വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വഴിയിൽ നിങ്ങളെ പിടിച്ചുനിറുത്തുന്ന ഒരു വൃക്ഷം

വഴിയിൽ നിങ്ങളെ പിടിച്ചുനിറുത്തുന്ന ഒരു വൃക്ഷം

വഴിയിൽ നിങ്ങളെ പിടി​ച്ചു​നി​റു​ത്തുന്ന ഒരു വൃക്ഷം

ഇക്വഡോറിലെ ഉണരുക! ലേഖകൻ

ഡിസംബർ പകുതി​യാ​യി​ട്ടും ഇക്വ​ഡോ​റി​ന്റെ തീരസ​മ​ത​ല​ങ്ങ​ളിൽ മഴ തുടങ്ങി​യി​ട്ടി​ല്ലാ​യി​രു​ന്നു. പൊടി​പ​ട​ല​ങ്ങ​ളാൽ മൂടി​യി​രി​ക്കുന്ന മലമട​ക്കു​ക​ളി​ലെ വൃക്ഷല​താ​ദി​കൾ പച്ചപ്പി​ല്ലാ​തെ നിറം മങ്ങി കാണ​പ്പെട്ടു. മുകളി​ലെ നരച്ച മേഘക്കൂ​ട്ട​ങ്ങ​ളാൽ മ്ലാനമായ ആ ദിവസം ഒരു സംഘം യാത്ര​ക്കാർ പടിഞ്ഞാറ്‌, പസിഫിക്‌ സമു​ദ്ര​ത്തി​ന്റെ ഭാഗ​ത്തേക്കു പോകുന്ന ഒരു പ്രധാ​ന​വീ​ഥി​യി​ലൂ​ടെ യാത്ര ചെയ്യു​ക​യാ​യി​രു​ന്നു. പെട്ടെന്ന്‌, എല്ലാ കണ്ണുക​ളും വഴിയ​രി​കിൽ ഉണ്ടായി​രുന്ന ഒരു വൃക്ഷത്തിൽ ഉടക്കി​നി​ന്നു. കാറും പെട്ടെന്നു നിന്നു. ഏതു മരമാണ്‌ അവർ അവിടെ കണ്ടത്‌?

പൂത്തു​ല​ഞ്ഞു​നിൽക്കുന്ന ഒരു ഗ്വൈ​യാ​ക്കൻ മരം! “എത്ര മനോ​ഹരം! ഇത്രയ​ധി​കം ശോഭ​യുള്ള നിറം ആരെങ്കി​ലും മുമ്പു കണ്ടിട്ടു​ണ്ടോ? പിങ്ക്‌ നിറത്തി​ലും ഊതനി​റ​ത്തി​ലും ചെമപ്പു​നി​റ​ത്തി​ലും ഓറഞ്ചു​നി​റ​ത്തി​ലു​മൊ​ക്കെ​യുള്ള പൂക്കൾ ചൂടി​നിൽക്കുന്ന മരങ്ങൾ ഞാൻ കണ്ടിട്ടുണ്ട്‌. പക്ഷേ, ഈ ജ്വലി​ക്കുന്ന കാന്തിക്കു മുമ്പിൽ അവയൊ​ന്നും ഏതുമില്ല!” ആശ്ചര്യ​ത്തിൽ കുതിർന്ന ഈ വാക്കുകൾ നിമി​ഷ​നേ​രത്തെ നിശ്ശബ്ദ​തയെ ഭഞ്‌ജി​ച്ചു.

