വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ഏറ്റവു​മ​ധി​കം വിപത്തു​കൾ 2000-ാം ആണ്ടിൽ

ലോക​വ്യാ​പ​ക​മാ​യി ഏറ്റവും കൂടുതൽ പ്രകൃതി വിപത്തു​കൾ ഉണ്ടായ വർഷമാണ്‌ രണ്ടായി​രാം ആണ്ട്‌ എന്നു മ്യൂണിക്‌ റീ എന്ന റീഇൻഷ്വ​റൻസ്‌ കമ്പനി റിപ്പോർട്ടു ചെയ്യുന്നു. ആ വർഷം 850-ലധികം അത്യാ​ഹി​തങ്ങൾ ഉണ്ടായ​താ​യി റിപ്പോർട്ടു ചെയ്യ​പ്പെട്ടു. തത്‌ഫ​ല​മാ​യി 10,000 പേർക്കു ജീവഹാ​നി നേരിട്ടു, 1,300 ശതകോ​ടി​യി​ല​ധി​കം രൂപയു​ടെ നാശന​ഷ്ടങ്ങൾ ഉണ്ടായി. പ്രകൃതി ദുരന്തങ്ങൾ എണ്ണത്തിൽ കൂടു​ത​ലാ​യി​രു​ന്നെ​ങ്കി​ലും, സാമ്പത്തിക നഷ്ടവും ആളപാ​യ​വും മുൻ വർഷ​ത്തെ​ക്കാൾ കുറവാ​യി​രു​ന്നു. അതിന്റെ കാരണം ആ ദുരന്ത​ങ്ങ​ളിൽ മിക്കവ​യും സംഭവി​ച്ചത്‌ ആളുകൾ അധികം തിങ്ങി​പ്പാർക്കാത്ത പ്രദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു എന്നതാ​ണെന്ന്‌ കമ്പനി​യു​ടെ ഒരു വാർത്താ​ക്കു​റി​പ്പു പറയുന്നു. ഇൻഷ്വ​റൻസ്‌ തുക നൽകേ​ണ്ടി​വന്ന നാശന​ഷ്ട​ങ്ങ​ളിൽ 73 ശതമാനം സംഭവി​ച്ചത്‌ കൊടു​ങ്കാറ്റ്‌ മൂലവും 23 ശതമാനം വെള്ള​പ്പൊ​ക്കം മൂലവും ആയിരു​ന്നു. “പ്രകൃ​തി​ദു​ര​ന്തങ്ങൾ നിമി​ത്ത​മുള്ള നഷ്ടം ഭാവി​യിൽ ഇനിയും വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​മെന്നു പ്രതീ​ക്ഷി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു” എന്ന്‌ ആ റിപ്പോർട്ടു പറയുന്നു. ജനസംഖ്യ വർധി​ക്കു​ന്ന​തും വസ്‌തു​വ​ക​ക​ളു​ടെ വില ഉയരു​ന്ന​തു​മാ​ണു കാരണം.(g01 8/8)

