വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈസാന്റിയത്തിൽ സഭയും രാഷ്‌ട്രവും

ബൈസാന്റിയത്തിൽ സഭയും രാഷ്‌ട്രവും

ബൈസാന്റിയത്തിൽ സഭയും രാഷ്‌ട്രവും

തന്റെ അനുയായികളും ദൈവത്തിൽനിന്ന്‌ അന്യപ്പെട്ട മനുഷ്യവർഗ ലോകവും തമ്മിൽ ഉണ്ടായിരിക്കേണ്ട പ്രകടമായ വ്യത്യാസത്തെപ്പറ്റി ക്രിസ്‌ത്യാനിത്വത്തിന്റെ സ്ഥാപകൻ വളരെ വ്യക്തമായ നിർദേശം നൽകി. യേശു തന്റെ അനുയായികളോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ ലോകം അതിന്റെ സ്വന്തമായതിനെ ഇഷ്ടപ്പെടുമായിരുന്നു. ഇപ്പോൾ, നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല, എന്നാൽ നിങ്ങളെ ഞാൻ ലോകത്തിൽനിന്നു തിരഞ്ഞെടുത്തിരിക്കുന്നു, ഇക്കാരണത്താൽ ലോകം നിങ്ങളെ വെറുക്കുന്നു.” (യോഹന്നാൻ 15:​19, NW) അന്നത്തെ രാഷ്‌ട്രീയശക്തിയുടെ ഒരു പ്രതിനിധി ആയിരുന്ന പീലാത്തൊസിനോട്‌ യേശു പ്രസ്‌താവിച്ചു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല.”​—⁠യോഹന്നാൻ 18:​36, NW.

‘ഭൂമിയുടെ അററത്തോളം’ പ്രസംഗിക്കാനുള്ള തങ്ങളുടെ ഉത്തരവാദിത്വം പൂർണമായി നിർവഹിക്കുന്നതിന്‌ ലൗകിക കാര്യാദികളാൽ വ്യതിചലിപ്പിക്കപ്പെടാതിരിക്കാൻ ക്രിസ്‌ത്യാനികൾ ശ്രദ്ധിക്കണമായിരുന്നു. (പ്രവൃത്തികൾ 1:8) യേശുവിനെ പോലെ ആദിമ ക്രിസ്‌ത്യാനികൾ രാഷ്‌ട്രീയ കാര്യങ്ങളിൽ ഇടപെടുകയില്ലായിരുന്നു. (യോഹന്നാൻ 6:15) വിശ്വസ്‌ത ക്രിസ്‌ത്യാനികൾ ഔദ്യോഗികപഥങ്ങൾ അലങ്കരിക്കുകയോ ഭരണസംബന്ധമായ സ്ഥാനങ്ങളിലിരിക്കുകയോ ചെയ്‌തിരുന്നില്ലെന്നതു ശ്രദ്ധേയമാണ്‌. എന്നാൽ ക്രമേണ ഇതിനു മാറ്റം വന്നു.

‘ലോകത്തിന്റെ ഭാഗം’

അപ്പൊസ്‌തലന്മാരുടെ മരണശേഷം, ലോകവുമായുള്ള ബന്ധത്തെ കുറിച്ചുള്ള തങ്ങളുടെ വീക്ഷണങ്ങളിൽ മതനേതാക്കന്മാർ സ്വമനസ്സാലെ മാറ്റങ്ങൾ വരുത്താൻ തുടങ്ങി. ലോകത്തിൽ ഉള്ളതും അതിന്റെ ഭാഗമായിരിക്കുന്നതുമായ ഒരു “രാജ്യ”ത്തെ അവർ ഭാവനയിൽ കാണാൻ തുടങ്ങി. ബൈസാന്റിയൻ സാമ്രാജ്യത്തിൽ​—⁠ബൈസാന്റിയം (ഇന്നത്തെ ഈസ്റ്റാൻബുൾ) തലസ്ഥാനമായുള്ള പൗരസ്‌ത്യ റോമാ സാമ്രാജ്യത്തിൽ​—⁠മതവും രാഷ്‌ട്രവും കൈകോർത്തത്‌ എങ്ങനെയെന്നു നോക്കുന്നത്‌ പ്രബോധനാത്മകം ആയിരിക്കും.

