വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

വൃക്ഷങ്ങൾ നഗര മലിനീ​ക​രണം കുറയ്‌ക്കു​ന്നു

“വിവിധ വൃക്ഷയി​ന​ങ്ങൾക്ക്‌ മലിനീ​ക​രണം എത്രമാ​ത്രം കുറയ്‌ക്കാ​നാ​കു​മെന്ന്‌ അളക്കു​ന്ന​തിൽ വിദഗ്‌ധർ ആദ്യമാ​യി വിജയി​ച്ചി​രി​ക്കു​ന്നു,” ലണ്ടനിലെ ദ സൺഡേ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. പശ്ചിമ മിഡ്‌ലൻഡ്‌സ്‌ പ്രദേ​ശത്ത്‌ മൂന്നു വർഷം നടത്തിയ പഠനത്തി​ന്റെ ഭാഗമാ​യി ഇംഗ്ലണ്ടി​ലെ​യും സ്‌കോ​ട്ട്‌ലൻഡി​ലെ​യും ശാസ്‌ത്രജ്ഞർ ഏതാണ്ട്‌ 32,000 മരങ്ങൾക്കു ചുറ്റു​മുള്ള മണ്ണിന്റെ സാമ്പി​ളു​കൾ പരി​ശോ​ധി​ക്കു​ക​യു​ണ്ടാ​യി. ദോഷ​കാ​രി​ക​ളായ കണിക​കളെ ഏറ്റവു​മ​ധി​കം ആഗിരണം ചെയ്യുന്ന വൃക്ഷയി​നം കണ്ടെത്തു​ക​യാ​യി​രു​ന്നു ഉദ്ദേശ്യം. അന്തരീ​ക്ഷ​ത്തി​ലെ ഈ കണിക​ക​ളു​ടെ നിരക്കും ഓസോൺ തോതും കൂടെ ഗവേഷകർ പരി​ശോ​ധി​ച്ചു. മലിനീ​ക​രണം കുറയ്‌ക്കു​ന്ന​തിൽ ഏറ്റവും ഫലപ്രദം എന്നു തെളി​ഞ്ഞത്‌ ആഷ്‌, ലാർച്ച്‌, സ്‌കോ​ട്ട്‌സ്‌ പൈൻ എന്നീ വൃക്ഷങ്ങ​ളാ​യി​രു​ന്നു; ഫലപ്ര​ദ​ത്വം തീരെ കുറവു​ള്ള​താ​യി കണ്ടെത്തി​യത്‌ ഓക്ക്‌, വിലോ, പോപ്ലർ എന്നിവ​യും. “അന്തരീക്ഷ മലിനീ​ക​രണം കുറയ്‌ക്കു​ന്ന​തിൽ പുൽമേ​ടു​ക​ളെ​ക്കാൾ മൂന്നി​രട്ടി വരെ ഫലപ്ര​ദ​മാണ്‌ വൃക്ഷങ്ങൾ” എന്ന്‌ പഠനം തെളി​യി​ച്ചു. പശ്ചിമ മിഡ്‌ലൻഡ്‌സി​ലെ തുറസ്സായ പ്രദേ​ശ​ങ്ങ​ളു​ടെ പകുതി ഭാഗത്തു വൃക്ഷങ്ങൾ വെച്ചു​പി​ടി​പ്പി​ക്കു​ക​യാ​ണെ​ങ്കിൽത്തന്നെ കണികകൾ മൂലമു​ണ്ടാ​കുന്ന വായു​മ​ലി​നീ​ക​രണം 20 ശതമാനം കുറയ്‌ക്കാ​നാ​കു​മെന്ന്‌ ഒരു കമ്പ്യൂട്ടർ അവതര​ണ​ത്തി​ലൂ​ടെ കാണിച്ചു.(g03 3/22)