കവറു​കളെ സുതാ​ര്യ​മാ​ക്കുന്ന വിദ്യ

“കവറുകൾ തുറക്കാ​തെ​തന്നെ അവയ്‌ക്കു​ള്ളി​ലു​ള്ളതു കാണാൻ സഹായി​ക്കുന്ന” ഒരു സ്‌പ്രേ അമേരി​ക്ക​യി​ലെ ഒരു കമ്പനി വികസി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്നു എന്ന്‌ ന്യൂ സയന്റിസ്റ്റ്‌ മാസിക പറയുന്നു. അത്‌ ഉപയോ​ഗി​ച്ചാൽ ഉപയോ​ഗി​ച്ച​തി​ന്റെ യാതൊ​രു ലക്ഷണവും അവശേ​ഷി​ക്കു​ക​യു​മില്ല. ഏതു നിറത്തി​ലുള്ള കവറു​ക​ളി​ലും ഉപയോ​ഗി​ക്കാ​വുന്ന “ഈ ലായനി വൈദ്യു​ത​ചാ​ലക സ്വഭാവം ഉള്ളതല്ല, വിഷക​രമല്ല, പരിസ്ഥി​തി​ക്കു ദോഷം വരുത്തു​ന്ന​തു​മല്ല” എന്ന്‌ കമ്പനി വക്താവായ ബോബ്‌ ഷ്‌ലാഗൽ പറയുന്നു. 10-15 മിനിട്ട്‌ നേര​ത്തേക്ക്‌ ഒരു പ്രത്യേക ഗന്ധം ഉണ്ടായി​രി​ക്കും എന്നത്‌ ഒഴിച്ചാൽ “ഒരു തെളി​വും ഉണ്ടായി​രി​ക്കു​ക​യില്ല, കവറി​ലെ​യോ കത്തി​ലെ​യോ മഷി പടരു​ക​യോ അവയിൽ എന്തെങ്കി​ലും അടയാളം അവശേ​ഷി​ക്കു​ക​യോ ഇല്ല” എന്ന്‌ ഷ്‌ലാഗൽ കൂട്ടി​ച്ചേർക്കു​ന്നു. ലെറ്റർ ബോം​ബു​ക​ളും അപകട​ക​ര​മായ മറ്റു പായ്‌ക്ക​റ്റു​ക​ളും കണ്ടെത്താൻ നിയമ​പാ​ല​കരെ സഹായി​ക്കു​ന്ന​തി​നാണ്‌ ഈ ഉത്‌പന്നം ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌. എന്നാൽ കത്തുകൾ തുറക്കാ​തെ​തന്നെ വായി​ക്കു​ന്ന​തി​നും ഈ സ്‌പ്രേ ഉപയോ​ഗി​ക്കാ​നാ​കും. അതിനാൽ ഈ ഉത്‌പന്നം ധർമനീ​തി​ക്കു നിരക്കു​ന്നതല്ല എന്ന്‌ ഒരു മനുഷ്യാ​വ​കാശ ഉദ്യോ​ഗസ്ഥൻ പറയുകയുണ്ടായി.(g01 8/8)

തേനീ​ച്ചകൾ വഴി കണ്ടുപി​ടി​ക്കു​ന്നു

കൂടു​ക​ളിൽനി​ന്നു പൂക്കളി​ലും തിരിച്ച്‌ കൂടു​ക​ളി​ലും എത്താനുള്ള തേനീ​ച്ച​ക​ളു​ടെ പ്രാപ്‌തി പരക്കെ അറിയ​പ്പെ​ടു​ന്ന​താണ്‌. എന്നാൽ വടക്കേ ഇന്ത്യയി​ലെ അസമിൽ നിന്നുള്ള ദേശാടന തേനീ​ച്ചകൾ നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റർ സഞ്ചരി​ക്കു​ന്ന​താ​യും രണ്ടു വർഷം മുമ്പ്‌ തങ്ങളുടെ ബന്ധുക്കൾ പാർത്തി​രുന്ന അതേ വൃക്ഷത്തി​ലേ​ക്കും, എന്തിന്‌ അതേ കൊമ്പി​ലേക്കു തന്നെയും മടങ്ങു​ന്ന​താ​യും നിരീ​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു! വേലക്കാ​രായ തേനീ​ച്ചകൾ കേവലം മൂന്നു മാസമോ അതിൽ താഴെ​യോ മാത്രമേ ജീവി​ച്ചി​രി​ക്കു​ന്നു​ള്ളൂ എന്ന വസ്‌തുത കണക്കി​ലെ​ടു​ക്കു​മ്പോൾ ഇത്‌ അത്യന്തം അതിശ​യ​ക​ര​മാണ്‌. അതു​കൊണ്ട്‌ ഇങ്ങനെ മടങ്ങുന്ന തേനീ​ച്ചകൾ ആദ്യത്തെ കൂടു പണിത തേനീ​ച്ച​കൾക്കും പല തലമു​റ​കൾക്കു ശേഷമു​ള്ളവ ആയിരി​ക്കും. അവ എങ്ങനെ വഴി കണ്ടെത്തു​ന്നു എന്നത്‌ ഒരു രഹസ്യ​മാ​യി അവശേ​ഷി​ക്കു​ന്നു. ഇതിൽ തേനീ​ച്ച​ക​ളു​ടെ ഘ്രാണ​ശക്തി ഉൾപ്പെ​ട്ടി​രി​ക്കാം എന്ന്‌ ദ സിഡ്‌നി മോർണിങ്‌ ഹെറാൾഡ്‌ പത്രം റിപ്പോർട്ടു ചെയ്യുന്നു. മറ്റൊരു സാധ്യത, അപ്പോ​ഴും ജീവി​ച്ചി​രി​ക്കുന്ന റാണി ഈച്ച വേലക്കാ​രായ ഈച്ചക​ളോട്‌ ഏതു ദിശയിൽ പറക്കണ​മെന്നു നൃത്തരൂ​പേണ അറിയി​ക്കു​ന്നു​ണ്ടാ​യി​രി​ക്കും എന്നതാണ്‌.(g01 8/8)

