വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കംചാട്‌ക—റഷ്യയിലെ ഒരു അത്ഭുതം

കംചാട്‌ക—റഷ്യയിലെ ഒരു അത്ഭുതം

കംചാട്‌ക—റഷ്യയിലെ ഒരു അത്ഭുതം

റഷ്യയിലെ ഉണരുക! ലേഖകൻ

മുന്നൂറിലേറെ വർഷം മുമ്പായിരുന്നു അത്‌, ഏഷ്യയിലൂടെ കിഴക്കോട്ടു നീങ്ങിയ റഷ്യൻ പര്യവേക്ഷകർ പർവതങ്ങൾ തലയുയർത്തി നിൽക്കുന്ന ആ ഉപദ്വീപ്‌ കാണാനിടയായി! തെക്കുഭാഗം ശാന്തസമുദ്രത്തിലേക്കു തള്ളിനിൽക്കുന്ന അത്‌ ഒഖ്‌ഹോട്‌സ്‌ കടലിനെയും ബെറിങ്‌ കടലിനെയും തമ്മിൽ വിഭജിക്കുന്നു. ഇറ്റലിയെക്കാൾ അൽപ്പംകൂടി വലുപ്പമുണ്ട്‌ ഇതിന്‌. നിഗൂഢ സൗന്ദര്യത്തിന്റെ കലവറയായ ഈ പ്രദേശം ഇന്നും പുറംലോകത്തിന്‌ മിക്കവാറും അജ്ഞാതമാണ്‌.

കംചാട്‌കയിലെ കാലാവസ്ഥ പൊതുവേ തണുപ്പുള്ളതാണ്‌. ശൈത്യകാലത്ത്‌ തീരപ്രദേശത്ത്‌ തണുപ്പ്‌ അത്ര തീവ്രമല്ല. എങ്കിലും ഉൾപ്രദേശങ്ങളിൽ 20 മുതൽ 40 അടിവരെപോലും കനത്തിൽ മഞ്ഞുമൂടാറുണ്ട്‌! വേനൽക്കാലത്താണെങ്കിലോ, മിക്കപ്പോഴും കനത്തമൂടൽമഞ്ഞും ശക്തമായ കാറ്റും. അഗ്നിപർവതജന്യ മണ്ണും സമൃദ്ധമായ മഴയും ചേർന്ന്‌ ആ പ്രദേശത്തെ ഫലഭൂയിഷ്‌ഠമാക്കുന്നു. തഴച്ചുവളരുന്ന പലതരം ബെറിച്ചെടികളും ഒരാൾപ്പൊക്കത്തിൽ വളരുന്ന പുല്ലുകളും പുൽമേട്ടിലെ രാജ്ഞി എന്നറിയപ്പെടുന്ന മഞ്ചൂറിയൻ മെഡോസ്വീറ്റ്‌ റോസ്‌ പോലെയുള്ള ഭംഗിയാർന്ന വന്യപുഷ്‌പങ്ങളും ഒക്കെ അതിനു തെളിവാണ്‌.

ഉപദ്വീപിന്റെ ഏതാണ്ട്‌ മൂന്നിലൊന്നു ഭാഗം സ്റ്റോൺ അഥവാ എർമാൻസ്‌ ബിർച്ച്‌ മരങ്ങൾ നിറഞ്ഞതാണ്‌. ആഞ്ഞുവീശുന്ന കാറ്റും കടുത്ത മഞ്ഞുവീഴ്‌ചയും കാരണം വളഞ്ഞുപുളഞ്ഞ തായ്‌ത്തടിയും ശാഖകളുമാണ്‌ ഇവയ്‌ക്കുള്ളത്‌. പ്രതികൂല സാഹചര്യങ്ങളെയെല്ലാം ചെറുത്തുനിൽക്കാൻ കഴിവുള്ള ഈ വൃക്ഷത്തിന്റെ വളർച്ച സാവധാനത്തിലാണ്‌. അസാധാരണമാംവിധം ഉറപ്പും അള്ളിപ്പിടിക്കുന്നതരം വേരുകളുമുള്ള ഈ മരങ്ങൾക്ക്‌ എവിടെയും വളരാനാകും, എന്തിന്‌, ചെങ്കുത്തായ മലകളുടെ വശങ്ങളിൽ വിലങ്ങനെപോലും! ജൂണിൽ തളിർക്കുന്ന അവയുടെ ഇലകൾ ആഗസ്റ്റോടുകൂടെ ശിശിരകാലത്തിന്റെ വരവറിയിച്ചുകൊണ്ട്‌ മഞ്ഞയാകുന്നു.