രക്തപ്പകർച്ച ശ്വാസ​കോശ തകരാ​റിന്‌ ഇടയാ​ക്കി​യേ​ക്കാം

“രക്തോ​ത്‌പ​ന്നങ്ങൾ, പ്രത്യേ​കിച്ച്‌ പ്ലാസ്‌മ അടങ്ങിയ ഉത്‌പ​ന്നങ്ങൾ സ്വീക​രി​ക്കുന്ന വ്യക്തി​കൾക്ക്‌ രക്തപ്പകർച്ച​യു​മാ​യി ബന്ധപ്പെട്ട, കടുത്ത ലക്ഷണങ്ങ​ളോ​ടെ പ്രത്യ​ക്ഷ​പ്പെ​ടുന്ന ശ്വാസ​കോശ തകരാറ്‌ ഉണ്ടാകാ​നുള്ള സാധ്യ​ത​യുണ്ട്‌” എന്ന്‌ യു.എസ്‌. ഫുഡ്‌ ആൻഡ്‌ ഡ്രഗ്‌ അഡ്‌മി​നി​സ്‌​ട്രേ​ഷന്റെ പ്രസി​ദ്ധീ​ക​ര​ണ​മായ എഫ്‌ഡിഎ കൺസ്യൂ​മർ പറയുന്നു. തിരി​ച്ച​റിഞ്ഞ്‌ വേണ്ടവി​ധം ചികി​ത്സി​ക്കാത്ത പക്ഷം മരണത്തി​ലേക്കു നയി​ച്ചേ​ക്കാ​വുന്ന ഒരു സ്ഥിതി​വി​ശേ​ഷ​മാണ്‌ ഇത്‌. “രക്തം നൽകുന്ന വ്യക്തി​യു​ടെ രക്തത്തിലെ ശ്വേത​ര​ക്താ​ണു പ്രതി​വ​സ്‌തു​ക്കൾ (antibodies), രക്തം സ്വീക​രി​ക്കുന്ന വ്യക്തി​യു​ടെ ശ്വേത​ര​ക്താ​ണു​ക്ക​ളു​മാ​യി പ്രതി​പ്ര​വർത്തിച്ച്‌ ശ്വാസ​കോശ കലയിൽ പരിവർത്തനം ഉണ്ടാക്കു​ക​യും തത്‌ഫ​ല​മാ​യി ശ്വാസ​കോ​ശ​ത്തി​ന്റെ ഉള്ളി​ലേക്കു ദ്രാവ​കങ്ങൾ പ്രവേ​ശി​ക്കു​ക​യും ചെയ്യു​മ്പോ​ഴാണ്‌ ഇതു സംഭവി​ക്കു​ന്നത്‌. രണ്ടില​ധി​കം കുട്ടി​ക​ളുള്ള സ്‌ത്രീ​ക​ളും ഒന്നില​ധി​കം രക്തപ്പകർച്ചകൾ സ്വീക​രി​ച്ചി​ട്ടു​ള്ള​വ​രും നൽകുന്ന രക്തം സ്വീക​രി​ക്കു​ന്ന​വ​രി​ലാണ്‌ ഒട്ടുമി​ക്ക​പ്പോ​ഴും ഈ തകരാറ്‌ കണ്ടുവ​രു​ന്നത്‌.” “പനി, കിതപ്പ്‌, രക്തസമ്മർദം കുറയൽ എന്നിവ​യാണ്‌” ലക്ഷണങ്ങൾ. “എക്‌സ്‌റേ പരി​ശോ​ധ​ന​യിൽ മിക്ക​പ്പോ​ഴും [രക്തം] സ്വീക​രിച്ച വ്യക്തി​യു​ടെ ശ്വാസ​കോ​ശങ്ങൾ പൂർണ​മാ​യും വെളുത്തു കാണ​പ്പെ​ടും.” (g03 3/8)