പരമ്പരാഗതമായി മതം സുപ്രധാന പങ്കു വഹിച്ചുപോന്ന ഒരു സമൂഹത്തിൽ, ബൈസാന്റിയം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ബൈസാന്റിയൻ സഭയ്‌ക്കു ഗണ്യമായ അധികാരം ഉണ്ടായിരുന്നു. സഭാ ചരിത്രകാരനായ പാനായോറ്റിസ്‌ ക്രിസ്റ്റൂ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ദൈവരാജ്യത്തിന്റെ ഒരു പ്രതിരൂപമായാണ്‌ ബൈസാന്റിയൻ ജനങ്ങൾ തങ്ങളുടെ ഭൗമിക സാമ്രാജ്യത്തെ വീക്ഷിച്ചിരുന്നത്‌.” എന്നാൽ ചക്രവർത്തിമാർ എല്ലായ്‌പോഴും ആ വീക്ഷണം പുലർത്തിയില്ല. തന്നിമിത്തം, സഭയും രാഷ്‌ട്രവും തമ്മിലുള്ള ബന്ധം ചില സമയങ്ങളിൽ സംഘർഷപൂരിതം ആയിരുന്നിട്ടുണ്ട്‌. ദി ഓക്‌സ്‌ഫോർഡ്‌ ഡിക്‌ഷ്‌ണറി ഓഫ്‌ ബൈസാന്റിയം പറയുന്നു: “കോൺസ്റ്റാന്റിനോപ്പിളിലെ [അഥവാ ബൈസാന്റിയത്തിലെ] ബിഷപ്പുമാർ പല വിധങ്ങളിലുള്ള സമീപനമാണ്‌ കൈക്കൊണ്ടിട്ടുള്ളത്‌. ചിലപ്പോൾ അവർ ഭയം നിമിത്തം ശക്തനായ ഭരണാധിപന്റെ ചൊൽപ്പടിക്കു നിന്നിട്ടുണ്ട്‌ . . . , ചിലപ്പോൾ ചക്രവർത്തിയുമായി ചങ്ങാത്തം കൂടുന്നതിൽ വിജയിച്ചിട്ടുണ്ട്‌ . . . , മറ്റു ചിലപ്പോൾ ചക്രവർത്തിയെ എതിർക്കാനും അവർ തന്റേടം കാണിച്ചിട്ടുണ്ട്‌.”

പൗരസ്‌ത്യ സഭയുടെ അധിപനായ, കോൺസ്റ്റാന്റിനോപ്പിളിന്റെ പാത്രിയാർക്കീസ്‌ വളരെ സ്വാധീനമുള്ള ഒരു വ്യക്തിയായിത്തീർന്നു. ചക്രവർത്തിയെ കിരീടമണിയിച്ചത്‌ പാത്രിയാർക്കീസ്‌ ആയിരുന്നു. അതുകൊണ്ടുതന്നെ ചക്രവർത്തി ഓർത്തഡോക്‌സ്‌ സഭയുടെ സംരക്ഷകനായിരിക്കാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു. സഭയുടെ കണക്കറ്റ സമ്പത്തിന്മേൽ നിയന്ത്രണം ഉണ്ടായിരുന്നതുകൊണ്ട്‌ പാത്രിയാർക്കീസ്‌ അതിസമ്പന്നനുമായിരുന്നു. നിരവധി വരുന്ന സന്ന്യാസിമാരുടെ മേലുള്ള അധികാരവും ഇടവകക്കാരുടെമേലുള്ള സ്വാധീനവും പാത്രിയാർക്കീസിനു വലിയ ശക്തി പ്രദാനം ചെയ്‌തു.

പലപ്പോഴും ചക്രവർത്തിയെ എതിർക്കാൻ കഴിയുന്ന ഒരു സ്ഥാനത്തായിരുന്നു പാത്രിയാർക്കീസ്‌. ദൈവനാമത്തിൽ പ്രവർത്തിക്കുകയാണെന്നു പറഞ്ഞുകൊണ്ട്‌ ചക്രവർത്തിയെ മതഭ്രഷ്ടനാക്കാനോ മറ്റേതെങ്കിലും രീതികൾ ഉപയോഗിച്ചു ചക്രവർത്തിയെ സ്ഥാനഭ്രഷ്ടനാക്കാനോ പാത്രിയാർക്കീസിനു കഴിയുമായിരുന്നു.

