വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവർ ധൈര്യം സംഭരിച്ചു

അവർ ധൈര്യം സംഭരിച്ചു

അവർ ധൈര്യം സംഭരി​ച്ചു

സുവി​ശേഷ പ്രസം​ഗ​ത്തി​നാ​യി ധൈര്യം സംഭരി​ക്കു​ന്നത്‌ എല്ലായ്‌പോ​ഴും അത്ര എളുപ്പമല്ല. ഒരു അവസര​ത്തിൽ അപ്രകാ​രം ചെയ്യു​ന്ന​തി​നു തനിക്ക്‌ ‘കഠിന ശ്രമം’ ചെയ്യേണ്ടി വന്നു എന്നു പൗലൊസ്‌ അപ്പൊ​സ്‌തലൻ പറഞ്ഞു. (1 തെസ്സ​ലൊ​നീ​ക്യർ 2:2, NW) പ്രസം​ഗി​ക്കു​ന്ന​തി​നുള്ള അത്തരം ‘ശ്രമങ്ങൾ’ തക്ക മൂല്യ​മു​ള്ള​താ​ണോ? എല്ലായ്‌പോ​ഴും നല്ല അനുഭ​വങ്ങൾ ഉണ്ടാകു​മെ​ന്ന​തിന്‌ യാതൊ​രു ഉറപ്പു​മില്ല. എന്നാൽ ധൈര്യം സംഭരി​ച്ചത്‌ ദൈവ​ജ​ന​ത്തി​നു മിക്ക​പ്പോ​ഴും സന്തുഷ്ട​ഫ​ലങ്ങൾ കൈവ​രു​ത്തി​യി​ട്ടുണ്ട്‌. ചില ദൃഷ്ടാ​ന്തങ്ങൾ പരിചി​ന്തി​ക്കുക.

രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ തടങ്കൽ പാളയ​ങ്ങ​ളി​ലാ​യി​രുന്ന യഹൂദ​ന്മാർ തങ്ങളുടെ തിരി​ച്ച​റി​യി​ക്കൽ അടയാ​ള​മാ​യി മഞ്ഞ നിറമുള്ള ‘ദാവീ​ദി​ന്റെ നക്ഷത്രം’ ധരിക്ക​ണ​മാ​യി​രു​ന്നു എന്ന്‌ ടീച്ചർ ക്ലാസ്സി​നോട്‌ പറഞ്ഞത്‌ എട്ടു വയസ്സു​കാ​രി​യായ താര ശ്രദ്ധിച്ചു കേട്ടു. അതി​നോ​ടു ബന്ധപ്പെട്ട ഒരു കാര്യം പറഞ്ഞാ​ലോ എന്ന്‌ താര ചിന്തിച്ചു. “കണ്ണു തുറന്നു​പി​ടി​ച്ചു​കൊ​ണ്ടു​തന്നെ ഞാൻ പ്രാർഥി​ച്ചു,” അവൾ അനുസ്‌മ​രി​ക്കു​ന്നു. എന്നിട്ട്‌ അവൾ കൈ ഉയർത്തി, യഹോ​വ​യു​ടെ സാക്ഷി​ക​ളും ആ പാളയ​ങ്ങ​ളിൽ ഉണ്ടായി​രു​ന്നെ​ന്നും അവർ ‘പർപ്പിൾ ട്രയാ​ങ്കിൾ’ ധരിക്ക​ണ​മാ​യി​രു​ന്നു എന്നും പറഞ്ഞു. ടീച്ചറിന്‌ അതിൽ താത്‌പ​ര്യം തോന്നി. അവളോ​ടു നന്ദി പറയു​ക​യും ചെയ്‌തു. താരയു​ടെ ആ അഭി​പ്രായ പ്രകടനം ടീച്ചറു​മാ​യുള്ള കൂടു​ത​ലായ ചർച്ചകൾക്കു വഴി തെളിച്ചു. ടീച്ചർ പിന്നീട്‌ മുഴു ക്ലാസ്സി​നെ​യും യഹോ​വ​യു​ടെ സാക്ഷികൾ നാസി ആക്രമ​ണ​ത്തി​നെ​തി​രെ ഉറച്ചു​നിൽക്കു​ന്നു എന്ന വീഡി​യോ കാണിച്ചു.