ഭാഷയും മസ്‌തി​ഷ്‌ക​വും

സംസാ​ര​ശേ​ഷി​യുള്ള ആളുകൾ ഭാഷ ഗ്രഹി​ക്കാ​നും സംസാ​രി​ക്കാ​നും ഉപയോ​ഗി​ക്കുന്ന മസ്‌തി​ഷ്‌ക​ത്തി​ന്റെ രണ്ടു ഭാഗങ്ങൾ ആംഗ്യ​ഭാ​ഷ​യ്‌ക്കാ​യി ബധിര​രും ഉപയോ​ഗി​ക്കു​ന്നു​വെന്ന്‌ സയൻസ്‌ ന്യൂസ്‌ റിപ്പോർട്ടു ചെയ്യുന്നു. “ബധിരർ ആംഗ്യ​ഭാഷ ഉപയോ​ഗി​ക്കു​മ്പോൾ അവരുടെ മസ്‌തി​ഷ്‌ക​ത്തി​ലെ ഈ നാഡീ​ഭാ​ഗങ്ങൾ സജീവ​മാ​കു​ന്ന​താ​യി” അവരുടെ മസ്‌തിഷ്‌ക സ്‌കാ​നി​ങ്ങു​കൾ കാണി​ക്കു​ന്നു. “സംസാ​ര​ത്തി​ലൂ​ടെ​യോ ആംഗ്യ​ത്തി​ലൂ​ടെ​യോ പ്രകടി​പ്പി​ക്കാ​വുന്ന ഭാഷയു​ടെ അടിസ്ഥാന വശങ്ങ”ളെ ഈ മസ്‌തിഷ്‌ക ഭാഗങ്ങൾ നിയ​ന്ത്രി​ക്കു​ന്ന​താ​യി അതു സൂചി​പ്പി​ക്കു​ന്നു എന്ന്‌ പ്രസ്‌തുത പഠനത്തി​നു നേതൃ​ത്വം നൽകിയ മോൺട്രി​യോ​ളി​ലെ മക്‌ഗിൽ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ ലോറ-ആൻ പെറ്റി​റ്റോ പറയുന്നു. ഭാഷ കൈകാ​ര്യം ചെയ്യു​ന്ന​തിൽ മനുഷ്യ മസ്‌തി​ഷ്‌ക​ത്തി​നുള്ള കഴിവ്‌ സംബന്ധി​ച്ചു കൂടു​ത​ലായ ഗവേഷണം നടത്തേ​ണ്ട​തി​ന്റെ ആവശ്യ​ത്തിന്‌ ഇത്‌ അടിവ​ര​യി​ടു​ന്നു. സയൻസ്‌ ന്യൂസ്‌ ഇങ്ങനെ പറയുന്നു: “സംസാര ഭാഷയി​ലും ആംഗ്യ​ഭാ​ഷ​യി​ലും ഉൾപ്പെ​ട്ടി​രി​ക്കുന്ന മസ്‌തിഷ്‌ക ഭാഗങ്ങൾ വളരെ അടുത്തു ബന്ധപ്പെട്ടിരിക്കുന്നു.”(g01 8/8)

