽ, പ്രസംഗപ്രദേശം, പ്രധാനമായും സഹോദരങ്ങൾ താമസിച്ചിരുന്ന ബാരക്കുകൾമാത്രം ആയിരുന്നു. ‘എങ്ങനെ കൂടുതൽ തടവുകാരിലേക്ക്‌ എത്തിച്ചേരാം?’ എന്നതായിരുന്നു സഹോദരങ്ങളുടെ ചിന്ത. അറിയാതെയാണെങ്കിലും പാളയത്തിന്റെ ഭരണനിർവാഹകർ പ്രശ്‌നം പരിഹരിച്ചു. എങ്ങനെ?

സഹോദരന്മാർക്ക്‌ ബൈബിൾ സാഹിത്യങ്ങൾ രഹസ്യമായി ലഭിക്കുന്നുണ്ടായിരുന്നു. അവരുടെ കൈവശം പന്ത്രണ്ടു ബൈബിളുകളും ഉണ്ടായിരുന്നു. ഒരു ദിവസം കാവൽക്കാർ ചില സാഹിത്യങ്ങൾ കണ്ടെത്തി. എന്നാൽ അത്‌ ആരുടേതാണെന്ന്‌ അവർക്കു കണ്ടുപിടിക്കാനായില്ല. സാക്ഷികളുടെ ഐക്യം തകർത്തേ മതിയാകൂ എന്ന്‌ പാളയത്തിലെ അധികാരികൾ നിശ്ചയിച്ചു. അങ്ങനെ ഒരു ശിക്ഷയെന്ന നിലയിൽ സാക്ഷികളെയെല്ലാം, സാക്ഷികളല്ലാത്ത തടവുകാരോടൊപ്പം താമസിപ്പിച്ചു. മാത്രമല്ല, ആഹാരം കഴിക്കുമ്പോൾ സാക്ഷികളല്ലാത്തവരുടെ അടുത്തു വേണമായിരുന്നു അവർ ഇരിക്കാൻ. ആ ക്രമീകരണം ഒരു അനുഗ്രഹമായിത്തീർന്നു. ഇപ്പോൾ സാക്ഷികൾക്ക്‌ അവർ ഏറ്റവുമധികം ആഗ്രഹിച്ച കാര്യം ചെയ്യാനാവും, കഴിയുന്നത്ര തടവുകാരോടു പ്രസംഗിക്കുകയെന്ന കാര്യം.

രണ്ടു പെൺകുട്ടികളെ വളർത്തുന്നു​—⁠ഒറ്റയ്‌ക്ക്‌

ഈ കാലമത്രയും ഞാനും രണ്ടു പെൺമക്കളും റോട്ടർഡാമിൽത്തന്നെ താമസിക്കുകയായിരുന്നു. 1943/44-ലെ ശൈത്യകാലം അസാധാരണമാംവിധം കഠിനമായിരുന്നു. ഞങ്ങളുടെ വീടിനു പിന്നിലായി, വിമാനവേധ പടക്കോപ്പുകൾ കൈകാര്യം ചെയ്യുന്ന ജർമൻ സൈനികരുടെ ഒരു യൂണിറ്റ്‌ തമ്പടിച്ചിരുന്നു. വീടിനു മുമ്പിലാകട്ടെ, സഖ്യകക്ഷികളുടെ ബോംബാക്രമണങ്ങളുടെ ഒരു മുഖ്യ ലക്ഷ്യമായ വാൽ തുറമുഖവും. ആ സ്ഥലം ഒളിച്ചുപാർക്കാൻ തീരെ സുരക്ഷിതമായിരുന്നില്ല. മാത്രമല്ല, ഭക്ഷണം ദുർലഭമായിരുന്നു. എന്നത്തെക്കാളുമധികം യഹോവയിൽ പൂർണമായി ആശ്രയിക്കാൻ ഞങ്ങൾ പഠിച്ചു.​—⁠സദൃശവാക്യങ്ങൾ 3:⁠5, 6.

