വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രേമത്തിനു കണ്ണില്ല

പ്രേമത്തിനു കണ്ണില്ല

പ്രേമ​ത്തി​നു കണ്ണില്ല

സ്‌പെയിനിലെ ഉണരുക! ലേഖകൻ

ഇതൊന്നു സങ്കൽപ്പി​ക്കുക. നിങ്ങൾ ഹ്രസ്വ​ദൃ​ഷ്ടി​യുള്ള ഒരാളാണ്‌. നിങ്ങൾക്ക്‌ ഒരു ഇണയെ വേണം. എന്നാൽ, നിങ്ങൾക്കി​ണ​ങ്ങുന്ന തരുണി​ക​ളാ​കട്ടെ ഇരുട്ടിയ ശേഷമേ പുറത്തി​റ​ങ്ങു​ക​യു​ള്ളൂ. ഏതാണ്ട്‌ ഇതേ അവസ്ഥയാണ്‌ എംപറർ നിശാ​ശ​ല​ഭ​ത്തി​ന്റെ​യും. എന്നുവ​രി​കി​ലും, ദുഷ്‌ക​ര​മായ ആ വെല്ലു​വി​ളി​കളെ തരണം ചെയ്യാൻ സഹായി​ക്കുന്ന ചില സവി​ശേ​ഷ​തകൾ അഴകാർന്ന ഈ ഷഡ്‌പ​ദ​ത്തി​നുണ്ട്‌.

വേനൽക്കാ​ലത്ത്‌, ഒരു ശലഭപ്പു​ഴു ആയിരി​ക്കെ, അത്‌ കാണു​ന്ന​തെ​ല്ലാം വെട്ടി​വി​ഴു​ങ്ങി തടിച്ചു കൊഴു​ക്കു​ന്നു. തുടർന്ന്‌, വസന്തത്തിൽ അഴകാർന്ന ഒരു നിശാ​ശ​ല​ഭ​മാ​യി സമാധി​യിൽ നിന്നു പുറത്തു​വന്ന ശേഷമാണ്‌ അത്‌ ഇണയെ അന്വേ​ഷി​ച്ചു തുടങ്ങു​ന്നത്‌. അപ്പോ​ഴേ​ക്കും അത്‌ ഹ്രസ്വ​മായ അതിന്റെ ആയുഷ്‌കാ​ല​ത്തേ​ക്കുള്ള ആഹാരം ശേഖരി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കും.

ഭക്ഷണ പ്രശ്‌നങ്ങൾ പരിഹ​രി​ച്ചു കഴിഞ്ഞ സ്ഥിതിക്ക്‌, ഇണയെ തേടുക എന്ന അടുത്ത ഉദ്യമ​ത്തിൽ മുഴു ശ്രദ്ധയും കേന്ദ്രീ​ക​രി​ക്കാൻ എംപറർ നിശാ​ശ​ല​ഭ​ത്തി​നു കഴിയു​ന്നു. മൂപ്പരു​ടെ പക്കൽ ആ പ്രത്യേക ഉപകരണം ഇല്ലായി​രു​ന്നെ​ങ്കിൽ നിലാ​വത്ത്‌ ഇണയെ അന്വേ​ഷി​ക്കു​ന്നത്‌ വൈ​ക്കോൽക്കൂ​ന​യിൽ ഒരു സൂചി തിരയു​ന്ന​തു​പോ​ലെ ദുഷ്‌ക​ര​മാ​കു​മാ​യി​രു​ന്നു.

മൃദു​ല​മാ​യ കേശപ​ത്രി​കൾ പോലെ, കൊച്ചു ശിരസ്സിൽ നിന്നു തള്ളിനിൽക്കുന്ന രണ്ടു സ്‌പർശി​നി​കൾ ഈ നിശാ​ശ​ല​ഭ​ത്തിന്‌ ഉണ്ട്‌. ഈ ചെറിയ സ്‌പർശി​നി​ക​ളാ​യി​രി​ക്കണം ഗന്ധം പിടി​ച്ചെ​ടു​ക്കാൻ കഴിവുള്ള, ഭൂമി​യി​ലെ ഏറ്റവും സങ്കീർണ​മായ ഉപകര​ണങ്ങൾ. പെൺ നിശാ​ശ​ലഭം ‘ഉപകാ​രേണ’ പുറ​പ്പെ​ടു​വി​ക്കുന്ന ഫെറോ​മോൺ എന്ന ഒരു രാസവ​സ്‌തു​വി​ന്റെ അഥവാ “സുഗന്ധ​ദ്രവ്യ”ത്തിന്റെ അതിസൂക്ഷ്‌മ ഗന്ധം പോലും പിടി​ച്ചെ​ടു​ക്കാ​നുള്ള കഴിവ്‌ അവയ്‌ക്കുണ്ട്‌.

പെൺ നിശാ​ശ​ല​ഭങ്ങൾ എണ്ണത്തിൽ വളരെ കുറവാ​ണെ​ങ്കി​ലും അവയുടെ ഫെറോ​മോൺ, ഘ്രാണ​സം​ജ്ഞ​യാ​യി വർത്തി​ക്കു​ന്ന​തു​കൊണ്ട്‌ അവയെ കണ്ടെത്തു​ന്നത്‌ ഒരു പ്രശ്‌ന​മാ​യി​ത്തീ​രു​ന്നില്ല. 11 കിലോ​മീ​റ്റർ അകലെ​യുള്ള ഒരു പെൺ നിശാ​ശ​ല​ഭത്തെ കണ്ടുപി​ടി​ക്കാൻ പോന്നത്ര കഴിവു​ള്ള​വ​യാണ്‌ ആൺ നിശാ​ശ​ല​ഭ​ത്തി​ന്റെ സ്‌പർശി​നി​കൾ. അങ്ങനെ എല്ലാ പ്രതി​ബ​ന്ധ​ങ്ങ​ളും മറിക​ടന്ന്‌ ആൺ നിശാ​ശ​ലഭം തന്റെ പ്രേയ​സി​യെ കണ്ടെത്തു​ന്നു. പ്രേമ​ത്തി​നു കണ്ണി​ല്ലെ​ന്നുള്ള സംഗതി പ്രാണി ലോക​ത്തിൽ പ്രശ്‌നം സൃഷ്ടി​ക്കു​ന്നില്ല—ചുരു​ങ്ങി​യത്‌ ഈ നിശാ​ശ​ല​ഭ​ത്തി​ന്റെ കാര്യ​ത്തി​ലെ​ങ്കി​ലും.

ഇത്തരം കൗതു​ക​ക​ര​മായ വിശദാം​ശ​ങ്ങ​ളും അസാധാ​ര​ണ​മായ രൂപകൽപ്പ​ന​യും നിറഞ്ഞ​താ​ണു ദൈവ​ത്തി​ന്റെ സൃഷ്ടികൾ! “യഹോവേ, നിന്റെ പ്രവൃ​ത്തി​കൾ എത്ര പെരു​കി​യി​രി​ക്കു​ന്നു! ജ്ഞാന​ത്തോ​ടെ നീ അവയെ ഒക്കെയും ഉണ്ടാക്കി​യി​രി​ക്കു​ന്നു” എന്നു സങ്കീർത്ത​ന​ക്കാ​രൻ എഴുതി​യത്‌ എത്രയോ വാസ്‌ത​വ​മാണ്‌!—സങ്കീർത്തനം 104:24.

[10-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

© A. R. Pittaway