ഉറക്കവും ഓർമ​ശ​ക്തി​യും

രാത്രി​യിൽ ഉറക്കമി​ള​യ്‌ക്കു​ന്ന​തി​നു പകരം, നന്നായി ഉറങ്ങു​ന്ന​താണ്‌ “തുടർന്നുള്ള വാരങ്ങ​ളിൽ നല്ല ഓർമ​ശക്തി ഉണ്ടായി​രി​ക്കാ​നുള്ള ഒരു അവശ്യ സംഗതി” എന്ന്‌ ഗവേഷകർ കണ്ടെത്തി​യി​രി​ക്കു​ന്ന​താ​യി ലണ്ടനിലെ ദി ഇൻഡി​പെൻഡന്റ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഹാർവാർഡ്‌ മെഡിക്കൽ സ്‌കൂ​ളി​ലെ പ്രൊ​ഫസർ റോബർട്ട്‌ സ്റ്റിക്‌ഗോൾഡ്‌ സന്നദ്ധരായ 24 പേരെ ഇതി​നോ​ടു ബന്ധപ്പെട്ട പരീക്ഷ​ണ​ത്തി​നാ​യി ഉപയോ​ഗി​ച്ചു. ഒരു അധ്യയന ക്ലാസ്സിനു ശേഷം അവരിൽ പകുതി പേരെ രാത്രി​യിൽ ഉറങ്ങാൻ അനുവ​ദി​ച്ചു, ബാക്കി​യു​ള്ളവർ രാത്രി മുഴുവൻ ഉണർന്നി​രു​ന്നു. അടുത്ത രണ്ടു രാത്രി​ക​ളിൽ ഇരുകൂ​ട്ട​രും സാധാ​ര​ണ​പോ​ലെ ഉറങ്ങു​ക​യും ചെയ്‌തു, അങ്ങനെ ആദ്യത്തെ രാത്രി​യിൽ ഉറങ്ങാ​തി​രു​ന്ന​വർക്ക്‌ ക്ഷീണം മാറ്റാ​നുള്ള അവസരം കിട്ടി. “ആദ്യത്തെ രാത്രി​യിൽ ഉറങ്ങി​യ​വ​രു​ടെ ഓർമ​ശക്തി ഉറങ്ങാ​ഞ്ഞ​വരെ അപേക്ഷിച്ച്‌ വളരെ മെച്ചമാ​യി​രു​ന്നു, രണ്ടാമത്തെ കൂട്ടർ പിന്നീ​ടുള്ള രണ്ടു രാത്രി​ക​ളിൽ സാധാ​ര​ണ​പോ​ലെ ഉറങ്ങി​യെ​ങ്കി​ലും അത്‌ ഓർമ​ശക്തി മെച്ച​പ്പെ​ടാൻ സഹായി​ച്ചില്ല” എന്നു പരീക്ഷ​ണ​ത്തിൽ തെളിഞ്ഞു. നല്ല ഓർമ​ശക്തി ഉണ്ടായി​രി​ക്കാൻ സഹായി​ക്കു​ന്ന​തി​നാൽ ഉറക്കം—പ്രത്യേ​കി​ച്ചും ആദ്യഘ​ട്ട​ത്തി​ലെ ആഴമായ, “മന്ദമായ തരംഗ​ദൈർഘ്യ​മുള്ള” (slow-wave) ഉറക്കം—നഷ്ടപ്പെ​ടു​ത്തി പഠിക്കു​ന്ന​തു​കൊണ്ട്‌ വലിയ പ്രയോ​ജ​ന​മൊ​ന്നും ഇല്ലെന്ന്‌ ഈ പരീക്ഷ​ണങ്ങൾ തെളിയിക്കുന്നു.(g01 8/8)