എട്ടു വയസ്സുകാരിയായ എസ്റ്റ അവശ്യ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്ത്‌ നിരയിൽ നിന്നുകൊണ്ട്‌ ഞങ്ങളുടെ കൊച്ചുകുടുംബത്തെ സഹായിച്ചു. എന്നാൽ മിക്കപ്പോഴും അവളുടെ ഊഴം വരുമ്പോൾ ഒന്നും ശേഷിക്കുമായിരുന്നില്ല. ഒരിക്കൽ അവൾ ഭക്ഷണം അന്വേഷിച്ചു പോകുമ്പോഴാണ്‌ വ്യോമാക്രമണമുണ്ടായത്‌. സ്‌ഫോടനശബ്ദം കേട്ട്‌ ഞാനാകെ പരിഭ്രാന്തയായി. എന്നാൽ പരിക്കുപറ്റാതെ അവൾ തിരികെ വരുന്നതു കണ്ടപ്പോൾ സന്തോഷംകൊണ്ട്‌ എന്റെ കണ്ണു നിറഞ്ഞുപോയി, അവളുടെ കയ്യിൽ ഏതാനും ഷുഗർബീറ്റും ഉണ്ടായിരുന്നു. “എന്താണുണ്ടായത്‌” എന്നാണ്‌ ഞാൻ അവളോട്‌ ആദ്യം ചോദിച്ചത്‌. അവൾ ശാന്തതയോടെ മറുപടി പറഞ്ഞു: “ബോംബുകൾ വീണപ്പോൾ, ഞാൻ ഡാഡി പറഞ്ഞിരുന്നതുപോലെ ചെയ്‌തു, ‘തറയിൽ പറ്റിക്കിടക്കുക, പ്രാർഥിക്കുക’ അതു ഫലിച്ചു!”

എന്റെ ജർമൻ ഉച്ചാരണം പെട്ടെന്നു തിരിച്ചറിയാൻ കഴിയുമായിരുന്നതുകൊണ്ട്‌, സാധനങ്ങൾ വാങ്ങാനും മറ്റും എസ്റ്റ പോകുന്നതായിരുന്നു സുരക്ഷിതം. എന്നാൽ അതും ജർമൻ സൈനികരുടെ കണ്ണുവെട്ടിക്കാൻ പര്യാപ്‌തമായിരുന്നില്ല. അവർ എസ്റ്റയെ ചോദ്യം ചെയ്യാൻ തുടങ്ങി. പക്ഷേ, അവൾ യാതൊരു രഹസ്യവും വെളിപ്പെടുത്തിയില്ല. വീട്ടിൽവെച്ച്‌ ഞാൻ എസ്റ്റയ്‌ക്ക്‌ ബൈബിൾ വിദ്യാഭ്യാസം നൽകി, അവൾക്കു സ്‌കൂളിൽ പോകാൻ കഴിയാതിരുന്നതുകൊണ്ട്‌ ഞാൻ അവളെ എഴുത്തും വായനയും മറ്റു വൈദഗ്‌ധ്യങ്ങളും അഭ്യസിപ്പിച്ചു.

