വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബോസ്‌പോറസിൽ “ഏകയായി”

ബോസ്‌പോറസിൽ “ഏകയായി”

ബോസ്‌പോ​റ​സിൽ “ഏകയായി”

ടർക്കിയിലെ ഉണരുക! ലേഖകൻ

ബോസ്‌പോ​റസ്‌ കടലി​ടുക്ക്‌ മാർമറ കടലു​മാ​യി ചേരു​ന്നി​ടത്ത്‌ (ഭൂപടം കാണുക.) നൂറു​ക​ണ​ക്കിന്‌ വർഷങ്ങ​ളാ​യി അവൾ നിൽക്കു​ന്നു, വിഷാ​ദ​ഭാ​വ​ത്തോ​ടെ, ഏകയായി, ഉറ്റവ​രെ​യും കാത്ത്‌ പടിവാ​തിൽക്കൽ നിൽക്കുന്ന ഒരു അമ്മയെ പോലെ. ശക്തമായി ഒഴുകി​വന്ന്‌ തീരത്തെ പാറ​ക്കെ​ട്ടിൽത്തട്ടി പൊട്ടി​ച്ചി​ത​റുന്ന തിരമാ​ലകൾ കണ്ടാൽ അത്‌ അവളുടെ ഉടുപ്പി​ന്റെ വിളു​മ്പിൽ പിടി​പ്പി​ച്ചി​രി​ക്കുന്ന റേന്തയാ​ണോ എന്നു തോന്നി​പ്പോ​കും. ഇവിടെ, മെയ്‌ഡൻസ്‌ ടവർ എന്ന ഈ ഗോപു​രം ചരി​ത്ര​ത്തി​ന്റെ നീരൊ​ഴു​ക്കിന്‌ ഒരു മൂകസാ​ക്ഷി​യാ​യി നില​കൊ​ണ്ടി​രി​ക്കു​ന്നു.

കപ്പൽ ദുരന്ത​ങ്ങൾക്കും രക്തരൂ​ഷി​ത​മായ പോരാ​ട്ട​ങ്ങ​ളിൽ ഏർപ്പെ​ടുന്ന സൈന്യ​ങ്ങ​ളു​ടെ ആർത്തി​പൂണ്ട കൊള്ള​യ​ടി​ക്കും കൊട്ടാര ഉല്ലാസ​ത്തി​മിർപ്പു​കൾക്കു​മെ​ല്ലാം അവൾ നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം സാക്ഷ്യം വഹിച്ചി​രി​ക്കു​ന്നു. ഈസ്റ്റാൻബുൾ എന്നു കേൾക്കു​മ്പോൾ പലരു​ടെ​യും മനസ്സി​ലേക്ക്‌ ആദ്യം​തന്നെ കടന്നു​വ​രു​ന്നത്‌ ഈ പുരാതന നഗരത്തി​ന്റെ പ്രതീ​ക​മാ​യി​ത്തീർന്നി​രി​ക്കുന്ന പ്രസ്‌തുത ഗോപു​ര​മാണ്‌.

