യഹോവയുടെ സേവനത്തിൽ സമ്പന്നമായ ഒരു ജീവിതം
ജീവിത കഥ
യഹോവയുടെ സേവനത്തിൽ സമ്പന്നമായ ഒരു ജീവിതം
റസ്സൽ കഴ്‌സൻ പറഞ്ഞപ്രകാരം
ഞാൻ ജനിച്ചത് 1907 സെപ്‌റ്റംബർ 22-നാണ്. ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ തുടങ്ങിയ ശ്രദ്ധേയമായ യുഗത്തിന് ഏഴു വർഷം മുമ്പായിരുന്നു അത്. ഞങ്ങളുടെ കുടുംബം ഏറ്റവും പ്രധാനപ്പെട്ട വിധത്തിൽ സമ്പന്നമായിരുന്നു. ഞങ്ങളുടെ ചരിത്രം അൽപ്പമൊന്നു കേട്ടു കഴിയുമ്പോൾ നിങ്ങളും അതിനോടു യോജിക്കുമെന്നു ഞാൻ വിചാരിക്കുന്നു.
ചെറിയ കുട്ടിയായിരിക്കെ തന്നെ എന്റെ വല്യമ്മ (പിതാവിന്റെ അമ്മ) ദൈവത്തെ സംബന്ധിച്ച സത്യം അന്വേഷിച്ചു തുടങ്ങിയിരുന്നു. കൗമാരത്തിൽ എത്തുന്നതിനു മുമ്പുതന്നെ അവർ തന്റെ ജന്മനാടായ സ്വിറ്റ്‌സർലൻഡിലെ സ്‌പീറ്റ്‌സ് എന്ന മനോഹരമായ പട്ടണത്തിലുള്ള ഒട്ടനവധി പള്ളികൾ സന്ദർശിച്ചിരുന്നു. വല്യമ്മ, കഴ്‌സൻ കുടുംബത്തിൽ വധുവായി എത്തി ഏതാനും വർഷം കഴിഞ്ഞ് 1887-ൽ മറ്റനേകരെയും പോലെ അവരുടെ കുടുംബവും ഐക്യനാടുകളിലേക്കു കുടിയേറി.
അവർ ഒഹായോയിൽ താമസമാക്കി. അവിടെവെച്ച് 1900 എന്ന വർഷത്തോടടുത്ത് താൻ തിരഞ്ഞുകൊണ്ടിരുന്ന നിധി ചാൾസ് റ്റെയ്‌സ് റസ്സലിന്റെ കാലം സമീപിച്ചിരിക്കുന്നു എന്ന പുസ്‌തകത്തിന്റെ ജർമൻ പതിപ്പിന്റെ താളുകളിൽ വല്യമ്മ കണ്ടെത്തി. താൻ വായിച്ച സംഗതികളിൽ ബൈബിൾ സത്യത്തിന്റെ വെളിച്ചം അടങ്ങിയിട്ടുണ്ടെന്ന് വല്യമ്മ പെട്ടെന്നുതന്നെ മനസ്സിലാക്കി. ഇംഗ്ലീഷ് കഷ്ടിച്ചേ വായിക്കാൻ അറിയാമായിരുന്നുള്ളുവെങ്കിലും അവർ വീക്ഷാഗോപുരം മാസികയുടെ ഇംഗ്ലീഷ് പതിപ്പിന്റെ വരിസംഖ്യയെടുത്തു. അങ്ങനെ, കൂടുതലായ ബൈബിൾ സത്യങ്ങൾ പഠിച്ചതോടൊപ്പം വല്യമ്മ ഇംഗ്ലീഷ് ഭാഷയും വശമാക്കി. എന്നാൽ ആത്മീയ കാര്യങ്ങളിൽ വല്യമ്മയ്‌ക്കുള്ള ഈ താത്‌പര്യം വല്യപ്പന് ഉണ്ടായിരുന്നില്ല.
വല്യമ്മയുടെ 11 മക്കളിൽ 2 പേർ, ജോണും അഡോൾഫും, വല്യമ്മ കണ്ടെത്തിയ ആത്മീയ നിധിയെ വിലമതിച്ചു. ജോൺ എന്റെ പിതാവായിരുന്നു. അദ്ദേഹം 1904-ൽ മിസൗറിയിലെ സെന്റ് ലൂയിസിൽ നടന്ന ബൈബിൾ വിദ്യാർഥികളുടെ (യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) കൺവെൻഷനിൽ സ്‌നാപനമേറ്റു. ബൈബിൾ വിദ്യാർഥികളിൽ മിക്കവരും എളിയ സാമ്പത്തിക ചുറ്റുപാടുകളിൽനിന്നുള്ളവർ ആയിരുന്നതിനാൽ സെന്റ് ലൂയിസിൽ നടത്തപ്പെട്ട ലോകമേളയുടെ അതേ സമയത്തേക്കാണ്