തലസ്ഥാനത്തിനു വെളിയിലെ സിവിൽ ഭരണം ക്രമേണ ക്ഷയിച്ചു തുടങ്ങിയതോടെ ബിഷപ്പുമാർ നഗരങ്ങളിലെ ഏറ്റവും പ്രബലർ ആയിത്തീർന്നു. പ്രവിശ്യകളിലെ ഗവർണർമാരെ തിരഞ്ഞെടുക്കുന്നതിൽ സഹായിച്ചിരുന്ന ഈ ബിഷപ്പുമാർക്ക്‌ അവരുടെ അത്രയുംതന്നെ അധികാരം ഉണ്ടായിരുന്നു. സഭ ഉൾപ്പെട്ട​—⁠ചിലപ്പോൾ ഉൾപ്പെട്ടിട്ടില്ലാത്തതുമായ​—⁠കോടതി കേസുകളിലും ലൗകിക ബിസിനസ്സുകളിലും ബിഷപ്പുമാർ ഇടപെട്ടിരുന്നു. പ്രാദേശിക ബിഷപ്പുമാരുടെ കീഴിലുള്ള പുരോഹിതന്മാരുടെയും സന്ന്യാസിമാരുടെയും എണ്ണം പതിനായിരക്കണക്കിനു വരുമായിരുന്നു എന്നതും അവരുടെ അധികാരത്തിനു സംഭാവന ചെയ്‌ത ഒരു ഘടകമാണ്‌.

രാഷ്‌ട്രീയവും ശീമോന്യ പാപവും

മേൽപ്പറഞ്ഞ കാര്യങ്ങൾ കാണിക്കുന്നതുപോലെ, സഭാ തലവന്മാർ രാഷ്‌ട്രീയവുമായി അഭേദ്യമായ ഒരു ബന്ധം വളർത്തിയെടുത്തു. തന്നെയുമല്ല, നിരവധി വരുന്ന വൈദികരുടെ മതപ്രവർത്തനങ്ങൾക്കു വൻ തുകകൾ ആവശ്യമായിരുന്നു. ഉന്നതരായ വൈദികരിൽ മിക്കവരും ആഡംബര ജീവിതമാണു നയിച്ചിരുന്നത്‌. സഭയ്‌ക്ക്‌ അധികാരവും സമ്പത്തും കൈവന്നതോടെ അപ്പൊസ്‌തലിക വിശുദ്ധിയും നിർധനത്വവും അപ്രത്യക്ഷമായി. ചില പുരോഹിതന്മാരും ബിഷപ്പുമാരും കൈക്കൂലി കൊടുത്താണ്‌ സ്ഥാനം കൈക്കലാക്കിയത്‌. ശീമോന്യ പാപം പുരോഹിത ശ്രേണിയെ ഒന്നടങ്കം ബാധിച്ചിരുന്നു. സമ്പന്ന ശക്തികളുടെ പിന്തുണയോടെ വൈദികർ പൗരോഹിത്യ പദവികൾക്കായി ചക്രവർത്തിയുടെ മുമ്പിൽ കടിപിടി കൂട്ടി.

മുതിർന്ന മതനേതാക്കന്മാരെ കൈക്കൂലി കൊടുത്തു പാട്ടിലാക്കുന്നതും സാധാരണമായിരുന്നു. ചക്രവർത്തിനിയായ സോയി (ഏകദേശം പൊ.യു. 978-1050) തന്റെ ഭർത്താവായ റോമേനസ്‌ മൂന്നാമനെ വധിച്ചു. അടുത്ത ചക്രവർത്തി ആകുമായിരുന്ന കാമുകൻ, മിഖായേൽ നാലാമനെ വിവാഹം കഴിക്കാൻ പരിപാടിയിട്ടിരുന്ന അവർ വേഗംതന്നെ, പാത്രിയാർക്കീസായിരുന്ന അലക്‌സിയസിനെ കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. കൊട്ടാരത്തിൽ എത്തിയ അലക്‌സിയസ്‌, റോമേനസ്‌ വധിക്കപ്പെട്ടതായും ചക്രവർത്തിനിയുടെ പുനർവിവാഹത്തിനു താൻ കാർമികത്വം വഹിക്കേണ്ടതായും മനസ്സിലാക്കി. സഭ അന്ന്‌ ദുഃഖവെള്ളിയാഴ്‌ച ആചരിക്കുകയായിരുന്നതിനാൽ അലക്‌സിയസിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ഒന്നുകൂടെ സങ്കീർണമായിത്തീർന്നു. എന്നാൽ ചക്രവർത്തിനി വാരിക്കോരി നൽകിയ സമ്മാനങ്ങൾക്കു മുന്നിൽ അലക്‌സിയസ്‌ വീണുപോയി. അദ്ദേഹം അവരുടെ ആഗ്രഹം സാധിച്ചുകൊടുത്തു.

