വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്താം!

ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്താം!

റുസ്റ്റം

റഷ്യയി​ലാണ്‌ റുസ്റ്റം താമസി​ക്കു​ന്നത്‌. വളരെ തിരക്കുള്ള ജീവിതം നയിക്കുന്ന ആളാണ്‌ അദ്ദേഹം. മുമ്പ്‌ അദ്ദേഹ​ത്തിന്‌ പുകവ​ലി​യും മദ്യപാ​ന​വും പോലുള്ള ചില ദുശ്ശീ​ല​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എന്നാൽ അതിന്റെ അപകടം മനസ്സി​ലാ​യ​പ്പോൾ അദ്ദേഹം പുകവലി നിറുത്തി, മദ്യത്തി​ന്റെ ഉപയോ​ഗ​വും കുറച്ചു. എന്നിട്ടും കമ്പ്യൂ​ട്ട​റി​ന്റെ മുമ്പിൽ കുറ​ച്ചേറെ സമയം ചെലവി​ട്ടാൽ അദ്ദേഹ​ത്തിന്‌ വല്ലാത്ത ക്ഷീണം തോന്നി​യി​രു​ന്നു.

എന്നും രാവിലെ അദ്ദേഹം എട്ടുമ​ണിക്ക്‌ ജോലി​തു​ട​ങ്ങു​മാ​യി​രു​ന്നു. പക്ഷേ രണ്ടുമ​ണി​ക്കൂ​റെ​ങ്കി​ലും കഴിഞ്ഞാ​ലേ ഉന്മേഷ​ത്തോ​ടെ ജോലി​ചെ​യ്യാൻ അദ്ദേഹ​ത്തി​നു സാധി​ച്ചി​രു​ന്നു​ള്ളൂ. പോരാ​ത്ത​തിന്‌ എപ്പോ​ഴും അസുഖ​വും. എന്നാൽ റുസ്റ്റം ജീവി​ത​ച​ര്യ​യിൽ കുറച്ച്‌ മാറ്റങ്ങൾ വരുത്തി. എന്നിട്ടോ? അദ്ദേഹം പറയുന്നു: “കഴിഞ്ഞ ഏഴുവർഷ​മാ​യി എന്റെ ആരോ​ഗ്യ​ത്തിൽ വലിയ മാറ്റമു​ണ്ടാ​യി​ട്ടുണ്ട്‌. അസുഖ​ത്തി​ന്റെ പേരിൽ വർഷം രണ്ടുദി​വ​സ​ത്തിൽ കൂടുതൽ അവധി എടു​ക്കേ​ണ്ടി​വ​രാ​റില്ല. ഇപ്പോൾ എനിക്ക്‌ നല്ല ഉണർവും ഉന്മേഷ​വു​മുണ്ട്‌. ഞാൻ ജീവിതം ആസ്വദി​ച്ചു തുടങ്ങി​യത്‌ ഇപ്പോ​ഴാ​ണെന്നു പറയാം!”

ഇനി, നേപ്പാ​ളിൽ താമസി​ക്കുന്ന റാമിന്റെ കാര്യ​മെ​ടു​ക്കാം. ഭാര്യ​യും രണ്ടുകു​ട്ടി​ക​ളും അടങ്ങു​ന്ന​താണ്‌ അദ്ദേഹ​ത്തി​ന്റെ കുടും​ബം. അവർ താമസി​ക്കുന്ന സ്ഥലത്ത്‌ മാലി​ന്യ​നിർമാർജന സൗകര്യ​ങ്ങ​ളില്ല. അതു​കൊ​ണ്ടു​തന്നെ കൊതു​കി​ന്റെ​യും ഈച്ചയു​ടെ​യും ശല്യം രൂക്ഷമാണ്‌. ശുചി​ത്വ​മി​ല്ലാത്ത ഈ ചുറ്റു​പാട്‌ അവരുടെ ആരോ​ഗ്യ​ത്തെ വല്ലാതെ ബാധി​ച്ചി​രു​ന്നു. അദ്ദേഹ​ത്തി​നും കുടും​ബ​ത്തി​നും ശ്വാസ​കോ​ശ​സം​ബ​ന്ധ​മായ തകരാ​റു​ക​ളും നേത്ര​രോ​ഗ​ങ്ങ​ളും കൂടെ​ക്കൂ​ടെ ഉണ്ടാകു​മാ​യി​രു​ന്നു. ഈ കുടും​ബ​വും അവരുടെ ശീലങ്ങ​ളിൽ ചില മാറ്റങ്ങൾ വരുത്തി; അവരുടെ ആരോ​ഗ്യം മെച്ച​പ്പെട്ടു.

നിങ്ങളു​ടെ ആരോ​ഗ്യം നിങ്ങളു​ടെ കൈയി​ലാണ്‌!