കൺവെൻഷൻ പട്ടികപ്പെടുത്തിയിരുന്നത്. ആ സമയത്ത് ട്രെയിൻ യാത്രാക്കൂലിയിൽ പ്രത്യേക ഇളവു ലഭിച്ചിരുന്നു. പിന്നീട്, 1907-ൽ ന്യൂയോർക്കിലെ നയാഗ്രാ ഫാൾസിൽ നടന്ന ഒരു കൺവെൻഷനിൽ എന്റെ ഡാഡിയുടെ സഹോദരനായ അഡോൾഫ് സ്‌നാപനമേറ്റു. ബൈബിളിൽനിന്നു മനസ്സിലാക്കിയ കാര്യങ്ങൾ ഡാഡിയും അങ്കിളും മറ്റുള്ളവരോടു സതീക്ഷ്‌ണം പ്രസംഗിച്ചു. രണ്ടുപേരും കാലക്രമത്തിൽ മുഴുസമയ ശുശ്രൂഷകർ (ഇപ്പോൾ പയനിയർമാർ എന്നു വിളിക്കപ്പെടുന്നു) ആയിത്തീർന്നു.അതുകൊണ്ട്, 1907-ൽ ഞാൻ ജനിച്ച സമയം ആയപ്പോഴേക്കും എന്റെ കുടുംബം ഒരു ആത്മീയ അർഥത്തിൽ വളരെ സമ്പന്നമായിത്തീർന്നിരുന്നു. (സദൃശവാക്യങ്ങൾ 10:22) 1908-ൽ, ഞാൻ തീരെ കുഞ്ഞായിരിക്കുമ്പോൾത്തന്നെ എന്റെ മാതാപിതാക്കളായ ജോണും ഐഡയും ഒഹായോയിലെ പുട്ട്-ഇൻ-ബേയിൽ നടന്ന “വിജയത്തിലേക്കുള്ള മുന്നേറ്റം” കൺവെൻഷന് എന്നെ കൊണ്ടുപോയി. ആ സമയത്ത് ഒരു സഞ്ചാര ശുശ്രൂഷകനായിരുന്ന ജോസഫ് എഫ്. റഥർഫോർഡ് ആയിരുന്നു കൺവെൻഷന്റെ അധ്യക്ഷൻ. ഏതാനും ആഴ്‌ച മുമ്പ് അദ്ദേഹം ഒഹായോയിലെ ഡാൽട്ടൻ സന്ദർശിച്ചപ്പോൾ ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. പ്രാദേശിക ബൈബിൾ വിദ്യാർഥികൾ അടങ്ങുന്ന സദസ്സിനു മുമ്പാകെ അദ്ദേഹം പ്രസംഗങ്ങളും നടത്തിയിരുന്നു.
ഈ സംഭവങ്ങളെ കുറിച്ചൊക്കെ കേട്ടറിവു മാത്രമേ ഉള്ളെങ്കിലും 1911-ൽ മേരിലൻഡിലെ മൗണ്ടൻ ലേക്ക് പാർക്കിൽ നടന്ന കൺവെൻഷൻ എനിക്ക് ഓർമയുണ്ട്. അവിടെവെച്ച് ഞാനും എന്റെ അനുജത്തി എസ്റ്റെറും ബൈബിൾ വിദ്യാർഥികളുടെ ലോകവ്യാപക പ്രസംഗ പ്രവർത്തനത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന ചാൾസ് റ്റെയ്‌സ് റസ്സലിനെ കണ്ടുമുട്ടി.
സാരയെവോയിൽ ഫെർഡിനാന്റ് രാജകുമാരനും ഭാര്യയും വധിക്കപ്പെട്ടതിനെ തുടർന്ന് ലോകം യുദ്ധത്തിലേക്കു വലിച്ചെറിയപ്പെട്ട 1914 ജൂൺ 28-ന് ഞാൻ എന്റെ കുടുംബത്തോടൊപ്പം ഒഹായോയിലെ കൊളമ്പസിൽ സമാധാനപരമായ ഒരു കൺവെൻഷൻ ആസ്വദിച്ചു. ആ ആദ്യ വർഷങ്ങളെ തുടർന്ന് യഹോവയുടെ ജനത്തിന്റെ വളരെയേറെ കൺവെൻഷനുകളിൽ സംബന്ധിക്കാനുള്ള പദവി എനിക്കു ലഭിച്ചിട്ടുണ്ട്. ചിലത് നൂറോളം ആളുകൾ മാത്രമുള്ള കൂടിവരവുകളായിരുന്നപ്പോൾ മറ്റു ചിലത് ലോകത്തിലെ ഏറ്റവും വലിയ ചില സ്റ്റേഡിയങ്ങളിൽ നടത്തപ്പെട്ട ബൃഹത്തായ കൺവെൻഷനുകൾ ആയിരുന്നു.
ഞങ്ങളുടെ ഭവനം, ഒരു പ്രധാനപ്പെട്ട സ്ഥാനത്ത്
ഡാൽട്ടണിലെ ഞങ്ങളുടെ ഭവനത്തിൽ—പെൻസിൽവേനിയയിലെ പിറ്റ്‌സ്‌ബർഗിനും ഒഹായോയിലെ ക്ലീവ്‌ലൻഡിനും ഇടയ്‌ക്കായിരുന്നു അതിന്റെ സ്ഥാനം—1908 മുതൽ 1918 വരെയുള്ള കാലഘട്ടത്തിൽ ബൈബിൾ വിദ്യാർഥികളുടെ ഒരു ചെറിയ സഭ യോഗങ്ങൾക്കായി കൂടിവന്നിരുന്നു. ഞങ്ങളുടെ ഭവനം അനേകം സന്ദർശക പ്രസംഗകരോട് അതിഥിസത്‌കാരം പ്രകടമാക്കാൻ ഞങ്ങളെ പ്രാപ്‌തരാക്കിയ ഒരു സ്ഥാനത്തായിരുന്നു. അവർ തങ്ങളുടെ കുതിരയും വണ്ടിയും ഞങ്ങളുടെ വൈക്കോൽപ്പുരയുടെ പുറകിലായി കെട്ടിയിടുകയും കൂടിവന്ന എല്ലാവരുമായി ആവേശകരമായ അനുഭവങ്ങളും മറ്റ് അമൂല്യമായ ആത്മീയ വിവരങ്ങളും പങ്കുവെക്കുകയും ചെയ്‌തിരുന്നു. എത്ര പ്രോത്സാഹജനകമായ സമയങ്ങളായിരുന്നു അവ!