സാക്ഷി​കൾക്കു റഷ്യൻ കോട​തി​യിൽ വിജയം

“വിദ്വേ​ഷ​മോ അസഹി​ഷ്‌ണു​ത​യോ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന മതവി​ഭാ​ഗ​ങ്ങളെ നിരോ​ധി​ക്കുന്ന 1997-ലെ ഒരു നിയമം ഉപയോ​ഗിച്ച്‌, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​മേൽ നിരോ​ധനം ഏർപ്പെ​ടു​ത്തി​ക്കി​ട്ടാൻ ശ്രമിച്ച വാദി​ഭാ​ഗ​ത്തി​ന്മേൽ അവർ ഇന്നു [ഫെബ്രു​വരി 23] മോസ്‌കോ​യി​ലെ ഒരു കോട​തി​യിൽ വിജയം നേടി, അതിനു ശ്രദ്ധേ​യ​വും ദൂരവ്യാ​പ​ക​വു​മായ ഫലങ്ങൾ ഉണ്ടായി​രി​ക്കും” എന്ന്‌ 2001 ഫെബ്രു​വരി 24-ലെ ദ ന്യൂ​യോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്‌തു. 1999 മാർച്ച്‌ 12-ന്‌ വിചാരണ നിറു​ത്തി​വെ​ക്കു​ക​യും സാക്ഷി​ക​ളു​ടെ വിശ്വാ​സ​ങ്ങളെ കുറിച്ചു പഠിക്കാൻ അഞ്ചു വിദഗ്‌ധരെ കോടതി നിയമി​ക്കു​ക​യും ചെയ്‌തി​രു​ന്നു. ഒടുവിൽ, ഏകദേശം രണ്ടു വർഷത്തി​നു ശേഷം 2001 ഫെബ്രു​വരി 6-ന്‌ കേസ്‌ വീണ്ടും വിചാ​ര​ണ​യ്‌ക്ക്‌ എടുത്തു. വാദി​ഭാ​ഗ​ത്തി​ന്റെ ആരോ​പ​ണ​ങ്ങ​ളിൽ കഴമ്പി​ല്ലെന്നു കോട​തി​ക്കു ബോധ്യ​മാ​കാൻ മൂന്ന്‌ ആഴ്‌ച​യിൽ കുറഞ്ഞ സമയമേ വേണ്ടി​വ​ന്നു​ള്ളൂ. എന്നിരു​ന്നാ​ലും, കേസ്‌ പുനർവി​ചാ​ര​ണ​യ്‌ക്ക്‌ എടുക്കാൻ വാദി​ഭാ​ഗം മോസ്‌കോ സിറ്റി കോട​തി​യോട്‌ ആവശ്യ​പ്പെട്ടു. മേയ്‌ 30-ന്‌ അത്‌ അംഗീ​ക​രി​ക്ക​പ്പെട്ടു. പ്രസ്‌തുത കേസ്‌ പുനർവി​ചാ​രണ ചെയ്യാൻ വിചാ​രണാ കോട​തി​യി​ലേക്കു തിരി​ച്ച​യ​ച്ചി​രി​ക്കു​ക​യാണ്‌. ലോസാ​ഞ്ച​ലസ്‌ ടൈംസ്‌ ഇങ്ങനെ പറഞ്ഞു: “മിഷനറി പ്രവർത്ത​ന​ങ്ങളെ ശക്തമായി എതിർക്കുന്ന റഷ്യൻ ഓർത്ത​ഡോ​ക്‌സ്‌ സഭ 1997-ലെ മതനി​യമം പാസാ​ക്കി​യെ​ടു​ക്കു​ന്ന​തിൽ മുഖ്യ പങ്കു വഹിച്ചി​രു​ന്നു. ആ നിയമ​ത്തി​ന്റെ ഫലമായി ദുഷ്‌ക​ര​മായ ഒരു രജിസ്‌​ട്രേഷൻ പ്രക്രി​യ​യി​ലൂ​ടെ കടന്നു​പോ​കാൻ നിരവധി മതവി​ഭാ​ഗങ്ങൾ നിർബ​ന്ധി​ത​രാ​യി. (g01 8/22)