അനേകർക്കും ഈ ടവറി​നോ​ടു തോന്നുന്ന ആകർഷണം വാക്കു​ക​ളിൽ വർണി​ക്കുക പ്രയാ​സ​മാണ്‌. അസ്‌തമയ സൂര്യൻ രചിക്കുന്ന ഈസ്റ്റാൻബുൾ നഗരത്തി​ന്റെ നിഴൽച്ചി​ത്ര പശ്ചാത്ത​ല​ത്തിൽ നിൽക്കുന്ന മെയ്‌ഡൻസ്‌ ടവറി​ലേക്ക്‌ കണ്ണും​ന​ട്ടി​രി​ക്കുന്ന ആരെ​യെ​ങ്കി​ലു​മൊ​ക്കെ എന്നും വൈകു​ന്നേരം ഏഷ്യൻ തീരത്ത്‌ കാണാം. അത്‌ ഭൂതകാ​ല​ത്തി​ന്റെ ഓർമകൾ അയവി​റ​ക്കുന്ന ഒരു വൃദ്ധനോ നിറഞ്ഞ പ്രതീ​ക്ഷ​ക​ളോ​ടെ ഭാവി സംബന്ധിച്ച്‌ സ്വപ്‌നങ്ങൾ നെയ്‌തു​കൂ​ട്ടുന്ന ഒരു യുവാ​വോ ആയിരി​ക്കാം. അല്ലെങ്കിൽ, ഈ ഗോപു​ര​വും തന്നെ​പ്പോ​ലെ ഏകയാ​ണ​ല്ലോ എന്നു ചിന്തി​ക്കുന്ന, പ്രിയ​പ്പെ​ട്ട​വരെ നഷ്ടപ്പെട്ട ഒരു സ്‌ത്രീ ആയിരി​ക്കാം അത്‌. തന്റെ രചനക​ളിൽ മിക്ക​പ്പോ​ഴും ഈ ടവറിനെ കുറിച്ചു പരാമർശി​ക്കുന്ന ടർക്കിഷ്‌ കവി സുനൈ ആകിൻ ഒരിക്കൽ പറഞ്ഞു: “ഈസ്റ്റാൻബു​ളി​ന്റെ ഏറ്റവും മോശ​മായ ദൃശ്യം മെയ്‌ഡൻസ്‌ ടവറിൽനി​ന്നു​ള്ള​താണ്‌, കാരണം അവിടെ നിൽക്കു​മ്പോൾ മെയ്‌ഡൻസ്‌ ടവറിന്റെ മനോ​ഹാ​രിത കാണാൻ കഴിയാ​തെ പോകു​ന്നു.”

ടവറിന്റെ ചരിത്ര വേരുകൾ തേടി​പ്പി​ടി​ക്കുക എന്നത്‌ എളുപ്പ​മുള്ള കാര്യമല്ല. അതിന്റെ ഭൂതകാ​ല​ത്തി​ലേക്ക്‌ നാം എത്രയ​ധി​കം ഊളി​യി​ടു​ന്നു​വോ അത്രയ​ധി​ക​മാ​യി, അത്‌ പാരമ്പ​ര്യ​ത്തി​ന്റെ​യും ഐതി​ഹ്യ​ങ്ങ​ളു​ടെ​യും മൂടു​പ​ട​ത്തി​നു​ള്ളിൽ ആയിരി​ക്കു​ന്ന​താ​യി കാണ​പ്പെ​ടും.

ദ്വീപി​ന്റെ ആദിമ ചരിത്രം

ലഭ്യമായ ഏറ്റവും പുരാതന വിവരങ്ങൾ ടവറിനെ കുറി​ച്ചു​ള്ളതല്ല, അത്‌ സ്ഥിതി​ചെ​യ്യുന്ന പാറ​ക്കെ​ട്ടി​നെ കുറി​ച്ചു​ള്ള​താണ്‌. പൊ.യു.മു. 411-ൽ ഏഥൻസും സ്‌പാർട്ട​യും തമ്മിൽ യുദ്ധം ഉണ്ടായ​പ്പോൾ ബൈസ​ന്റി​യം (ഇപ്പോ​ഴത്തെ ഈസ്റ്റാൻബുൾ) സ്‌പാർട്ട​യു​ടെ പക്ഷം ചേർന്നു. അങ്ങനെ ബോസ്‌പോ​റ​സി​ന്റെ യൂറോ​പ്യൻ വശം സ്‌പാർട്ട​യു​ടെ കൈവ​ശ​മാ​യി, ഏഷ്യൻ വശം ഏഥൻസി​ന്റെ​യും. യുദ്ധത്തിൽ സ്‌പാർട്ട ഏഥൻസി​നോ​ടു തോ​റ്റെ​ങ്കി​ലും ബൈസ​ന്റി​യ​ത്തിന്‌ എതിരെ ഏഥൻസ്‌ ഉടനെ കൂടു​ത​ലായ നടപടി​യൊ​ന്നും എടുത്തില്ല. മറിച്ച്‌ ബോസ്‌പോ​റസ്‌ കടലി​ടു​ക്കി​ന്റെ നിയ​ന്ത്രണം ഏറ്റെടു​ത്തു​കൊണ്ട്‌ അതുവഴി പോകുന്ന കപ്പലു​ക​ളിൽനിന്ന്‌ നികുതി കൈപ്പ​റ്റുക മാത്രം ചെയ്‌തു. അവിടത്തെ പാറ​ക്കെ​ട്ടിൽ അഥീനി​യൻ ജനറലും രാജ്യ​ത​ന്ത്ര​ജ്ഞ​നു​മായ ആൾസി​ബൈ​യ​ഡിസ്‌ ഒരു നികു​തി​പി​രി​വു ശാല പണിത​താ​യി കരുത​പ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും ആ സമയത്ത്‌ അവിടെ ഒരു ഗോപു​രം സ്ഥിതി ചെയ്‌തി​രു​ന്ന​താ​യി പരാമർശ​മൊ​ന്നു​മില്ല.

