വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“വൈവിധ്യങ്ങളുടെ നാട്‌”—ഒരു നാടകീയ ചരിത്രം

“വൈവിധ്യങ്ങളുടെ നാട്‌”—ഒരു നാടകീയ ചരിത്രം

“വൈവി​ധ്യ​ങ്ങ​ളു​ടെ നാട്‌”—ഒരു നാടകീയ ചരിത്രം

ബ്രസീലിലെ ഉണരുക!ലേഖകൻ

“വൈവി​ധ്യ​ങ്ങ​ളു​ടെ നാട്‌.” ബ്രസീ​ലിന്‌ തികച്ചും അനു​യോ​ജ്യ​മായ ഒരു പേരാണ്‌ അത്‌. കാലാ​വ​സ്ഥ​യിൽ തന്നെ വൈവി​ധ്യം പ്രകട​മാണ്‌. പ്രധാ​ന​മാ​യും ഒരു ഉഷ്‌ണ​മേ​ഖലാ രാജ്യ​മായ അതിന്റെ തെക്ക്‌ ഉപോ​ഷ്‌ണ​മേ​ഖലാ കാലാ​വ​സ്ഥ​യും ആമസോൺ പ്രദേ​ശത്ത്‌ ഭൂമധ്യ​രേ​ഖാ​മേ​ഖലാ കാലാ​വ​സ്ഥ​യും ആണ്‌ അനുഭ​വ​പ്പെ​ടു​ന്നത്‌. ബ്രസീ​ലി​ന്റെ ചരി​ത്ര​ത്തി​ന്റെ​യും ഒരു മുഖമു​ദ്ര​യാ​ണു വൈവി​ധ്യം. 85,11,999 ചതുരശ്ര കിലോ​മീ​റ്റർ വിസ്‌തൃ​തി​യും 7,400 കിലോ​മീ​റ്റർ കടൽത്തീ​ര​വും ഉള്ള ഈ വലിയ രാജ്യം വ്യത്യ​സ്‌ത​മായ അനേകം സംസ്‌കാ​ര​ങ്ങ​ളിൽ പെട്ട ആളുക​ളു​ടെ വാസസ്ഥലം ആയിരു​ന്നി​ട്ടുണ്ട്‌.

500 വർഷം മുമ്പ്‌ പോർച്ചു​ഗീ​സു​കാർ ബ്രസീ​ലിൽ കാലു​കു​ത്തി​യ​പ്പോൾ ആദ്യം​തന്നെ അവരുടെ ശ്രദ്ധയിൽപ്പെട്ട ഗുണങ്ങ​ളിൽ ഒന്നായി​രു​ന്നു ആതിഥ്യ​മ​ര്യാ​ദ. ബ്രസീ​ലു​കാർ പോർച്ചു​ഗീസ്‌ സന്ദർശ​കരെ ആലിം​ഗനം ചെയ്യു​ക​യും അവരോ​ടു സ്വത​ന്ത്ര​മാ​യി ഇടപഴ​കു​ക​യും ചെയ്‌ത​തി​നെ കുറിച്ചു വിവരി​ച്ചു​കൊണ്ട്‌ പേറോ വാസ്‌ ഡി കാമിന്യ 1500-ൽ പോർച്ചു​ഗീസ്‌ രാജാ​വായ മാനുവൽ ഒന്നാമന്‌ എഴുതു​ക​യു​ണ്ടാ​യി. എന്നാൽ പോർച്ചു​ഗീ​സു​കാർ എന്തിനാണ്‌ ബ്രസീ​ലിൽ എത്തിയത്‌?

1500 മാർച്ച്‌ 9-ന്‌ പെഡ്രോ അൽവാ​രിസ്‌ കബ്രാൾ ഇന്ത്യയി​ലെ കോഴി​ക്കോട്ട്‌ ഒരു വ്യാപാര കേന്ദ്രം സ്ഥാപി​ക്കാ​നാ​യി പോർച്ചു​ഗ​ലിൽനിന്ന്‌ ഒരു കപ്പൽപ്പ​ട​യു​മാ​യി പുറ​പ്പെട്ടു. എന്നാൽ, തന്റെ ലക്ഷ്യസ്ഥാ​നത്ത്‌ എത്തി​ച്ചേ​രു​ന്ന​തി​നു മുമ്പ്‌ കബ്രാൾ ഇന്നത്തെ ഒരു ബ്രസീ​ലി​യൻ സംസ്ഥാ​ന​മായ ബഹിയ​യു​ടെ തീരത്ത്‌ ഇറങ്ങി. 1500 ഏപ്രിൽ 23-ന്‌ ആയിരു​ന്നു അത്‌.

