വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിണാമം ഒരു വസ്‌തുതയോ?

പരിണാമം ഒരു വസ്‌തുതയോ?

പരിണാ​മം ഒരു വസ്‌തു​ത​യോ?

“സൂര്യന്റെ ചൂടു​​പോ​​ലെ​തന്നെ ഒരു യാഥാർഥ്യ​മാണ്‌ പരിണാ​മം” എന്ന്‌ ഒരു പ്രമുഖ പരിണാമ ശാസ്‌ത്ര​ജ്ഞ​നായ പ്രൊ​ഫസർ റിച്ചർഡ്‌ ഡോക്കിൻസ്‌ ഉറപ്പി​ച്ചു​പ​റ​യു​ന്നു. തീർച്ച​യാ​യും, സൂര്യൻ ചൂടു​ള്ള​താ​​ണെന്നു പരീക്ഷ​ണ​ങ്ങ​ളും നേരി​ട്ടുള്ള നിരീ​ക്ഷ​ണ​ങ്ങ​ളും തെളി​യി​ക്കു​ന്നു. എന്നാൽ പരീക്ഷണ നിരീ​ക്ഷ​ണങ്ങൾ പരിണാ​മം ഒരു വസ്‌തു​ത​യാ​​ണെന്ന്‌ അതേ​പോ​​ലെ​തന്നെ അനി​ഷേ​ധ്യ​മാ​യി തെളി​യി​ക്കു​ന്നു​ണ്ടോ?

ആ ചോദ്യ​ത്തിന്‌ ഉത്തരം നൽകു​ന്ന​തി​നു​മുമ്പ്‌ ഒരു കാര്യം വ്യക്തമാ​​ക്കേ​ണ്ട​തുണ്ട്‌. കാലം കടന്നു​​പോ​കു​​മ്പോൾ ജീവജാ​ല​ങ്ങ​ളു​ടെ സന്തതി​പ​ര​മ്പ​ര​ക​ളിൽ നേരിയ മാറ്റങ്ങൾ ഉണ്ടാ​യേ​ക്കാ​​മെന്ന്‌ പല ശാസ്‌ത്ര​ജ്ഞ​രും അഭി​പ്രാ​യ​​പ്പെ​ട്ടി​ട്ടുണ്ട്‌. ചാൾസ്‌ ഡാർവിൻ ഈ പ്രക്രി​യയെ “അനു​ക്ര​മ​മായ രൂപ​ഭേ​ദ​​ത്തോ​ടു​കൂ​ടിയ തലമു​റ​ക​ളു​ടെ ആവിർഭാ​വം” എന്നു വിളിച്ചു. ഇത്തരം മാറ്റങ്ങൾ നേരിട്ടു നിരീ​ക്ഷി​ക്കാ​നും പരീക്ഷ​ണ​ങ്ങ​ളി​ലൂ​ടെ തെളി​യി​ക്കാ​നും കഴിഞ്ഞി​ട്ടുണ്ട്‌. മാത്രമല്ല, സസ്യങ്ങ​​ളെ​യും ജന്തുക്ക​​ളെ​യും പ്രജനനം നടത്തു​ന്നവർ അവ വിദഗ്‌ധ​മാ​യി ഉപയോ​ഗ​​പ്പെ​ടു​ത്തി​വ​രു​ക​യും ചെയ്യുന്നു. a ഈ മാറ്റങ്ങളെ വസ്‌തു​ത​യാ​യി പരിഗ​ണി​ക്കാ​നാ​കും. എന്നിരു​ന്നാ​ലും, അത്തരം നിസ്സാര മാറ്റങ്ങളെ കുറി​ക്കാൻ ശാസ്‌ത്രജ്ഞർ “സൂക്ഷ്‌മ​പ​രി​ണാ​മം” (microevolution) എന്ന പദം ഉപയോ​ഗി​ക്കു​ന്നു. ഈ പേരു​തന്നെ സൂചി​പ്പി​ക്കു​ന്നത്‌ അനേകം ശാസ്‌ത്ര​ജ്ഞ​രും ഉറപ്പിച്ചു പറയാ​റുള്ള ഒരു സംഗതി​​യെ​യാണ്‌​—⁠അതായത്‌, ആ നിസ്സാര മാറ്റങ്ങൾ, തികച്ചും വിഭി​ന്ന​മായ ഒരു പ്രതി​ഭാ​സ​ത്തി​നു തെളിവു നൽകുന്നു എന്ന അവകാ​ശ​വാ​ദത്തെ. ആരും നിരീ​ക്ഷി​ച്ചി​ട്ടി​ല്ലാത്ത, ആ പ്രതി​ഭാ​സത്തെ സ്ഥൂലപ​രി​ണാ​മം (macroevolution) എന്നാണ്‌ അവർ വിളി​ക്കു​ന്നത്‌.

ഡാർവി​ന്റെ കാര്യം​തന്നെ എടുക്കുക. അദ്ദേഹം, നിരീ​ക്ഷി​ക്കാൻ കഴിയുന്ന ആ നിസ്സാര മാറ്റങ്ങൾക്കും ബഹുദൂ​രം അപ്പുറ​​ത്തേക്കു പോയി. ദി ഒറിജിൻ ഓഫ്‌ സ്‌പീ​ഷീസ്‌ എന്ന തന്റെ പ്രശസ്‌ത​മായ പുസ്‌ത​ക​ത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: “ജീവി​ക​​ളെ​​യെ​ല്ലാം ഞാൻ വീക്ഷി​ക്കു​ന്നത്‌ പ്രത്യേ​കം പ്രത്യേ​കം സൃഷ്ടി​ക്ക​​പ്പെ​ട്ട​വ​യാ​യി​ട്ടല്ല, മറിച്ച്‌ ഏതാനും ചില ജീവി​ക​ളു​ടെ നിരയിൽ വരുന്ന പിൻഗാ​മി​ക​ളാ​യാണ്‌.” ദീർഘ​മായ കാലഘ​ട്ട​ങ്ങൾകൊണ്ട്‌ ആദ്യമു​ണ്ടാ​യി​രുന്ന ഈ ‘ഏതാനും ചില ജീവികൾ’ അഥവാ ലഘുവായ ജീവരൂ​പങ്ങൾ എന്നു വിളി​ക്ക​​പ്പെ​ടു​ന്നവ “തീരെ നിസ്സാ​ര​മായ രൂപഭേദ”ങ്ങളിലൂ​ടെ ഭൂമി​യിൽ ഇന്നു കാണുന്ന ദശലക്ഷ​ക്ക​ണ​ക്കി​നു വ്യത്യസ്‌ത ജീവരൂ​പ​ങ്ങ​ളാ​യി പരിണ​മി​ച്ചു​​വെന്നു ഡാർവിൻ പറയു​ക​യു​ണ്ടാ​യി. ഇത്തരം ചെറിയ മാറ്റങ്ങൾ ഒന്നിച്ചു​​ചേർന്ന്‌ മത്സ്യങ്ങൾ ഉഭയജീ​വി​ക​ളും കുരങ്ങു​കൾ മനുഷ്യ​രും ആകുന്ന​തി​നാ​വ​ശ്യ​മായ വലിയ മാറ്റങ്ങൾ ഉളവാ​ക്കി​​യെന്ന്‌ പരിണാ​മ​വാ​ദി​കൾ പഠിപ്പി​ക്കു​ന്നു. ഉണ്ടായ​താ​യി പറയ​പ്പെ​ടുന്ന ഇത്തരം വലിയ മാറ്റങ്ങളെ സ്ഥൂലപ​രി​ണാ​മം എന്നു പറയുന്നു. പലർക്കും ഈ രണ്ടാമത്തെ വാദം ന്യായ​യു​ക്ത​മാ​യി തോന്നു​ന്നു. ‘ഒരു സ്‌പീ​ഷീ​സി​നു​ള്ളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാ​​മെ​ങ്കിൽ ദീർഘ കാലഘ​ട്ട​ങ്ങൾകൊണ്ട്‌ പരിണാ​മ​ത്തിന്‌ എന്തു​കൊണ്ട്‌ വലിയ മാറ്റങ്ങൾ ഉളവാ​ക്കി​ക്കൂ​ടാ?’ എന്ന്‌ അവർ ചിന്തി​ക്കു​ന്നു. b

സ്ഥൂലപ​രി​ണാ​മ പഠിപ്പി​ക്കൽ മൂന്നു മുഖ്യ അനുമാ​ന​ങ്ങ​ളിൽ അധിഷ്‌ഠി​ത​മാണ:

1. ഉത്‌പ​രി​വർത്ത​നങ്ങൾ (mutations) പുതിയ സ്‌പീ​ഷീ​സു​ക​ളു​ടെ ഉത്‌പ​ത്തി​ക്കാ​വ​ശ്യ​മായ അസംസ്‌കൃത പദാർഥങ്ങൾ പ്രദാ​നം​​ചെ​യ്യു​ന്നു. c

2. പ്രകൃ​തി​നിർധാ​രണം പുതിയ സ്‌പീ​ഷീ​സു​ക​ളു​ടെ രൂപീ​ക​ര​ണ​ത്തി​നു വഴി​തെ​ളി​ക്കു​ന്നു.