പശ്ചിമ ആഫ്രി​ക്ക​യി​ലെ ഗിനി​യിൽ നിന്നുള്ള ഐറിൻ എന്ന സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രസാ​ധിക തന്റെ ശുശ്രൂ​ഷ​യിൽ പുരോ​ഗതി വരുത്താൻ ആഗ്രഹി​ച്ചു. സഹപാ​ഠി​കൾക്ക്‌ വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ സമർപ്പി​ക്കാൻ ഒന്നു ശ്രമിച്ചു നോക്കു​ന്ന​തിന്‌ അവളെ ബൈബിൾ പഠിപ്പിച്ച മിഷനറി പ്രോ​ത്സാ​ഹി​പ്പി​ച്ചു. എന്നാൽ സഹപാ​ഠി​കൾക്ക്‌ തീരെ താത്‌പ​ര്യം ഇല്ലാഞ്ഞ​തി​നാൽ ഐറിന്‌ അക്കാര്യ​ത്തിൽ മടിയാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, മിഷന​റി​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തിൽനി​ന്നു പ്രചോ​ദനം ഉൾക്കൊണ്ട ഐറിൻ ഏറ്റവും അധികം എതിർപ്പു​ള്ള​വ​ളാ​യി തോന്നിച്ച വിദ്യാർഥി​നി​യെ തന്നെ ആദ്യം സമീപി​ക്കാൻ തീരു​മാ​നി​ച്ചു. ഐറിനെ അതിശ​യി​പ്പി​ച്ചു​കൊണ്ട്‌ ആ പെൺകു​ട്ടി അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ക​യും ആകാം​ക്ഷാ​പൂർവം മാസി​കകൾ സ്വീക​രി​ക്കു​ക​യും ചെയ്‌തു. മറ്റു കുട്ടി​ക​ളും മാസി​കകൾ സ്വീക​രി​ച്ചു. മുമ്പ്‌, അഞ്ചു മാസം​കൊണ്ട്‌ സമർപ്പി​ച്ച​തി​ലേറെ മാസി​കകൾ ഐറിൻ ആ ഒറ്റ മാസം​കൊണ്ട്‌ സമർപ്പി​ച്ചു.

ട്രിനിഡാഡിലെ ഒരു മൂപ്പന്‌ അവിടു​ത്തെ ഒരു സ്‌കൂ​ളി​ലെ പ്രിൻസി​പ്പ​ലി​നെ സമീപിച്ച്‌ ഉണരുക!യുടെ വിദ്യാ​ഭ്യാ​സ മൂല്യം കാണി​ച്ചു​കൊ​ടു​ക്കാൻ വളരെ മടി തോന്നി. പക്ഷേ, അദ്ദേഹം ധൈര്യം സംഭരി​ച്ചു. അദ്ദേഹം ഇങ്ങനെ പറയുന്നു: “കോമ്പൗ​ണ്ടിൽ പ്രവേ​ശി​ച്ച​പ്പോൾ ഞാൻ പ്രാർഥി​ച്ചു. പ്രിൻസി​പ്പൽ അസാധാ​ര​ണ​മാം​വി​ധം സൗഹൃദം കാട്ടി. എനിക്കതു വിശ്വ​സി​ക്കാ​നേ കഴിഞ്ഞില്ല.” ഇന്നത്തെ യുവജ​ന​ങ്ങൾക്ക്‌ എന്തു പ്രത്യാശ?” എന്ന വിഷയം ചർച്ച​ചെ​യ്യുന്ന ഉണരുക! മാസിക അവർ സ്വീക​രി​ച്ചു. ക്ലാസ്സിനെ പഠിപ്പി​ക്കാൻ അത്‌ ഉപയോ​ഗി​ക്കാ​മെന്നു പോലും അവർ സമ്മതിച്ചു. അന്നുമു​തൽ, വ്യത്യസ്‌ത വിഷയങ്ങൾ ചർച്ച ചെയ്യുന്ന 40 മാസി​കകൾ അവർ സ്വീക​രി​ച്ചി​രി​ക്കു​ന്നു.