ശുശ്രൂഷയിലും എസ്റ്റ എന്നെ സഹായിച്ചു. ഞാൻ ബൈബിളധ്യയനത്തിനു പോകുന്നതിനുമുമ്പ്‌ അവൾ എനിക്കു മുമ്പാകെ പോയി രംഗനിരീക്ഷണം നടത്തുമായിരുന്നു. ബൈബിൾ വിദ്യാർഥിയും ഞാനും തമ്മിൽ പറഞ്ഞൊത്തിരുന്ന അടയാളങ്ങളെല്ലാം യഥാസ്ഥാനങ്ങളിലുണ്ടോയെന്ന്‌ അവൾ പരിശോധിക്കുമായിരുന്നു. ഉദാഹരണത്തിന്‌, എനിക്ക്‌ അകത്തേക്കു ചെല്ലാമെന്നു കാണിക്കുന്നതിനുവേണ്ടി എന്റെ ബൈബിൾ വിദ്യാർഥി ഒരു പൂച്ചട്ടി ജനാലപ്പടിയിൽ ഒരു പ്രത്യേക സ്ഥാനത്ത്‌ വെക്കുമായിരുന്നു. ബൈബിളധ്യയനം നടക്കുമ്പോൾ, എന്തെങ്കിലും അപകടസൂചനയുണ്ടോയെന്നു നിരീക്ഷിച്ചുകൊണ്ട്‌ ശിശുവാഹനത്തിൽ കൊച്ചു രൂത്തിനെയും തള്ളിക്കൊണ്ട്‌ അവൾ തെരുവിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമായിരുന്നു.

സാക്‌സെൻഹൗസെനിലേക്ക്‌

ഫെർഡിനാൻഡിന്റെ അവസ്ഥ എന്തായിരുന്നു? 1944 സെപ്‌റ്റംബറിൽ മറ്റു നിരവധി ആളുകളോടൊപ്പം അദ്ദേഹത്തെയും നിർബന്ധിതമായി ഒരു റെയിൽവേ സ്റ്റേഷനിലേക്കു കൊണ്ടുപോയി. 80 പേർ അടങ്ങുന്ന കൂട്ടങ്ങളായി തിരിച്ച്‌ അവരെ ചരക്കുതീവണ്ടിയുടെ വാഗണുകളിൽ കുത്തിനിറച്ചു. ഓരോ വാഗണിലും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ഒരു ബക്കറ്റാണ്‌ ഉണ്ടായിരുന്നത്‌, കുടിവെള്ളത്തിനായി മറ്റൊന്നും. യാത്ര മൂന്നു രാത്രിയും മൂന്നു പകലും നീണ്ടുനിന്നു. വാഗണിനുള്ളിൽ നിൽക്കാൻ മാത്രമേ ഇടം ഉണ്ടായിരുന്നുള്ളൂ. വായു സഞ്ചാരം വളരെ കുറവായിരുന്നു. അവിടെയും ഇവിടെയും ഓരോ ചെറിയ ദ്വാരങ്ങളൊഴികെ വായു സഞ്ചാരത്തിന്‌ മറ്റു മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. അസഹ്യമായ ചൂടും വിശപ്പും ദാഹവും ദുർഗന്ധവും ഒക്കെച്ചേർന്ന്‌ അവരുടെ യാതന വിവരണാതീതമാക്കിത്തീർത്തു.

ട്രെയിൻ കുപ്രസിദ്ധമായ സാക്‌സെൻഹൗസെൻ തടങ്കൽപ്പാളയത്തിൽ സാവധാനം എത്തിച്ചേർന്നു. തടവുകാരുടെ സ്വകാര്യ സാധനങ്ങളെല്ലാം എടുത്തുമാറ്റപ്പെട്ടു, സാക്ഷികൾ യാത്രയിൽ കൂടെ കൊണ്ടുപോന്നിരുന്ന 12 ചെറിയ ബൈബിളുകൾ ഒഴികെ!

ഫെർഡിനാൻഡിനെയും മറ്റ്‌ എട്ടു സഹോദരന്മാരെയും റാറ്റനോയിലുള്ള ഒരു അനുബന്ധ പാളയത്തിലേക്ക്‌ അയച്ചു. അവിടെ അവർ യുദ്ധോപകരണങ്ങൾ നിർമിക്കണമായിരുന്നു. തുടർച്ചയായ വധഭീഷണികൾക്കു നടുവിലും സഹോദരന്മാർ അത്തരം ജോലി ചെയ്യാൻ വിസമ്മതിച്ചു. അചഞ്ചലരായിരിക്കാൻ പരസ്‌പരം പ്രോത്സാഹിപ്പിക്കുന്നതിന്‌ പ്രഭാതത്തിൽ അവർ സങ്കീർത്തനം 18:⁠2 പോലെയുള്ള ഒരു ബൈബിൾ വാക്യം പങ്കുവെക്കും. ദിവസം മുഴുവൻ അതേക്കുറിച്ചു ചിന്തിക്കും. ഇത്‌ ആത്മീയ കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കാൻ അവരെ സഹായിച്ചു.

