വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബാഹ്യ​രൂ​പം​വെച്ച് ഒരാളെ വിലയി​രു​ത്താ​നാ​കു​മോ?

ബാഹ്യ​രൂ​പം​വെച്ച് ഒരാളെ വിലയി​രു​ത്താ​നാ​കു​മോ?

കാനഡ​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളായ ഡോൺ തെരു​വിൽ ജീവി​ക്കുന്ന ആളുക​ളോ​ടു സംസാ​രി​ക്കാൻ പ്രത്യേ​ക​ശ്രമം നടത്താ​റുണ്ട്. അങ്ങനെ കണ്ടുമു​ട്ടിയ ഒരാ​ളെ​ക്കു​റിച്ച് ഡോൺ പറയുന്നു: “വീടി​ല്ലാത്ത ഒരാളാ​യി​രു​ന്നു പീറ്റർ, ഞാൻ കണ്ടിട്ടു​ള്ള​തി​ലേ​ക്കും വൃത്തി​ഹീ​ന​നായ ഒരു മനുഷ്യൻ! ഇടവഴി​ക​ളി​ലാ​ണു പീറ്റർ കഴിഞ്ഞി​രു​ന്നത്‌. ഒരു പ്രത്യേക പ്രകൃ​ത​ക്കാ​ര​നാ​യ​തു​കൊണ്ട് മറ്റ്‌ ആളുക​ളു​മാ​യൊ​ന്നും വലിയ അടുപ്പ​മി​ല്ലാ​യി​രു​ന്നു. മാനു​ഷി​ക​പ​രി​ഗ​ണ​ന​യു​ടെ പേരിൽ പലരും സഹായി​ക്കാൻ ശ്രമി​ച്ച​പ്പോ​ഴും പീറ്റർ അതെല്ലാം നിരസി​ച്ചു.” പക്ഷേ ഡോൺ ആ മനുഷ്യ​നോ​ടു ദയയോ​ടെ ഇടപെട്ടു; 14 വർഷത്തി​ല​ധി​കം പലപ്പോ​ഴാ​യി അയാളെ സഹായി​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടി​രു​ന്നു.

ഒരു ദിവസം പീറ്റർ ഡോണി​നോ​ടു ചോദി​ച്ചു: “നിങ്ങൾ എന്തിനാണ്‌ എന്നെ ശല്യ​പ്പെ​ടു​ത്തു​ന്നത്‌? മറ്റുള്ള​വ​രെ​പ്പോ​ലെ നിങ്ങൾക്കും എന്നെ വെറുതേ വിട്ടു​കൂ​ടേ?” പീറ്ററി​ന്‍റെ ഹൃദയ​ത്തി​ലെ​ത്താൻ ഡോൺ നയപൂർവം മൂന്നു തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ച്ചു. ആദ്യം ഡോൺ, ദൈവ​ത്തിന്‌ ഒരു പേരുള്ള കാര്യം അറിയാ​മോ എന്നു ചോദി​ച്ചിട്ട് ബൈബി​ളിൽനിന്ന് സങ്കീർത്തനം 83:18 വായി​ക്കാൻ ആവശ്യ​പ്പെട്ടു. അടുത്ത​താ​യി, താൻ പീറ്ററി​ന്‍റെ കാര്യ​ത്തിൽ താത്‌പ​ര്യ​മെ​ടു​ക്കു​ന്ന​തി​ന്‍റെ കാരണം വ്യക്തമാ​ക്കാൻ റോമർ 10:13, 14 വായി​ച്ചു​കേൾപ്പി​ച്ചു. “യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും” എന്ന് അവിടെ പറയു​ന്നതു പീറ്ററി​നു കാണി​ച്ചു​കൊ​ടു​ത്തു. പിന്നെ മത്തായി 9:36 വായിച്ചു. ആ വാക്യം വായി​ക്കാൻ പീറ്ററി​നോ​ടു ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. അവിടെ ഇങ്ങനെ പറയു​ന്നതു പീറ്റർ വായിച്ചു: “ജനക്കൂ​ട്ടത്തെ കണ്ടപ്പോൾ യേശു​വിന്‌ അലിവ്‌ തോന്നി. കാരണം അവർ ഇടയനി​ല്ലാത്ത ആടുക​ളെ​പ്പോ​ലെ അവഗണി​ക്ക​പ്പെ​ട്ട​വ​രും മുറി​വേ​റ്റ​വ​രും ആയിരു​ന്നു.” അപ്പോൾ പീറ്ററി​ന്‍റെ കണ്ണു നിറഞ്ഞു. പീറ്റർ ചോദി​ച്ചു: “ആ ആടുക​ളിൽ ഒരാളാ​ണോ ഞാൻ?”