അഗ്നിപർവതങ്ങൾ, ഉഷ്‌ണജലധാരകൾ, ചൂടുനീരുറവകൾ

ശാന്തസമുദ്രത്തിനു ചുറ്റുമുള്ള അഗ്നിപർവത മേഖലയായ ‘അഗ്നിവലയത്തിൽ’ സ്ഥിതിചെയ്യുന്ന കംചാട്‌കയിൽ 30-ഓളം സജീവ അഗ്നിപർവതങ്ങളുണ്ട്‌. സമുദ്രനിരപ്പിൽനിന്ന്‌ 15,584 അടി ഉയരമുള്ള ക്ലൂചെവ്‌സ്‌കയാണ്‌ യുറേഷ്യയിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവതം. “അതീവ സുന്ദരമായ ഒരു ഒത്ത കോൺ” എന്നാണ്‌ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്‌. 1697-ൽ റഷ്യൻ പര്യവേക്ഷകർ കംചാട്‌കയിൽ എത്തിയതിനു ശേഷം, 600-ലേറെ അഗ്നിപർവതസ്‌ഫോടനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്‌.

1975/76-ൽ ടോൾബാചിക്‌ പ്രദേശത്ത്‌ അഗ്നിപർവതസ്‌ഫോടനങ്ങൾ ഉണ്ടായി, 8,000-ത്തിലേറെ അടി ഉയരത്തിൽ ഒരു “തീപ്പന്തം” കണക്കെ ആ പർവതം ജ്വലിച്ചു! പുകയും ചാരവുംകൊണ്ടു മൂടിയ അന്തരീക്ഷത്തിൽ തീജ്വാല ആളുകയായിരുന്നു. ഏകദേശം ഒന്നരവർഷക്കാലത്തോളം തുടരെത്തുടരെ ഉണ്ടായ പൊട്ടിത്തെറികളുടെ ഫലമായി നാലു പുതിയ അഗ്നിപർവതകോണുകൾ രൂപംകൊണ്ടു. തടാകങ്ങളും നദികളും അപ്രത്യക്ഷമായി, ചുടുചാരം വീണ്‌ ചുറ്റുമുള്ള വനവൃക്ഷങ്ങൾ പൂർണമായി നശിച്ചു. നാട്ടിൻപുറങ്ങളുടെ മുഖച്ഛായ പാടേ മാറി, വിസ്‌തൃതമായ ഒരു പ്രദേശംതന്നെ മരുഭൂമിയായി.

സന്തോഷകരമെന്നുപറയട്ടെ, മിക്ക സ്‌ഫോടനങ്ങളും ഉണ്ടായത്‌ ആവാസകേന്ദ്രങ്ങളിൽനിന്നും അകലെയായിരുന്നു. അതുകൊണ്ടുതന്നെ വളരെക്കുറച്ചു പേർക്കു മാത്രമേ ജീവാപായം സംഭവിച്ചുള്ളൂ. എന്നിരുന്നാലും ജാഗ്രതപാലിക്കാൻ മറ്റു ചില കാരണങ്ങളുണ്ട്‌, പ്രത്യേകിച്ചും കിച്ച്‌പിന്യച്ച്‌ അഗ്നിപർവതത്തിന്റെ ചുവട്ടിൽ സ്ഥിതിചെയ്യുന്ന ‘മരണത്താഴ്‌വര’ സന്ദർശിക്കുമ്പോൾ. വായു നിശ്ചലമായിരിക്കുന്ന സമയത്ത്‌ അഗ്നിപർവതങ്ങളിൽനിന്നു വമിക്കുന്ന വിഷവാതകങ്ങൾ താഴ്‌വാരത്ത്‌ കെട്ടിനിന്ന്‌ ജന്തുജാലങ്ങൾക്ക്‌ ഒരു മരണക്കെണി ഒരുക്കാറുണ്ട്‌, മഞ്ഞുരുകുന്ന വസന്തത്തിലാണ്‌ ഏറെയും ഇങ്ങനെ സംഭവിക്കുന്നത്‌. ഒരിക്കൽ പത്തു കരടികളുടെയും അനവധി ചെറുമൃഗങ്ങളുടെയും ജഡങ്ങൾ ഈ താഴ്‌വാരത്ത്‌ അവിടവിടെ കണ്ടെത്തുകയുണ്ടായി.