ചക്രവർത്തിയുടെ ചൊൽപ്പടിക്കൊത്ത്‌

ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ ചരിത്രത്തിൽ ചിലപ്പോഴൊക്കെ ചക്രവർത്തി, കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ തന്റെ നിയമന അധികാരം ഉപയോഗിച്ചിരുന്നു. അത്തരം കാലഘട്ടങ്ങളിൽ ചക്രവർത്തിയുടെ ഹിതപ്രകാരം അല്ലാതെ ആർക്കും പാത്രിയാർക്കീസ്‌ സ്ഥാനത്തേക്കു വരാനോ ആ സ്ഥാനത്തു തുടരാനോ കഴിയുമായിരുന്നില്ല.

ആൻഡ്രോന്നിക്കസ്‌ രണ്ടാമൻ ചക്രവർത്തി (1260-1332) പാത്രിയാർക്കീസുമാരെ ഒമ്പതു പ്രാവശ്യം മാറ്റുകയുണ്ടായി. ഒട്ടുമിക്കപ്പോഴും അത്തരം നടപടികളുടെ പിന്നിലെ ഉദ്ദേശ്യം, ചക്രവർത്തിയുടെ ഇഷ്ടത്തിന്‌ ഏറ്റവുമധികം വഴങ്ങിക്കൊടുക്കുന്ന വ്യക്തിയെ പാത്രിയാർക്കീസിന്റെ സിംഹാസനത്തിൽ ഇരുത്തുക എന്നതായിരുന്നു. ചക്രവർത്തി “ആവശ്യപ്പെടുന്നതെന്തും, അത്‌ എത്രതന്നെ നിയമവിരുദ്ധമായ സംഗതിയായാലും, ചെയ്യാം” എന്നും “അദ്ദേഹത്തിന്‌ അനിഷ്ടമായതൊന്നും ചെയ്യുകയില്ല” എന്നും ഒരു പാത്രിയാർക്കീസ്‌ ചക്രവർത്തിക്ക്‌ എഴുതിക്കൊടുത്തതായി ദ ബൈസാന്റൈൻസ്‌ എന്ന പുസ്‌തകം പറയുന്നു. തങ്ങളുടെ ഇഷ്ടം സഭയുടെമേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിൽ ചക്രവർത്തിമാർ രണ്ടു തവണ ചക്രവർത്തി കുടുംബത്തിലെ ഒരു അംഗത്തെ പാത്രിയാർക്കീസ്‌ സ്ഥാനത്ത്‌ അവരോധിക്കുകയുണ്ടായി. റോമേനസ്‌ ഒന്നാമൻ ചക്രവർത്തി വെറും 16 വയസ്സുള്ള തന്റെ പുത്രനായ തിയോഫലക്‌റ്റിനെ പാത്രിയാർക്കീസ്‌ പദവിയിൽ അവരോധിച്ചു.

തനിക്ക്‌ അനിഷ്ടമായ എന്തെങ്കിലും പാത്രിയാർക്കീസ്‌ ചെയ്യുന്നപക്ഷം ചക്രവർത്തി അദ്ദേഹത്തെ നിർബന്ധിച്ചു സ്ഥാനമൊഴിപ്പിക്കുകയോ സുന്നഹദോസിനോട്‌ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാൻ ആവശ്യപ്പെടുകയോ ചെയ്യുമായിരുന്നു. ബൈസാന്റിയം എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു: “കാലം കടന്നുപോകവേ ബൈസാന്റിയൻ ചരിത്രത്തിൽ, ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതിൽ ഉന്നത അധികാരികളും ചിലപ്പോൾ ചക്രവർത്തിതന്നെയും വഹിക്കുന്ന പങ്ക്‌ ഏറിവന്നു.”