കുട്ടി​കൾക്കി​ട​യിൽ മരണത്തെ കുറിച്ച്‌ അനിശ്ചി​ത​ത്വം

“ഒരു വ്യക്തി മരിച്ചാൽ അയാളെ വീണ്ടും ജീവി​പ്പി​ക്കാൻ കഴിയു​മോ?” ജപ്പാൻ വിമൻസ്‌ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ പ്രൊ​ഫസർ ഹീരോ​ഷി നാക്കാ​മുര ആറാം ക്ലാസ്സിലെ 372 വിദ്യാർഥി​ക​ളോട്‌ ആ ചോദ്യം ചോദി​ച്ചു. മൂന്നി​ലൊന്ന്‌ ഉവ്വ്‌ എന്ന്‌ ഉത്തരം പറഞ്ഞ​പ്പോൾ അത്രയും​തന്നെ കുട്ടികൾ അതു സംബന്ധിച്ച്‌ തങ്ങൾക്ക്‌ ഉറപ്പില്ല എന്നു പറഞ്ഞതാ​യി ടോക്കി​യോ​യി​ലെ സാൻകെയ്‌ ഷിംബുൻ പത്രം റിപ്പോർട്ടു ചെയ്‌തു. “കമ്പ്യൂട്ടർ ഗെയി​മു​കൾ ആയിരി​ക്കാം ഇത്തര​മൊ​രു ധാരണ ഉടലെ​ടു​ക്കാൻ കാരണം. അതി​ലൊ​ക്കെ നായകൻ മരിച്ചാ​ലും ഒരു റീസെറ്റ്‌ ബട്ടൻ അമർത്തി​യാൽ എല്ലാം ആദ്യം​തൊട്ട്‌ തുടങ്ങാ​മ​ല്ലോ,” പത്രം പറയുന്നു. “ഉയർന്ന പ്രൈ​മറി ക്ലാസ്സു​ക​ളിൽ പഠിക്കുന്ന കുട്ടി​ക​ളിൽ ചിലർക്കു പോലും മരണം എന്നാൽ എന്താ​ണെന്ന്‌ കൃത്യ​മാ​യി അറിയില്ല” എന്ന്‌ സർവേ “വെളി​പ്പെ​ടു​ത്തു​ന്ന​താ​യി” പ്രൊ​ഫസർ പറയുന്നു. ഓമന​മൃ​ഗ​ങ്ങ​ളു​ടെ മരണവു​മാ​യി സമ്പർക്ക​ത്തിൽ വരാനും മരണാ​സ​ന്ന​രായ ബന്ധുക്കളെ സന്ദർശി​ക്കാ​നും അനുവ​ദി​ച്ചു​കൊണ്ട്‌ കുട്ടി​കളെ മരണത്തെ കുറിച്ചു പഠിപ്പി​ക്കാൻ അദ്ദേഹം മാതാ​പി​താ​ക്ക​ളോ​ടു നിർദേ​ശി​ക്കു​ന്നു. (g03 3/8)

ജോർജി​യ​യിൽ മത അസഹി​ഷ്‌ണുത രൂക്ഷമാ​കു​ന്നു

“ഇന്ന്‌, ഇവിടെ ഒരു നീർച്ചാ​ലി​നു സമീപ​ത്തുള്ള വയലിൽ ഒരു വേനൽക്കാല സുവി​ശേഷ യോഗം നടത്താൻ യഹോ​വ​യു​ടെ സാക്ഷികൾ പരിപാ​ടി​യി​ട്ടി​രു​ന്നു. എന്നാൽ ഇന്നലെ രാത്രി ഒരു അക്രമി​സം​ഘം എത്തി​ച്ചേർന്നു” എന്ന്‌ ദ ന്യൂ​യോർക്ക്‌ ടൈംസ റിപ്പോർട്ടു ചെയ്‌തു. “ജോർജി​യൻ ഓർത്ത​ഡോ​ക്‌സ്‌ സഭയുടെ കുരിശു ധരിച്ച രണ്ടു ഡസൻ പുരു​ഷ​ന്മാർ ബസുക​ളിൽ എത്തി ഊഷാ​ങ്‌ഗി ബുൺടൂ​രി​യു​ടെ വീടാകെ പരി​ശോ​ധി​ച്ചു; അവി​ടെ​യാ​യി​രു​ന്നു യോഗം നടത്താ​നി​രു​ന്നത്‌. ബൈബി​ളു​ക​ളും മത ലഘു​ലേ​ഖ​ക​ളും ബുൺടൂ​രി​യു​ടെ വസ്‌തു​വ​ക​ക​ളും അവർ മുറ്റത്ത്‌ കൂട്ടി​യിട്ട്‌ കത്തിച്ചു . . . സ്‌നാപന കുളത്തിൽ അവർ ഡീസൽ നിറച്ചു. സ്ഥലത്തെ പോലീസ്‌ ചീഫ്‌ ഉൾപ്പെ​ടെ​യുള്ള പോലീ​സു​കാ​രും സംഭവ​സ്ഥ​ല​ത്തെത്തി . . . ആരും അറസ്റ്റു ചെയ്യ​പ്പെ​ട്ടില്ല. . . . അക്രമങ്ങൾ അരങ്ങേ​റിയ വിധം കണ്ടാൽ എല്ലാം മുൻകൂ​ട്ടി ആസൂ​ത്രണം ചെയ്‌തി​രു​ന്ന​തു​പോ​ലെ തോന്നും.” “റഷ്യ ഉൾപ്പെ​ടെ​യുള്ള സോവി​യറ്റ്‌ യൂണി​യന്റെ പല മുൻ റിപ്പബ്ലി​ക്കു​ക​ളി​ലും” മത സംഘർഷങ്ങൾ ഉണ്ടായി​ട്ടു​ണ്ടെ​ങ്കി​ലും “മത ന്യൂന​പ​ക്ഷ​ങ്ങ​ളു​ടെ നേർക്കുള്ള ഏറ്റവും കടുത്ത അക്രമ​വും അധികാ​രി​കൾ അക്രമ​ങ്ങൾക്കു കൂട്ടു​നിൽക്കു​ന്ന​തി​ന്റെ ഏറ്റവും വ്യക്തമായ തെളി​വു​ക​ളും ഉള്ളത്‌ ജോർജി​യ​യി​ലാണ്‌. സോവി​യറ്റ്‌ യൂണിയൻ വിഭജി​ക്ക​പ്പെട്ട ശേഷം തയ്യാറാ​ക്കിയ അതിന്റെ ഭരണഘ​ട​ന​യിൽ ജോർജിയ മതസ്വാ​ത​ന്ത്ര്യം ഉറപ്പു നൽകു​ന്നുണ്ട്‌. എന്നാൽ അക്രമ​സം​ഭ​വ​ങ്ങ​ളു​ടെ എണ്ണം വർധി​ച്ചു​വ​രി​ക​യാണ്‌. കൂട്ട അക്രമം, കൊള്ളി​വെ​പ്പു​കൾ, മർദനം എന്നിവ നടന്നതി​ന്റെ അനേകം റിപ്പോർട്ടു​കൾ ലഭിച്ചി​ട്ടുണ്ട്‌” എന്ന്‌ ടൈംസ്‌ പറയുന്നു. (g03 3/22)