പോർച്ചു​ഗീ​സു​കാർക്കു ബ്രസീ​ലി​നെ കുറിച്ചു നേര​ത്തേ​തന്നെ അറിയാ​മാ​യി​രു​ന്നെ​ന്നും അതു​കൊണ്ട്‌ കബ്രാൾ അവിടെ ഇറങ്ങി​യത്‌ യാദൃ​ച്ഛി​ക​മാ​യിട്ട്‌ ആയിരു​ന്നി​ല്ലെ​ന്നും ചില ഗവേഷകർ പറയുന്നു. a സംഗതി എന്തുതന്നെ ആയിരു​ന്നാ​ലും, ബ്രസീ​ലിൽനി​ന്നു ലഭിക്കു​മാ​യി​രു​ന്നത്‌ കടുത്ത നീലാ​രു​ണ​വർണ​ത്തി​ലുള്ള ചായത്തി​നു പേരു​കേട്ട ബ്രസീൽവുഡ്‌ മാത്ര​മാ​യി​രു​ന്നെന്ന്‌ തോന്നി​ച്ചു. ഇതിനു തീർച്ച​യാ​യും വ്യാപാര സാധ്യത ഉണ്ടായി​രു​ന്നെ​ങ്കി​ലും ഇന്ത്യയി​ലെ സുഗന്ധ​ദ്ര​വ്യ​ങ്ങൾക്കാ​യി​രു​ന്നു അതിലും മൂല്യം.

പോർച്ചു​ഗൽ, ബ്രസീ​ലി​നെ പത്തു വർഷ​ത്തേക്ക്‌ പോർച്ചു​ഗ​ലി​ലെ ഫെർനാൻഡോ ഡെ നൊ​രോ​ന്യ​യ്‌ക്ക്‌ പാട്ടത്തി​നു കൊടു​ത്തു. അദ്ദേഹം ബ്രസീൽവുഡ്‌ ശേഖരി​ക്കു​ക​യും പോർച്ചു​ഗീസ്‌ രാജാ​വി​നു നികുതി കൊടു​ക്കു​ക​യും ചെയ്‌തു. എന്നാൽ മറ്റു യൂറോ​പ്യൻ രാജ്യ​ങ്ങ​ളും പശ്ചിമാർധ​ഗോ​ള​വു​മാ​യി വാണിജ്യ ബന്ധം സ്ഥാപി​ക്കാൻ ആഗ്രഹി​ച്ചു. ഫ്രഞ്ച്‌-ഇംഗ്ലീഷ്‌-സ്‌പാ​നീഷ്‌ നാവി​ക​രു​ടെ വർധി​ച്ചു​കൊ​ണ്ടി​രുന്ന നിയമ​വി​രുദ്ധ വ്യാപാ​രം തടയാ​നുള്ള പ്രാപ്‌തി നൊ​രോ​ന്യ​യ്‌ക്ക്‌ ഇല്ലായി​രു​ന്നു. ബ്രസീൽ തങ്ങൾക്കു നഷ്ടപ്പെ​ട്ടേ​ക്കു​മോ എന്ന ഭയത്താൽ 1532-ൽ പോർച്ചു​ഗീ​സു​കാർ അവിടെ കോള​നി​കൾ സ്ഥാപി​ക്കാൻ തുടങ്ങി. പഞ്ചസാര ഉത്‌പാ​ദനം ബ്രസീ​ലി​ലെ ലാഭക​ര​മായ ആദ്യത്തെ ബിസി​ന​സ്സാ​യി​ത്തീർന്നു.

18-ാം നൂറ്റാ​ണ്ടിൽ സ്വർണ ഖനനവും രത്‌ന ഖനനവും തഴച്ചു​വ​ള​രുന്ന ബിസി​ന​സ്സു​കൾ ആയിത്തീർന്നു. 19-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​മാ​യ​പ്പോ​ഴേ​ക്കും റബർപ്പാൽ ഉത്‌പാ​ദനം ആമസോൺ മേഖല​യി​ലെ പ്രധാ​ന​പ്പെട്ട ഒരു വരുമാ​ന​മാർഗം ആയിത്തീർന്നി​രു​ന്നു. b പിന്നീട്‌, റെയിൽ പാതയു​ടെ നിർമാ​ണ​ത്തി​നും സാന്റോസ്‌, റിയോ ഡി ജനീറോ എന്നീ തുറമു​ഖ​ങ്ങ​ളു​ടെ ആധുനി​ക​വ​ത്‌ക​ര​ണ​ത്തി​നും വേണ്ട വരുമാ​നം പ്രദാനം ചെയ്‌തു​കൊണ്ട്‌ കാപ്പി​ക്കൃ​ഷി ബ്രസീ​ലി​ന്റെ നഗരവ​ത്‌ക​ര​ണ​ത്തിൽ ഒരു സുപ്ര​ധാന പങ്കുവ​ഹി​ച്ചു. 19-ാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും, ലോക​ത്തി​ലെ കാപ്പി​ക്കു​രു ഉത്‌പാ​ദ​ന​ത്തി​ന്റെ പകുതി​യും ബ്രസീ​ലിൽ ആയിരു​ന്നു. സാവൊ പൗലോ ആയിരു​ന്നു ബ്രസീ​ലി​ലെ മുഖ്യ സാമ്പത്തിക കേന്ദ്രം.