പാത്രിയാർക്കീസിനെ അടുത്തിരുത്തിക്കൊണ്ട്‌ ചക്രവർത്തി സഭാസമിതികൾക്ക്‌ ആധ്യക്ഷ്യം വഹിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹം സംവാദങ്ങൾക്കു നേതൃത്വം നൽകുകയും വിശ്വാസപ്രമാണങ്ങൾ തയ്യാറാക്കുകയും ബിഷപ്പുമാരോടും പാഷണ്ഡികളോടും തർക്കിക്കുകയും ചെയ്‌തിരുന്നു. തന്നോടു തർക്കിച്ചു ജയിക്കാൻ ശ്രമിക്കുന്നവരെ സ്‌തംഭത്തിലേറ്റാനും ചക്രവർത്തി മടിച്ചിരുന്നില്ല. സമിതി അംഗീകരിച്ച കാനോനിക നിയമങ്ങൾ ചക്രവർത്തി സ്ഥിരീകരിക്കുകയും പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്‌തിരുന്നു. തന്നെ എതിർത്തിരുന്നവരെ രാജ്യദ്രോഹികളായി മാത്രമല്ല ദൈവത്തിന്റെയും സഭയുടെയും ശത്രുക്കളായും ചക്രവർത്തി മുദ്രകുത്തിയിരുന്നു. “ചക്രവർത്തിയുടെ ഹിതത്തിനോ കൽപ്പനകൾക്കോ വിരുദ്ധമായ യാതൊന്നും സഭയിൽ ചെയ്യാൻ പാടില്ല” എന്ന്‌ ആറാം നൂറ്റാണ്ടിലെ ഒരു പാത്രിയാർക്കീസ്‌ പ്രസ്‌താവിക്കുകയുണ്ടായി. സൗമ്യതയുടെ മുഖംമൂടി അണിഞ്ഞു നടന്നിരുന്ന, എന്തെങ്കിലും ഉപകാരം ചെയ്‌തുകൊടുത്തോ മോഹനവാഗ്‌ദാനങ്ങൾ നൽകിയോ എളുപ്പം വലയിലാക്കാൻ സാധിക്കുമായിരുന്ന അന്നത്തെ ബിഷപ്പുമാരും തങ്ങളുടെ മേലധികാരിയെ പോലെതന്നെ ചക്രവർത്തിക്കെതിരെ ശബ്ദമുയർത്താൻ ധൈര്യപ്പെട്ടിരുന്നില്ല.

ഉദാഹരണത്തിന്‌, പാത്രിയാർക്കീസായിരുന്ന ഇഗ്നേഷ്യസ്‌ (ഏകദേശം പൊ.യു. 799-878) മുഖ്യമന്ത്രിയായിരുന്ന ബർദാസിനു കുർബാന നൽകാൻ വിസമ്മതിച്ചു. എന്നാൽ ബർദാസ്‌ അടങ്ങിയിരുന്നില്ല. ഇഗ്നേഷ്യസിനെ അയാൾ തന്ത്രപരമായി രാജ്യദ്രോഹ കേസിൽ കുടുക്കി. അതേത്തുടർന്ന്‌ പാത്രിയാർക്കീസിനെ അറസ്റ്റു ചെയ്‌തു നാടുകടത്തി. പകരം, ഫോഷിയസ്‌ എന്ന ഒരു അൽമായനെ മന്ത്രി ആ സ്ഥാനത്ത്‌ അവരോധിച്ചു. വെറും ആറു ദിവസംകൊണ്ട്‌ ഫോഷിയസ്‌ പൗരോഹിത്യ ശ്രേണിയുടെ പടവുകൾ താണ്ടി ഏറ്റവും ഉന്നതമായ പാത്രിയാർക്കീസ്‌ പദവിയിൽ എത്തി. എന്തെങ്കിലും ആത്മീയ യോഗ്യതയുടെ പേരിലാണോ ഫോഷിയസിന്‌ ആ സ്ഥാനം നൽകിയത്‌? “അങ്ങേയറ്റത്തെ അധികാരമോഹിയും ഗർവിഷ്‌ഠനും ആരെയും വെല്ലുന്ന രാഷ്‌ട്രീയ വിരുതനും” ആയ വ്യക്തിയെന്നു വിശേഷിപ്പിക്കപ്പെട്ടവനായിരുന്നു ഫോഷിയസ്‌.