സംഭാ​വ​ന​യാ​യി ലഭിച്ച തുണി​ക​ളിൽനി​ന്നു ലാഭം കൊയ്യു​ന്നു

സംഭാ​വ​ന​യാ​യി ലഭിക്കുന്ന വസ്‌ത്ര​ങ്ങ​ളിൽ “വളരെ ചെറി​യൊ​രു പങ്ക്‌ മാത്രമേ” യഥാർഥ ആവശ്യ​ക്കാ​രു​ടെ പക്കൽ എത്തുന്നു​ള്ളൂ എന്ന്‌ ജർമൻ പത്രമായ സൂയെ​ഡ്‌വെസ്റ്റ്‌ പ്രെസെ പറയുന്നു. ദരി​ദ്രരെ സഹായി​ക്കാൻ ജർമനി​യിൽ ഓരോ വർഷവും 5,00,000-ത്തിലു​മ​ധി​കം ടൺ വസ്‌ത്രങ്ങൾ ദാനം ചെയ്യ​പ്പെ​ടു​ന്നുണ്ട്‌. എന്നാൽ ഈ വസ്‌ത്രങ്ങൾ ശേഖരി​ക്കുന്ന സംഘട​നകൾ പൊതു​വെ അവ വാണിജ്യ സ്ഥാപന​ങ്ങൾക്കു വിൽക്കു​ക​യാണ്‌ ചെയ്യു​ന്നത്‌. അങ്ങനെ അവർ ഇതിനെ കോടി​ക​ളു​ടെ ലാഭം കൊയ്യുന്ന ഒരു ബിസി​നസ്‌ ആക്കി മാറ്റി​യി​രി​ക്കു​ന്നു. സംഭാ​വ​ന​യാ​യി നൽകപ്പെട്ട വസ്‌ത്ര​ങ്ങൾക്ക്‌ എന്തു സംഭവി​ക്കു​ന്നു​വെന്നു മിക്ക​പ്പോ​ഴും അവ ശേഖരി​ക്കുന്ന സംഘട​ന​കൾക്ക്‌ അറിയില്ല. ആ ലേഖനം ഇങ്ങനെ​യും പ്രസ്‌താ​വി​ക്കു​ന്നു: “നിങ്ങളു​ടെ വസ്‌ത്രങ്ങൾ ദരി​ദ്രർക്കു ശരിക്കും പ്രയോ​ജനം ചെയ്യു​ന്നു​വെന്ന്‌ ഉറപ്പു വരുത്താൻ ആഗ്രഹ​മു​ണ്ടോ? എങ്കിൽ നിങ്ങൾതന്നെ അവ നേരിട്ടു കൊടു​ക്കുക, അല്ലെങ്കിൽ പ്രശ്‌ന​ബാ​ധിത സ്ഥലത്തെ ആശ്രയ​യോ​ഗ്യ​രായ ആളുകളെ അവ ഏൽപ്പി​ക്കുക.” (g01 8/22)

പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും ശ്രവി​ക്കു​ന്നത്‌ വ്യത്യ​സ്‌ത​മാ​യി