ദുഃഖ​ക​ര​മെ​ന്നു പറയട്ടെ, ബ്രസീ​ലി​ന്റെ ചരി​ത്ര​ത്തിൽ അടിമ​ത്ത​ത്തി​നും ഒരു പങ്കുണ്ട്‌. ആദ്യ​മൊ​ക്കെ, പോർച്ചു​ഗ​ലിൽ നിന്നു കുടി​യേറി പാർത്തവർ ബ്രസീൽവുഡ്‌ വെട്ടാ​നും ചുമക്കാ​നും തദ്ദേശീ​യ​രായ റെഡ്‌ ഇൻഡ്യ​ക്കാ​രെ ഉപയോ​ഗി​ച്ചു. പിന്നീട്‌ അവരെ കരിമ്പിൻ തോട്ട​ങ്ങ​ളി​ലെ പണിക്ക്‌ ഉപയോ​ഗി​ച്ചു. അവരിൽ അനേക​രും യൂറോ​പ്പിൽനി​ന്നു കടന്നുവന്ന രോഗങ്ങൾ ബാധിച്ചു മരിച്ചു​വെ​ന്ന​താണ്‌ ദാരു​ണ​മായ വസ്‌തുത. അവർക്കു പകരം ജോലി ചെയ്യാൻ, പോർച്ചു​ഗീ​സു​കാർ ആഫ്രി​ക്ക​യിൽനിന്ന്‌ അടിമ​കളെ കൊണ്ടു​വന്നു.

അങ്ങനെ പല വർഷങ്ങൾകൊണ്ട്‌ ലക്ഷക്കണ​ക്കിന്‌ ആഫ്രി​ക്ക​ക്കാ​രാണ്‌ ബ്രസീ​ലിൽ അടിമ​ക​ളാ​യി എത്തിയത്‌. അവരോ​ടൊ​പ്പം അവരുടെ സംസ്‌കാ​ര​വും ജനിതക പാരമ്പ​ര്യ​വും ബ്രസീ​ലിൽ എത്തി. സാമ്പാ പോലുള്ള ജനസമ്മി​തി ആർജിച്ച സംഗീ​ത​ങ്ങ​ളി​ലും കേപോ​യേ​റ​യി​ലും (ഒരു ആയോധന കലാരൂ​പം) കറുത്ത ബീൻസി​നോ​ടൊ​പ്പം പന്നിയി​റ​ച്ചി​യും സോസി​ജും ഉണക്കമാം​സ​വും ചേർത്ത്‌ ഉണ്ടാക്കുന്ന ഫേഷൂ​വാ​ഡൂ പോലുള്ള വിഭവ​ങ്ങ​ളി​ലും അവരുടെ സ്വാധീ​നം പ്രകട​മാണ്‌. അവസാനം 1888-ൽ, ബ്രസീ​ലിൽ അടിമത്തം നിർത്ത​ലാ​ക്കി. അങ്ങനെ ഏകദേശം 7,50,000 പേർക്കു സ്വാത​ന്ത്ര്യം ലഭിച്ചു. അവർ മിക്കവ​രും തോട്ട​ങ്ങ​ളിൽ പണി​ചെ​യ്‌തി​രു​ന്നവർ ആയിരു​ന്നു.

19-ാം നൂറ്റാണ്ടു മുതൽ കോടി​ക്ക​ണ​ക്കി​നു വിദേ​ശി​കൾ ബ്രസീ​ലി​ലേക്കു കുടി​യേറി. ഇറ്റലി​ക്കാ​രും ജപ്പാൻകാ​രും ജർമൻകാ​രും പോള​ണ്ടു​കാ​രും സ്‌പെ​യിൻകാ​രും, സ്വിറ്റ്‌സർലൻഡു​കാ​രും സിറിയൻ-ലബനീസ്‌ വംശജ​രും അതിൽപ്പെ​ടു​ന്നു. ജീവി​ക്കാൻ വളരെ നല്ല സ്ഥലമാണ്‌ ബ്രസീൽ. സസ്യ-ജന്തുജാ​ല​ങ്ങ​ളാൽ ധന്യമാണ്‌ ഈ രാജ്യം. ഇവിടെ പ്രകൃതി വിപത്തു​കൾ പൊതു​വേ വിരള​മാണ്‌. യുദ്ധമോ ഭൂകമ്പ​ങ്ങ​ളോ അഗ്നിപർവത സ്‌ഫോ​ട​ന​ങ്ങ​ളോ ചുഴലി​ക്കാ​റ്റു​ക​ളോ കടലാ​ക്ര​മ​ണ​ങ്ങ​ളോ ഇവിടെ ഇല്ല. ആ സ്ഥിതിക്ക്‌, ഇവിടത്തെ വിഖ്യാ​ത​മായ ചില സ്ഥലങ്ങൾ സന്ദർശി​ച്ചു​കൊണ്ട്‌ ബ്രസീ​ലി​നെ ഒന്ന്‌ അടുത്തു പരിച​യ​പ്പെ​ട​രു​തോ? 500 വർഷം മുമ്പ്‌ പോർച്ചു​ഗീ​സു​കാ​രെ ഹഠാദാ​കർഷിച്ച അതേ അതിഥി​സ​ത്‌കാ​ര​വും പ്രകൃതി സൗന്ദര്യ​വും നിങ്ങൾ ഇവിടെ ആസ്വദി​ക്കും.