3. സസ്യങ്ങ​ളി​​ലെ​യും ജന്തുക്ക​ളി​​ലെ​യും സ്ഥൂലപ​രി​ണാമ മാറ്റങ്ങൾക്കു ഫോസിൽ രേഖ തെളിവു നൽകുന്നു.

സ്ഥൂലപ​രി​ണാ​മത്തെ ഒരു വസ്‌തു​ത​യാ​യി പരിഗ​ണി​ക്കാൻ തക്കവണ്ണം അതിനുള്ള തെളി​വു​കൾ അത്ര ഈടു​റ്റ​താ​ണോ?

ഉത്‌പ​രി​വർത്ത​ന​ങ്ങൾക്കു പുതിയ സ്‌പീ​ഷീ​സു​കളെ ഉളവാ​ക്കാ​നാ​കു​മോ?

ഒരു സസ്യത്തി​​ന്റെ​യോ ജന്തുവി​​ന്റെ​യോ അനേകം​വ​രുന്ന വിശദാം​ശങ്ങൾ നിർണ​യി​ക്കു​ന്നത്‌ ഓരോ കോശ​ത്തി​​ന്റെ​യും മർമത്തി​ലുള്ള ബ്ലൂപ്രി​ന്റു​ക​ളായ ജനിതക രേഖയിൽ അടങ്ങി​യി​രി​ക്കുന്ന നിർദേ​ശ​ങ്ങ​ളാണ്‌. d ജനിതക രേഖയിൽ ഉണ്ടാകുന്ന ഉത്‌പ​രി​വർത്ത​ന​ങ്ങൾക്ക്‌​—⁠അഥവാ യാദൃ​ച്ഛി​ക​വും ക്രമര​ഹി​ത​വു​മായ മാറ്റങ്ങൾക്ക്‌​—⁠സസ്യങ്ങ​ളു​​ടെ​യും ജന്തുക്ക​ളു​​ടെ​യും പിൻത​ല​മു​റ​യിൽ മാറ്റങ്ങൾ വരുത്താൻ കഴിയു​​മെന്നു ഗവേഷകർ കണ്ടെത്തി​യി​രി​ക്കു​ന്നു. 1946-ൽ, നോബൽ സമ്മാന ജേതാ​വും ഉത്‌പ​രി​വർത്തന ജനിത​ക​ശാ​സ്‌ത്ര പഠന​മേ​ഖ​ല​യു​ടെ സ്ഥാപക​നു​മായ ഹെർമൻ ജെ. മളർ ഇങ്ങനെ അവകാ​ശ​​പ്പെട്ടു: “വിരള​വും മിക്ക​പ്പോ​ഴും നിസ്സാ​ര​വു​മായ നിരവധി മാറ്റങ്ങ​ളു​ടെ ഈ ഒത്തു​ചേരൽ സസ്യങ്ങ​​ളെ​യും ജന്തുക്ക​​ളെ​യും കൃത്രി​മ​മാ​യി മെച്ച​പ്പെ​ടു​ത്തി​​യെ​ടു​ക്കു​ന്ന​തി​നുള്ള മുഖ്യ മാർഗ​മാ​യി വർത്തി​ക്കു​ന്നു. ഏറെ പ്രധാ​ന​മാ​യി, പ്രകൃ​തി​നിർധാ​ര​ണ​ത്തി​ന്റെ നിയ​ന്ത്ര​ണ​ത്തിൽ നടന്നി​രി​ക്കുന്ന സ്വാഭാ​വിക പരിണാ​മ​ത്തിന്‌ അടിസ്ഥാ​ന​മാ​യി​രി​ക്കു​ന്ന​തും മാറ്റങ്ങ​ളു​ടെ ഈ ഒത്തു​ചേ​ര​ലാണ്‌.”

വാസ്‌ത​വ​ത്തിൽ, ഉത്‌പ​രി​വർത്ത​ന​ങ്ങൾക്ക്‌ പുതിയ സ്‌പീ​ഷീ​സു​കളെ മാത്രമല്ല തികച്ചും പുതിയ സസ്യ-ജന്തു കുലങ്ങ​​ളെ​യും ഉത്‌പാ​ദി​പ്പി​ക്കാൻ കഴിയു​​മെ​ന്നുള്ള വാദത്തി​ലാണ്‌ സ്ഥൂലപ​രി​ണാമ പഠിപ്പി​ക്കൽ അടിസ്ഥാ​ന​​പ്പെ​ട്ടി​രി​ക്കു​ന്നത്‌. ശക്തമായ ഈ അവകാ​ശ​വാ​ദ​ത്തി​ന്റെ മാറ്റു​ര​ച്ചു​​നോ​ക്കാൻ എന്തെങ്കി​ലും മാർഗ​മു​ണ്ടോ? ജനിതക ഗവേഷണ മേഖല​യി​ലെ ഏതാണ്ട്‌ 100 വർഷത്തെ പഠനം എന്താണു വെളി​​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ എന്നു പരിചി​ന്തി​ക്കുക.

പ്രകൃ​തി​നിർധാ​ര​ണ​ത്തിന്‌ യാദൃ​ച്ഛിക ഉത്‌പ​രി​വർത്ത​നങ്ങൾ ഉപയോ​ഗ​​പ്പെ​ടു​ത്തി പുതിയ സ്‌പീ​ഷീ​സി​ലുള്ള സസ്യങ്ങളെ ഉത്‌പാ​ദി​പ്പി​ക്കാൻ കഴിയു​​മെ​ങ്കിൽ, കൃത്രി​മ​മായ അഥവാ മനുഷ്യൻ തിര​ഞ്ഞെ​ടു​ക്കുന്ന ഉത്‌പ​രി​വർത്ത​ന​ങ്ങൾക്ക്‌ അതിലും കാര്യ​ക്ഷ​മ​മാ​യി അതു ചെയ്യാൻ കഴി​യേ​ണ്ട​താണ്‌ എന്ന ആശയം 1930-കളുടെ ഒടുവിൽ ശാസ്‌ത്രജ്ഞർ ഇരുക​യ്യും നീട്ടി സ്വീക​രി​ച്ചു. “ജനിതക ശാസ്‌ത്ര​ജ്ഞർക്കി​ട​യി​ലും, പൊതു​വേ ജീവശാ​സ്‌ത്ര​ജ്ഞർക്കി​ട​യി​ലും, പ്രജന​കർക്കി​ട​യിൽ പ്രത്യേ​കി​ച്ചും ആഹ്ലാദം അലതല്ലി” എന്ന്‌ ജർമനി​യി​ലുള്ള മാക്‌സ്‌ പ്ലാങ്ക്‌ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഫോർ പ്ലാന്റ്‌ ബ്രീഡിങ്‌ റിസർച്ചി​ലെ ശാസ്‌ത്ര​ജ്ഞ​നായ വോൾഫ്‌-എക്കഹാർട്ട്‌ ലോണിഗ്‌ ഉണരുക!യ്‌ക്കു നൽകിയ ഒരു അഭിമു​ഖ​ത്തിൽ പറഞ്ഞു. എന്തായി​രു​ന്നു ഈ ആഹ്ലാദ​ത്തി​നു കാരണം? 28 വർഷമാ​യി സസ്യങ്ങ​ളി​ലെ ഉത്‌പ​രി​വർത്തന ജനിത​ക​​ത്തെ​ക്കു​റി​ച്ചു പഠിക്കുന്ന ലോണിഗ്‌ ഇങ്ങനെ പറഞ്ഞു: “സസ്യങ്ങ​​ളെ​യും ജന്തുക്ക​​ളെ​യും പ്രജനനം നടത്തുന്ന പരമ്പരാ​ഗ​ത​രീ​തിക്ക്‌ സമൂല​മാ​റ്റം വരുത്തേണ്ട സമയമാ​​യെന്ന്‌ ഈ ഗവേഷകർ ചിന്തിച്ചു. അനുകൂ​ല​മായ ഉത്‌പ​രി​വർത്ത​ന​ങ്ങൾക്ക്‌ ഇടയാ​ക്കു​ക​യും അവ തിര​ഞ്ഞെ​ടു​ക്കു​ക​യും ചെയ്‌തു​​കൊണ്ട്‌ പുതി​യ​തും മെച്ച​പ്പെ​ട്ട​തു​മായ സസ്യങ്ങ​​ളെ​യും ജന്തുക്ക​​ളെ​യും ഉത്‌പാ​ദി​പ്പി​ക്കാൻ കഴിയു​​മെന്ന്‌ അവർ കരുതി.” e