ഏതാനും വർഷങ്ങൾക്കു ശേഷം ബൈസ​ന്റി​യം പൂർണ​മാ​യും ഏഥൻസി​ന്റെ അധീന​ത​യി​ലാ​യി. മാസി​ഡോ​ണി​യ​യി​ലെ ഫിലിപ്പ്‌ രണ്ടാമൻ രാജാ​വിൽനി​ന്നു ഭീഷണി നേരി​ട്ട​പ്പോൾ ബൈസ​ന്റി​യ​ത്തി​ലെ തങ്ങളുടെ സ്ഥാനം ഉറപ്പി​ക്കാ​നാ​യി ഏഥൻസ്‌ 40 യുദ്ധക്ക​പ്പ​ലു​കൾ അവി​ടേക്ക്‌ അയച്ചു. നാവി​ക​പ്പ​ട​യു​ടെ അധിപൻ അഡ്‌മി​റൽ ഹാരിസ്‌ ആ യാത്ര​യിൽ തന്റെ പത്‌നി​യെ​യും കൂടെ കൂട്ടി. എന്നാൽ രോഗ​ബാ​ധി​ത​യാ​യി​ത്തീർന്ന അവർ ക്രി​സോ​പൊ​ലി​സിൽവെച്ച്‌ (ഊസ്‌കൂ​ഡാർ) മരണമ​ടഞ്ഞു. അഡ്‌മി​റൽ ഹാരിസ്‌ തന്റെ പത്‌നി​ക്കാ​യി ഒരു സ്‌മാ​രകം പണിക​ഴി​പ്പി​ച്ചു. ഇതു സ്ഥിതി​ചെ​യ്‌തി​രുന്ന പാറകൾ നിറഞ്ഞ കൊച്ചു ദ്വീപിൽത്തന്നെ ആണ്‌ പിന്നീട്‌ മെയ്‌ഡൻസ്‌ ടവർ നിർമി​ക്ക​പ്പെ​ട്ട​തെന്നു പറയ​പ്പെ​ടു​ന്നു.

ടവറിന്റെ അതിജീ​വന കഥ

ദ ബുക്ക്‌ ഓഫ്‌ ദ മെയ്‌ഡൻസ്‌ ടവർ പറയുന്ന പ്രകാരം ഒരു ഗോപു​ര​ത്തോ​ടു സാദൃ​ശ്യ​മുള്ള എന്തെങ്കി​ലും ആ പാറ​ക്കെ​ട്ടു​ക​ളി​ന്മേൽ ആദ്യമാ​യി പണിയ​പ്പെ​ട്ടത്‌ മാന്യു​വെൽ ഒന്നാമൻ കോമ്‌നീ​ന​സി​ന്റെ ഭരണകാ​ല​ത്താണ്‌ (1143-80). ആ കാലത്ത്‌ പീരങ്കി​ക​ളാൽ സജ്ജമായ കോട്ട​സ​മാ​ന​മായ ഒരു ചെറിയ കെട്ടിടം അവിടെ പണിയ​പ്പെട്ടു.