“പള്ളി മേള” യുവജ​ന​ങ്ങളെ ആകർഷി​ക്കു​ന്നു

ജർമൻ പത്രമായ നാസാ​വു​യി​ഷെ നോയി​യെ പ്രെസ്സെ “‘പള്ളി മേള’യ്‌ക്ക്‌ യുവജ​ന​ങ്ങ​ളു​ടെ പിന്തുണ” എന്ന തലക്കെ​ട്ടി​നു കീഴിൽ ഹെസി​യി​ലെ​യും നാസാ​വു​വി​ലെ​യും പ്രൊ​ട്ട​സ്റ്റന്റ്‌ സഭ സംഘടി​പ്പിച്ച ആദ്യ സഭായു​വജന മേളയെ കുറിച്ച്‌ റിപ്പോർട്ടു ചെയ്‌തു. 4,400-ഓളം പേർ അഞ്ചു ദിവസത്തെ മേളയിൽ പങ്കെടു​ത്തു. മേളയു​ടെ ഭാഗമാ​യി ശിൽപ്പ​ശാ​ലകൾ, സംഘ ചർച്ചകൾ, മെഴു​കു​തി​രി വെളി​ച്ച​വും പാട്ടു​ക​ളും സഹിത​മുള്ള രാത്രി ആരാധന എന്നിവ നടത്ത​പ്പെട്ടു. കൂടാതെ ധാരാളം കായി​ക​വി​നോ​ദ​ങ്ങ​ളും പാർട്ടി​ക​ളും സംഗീത അവതര​ണ​ങ്ങ​ളും ഉണ്ടായി​രു​ന്നു. “220-ലധികം ഇനങ്ങൾ ഉണ്ടായി​രു​ന്നെ​ങ്കി​ലും പരമ്പരാ​ഗത രീതി​യി​ലുള്ള ബൈബിൾ ക്ലാസ്സു​ക​ളോ പള്ളി ശുശ്രൂ​ഷ​ക​ളോ ഒരു പ്രാവ​ശ്യം പോലും നടത്ത​പ്പെ​ട്ടില്ല” എന്ന്‌ പത്രം പറഞ്ഞു. “ബോറ​ടി​പ്പി​ക്കു​ന്ന​തെന്നു പൊതു​വേ കരുത​പ്പെ​ടുന്ന ബൈബിൾ ക്ലാസ്സുകൾ ചില യുവജ​നങ്ങൾ ആവശ്യ​പ്പെ​ട്ട​തിൽ” ഒരു യുവ പുരോ​ഹി​തൻ തികഞ്ഞ അതിശയം പ്രകടി​പ്പി​ച്ചു. ഒരു കൗമാ​ര​പ്രാ​യ​ക്കാ​രൻ ഇങ്ങനെ പറഞ്ഞു: “വാസ്‌ത​വ​ത്തിൽ ഈ പരിപാ​ടിക്ക്‌ പള്ളിയു​മാ​യി വലിയ ബന്ധമൊ​ന്നു​മില്ല, എങ്കിലും ഇവിടത്തെ അന്തരീക്ഷം രസകര​മാണ്‌.” (g03 3/22)