ഒരു യുവാവ്‌ എന്ന നിലയിൽ വോണിന്‌ പ്രസം​ഗ​പ്ര​വർത്തനം എന്നും ബുദ്ധി​മു​ട്ടാ​യി തോന്നി​യി​രു​ന്നു. “എനിക്ക്‌ ആകെപ്പാ​ടെ അങ്കലാപ്പു തോന്നും, ഉള്ളങ്കൈ വിയർക്കും, സംസാ​ര​മാ​കട്ടെ അതി​വേ​ഗ​ത്തി​ലും, സാവധാ​നം സംസാ​രി​ക്കാ​നേ എനിക്കു കഴിഞ്ഞി​രു​ന്നില്ല.” എന്നിരു​ന്നാ​ലും, അവൻ ഒരു മുഴു​സമയ ശുശ്രൂ​ഷ​ക​നാ​യി. എന്നിട്ടും, സംസാ​രി​ക്കാ​നാ​യി ധൈര്യം സംഭരി​ക്കുക അവന്‌ പലപ്പോ​ഴും എളുപ്പ​മാ​യി​രു​ന്നില്ല. ഒരു ദിവസം തൊഴിൽ തേടി ഇറങ്ങി​യിട്ട്‌ യാതൊ​രു ഫലവും ഉണ്ടാകാ​തെ വന്നപ്പോൾ, “ആ ഫലശൂ​ന്യ​മായ ദിനത്തെ അൽപ്പ​മെ​ങ്കി​ലും ഫലപ്ര​ദ​മാ​ക്കാ​നാ​യി” ട്രെയി​നി​ലെ ഒരു യാത്ര​ക്കാ​ര​നോ​ടു സാക്ഷീ​ക​രി​ക്കാൻ അവൻ ആഗ്രഹി​ച്ചു. എന്നാൽ ആ ഭൂഗർഭ ട്രെയി​നിൽ ഉണ്ടായി​രുന്ന, പ്രമു​ഖ​രാ​യി തോന്നിച്ച വ്യാപാ​രി​ക​ളോ​ടു സംസാ​രി​ക്കാൻ അവനു ഭയം തോന്നി. ഒടുവിൽ അടുത്തി​രി​ക്കുന്ന വയോ​ധി​ക​നോ​ടു സംസാ​രി​ക്കാൻ അവൻ ധൈര്യം സംഭരി​ച്ചു. അത്‌ ഒരു സുദീർഘ സംഭാ​ഷ​ണ​ത്തി​ലേക്കു നയിച്ചു. “ചെറു​പ്പ​മാ​യി​ട്ടും താങ്കൾക്ക്‌ ഇത്ര നല്ല വാദമു​ഖങ്ങൾ അറിയാ​മ​ല്ലോ, താങ്കൾ ഒരു ദൈവ​ശാ​സ്‌ത്ര​ജ്ഞ​നാ​ണോ?” ആ വ്യാപാ​രി ചോദി​ച്ചു. “അല്ല, ഞാൻ യഹോ​വ​യു​ടെ സാക്ഷി​യാണ്‌,” വോൺ മറുപടി പറഞ്ഞു. “ഓ,” അദ്ദേഹം ചിരിച്ചു, “അപ്പോൾ അതാണല്ലേ കാര്യം!”

പ്രസംഗിക്കാനായി ധൈര്യം സംഭരി​ച്ച​തിൽ ഈ സാക്ഷി​ക​ളും മറ്റനേ​ക​രും സന്തുഷ്ട​രാണ്‌. നിങ്ങളും അപ്രകാ​രം ധൈര്യം സംഭരി​ക്കു​മോ?

[25-ാം പേജിലെ ചിത്രം]

താര

[25-ാം പേജിലെ ചിത്രം]

വോൺ