വിദേ​ശ​ശ​ക്തി​കൾ 1453-ൽ ഈസ്റ്റാൻബുൾ പിടി​ച്ച​ട​ക്കി​യെ​ങ്കി​ലും ആ ചെറിയ കോട്ട അവർ നശിപ്പി​ച്ചില്ല. അത്‌ സൈനിക ആവശ്യ​ങ്ങൾക്കാ​യി തുടർന്നും ഉപയോ​ഗി​ച്ചു പോന്നു. പിന്നീട്‌ മാർമറ കടലിന്‌ അഭിമു​ഖ​മാ​യി തടി​കൊ​ണ്ടുള്ള ഒരു പ്രകാ​ശ​ഗോ​പു​രം കൂടെ പണിക​ഴി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഈസ്റ്റാൻബുൾ പിടി​ച്ച​ട​ക്ക​പ്പെ​ട്ട​തി​നെ തുടർന്നുള്ള കാലത്ത്‌ രക്തത്തിൽ കുതിർന്ന ഏതാനും ചരി​ത്ര​ത്താ​ളു​കൾ കൂടെ എഴുതി​ച്ചേർക്ക​പ്പെ​ട്ട​പ്പോൾ—ബോസ്‌പോ​റ​സിൽ യുദ്ധക്ക​പ്പ​ലു​കൾ ഏറ്റുമു​ട്ടു​ക​യും വാളേ​ന്തിയ പടയാ​ളി​കൾ പരസ്‌പരം പോരാ​ടു​ക​യും ചെയ്‌തു—ടവർ അതി​നൊ​ക്കെ​യും ദൃക്‌സാ​ക്ഷി​യാ​യി അവി​ടെ​ത്തന്നെ നില​കൊ​ണ്ടു. വെടി​മ​രു​ന്നും മറ്റു സ്‌ഫോ​ടക വസ്‌തു​ക്ക​ളും നിറച്ച ചരക്കു​ക​പ്പ​ലു​കൾ പോരാ​ട്ട​ത്തി​നാ​യി ഉപയോ​ഗി​ച്ചു.