ഡാഡി ഒരു സ്‌കൂൾ അധ്യാപകനായിരുന്നു. എന്നാൽ ഏറ്റവും വലിയ അധ്യാപന വേലയായ ക്രിസ്‌തീയ ശുശ്രൂഷയിലായിരുന്നു അദ്ദേഹത്തിന്റെ ഹൃദയം. യഹോവയെ കുറിച്ചു തന്റെ കുടുംബത്തെ പഠിപ്പിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പു വരുത്തി. എന്നും വൈകിട്ട് ഞങ്ങൾ കുടുംബമൊന്നിച്ചിരുന്നു പ്രാർഥിച്ചിരുന്നു. 1919-ലെ വസന്തകാലത്ത് ഡാഡി ഞങ്ങളുടെ കുതിരയും വണ്ടിയും വിറ്റിട്ട് 175 ഡോളറിന് ഒരു 1914 ഫോർഡ് കാർ വാങ്ങി. കൂടുതൽ ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കുകയായിരുന്നു ലക്ഷ്യം. 1919-ലും 1922-ലും ഒഹായോയിലെ സീഡാർ പോയിന്റിൽ നടത്തപ്പെട്ട യഹോവയുടെ സാക്ഷികളുടെ ശ്രദ്ധേയമായ കൺവെൻഷനുകൾക്ക് ഞങ്ങളുടെ കുടുംബം പോയത് ആ കാറിലായിരുന്നു.
ഞങ്ങളുടെ കുടുംബത്തിലെ എല്ലാം അംഗങ്ങളും—മമ്മി, ഡാഡി, എസ്റ്റെർ, എന്റെ അനുജൻ ജോൺ, ഞാൻ—പരസ്യ പ്രസംഗ പ്രവർത്തനത്തിൽ പങ്കെടുത്തു. വീടുതോറുമുള്ള വേലയിൽ ഒരു വ്യക്തി ആദ്യമായി എന്നോട് ഒരു ബൈബിൾ ചോദ്യം ചോദിച്ചത് എനിക്ക് ഇപ്പോഴും നല്ല ഓർമയുണ്ട്. എനിക്ക് ഏകദേശം ഏഴു വയസ്സായിരുന്നു. ആ വ്യക്തി എന്നോടു ചോദിച്ചു: “മോനേ, അർമഗെദോൻ എന്നു പറഞ്ഞാലെന്താണ്?” ഡാഡിയിൽനിന്ന് അൽപ്പസ്വൽപ്പം സഹായം സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചോദ്യത്തിനു ബൈബിളിൽനിന്ന് ഉത്തരം കൊടുക്കാൻ എനിക്കു സാധിച്ചു.
മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കുന്നു
ഞങ്ങളുടെ കുടുംബം 1931-ൽ ഒഹായോയിലെ കൊളമ്പസിൽ നടത്തപ്പെട്ട കൺവെൻഷനു ഹാജരായി. യഹോവയുടെ സാക്ഷികൾ എന്ന പുതിയ പേർ സ്വീകരിച്ചപ്പോൾ അവിടെ ഉണ്ടായിരിക്കാൻ കഴിഞ്ഞത് ഞങ്ങളെ പുളകം കൊള്ളിച്ചു. ആവേശഭരിതനായ ജോൺ ഞങ്ങൾ രണ്ടുപേരും തീർച്ചയായും പയനിയറിങ് തുടങ്ങണമെന്നു നിശ്ചയിച്ചു. * എന്നാൽ ഞങ്ങൾ മാത്രമല്ല, ഡാഡിയും മമ്മിയും എസ്റ്റെറും മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തു. ഞങ്ങൾക്ക് എത്ര വലിയ നിക്ഷേപമാണ് ഉണ്ടായിരുന്നത്—ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുക എന്ന സന്തോഷകരമായ വേലയിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ഒരു കുടുംബം! ഈ അനുഗ്രഹത്തിന് യഹോവയോട് എത്ര നന്ദി പറഞ്ഞാലും എനിക്കു മതിയാവില്ല. എന്നാൽ ഞങ്ങൾക്കു സന്തോഷിക്കുന്നതിന് ഇതു കൂടാതെ മറ്റു പല കാരണങ്ങളും ഉണ്ടായിരുന്നു.
ഞാൻ 1934 ഫെബ്രുവരിയിൽ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്ത് (ബെഥേൽ എന്നറിയപ്പെടുന്നു) സേവനം ആരംഭിച്ചു. ഏതാനും ആഴ്‌ച കഴിഞ്ഞ് ജോണും എന്നോടൊപ്പം ചേർന്നു. 1953-ൽ ജോൺ തന്റെ പ്രിയ ഭാര്യ ജെസ്സിയെ വിവാഹം കഴിക്കുന്നതുവരെ ഞങ്ങൾ ഒരു മുറിയിലാണ് താമസിച്ചിരുന്നത്.
ഞാനും ജോണും ബെഥേലിൽ പോയശേഷം ഞങ്ങളുടെ മാതാപിതാക്കൾ രാജ്യത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളിൽ പയനിയർ നിയമനങ്ങൾ സ്വീകരിച്ചു. എസ്റ്റെറും അവളുടെ ഭർത്താവ് ജോർജ് റീഡും ആ നിയമന സ്ഥലങ്ങളിലെല്ലാം അവരോടൊപ്പം പോയിരുന്നു. 1963-ൽ തങ്ങളുടെ ഭൗമിക ഗതി പൂർത്തിയാക്കുന്നതു വരെ ഞങ്ങളുടെ മാതാപിതാക്കൾ പയനിയറിങ് തുടർന്നു. എസ്റ്റെറും ഭർത്താവും വളരെ നല്ല ഒരു കുടുംബത്തെ വളർത്തിക്കൊണ്ടുവന്നു. അവരുടെ മക്കളും കൊച്ചുമക്കളും അവരുടെ ഇണകളുമൊക്കെ അടങ്ങുന്ന ഒരു കുടുംബത്താൽ ഞാൻ അനുഗൃഹീതനാണ്. അവരെയെല്ലാം ഞാൻ വളരെയധികം സ്‌നേഹിക്കുന്നു.
