വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

യെശയ്യാവു 30:​21-ൽ യഹോവയുടെ വചനം “പിറകിൽ” നിന്നു കേൾക്കുന്നതായി പറഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌, അതിനുമുമ്പുള്ള വാക്യത്തിൽ “നിന്റെ കണ്ണു നിന്റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും” എന്നു പറയുമ്പോൾ യഹോവ നമുക്കു മുമ്പിലാണ്‌ എന്ന ആശയമല്ലേ ലഭിക്കുന്നത്‌?

യെശയ്യാവു 30:20, 21 ഇപ്രകാരം വായിക്കുന്നു: “ഇനി നിന്റെ ഉപദേഷ്ടാവു മറഞ്ഞിരിക്കയില്ല; നിന്റെ കണ്ണു നിന്റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും. നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.”

ഈ വാക്യം അക്ഷരീയമായി എടുത്താൽ വായനക്കാരൻ മഹാ ഉപദേഷ്ടാവായ യഹോവയെ കാണുന്നത്‌ തന്റെ മുന്നിലും അവന്റെ ശബ്ദം കേൾക്കുന്നത്‌ പുറകിൽനിന്നും ആണെന്നു വരും. എന്നാൽ ഈ വാക്കുകൾ ആലങ്കാരികമാണ്‌, അവയെ അങ്ങനെ വേണം മനസ്സിലാക്കാനും.

ഇരുപതാം വാക്യത്തിലെ ആലങ്കാരിക പ്രയോഗം യജമാനനു ശുശ്രൂഷ ചെയ്യാൻ, അദ്ദേഹത്തിന്റെ ആജ്ഞയ്‌ക്കനുസൃതമായി പ്രവർത്തിക്കാൻ, സദാ തയ്യാറായി നിൽക്കുന്ന ഒരു ദാസന്റെ ചിത്രം നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. യജമാനന്റെ താത്‌പര്യങ്ങൾ തിരിച്ചറിയാൻ വേണ്ടി അദ്ദേഹത്തിന്റെ കരചലനങ്ങൾ സുസൂക്ഷ്‌മം നിരീക്ഷിക്കുന്ന ദാസനെപ്പോലെ ഇന്ന്‌ യഹോവയുടെ ജനം തന്റെ ഭൗമിക സംഘടനയിലൂടെ യഹോവ ക്രമാനുഗതമായി നൽകുന്ന ബൈബിളധിഷ്‌ഠിത നിർദേശങ്ങളിൽ തങ്ങളുടെ ദൃഷ്ടികൾ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. (സങ്കീർത്തനം 123:1, 2) അതേ, ‘വിശ്വസ്‌തനും വിവേകിയുമായ അടിമ’ മുഖാന്തരം യഹോവ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച്‌ ജാഗരൂകരായിരുന്നുകൊണ്ട്‌ അവർ അവന്റെ മാർഗനിർദേശത്തിന്‌ അനുസൃതമായി പ്രവർത്തിക്കുന്നു.​—⁠മത്തായി 24:45-47, NW.

അങ്ങനെയെങ്കിൽ അവന്റെ ദാസന്മാർ പുറകിൽനിന്നു കേൾക്കുന്ന വചനം എന്തിനെയാണ്‌ അർഥമാക്കുന്നത്‌? ‘വിശ്വസ്‌ത ഗൃഹവിചാരകൻ’ പൊരുൾ തിരിച്ചുതരുന്ന, യഹോവയുടെ ലിഖിത വചനത്തിലൂടെ കേൾക്കാൻ കഴിയുന്ന പുരാതനനാളുകളിൽനിന്നുള്ള അവന്റെ ശബ്ദമാണ്‌ പുറകിൽ നിന്നുകേൾക്കുന്ന ശബ്ദം എന്ന്‌ ന്യായമായും ചിന്തിക്കാം. (ലൂക്കൊസ്‌ 12:42) ഉത്സാഹപൂർവം ബൈബിൾ പഠിച്ചുകൊണ്ടും ‘വിശ്വസ്‌ത ഗൃഹവിചാരകനായ’ “വിശ്വസ്‌തനും വിവേകിയുമായ അടിമ” തയ്യാറാക്കുന്ന പ്രസിദ്ധീകരണങ്ങളുടെ സഹായത്താൽ അതിലെ തത്ത്വങ്ങൾ പ്രാവർത്തികമാക്കിക്കൊണ്ടുമാണ്‌ ദൈവത്തിന്റെ ആധുനികകാല ദാസന്മാർ അവന്റെ ശബ്ദം കേൾക്കുന്നത്‌. മഹാ ഉപദേഷ്ടാവായ യഹോവ നൽകുന്ന കാലോചിത മാർഗനിർദേശങ്ങൾ സ്വീകരിക്കാൻ സദാ തയ്യാറായിരുന്നുകൊണ്ടും അതു സംബന്ധിച്ച്‌ ബോധവാന്മാരായിരുന്നുകൊണ്ടും നൂറ്റാണ്ടുകൾക്കു മുമ്പു രേഖപ്പെടുത്തപ്പെട്ട ദൈവവചനം പഠിച്ചുകൊണ്ടും അവന്റെ ദാസന്മാർ ആലങ്കാരികമായി അവനെ കാണുകയും പുറകിൽനിന്ന്‌ അവന്റെ ശബ്ദം കേൾക്കുകയും ചെയ്യുന്നു.​—⁠റോമർ 15:⁠4.