അമേരി​ക്കൻ ഐക്യ​നാ​ടു​കൾ, ഏഷ്യ, യൂറോപ്പ്‌ എന്നിവി​ട​ങ്ങ​ളി​ലെ ശാസ്‌ത്രജ്ഞർ പരിണാ​മത്തെ ത്വരി​ത​​പ്പെ​ടു​ത്തു​​മെന്നു കരുതിയ രീതികൾ ഉപയോ​ഗി​ച്ചു​​കൊണ്ട്‌ വൻ സാമ്പത്തിക പിന്തു​ണ​​യോ​​ടെ​യുള്ള ഗവേഷണ പരിപാ​ടി​കൾക്കു തുടക്ക​മി​ട്ടു. 40-ലധികം വർഷങ്ങൾ നീണ്ട ഊർജി​ത​മായ ഗവേഷ​ണ​ങ്ങ​ളു​ടെ ഫലമെ​ന്താ​യി​രു​ന്നു? ഗവേഷ​ക​നായ പേറ്റർ ഫോൺ സെങ്‌ബൂഷ്‌ ഇങ്ങനെ പറയുന്നു: “വളരെ​യ​ധി​കം പണംമു​ട​ക്കി​​യെ​ങ്കി​ലും റേഡി​​യേ​ഷ​നി​ലൂ​ടെ കൂടുതൽ ഉത്‌പാ​ദ​ന​ക്ഷ​മ​ത​യുള്ള ഇനങ്ങൾ ഉണ്ടാക്കി​​യെ​ടു​ക്കാ​നുള്ള ശ്രമങ്ങൾ അമ്പേ പരാജ​യ​​പ്പെട്ടു.” ലോണിഗ്‌ ഇങ്ങനെ പറഞ്ഞു: “1980-കൾ ആയപ്പോ​​ഴേ​ക്കും, ശാസ്‌ത്ര​ജ്ഞ​രു​ടെ ഇടയിൽ ഉണ്ടായി​രുന്ന പ്രതീ​ക്ഷ​ക​ളും ആഹ്ലാദ​വും ലോക​വ്യാ​പ​ക​മാ​യി പരാജ​യ​ത്തിൽ കലാശി​ച്ചി​രു​ന്നു. ഉത്‌പ​രി​വർത്തന പ്രജന​ന​ത്തിന്‌ പാശ്ചാത്യ രാജ്യ​ങ്ങ​ളിൽ ഒരു പ്രത്യേക ഗവേഷണ ശാഖ​യെ​ന്ന​നി​ല​യിൽ നിലനിൽപ്പി​ല്ലാ​​തെ​യാ​യി. ഏതാണ്ട്‌ എല്ലാ ഉത്‌പ​രി​വർത്തി​ത​ങ്ങ​ളും (mutants) ‘പ്രതികൂലമായ നിർധാ​രണ മൂല്യങ്ങൾ’ ആണു കാണി​ച്ചത്‌. അതായത്‌, അവ നശിച്ചു​​പോ​കു​ക​യോ വന്യ ഇനങ്ങളെ അപേക്ഷിച്ച്‌ ദുർബ​ല​മാ​യി​​പ്പോ​കു​ക​യോ ചെയ്‌തു.” f

എങ്കിലും ഏകദേശം 100 വർഷം ഉത്‌പ​രി​വർത്ത​ന​ങ്ങ​​ളെ​ക്കു​റി​ച്ചു പൊതു​വാ​യും 70 വർഷം ഉത്‌പ​രി​വർത്തന പ്രജന​ന​​ത്തെ​ക്കു​റി​ച്ചു മാത്ര​വും നടന്ന ഗവേഷ​ണ​ങ്ങ​ളിൽനി​ന്നു ശേഖരി​ച്ചി​രി​ക്കുന്ന വിവരങ്ങൾ പുതിയ സ്‌പീ​ഷീ​സു​കളെ ഉത്‌പാ​ദി​പ്പി​ക്കാ​നുള്ള ഉത്‌പ​രി​വർത്ത​ന​ങ്ങ​ളു​ടെ കഴിവി​​നെ​ക്കു​റി​ച്ചു നിഗമ​ന​ങ്ങ​ളിൽ എത്തി​ച്ചേ​രാൻ ശാസ്‌ത്ര​ജ്ഞരെ സഹായി​ക്കു​ന്നു. തെളി​വു​കൾ പരി​ശോ​ധി​ച്ച​​ശേഷം ലോണിഗ്‌ ഈ നിഗമ​ന​ത്തിൽ എത്തി​ച്ചേർന്നു: “[സസ്യത്തി​​ന്റെ​യോ ജന്തുവി​​ന്റെ​യോ] ഒരു സ്‌പീ​ഷീ​സി​നെ തികച്ചും പുതിയ ഒന്നാക്കി മാറ്റാൻ ഉത്‌പ​രി​വർത്ത​ന​ങ്ങൾക്കു കഴിയില്ല. ഈ നിഗമനം, 20-ാം നൂറ്റാ​ണ്ടിൽ ഉത്‌പ​രി​വർത്തന ഗവേഷ​ണ​രം​ഗത്തു നടന്ന എല്ലാ പരീക്ഷണ നിരീ​ക്ഷ​ണ​ങ്ങ​ളു​മാ​യും അവയുടെ ഫലങ്ങളു​മാ​യും അതു​പോ​ലെ സംഭവ്യ​താ നിയമ​ങ്ങ​ളു​മാ​യും യോജി​പ്പി​ലാണ്‌. അതു​കൊണ്ട്‌ ജനിത​ക​പ​ര​മാ​യി വ്യക്തമാ​യി നിർവ​ചി​ക്ക​​പ്പെ​ട്ടി​രി​ക്കുന്ന സ്‌പീ​ഷീ​സു​കൾക്ക്‌ സ്‌പഷ്ട​മായ അതിർവ​ര​മ്പു​കൾ ഉണ്ടെന്നും ആകസ്‌മി​ക​മാ​യു​ണ്ടാ​കുന്ന ഉത്‌പ​രി​വർത്ത​ന​ങ്ങൾക്ക്‌ അവയെ ഇല്ലാതാ​ക്കാ​നോ ലംഘി​ക്കാ​നോ കഴിയി​​ല്ലെ​ന്നും ആവർത്തക വ്യതി​യാന നിയമം അർഥമാ​ക്കു​ന്നു.”

മേൽവി​വ​രി​ച്ചി​രി​ക്കുന്ന വസ്‌തു​തകൾ എന്താണു സൂചി​പ്പി​ക്കു​ന്ന​​തെന്നു പരിചി​ന്തി​ക്കുക. കൃത്രിമ മാർഗ​ത്തി​ലൂ​ടെ അനുകൂല ഉത്‌പ​രി​വർത്ത​ന​ങ്ങൾക്ക്‌ ഇടയാ​ക്കു​ക​യും അവ തിര​ഞ്ഞെ​ടു​ക്കു​ക​യും ചെയ്‌തു​​കൊണ്ട്‌ പുതിയ സ്‌പീ​ഷീ​സു​കളെ ഉത്‌പാ​ദി​പ്പി​ക്കാൻ വിദഗ്‌ധ പരിശീ​ലനം സിദ്ധിച്ച ശാസ്‌ത്ര​ജ്ഞർക്കു കഴിയു​ന്നി​​ല്ലെ​ങ്കിൽ, ബുദ്ധി​ര​ഹി​ത​മായ ഒരു പ്രക്രിയ അതിലും കാര്യ​ക്ഷ​മ​മാ​യി അതു ചെയ്യാൻ സാധ്യ​ത​യു​ണ്ടോ? ഉത്‌പ​രി​വർത്ത​ന​ങ്ങൾക്ക്‌ ഒരു സ്‌പീ​ഷീ​സി​നെ തികച്ചും പുതിയ ഒന്നാക്കി മാറ്റാൻ കഴിയി​​ല്ലെന്നു ഗവേഷ​ണങ്ങൾ കാണി​ക്കുന്ന സ്ഥിതിക്ക്‌, സ്ഥൂലപ​രി​ണാ​മം എങ്ങനെ നടന്നി​രി​ക്കാ​​മെ​ന്നാ​ണു കരുതു​ന്നത്‌?