മതവും യുദ്ധവും

“ഇന്ന്‌ ഏറ്റവു​മ​ധി​കം രക്തച്ചൊ​രി​ച്ചി​ലിന്‌ ഇടയാ​ക്കു​ന്ന​തും അപകട​ക​ര​വു​മായ തർക്കങ്ങൾ . . . മതം ഉൾപ്പെ​ട്ട​വ​യാണ്‌” എന്ന്‌ യുഎസ്‌എ ടുഡേ പറയുന്നു. അവ പരിഹ​രി​ക്കാ​നും വളരെ ബുദ്ധി​മു​ട്ടാണ്‌. “ഇരുകൂ​ട്ട​രും ദൈവം തങ്ങളുടെ പക്ഷത്താ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​മ്പോൾ ഒത്തുതീർപ്പിന്‌ സാധാരണ അവലം​ബി​ക്കുന്ന മാർഗങ്ങൾ—ഉദാഹ​ര​ണ​ത്തിന്‌, വിട്ടു​വീഴ്‌ച ചെയ്യുക, പഴയ പ്രശ്‌നങ്ങൾ മറക്കുക എന്നിവ​യൊ​ക്കെ—പ്രയോ​ഗ​ത്തിൽ കൊണ്ടു​വ​രാൻ കൂടുതൽ ബുദ്ധി​മു​ട്ടാ​യി​ത്തീർന്നേ​ക്കാം” എന്ന്‌ പത്രം കൂട്ടി​ച്ചേർക്കു​ന്നു. “പ്രശ്‌നം മതവു​മാ​യി ബന്ധപ്പെ​ട്ട​ത​ല്ലെ​ങ്കി​ലും—ഉദാഹ​ര​ണ​ത്തിന്‌ ഭൂമി​യെ​യോ അധികാ​ര​ത്തെ​യോ മറ്റോ ചൊല്ലി​യുള്ള മതപര​മ​ല്ലാത്ത തർക്കങ്ങൾ—പിന്തുണ നേടാ​നാ​യി മതത്തെ ഒരു ഉപകര​ണ​മാ​യി ഉപയോ​ഗി​ക്കു​മ്പോ​ഴും ഇതു സത്യമാണ്‌.” മത പഠിപ്പി​ക്ക​ലു​ക​ളി​ലുള്ള വ്യത്യാ​സങ്ങൾ യുദ്ധം താത്‌കാ​ലി​ക​മാ​യി അവസാ​നി​പ്പി​ക്കു​ന്നതു പോലും പ്രയാ​സ​ക​ര​മാ​ക്കു​ന്നു. ഒരു ഉദാഹ​രണം അടുത്ത​കാ​ലത്ത്‌ കോ​സോ​വോ​യിൽ നടന്ന യുദ്ധമാണ്‌. ഈസ്റ്ററി​ന്റെ സമയത്ത്‌ യുദ്ധം നിറു​ത്തി​വെ​ക്കു​ന്ന​തി​നെ കുറിച്ച്‌ ചിന്തി​ച്ചെ​ങ്കി​ലും കത്തോ​ലി​ക്ക​രും ഓർത്ത​ഡോ​ക്‌സു​കാ​രും ഈസ്റ്റർ ആഘോ​ഷി​ക്കുന്ന തീയതി​കൾ വ്യത്യാ​സ​പ്പെ​ട്ടി​രു​ന്ന​തി​നാൽ അതു നടപ്പാ​ക്കാൻ കഴിഞ്ഞില്ല. യുദ്ധം “ഒടുവിൽ നിറു​ത്ത​ലി​ല്ലാ​തെ തുടർന്നു” എന്ന്‌ യുഎസ്‌എ ടുഡേ പറയുന്നു. (g03 3/22)