അതിവിസ്‌തൃതമായ അഗ്നിപർവതമുഖത്തെ കാൽഡെറ എന്നാണു വിളിക്കുന്നത്‌. ഇത്തരത്തിലുള്ള ഒന്നാണ്‌ ഉസോൺ. ചെളി തിളച്ചുമറിയുന്ന തടങ്ങളും വർണശബളമായ ആൽഗകൾ നിറഞ്ഞ ആവി പൊങ്ങുന്ന തടാകങ്ങളും ഇതിന്റെ സവിശേഷതകളാണ്‌. 1941-ൽ കണ്ടെത്തിയ ‘ഉഷ്‌ണജലധാരകളുടെ താഴ്‌വര’യും ഇവിടെത്തന്നെയാണ്‌. ചില ജലധാരകൾ രണ്ടോ മൂന്നോ മിനിട്ടു കൂടുമ്പോൾ ചൂടുവെള്ളം ചീറ്റിത്തെറിപ്പിക്കുമെങ്കിൽ മറ്റു ചിലവ ഏതാനും ദിവസം കൂടുമ്പോഴായിരിക്കും അങ്ങനെ ചെയ്യുന്നത്‌. പിട്രോപാവ്‌ലോഫ്‌സ്‌ക്‌ കംചാട്‌സ്‌കീ നഗരത്തിന്റെ 180 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന വിസ്‌മയജനകമായ ഈ പ്രദേശത്ത്‌ സന്ദർശകരെ എത്തിക്കുന്നത്‌ ഹെലികോപ്‌ടറിലാണ്‌. എന്നിരുന്നാലും, ദുർബലമായ പാരിസ്ഥിതിക സന്തുലനത്തിന്റെ താളംതെറ്റാതിരിക്കാൻ ഇങ്ങോട്ടുള്ള സന്ദർശകരുടെ എണ്ണം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്‌. മാത്രമല്ല കംചാട്‌കയിലെ ആറു പ്രദേശങ്ങൾ വേൾഡ്‌ ഹെറിറ്റിജ്‌ സൈറ്റുകളായി സംരക്ഷിക്കുകയും ചെയ്‌തിരിക്കുന്നു.

കംചാട്‌കയിൽ ധാരാളം ചൂടുനീരുറവകളുണ്ട്‌, പലതും 30-40 ഡിഗ്രി സെൽഷ്യസ്‌ ചൂടുള്ളവ. സന്ദർശകർക്ക്‌ ഹരംപകരുന്നതോടൊപ്പം അവ നീണ്ട ശൈത്യകാലത്തിൽനിന്ന്‌ അൽപ്പം ആശ്വാസവുമേകുന്നു. വൈദ്യുതിയുടെ ഉത്‌പാദനത്തിനും ഭൗമതാപം ഉപയോഗിക്കുന്നുണ്ട്‌. റഷ്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ വൈദ്യുതോത്‌പാദന കേന്ദ്രം സ്ഥിതിചെയ്യുന്നത്‌ ഈ ഉപദ്വീപിലാണ്‌.

കരടികൾ, സാൽമണുകൾ, കടൽപ്പരുന്തുകൾ

കംചാട്‌കയിൽ ഇപ്പോഴും 10,000-ത്തോളം ചെങ്കരടികൾ വിഹരിക്കുന്നുണ്ട്‌. അവയ്‌ക്കു ശരാശരി 150-200 വരെ കിലോഗ്രാം തൂക്കമുണ്ട്‌. ജീവഹാനി സംഭവിക്കാത്തപക്ഷം തൂക്കം ഇതിന്റെ മൂന്നിരട്ടിയോളംപോലും ആയേക്കും. തദ്ദേശവാസികളായ ഇറ്റെൽമെൻ ഗോത്രക്കാരുടെ പുരാണങ്ങളിൽ അവരുടെ “സഹോദരൻ” ആയാണ്‌ കരടിയെ ചിത്രീകരിച്ചിരിക്കുന്നത്‌. അവർ അവയെ അങ്ങേയറ്റം ആദരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ തോക്കുകളുടെ രംഗപ്രവേശത്തോടെ ആ സാഹോദര്യം അവസാനിച്ചു. അവയുടെ ഭാവി സംബന്ധിച്ച്‌ ഇപ്പോൾ പ്രകൃതിസംരക്ഷണവാദികൾ ആശങ്കയിലാണ്‌.