രാഷ്‌ട്രീയ സേവയ്‌ക്കായി ഉപദേശങ്ങൾ വളച്ചൊടിക്കുന്നു

രാഷ്‌ട്രീയ എതിരാളികൾ പലപ്പോഴും യാഥാസ്ഥിതിക വിശ്വാസങ്ങൾ സംബന്ധിച്ച തർക്കങ്ങളെയും സഭാ പഠിപ്പിക്കലുകളോടുള്ള എതിർപ്പിനെയും മുതലെടുത്തു. പല ചക്രവർത്തിമാരും പുതിയ ഉപദേശങ്ങളെ രാഷ്‌ട്രീയ ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിച്ചു. പൊതുവേ പറഞ്ഞാൽ, സഭാപരമായ ഉപദേശങ്ങൾ അനുശാസിക്കാനും സഭയെ തന്റെ ഇഷ്ടത്തിനൊത്തു തുള്ളിക്കാനും ചക്രവർത്തിക്ക്‌ അധികാരമുണ്ടായിരുന്നു.

ഉദാഹരണത്തിന്‌, ക്രിസ്‌തുവിന്റെ പ്രകൃതത്തെ ചൊല്ലിയുള്ള ഒരു ഭിന്നിപ്പ്‌ പരിഹരിക്കാനായി ഹെറാക്ലിയസ്‌ ചക്രവർത്തി (പൊ.യു. 575-641) കിണഞ്ഞു ശ്രമിച്ചു. കാരണം ആ ഭിന്നിപ്പ്‌ തന്റെ ദുർബലമായ സാമ്രാജ്യത്തെ പിളർക്കുമെന്ന്‌ അദ്ദേഹം ഭയന്നു. വിട്ടുവീഴ്‌ചയുടെ ഭാഗമായി, അദ്ദേഹം മോണോത്തെലിറ്റിസം * എന്ന ഒരു പുതിയ ഉപദേശം ആവിഷ്‌കരിച്ചു. എന്നിട്ട്‌, തന്റെ സാമ്രാജ്യത്തിന്റെ തെക്കൻ പ്രവിശ്യകളുടെ കൂറ്‌ ഉറപ്പുവരുത്താനായി ഹെറാക്ലിയസ്‌, അലക്‌സാൻഡ്രിയയിൽ പുതിയൊരു പാത്രിയാർക്കീസിനെ തിരഞ്ഞെടുത്തു. ഫേസിസിലെ സൈറസ്‌ എന്നറിയപ്പെട്ട ഈ പുതിയ പാത്രിയാർക്കീസ്‌, ചക്രവർത്തി പുറത്തിറക്കിയ പുതിയ ഉപദേശത്തിന്‌ അംഗീകാരം നൽകി. സൈറസിനെ പാത്രിയാർക്കീസായി അവരോധിച്ചതിനു പുറമേ ചക്രവർത്തി അദ്ദേഹത്തെ ഈജിപ്‌തിലെ പ്രാദേശിക ഭരണാധിപന്മാരുടെ അധികാരിയാക്കി വെക്കുകയും ചെയ്‌തു. കുറച്ചൊക്കെ പീഡനം ഉപയോഗിച്ച്‌ സൈറസ്‌ ഈജിപ്‌തിലെ മിക്ക സഭാംഗങ്ങളുടെയും അംഗീകാരം പിടിച്ചെടുത്തു.

തിക്തഫലം കൊയ്യുന്നു

സഭയുടെ ഈ രേഖ, തന്റെ അനുയായികൾ ‘ലോകത്തിന്റെ ഭാഗം’ ആയിരിക്കുകയില്ല എന്ന്‌ യേശു തന്റെ പ്രാർഥനയുടെ ഭാഗമായി നടത്തിയ പ്രസ്‌താവനയ്‌ക്കു ചേർച്ചയിലാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?​—⁠യോഹന്നാൻ 17:14-16, NW.