ശ്രവണ​ത്തി​നു സ്‌ത്രീ​കൾ മസ്‌തി​ഷ്‌ക​ത്തി​ന്റെ ഇരുവ​ശ​ങ്ങ​ളും ഉപയോ​ഗി​ക്കു​മ്പോൾ പുരു​ഷ​ന്മാർ ഒരു വശം മാത്ര​മാണ്‌ ഉപയോ​ഗി​ക്കു​ന്ന​തെന്നു ഗവേഷകർ കണ്ടെത്തി​യി​രി​ക്കു​ന്ന​താ​യി ഡിസ്‌ക​വറി ഡോട്ട്‌ കോം വാർത്ത റിപ്പോർട്ടു ചെയ്യുന്നു. ഒരു പരീക്ഷ​ണ​ത്തിൽ, 20 പുരു​ഷ​ന്മാ​രും 20 സ്‌ത്രീ​ക​ളും ഒരു പുസ്‌തകം ശബ്ദലേ​ഖനം ചെയ്‌തത്‌ കേൾക്കവേ, മസ്‌തിഷ്‌ക സ്‌കാ​നി​ങ്ങി​നു വിധേ​യ​രാ​യി. പരി​ശോ​ധ​ന​യിൽ, ശ്രവണ​ത്തോ​ടും സംഭാ​ഷ​ണ​ത്തോ​ടും ബന്ധപ്പെട്ട ഇടതു​വ​ശ​മാണ്‌ ശ്രവണ​ത്തി​നാ​യി പുരു​ഷ​ന്മാർ കൂടു​ത​ലാ​യും ഉപയോ​ഗി​ക്കു​ന്ന​തെന്നു കാണ​പ്പെട്ടു. അതേസ​മയം, സ്‌ത്രീ​ക​ളു​ടെ മസ്‌തി​ഷ്‌ക​ത്തി​ന്റെ ഇരുവ​ശ​ങ്ങ​ളും പ്രവർത്ത​ന​നി​ര​ത​മാ​യി​രു​ന്നു. ഇൻഡി​യാന യൂണി​വേ​ഴ്‌സി​റ്റി സ്‌കൂൾ ഓഫ്‌ മെഡി​സി​നി​ലെ റേഡി​യോ​ളജി വിഭാഗം അസിസ്റ്റന്റ്‌ പ്രൊ​ഫ​സ​റായ ഡോ. ജോസഫ്‌ റ്റി. ലൂറി​റ്റോ ഇങ്ങനെ പറയുന്നു: “സ്‌ത്രീ​ക​ളു​ടെ​യും പുരു​ഷ​ന്മാ​രു​ടെ​യും മസ്‌തി​ഷ്‌കങ്ങൾ ഭാഷ കൈകാ​ര്യം ചെയ്യു​ന്നത്‌ രണ്ടു വിധങ്ങ​ളി​ലാ​ണെന്നു ഞങ്ങളുടെ ഗവേഷണം സൂചി​പ്പി​ക്കു​ന്നു, എന്നാൽ, കാര്യ​ശേഷി വ്യത്യ​സ്‌ത​മാ​ണെന്ന്‌ അത്‌ അർഥമാ​ക്കു​ന്നില്ല.” സ്‌ത്രീ​കൾക്ക്‌ “ഒരേസ​മയം രണ്ടു സംഭാ​ഷ​ണങ്ങൾ ശ്രദ്ധി​ക്കാ​നാ​കും” എന്ന്‌ മറ്റു പഠനങ്ങൾ സൂചി​പ്പി​ക്കു​ന്ന​താ​യി തോന്നു​ന്നു​വെന്നു ഡോ. ലൂറി​റ്റോ പറയുന്നു.(g01 8/8)

ആഭരണ​ങ്ങ​ളി​ലെ ഈയം സംബന്ധിച്ച്‌ ജാഗ്രത പുലർത്തു​ക

“നിങ്ങളു​ടെ കുട്ടി ഈയം അടങ്ങിയ ആഭരണങ്ങൾ ചവയ്‌ക്കാ​നോ വായി​ലിട്ട്‌ ചപ്പാനോ ഇടയു​ണ്ടെ​ങ്കിൽ, അവ ഉടൻ ഉപേക്ഷി​ക്കുക,” ഹെൽത്ത്‌ കാനഡ​യു​ടെ ഒരു റിപ്പോർട്ടു നിർദേ​ശി​ക്കു​ന്നു. കുട്ടി​കൾക്കാ​യി വാങ്ങുന്ന വിലകു​റഞ്ഞ മിക്ക ആഭരണ​ങ്ങ​ളി​ലും 50 ശതമാനം മുതൽ 100 ശതമാനം വരെ ഈയം അടങ്ങി​യി​രി​ക്കു​ന്ന​താ​യി ലബോ​റ​ട്ടറി പരി​ശോ​ധ​നകൾ തെളി​യി​ക്കു​ന്നു. “ചെറിയ അളവിൽ പോലും ഈയം അകത്തു ചെല്ലു​ന്നത്‌ ശിശു​ക്ക​ളു​ടെ​യും കൊച്ചു​കു​ട്ടി​ക​ളു​ടെ​യും ബൗദ്ധി​ക​വും പെരു​മാറ്റ സംബന്ധ​വു​മായ വികാ​സ​ത്തി​ന്മേൽ ഹാനി​ക​ര​മായ ഫലങ്ങൾ ഉളവാ​ക്കി​യേ​ക്കാം” എന്ന്‌ ആ റിപ്പോർട്ട്‌ പ്രസ്‌താ​വി​ക്കു​ന്നു. പരി​ശോ​ധനാ സംവി​ധാ​ന​ങ്ങ​ളി​ല്ലാ​തെ ആഭരണ​ങ്ങ​ളിൽ ഈയം അടങ്ങി​യി​ട്ടു​ണ്ടോ എന്നു കണ്ടെത്തുക ദുഷ്‌ക​ര​മാണ്‌. അതു​കൊണ്ട്‌ കുട്ടി​ക​ളു​ടെ ആഭരണ​ത്തി​നു പൊതു​വെ​യുള്ള വിലക്കു​റവ്‌ കണക്കി​ലെ​ടു​ക്കു​മ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും മെച്ചമായ സംഗതി നാഷണൽ പോസ്റ്റ്‌ ശുപാർശ ചെയ്യു​ന്നത്‌ അനുസ​രി​ച്ചു പ്രവർത്തി​ക്കുക എന്നതാ​യി​രി​ക്കാം: “സംശയ​മു​ണ്ടെ​ങ്കിൽ, അത്‌ ഒഴിവാക്കുക.”(g01 8/8)