പൊതുവേ നാണംകുണുങ്ങികളായ കരടികളെ വിരളമായി മാത്രമേ കാണാനാകൂ. എന്നാൽ ജൂൺ മാസത്തിൽ സാൽമൺ മത്സ്യങ്ങൾ മുട്ടയിടാൻ നദികളിൽ എത്തുന്നതോടെ ഇവയെ തിന്നാൻ കരടികൾ കൂട്ടത്തോടെ വരുകയായി. ഒരു കരടിക്ക്‌ രണ്ടു ഡസൻ സാൽമണുകളെവരെ നിഷ്‌പ്രയാസം അകത്താക്കാനാകും! എന്തുകൊണ്ടാണ്‌ ഇവ ഇത്രമാത്രം തീറ്റിപ്രിയരായിരിക്കുന്നത്‌? വേനൽക്കാലത്ത്‌ ആവശ്യത്തിനു കൊഴുപ്പു ശരീരത്തിൽ സംഭരിച്ചാൽ മാത്രമേ കാര്യമായി ഭക്ഷണമൊന്നും കിട്ടാത്ത ശൈത്യകാലത്തെ അതിജീവിക്കാനാകൂ. ഊർജനഷ്ടം പരമാവധി കുറയ്‌ക്കാനായി ഇക്കാലത്ത്‌ അവ തങ്ങളുടെ മാളങ്ങളിൽ സുഖനിദ്രയിലായിരിക്കും.

ഇവിടെ കണ്ടുവരുന്ന മറ്റൊരു ജീവിയാണ്‌ സ്റ്റെല്ലേഴ്‌സ്‌ കടൽപ്പരുന്തുകൾ. ഇവയുടെയും ഇഷ്ടഭോജ്യം സാൽമണുകൾതന്നെ. രണ്ടര മീറ്റർവരെ ചിറകുവിരിവുള്ള പ്രൗഢിയാർന്ന പക്ഷിയാണിത്‌. പൊതുവേ ഇവയുടെ നിറം കറുപ്പാണെങ്കിലും വാൽ വെളുപ്പാണ്‌, ചിറകിലുമുണ്ട്‌ വെളുപ്പു നിറം. ഇപ്പോൾ ഇവയുടെ എണ്ണം 5,000-ത്തോളമാണ്‌. അതാകട്ടെ അടിക്കടി കുറഞ്ഞുവരികയും ചെയ്യുന്നു. സാധാരണഗതിയിൽ കംചാട്‌കയിൽ മാത്രം കണ്ടുവരുന്ന ഇവയെ ചിലപ്പോഴൊക്കെ അലാസ്‌കയിലെ അല്യൂഷൻ, പ്രിബിലോഫ്‌സ്‌ ദ്വീപുകളിലും കണ്ടെത്താനായിട്ടുണ്ട്‌. വർഷങ്ങളോളം അവ ഒരേ കൂടുതന്നെയാണ്‌ ഉപയോഗിക്കുന്നത്‌, അത്‌ കേടുപോക്കുകയും വിസ്‌തൃതമാക്കുകയും ചെയ്‌തുകൊണ്ടിരിക്കും. വലുതാക്കിവലുതാക്കി ഒരു കൂടിന്റെ വ്യാസം മൂന്നു മീറ്റർവരെയായി. അവസാനം അതിന്റെ ഭാരം കാരണം അതിനെ താങ്ങിനിറുത്തിയിരുന്ന ബിർച്ച്‌ മരംതന്നെ ഒടിഞ്ഞുവീണു!

കംചാട്‌കയിലെ നിവാസികൾ

കംചാട്‌കയിലെ നിവാസികളിൽ അധികവും ഇപ്പോൾ റഷ്യക്കാരാണ്‌. എന്നാൽ ആയിരക്കണക്കിനു തദ്ദേശീയരും അവിടെയുണ്ട്‌. അവരിൽ വടക്കുഭാഗത്തു പാർത്തുവരുന്ന കൊര്യാക്ക്‌ ആണ്‌ ഏറ്റവും വലിയ ഗോത്രം. ചുക്‌ചീ, ഇറ്റെൽമെൻ പോലുള്ള മറ്റു ഗോത്രങ്ങളുമുണ്ട്‌, ഓരോ കൂട്ടർക്കും തങ്ങളുടെ സ്വന്തം ഭാഷയും. കംചാട്‌കയിലെ നിവാസികളിൽ ബഹുഭൂരിപക്ഷവും താമസിക്കുന്നത്‌ ഭരണസിരാകേന്ദ്രമായ പിട്രോപാവ്‌ലോഫ്‌സ്‌ക്‌ കംചാട്‌സ്‌കീയിലാണ്‌. ഉപദ്വീപിന്റെ ശേഷം ഭാഗത്ത്‌ ജനവാസം നന്നേ കുറവാണ്‌. മിക്ക സമുദ്ര-നദീതീര ഗ്രാമങ്ങളിലും എത്തിപ്പെടാൻ ബോട്ടുകളെയോ ഹെലികോപ്‌ടറുകളെയോ ആശ്രയിക്കുകയേ വഴിയുള്ളൂ.