രാഷ്‌ട്രീയ, സൈനിക കാര്യാദികളിലുള്ള ഉൾപ്പെടൽ നിമിത്തം ബൈസാന്റിയൻ കാലഘട്ടത്തിലെയും തുടർന്നുള്ള കാലഘട്ടത്തിലെയും ക്രൈസ്‌തവ നേതാക്കന്മാർക്കു കനത്ത വില ഒടുക്കേണ്ടതായി വന്നിട്ടുണ്ട്‌. ഹ്രസ്വമായ ഈ ചരിത്ര അവലോകനത്തിൽനിന്നു നിങ്ങൾക്ക്‌ എന്തു മനസ്സിലായി? ബൈസാന്റിയൻ സഭയുടെ നേതാക്കന്മാർക്ക്‌ ദൈവത്തിന്റെയും യേശുക്രിസ്‌തുവിന്റെയും അംഗീകാരം ലഭിക്കുകയുണ്ടായോ?​—⁠യാക്കോബ്‌ 4:⁠4.

സ്ഥാനമോഹികളായ ഇത്തരം മതനേതാക്കന്മാരും രാഷ്‌ട്രീയ ജാരന്മാരും ഒരു വിധത്തിലും സത്യ ക്രിസ്‌തീയ സഭയുടെ നന്മയ്‌ക്കായി പ്രവർത്തിച്ചിട്ടില്ല. മതവും രാഷ്‌ട്രീയവും തമ്മിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ട്‌ യേശുക്രിസ്‌തു സ്ഥാപിച്ച സത്യമതത്തെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നു. ചരിത്രത്തിലെ ഈ പാഠം ഉൾക്കൊണ്ട്‌, ‘ലോകത്തിന്റെ ഭാഗമല്ലാതിരിക്കാൻ’ നമുക്കു ശ്രദ്ധിക്കാം.

[അടിക്കുറിപ്പ്‌]

^ ഖ. 21 ദൈവവും മനുഷ്യനും എന്ന നിലയിൽ ക്രിസ്‌തുവിന്‌ പ്രകൃതം രണ്ട്‌ ഉണ്ടെങ്കിലും ഹിതം ഒന്നേയുള്ളു എന്ന സിദ്ധാന്തം.

[10-ാം പേജിലെ ചതുരം/ചിത്രം]

‘സ്വർഗത്തിലൂടെ ഉലാത്തുന്ന ഒരു ദേവനെ പോലെ’

പാത്രിയാർക്കീസ്‌ മീഖായേൽ സെർയുലാറിയസിനെ(ഏകദേശം പൊ.യു. 1000-1059) ചുറ്റിപ്പറ്റിയുള്ള സംഭവങ്ങൾ രാഷ്‌ട്രീയ കാര്യങ്ങളിൽ സഭാതലവന്മാർ വഹിച്ചിരുന്ന പങ്കിനും അവരുടെ അധികാരമോഹത്തിനും ഉള്ള ഒരു ഉദാഹരണമാണ്‌. പാത്രിയാർക്കീസ്‌ പദവി നേടിയശേഷവും സെർയുലാറിയസിന്റെ സ്ഥാനമോഹം അവസാനിച്ചില്ല. സെർയുലാറിയസ്‌ ഗർവിഷ്‌ഠനും ധിക്കാരിയും കടുംപിടിത്തക്കാരനും ആയിരുന്നെന്നും അദ്ദേഹത്തിന്‌ “സ്വർഗത്തിലൂടെ ഉലാത്തുന്ന ഒരു ദേവന്റെ ഭാവം” ആണ്‌ ഉണ്ടായിരുന്നതെന്നും പറയപ്പെട്ടിരിക്കുന്നു.

സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം നിമിത്തം 1054-ൽ റോമിലെ പാപ്പായുമായി ഒരു പിളർപ്പുണ്ടാക്കാൻവരെ അദ്ദേഹം ശ്രമിച്ചു. ആ പിളർപ്പ്‌ അംഗീകരിക്കാൻ അദ്ദേഹം ചക്രവർത്തിയെ നിർബന്ധിക്കുകയും ചെയ്‌തു. തന്റെ വിജയത്തിൽ സന്തുഷ്ടനായ സെർയുലാറിയസ്‌, മീഖായേൽ ആറാമനെ അധികാരത്തിലേറ്റുകയും ചക്രവർത്തി എന്ന നിലയിലുള്ള സ്ഥാനം ഉറപ്പാക്കാൻ അദ്ദേഹത്തെ സഹായിക്കുകയും ചെയ്‌തു. എന്നാൽ സെർയുലാറിയസ്‌ ഒരു വർഷത്തിനു ശേഷം ചക്രവർത്തിയെ സ്ഥാനഭ്രഷ്ടനാക്കുകയും പകരം ഐസക്ക്‌ കോമ്‌നിനസിനെ (ഏകദേശം പൊ.യു. 1005-1061) അധികാരത്തിലേറ്റുകയും ചെയ്‌തു.