[അടിക്കു​റി​പ്പു​കൾ]

a 1494-ൽ പോർച്ചു​ഗീ​സു​കാ​രും സ്‌പെ​യിൻകാ​രും ടോർഡ​സി​ലാസ്‌ ഉടമ്പടി​യിൽ ഒപ്പു​വെച്ചു. അത്‌ അനുസ​രിച്ച്‌ അവർ ദക്ഷിണ അറ്റ്‌ലാ​ന്റി​ക്കി​ന്റെ പടിഞ്ഞാ​റുള്ള പ്രദേശം ഭാഗം ചെയ്‌തു. അതു​കൊണ്ട്‌, പോർച്ചു​ഗ​ലി​നു നേര​ത്തേ​തന്നെ നിയമി​ച്ചു കിട്ടി​യി​രുന്ന പ്രദേശം കൈവ​ശ​മാ​ക്കാ​നാണ്‌ കബ്രാൾ യാത്ര തിരി​ച്ച​തെന്നു ചിലർ പറയുന്നു.

b 1997 മേയ്‌ 22 ലക്കം ഉണരുക!യുടെ 14-17 പേജുകൾ കാണുക.

[16, 17 പേജു​ക​ളി​ലെ ഭൂപടം/ചിത്രങ്ങൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ആമസോൺ പ്രദേശം

ബഹിയ സംസ്ഥാനം

ബ്രസീലിയ

റിയോ ഡി ജനീറോ

സാവൊ പൗലോ

സാന്റോസ്‌

ഇഗ്വാസൂ വെള്ളച്ചാ​ട്ടം

[ചിത്രങ്ങൾ]

1.പെഡ്രോ അൽവാ​രിസ്‌ കബ്രാൾ

2.ടോർഡ​സി​ലാസ്‌ ഉടമ്പടി, 1494

3.കാപ്പി​ക്കു​രു ചുമന്നു​കൊ​ണ്ടു​പോ​കു​ന്നവർ

4.ഇഗ്വാസൂ വെള്ളച്ചാ​ട്ടം, ബ്രസീ​ലിൽനിന്ന്‌ കാണ​പ്പെ​ടു​ന്നത്‌ അനുസ​രിച്ച്‌

5.ഇപ്പിഷൂന ഇൻഡ്യൻ

[കടപ്പാട്‌]

Culver Pictures

Courtesy of Archivo General de Indias, Sevilla, Spain

From the book Brazil and the Brazilians, 1857

FOTO: MOURA

[18-ാം പേജിലെ ചിത്രം]

1.ബ്രസീ​ലിൽ ധാരാളം പൂമക​ളുണ്ട്‌

2.ആമസോൺ കാടു​ക​ളി​ലെ ഓർക്കി​ഡു​കൾ

3.ബഹിയ​യി​ലുള്ള സാൽവ​ഡോ​റി​ലെ പരമ്പരാ​ഗത വേഷം

4.മാക്കത്തത്ത

5. റിയോ ഡി ജനീ​റോ​യി​ലെ കോപ​ക​ബാ​നാ ബീച്ച്‌. ബ്രസീ​ലിന്‌ 7,000-ത്തിലേറെ കിലോ​മീ​റ്റർ വരുന്ന മനോ​ഹ​ര​മായ കടൽത്തീ​ര​മുണ്ട്‌

[കടപ്പാട്‌]

Courtesy São Paulo Zoo

[19-ാം പേജിലെ ചിത്രം]

ബ്രസീലിയ—1960 മുതൽ ബ്രസീ​ലി​ന്റെ തലസ്ഥാനം

[19-ാം പേജിലെ ചിത്രം]

സാവൊ പൗലോ—ബ്രസീ​ലി​ന്റെ സാമ്പത്തിക സിരാ​കേ​ന്ദ്രം

[കടപ്പാട്‌]

FOTO: MOURA

[16-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

© 1996 Visual Language