കംചാട്‌കയിലെ സമ്പദ്‌വ്യവസ്ഥ മുഖ്യമായും മത്സ്യബന്ധനത്തെയും ഞണ്ടുപിടിത്തത്തെയും ആശ്രയിച്ചാണിരിക്കുന്നത്‌. ഇവിടത്തെ ഭീമൻ ചെമ്പൻ ഞണ്ടുകൾ വിശേഷാൽ ജനപ്രീതി ആർജിച്ചവയാണ്‌. പാദംമുതൽ പാദംവരെ ഒന്നര മീറ്ററിലേറെ നീളം വരുന്ന ഇവ, ഉപഭോക്താക്കളിൽ താത്‌പര്യം ജനിപ്പിക്കുന്നതോടൊപ്പം വിൽപ്പനമേശയെ അലങ്കരിക്കുകയും ചെയ്യുന്നു.

1989 മുതൽ യഹോവയുടെ സാക്ഷികൾ കംചാട്‌ക സന്ദർശിക്കുന്നുണ്ട്‌. മത്സ്യങ്ങളെയും ഞണ്ടുകളെയും ഒന്നും പിടിക്കാനല്ല, തികച്ചും വ്യത്യസ്‌തമായ മറ്റൊരു ഉദ്ദേശ്യത്തോടെ. “മനുഷ്യരെ പിടിക്കുന്നവ”രെന്ന നിലയിൽ അവർ ഒറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്തുപോലും ദൈവരാജ്യ സുവാർത്ത എത്തിക്കുന്നു. (മത്തായി 4:19; 24:14) പലരും സുവാർത്തയ്‌ക്കു ചെവികൊടുക്കുകയും ഇപ്പോൾ യഹോവയാം ദൈവത്തെ അറിയാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ സൃഷ്ടിയെ ആരാധിക്കുന്നതിനു പകരം സ്രഷ്ടാവിനെ ആരാധിക്കാൻ തുടങ്ങിയിരിക്കുന്നു അവർ. തത്‌ഫലമായി അവിടെ സർവസാധാരണമായിരിക്കുന്ന ദുഷ്ടാത്മാക്കളോടുള്ള ഭയത്തിൽനിന്ന്‌ അനേകരും ഇന്നു വിമുക്തരാണ്‌. (യാക്കോബ്‌ 4:7) ഭൂമുഖത്തുനിന്ന്‌ ദുഷ്ടതയും ദുഷ്‌പ്രവൃത്തിക്കാരും ഉന്മൂലനം ചെയ്യപ്പെടുകയും “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരി”ക്കുകയും ചെയ്യുന്ന ഒരു ഭാവികാലത്തെക്കുറിച്ചും അവർ പഠിക്കുന്നു.​—⁠യെശയ്യാവു 11:⁠9.

[18-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

വിസ്‌മയജനകമായ ഒരു കാൽഡെറ

ഒരു പുരാതന അഗ്നിപർവതമുഖമാണ്‌ ഉസോൺ കാൽഡെറ. കുറുകെ ഏകദേശം പത്തു കിലോമീറ്റർ ദൈർഘ്യമുള്ള ഇതിന്റെ വശങ്ങൾ കുത്തനെയുള്ളതാണ്‌. ഒരു പരാമർശഗ്രന്ഥം പറയുന്നതനുസരിച്ച്‌ “കംചാട്‌ക എന്തിനെല്ലാം പ്രസിദ്ധമാണോ അവയെല്ലാം” ഇവിടെ കാണാം. ഉഷ്‌ണ-ശീത നീരുറവകൾ, ചെളി തിളച്ചു മറിയുന്ന തടങ്ങൾ, ചെളി അഗ്നിപർവതങ്ങൾ, മത്സ്യങ്ങളും അരയന്നങ്ങളും നീന്തിത്തുടിക്കുന്ന സ്‌ഫടികതുല്യമായ തടാകങ്ങൾ, തഴച്ചുവളരുന്ന സസ്യജാലങ്ങൾ എല്ലാമെല്ലാം ഇതിനു സ്വന്തം.

