വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരണത്തിലേക്ക്‌ ഒരു ചുവടുവെപ്പ്‌

മരണത്തിലേക്ക്‌ ഒരു ചുവടുവെപ്പ്‌

മരണത്തി​ലേക്ക്‌ ഒരു ചുവടു​വെപ്പ്‌

“എനിക്കി​പ്പോ​ഴും രണ്ടു കാലു​മു​ള്ള​താ​യി ഞാൻ ചില​പ്പോ​ഴൊ​ക്കെ സ്വപ്‌നം കാണാ​റുണ്ട്‌. . . . വർഷങ്ങൾക്കു മുമ്പാ​യി​രു​ന്നു ആ സംഭവം. ഞാനന്നു കൊച്ചു​കു​ട്ടി​യാ​യി​രു​ന്നു. കൂട്ടു​കാ​രു​മൊത്ത്‌ വീടി​ന​ടു​ത്തുള്ള ഒരു സ്ഥലത്തു കളിക്കാൻ പോയ​താണ്‌. പെട്ടെന്നു ‘ഭും’ . . . എന്റെ വലത്തെ കാൽ ചിന്നി​ച്ചി​തറി പോയി.”—സോങ്‌ കൊസാൽ, 12, കംബോ​ഡിയ.

കുഴി​ബോം​ബു​കൾ പൊട്ടി​ത്തെ​റിച്ച്‌ ഓരോ ദിവസ​വും ശരാശരി 70-തോളം പേർ കൊല്ല​പ്പെ​ടു​ക​യോ അംഗഹീ​ന​രാ​ക്ക​പ്പെ​ടു​ക​യോ ചെയ്യുന്നു. ഇരകളിൽ ഭൂരി​പ​ക്ഷ​വും സൈനി​കരല്ല മറിച്ച്‌ സാധാരണ ജനങ്ങളാണ്‌. കാലി​മേ​യ്‌ക്കു​ന്നവർ, വെള്ള​മെ​ടു​ക്കാൻ പോകുന്ന സ്‌ത്രീ​കൾ, കളിച്ചു​കൊ​ണ്ടി​രി​ക്കുന്ന കുട്ടികൾ തുടങ്ങി​യവർ തന്നെ. ഉദാഹ​ര​ണ​ത്തിന്‌, കവർചി​ത്ര​ത്തിൽ കാണുന്ന എട്ടു വയസ്സു​കാ​രി റുക്കി​യ​യ്‌ക്ക്‌ കൈ നഷ്ടപ്പെ​ട്ടത്‌ ഒരു കുഴി​ബോം​ബു പൊട്ടി​ത്തെ​റി​ച്ചാണ്‌. അവളുടെ ആന്റിയും മൂന്നു സഹോ​ദ​ര​ന്മാ​രും ആ സ്‌ഫോ​ട​ന​ത്തിൽ കൊല്ല​പ്പെട്ടു.

ഒരു കുഴി​ബോം​ബു പാകി, 50 വർഷം കഴിഞ്ഞാ​ലും അതിനു പ്രവർത്ത​ന​ക്ഷ​മ​മാ​യി​രി​ക്കാൻ കഴിയും. “യുദ്ധ സമയത്തു കൊ​ന്നൊ​ടു​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ പേരെ യുദ്ധാ​ന​ന്തരം കൊ​ന്നൊ​ടു​ക്കുന്ന ഏക ആയുധം” എന്നു ദ ഡിഫൻസ്‌ മോണി​റ്റർ അതിനെ വിശേ​ഷി​പ്പി​ക്കു​ന്നത്‌ അതു​കൊ​ണ്ടാണ്‌. ലോക​മെ​മ്പാ​ടു​മാ​യി എന്തുമാ​ത്രം കുഴി​ബോം​ബു​കൾ പാകി​യി​ട്ടു​ണ്ടെന്ന്‌ ആർക്കു​മ​റി​യില്ല. കുറഞ്ഞത്‌ 6 കോടി എങ്കിലും ഉണ്ടെന്നു സൂചി​പ്പി​ക്കുന്ന കണക്കുകൾ സാധാ​ര​ണ​മാ​യി കേൾക്കാ​റുണ്ട്‌. ധാരാളം കുഴി​ബോം​ബു​കൾ നീക്കം ചെയ്യ​പ്പെ​ടു​ന്നുണ്ട്‌ എന്നതു ശരിതന്നെ. എന്നാൽ ഐക്യ​രാ​ഷ്‌ട്ര സംഘടന ഈ അടുത്ത​കാ​ലത്ത്‌, അതായത്‌ 1997-ൽ റിപ്പോർട്ടു ചെയ്‌തത്‌ ഇങ്ങനെ​യാണ്‌: “ഒരു കുഴി​ബോം​ബു നീക്കു​മ്പോൾ പകരം 20 എണ്ണം പാകി​യി​രി​ക്കും. 1994-ൽ ഏകദേശം 1,00,000 കുഴി​ബോം​ബു​കൾ നീക്കം ചെയ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. എന്നാൽ തത്‌സ്ഥാ​നത്തു വന്നതോ 20 ലക്ഷവും.”

ഇന്നത്തെ പല സൈനിക തലവന്മാ​രും ആക്രമ​ണ​ത്തി​നു മിക്ക​പ്പോ​ഴും കുഴി​ബോം​ബു​തന്നെ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അവ വരുത്തി​വെ​ക്കുന്ന സാമ്പത്തിക, സാമൂ​ഹിക നഷ്ടങ്ങൾ എന്തൊക്കെ? അതിജീ​വ​ക​രു​ടെ പിന്നീ​ടുള്ള ജീവി​തത്തെ അതെങ്ങ​നെ​യാ​ണു ബാധി​ക്കു​ന്നത്‌? കുഴി​ബോം​ബു​കളെ പേടി​ക്കാ​തെ നടക്കാൻ കഴിയുന്ന ഒരു കാലം നമുക്കു സ്വപ്‌നം കാണാൻ കഴിയു​മോ?

[3-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

© ICRC/David Higgs

Copyright Nic Dunlop/Panos Pictures