വർഷങ്ങ​ളി​ലു​ട​നീ​ളം ടവർ ഭൂകമ്പ​ങ്ങൾക്കും അഗ്നിബാ​ധ​കൾക്കും ഇരയായി. ഒടുവിൽ 1720-ൽ ഉണ്ടായ ഒരു അഗ്നിബാ​ധ​യിൽ അത്‌ ഏതാണ്ടു പൂർണ​മാ​യി നശിച്ചു. തുടർന്ന്‌ ദാമാത്ത്‌ ഇബ്രാ​ഹിം പാഷാ ഇതു കല്ലു​കൊ​ണ്ടു പുനർനിർമി​ച്ചു, അനേകം ജനാല​ക​ളോ​ടു കൂടിയ, ഈയത്താൽ ആവരണം ചെയ്യപ്പെട്ട ഒരു ചെറിയ ഗോപു​രം അദ്ദേഹം കൂട്ടി​ച്ചേർത്തു. 1829-ൽ കോളറ പൊട്ടി​പ്പു​റ​പ്പെ​ട്ട​പ്പോൾ രോഗി​കളെ മാറ്റി​പാർപ്പി​ച്ചു ചികി​ത്സി​ക്കു​ന്ന​തി​നുള്ള ഒരു സ്ഥാനമാ​യി ടവർ ഉപയോ​ഗ​പ്പെ​ടു​ത്തി. താമസി​യാ​തെ 1832-ൽ മഹ്‌മൂദ്‌ രണ്ടാമന്റെ വാഴ്‌ച​ക്കാ​ലത്ത്‌ അവസാ​ന​മാ​യി വിപു​ല​മായ അറ്റകു​റ്റ​പ്പ​ണി​കൾ നടത്ത​പ്പെട്ടു. 1857-ൽ ടവറിന്റെ നിയ​ന്ത്രണം പ്രകാ​ശ​ഗോ​പുര ബോർഡ്‌ ഏറ്റെടു​ക്കു​ക​യും ടവറിനെ പ്രവർത്ത​ന​ക്ഷ​മ​മായ ഒരു പ്രകാ​ശ​ഗോ​പു​ര​മാ​ക്കി മാറ്റാ​നുള്ള ചുമതല ഒരു ഫ്രഞ്ച്‌ കമ്പനിയെ ഏൽപ്പി​ക്കു​ക​യും ചെയ്‌തു. 1920-ൽ പ്രകാ​ശ​ഗോ​പു​രം സ്വയം പ്രവർത്തി​ക്കത്തക്ക വിധത്തിൽ പൂർണ​മാ​യി യന്ത്രവ​ത്‌ക​രി​ച്ചു. നൂറോ​ളം വർഷം ടവർ ഒരു പ്രകാ​ശ​ഗോ​പു​ര​മെന്ന നിലയിൽ ഉപയോ​ഗി​ച്ചു.

ഒട്ടോമൻ സാമ്രാ​ജ്യ​ശ​ക്തി​യു​ടെ കാലത്ത്‌ രാത്രി​ക​ളി​ലും മഞ്ഞുമൂ​ടി​ക്കി​ട​ക്കുന്ന പകൽസ​മ​യ​ങ്ങ​ളി​ലും വഴികാ​ണി​ക്കുന്ന ഒരു പ്രകാ​ശ​ഗോ​പു​ര​മാ​യി ടവർ വർത്തിച്ചു. കൊടു​ങ്കാ​റ്റത്ത്‌ ചെറിയ ബോട്ടു​കൾ തിരക​ളിൽപ്പെട്ട്‌ ഒഴുകി​പ്പോ​കാ​തി​രി​ക്കാൻ ടവറിൽ കെട്ടി​യി​ട്ടി​രു​ന്നു. ഔദ്യോ​ഗിക ആഘോ​ഷ​വേ​ള​ക​ളിൽ ടവറിലെ പീരങ്കി​ക​ളിൽനിന്ന്‌ വെടി ഉതിർത്തി​രു​ന്നു.

ഓട്ടോ​മൻ ഭരണാ​ധി​കാ​രി​കൾ ഇടയ്‌ക്കൊ​ക്കെ ടവർ മറ്റ്‌ ഉദ്ദേശ്യ​ങ്ങൾക്കാ​യും ഉപയോ​ഗി​ച്ചി​രു​ന്നു. നാടു​ക​ട​ത്ത​പ്പെ​ടുന്ന അല്ലെങ്കിൽ വധശി​ക്ഷ​യ്‌ക്കു വിധി​ച്ചി​രുന്ന ഗവണ്മെന്റ്‌ ഉദ്യോ​ഗ​സ്ഥരെ അവരുടെ ദൂരയാ​ത്ര​യ്‌ക്കു മുമ്പ്‌ അല്ലെങ്കിൽ വധിക്കാൻ കൊണ്ടു​പോ​കു​ന്ന​തി​നു മുമ്പ്‌ പാർപ്പി​ക്കാ​നുള്ള ഒരു ഇടത്താ​വ​ള​മാ​യി ഈ ടവർ വർത്തിച്ചു.