പതി​യെ​പ്പ​തി​യെ പീറ്റർ മാറ്റങ്ങൾ വരുത്താൻ തുടങ്ങി. പീറ്റർ പതിവാ​യി കുളി​ക്കാൻ തുടങ്ങി; താടി വൃത്തി​യാ​യി വെട്ടി​യൊ​തു​ക്കി; ഡോൺ കൊടുത്ത വൃത്തി​യുള്ള വസ്‌ത്രങ്ങൾ ധരിക്കു​ക​യും ചെയ്‌തു. പിന്നെ​യൊ​രി​ക്ക​ലും പീറ്റർ പഴയ രീതി​യി​ലേക്കു പോയില്ല.

പീറ്ററി​നു ഡയറി എഴുതുന്ന ശീലമു​ണ്ടാ​യി​രു​ന്നു. അതിന്‍റെ ആദ്യഭാ​ഗങ്ങൾ നിറയെ വിഷാ​ദ​ത്തി​ന്‍റെ​യും നിരാ​ശ​യു​ടെ​യും വാക്കു​ക​ളാ​യി​രു​ന്നു. എന്നാൽ അതിൽനിന്ന് വ്യത്യ​സ്‌ത​മാ​യി​രു​ന്നു പിന്നീട്‌ എഴുതിയ വാക്കുകൾ. ചില വരികൾ ഇങ്ങനെ​യാ​യി​രു​ന്നു: “ഇന്നു ഞാൻ ദൈവ​ത്തി​ന്‍റെ പേര്‌ എന്താ​ണെന്നു പഠിച്ചു. ഇപ്പോൾ ഞാൻ യഹോ​വ​യോ​ടാ​ണു പ്രാർഥി​ക്കു​ന്നത്‌. ദൈവ​ത്തി​ന്‍റെ പേര്‌ അറിയു​ക​യെ​ന്നതു വലി​യൊ​രു കാര്യ​മാണ്‌. എനിക്ക് യഹോ​വയെ സുഹൃ​ത്താ​ക്കാ​മെ​ന്നാ​ണു ഡോൺ പറയു​ന്നത്‌. എപ്പോൾ വേണ​മെ​ങ്കി​ലും ഏതു വിഷയ​ത്തെ​ക്കു​റി​ച്ചും എനിക്കു ദൈവ​ത്തോ​ടു മനസ്സു തുറക്കാൻ കഴിയു​മ​ത്രേ.”

കൂടപ്പി​റ​പ്പു​കൾക്കാ​യി പീറ്റർ കുറി​ച്ചിട്ട ഒരു സന്ദേശ​മാ​യി​രു​ന്നു ആ ഡയറി​യി​ലെ അവസാ​ന​വാ​ക്കു​കൾ. അത്‌ ഇങ്ങനെ​യാണ്‌:

“എനിക്ക് ഇന്നു നല്ല സുഖമില്ല. പ്രായ​ത്തി​ന്‍റെ അസ്വസ്ഥ​തകൾ എന്നെ ശരിക്കും ബാധി​ച്ചി​രി​ക്കു​ന്നു. ഇന്ന് എന്‍റെ അവസാ​ന​ദി​വ​സ​മാ​ണോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് അറിയാം, എന്‍റെ സുഹൃ​ത്തി​നെ (ഡോണി​നെ) ഞാൻ പറുദീ​സ​യിൽവെച്ച് കാണും. ഈ ഡയറി നിങ്ങൾ വായി​ക്കു​ന്നു എന്നതിന്‍റെ അർഥം ഞാൻ ജീവ​നോ​ടില്ല എന്നാണ്‌. എന്‍റെ ശവസം​സ്‌കാ​ര​ച്ച​ട​ങ്ങി​നു നിങ്ങൾക്കു പരിച​യ​മി​ല്ലാത്ത ഒരാൾ എത്തിയാൽ നിങ്ങൾ അയാളു​ടെ അടുത്ത്‌ ചെന്ന് സംസാ​രി​ക്കണം. നീല നിറത്തി​ലുള്ള ഈ ചെറിയ പുസ്‌തകം നിങ്ങൾ വായി​ക്കു​ക​യും വേണം. (വർഷങ്ങൾക്കു മുമ്പ് തനിക്കു കിട്ടിയ “നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം” എന്ന ബൈബിൾ പഠനസ​ഹാ​യി​യെ​ക്കു​റി​ച്ചാ​ണു പീറ്റർ പറഞ്ഞത്‌.) * എനിക്ക് എന്‍റെ സുഹൃ​ത്തി​നെ ഇനി പറുദീ​സ​യിൽവെച്ച് കാണാ​മെ​ന്നാണ്‌ ആ പുസ്‌തകം പറയു​ന്നത്‌. അതിനു കഴിയു​മെന്നു ഞാൻ ഉറച്ചു​വി​ശ്വ​സി​ക്കു​ന്നു. സ്‌നേ​ഹ​ത്തോ​ടെ, നിങ്ങളു​ടെ സഹോ​ദരൻ പീറ്റർ.”

