വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മൊബൈൽ ഫോൺ “ആസക്തി”

മൊബൈൽ ഫോൺ “ആസക്തി”

മൊ​ബൈൽ ഫോൺ “ആസക്തി”

ജപ്പാനിലെ ഉണരുക! ലേഖകൻ

“മൊ​ബൈൽ ഫോണി​നോ​ടുള്ള പ്രിയം ഒരു ആസക്തി​യാ​യി​ത്തീർന്നി​രി​ക്കു​ന്നു” എന്ന ഒരു വാർത്താ​ശീർഷകം ജപ്പാന്റെ ദ ഡെയ്‌ലി യോമി​യു​രി​യിൽ പ്രത്യ​ക്ഷ​പ്പെ​ടു​ക​യു​ണ്ടാ​യി. ആസക്തി​യോ? “യുവജ​നങ്ങൾ മൊ​ബൈൽ ഫോണി​നെ തങ്ങളുടെ ശരീര​ത്തി​ന്റെ​തന്നെ ഒരു ഭാഗമാ​യി​ട്ടാ​ണു വീക്ഷി​ക്കു​ന്ന​തെന്നു തോന്നു​ന്നു. അതു സമീപ​ത്തി​ല്ലെ​ങ്കിൽ അവർക്കാ​കെ വെപ്രാ​ള​മാണ്‌” എന്ന്‌ പ്രസ്‌തുത വർത്തമാ​ന​പ്പ​ത്രം പറയുന്നു. മറ്റുള്ള​വ​രിൽനിന്ന്‌ ഒറ്റപ്പെട്ടു പോകു​മോ എന്ന ഭയത്താൽ മിക്കവ​രും അത്‌ എപ്പോ​ഴും ഓൺ ചെയ്‌തു വെക്കുന്നു. “തങ്ങളുടെ മൊ​ബൈ​ലി​ലൂ​ടെ സന്ദേശം ഒന്നും ലഭിച്ചി​ല്ലെ​ങ്കിൽ അവർക്ക്‌ ആകപ്പാടെ ഉത്‌ക​ണ്‌ഠ​യും അസ്വസ്ഥ​ത​യും ആണ്‌. തങ്ങൾ ആർക്കും വേണ്ടാ​ത്തവർ ആണെ​ന്നൊ​ക്കെ അവർക്കു തോന്നി​ത്തു​ട​ങ്ങു​ന്നു.” ഇങ്ങനെ സംഭ്രാ​ന്തി​യി​ലാ​യവർ മൊ​ബൈൽ ഫോണി​ലൂ​ടെ വരുന്ന എല്ലാ ലിഖിത സന്ദേശ​ത്തി​നും തത്‌ക്ഷണം മറുപടി അയയ്‌ക്കും, ഒട്ടുമി​ക്ക​പ്പോ​ഴും അതിന്റെ യാതൊ​രു ആവശ്യ​വു​മി​ല്ലെ​ങ്കി​ലും.

സമനി​ല​യോ​ടെ ഉപയോ​ഗി​ക്കു​ന്നെ​ങ്കിൽ മൊ​ബൈൽ ഫോൺ തീർച്ച​യാ​യും പ്രയോ​ജ​ന​പ്ര​ദ​മാണ്‌. അടിയ​ന്തിര സന്ദർഭ​ങ്ങ​ളിൽ അതു വളരെ അമൂല്യ​മെന്നു തെളി​ഞ്ഞി​ട്ടുണ്ട്‌. പക്ഷേ മൊ​ബൈൽ ഫോൺ “ആസക്തി” മനുഷ്യ​ന്റെ സ്വാഭാ​വിക ആശയവി​നി​മയ പാടവ​ത്തി​നു ഹാനി​ക​ര​മാ​ണെന്നു ചില ആധികാ​രിക ഉറവി​ടങ്ങൾ പറയുന്നു. ഓസാ​ക്കാ​യി​ലെ ഒരു മിഡിൽ സ്‌കൂൾ അധ്യാ​പിക തന്റെ ഉത്‌കണ്‌ഠ ഇങ്ങനെ രേഖ​പ്പെ​ടു​ത്തി​യ​താ​യി വർത്തമാ​ന​പ്പ​ത്രം പറയുന്നു: “മുഖഭാ​വ​വും പെരു​മാ​റ്റ​വും മറ്റുള്ള​വ​രു​ടെ ശബ്ദത്തിന്റെ ധ്വനി​യു​മൊ​ക്കെ തിരി​ച്ച​റി​യാ​നുള്ള പ്രാപ്‌തി കുട്ടി​കൾക്കു നഷ്ടമാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഇതിന്റെ പരിണ​ത​ഫ​ല​മാ​കട്ടെ, കുട്ടി​കൾക്കി​ട​യിൽ വർധി​ച്ചു​വ​രുന്ന അക്രമ​വാ​സ​ന​യും. മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങളെ അവർ തീരെ മാനി​ക്കാ​താ​യി​രി​ക്കു​ന്നു.”

ലേഖനം ഇങ്ങനെ ഉപസം​ഹ​രി​ക്കു​ന്നു: “ഭാവി​യിൽ കുട്ടികൾ സെൽ ഫോണി​നെ കൂടുതൽ ആശ്രയി​ക്കും എന്നത്‌ ഉറപ്പാണ്‌. കുട്ടി​ക​ളിൽ അത്‌ ഉളവാ​ക്കുന്ന മോശ​മായ ഫലങ്ങളു​ടെ അളവു കുറയ്‌ക്കു​ന്ന​തിന്‌ ഒരു പോം​വ​ഴി​യേ ഉള്ളൂ, മുതിർന്ന​വർതന്നെ അതിന്റെ ഉപയോ​ഗ​ത്തിൽ നല്ല മാതൃക വെക്കുക.” (g03 1/8)