നല്ല ശീലങ്ങ​ളു​ണ്ടെ​ങ്കി​ലേ നല്ല ആരോ​ഗ്യ​വും ഉണ്ടാകൂ. പലരും പക്ഷേ ഇക്കാര്യം തിരി​ച്ച​റി​യു​ന്നില്ല. ‘നല്ല ആരോ​ഗ്യ​മെ​ന്നൊ​ക്കെ പറയു​ന്നത്‌ ഒരു ഭാഗ്യം​പോ​ലെ​യാണ്‌; ഉണ്ടെങ്കിൽ ഉണ്ടെന്നു​പ​റ​യാം.’ പലരും കരുതു​ന്നത്‌ അങ്ങനെ​യാണ്‌. ആരോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നാ​യി തങ്ങൾക്ക്‌ പ്രത്യേ​കി​ച്ചൊ​ന്നും ചെയ്യാ​നി​ല്ലെ​ന്നാണ്‌ ഇവരുടെ ചിന്ത. ഇങ്ങനെ ചിന്തി​ക്കു​ന്ന​വ​രിൽ ധനിക​രും ദരി​ദ്ര​രും ഒക്കെ ഉൾപ്പെ​ടും. ഈ ധാരണ ദോഷം​ചെ​യ്യും. കാരണം, ഇങ്ങനെ​യു​ള്ളവർ ആരോ​ഗ്യ​പ​രി​ര​ക്ഷ​യ്‌ക്കാ​യി ഒന്നും ചെയ്യാൻ മിന​ക്കെ​ടില്ല. ഫലമോ? നല്ലൊരു ജീവിതം ആസ്വദി​ക്കാൻ അവർക്കു കഴിയാ​തെ​പോ​കു​ന്നു.

നിങ്ങളു​ടെ സാമ്പത്തി​ക​സ്ഥി​തി എന്തായി​രു​ന്നാ​ലും, ചില കാര്യങ്ങൾ ശ്രദ്ധി​ച്ചാൽ സ്വന്തം ആരോ​ഗ്യ​വും കുടും​ബ​ത്തി​ന്റെ ആരോ​ഗ്യ​വും പരിര​ക്ഷി​ക്കാൻ നിങ്ങൾക്കാ​കും. അതിനു​വേണ്ടി നിങ്ങൾ ചെയ്യുന്ന ഓരോ ശ്രമവും മൂല്യ​വ​ത്താണ്‌. നല്ലൊരു ജീവിതം നയിക്കാ​നും ആയുസ്സു വർധി​പ്പി​ക്കാ​നും അതു നിങ്ങളെ സഹായി​ക്കും.

റാം കുടി​വെള്ളം ശേഖരിക്കുന്നു

നല്ല ആരോ​ഗ്യ​ശീ​ലങ്ങൾ വളർത്തി​യെ​ടു​ക്കുന്ന കാര്യ​ത്തിൽ മക്കൾക്കു മാതൃക വെക്കേ​ണ്ടത്‌ മാതാ​പി​താ​ക്കൾതന്നെ. അതിനു​വേണ്ടി കുറച്ചു പണവും സമയവും ചെലവ​ഴി​ക്കേ​ണ്ടി​വ​ന്നേ​ക്കാം എന്നതു നേര്‌. പക്ഷേ അതൊരു നഷ്ടമേയല്ല. അതിന്റെ പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്തു​നോ​ക്കൂ: നല്ല ആരോ​ഗ്യ​ശീ​ല​ങ്ങ​ളു​ണ്ടെ​ങ്കിൽ ആശുപ​ത്രി കയറി​യി​റ​ങ്ങേ​ണ്ടി​വ​രില്ല. സമയവും ലാഭം, പണവും ലാഭം! ‘പ്രതി​രോ​ധ​മാണ്‌ പ്രതി​വി​ധി​യെ​ക്കാൾ മെച്ചം’ എന്നു പറയു​ന്നത്‌ എത്രയോ ശരി!

ആരോ​ഗ്യ​പ​രി​ര​ക്ഷ​യ്‌ക്കുള്ള അഞ്ച്‌ അടിസ്ഥാന പടിക​ളെ​ക്കു​റി​ച്ചു​ള്ള​താണ്‌ തുടർന്നു​വ​രുന്ന ലേഖനങ്ങൾ. റുസ്റ്റമി​നെ​യും റാമി​നെ​യും പോലുള്ള നിരവ​ധി​പ്പേരെ സഹായി​ച്ചി​ട്ടുള്ള വിവര​ങ്ങ​ളാണ്‌ അവ. നിങ്ങൾക്കും ആ നിർദേ​ശ​ങ്ങ​ളിൽനിന്ന്‌ പ്രയോ​ജനം നേടാ​നാ​കും! (g11-E 03)