ബെഥേലിലെ പ്രവർത്തനവും സഹവാസവും
ജോൺ ബെഥേലിൽ തന്റെ സാങ്കേതിക വൈദഗ്‌ധ്യങ്ങൾ ഉപയോഗപ്പെടുത്തി. ആയിരക്കണക്കിന് യഹോവയുടെ സാക്ഷികൾ തങ്ങളുടെ വീടുതോറുമുള്ള ശുശ്രൂഷയിൽ ഉപയോഗിച്ച ഗ്രാമഫോണുകൾ നിർമിക്കുന്നതു പോലുള്ള പദ്ധതികളിൽ ബെഥേലിലെ മറ്റു സഹോദരങ്ങളോടൊപ്പം അവൻ പ്രവർത്തിച്ചു. കൂടാതെ വരിക്കാർക്ക് അയയ്‌ക്കുന്നതിനു മുമ്പായി മാസികകൾ പൊതിയാനും ലേബൽ ഒട്ടിക്കാനുമുള്ള യന്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും നിർമിക്കുന്നതിലും ജോൺ സഹായിച്ചു.
ബെഥേലിലെ എന്റെ ആദ്യത്തെ നിയമനം പുസ്‌തക ബയന്റിങ് വിഭാഗത്തിലായിരുന്നു. ആ സമയത്ത് ഫാക്ടറിയിൽ ജോലി ചെയ്‌തിരുന്ന യുവാക്കളിൽ ചിലർ ഇന്നും ബെഥേലിൽ വിശ്വസ്‌തരായി സേവിക്കുന്നുണ്ട്. ഇവരിൽ രണ്ടുപേരാണ് ക്യാരി ബാർബറും റോബർട്ട് ഹാറ്റ്‌സ്‌ഫെൽറ്റും. മരിച്ചു പോയെങ്കിലും ഞാൻ ഇന്നും പ്രിയത്തോടെ ഓർക്കുന്ന മറ്റു ചിലരാണ് നേഥൻ നോർ, കാൾ ക്ലൈൻ, ലൈമൻ സ്വിംഗൾ, ക്ലോസ് ജെൻസൻ, ഗ്രാന്റ് സ്യൂട്ടർ, ജോർജ് ഗാംഗസ്, ഓറിൻ ഹിബർഡ്, ജോൺ സിയോറസ്, റോബർട്ട് പെയ്‌ൻ, ചാൾസ് ഫെക്കെൽ, ബെനോ ബുർചിക്, ജോൺ പെറി എന്നിവർ. ഈ സഹോദരങ്ങളെല്ലാം യാതൊരു പിറുപിറുപ്പും കൂടാതെ, ‘സ്ഥാനക്കയറ്റം’ ഒന്നും പ്രതീക്ഷിക്കാതെ വർഷങ്ങളോളം വിശ്വസ്‌തമായി ജോലി ചെയ്‌തു. എന്നിരുന്നാലും, വിശ്വസ്‌തരും ആത്മാഭിഷിക്തരുമായ ഈ ക്രിസ്‌ത്യാനികളിൽ പലർക്കും സംഘടന വളർന്നതോടെ കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിച്ചു. ചിലർ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗങ്ങളായി പോലും സേവിക്കുകയുണ്ടായി.
ആത്മത്യാഗ മനോഭാവമുള്ള ഈ സഹോദരങ്ങളോടൊപ്പം ജോലി ചെയ്‌തതിൽനിന്ന് എനിക്കു പ്രധാനപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു. ലൗകിക ജോലികളിൽ ഏർപ്പെടുന്നവർക്ക് തങ്ങളുടെ അധ്വാനത്തിനു പണം ലഭിക്കുന്നു. അതാണ് അവരുടെ പ്രതിഫലം. ബെഥേൽ സേവനം വളരെയധികം ആത്മീയ അനുഗ്രഹങ്ങൾ കൈവരുത്തുന്നു. ആത്മീയമനസ്‌കരായ സ്‌ത്രീപുരുഷന്മാരേ ഇത്തരം പ്രതിഫലങ്ങൾ വിലമതിക്കുകയുള്ളൂ.—1 കൊരിന്ത്യർ 2:6-16.
കൗമാരപ്രായത്തിൽ (1923-ൽ) ബെഥേലിൽ എത്തിയ നേഥൻ നോർ 1930-കളിൽ ഫാക്ടറി മേൽവിചാരകനായി നിയമിക്കപ്പെട്ടു. അദ്ദേഹം ദിവസവും ഫാക്ടറിയിലൂടെ നടന്ന് അവിടെ ജോലി ചെയ്‌തിരുന്ന ഓരോരുത്തരെയും അഭിവാദനം ചെയ്‌തിരുന്നു. ബെഥേലിൽ പുതിയവർ ആയിരുന്ന ഞങ്ങളെല്ലാം വ്യക്തിപരമായ ഈ താത്‌പര്യത്തെ വളരെയധികം വിലമതിച്ചു. 1936-ൽ ജർമനിയിൽനിന്ന് ഒരു പുതിയ അച്ചടിയന്ത്രം എത്തി. അതിന്റെ ഭാഗങ്ങളെല്ലാം കൂട്ടിയോജിപ്പിക്കുന്നതിനുള്ള നിയമനം ഉണ്ടായിരുന്ന ചില യുവ സഹോദരങ്ങൾ അതിനു വളരെ ബുദ്ധിമുട്ടി. അതുകൊണ്ട് നോർ സഹോദരൻ ജോലി വസ്‌ത്രങ്ങൾ ധരിച്ച് അവരോടൊപ്പം കൂടി. ആ യന്ത്രം പ്രവർത്തനത്തിനു സജ്ജമാകുന്നതുവരെ ഒരു മാസത്തിലേറെ അദ്ദേഹം അവരോടൊപ്പം പ്രവർത്തിച്ചു.
