ഒരു അദൃശ്യ ദൈവത്തോട് നിങ്ങൾക്ക് അടുത്തു ചെല്ലാനാകുമോ?
ഒരു അദൃശ്യ ദൈവത്തോട് നിങ്ങൾക്ക് അടുത്തു ചെല്ലാനാകുമോ?
‘എനിക്കു കാണാൻ കഴിയാത്ത ഒരുവനുമായി എങ്ങനെയാണ് ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ കഴിയുക?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. അതു പ്രസക്തമായ ഒരു ചോദ്യമാണെന്നും തോന്നിയേക്കാം. എന്നാൽ ഇതു പരിചിന്തിക്കുക:
സ്‌നേഹസമ്പന്നവും ശാശ്വതവുമായ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിൽ കാഴ്‌ചയ്‌ക്കു മാത്രമേ പ്രാധാന്യമുള്ളോ? അദൃശ്യ ഘടകങ്ങൾക്കും അത്രതന്നെയോ അതിലേറെയോ പ്രാധാന്യമില്ലേ? തീർച്ചയായും! ദൃഷ്ടാന്തത്തിന്, ചില ആളുകൾ പതിവായ കത്തിടപാടുകളിലൂടെ മറ്റുള്ളവരുമായി അടുത്ത ബന്ധം വളർത്തിയെടുത്തിട്ടുണ്ട്. അവരുടെ ഇഷ്ടാനിഷ്ടങ്ങളും ജീവിത ലക്ഷ്യങ്ങളും തത്ത്വങ്ങളും നർമബോധവും മറ്റു സ്വഭാവസവിശേഷതകളും താത്‌പര്യങ്ങളും സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നവയാണ് അവരുടെ കത്തുകൾ.
മറ്റൊരു വ്യക്തിയുമായി അടുത്ത ബന്ധം വളർത്തിയെടുക്കാൻ കാഴ്‌ച അത്യന്താപേക്ഷിതം അല്ലെന്നുള്ളതിന്റെ മറ്റൊരു തെളിവാണ് അന്ധരായ ആളുകൾ. അന്ധരായ എഡ്വാർഡ്-ഗ്വിൻ ദമ്പതികളുടെ ദൃഷ്ടാന്തം പരിഗണിക്കുക. * ഒരു അന്ധവിദ്യാലയത്തിൽ വെച്ചാണ് എഡ്വാർഡ് ആദ്യമായി ഗ്വിന്നിനെ പരിചയപ്പെട്ടത്. പ്രായപൂർത്തിയായ അവർ ഇരുവരും അവിടെ വിദ്യാർഥികളായിരുന്നു. ഗ്വിന്നിന്റെ സ്വഭാവഗുണങ്ങളെ, വിശേഷിച്ചും അവളുടെ സംസാരത്തിലെയും പെരുമാറ്റത്തിലെയും സത്യസന്ധതയും ജോലിയോടുള്ള അവളുടെ അത്യുത്തമ മനോഭാവവും അദ്ദേഹം അതിയായി വിലമതിച്ചു. ഗ്വിന്നിനാണെങ്കിൽ എഡ്വാർഡിനെയും വളരെ ഇഷ്ടമായി. കാരണം, അവളുടെ വാക്കുകളിൽ പറഞ്ഞാൽ, “പ്രധാനമെന്ന് അവൾ ചെറുപ്പം മുതൽ കരുതിപ്പോന്ന എല്ലാ നല്ല ഗുണങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു.” അവർക്കിടയിലെ ചങ്ങാത്തം വർധിച്ചു. മൂന്നു വർഷം കഴിഞ്ഞ് അവർ വിവാഹിതരായി.
“ഒരുമിച്ച് ആയിരിക്കുമ്പോൾ, മറ്റൊരു വ്യക്തിയുമായി സുഹൃദ്‌ബന്ധം വളർത്തിയെടുക്കുന്നതിൽ അന്ധത ഒരു പ്രതിബന്ധമല്ല” എന്ന് എഡ്വാർഡ് പറയുന്നു. “നിങ്ങൾക്കു പരസ്‌പരം കാണാൻ കഴിയില്ലായിരിക്കാം, പക്ഷേ വികാരങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല.” 57 വർഷങ്ങൾക്കു ശേഷം ഇപ്പോഴും അവർ പരസ്‌പരം അതിയായി സ്‌നേഹിക്കുന്നു. അവർക്ക് ഇടയിലെ ഉത്തമ ബന്ധത്തിൽ നാല് അടിസ്ഥാന കാര്യങ്ങൾ ഉൾപ്പെടുന്നുവെന്ന് അവർ വിശദീകരിക്കുന്നു: (1) മറ്റേ വ്യക്തിയുടെ ഗുണങ്ങൾ ശ്രദ്ധിക്കൽ, (2) ആ ഗുണങ്ങളെ കുറിച്ചു ചിന്തിക്കുകയും അവയിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യൽ, (3) നല്ല ആശയവിനിമയം നിലനിറുത്തൽ, (4) കാര്യങ്ങൾ ഒന്നിച്ചു ചെയ്യൽ.
ഏതൊരു നല്ല ബന്ധത്തിനും, അത് സുഹൃത്തുക്കൾ തമ്മിലോ, വിവാഹിതർ തമ്മിലോ, സർവോപരി മനുഷ്യരും ദൈവവും തമ്മിലോ ആയിക്കൊള്ളട്ടെ, ആ നാല് സംഗതികൾ അനിവാര്യമാണ്. ദൈവത്തെ കാണാൻ കഴിയില്ലെങ്കിലും, പ്രസ്‌തുത സംഗതികൾ ബാധകമാക്കുന്നത് അവനുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ നമ്മെ എങ്ങനെ സഹായിക്കുമെന്ന് അടുത്ത ലേഖനത്തിലൂടെ നാം കാണും. *
[അടിക്കുറിപ്പുകൾ]
^ ഖ. 4 പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
^ ഖ. 6 മനുഷ്യർ തമ്മിലുള്ള ബന്ധത്തിൽനിന്നു വ്യത്യസ്‌തമായി, ദൈവവുമായുള്ള ബന്ധം അവന്റെ അസ്‌തിത്വത്തിലുള്ള വിശ്വാസത്തിൽ അധിഷ്‌ഠിതമാണ്. (എബ്രായർ 11:6) ദൈവത്തിൽ ശക്തമായ വിശ്വാസം കെട്ടുപണി ചെയ്യുന്നതിനെ കുറിച്ചുള്ള സമഗ്രമായ ഒരു ചർച്ചയ്‌ക്ക്, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്‌റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്ന പുസ്‌തകം കാണുക.