പ്രകൃ​തി​നിർധാ​രണം പുതിയ സ്‌പീ​ഷീ​സു​ക​ളു​ടെ സൃഷ്ടിക്കു വഴി​തെ​ളി​ക്കു​ന്നു​ണ്ടോ?

ഡാർവിൻ, പ്രകൃ​തി​നിർധാ​രണം എന്നു താൻ വിളിച്ച പ്രക്രിയ പരിസ്ഥി​തി​യു​മാ​യി ഏറ്റവും നന്നായി ഇണങ്ങി​​പ്പോ​കുന്ന ജീവരൂ​പ​ങ്ങൾക്കു ഗുണം​​ചെ​യ്യു​​മെ​ന്നും എന്നാൽ അത്ര നന്നായി ഇണങ്ങാത്തവ ക്രമേണ ചത്തൊ​ടു​ങ്ങു​​മെ​ന്നും വിശ്വ​സി​ച്ചു. ആധുനിക പരിണാ​മ​വാ​ദി​കൾ പഠിപ്പി​ക്കു​ന്നത്‌ അനുസ​രിച്ച്‌, സ്‌പീ​ഷീ​സു​കൾ മറ്റിട​ങ്ങ​ളി​​ലേക്കു വ്യാപി​ക്കു​ക​യും ഒറ്റപ്പെ​ടു​ക​യും ചെയ്‌ത​​പ്പോൾ പുതിയ പരിസ്ഥി​തി​യു​മാ​യി ഏറ്റവും നന്നായി യോജി​ച്ചു​​പോ​കാൻ ജീൻ ഉത്‌പ​രി​വർത്ത​നങ്ങൾ സഹായിച്ച ജീവി​കളെ പ്രകൃ​തി​നിർധാ​രണം തിര​ഞ്ഞെ​ടു​ത്തു. അതിന്റെ ഫലമായി, ഈ ഒറ്റപ്പെട്ട കൂട്ടങ്ങൾ ക്രമേണ തികച്ചും പുതിയ സ്‌പീ​ഷീ​സു​ക​ളാ​യി പരിണ​മി​ച്ചു എന്ന്‌ പരിണാ​മ​വാ​ദി​കൾ അനുമാ​നി​ക്കു​ന്നു.

നാം കണ്ടുക​ഴി​ഞ്ഞ​തു​​പോ​ലെ, ഉത്‌പ​രി​വർത്ത​ന​ങ്ങൾക്ക്‌ തികച്ചും പുതിയ ഇനം സസ്യങ്ങ​​ളെ​യോ ജന്തുക്ക​​ളെ​യോ ഉത്‌പാ​ദി​പ്പി​ക്കാൻ കഴിയി​​ല്ലെന്ന്‌ ഗവേഷ​ണ​ഫ​ല​മാ​യുള്ള തെളി​വു​കൾ ശക്തമായി സൂചി​പ്പി​ക്കു​ന്നു. എന്നിരു​ന്നാ​ലും പുതിയ സ്‌പീ​ഷീ​സു​കളെ ഉത്‌പാ​ദി​പ്പി​ക്കാ​നാ​യി പ്രകൃ​തി​നിർധാ​രണം പ്രയോ​ജ​ന​ക​ര​ങ്ങ​ളായ ഉത്‌പ​രി​വർത്ത​ന​ങ്ങളെ തിര​ഞ്ഞെ​ടു​ക്കു​ന്നു എന്ന അവകാ​ശ​വാ​ദത്തെ പിന്താ​ങ്ങാൻ പരിണാ​മ​വാ​ദി​കൾ എന്തു തെളി​വാ​ണു നൽകു​ന്നത്‌? അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളി​ലെ നാഷണൽ അക്കാഡമി ഓഫ്‌ സയൻസസ്‌ (എൻഎഎസ്‌) 1999-ൽ പ്രസി​ദ്ധീ​ക​രിച്ച ഒരു ലഘുപ​​ത്രിക ഇങ്ങനെ പറയുന്നു: “സ്‌പീ​ഷീ​സീ​ക​ര​ണ​ത്തി​ന്റെ [പുതിയ സ്‌പീ​ഷീ​സു​ക​ളു​ടെ പരിണാ​മം] വിശേ​ഷാൽ ശ്രദ്ധയർഹി​ക്കുന്ന ഒരു ഉദാഹ​രണം, ഡാർവിൻ ഗാലപ്പാ​​ഗോസ്‌ ദ്വീപു​ക​ളിൽ പഠനവി​​ധേ​യ​മാ​ക്കിയ, ഇന്ന്‌ ഡാർവി​ന്റെ കുരു​വി​കൾ എന്ന്‌ അറിയ​​പ്പെ​ടുന്ന 13 സ്‌പീ​ഷീ​സു​ക​ളി​ലുള്ള കുരു​വി​ക​ളു​മാ​യി ബന്ധപ്പെ​ട്ട​താണ്‌.”

1970-കളിൽ പീറ്റർ ഗ്രാന്റി​​ന്റെ​യും റോസ്‌മെരി ഗ്രാന്റി​​ന്റെ​യും നേതൃ​ത്വ​ത്തി​ലുള്ള ഒരു ഗവേഷക സംഘം ഈ കുരു​വി​ക​​ളെ​പ്പറ്റി പഠനം ആരംഭി​ച്ചു. ഒരു വർഷം നീണ്ടു​നിന്ന വരൾച്ച​യ്‌ക്കൊ​ടു​വിൽ, താരത​​മ്യേന വലിയ കൊക്കുള്ള കുരു​വി​കൾക്ക്‌ ചെറിയ കൊക്കു​ള്ള​വ​​യെ​ക്കാൾ അതിജീ​വ​ന​ക്ഷ​മ​ത​യു​ണ്ടാ​യി​രു​ന്ന​താ​യി അവർ കണ്ടെത്തി. 13 സ്‌പീ​ഷീ​സു​ക​ളിൽപ്പെട്ട ഈ കുരു​വി​കളെ തിരി​ച്ച​റി​യാ​നുള്ള പ്രധാന മാർഗ​ങ്ങ​ളി​​ലൊന്ന്‌ കൊക്കു​ക​ളു​ടെ വലുപ്പ​വും ആകൃതി​യും ആയതി​നാൽ ഈ കണ്ടുപി​ടി​ത്തം പ്രാധാ​ന്യ​മർഹി​ക്കു​ന്ന​താ​യി കരുത​​പ്പെട്ടു. ലഘുപ​​ത്രിക ഇങ്ങനെ തുടരു​ന്നു: “ഈ ദ്വീപു​ക​ളിൽ ഏകദേശം 10 വർഷത്തി​​ലൊന്ന്‌ എന്ന തോതിൽ വരൾച്ച ഉണ്ടാകു​ക​യാ​​ണെ​ങ്കിൽ ഏകദേശം 200 വർഷം കൂടു​​മ്പോൾ കുരു​വി​യു​ടെ ഒരു പുതിയ സ്‌പീ​ഷീസ്‌ ഉണ്ടാ​യേ​ക്കാം എന്ന്‌ പീറ്ററും റോസ്‌മെ​രി​യും കണക്കാക്കി.”