നോർ സഹോദരൻ കഠിനാധ്വാനി ആയിരുന്നു. ഞങ്ങളിൽ മിക്കവർക്കും അധ്വാനത്തിന്റെ കാര്യത്തിൽ അദ്ദേഹത്തോടൊപ്പം എത്താൻ സാധിച്ചിരുന്നില്ല. എന്നാൽ വിനോദം ആസ്വദിക്കേണ്ടത് എങ്ങനെയെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. 1942 ജനുവരിയിൽ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക പ്രസംഗ പ്രവർത്തനത്തിന്റെ മേൽനോട്ടം ലഭിച്ചതിനു ശേഷം പോലും ചിലപ്പോഴൊക്കെ അദ്ദേഹം ബെഥേൽ അംഗങ്ങളോടൊപ്പവും ഗിലെയാദ് മിഷനറി സ്‌കൂൾ വിദ്യാർഥികളോടൊപ്പവും ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിനടുത്തുള്ള ഗ്രൗണ്ടിൽ ബേസ് ബോൾ കളിച്ചിരുന്നു.
ആയിരത്തിത്തൊള്ളായിരത്തമ്പത് ഏപ്രിലിൽ ബെഥേൽ കുടുംബം ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള 124 കൊളമ്പിയ ഹൈറ്റ്‌സിൽ താമസത്തിനായി പുതുതായി പണികഴിപ്പിച്ച പത്തുനില കെട്ടിടത്തിലേക്കു മാറി. പുതിയ ഊണുമുറിയിൽ എല്ലാവർക്കും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നു. ഈ കെട്ടിടത്തിന്റെ പണി നടന്നുകൊണ്ടിരുന്ന മൂന്നു വർഷത്തോളം ഞങ്ങൾക്കു പ്രഭാത ആരാധന പരിപാടി നടത്താൻ കഴിഞ്ഞിരുന്നില്ല. ആ പരിപാടി പുനരാരംഭിക്കാൻ കഴിഞ്ഞത് എത്ര വലിയ സന്തോഷമായിരുന്നു! കുടുംബത്തിലെ പുതിയ അംഗങ്ങളുടെ പേരുകൾ ഓർമിക്കാൻ സഹായിക്കുന്നതിന് തന്നോടൊപ്പം അധ്യക്ഷന്റെ മേശയിൽ ഇരിക്കാൻ നോർ സഹോദരൻ എന്നെ നിയമിച്ചു. 2000 ആഗസ്റ്റ് 4-ന് ഈ ഊണുമുറി അടച്ചുപൂട്ടുകയും മുൻ ടവേഴ്‌സ് ഹോട്ടലിലെ പുതുക്കിപ്പണിത ഊണുമുറികളിൽ ഒന്നിലേക്ക് എന്നെ മാറ്റി നിയമിക്കുകയും ചെയ്‌തതുവരെ 50 വർഷം പ്രഭാത ആരാധനയ്‌ക്കും ഭക്ഷണത്തിനും ഞാൻ ഇതേ ഇരിപ്പിടത്തിലാണ് ഇരുന്നത്.
കുറച്ചു കാലം (1950-കളിൽ) ഒരു ലൈനോടൈപ്പ് യന്ത്രം ഉപയോഗിച്ച് അച്ചടിയക്ഷരങ്ങളുടെ വരികൾ തയ്യാറാക്കുക എന്നതായിരുന്നു എന്റെ ജോലി. ഓരോ വരിയും ക്ലിപ്‌തമായ നീളത്തിൽ ഒറ്റക്കഷണമായി വാർത്തെടുക്കുകയാണു ചെയ്‌തിരുന്നത്. അച്ചടി പ്ലേറ്റുകൾ നിർമിക്കുന്ന പ്രക്രിയയുടെ ഭാഗമായി ഇവ പേജുകളായി ക്രമീകരിച്ചിരുന്നു. ഈ ജോലി എനിക്ക് അത്ര ഇഷ്ടമുള്ള ഒന്നായിരുന്നില്ല. എന്നാൽ യന്ത്രങ്ങളുടെ ചുമതല വഹിച്ചിരുന്ന വില്യം പീറ്റഴ്‌സണിന്റെ എന്നോടുള്ള വളരെ നല്ല പെരുമാറ്റം അവിടെ ചെലവഴിച്ച സമയം ആസ്വദിക്കാൻ എന്നെ സഹായിച്ചു. 1960-ൽ താമസത്തിനായി പുതുതായി പണികഴിപ്പിച്ച 107 കൊളമ്പിയ ഹൈറ്റ്‌സിലെ കെട്ടിടം പെയിന്റു ചെയ്യാൻ സ്വമേധയാ സേവകരെ ആവശ്യമായി വന്നു. ഞങ്ങളുടെ വളരുന്ന ബെഥേൽ കുടുംബത്തിന്റെ ഉപയോഗത്തിനായി ഈ സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിന് ഞാൻ സന്തോഷപൂർവം എന്നെത്തന്നെ ലഭ്യമാക്കി.