പാത്രിയാർക്കീസും ചക്രവർത്തിയും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളായി. പൊതുജനത്തിന്റെ പിൻബലത്തോടെ സെർയുലാറിയസ്‌ പല പല ആവശ്യങ്ങൾ നിരത്തുകയും ചക്രവർത്തിക്കെതിരെ ഭീഷണി മുഴക്കുകയും അക്രമമാർഗങ്ങൾ അവലംബിക്കുകയും ചെയ്‌തു. ഒരു സമകാലിക ചരിത്രകാരൻ പറയുന്നു: “വളരെ തരംതാണ രീതിയിലാണ്‌ അദ്ദേഹം ചക്രവർത്തിക്കെതിരെ ഭീഷണി മുഴക്കിയിരുന്നത്‌, ‘വിഡ്‌ഢീ, നിന്നെ സിംഹാസനത്തിൽ കയറ്റിയത്‌ ഞാനാണെങ്കിൽ താഴെ ഇറക്കാനും എനിക്കറിയാം’ എന്ന്‌ അദ്ദേഹം പറഞ്ഞുവത്രേ.” എന്നാൽ ഐസക്‌ കോമ്‌നിനസ്‌ അദ്ദേഹത്തെ അറസ്റ്റു ചെയ്‌ത്‌ തടവിലാക്കുകയും തുടർന്ന്‌ ഇമ്പ്രോസിലേക്കു നാടുകടത്തുകയും ചെയ്‌തു.

കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസിന്‌ എത്രമാത്രം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനും എത്ര ധൈര്യത്തോടെ ചക്രവർത്തിയെ എതിർക്കാനും കഴിയുമായിരുന്നെന്ന്‌ ഈ ദൃഷ്ടാന്തങ്ങൾ കാണിക്കുന്നു. ചക്രവർത്തിമാർക്ക്‌ മിക്കപ്പോഴും അത്തരം മനുഷ്യരെ, അതായത്‌ ചക്രവർത്തിമാരെയും സൈന്യത്തെയും ഒരുപോലെ എതിർക്കാൻ കഴിവുണ്ടായിരുന്ന പ്രഗത്ഭരായ രാഷ്‌ട്രീയക്കാരെ, നേരിടേണ്ടിവന്നു.

[9-ാം പേജിലെ ഭൂപടം/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ബൈസാന്റിയം സാമ്രാജ്യത്തിന്റെ പരമാവധി വ്യാപ്‌തി

റാവെന്ന

റോം

മക്കദോന്യ

കോൺസ്റ്റാന്റിനോപ്പിൾ

കരിങ്കടൽ

നിഖ്യാ

എഫെസൊസ്‌

അന്ത്യോക്യ

യെരൂശലേം

അലക്‌സാൻഡ്രിയ

മധ്യധരണ്യാഴി

[കടപ്പാട്‌]

ഭൂപടം: Mountain High Maps® Copyright © 1997 Digital Wisdom, Inc.

[10, 11 പേജിലെ ചിത്രങ്ങൾ]

കോമ്‌നിനസ്‌

റോമേനസ്‌ മൂന്നാമൻ (ഇടത്ത്‌)

മിഖായേൽ നാലാമൻ

സോയി ചക്രവർത്തിനി

റോമേനസ്‌ ഒന്നാമൻ (ഇടത്ത്‌)

[കടപ്പാട്‌]

കോമ്‌നിനസ്‌, റോമേനസ്‌ മൂന്നാമൻ, മിഖായേൽ നാലാമൻ: Courtesy Classical Numismatic Group, Inc.; സോയി ചക്രവർത്തിനി: Hagia Sophia; റോമേനസ്‌ ഒന്നാമൻ: Photo courtesy Harlan J. Berk, Ltd.

[12-ാം പേജിലെ ചിത്രം]

ഫോഷിയസ്‌

[12-ാം പേജിലെ ചിത്രം]

ഹെറാക്ലിയസും പുത്രനും

[കടപ്പാട്‌]

ഹെറാക്ലിയസും പുത്രനും: Photo courtesy Harlan J. Berk, Ltd.; all design elements, pages 8-​12:​ From the book L’Art Byzantin III Ravenne Et Pompose