കംചാട്‌കയിലെ അത്ഭുതങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം അഭിപ്രായപ്പെടുന്നതനുസരിച്ച്‌ ശരത്‌കാലം ഹ്രസ്വവും അതേസമയം ഇത്രയേറെ സുന്ദരവുമായിരിക്കുന്ന “ഒരു സ്ഥലം ഭൂമുഖത്ത്‌ വേറെ ഇല്ലെന്നുതന്നെ പറയാം.” കടുംചുവപ്പു സമതലപ്രദേശത്തിന്‌ ഒരു അലങ്കാരമെന്നപോലെ പൊന്നിൻ നിറമണിഞ്ഞ ബിർച്ച്‌ മരങ്ങളും അങ്ങിങ്ങായി തിളച്ചുമറിയുന്ന ചെളിയിൽനിന്ന്‌ ഉയരുന്ന വെണ്മേഘത്തൂണുകൾക്ക്‌ കമനീയമായ പശ്ചാത്തലം ഒരുക്കുന്ന നീലാഭമായ ആകാശവിരിവും എല്ലാം ചേർന്ന്‌ സൃഷ്ടിക്കുന്ന കാഴ്‌ച ചേതോഹരമാണ്‌. പുലർകാലത്ത്‌ മഞ്ഞിൻപുതപ്പണിഞ്ഞ ലക്ഷക്കണക്കിന്‌ ഇലകൾ ഒരു മർമരശബ്ദത്തോടെ കൊഴിഞ്ഞുവീണ്‌ ഭൂമിയെ പുൽകുമ്പോൾ ഉതിരുന്ന അരണ്യ ‘ഗാനം’ ശിശിരകാലത്തിന്റെ വരവറിയിക്കുകയായി.

[19-ാം പേജിലെ ചതുരം]

മരണക്കെണി ഒരുക്കിയ തടാകം!

1996-ൽ നിർജീവമെന്നു കരുതിയിരുന്ന ഒരു അഗ്നിപർവതം കാരിംസ്‌കീ തടാകത്തിനുള്ളിലായി പൊട്ടിത്തെറിച്ചു. പത്തു മീറ്റർ ഉയർന്നു പൊങ്ങിയ തിരമാലകൾ ചുറ്റുവട്ടത്തുള്ള വനവൃക്ഷങ്ങൾ കടപുഴകാൻ ഇടയാക്കി. മിനിട്ടുകൾക്കകം ജീവൻ അസാധ്യമാകുമാറ്‌ തടാകം അങ്ങേയറ്റം അമ്ലസ്വഭാവമുള്ളതായിത്തീർന്നു. എന്നിരുന്നാലും, അഗ്നിപർവതം പൊട്ടിത്തെറിച്ചിട്ടും ഉഗ്രൻ തിരമാലകൾ തീരത്ത്‌ ആഞ്ഞടിച്ചിട്ടും ഒരു മൃഗത്തിന്റെപോലും ശവം തടാകതീരത്തെങ്ങും കണ്ടില്ല എന്ന്‌ ആൻഡ്രൂ ലോഗൻ എന്ന ഗവേഷകൻ വിവരിക്കുന്നു. “സ്‌ഫോടനത്തിനു മുമ്പ്‌ ദശലക്ഷക്കണക്കിനു മത്സ്യങ്ങൾ (മുഖ്യമായും സാൽമൺ, ട്രൗട്ട്‌ എന്നിവ) കാരിംസ്‌കീ തടാകത്തിൽ ഉണ്ടായിരുന്നു. സ്‌ഫോടനത്തെത്തുടർന്ന്‌ തടാകത്തിൽ ജീവന്റെ ഒരു കണികപോലും അവശേഷിച്ചില്ല.” എന്നാൽ കുറെ മത്സ്യങ്ങളെങ്കിലും അവിടെനിന്നു രക്ഷപ്പെട്ടു കാണും. സമീപത്തുള്ള കാരിംസ്‌കീ നദിയിലേക്ക്‌ രക്ഷപ്പെടാൻ തക്കവിധം ഏതെങ്കിലും തരത്തിലുള്ള അപായ സൂചന​—⁠ഒരുപക്ഷേ ജലത്തിൽ ഉണ്ടായ രാസവ്യതിയാനം⁠—⁠അവയ്‌ക്കു ലഭിച്ചു കാണും എന്നാണ്‌ ശാസ്‌ത്രജ്ഞന്മാർ കരുതുന്നത്‌.

[16-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

റഷ്യ

കംചാട്‌ക