വേശ്യാ​വൃ​ത്തിക്ക്‌ വെള്ളപൂ​ശു​ന്നു

ഇഷ്ടത്തിനു വിരു​ദ്ധ​മാ​യി നിർബ​ന്ധിച്ച്‌ ചെയ്യി​ക്കാ​ത്തി​ട​ത്തോ​ളം കാലം വേശ്യാ​വൃ​ത്തി “അടിസ്ഥാ​ന​പ​ര​മാ​യി അധാർമി​കമല്ല” എന്ന്‌ ജർമനി​യി​ലെ ഒരു കോടതി വിധി​ച്ച​താ​യി ഫ്രാങ്ക്‌ഫുർട്ടർ ആൽജെ​മൈന ററ്‌​സൈ​റ​റുങ്‌ റിപ്പോർട്ടു ചെയ്യുന്നു. വേശ്യകൾ ഇടപാ​ടു​കാ​രെ കണ്ടെത്താ​നാ​യി ഉപയോ​ഗി​ക്കുന്ന ബെർലിൻ-വിൽമെ​ഴ്‌സ്‌ഡോർഫി​ലെ ഒരു കോഫി​ഹൗ​സിന്‌—ഇതിന​ടുത്ത്‌ മുറി​ക​ളും വാടക​യ്‌ക്കു കിട്ടും—അവിടെ തുടർന്നു പ്രവർത്തി​ക്കാ​മെന്ന്‌ ബെർലി​നി​ലെ അഡ്‌മി​നി​സ്‌​ട്രേ​റ്റിവ്‌ കോടതി വിധി​ക്കു​ക​യു​ണ്ടാ​യി. വേശ്യാ​വൃ​ത്തി​യോ​ടുള്ള സമൂഹ​ത്തി​ന്റെ മാറി​വ​രുന്ന മനോ​ഭാ​വത്തെ പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​താണ്‌ തങ്ങളുടെ ഈ വിധി​യെന്നു ന്യായാ​ധി​പ​ന്മാർ പറഞ്ഞു. വേശ്യാ​വൃ​ത്തി​യെ ഒരു സാധാരണ തൊഴിൽ എന്ന നിലയിൽ അംഗീ​ക​രി​ക്കേ​ണ്ട​താ​ണെന്ന്‌ ഒരു സർവേ​യിൽ പങ്കെടുത്ത 1,002 പേരിൽ 62 ശതമാ​ന​വും അഭി​പ്രാ​യ​പ്പെട്ടു. ദീർഘ​കാ​ലം മുമ്പേ, ജർമനി​യു​ടെ “സാമ്പത്തിക വ്യവസ്ഥയെ പിന്തു​ണ​യ്‌ക്കുന്ന ഒന്നായി ലൈം​ഗിക സേവനങ്ങൾ” അംഗീ​ക​രി​ക്ക​പ്പെട്ടു കഴിഞ്ഞു​വെന്ന്‌ മറ്റൊരു സർവേ​യിൽ പങ്കെടുത്ത ഭൂരി​പക്ഷം പേരും കരുതു​ന്ന​താ​യി ആ ന്യായാ​ധി​പ​ന്മാർ പറഞ്ഞു.(g01 8/8)