ടവറിന്റെ ധർമം മാറി​ക്കൊ​ണ്ടി​രി​ക്കു​ന്നു

ടവറിന്റെ ഔദ്യോ​ഗിക ഉപയോ​ഗം 1923-നു ശേഷം നിറു​ത്ത​ലാ​ക്കി. അങ്ങനെ അത്‌ പ്രകാ​ശ​ഗോ​പു​ര​മാ​യി മാത്രം വർത്തിച്ചു. പ്രശ്‌ന​പൂ​രി​ത​മായ രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ ടവറിന്റെ കേടു​പോ​ക്കു​ക​യും അതിന്റെ ഉൾഭാഗം കോൺക്രീ​റ്റിട്ട്‌ ബലപ്പെ​ടു​ത്തു​ക​യും ചെയ്‌തു. 1965-നു ശേഷം നാവിക സേനയ്‌ക്കു കൈമാ​റി​യ​തി​നെ തുടർന്ന്‌ അത്‌ കുറച്ചു​കാ​ല​ത്തേക്ക്‌ ഒരു സൈനിക ആശയവി​നി​മയ കേന്ദ്ര​മാ​യി വർത്തിച്ചു. തുടർന്ന്‌ 20-ാം നൂറ്റാ​ണ്ടി​ന്റെ അന്ത്യ പാദത്തിൽ ബോസ്‌പോ​റ​സി​ലൂ​ടെ​യുള്ള അന്താരാ​ഷ്‌ട്ര സമുദ്ര ഗതാഗതം വർധി​ക്കു​ക​യും വലുപ്പ​മേ​റിയ കപ്പലുകൾ കടലി​ടു​ക്കി​ലൂ​ടെ യാത്ര ചെയ്യാൻ തുടങ്ങു​ക​യും ചെയ്‌തു. വലിയ കപ്പലു​ക​ളു​ടെ വരവ്‌ മെയ്‌ഡൻസ്‌ ടവറിന്റെ ഏകാന്ത യുഗത്തിന്‌ പരിസ​മാ​പ്‌തി കുറിച്ചു. 1983-നു ശേഷം ടർക്കിഷ്‌ സമു​ദ്ര​യാ​ത്ര അധികൃ​തർ കടലി​ടു​ക്കി​ലൂ​ടെ​യുള്ള ഗതാഗതം നിയ​ന്ത്രി​ക്കു​ന്ന​തി​നുള്ള ഒരു ഇടകേ​ന്ദ്ര​മാ​യി ഈ ടവർ ഉപയോ​ഗി​ച്ചു.

ഒരു അസാധാ​രണ വാർത്ത 1989-ന്റെ തുടക്ക​ത്തിൽ ജനങ്ങളു​ടെ ശ്രദ്ധ ഒരിക്കൽക്കൂ​ടി ടവറി​ലേക്കു തിരി​ച്ചു​വി​ട്ടു. “മെയ്‌ഡൻസ്‌ ടവർ വിഷലി​പ്‌തം,” ഇതായി​രു​ന്നു ഒരു റിപ്പോർട്ടി​ന്റെ തലക്കെട്ട്‌. കപ്പൽ കേടു​പോ​ക്കുന്ന സ്ഥലങ്ങളിൽ കപ്പലു​ക​ളി​ലെ കീടങ്ങളെ നശിപ്പി​ക്കാ​നാ​യി ഉപയോ​ഗി​ക്കുന്ന സയ​നൈഡ്‌, ടവറിൽ സൂക്ഷി​ക്കു​ന്നു​ണ്ടെന്ന്‌ റിപ്പോർട്ടു പ്രസ്‌താ​വി​ച്ചു. തുറമു​ഖത്ത്‌ ഈ മാരക വിഷം സൂക്ഷി​ക്കു​ന്ന​തി​നാ​യി ഉപയോ​ഗി​ച്ചി​രുന്ന കെട്ടിടം ആയിടെ പൊളി​ച്ചു​ക​ള​ഞ്ഞ​തി​നെ തുടർന്ന്‌ “മറ്റൊരു സ്ഥലവും ലഭ്യമാ​കാ​ഞ്ഞ​തി​നാൽ” അത്‌ ടവറി​ലേക്കു മാറ്റു​ക​യാ​യി​രു​ന്നു. അങ്ങനെ ബോസ്‌പോ​റ​സി​ലെ “ഏകാകി​നി” വിഷലി​പ്‌ത​യാ​യി. സയ​നൈഡ്‌ വാതക സ്‌ഫോ​ടനം ഉണ്ടായാൽ അത്‌ ഈസ്റ്റാൻബു​ളിന്‌ വിനാ​ശ​ക​ര​മാ​യി​ത്തീ​രും എന്നതാണ്‌ അതി​ലേറെ ഗൗരവാ​വ​ഹ​മായ സംഗതി എന്ന്‌ റിപ്പോർട്ടു പറഞ്ഞു. എട്ടുമാ​സം മാധ്യ​മങ്ങൾ ഈ വാർത്ത​യ്‌ക്ക്‌ വലിയ പ്രാധാ​ന്യം നൽകി​യ​തി​നെ തുടർന്ന്‌ സയ​നൈഡ്‌ കണ്ടെയ്‌ന​റു​കൾ മറ്റൊരു സ്ഥലത്തേക്കു മാറ്റി​ക്കൊണ്ട്‌ ഒടുവിൽ പ്രശ്‌നം പരിഹ​രി​ച്ചു.