എന്നിരു​ന്നാ​ലും, പ്രധാ​ന​​പ്പെ​ട്ട​തും അതേസ​മയം ലജ്ജാക​ര​വു​മായ ചില വസ്‌തു​തകൾ എൻഎഎസ്‌ ലഘുപ​​ത്രിക പരാമർശി​ക്കാ​തെ വിട്ടു​ക​ള​യു​ന്നു. വരൾച്ച​​യെ​ത്തു​ടർന്നു​വന്ന വർഷങ്ങ​ളിൽ ചെറിയ കൊക്കുള്ള കുരു​വി​ക​ളു​ടെ എണ്ണം വലിയ കൊക്കു​ള്ള​വയെ അപേക്ഷിച്ച്‌ കൂടു​ത​ലാ​യി​ത്തീർന്നു. അതു​കൊണ്ട്‌, പീറ്റർ ഗ്രാന്റും ബിരുദ വിദ്യാർഥി​യായ ലൈൽ ഗിബ്‌സും “നിർധാ​ര​ണ​ത്തി​ന്റെ ദിശ നേർവി​പ​രീത”മായതാ​യി തങ്ങൾക്കു കാണാൻ കഴിഞ്ഞു​​വെന്ന്‌ 1987-ൽ ശാസ്‌ത്ര മാസി​ക​യായ നേച്ചറിൽ എഴുതി. ഓരോ തവണ കാലാ​വ​സ്ഥ​യിൽ മാറ്റമു​ണ്ടാ​കു​​മ്പോ​ഴും “പ്രകൃ​തി​നിർധാ​ര​ണ​ത്തി​നു വിധേ​യ​മാ​കുന്ന ജീവി​ഗണം അങ്ങോ​ട്ടും ഇങ്ങോ​ട്ടും മാറി​​ക്കൊ​ണ്ടി​രി​ക്കു​ന്നു”വെന്ന്‌ 1991-ൽ ഗ്രാന്റ്‌ എഴുതി. കുരു​വി​ക​ളു​ടെ ചില വ്യത്യസ്‌ത ‘സ്‌പീ​ഷീ​സു​കൾ’ അഥവാ വ്യത്യസ്‌ത സ്‌പീ​ഷീ​സു​ക​​ളെന്നു കരുത​​പ്പെട്ടവ പരസ്‌പരം ഇണചേർന്ന്‌ ജനക സ്‌പീ​ഷീ​സി​​നെ​ക്കാൾ അതിജീ​വ​ന​ക്ഷ​മ​ത​യുള്ള കുഞ്ഞു​ങ്ങളെ ഉത്‌പാ​ദി​പ്പി​ക്കു​ന്ന​താ​യും ഗവേഷകർ കണ്ടെത്തി. ഈ സങ്കരണം (interbreeding) തുടരു​ക​യാ​​ണെ​ങ്കിൽ 200 വർഷത്തി​നു​ള്ളിൽ രണ്ടു ‘സ്‌പീ​ഷീ​സു’കൾ കൂടി​​ച്ചേർന്ന്‌ കേവലം ഒരെണ്ണ​മാ​കാ​നി​ട​യുണ്ട്‌ എന്ന്‌ പീറ്ററും റോസ്‌മെ​രി​യും നിഗമനം ചെയ്‌തു.

1966-ൽ പരിണാമ ജീവശാ​സ്‌ത്ര​ജ്ഞ​നായ ജോർജ്‌ ക്രിസ്റ്റഫർ വില്യംസ്‌ ഇങ്ങനെ എഴുതി: “പ്രകൃ​തി​നിർധാ​രണ സിദ്ധാന്തം ആദ്യം വികസി​പ്പി​​ച്ചെ​ടു​ത്തത്‌ പരിണാമ മാറ്റത്തി​ന്റെ ഒരു വിശദീ​ക​ര​ണ​മെന്ന നിലയി​ലാണ്‌ എന്നത്‌ ദൗർഭാ​ഗ്യ​മാ​യി​​പ്പോ​​യെന്നു ഞാൻ കരുതു​ന്നു. പരിസ്ഥി​തി​യു​മാ​യി ഇണങ്ങി​​ച്ചേ​രാൻ ഒരു ജീവിയെ പ്രാപ്‌ത​മാ​ക്കുന്ന മാറ്റങ്ങൾ നിലനി​റു​ത്ത​​പ്പെ​ടു​ന്ന​തി​നുള്ള വിശദീ​ക​ര​ണ​മെന്ന നിലയി​ലാണ്‌ ഇത്‌ ഏറെ പ്രാധാ​ന്യ​മർഹി​ക്കു​ന്നത്‌.” വില്യ​മി​ന്റെ നിഗമ​നങ്ങൾ ശരിയാ​​ണെ​ങ്കിൽ പ്രകൃ​തി​നിർധാ​രണം, മാറി​വ​രുന്ന സാഹച​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​​പ്പെ​ട്ടു​​പോ​കാൻ സ്‌പീ​ഷീ​സു​കളെ സഹായി​ക്കു​ക​യാ​യി​രി​ക്കാം ചെയ്യു​ന്ന​​തെ​ന്നും “അത്‌ പുതു​താ​യി യാതൊ​ന്നും സൃഷ്ടി​ക്കു​ന്നില്ല” എന്നും 1999-ൽ പരിണാമ സൈദ്ധാ​ന്തി​ക​നായ ജെഫ്രി ഷ്വോർട്‌സ്‌ എഴുതി.

തീർച്ച​യാ​യും ഡാർവി​ന്റെ കുരു​വി​കൾ “പുതു​താ​യി യാതൊ​ന്നും” ആയിത്തീ​രു​ന്നില്ല. അവ ഇപ്പോ​ഴും കുരു​വി​കൾ തന്നെയാണ്‌. മാത്രമല്ല, ഇവയുടെ ഇടയിൽ സങ്കരണം നടക്കു​ന്നു​വെന്ന വസ്‌തുത സ്‌പീ​ഷീ​സു​കളെ നിർവ​ചി​ക്കാൻ ചില പരിണാ​മ​വാ​ദി​കൾ ഉപയോ​ഗി​ക്കുന്ന മാർഗ​ങ്ങ​ളിൽ സംശയം ജനിപ്പി​ക്കു​ന്നു. കൂടാതെ പ്രശസ്‌ത​മായ ശാസ്‌ത്ര അക്കാഡ​മി​കൾപോ​ലും തെളി​വു​കൾ പക്ഷപാ​ത​പ​ര​മാ​യാണ്‌ റിപ്പോർട്ടു​​ചെ​യ്യു​ന്ന​തെന്ന വസ്‌തുത അവ തുറന്നു​കാ​ട്ടു​ന്നു.

ഫോസിൽ രേഖ സ്ഥൂലപ​രി​ണാമ മാറ്റങ്ങൾക്കു തെളിവു നൽകു​ന്നു​ണ്ടോ?

ശാസ്‌ത്രജ്ഞർ കണ്ടെത്തിയ ഫോസി​ലു​കൾ സ്ഥൂലപ​രി​ണാ​മ​ത്തിന്‌ മതിയായ തെളിവു നൽകുന്നു എന്ന ധാരണ​യാണ്‌ മുമ്പു പരാമർശിച്ച എൻഎഎസ്‌ ലഘുപ​​ത്രിക വായന​ക്കാർക്കു നൽകു​ന്നത്‌. അത്‌ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “മത്സ്യത്തി​നും ഉഭയജീ​വി​കൾക്കും ഇടയി​ലും, ഉഭയജീ​വി​കൾക്കും ഉരഗങ്ങൾക്കും ഇടയി​ലും, ഉരഗങ്ങൾക്കും സസ്‌ത​നി​കൾക്കും ഇടയി​ലും, പ്രൈ​​മേ​റ്റു​ക​ളു​ടെ വംശപ​ര​മ്പ​ര​യി​ലെ അംഗങ്ങൾക്കി​ട​യി​ലും ഒട്ടനവധി ജീവരൂ​പങ്ങൾ ഉണ്ടായി​രു​ന്ന​താ​യി കണ്ടെത്തി​യി​ട്ടുണ്ട്‌. ഒരു പ്രത്യേക സ്‌പീ​ഷീസ്‌ മറ്റൊ​ന്നാ​യി മാറു​ന്നത്‌ എപ്പോ​ഴാ​​ണെന്നു വ്യക്തമാ​യി തിരി​ച്ച​റി​യാൻ പലപ്പോ​ഴും ബുദ്ധി​മു​ട്ടാ​യി​രി​ക്കും​വി​ധം അത്രയ​ധി​ക​മാണ്‌ ഇടയ്‌ക്കുള്ള ഈ [കണ്ണിക​ളു​ടെ] എണ്ണം.”

ഇത്ര ഉറപ്പോ​​ടെ​യുള്ള ഈ പ്രസ്‌താ​വന തികച്ചും അതിശ​യി​പ്പി​ക്കു​ന്ന​താണ്‌. എന്തു​കൊണ്ട്‌? “ഓരോ 1,000 ഫ്രെയി​മു​ക​ളി​ലും അഥവാ ചിത്ര​ങ്ങ​ളി​ലും 999 എണ്ണം കട്ടിങ്‌ റൂമിൽവെച്ച്‌ നഷ്ടപ്പെട്ട പരിണാ​മ​ത്തി​ന്റെ ഒരു ഫിലിം” പോ​ലെ​യാണ്‌ ഫോസിൽ രേഖ എന്നു 2004-ൽ നാഷണൽ ജിയോ​​ഗ്ര​ഫിക്‌ പറയു​ക​യു​ണ്ടാ​യി. കേവലം ആയിര​ത്തി​​ലൊന്ന്‌ എന്ന നിരക്കിൽ അവശേ​ഷി​ക്കുന്ന ‘ചിത്രങ്ങൾ’ സ്ഥൂലപ​രി​ണാമ പ്രക്രി​യയെ യഥാർഥ​ത്തിൽ തെളി​യി​ക്കു​ന്നു​ണ്ടോ? ഫോസിൽ രേഖ വാസ്‌ത​വ​ത്തിൽ എന്താണു പ്രകട​മാ​ക്കു​ന്നത്‌? ദീർഘ കാലങ്ങ​​ളോ​ളം “മിക്ക സ്‌പീ​ഷീ​സു​ക​ളി​ലും കാര്യ​മായ, അല്ലെങ്കിൽ ഒട്ടും​തന്നെ പരിണാമ മാറ്റം നടക്കു​ന്നില്ല” എന്ന്‌ ഫോസിൽ രേഖ കാണി​ക്കു​ന്ന​താ​യി ഒരു കടുത്ത പരിണാ​മ​വാ​ദി​യായ നൈൽസ്‌ എൽ​ഡ്രെജ്‌ സമ്മതി​ക്കു​ന്നു.