ഒടുവിൽ, പീരങ്കികളുടെ അലർച്ച സഖ്യകക്ഷികളുടെയും റഷ്യൻ സേനയുടെയും വരവ്‌ വിളംബരം ചെയ്‌തു. ഫെർഡിനാൻഡും കൂട്ടുകാരും താമസിച്ചിരുന്ന ഇടത്താണ്‌ ആദ്യം റഷ്യക്കാർ എത്തിയത്‌. അവർ തടവുകാർക്ക്‌ കുറച്ചു ഭക്ഷണം നൽകിയിട്ട്‌ പാളയം വിട്ടുപോകാൻ കൽപ്പിച്ചു. 1945 ഏപ്രിൽ അവസാനത്തോടെ, വീട്ടിലേക്കു പോകാൻ റഷ്യൻ പട്ടാളം അവരെ അനുവദിച്ചു.

ഒടുവിൽ ഒരു കുടുംബമെന്ന നിലയിൽ

ജൂൺ 15-ാം തീയതി, ഫെർഡിനാൻഡ്‌ നെതർലൻഡ്‌സിൽ എത്തിച്ചേർന്നു. ഗ്രോണിങ്ങനിലെ സഹോദരങ്ങൾ അദ്ദേഹത്തെ ഊഷ്‌മളമായി സ്വീകരിച്ചു. രാജ്യത്ത്‌ എവിടെയോ ഞങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന്‌ അദ്ദേഹം പെട്ടെന്നുതന്നെ മനസ്സിലാക്കി. അദ്ദേഹം തിരിച്ചെത്തിയെന്ന വാർത്ത ഞങ്ങൾക്കും ലഭിച്ചു. അദ്ദേഹത്തിന്റെ വരവിനായുള്ള കാത്തിരിപ്പ്‌ യുഗങ്ങൾ നീളുന്നുവെന്നു തോന്നി. എന്നാൽ ഒടുവിൽ, ഒരുദിവസം കൊച്ചു രൂത്ത്‌ വിളിച്ചുപറഞ്ഞു: “മമ്മാ, വാതിൽക്കൽ ആരോ വന്നിരിക്കുന്നു!” അത്‌ എന്റെ പ്രിയപ്പെട്ട ഭർത്താവ്‌, മക്കളുടെ പിതാവ്‌ ആയിരുന്നു!

ഞങ്ങളുടെ കുടുംബജീവിതം സാധാരണഗതിയിലേക്കു മടങ്ങിവരുന്നതിന്‌ നിരവധി പ്രശ്‌നങ്ങൾ പരിഹൃതമാകേണ്ടതുണ്ടായിരുന്നു. ഞങ്ങൾക്കു പാർക്കാൻ ഒരു ഇടം ഉണ്ടായിരുന്നില്ല, മറ്റൊരു പ്രധാന പ്രശ്‌നം നെതർലൻഡ്‌സിൽ വീണ്ടും സ്ഥിരതാമസാവകാശം നേടുക എന്നതായിരുന്നു. ഞങ്ങൾ ജർമൻ സ്വദേശികളായിരുന്നതിനാൽ, വർഷങ്ങളോളം ഡച്ച്‌ അധികാരികൾ ഞങ്ങളെ ഭ്രഷ്ടു കൽപ്പിക്കപ്പെട്ടവർ എന്നവിധമാണു വീക്ഷിച്ചത്‌. എന്നാൽ അവസാനം, ഞങ്ങൾ വളരെ കൊതിച്ചിരുന്ന ആ ജീവിതം​—⁠ഒരു കുടുംബമെന്ന നിലയിൽ യഹോവയെ ഒത്തൊരുമിച്ചു സേവിച്ചുകൊണ്ടുള്ള ഒരു ജീവിതം​—⁠പുനരാരംഭിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.