എച്ച്‌ഐവി/എയ്‌ഡ്‌സ്‌ വ്യാപനം “നിയ​ന്ത്ര​ണാ​തീ​തം”

“ലോക​വ്യാ​പ​ക​മാ​യി എച്ച്‌ഐവി ബാധി​ത​രായ നാലു കോടി ജനങ്ങളുണ്ട്‌, രണ്ടു കോടി ജനങ്ങൾ എയ്‌ഡ്‌സി​ന്റെ ഫലമായി മരണമ​ട​ഞ്ഞി​രി​ക്കു​ന്നു, ഓരോ വർഷവും 7,50,000 കുഞ്ഞുങ്ങൾ എച്ച്‌ഐവി ബാധി​ത​രാ​യി ജനിക്കു​ന്നു,” ബ്രിട്ട​നി​ലെ വൈദ്യ​ശാ​സ്‌ത്ര മാസി​ക​യായ ദ ലാൻസെറ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. 2001-ൽ മാത്രം പുതു​താ​യി 50 ലക്ഷം പേർ എച്ച്‌ഐവി ബാധി​ത​രാ​കു​ക​യും 30 ലക്ഷം പേർ എയ്‌ഡ്‌സ്‌ നിമിത്തം മരണമ​ട​യു​ക​യും ചെയ്‌തു. എച്ച്‌ഐവി/എയ്‌ഡ്‌സ്‌ സംയുക്ത ഐക്യ​രാ​ഷ്‌ട്ര പരിപാ​ടി​യു​ടെ എക്‌സി​ക്യൂ​ട്ടിവ്‌ ഡയറക്ടർ പീറ്റർ പ്യോ പറയു​ന്ന​ത​നു​സ​രിച്ച്‌ ഈ വ്യാപനം “നിയ​ന്ത്ര​ണാ​തീ​തം” ആയിത്തീർന്നി​രി​ക്കു​ന്നു. എന്നാൽ ഈ പകർച്ച​വ്യാ​ധി ഇപ്പോ​ഴും അതിന്റെ “പ്രാരംഭ ഘട്ടങ്ങളി​ലാണ്‌.” അടുത്ത 20 വർഷത്തി​നു​ള്ളിൽ എയ്‌ഡ്‌സി​ന്റെ ഫലമായി ഏഴു കോടി ജനങ്ങൾ മരിക്കു​മെന്ന്‌ അദ്ദേഹം കണക്കാ​ക്കു​ന്നു. സഹാറ​യ്‌ക്കു തെക്കുള്ള ആഫ്രിക്കൻ നാടു​ക​ളി​ലെ ചില നഗരങ്ങ​ളിൽ 30 മുതൽ 50 വരെ ശതമാനം ആളുകൾ എച്ച്‌ഐവി ബാധി​ത​രാണ്‌. പ്രായ​പൂർത്തി​യായ വളരെ​യ​ധി​കം ചെറു​പ്പ​ക്കാർ മരിക്കു​ന്നതു കാരണം 2020 ആകു​മ്പോ​ഴേ​ക്കും തൊഴിൽ ചെയ്യാൻ പ്രാപ്‌ത​രാ​യ​വ​രു​ടെ 25 ശതമാ​ന​ത്തി​ല​ധി​കം നഷ്ടപ്പെ​ട്ടി​രി​ക്കു​മെന്ന ഉത്‌കണ്‌ഠ ഉയർന്നി​രി​ക്കു​ന്നു. “ഭാവി സമ്പദ്‌വ്യ​വ​സ്ഥയെ ഏറ്റവും അധികം ബാധി​ക്കു​ന്നത്‌ കുട്ടി​ക​ളു​ടെ മേലുള്ള ഇതിന്റെ ഫലങ്ങളാണ്‌, ഒരുപക്ഷേ പുനരു​ദ്ധാ​രണം ഒരിക്ക​ലും സാധ്യ​മാ​കാ​ത്ത​വി​ധം അതു താറു​മാ​റാ​യേ​ക്കാം” എന്ന്‌ ദ ലാൻസെറ്റ്‌ പറയുന്നു. സിംബാ​ബ്‌വേ​യിൽ “കൗമാ​ര​ത്തി​ന്റെ പ്രാരംഭ ഘട്ടത്തിൽ എത്തു​മ്പോ​ഴേ​ക്കും അഞ്ചു​പേ​രിൽ ഒരാൾക്ക്‌ മാതാ​പി​താ​ക്ക​ളിൽ ഒരാ​ളെ​യെ​ങ്കി​ലും നഷ്ടപ്പെ​ടാൻ സാധ്യ​ത​യുണ്ട്‌.” (g03 3/22)