ലോക​വ്യാ​പ​ക​മാ​യുള്ള ശാസ്‌ത്രജ്ഞർ ഇന്നോളം ഏകദേശം 20 കോടി വലിയ ഫോസി​ലു​ക​ളും ശതകോ​ടി​ക്ക​ണ​ക്കി​നു സൂക്ഷ്‌മ ഫോസി​ലു​ക​ളും കുഴി​​ച്ചെ​ടു​ക്കു​ക​യും പട്ടിക​​പ്പെ​ടു​ത്തു​ക​യും ചെയ്‌തി​ട്ടുണ്ട്‌. ജന്തുക്ക​ളു​ടെ പ്രമുഖ ഗണങ്ങ​ളെ​ല്ലാം പെട്ടെന്നു പ്രത്യ​ക്ഷ​മാ​കു​ക​യും കാര്യ​മായ മാറ്റ​മൊ​ന്നു​മി​ല്ലാ​തെ തുടരു​ക​യും പല സ്‌പീ​ഷീ​സു​ക​ളും വന്ന അതേ വേഗത്തിൽ അപ്രത്യ​ക്ഷ​മാ​കു​ക​യും ചെയ്‌തു​​വെന്ന്‌ വിപു​ല​വും വിശദ​വു​മായ ഈ രേഖ വെളി​​പ്പെ​ടു​ത്തു​ന്ന​താ​യി പല ഗവേഷ​ക​രും സമ്മതി​ക്കു​ന്നു. ഫോസിൽ രേഖ നൽകുന്ന തെളി​വു​കൾ പരി​ശോ​ധി​ച്ച​തി​നു​​ശേഷം ജീവശാ​സ്‌ത്ര​ജ്ഞ​നായ ജോനഥൻ വെൽസ്‌ ഇങ്ങനെ എഴുതു​ന്നു: “പൊതു പൂർവി​ക​രിൽനിന്ന്‌ രൂപ​ഭേദം വഴിയുള്ള വംശോ​ത്‌പത്തി നടന്നു​​വെ​ന്നത്‌ കിങ്‌ഡം, ഫൈലം, ക്ലാസ്സ്‌ എന്നീ തലങ്ങളിൽ നിരീ​ക്ഷി​ക്കാൻ കഴിഞ്ഞി​ട്ടുള്ള ഒരു വസ്‌തു​തയേ അല്ല. ഫോസിൽ രേഖ നൽകുന്ന തെളി​വു​ക​ളു​​ടെ​യോ തന്മാത്രാ തെളി​വു​ക​ളു​​ടെ​യോ അടിസ്ഥാ​ന​ത്തിൽ വിലയി​രു​ത്തു​​മ്പോൾ നല്ല പിൻബ​ല​മുള്ള ഒരു സിദ്ധാന്തം പോലു​മല്ല അത്‌.”

പരിണാ​മം​—⁠സത്യമോ മിഥ്യ​യോ?

എന്തു​കൊ​ണ്ടാണ്‌ പ്രമു​ഖ​രായ പല പരിണാ​മ​വാ​ദി​ക​ളും സ്ഥൂലപ​രി​ണാ​മം ഒരു വസ്‌തു​ത​യാ​​ണെന്നു ശഠിക്കു​ന്നത്‌? സാമാ​ന്യ​ബു​ദ്ധി​ക്കു നിരക്കാത്ത ശാസ്‌ത്രീയ അവകാ​ശ​വാ​ദങ്ങൾ സ്വീക​രി​ക്കാൻ പല ശാസ്‌ത്ര​ജ്ഞ​രും തയ്യാറാ​​ണെന്ന്‌, റിച്ചർഡ്‌ ഡോക്കിൻസി​ന്റെ ചില ന്യായ​വാ​ദ​ങ്ങളെ വിമർശിച്ച ശേഷം പ്രമുഖ പരിണാ​മ​വാ​ദി​യായ റിച്ചർഡ്‌ ലെവൊ​ന്റിൻ എഴുതി. പിൻവ​രുന്ന പ്രകാരം പറഞ്ഞു​​കൊണ്ട്‌ അദ്ദേഹം അതിന്റെ കാരണം ചൂണ്ടി​ക്കാ​ണി​ച്ചു: “[ശാസ്‌ത്ര​ജ്ഞർക്ക്‌] പ്രാഥ​മി​ക​മാ​യി ഒരു കടപ്പാ​ടുണ്ട്‌, ഭൗതി​ക​വാ​ദ​​ത്തോട്‌.” g പല ശാസ്‌ത്ര​ജ്ഞ​രും ബുദ്ധി​ശ​ക്തി​യുള്ള ഒരു രൂപസം​വി​ധാ​യകൻ ഉണ്ടായി​രി​ക്കാ​നുള്ള സാധ്യത പരിഗ​ണി​ക്കാൻപോ​ലും തയ്യാറാ​കു​ന്നില്ല. എന്താണി​തി​ന്റെ കാരണം? “സ്രഷ്ടാ​വി​ന്റെ അസ്‌തി​ത്വം അംഗീ​ക​രി​ച്ചു​​കൊ​ടു​ക്കാൻ നമുക്കു കഴിയില്ല,” ലെവൊ​ന്റിൻ എഴുതു​ന്നു.

ഇതി​നോ​ടു​ള്ള ബന്ധത്തിൽ, സാമൂ​ഹിക ശാസ്‌ത്ര​ജ്ഞ​നായ റോഡ്‌നി സ്റ്റാർക്ക്‌ പിൻവ​രുന്ന പ്രകാരം പറഞ്ഞതാ​യി സയന്റി​ഫിക്‌ അമേരി​ക്കൻ പ്രസ്‌താ​വി​ക്കു​ന്നു: “നിങ്ങൾ ഒരു ശാസ്‌ത്ര​കാ​ര​നാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​​ന്നെ​ങ്കിൽ മതത്തിന്റെ കൂച്ചു​വി​ല​ങ്ങിൽനിന്ന്‌ നിങ്ങളു​ടെ മനസ്സിനെ സ്വത​ന്ത്ര​മാ​ക്കി നിറു​ത്തണം എന്നത്‌ 200 വർഷങ്ങ​ളാ​യി പ്രചരി​പ്പി​ച്ചു​വ​രുന്ന ഒരു ആശയമാണ്‌.” ഗവേഷണ സർവക​ലാ​ശാ​ല​ക​ളിൽ “മതവി​ശ്വാ​സി​ക​ളായ ആളുകൾ [ദൈവ​​ത്തെ​ക്കു​റിച്ച്‌] മൗനം​പാ​ലി​ക്കുന്ന”തായും “മതഭക്ത​ര​ല്ലാ​ത്തവർ [മതവി​ശ്വാ​സി​ക​​ളോ​ടു] വിവേ​ചനം കാട്ടുന്ന”തായും അദ്ദേഹം കൂട്ടി​​ച്ചേർത്തു. സ്റ്റാർക്കി​ന്റെ അഭി​പ്രാ​യ​ത്തിൽ “[ശാസ്‌ത്ര സമൂഹ​ത്തി​ന്റെ] മേലേ​ത്ത​ട്ടി​ലുള്ള മതഭക്തി​യി​ല്ലാ​ത്ത​വർക്ക്‌ പ്രത്യേക പരിഗണന ലഭിക്കു​ന്നുണ്ട്‌.”