അപ്രതീക്ഷിതമെങ്കിലും സന്തോഷകരമായ ഒരു നിയമനം തുടർന്ന് എനിക്കു നൽകപ്പെട്ടു—ബെഥേലിലേക്കു സന്ദർശകരെ സ്വാഗതം ചെയ്യാനുള്ള ചുമതല. 107 കൊളമ്പിയ ഹൈറ്റ്‌സ് കെട്ടിടത്തിന്റെ പെയിന്റിങ് പൂർത്തിയായി ഏറെ താമസിയാതെ ആയിരുന്നു അത്. റിസപ്‌ഷനിസ്റ്റായി ഞാൻ സേവിച്ച കഴിഞ്ഞ 40 വർഷം ബെഥേലിൽ ചെലവഴിച്ച മറ്റെല്ലാ വർഷങ്ങളും പോലെതന്നെ അതീവസുന്ദരം ആയിരുന്നിട്ടുണ്ട്. വാതിൽ കടന്നുവരുന്നത് സന്ദർശകരോ പുതിയ ബെഥേൽ അംഗങ്ങളോ ആയിക്കൊള്ളട്ടെ രാജ്യവർധനയ്‌ക്കായുള്ള ഞങ്ങളുടെ കൂട്ടായ ശ്രമങ്ങളുടെ ഫലം കാണുന്നത് പുളകപ്രദം ആയിരുന്നിട്ടുണ്ട്.
ശുഷ്‌കാന്തിയുള്ള ബൈബിൾ വിദ്യാർഥികൾ
ഞങ്ങളുടെ ബെഥേൽ കുടുംബം ആത്മീയ സമൃദ്ധി ആസ്വദിക്കുന്നത് അതിലെ അംഗങ്ങൾ ബൈബിളിനെ സ്‌നേഹിക്കുന്നതുകൊണ്ടാണ്. ഞാൻ ബെഥേലിൽ വന്ന സമയത്ത് ഒരു പ്രൂഫ്‌റീഡറായി സേവിച്ചിരുന്ന എമാ ഹാമിൽട്ടണിനോട് എത്ര പ്രാവശ്യം ബൈബിൾ വായിച്ചിട്ടുണ്ടെന്ന് ഞാൻ ചോദിച്ചു. “മുപ്പത്തഞ്ച് പ്രാവശ്യം. അതു കഴിഞ്ഞ് എത്ര തവണ വായിച്ചിട്ടുണ്ടെന്ന് എനിക്കു കൃത്യമായി അറിയില്ല” എന്നായിരുന്നു അവരുടെ മറുപടി. ഏകദേശം ആ സമയത്തുതന്നെ ബെഥേലിൽ സേവിച്ചിരുന്ന മറ്റൊരു വിശ്വസ്‌ത ക്രിസ്‌ത്യാനിയായ ആൻറ്റൻ കോയർബർ ഇങ്ങനെ പറയുമായിരുന്നു: “ഒരു ബൈബിൾ എപ്പോഴും നിങ്ങളുടെ കൈയെത്തുന്ന ദൂരത്ത് ഉണ്ടായിരിക്കണം.”
റസ്സൽ സഹോദരൻ 1916-ൽ മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ സംഘടനാപരമായ ഉത്തരവാദിത്വങ്ങൾ റഥർഫോർഡ് സഹോദരൻ ഏറ്റെടുത്തു. ഐക്യനാടുകളിലെ സുപ്രീം കോടതി മുമ്പാകെ യഹോവയുടെ സാക്ഷികൾക്കു വേണ്ടി കേസുകൾ വാദിച്ചിരുന്ന അഭിഭാഷകനായ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അതിഗംഭീരവും ശക്തവുമായിരുന്നു. 1942-ൽ റഥർഫോർഡ് സഹോദരൻ മരിച്ചപ്പോൾ നോർ സഹോദരൻ അദ്ദേഹത്തിന്റെ സ്ഥാനത്തു വന്നു. അദ്ദേഹം തന്റെ പരസ്യ പ്രസംഗ പ്രാപ്‌തി വളർത്താൻ വളരെ കഠിനമായി പ്രയത്‌നിച്ചു. എന്റെയും അദ്ദേഹത്തിന്റെയും മുറികൾ അടുത്തടുത്ത് ആയിരുന്നതിനാൽ അദ്ദേഹം തന്റെ പ്രസംഗങ്ങൾ പലതവണ പരിശീലിക്കുന്നത് ഞാൻ പലപ്പോഴും കേട്ടിരുന്നു. ഇത്തരം കഠിനശ്രമത്തിലൂടെ കാലക്രമത്തിൽ അദ്ദേഹം വളരെ നല്ല പരസ്യ പ്രസംഗകൻ ആയിത്തീർന്നു.
നോർ സഹോദരൻ 1942 ഫെബ്രുവരിയിൽ ബെഥേലിലുള്ള ഞങ്ങളുടെയെല്ലാം പ്രസംഗ-പഠിപ്പിക്കൽ പ്രാപ്‌തികൾ മെച്ചപ്പെടുത്തുന്നതിനായി ഒരു പരിപാടി സംഘടിപ്പിക്കുന്നതിനു സഹായിച്ചു. ആ സ്‌കൂളിൽ ബൈബിൾ ഗവേഷണത്തിനും പരസ്യ പ്രസംഗത്തിനുമാണ് ഊന്നൽ നൽകിയിരുന്നത്. തുടക്കത്തിൽ ഞങ്ങൾക്ക് ഓരോരുത്തർക്കും ബൈബിൾ കഥാപാത്രങ്ങളെ കുറിച്ചുള്ള ഹ്രസ്വമായ പ്രസംഗങ്ങളാണു നിയമിച്ചു തന്നത്. എന്റെ ആദ്യത്തെ പ്രസംഗം മോശെയെ കുറിച്ചായിരുന്നു. 1943-ൽ യഹോവയുടെ സാക്ഷികളുടെ എല്ലാ സഭകളിലും സമാനമായ ഒരു സ്‌കൂൾ ആരംഭിച്ചു. അത് ഇന്നോളം തുടർന്നിരിക്കുന്നു. ബെഥേലിൽ ഇപ്പോഴും ബൈബിൾ പരിജ്ഞാനം നേടുന്നതിനും ഫലപ്രദമായ പഠിപ്പിക്കൽ രീതികൾ വളർത്തിയെടുക്കുന്നതിനുമാണ് ഊന്നൽ നൽകുന്നത്.