മുലയൂ​ട്ടു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങൾ

“നവജാ​ത​ശി​ശു​ക്കൾക്ക്‌” മുലപ്പാ​ലി​നെ​ക്കാൾ “മെച്ചമായ ഒരു ആഹാര​വു​മില്ല” എന്ന്‌ നാഡീ​ശ​സ്‌ത്ര​ക്രി​യാ വിദഗ്‌ധ​നായ ഡോ. സഞ്‌ജയ്‌ ഗുപ്‌ത ടൈം മാസി​ക​യിൽ എഴുതു​ക​യു​ണ്ടാ​യി. “കുപ്പി​പ്പാൽ കുടി​ക്കുന്ന കുഞ്ഞു​ങ്ങളെ അപേക്ഷിച്ച്‌ മുലപ്പാൽ കുടി​ക്കുന്ന കുഞ്ഞു​ങ്ങളെ ആശുപ​ത്രി​യിൽ പ്രവേ​ശി​പ്പി​ക്കേണ്ടി വരുന്ന​തും അവർക്ക്‌ ചെവി​യിൽ പഴുപ്പ്‌, വയറി​ളക്കം, ദേഹത്ത്‌ തടിപ്പു​കൾ, അലർജി​കൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകു​ന്ന​തും ചുരു​ക്ക​മാണ്‌.” മുലപ്പാൽ കൊടു​ക്കു​ന്നത്‌ ശ്വാസ​കോശ രോഗ​ങ്ങ​ളിൽനി​ന്നു സംരക്ഷണം നൽകു​ന്ന​താ​യും റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നു. ഡെന്മാർക്കിൽ മുതിർന്ന​വ​രിൽ നടത്തിയ ഒരു പഠനം “കുഞ്ഞു​ങ്ങ​ളാ​യി​രു​ന്ന​പ്പോൾ ഏഴു മുതൽ ഒമ്പതു വരെ മാസം മുലപ്പാൽ കുടി​ച്ച​വ​രു​ടെ ബുദ്ധി​യു​ടെ നിലവാ​രം രണ്ടാഴ്‌ച​യോ അതിൽ കുറവോ മുലപ്പാൽ കുടി​ച്ച​വ​രു​ടേ​തി​നെ​ക്കാൾ ഉയർന്ന​താ​യി​രു​ന്നു” എന്നു വെളി​പ്പെ​ടു​ത്തി. കുഞ്ഞു​ങ്ങൾക്ക്‌ ആറുമാ​സ​മോ സാധ്യ​മെ​ങ്കിൽ ഒരു വർഷമോ അതില​ധി​ക​മോ മുലപ്പാൽ കൊടു​ക്കാൻ അമേരി​ക്കൻ ശിശു​രോഗ അക്കാദമി ശുപാർശ ചെയ്യുന്നു. “മുലയൂ​ട്ട​ലിൽനിന്ന്‌ പ്രയോ​ജനം ലഭിക്കു​ന്നത്‌ യഥാർഥ​ത്തിൽ കുഞ്ഞു​ങ്ങൾക്കു മാത്രമല്ല” എന്ന്‌ യു.എസ്‌. ന്യൂസ്‌ & വേൾഡ്‌ റിപ്പോർട്ട്‌ പറയുന്നു. 30 രാജ്യ​ങ്ങ​ളിൽനി​ന്നുള്ള 1,50,000 സ്‌ത്രീ​ക​ളിൽ നടത്തിയ ഒരു പഠനം “ഒരു സ്‌ത്രീ മുലയൂ​ട്ടുന്ന ഓരോ വർഷവും അവൾക്ക്‌ സ്‌തനാർബു​ദം വരാനുള്ള സാധ്യത 4.3 ശതമാനം കുറയു​ന്നു” എന്നു വെളി​പ്പെ​ടു​ത്തി. എന്നിരു​ന്നാ​ലും “അമേരി​ക്ക​യി​ലെ അമ്മമാ​രിൽ പകുതി പേർ മാത്രമേ മുലയൂ​ട്ടു​ന്നു​ള്ളൂ, അതും ശരാശരി രണ്ടോ മൂന്നോ മാസം.” (g03 3/22)