അതിന്റെ സുവർണ സൗന്ദര്യ​ത്തെ കുറെ പുകഴ്‌ത്തി​യ​ശേഷം അവർ യാത്ര തുടർന്നു. എന്നാൽ അത്‌ വെറു​മൊ​രു തുടക്കം മാത്ര​മാ​യി​രു​ന്നു എന്ന്‌ അവർക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. കുറച്ചു​ദൂ​രം താഴേക്കു ചെന്ന അവർ ഒന്നിനു പിറകെ ഒന്നായി പൂത്തു​ലഞ്ഞു നിൽക്കുന്ന നിരവധി ഗ്വൈ​യാ​ക്കൻ മരങ്ങൾ കണ്ടു. അതുക​ണ്ടാൽ മലകളാ​കെ പൊൻവെ​യി​ലിൽ കുളി​ച്ചു​നിൽക്കു​ക​യാ​ണോ എന്നു​തോ​ന്നും! ഗ്വൈ​യാ​ക്കൻ മരങ്ങൾ പൂക്കുന്ന കാലമാ​യി​രു​ന്നു അത്‌. നിറം മങ്ങിയ വനങ്ങൾ പൊൻനി​റ​ച്ചാർത്തു​ക​ളാൽ സ്വയം അണി​ഞ്ഞൊ​രു​ങ്ങുന്ന കാലം.

എന്നാൽ, മനോ​ഹ​ര​മായ ഈ പൂമരം ഒരു രാജ്യ​ത്തി​ന്റെ​മാ​ത്രം സ്വന്തമല്ല. തെക്കേ അമേരി​ക്ക​യു​ടെ​യും മധ്യ അമേരി​ക്ക​യു​ടെ​യും പല ഭാഗങ്ങ​ളി​ലും ഇത്‌ നൈസർഗി​ക​മാ​യി വളരുന്നു. അരഗ്വാ​നേ, ഗ്വൈ​യാ​ക്കൻ അമരി​ല്ലോ, ഗോൾഡൻ ട്രം​പെറ്റ്‌, ട്രം​പെറ്റ്‌ മരം എന്നീ പേരു​ക​ളി​ലും ഇവ അറിയ​പ്പെ​ടു​ന്നു. സ്വർണ​നി​റ​മുള്ള, കാഹള​ത്തി​ന്റെ (trumpet) ആകൃതി​യി​ലുള്ള പൂക്കളാണ്‌ ഇവയ്‌ക്കു​ള്ളത്‌. ശാസ്‌ത്രീ​യ​നാ​മം റ്റബീബ്യാ ക്രിസാ​ന്താ എന്നാണ്‌.

ഗ്വൈ​യാ​ക്കൻ മരത്തിന്റെ നല്ല ആരടു​പ്പ​മുള്ള തടി ഉയർന്ന ഗുണനി​ല​വാ​ര​ത്തി​ലുള്ള ഫർണിച്ചർ നിർമാ​ണ​ത്തിന്‌ വർഷങ്ങ​ളാ​യി ഉപയോ​ഗി​ച്ചു​വ​രു​ന്നു. തത്‌ഫ​ല​മാ​യി ഇവയുടെ ദൗർല​ഭ്യം അനുഭ​വ​പ്പെ​ട്ടി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ചില രാജ്യ​ങ്ങ​ളിൽ ഇവയെ സംരക്ഷണ നിയമ​ങ്ങ​ളിൻകീ​ഴിൽ ആക്കേണ്ടത്‌ ആവശ്യ​മാ​യി തീർന്നി​രി​ക്കു​ന്നു. വർഷത്തിൽ ഒരിക്കൽ ഏതാനും ദിവസ​ത്തേക്കു മാത്ര​മാ​ണെ​ങ്കിൽപ്പോ​ലും തദ്ദേശീ​യ​രും സന്ദർശ​ക​രും ഈ പൂമര​ത്തി​ന്റെ തനതായ സൗന്ദര്യം തുടർന്നും ആസ്വദി​ക്കു​ന്നു എന്നുറപ്പു വരുത്താൻ വേണ്ടി​യാണ്‌ ഇത്‌.

ഏറ്റവും മഹാനായ കലാകാ​രന്റെ—നാം ജീവി​ക്കുന്ന അത്ഭുത ഗ്രഹമായ ഈ ഭൂമി​യു​ടെ വിദഗ്‌ധ​ശിൽപ്പി​യായ മഹാ​സ്ര​ഷ്ടാ​വി​ന്റെ—കരവി​രു​തി​നുള്ള ജീവി​ക്കുന്ന ഒരു സാക്ഷ്യ​മാണ്‌ ഗ്വൈ​യാ​ക്കൻ എന്നതിന്‌ സംശയ​മില്ല. (g01 3/8)