ഗിലെയാദ് മിഷനറി സ്‌കൂളിന്റെ ആദ്യ ക്ലാസ്സ് 1943 ഫെബ്രുവരിയിൽ നടത്തപ്പെട്ടു. ഇപ്പോൾ 111-ാമത്തെ ഗിലെയാദ് ക്ലാസ്സ് ബിരുദം നേടിയിരിക്കുന്നു! 58-ലധികം വർഷത്തിനുള്ളിൽ ഈ സ്‌കൂൾ ലോകത്തുടനീളം മിഷനറിമാരായി സേവിക്കുന്നതിന് 7,000-ത്തിലേറെ പേർക്കു പരിശീലനം നൽകിയിരിക്കുന്നു. 1943-ൽ സ്‌കൂൾ തുടങ്ങിയ സമയത്ത് ലോകവ്യാപകമായി 1,00,000-ത്തിനുമേൽ യഹോവയുടെ സാക്ഷികളേ ഉണ്ടായിരുന്നുള്ളു എന്നതു ശ്രദ്ധേയമാണ്. ഇപ്പോൾ ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്നതിൽ പങ്കെടുക്കുന്ന 60,00,000-ത്തിലധികം പേരുണ്ട്!
എന്റെ ആത്മീയ പൈതൃകത്തിനു നന്ദിയുള്ളവൻ
ഗിലെയാദ് സ്‌കൂൾ സ്ഥാപിക്കുന്നതിനു തൊട്ടു മുമ്പായി ബെഥേലിൽനിന്ന് ഞാനുൾപ്പെടെ മൂന്നു പേർക്ക് ഐക്യനാടുകളിൽ ഉടനീളം സഞ്ചരിച്ച് സഭകൾ സന്ദർശിക്കാനുള്ള നിയമനം ലഭിച്ചു. ഒന്നോ അതിലധികമോ ദിവസം, ചിലപ്പോൾ ഒരു ആഴ്‌ച വരെ താമസിച്ച് സഭകളെ ആത്മീയമായി ശക്തിപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചു. സഹോദരങ്ങളുടെ ദാസന്മാർ എന്നാണ് ഞങ്ങൾ അറിയപ്പെട്ടിരുന്നത്. ആ പേരാണ് പിന്നീട് സർക്കിട്ട് ദാസനെന്നും സർക്കിട്ട് മേൽവിചാരകൻ എന്നുമൊക്കെയായി മാറ്റിയത്. എന്നാൽ ഗിലെയാദ് സ്‌കൂൾ ആരംഭിച്ചശേഷം താമസിയാതെ, ചില കോഴ്‌സുകൾ പഠിപ്പിക്കുന്നതിനു മടങ്ങിവരാൻ എന്നോട് ആവശ്യപ്പെട്ടു. 2 മുതൽ 5 വരെയുള്ള ക്ലാസ്സുകളിൽ ഞാൻ സ്ഥിരം അധ്യാപകനായിരുന്നു. 14-ാമത്തെ ക്ലാസ്സിൽ ഒരു സ്ഥിര അധ്യാപകനു പകരം ഞാൻ പഠിപ്പിച്ചു. യഹോവയുടെ സംഘടനയുടെ ആധുനികകാല ചരിത്രത്തിന്റെ ആദ്യകാലങ്ങളിലെ സവിശേഷ സംഭവങ്ങൾ—പലതും എനിക്കു വ്യക്തിപരമായ അനുഭവത്തിൽനിന്നു വിവരിക്കാൻ കഴിയുമായിരുന്നു
—വിദ്യാർഥികളുമായി അവലോകനം ചെയ്യാൻ കഴിഞ്ഞത് എന്റെ സമ്പന്നമായ ആത്മീയ പൈതൃകത്തെ കൂടുതൽ മെച്ചമായി വിലമതിക്കാൻ എന്നെ സഹായിച്ചു.ഈ വർഷങ്ങളിലെല്ലാം ഞാൻ ആസ്വദിച്ചിരിക്കുന്ന മറ്റൊരു പദവി യഹോവയുടെ ജനത്തിന്റെ അന്താരാഷ്‌ട്ര കൺവെൻഷനുകളിൽ സംബന്ധിക്കുക എന്നതാണ്. 1963-ൽ മറ്റ് 500 പ്രതിനിധികളോടൊപ്പം “നിത്യസുവാർത്താ” കൺവെൻഷനുകളിൽ പങ്കെടുക്കുന്നതിനായി ഞാൻ ലോകമെമ്പാടും സഞ്ചരിച്ചു. ചരിത്രം സൃഷ്ടിച്ച മറ്റു ചില കൺവെൻഷനുകളിലും എനിക്കു സംബന്ധിക്കാൻ കഴിഞ്ഞു. 1989-ൽ പോളണ്ടിലെ വാഴ്‌സോയിലും 1990-ൽ ജർമനിയിലെ ബെർളിനിലും 1993-ൽ റഷ്യയിലെ മോസ്‌കോയിലും നടന്ന കൺവെൻഷനുകളായിരുന്നു അവ. ഈ കൺവെൻഷനുകളിലെല്ലാം നാസികളുടെയോ കമ്മ്യൂണിസ്റ്റുകളുടെയോ അല്ലെങ്കിൽ ഇരുകൂട്ടരുടെയും ഭരണത്തിൻ കീഴിൽ പതിറ്റാണ്ടുകളിലെ പീഡനം സഹിച്ച നമ്മുടെ പ്രിയ സഹോദരീസഹോദരന്മാരെ കണ്ടുമുട്ടുന്നതിനുള്ള അവസരം എനിക്കു ലഭിച്ചു. വിശ്വാസത്തെ എത്രമാത്രം ശക്തിപ്പെടുത്തുന്ന അനുഭവങ്ങളായിരുന്നു അവ!