ശവസം​സ്‌കാ​ര​ച്ച​ട​ങ്ങു​കൾക്കു ശേഷം പീറ്ററി​ന്‍റെ പെങ്ങൾ യൂമി പറഞ്ഞു: “ഏകദേശം രണ്ടു വർഷം മുമ്പ് പീറ്റർ എന്നോടു സംസാ​രി​ച്ചു. ആൾ അന്നു വലിയ സന്തോ​ഷ​ത്തി​ലാ​യി​രു​ന്നു. വർഷങ്ങൾക്കു ശേഷമാ​യി​രു​ന്നു പീറ്ററി​നെ അങ്ങനെ​യൊ​ന്നു കാണു​ന്നത്‌. പീറ്റർ പുഞ്ചി​രി​ക്കു​ക​പോ​ലും ചെയ്‌തു.” യൂമി ഡോണി​നോ​ടു പറഞ്ഞു: “ഞാൻ ഈ പുസ്‌തകം ഉറപ്പാ​യും വായി​ക്കും. എന്‍റെ ആങ്ങളയ്‌ക്ക് അത്രയ്‌ക്ക് ഇഷ്ടപ്പെട്ട ഒരു പുസ്‌ത​ക​ത്തിന്‌ എന്തെങ്കി​ലും പ്രത്യേ​ക​ത​യു​ണ്ടാ​യി​രി​ക്കു​മെന്ന് ഉറപ്പാണ്‌.” മറ്റുള്ള​വരെ ബൈബിൾ പഠിപ്പി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ ഇപ്പോൾ ഉപയോ​ഗി​ക്കുന്ന ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌തകം ചർച്ച ചെയ്യാ​നും യൂമി സമ്മതിച്ചു.

പുറമേ കാണു​ന്ന​തി​ന്‍റെ അടിസ്ഥാ​ന​ത്തിൽ ആളുകളെ വിലയി​രു​ത്താ​തി​രി​ക്കാ​നുള്ള ഒരു നല്ല പാഠമാണ്‌ ഈ അനുഭവം. എല്ലാ തരം ആളുക​ളെ​യും നമ്മൾ ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കണം, ക്ഷമയോ​ടെ അവരെ സഹായി​ക്കണം. (1 തിമൊ. 2:3, 4) അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ, മനുഷ്യ​രു​ടെ കണ്ണിൽ ആകർഷ​ണീ​യ​ര​ല്ലെ​ങ്കി​ലും പീറ്ററി​നെ​പ്പോ​ലെ ഹൃദയ​ത്തിൽ നന്മയുള്ള ആളുകളെ സത്യത്തി​ന്‍റെ പാതയി​ലേക്കു നയിക്കാൻ നമുക്കു കഴിയും. മനുഷ്യ​രു​ടെ ‘ഹൃദയ​ത്തിന്‌ ഉള്ളിലു​ള്ളതു കാണാൻ’ കഴിയുന്ന യഹോവ, ശരിയായ മനോ​ഭാ​വ​മു​ള്ള​വ​രു​ടെ ഹൃദയ​ത്തിൽ സത്യം വേരു​പി​ടി​ക്കാൻ ഇടയാ​ക്കു​മെന്നു നമുക്ക് ഉറപ്പു​ണ്ടാ​യി​രി​ക്കാം.—1 ശമു. 16:7; യോഹ. 6:44.

^ ഖ. 7 യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചി​രു​ന്നത്‌. ഇപ്പോൾ അച്ചടി​ക്കു​ന്നില്ല.