നിങ്ങൾക്കു സ്ഥൂലപ​രി​ണാമ പഠിപ്പി​ക്ക​ലി​നെ ഒരു വസ്‌തു​ത​യാ​യി അംഗീ​ക​രി​ക്കാൻ കഴിയ​ണ​​മെ​ങ്കിൽ, അജ്ഞേയ​വാ​ദി​ക​ളോ നിരീ​ശ്വ​ര​വാ​ദി​ക​ളോ ആയ ശാസ്‌ത്രജ്ഞർ ശാസ്‌ത്ര കണ്ടുപി​ടി​ത്ത​ങ്ങ​​ളെ​ക്കു​റി​ച്ചുള്ള തങ്ങളുടെ വ്യാഖ്യാ​ന​ങ്ങളെ സ്വാധീ​നി​ക്കാൻ വ്യക്തി​പ​ര​മായ വിശ്വാ​സ​ങ്ങളെ അനുവ​ദി​ക്കില്ല എന്നു നിങ്ങൾ വിശ്വ​സി​ക്കണം. വ്യക്തമാ​യി നിർവ​ചി​ക്ക​​പ്പെ​ട്ടി​ട്ടുള്ള ഒരു സ്‌പീ​ഷീ​സി​​നെ​​പ്പോ​ലും തികച്ചും പുതിയ ഒന്നാക്കി മാറ്റാൻ ഉത്‌പ​രി​വർത്ത​ന​ങ്ങൾക്കു കഴിഞ്ഞി​ട്ടില്ല എന്നാണ്‌ ഒരു നൂറ്റാണ്ടു നീണ്ടു​നിന്ന ഗവേഷണം​—⁠ശതകോ​ടി​ക്ക​ണ​ക്കി​നു ഉത്‌പ​രി​വർത്ത​ന​ങ്ങ​​ളെ​ക്കു​റി​ച്ചുള്ള പഠനം​—⁠തെളി​യി​ക്കു​ന്ന​​തെ​ങ്കി​ലും ഉത്‌പ​രി​വർത്ത​ന​ങ്ങ​ളും പ്രകൃ​തി​നിർധാ​ര​ണ​വും സങ്കീർണ​മായ എല്ലാ ജീവരൂ​പ​ങ്ങ​​ളെ​യും ഉത്‌പാ​ദി​പ്പി​ച്ചു​​വെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കണം. മാത്രമല്ല, സസ്യങ്ങ​ളു​​ടെ​യും ജന്തുക്ക​ളു​​ടെ​യും പ്രമുഖ ഇനങ്ങൾ പെട്ടെന്ന്‌ പ്രത്യ​ക്ഷ​മാ​യ​താ​​ണെ​ന്നും സുദീർഘ​മായ കാലഘ​ട്ട​ങ്ങൾകൊ​ണ്ടു​​പോ​ലും മറ്റിന​ങ്ങ​ളാ​യി പരിണ​മി​ച്ചി​​ല്ലെ​ന്നും ഉള്ള ഫോസിൽ രേഖയു​ടെ വ്യക്തമായ സൂചന അവഗണി​ച്ചു​​കൊണ്ട്‌, എല്ലാ ജീവി​ക​ളും ഒരു പൊതു പൂർവി​ക​നിൽനി​ന്നു ക്രമേണ പരിണ​മി​ച്ച​താ​​ണെ​ന്നും നിങ്ങൾ വിശ്വ​സി​ക്കണം. അത്തരത്തി​ലുള്ള വിശ്വാ​സം വസ്‌തു​ത​ക​ളിൽ അടിസ്ഥാ​ന​​പ്പെ​ട്ട​താ​​ണെന്നു തോന്നു​ന്നു​ണ്ടോ? അതോ മിഥ്യ​യിൽ അടിസ്ഥാ​ന​​പ്പെ​ട്ട​താ​യാ​ണോ തോന്നു​ന്നത്‌?

[അടിക്കു​റി​പ്പു​കൾ]

a നായ്‌ക്കളെ പ്രജനനം നടത്തു​ന്ന​വർക്ക്‌ അവയെ ശ്രദ്ധാ​പൂർവം തിര​ഞ്ഞെ​ടുത്ത്‌ ഇണചേർക്കാൻ കഴിയും, അങ്ങനെ അവർക്ക്‌ ആ നായ്‌ക്കളെ അപേക്ഷിച്ച്‌ കുറിയ കാലു​ക​ളോ നീണ്ട രോമ​ങ്ങ​ളോ ഉള്ള കുഞ്ഞു​ങ്ങളെ ക്രമേണ ഉത്‌പാ​ദി​പ്പി​​ച്ചെ​ടു​ക്കാ​നാ​കും. എന്നിരു​ന്നാ​ലും ഇത്തരം മാറ്റങ്ങൾക്കു കാരണം പലപ്പോ​ഴും ജീനു​ക​ളു​ടെ ധർമങ്ങ​ളിൽ ചിലത്‌ നടക്കാതെ വരുന്ന​താണ്‌. ഉദാഹ​ര​ണ​ത്തിന്‌ ഡാക്‌സ്‌ഹ​ണ്ടി​ന്റെ വലുപ്പ​ക്കു​റ​വി​നു കാരണം തരുണാ​സ്ഥി​യു​ടെ സാധാ​ര​ണ​ഗ​തി​യി​ലുള്ള വികാ​സ​ത്തി​ന്റെ അഭാവ​മാണ്‌, ഇത്‌ വാമന​ത്ത​ത്തി​നു കാരണ​മാ​കു​ന്നു.

b “സ്‌പീ​ഷീസ്‌” എന്ന പദം ഈ ലേഖന​ത്തിൽ കൂടെ​ക്കൂ​ടെ ഉപയോ​ഗി​ച്ചി​ട്ടു​​ണ്ടെ​ങ്കി​ലും, ഉല്‌പത്തി എന്ന ബൈബിൾ പുസ്‌ത​ക​ത്തിൽ ഈ പദം കാണു​ന്നില്ല. ആ പുസ്‌തകം സ്‌പീ​ഷീ​സി​​നെ​ക്കാൾ വളരെ​​യേറെ അർഥവ്യാ​പ്‌തി​യുള്ള “തരം” അഥവാ ഇനം എന്ന പദമാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. മിക്ക​പ്പോ​ഴും, പുതിയ സ്‌പീ​ഷീ​സു​ക​ളു​ടെ പരിണാ​മം എന്നു ശാസ്‌ത്രജ്ഞർ വിളി​ക്കുന്ന സംഗതി കേവലം, ഉല്‌പത്തി വിവര​ണ​ത്തിൽ പറഞ്ഞി​രി​ക്കുന്ന, ഒരു “തര”ത്തിനു​ള്ളിൽത്ത​​ന്നെ​യുള്ള വൈജാ​ത്യ​മാണ്‌.

c “ജീവി​കളെ വർഗീ​ക​രി​ക്കുന്ന വിധം” എന്ന ചതുരം കാണുക.

d കോശദ്രവ്യം, കോശ​സ്‌ത​രങ്ങൾ, മറ്റു ഘടനകൾ എന്നിവ​യും ഒരു ജീവിയെ രൂപ​പ്പെ​ടു​ത്തി​​യെ​ടു​ക്കു​ന്ന​തിൽ പങ്കുവ​ഹി​ക്കു​ന്ന​താ​യി ഗവേഷ​ണങ്ങൾ കാണി​ക്കു​ന്നു.

e ഈ ലേഖന​ത്തി​ലെ ലോണി​ഗി​ന്റെ പ്രസ്‌താ​വ​നകൾ അദ്ദേഹ​ത്തി​ന്റെ സ്വന്തമാണ്‌. അത്‌ മാക്‌സ്‌ പ്ലാങ്ക്‌ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഫോർ പ്ലാന്റ്‌ ബ്രീഡിങ്‌ റിസർച്ചി​ന്റെ അഭി​പ്രാ​യ​ങ്ങളെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നില്ല.

f ഒരേതരം ഉത്‌പ​രി​വർത്തി​തങ്ങൾ കൂടെ​ക്കൂ​ടെ പ്രത്യ​ക്ഷ​​പ്പെ​ട്ട​​പ്പോൾ പുതിയ ഉത്‌പ​രി​വർത്തി​ത​ങ്ങ​ളു​ടെ എണ്ണം കുറഞ്ഞു​​കൊ​​ണ്ടേ​യി​രു​ന്ന​താ​യി ഉത്‌പ​രി​വർത്തന പരീക്ഷ​ണങ്ങൾ തുടർച്ച​യാ​യി വെളി​​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. ഈ പ്രതി​ഭാ​സ​ത്തിൽനിന്ന്‌ ലോണിഗ്‌ രൂപ​പ്പെ​ടു​ത്തി​​യെ​ടു​ത്ത​താണ്‌ “ആവർത്തക വ്യതി​യാന നിയമം” (“law of recurrent variation”). കൂടാതെ, സസ്യങ്ങ​ളിൽ നടന്ന ഉത്‌പ​രി​വർത്ത​ന​ങ്ങ​ളിൽ ഒരു ശതമാ​ന​ത്തിൽ കുറവു മാത്രമേ തുടർന്നുള്ള ഗവേഷ​ണ​ങ്ങൾക്കാ​യി തിര​ഞ്ഞെ​ടു​ത്തു​ള്ളൂ. ഇതിൽത്തന്നെ വാണിജ്യ ഉപയോ​ഗ​ത്തിന്‌ അനു​യോ​ജ്യ​മാ​​ണെന്നു കണ്ടെത്തി​യത്‌ ഒരു ശതമാ​ന​ത്തിൽ കുറവാ​യി​രു​ന്നു. ജന്തുക്ക​ളിൽ നടത്തിയ ഉത്‌പ​രി​വർത്തന പ്രജനനം സസ്യങ്ങ​ളിൽ നടത്തി​യ​തി​ന്റെ അത്ര​പോ​ലും വിജയി​ച്ചില്ല. അതു​കൊണ്ട്‌ ആ രീതി പൂർണ​മാ​യി ഉപേക്ഷി​ക്ക​​പ്പെട്ടു.