യഹോവയുടെ സേവനത്തിലുള്ള എന്റെ ജീവിതം തീർച്ചയായും സമ്പന്നമായിരുന്നിട്ടുണ്ട്! ആത്മീയ അനുഗ്രഹങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. ഭൗതിക സമ്പത്തിൽനിന്നു വ്യത്യസ്‌തമായി ഈ അമൂല്യ വസ്‌തുക്കൾ നാം മറ്റുള്ളവരുമായി എത്രയധികം പങ്കുവെക്കുന്നുവോ അത്രയധികം നമ്മുടെ സമ്പത്തു വർധിക്കുന്നു. യഹോവയുടെ സാക്ഷികളായി വളർത്തപ്പെടാതെ ആദ്യം ദൈവത്തിന്റെ സംഘടനയ്‌ക്കു പുറത്തുള്ള ജീവിതം എങ്ങനെയാണെന്ന് അനുഭവിച്ചറിഞ്ഞിരുന്നെങ്കിൽ തങ്ങൾ ബൈബിൾ സത്യങ്ങൾ കൂടുതൽ വിലമതിച്ചേനെ എന്ന് ചിലർ പറയുന്നതു ഞാൻ ചിലപ്പോഴൊക്കെ കേട്ടിട്ടുണ്ട്.
യുവജനങ്ങൾ അങ്ങനെയൊക്കെ സംസാരിക്കുമ്പോൾ എനിക്കു വളരെ അസ്വസ്ഥത തോന്നാറുണ്ട്. കാരണം ഫലത്തിൽ അവർ പറയുന്നത് യഹോവയുടെ വഴികളെ കുറിച്ചുള്ള ജ്ഞാനമില്ലാതെ വളർന്നു വരുന്നതാണ് ഉത്തമം എന്നാണ്. എന്നാൽ പിൽക്കാലത്തു ബൈബിൾ സത്യം കണ്ടെത്തുമ്പോൾ ആളുകൾ മാറ്റിയെടുക്കേണ്ടി വരുന്ന മോശമായ ശീലങ്ങളെയും ദുഷിച്ച ചിന്താരീതിയെയും കുറിച്ചെല്ലാം ചിന്തിക്കുക. എന്റെ മാതാപിതാക്കൾ ഞങ്ങൾ കുട്ടികളെ മൂന്നു പേരെയും നീതിയുടെ മാർഗത്തിൽ വളർത്തിയതിൽ ഞാൻ എന്നും വളരെ നന്ദിയുള്ളവൻ ആയിരുന്നിട്ടുണ്ട്. 1980 ജൂലൈയിൽ മരിക്കുന്നതുവരെ ജോൺ യഹോവയെ വിശ്വസ്‌തമായി സേവിച്ചു. എസ്റ്റെർ ഇന്നോളം ഒരു വിശ്വസ്‌ത സാക്ഷിയായി തുടർന്നിരിക്കുന്നു.
വിശ്വസ്‌ത ക്രിസ്‌തീയ സഹോദരീസഹോദരന്മാരുമായി ആസ്വദിച്ചിട്ടുള്ള അനേകം സന്തുഷ്ട സുഹൃദ് ബന്ധങ്ങൾ ഞാൻ സ്‌നേഹപൂർവം സ്‌മരിക്കുന്നു. ഇപ്പോൾ ഞാൻ ബെഥേലിൽ മഹത്തായ 67 വർഷം ചെലവഴിച്ചിരിക്കുന്നു. വിവാഹം കഴിച്ചില്ലെങ്കിലും എനിക്ക് അനേകം ആത്മീയ പുത്രന്മാരും പുത്രിമാരും പേരക്കുട്ടികളും ഉണ്ട്. നമ്മുടെ ലോകവ്യാപക ആത്മീയ കുടുംബത്തിലെ ഞാൻ ഇനിയും കാണാനിരിക്കുന്ന പ്രിയപ്പെട്ട പുതിയ അംഗങ്ങളെ കുറിച്ച് ഓർക്കുമ്പോഴും എനിക്കു സന്തോഷം തോന്നുന്നു. അവർ ഓരോരുത്തരും വളരെ വിലപ്പെട്ടവരാണ്. “യഹോവയുടെ അനുഗ്രഹം—അതാണു സമ്പന്നരാക്കുന്നത്” എന്ന വാക്കുകൾ എത്ര സത്യമാണ്!—സദൃശവാക്യങ്ങൾ 10:22, NW.
[അടിക്കുറിപ്പ്]
^ ഖ. 16 ഞാൻ സ്‌നാപനമേറ്റത് 1932 മാർച്ച് 8-നാണ്. പയനിയറിങ് ചെയ്യണമെന്നു തീരുമാനിച്ച ശേഷമാണ് ഞാൻ യഥാർഥത്തിൽ സ്‌നാപനമേൽക്കുന്നത്.
[20-ാം പേജിലെ ചിത്രം]
ഇടത്തുനിന്ന്: ഡാഡി, മടിയിൽ എന്റെ അനുജൻ ജോൺ, എസ്റ്റെർ, ഞാൻ, മമ്മി
[23-ാം പേജിലെ ചിത്രങ്ങൾ]
1945-ൽ ഗിലെയാദ് ക്ലാസ്സ് എടുക്കുന്നു
മുകളിൽ വലത്ത്: ഗിലെയാദ് സ്‌കൂൾ അധ്യാപകരായ എഡ്വാർഡോ കെല്ലർ, ഫ്രെഡ് ഫ്രാൻസ്, ഞാൻ, ആൽബർട്ട് ഷ്രോഡർ
[24-ാം പേജിലെ ചിത്രം]
യഹോവയുടെ സേവനത്തിലെ സമ്പന്നമായ ജീവിതത്തെ കുറിച്ചുള്ള ഓർമകളിലൂടെ. . .