കവിക​ളു​ടെ ഒരു യുവസം​ഘം 1992 മേയിൽ മെയ്‌ഡൻസ്‌ ടവറി​ലെത്തി ഏതാണ്ട്‌ ഉപേക്ഷി​ക്ക​പ്പെട്ട നിലയി​ലാ​യി​രി​ക്കുന്ന ടവർ ഒരു സാംസ്‌കാ​രിക കേന്ദ്ര​മാ​ക്കി മാറ്റാൻ തങ്ങൾ ആഗ്രഹി​ക്കു​ന്നു​വെന്ന്‌ പ്രഖ്യാ​പി​ച്ചു. മേയറു​ടെ പിന്തു​ണ​യോ​ടെ ആയിരു​ന്നു അത്‌. ഇതിൽ അതിശ​യി​ക്കാ​നില്ല. കാരണം, നൂറു​ക​ണ​ക്കി​നു വർഷങ്ങ​ളാ​യി അസംഖ്യം കവികൾക്കും എഴുത്തു​കാർക്കും പ്രചോ​ദനം പകർന്ന ഒന്നായി​രു​ന്ന​ല്ലോ ഈ ടവർ. അതുക​ഴിഞ്ഞ്‌ കുറച്ചു കാലം കലാ, ഫോട്ടോ പ്രദർശ​ന​ങ്ങ​ളും സംഗീത കച്ചേരി​ക​ളു​മൊ​ക്കെ​യാ​യി ഇവിടം വളരെ സജീവ​മാ​യി​രു​ന്നു. ഈ ചുരു​ങ്ങിയ കാലഘ​ട്ട​ത്തേക്ക്‌ ടവർ ഒരു “കാവ്യ ലോകം” ആയി പ്രഖ്യാ​പി​ക്ക​പ്പെട്ടു.