g ഭൗതികവാദം എന്നതു​​കൊണ്ട്‌ ഇവിടെ അർഥമാ​ക്കു​ന്നത്‌, ദ്രവ്യ​മാണ്‌ ഏക അല്ലെങ്കിൽ അടിസ്ഥാ​ന​പ​ര​മായ യാഥാർഥ്യ​​മെ​ന്നും മുഴു ജീവജാ​ല​ങ്ങ​ളും ഉൾപ്പെടെ പ്രപഞ്ച​ത്തി​ലുള്ള സകലതും യാതൊ​രു പ്രകൃ​ത്യ​തീത ശക്തിയു​​ടെ​യും ഇടപെടൽ കൂടാ​​തെ​യാണ്‌ അസ്‌തി​ത്വ​ത്തിൽ വന്നതെ​ന്നു​മുള്ള സിദ്ധാ​ന്ത​​ത്തെ​യാണ്‌.

[15-ാം പേജിലെ ആകർഷക വാക്യം]

“[സസ്യത്തി​​ന്റെ​യോ ജന്തുവി​​ന്റെ​യോ] ഒരു സ്‌പീ​ഷീ​സി​നെ തികച്ചും പുതിയ ഒന്നാക്കി മാറ്റാൻ ഉത്‌പ​രി​വർത്ത​ന​ങ്ങൾക്കു കഴിയില്ല”

[16-ാം പേജിലെ ആകർഷക വാക്യം]

ഡാർവിന്റെ കുരു​വി​കൾ എന്തെങ്കി​ലും തെളി​യി​ക്കു​ന്നു​​ണ്ടെ​ങ്കിൽ അത്‌ ഒരു സ്‌പീ​ഷീ​സിന്‌ കാലാ​വ​സ്ഥാ​മാ​റ്റ​ങ്ങ​​ളോട്‌ ഇണങ്ങി​​ച്ചേ​രാൻ കഴിയു​​മെ​ന്ന​താണ്‌

[17-ാം പേജിലെ ആകർഷക വാക്യം]

ജന്തുക്കളുടെ പ്രമുഖ ഗണങ്ങ​ളെ​ല്ലാം പെട്ടെന്നു പ്രത്യ​ക്ഷ​മാ​കു​ക​യും കാര്യ​മായ മാറ്റ​മൊ​ന്നു​മി​ല്ലാ​തെ തുടരു​ക​യും ചെയ്‌തു​​വെന്ന്‌ ഫോസിൽ രേഖ പ്രകട​മാ​ക്കു​ന്നു

[14-ാം പേജിലെ ചാർട്ട്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ജീവികളെ വർഗീ​ക​രി​ക്കുന്ന വിധം

ജീവി​കളെ സ്‌പീ​ഷീസ്‌ മുതൽ കിങ്‌ഡം വരെയുള്ള ഗണങ്ങളാ​യി വർഗീ​ക​രി​ച്ചി​രി​ക്കു​ന്നു. h ഉദാഹ​ര​ണ​ത്തിന്‌ ചുവടെ കൊടു​ത്തി​രി​ക്കുന്ന, മനുഷ്യ​രു​​ടെ​യും പഴ ഈച്ചക​ളു​​ടെ​യും വർഗീ​ക​രണം താരത​മ്യം ചെയ്യുക.

മനുഷ്യർ പഴ ഈച്ചകൾ

സ്‌പീഷീസ്‌ സാപി​യൻസ്‌ മെല​നോ​ഗാ​സ്റ്റർ

ജീനസ്‌ ഹോമോ ഡ്രോ​​സോ​ഫി​ല

ഫാമിലി ഹോമി​നി​ഡ്‌സ്‌ ഡ്രോ​സോ ഫിലി​ഡ്‌സ്‌

ഓർഡർ പ്രൈ​​മേ​റ്റു​കൾ ഡിപ്‌ടെറ

ക്ലാസ്സ്‌ സസ്‌ത​നി​കൾ ഷഡ്‌പ​ദ​ങ്ങൾ

ഫൈലം കോർഡേ​റ്റു​കൾ ആർ​ത്രോ​​പോ​ഡു​കൾ

കിങ്‌ഡം ജന്തുക്കൾ ജന്തുക്കൾ

[അടിക്കു​റിപ്പ്‌]

h കുറിപ്പ്‌: ഉല്‌പത്തി ഒന്നാം അധ്യായം പറയു​ന്ന​ത​നു​സ​രിച്ച്‌ സസ്യങ്ങ​ളും ജന്തുക്ക​ളും “അതതു തര”മനുസ​രിച്ച്‌ അഥവാ ഇനമനു​സ​രിച്ച്‌ പുനരു​ത്‌പാ​ദനം നടത്തു​മാ​യി​രു​ന്നു. (ഉല്‌പത്തി 1:​12, 21, 24, 25) എന്നിരു​ന്നാ​ലും “തരം” എന്ന ബൈബിൾ പദം ഒരു ശാസ്‌ത്രീയ പദമല്ല. “സ്‌പീ​ഷീസ്‌” എന്ന ശാസ്‌ത്രീയ പദവു​മാ​യി ഇതിനെ കൂട്ടി​ക്കു​ഴ​യ്‌ക്ക​രുത്‌.

[കടപ്പാട്‌]

ജോനഥാൻ വെൽസി​ന്റെ, ഐക്കോൺസ്‌ ഓഫ്‌ ഇവലൂഷൻ​—⁠സയൻസ്‌ ഓർ മിത്ത്‌? വൈ മച്ച്‌ ഓഫ്‌ വാട്ട്‌ വി റ്റീച്ച്‌ എബൗട്ട്‌ ഇവലൂഷൻ ഈസ്‌ റോങ്‌ എന്ന ഗ്രന്ഥത്തെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ചാർട്ടാ​ണിത്‌.

[15-ാം പേജിലെ ചിത്രങ്ങൾ]

ഉത്‌പരിവർത്തനം സംഭവിച്ച പഴ ഈച്ച (മുകളിൽ) വിരൂ​പ​മാ​ക്ക​​പ്പെ​​ട്ടെ​ങ്കി​ലും, ഇപ്പോ​ഴും പഴ ഈച്ചത​​ന്നെ​യാണ്‌

[കടപ്പാട്‌]

© Dr. Jeremy Burgess/Photo Researchers, Inc.

[15-ാം പേജിലെ ചിത്രങ്ങൾ]

ഒരേതരം ഉത്‌പ​രി​വർത്തി​തങ്ങൾ കൂടെ​ക്കൂ​ടെ പ്രത്യ​ക്ഷ​​പ്പെ​ട്ട​​പ്പോൾ പുതിയ ഉത്‌പ​രി​വർത്തി​ത​ങ്ങ​ളു​ടെ എണ്ണം കുറഞ്ഞു​​കൊ​ണ്ടി​രു​ന്ന​താ​യി സസ്യങ്ങ​ളി​ലെ ഉത്‌പ​രി​വർത്തന പരീക്ഷ​ണങ്ങൾ തുടർച്ച​യാ​യി വെളി​​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി (ഇവിടെ കാണി​ച്ചി​രി​ക്കുന്ന ഉത്‌പ​രി​വർത്തി​ത​ത്തിന്‌ വലിയ പൂവാ​ണു​ള്ളത്‌)

[13-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

From a Photograph by Mrs. J. M. Cameron/ U.S. National Archives photo

[16-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

കുരുവികളുടെ തലകൾ: © Dr. Jeremy Burgess/ Photo Researchers, Inc.

[17-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

ഡൈനസോർ: © Pat Canova/Index Stock Imagery; ഫോസിലുകൾ: GOH CHAI HIN/AFP/Getty Images