വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ട്യൂക്കൻപക്ഷിയുടെ കൊക്ക്‌

ട്യൂക്കൻപക്ഷിയുടെ കൊക്ക്‌

ആരുടെ കരവിരുത്‌?

ട്യൂക്കൻപക്ഷിയുടെ കൊക്ക്‌

▪ പറക്കാൻ അധികം കഴിവില്ലാത്ത ട്യൂക്കൻപക്ഷി ചാടിച്ചാടിയാണ്‌ നടക്കുന്നത്‌. ഈ പക്ഷിയെ പ്രധാനമായും കണ്ടുവരുന്നത്‌ മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലുമാണ്‌. ചിലയിനം ട്യൂക്കനുകൾ കരയുന്നതു കേട്ടാൽ തവള ഉച്ചത്തിൽ കരയുകയാണെന്നേ തോന്നൂ. കാട്ടിൽ ഒരു കിലോമീറ്റർ അകലേക്കുവരെ ഇതിന്റെ ശബ്ദം കേൾക്കാനാകും. ശാസ്‌ത്രജ്ഞന്മാരെ അമ്പരപ്പിച്ചിട്ടുള്ളത്‌ പക്ഷേ ഇതിന്റെ കൊക്കാണ്‌.

ട്യൂക്കന്റെ കൊക്ക്‌: ചില ട്യൂക്കനുകളുടെ കൊക്കിന്റെ നീളം അവയുടെ ആകെ നീളത്തിന്റെ മൂന്നിലൊന്നിൽ കൂടുതലാണ്‌. കൊക്കുകൾക്ക്‌ വലിയ ഭാരമുണ്ടെന്നു തോന്നുമെങ്കിലും വാസ്‌തവം മറിച്ചാണ്‌. ഈ പക്ഷിയുടെ കൊക്കിന്റെ “പുറംപാളി നിർമിക്കപ്പെട്ടിരിക്കുന്നത്‌ നഖങ്ങളിലെയും മുടിയിലെയും പ്രധാന ഘടകമായ കരാറ്റിൻകൊണ്ടാണ്‌” എന്ന്‌ പ്രൊഫസറായ മാർക്ക്‌ ആൻഡ്രേ മൈയേഴ്‌സ്‌ പറയുന്നു. “ഈ പുറംപാളിയാകട്ടെ ഷഡ്‌ഭുജാകൃതിയിലുള്ള അനേകം ചെറുപാളികൾ ചേർന്നതാണ്‌; വീടിന്റെ മേൽക്കൂരയിലെ ഓടുകൾപോലെയാണ്‌ ഇവ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്‌.

ട്യൂക്കൻപക്ഷിയുടെ കൊക്കിന്‌ കട്ടിയുള്ള സ്‌പോഞ്ചിന്റേതുപോലുള്ള ഘടനയാണ്‌. കൊക്കിന്റെ ചില ഭാഗം പൊള്ളയാണ്‌. മറ്റു ഭാഗങ്ങളാകട്ടെ ദണ്ഡുകളും സ്‌തരങ്ങളും ചേർന്നുണ്ടാക്കപ്പെട്ടതാണ്‌. അതുകൊണ്ട്‌ അതിന്റെ കൊക്കിന്‌ ഭാരം കുറവാണെങ്കിലും അസാധാരണമായ കരുത്തുണ്ട്‌. “ട്യൂക്കൻ പക്ഷിക്ക്‌ മെക്കാനിക്കൽ ഇഞ്ചിനീയറിങ്ങിൽ നല്ല അവഗാഹമുണ്ടെന്നു തോന്നിപ്പോകും,” മൈയേഴ്‌സ്‌ അഭിപ്രായപ്പെടുന്നു.

ട്യൂക്കൻപക്ഷിയുടെ കൊക്കിന്റെ ഘടനനിമിത്തം വലിയ ആഘാതങ്ങൾ താങ്ങാനുള്ള ശേഷി അതിനുണ്ട്‌. ഏവിയേഷൻ-ഓട്ടോമോട്ടീവ്‌ ഇഞ്ചിനീയർമാർക്ക്‌ ട്യൂക്കൻപക്ഷിയുടെ കൊക്കിന്റെ മാതൃക പകർത്താനായേക്കുമെന്ന്‌ ശാസ്‌ത്രജ്ഞർ ആശിക്കുന്നു. “ട്യൂക്കൻപക്ഷിയുടെ കൊക്കിന്റെ മാതൃക പകർത്താനായാൽ വാഹനാപകടത്തിൽപ്പെടുന്നവർക്ക്‌ കൂടുതൽ സംരക്ഷണം ലഭിക്കാനിടയുണ്ട്‌,” മൈയേഴ്‌സ്‌ പറയുന്നു.

നിങ്ങൾക്കെന്തു തോന്നുന്നു? ട്യൂക്കൻപക്ഷിയുടെ, കനംകുറഞ്ഞതെങ്കിലും കരുത്തുറ്റതായ കൊക്ക്‌ തനിയെ ഉണ്ടായതാണോ? അല്ല എങ്കിൽ അത്‌ ആരുടെ കരവിരുതാണ്‌?

[32 പേജിൽ രേഖാചിത്രം/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

പൊള്ളയായ ഉൾഭാഗം

സ്‌പോഞ്ചിന്റേതുപോലുള്ള ഘടന