മെയ്‌ഡൻസ്‌ ടവർ—ഇന്ന്‌

ടവർ സന്ദർശ​കർക്ക്‌ തുറന്നു കൊടു​ക്കു​ന്ന​തി​നാ​യി 1999-ൽ വിപു​ല​മായ അറ്റകു​റ്റ​പ്പ​ണി​കൾ നടത്ത​പ്പെട്ടു. ഇതേ തുടർന്ന്‌, ഒരു വർഷത്തി​നു ശേഷം ഒരു ടൂറിസം പദ്ധതി​യു​ടെ ഭാഗമാ​യി അത്‌ ഒരു റസ്റ്ററന്റും സാംസ്‌കാ​രിക കേന്ദ്ര​വു​മെന്ന നിലയിൽ തുറക്ക​പ്പെ​ടു​മെന്ന അറിയി​പ്പു​ണ്ടാ​യി. ഇന്ന്‌ ഇവിടെ ഒരു റെസ്റ്ററന്റ്‌, ലഘുഭ​ക്ഷ​ണ​ശാല, ബാർ, നിരീക്ഷണ സ്ഥാനം, സ്‌മാ​ര​ക​വ​സ്‌തു​ക്കൾ വിൽക്കുന്ന കട എന്നിവ സന്ദർശ​കർക്കും വിനോ​ദ​സ​ഞ്ചാ​രി​കൾക്കു​മാ​യി പ്രവർത്തി​ക്കു​ന്നു. ഈസ്റ്റാൻബു​ളി​നു ചുറ്റു​മുള്ള വിവിധ ഭാഗങ്ങ​ളിൽനിന്ന്‌ ഇവി​ടേക്ക്‌ ചെറിയ ബോട്ടു​കൾ ഉണ്ട്‌.

വാണിജ്യ ഉദ്ദേശ്യ​ങ്ങളെ മുൻനി​റു​ത്തി​ക്കൊ​ണ്ടുള്ള ഈ പരിഷ്‌കാ​ര​ങ്ങളെ പലരും സന്തോ​ഷ​ത്തോ​ടെയല്ല സ്വീക​രി​ച്ചി​രി​ക്കു​ന്നത്‌. എങ്കിലും മെയ്‌ഡൻസ്‌ ടവറിന്‌ അതിന്റെ ആകർഷ​ക​ത്വം തെല്ലും നഷ്ടമാ​യി​ട്ടി​ല്ലെ​ന്നു​തന്നെ പറയാം. എന്നെങ്കി​ലും ഒരിക്കൽ നിങ്ങൾ ഈസ്റ്റാൻബുൾ സന്ദർശി​ക്കാൻ ഇടയാ​കു​ന്നെ​ങ്കിൽ മെയ്‌ഡൻസ്‌ ടവർ കാണു​ന്നു​വെന്ന്‌ ഉറപ്പു വരുത്തുക. ഒരുപക്ഷേ ഈസ്റ്റാൻബു​ളി​ന്റെ ഏഷ്യൻ ഭാഗത്തുള്ള ടീ ഗാർഡ​നു​ക​ളിൽ (സന്ദർശ​കർക്ക്‌ ഇരുന്ന്‌ ചായ കുടി​ക്കാ​നാ​കുന്ന തോട്ടങ്ങൾ) ഒന്നിലി​രുന്ന്‌ ചായ നുണയവേ ബോസ്‌പോ​റ​സി​ന്റെ​യും മെയ്‌ഡൻസ്‌ ടവറി​ന്റെ​യും അതുല്യ സൗന്ദര്യം നിങ്ങൾ ആസ്വദി​ച്ചേ​ക്കാം. അപ്പോൾ അൽപ്പസ​മ​യ​ത്തേക്ക്‌ ബോസ്‌പോ​റ​സി​ലെ ഈ കുലീന ‘വനിത’യുടെ നീണ്ട ചരി​ത്രത്തെ കുറിച്ചു നിങ്ങൾക്കു ചിന്തി​ക്കാ​നാ​യേ​ക്കും. (g03 3/8)

[25-ാം പേജിലെ മാപ്പുകൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ടർക്കി

ഈസ്റ്റാൻബുൾ

മാർമറ കടൽ

ബോസ്‌പോ​റസ്‌ കടലി​ടുക്ക്‌

കരിങ്കടൽ

[25-ാം പേജിലെ ചിത്രം]

ലിത്തോഗ്രാഫ്‌, 19-ാം നൂറ്റാണ്ട്‌

[26-ാം പേജിലെ ചിത്രം]

റെസ്റ്ററന്റ്‌

[26-ാം പേജിലെ ചിത്രം]

നിരീക്ഷണ സ്ഥാനം