“ഞാനോ യഹോവയിൽ ആശ്രയിക്കുന്നു”

പിൽക്കാല വർഷങ്ങളിൽ, ഞങ്ങളെപ്പോലെ ആ ദുർഘടനാളുകൾ താണ്ടിയ സുഹൃത്തുക്കളുമൊത്ത്‌ ഫെർഡിനാൻഡും ഞാനും കൂടിവരുമ്പോഴെല്ലാം ആ കഷ്ടതരമായ നാളുകളിൽ യഹോവ നൽകിയ സ്‌നേഹപുരസ്സരമായ മാർഗനിർദേശം ഞങ്ങൾ ഓർമിക്കുമായിരുന്നു. (സങ്കീർത്തനം 7:⁠1) വർഷങ്ങളിലുടനീളം രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിൽ യഹോവ ഞങ്ങൾക്ക്‌ ഒരു പങ്കു നൽകിയതിൽ ഞങ്ങൾ സന്തോഷിച്ചു. യൗവനകാലം യഹോവയുടെ വിശുദ്ധ സേവനത്തിൽ ചെലവഴിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ എത്രയധികം സന്തുഷ്ടരാണെന്ന കാര്യവും മിക്കപ്പോഴും ഞങ്ങളുടെ സംഭാഷണ വിഷയമായിരുന്നു.​—⁠സഭാപ്രസംഗി 12:⁠1.

നാസി പീഡനകാലത്തിനുശേഷം, ഫെർഡിനാൻഡും ഞാനും ഒരുമിച്ച്‌ 50 വർഷത്തിലധികം യഹോവയെ സേവിച്ചു, 1995 ഡിസംബർ 20-ാം തീയതി അദ്ദേഹം തന്റെ ഭൗമിക ജീവിതഗതി പൂർത്തിയാക്കുന്നതുവരെ. എനിക്ക്‌ 98 വയസ്സാകുന്നു. ആ വിഷമതരമായ നാളുകളിലെല്ലാം ഞങ്ങളുടെ മക്കൾ വളരെയധികം പിന്തുണച്ചതിനും യഹോവയുടെ നാമമഹത്ത്വത്തിനായി അവന്റെ സേവനത്തിൽ എന്നാൽ കഴിയുന്നത്‌ ഇപ്പോഴും ചെയ്യാൻ സാധിക്കുന്നതിനും ഞാൻ യഹോവയ്‌ക്ക്‌ ദിവസവും നന്ദി പറയുന്നു. യഹോവ എനിക്കുവേണ്ടി ചെയ്‌ത എല്ലാറ്റിനും ഞാൻ നന്ദിയുള്ളവളാണ്‌. എന്റെ ആപ്‌തവാക്യത്തിനു ചേർച്ചയിൽ തുടർന്നും ജീവിതം നയിക്കുക എന്നതാണ്‌ എന്റെ ഹൃദയംഗമമായ ആഗ്രഹം: “ഞാനോ യഹോവയിൽ ആശ്രയിക്കുന്നു.”​—⁠സങ്കീർത്തനം 31:⁠6.

[19-ാം പേജിലെ ചിത്രം]

ഫെർഡിനാൻഡിനോടൊപ്പം, 1932 ഒക്ടോബറിൽ

[19-ാം പേജിലെ ചിത്രം]

പ്രസംഗപ്രവർത്തനത്തിന്‌ ഉപയോഗിച്ചിരുന്ന “ആൽമീനാ” ബോട്ടും ജോലിക്കാരും

[22-ാം പേജിലെ ചിത്രം]

ഫെർഡിനാൻഡിനോടും കുട്ടികളോടും ഒപ്പം