വിവരങ്ങള്‍ കാണിക്കുക

അഭിമുഖം | ആന്റോ​ണി​യോ ഡെല്ല ഗെറ്റ

ഒടുവിൽ ആ പുരോ​ഹി​തൻ പള്ളി വിട്ടു

ഒടുവിൽ ആ പുരോ​ഹി​തൻ പള്ളി വിട്ടു

റോമിൽ നീണ്ട ഒൻപതു വർഷത്തെ പഠനത്തി​നു ശേഷം ആന്റോ​ണി​യോ ഡെല്ല ഗെറ്റ 1969-ൽ ഒരു പുരോ​ഹി​ത​നാ​യി. പിന്നീട്‌ അദ്ദേഹം ഇറ്റലി​യി​ലെ നേപ്പിൾസിന്‌ അടുത്തുള്ള ഒരു സെമി​നാ​രി​യിൽ റെക്‌റ്റ​റാ​യി അഥവാ തലവനാ​യി സേവനം അനുഷ്‌ഠി​ച്ചി​ട്ടുണ്ട്‌. ഒരുപാട്‌ നാളത്തെ പഠനത്തി​നും ചിന്തകൾക്കും ശേഷം അദ്ദേഹ​ത്തിന്‌ ഒരു കാര്യം മനസ്സി​ലാ​യി. കത്തോ​ലി​ക്കാ മതം ബൈബിൾ പറയു​ന്നത്‌ അനുസ​രി​ച്ചല്ല പോകു​ന്ന​തെന്ന്‌. തന്റെ ആത്മീയ​യാ​ത്ര​യെ​ക്കു​റിച്ച്‌ അദ്ദേഹം ഉണരുക!-യ്‌ക്ക്‌ നൽകിയ അഭിമു​ഖ​ത്തിൽനിന്ന്‌ ചില ഭാഗങ്ങൾ.

കുട്ടി​ക്കാ​ല​ത്തെ​ക്കു​റിച്ച്‌ എന്താണ്‌ പറയാ​നു​ള്ളത്‌?

ഞാൻ ജനിച്ചത്‌ ഇറ്റലി​യി​ലാണ്‌, 1943-ൽ. എന്റെ അപ്പച്ചൻ ഒരു കൃഷി​ക്കാ​ര​നാ​യി​രു​ന്നു, മരപ്പണി​യും ചെയ്യു​മാ​യി​രു​ന്നു. ഞങ്ങൾ ഒരു ചെറിയ ഗ്രാമ​ത്തി​ലാണ്‌ താമസി​ച്ചി​രു​ന്നത്‌. എനിക്ക്‌ രണ്ടു ചേട്ടന്മാ​രും ഒരു അനിയ​നും മൂന്നു പെങ്ങന്മാ​രും ഉണ്ടായി​രു​ന്നു. ഞങ്ങളുടെ മാതാ​പി​താ​ക്കൾ നല്ല ഒന്നാന്തരം കത്തോ​ലി​ക്ക​രാ​യി​ട്ടാണ്‌ ഞങ്ങളെ വളർത്തി​യത്‌.

ഒരു പുരോ​ഹി​തൻ ആകാനുള്ള ആഗ്രഹം എങ്ങനെ​യാണ്‌ ഉണ്ടായത്‌?

ചെറുപ്പം മുതലേ പുരോ​ഹി​ത​ന്മാർ പറയു​ന്നത്‌ കേൾക്കാൻ എനിക്ക്‌ ഒരുപാട്‌ ഇഷ്ടമാ​യി​രു​ന്നു. അവരുടെ ശബ്ദവും പാട്ടും പ്രാർഥ​ന​യും ഒക്കെ എന്റെ മനസ്സിൽപ്പ​തി​ഞ്ഞു. അന്നേ ഞാൻ ഉറപ്പിച്ചു, എനിക്കും ഒരു പുരോ​ഹി​തൻ ആകണ​മെന്ന്‌. അങ്ങനെ 13 വയസ്സാ​യ​പ്പോൾ അമ്മ എന്നെ ഒരു ബോർഡിങ്‌ സ്‌കൂ​ളി​ലാ​ക്കി. ആൺകു​ട്ടി​കളെ പുരോ​ഹിത ശുശ്രൂഷ ചെയ്യു​ന്ന​തി​നു​വേണ്ടി ഒരുക്കുന്ന സ്‌കൂ​ളാ​യി​രു​ന്നു അത്‌.

അവിടെ ബൈബിൾ പഠിപ്പി​ക്കു​മാ​യി​രു​ന്നോ?

സത്യം പറഞ്ഞാൽ ഇല്ല. എനിക്ക്‌ 15 വയസ്സു​ള്ള​പ്പോൾ എന്റെ ഒരു ടീച്ചർ എനിക്ക്‌ സുവി​ശേ​ഷങ്ങൾ വായി​ക്കാൻ തന്നു. യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും ഒക്കെ പറയുന്ന ഭാഗമു​ണ്ട​ല്ലോ, ഞാൻ അത്‌ പലയാ​വർത്തി വായിച്ചു. 18 വയസ്സാ​യ​പ്പോൾ ഞാൻ റോമി​ലേക്ക്‌ പറന്നു. പിന്നെ വൈദിക പഠനം പോപ്പി​ന്റെ കീഴി​ലുള്ള സർവക​ലാ​ശാ​ല​ക​ളിൽ ആയിരു​ന്നു. അവിടെ ഞാൻ ലത്തീൻ, ഗ്രീക്ക്‌ എന്നീ ഭാഷക​ളും ചരിത്രം, തത്ത്വശാ​സ്‌ത്രം, മനഃശാ​സ്‌ത്രം, ദൈവ​ശാ​സ്‌ത്രം തുടങ്ങി​യ​വ​യും പഠിച്ചു. ഞങ്ങൾ പല ബൈബിൾവാ​ക്യ​ങ്ങ​ളും ആവർത്തി​ച്ചു ചൊല്ലു​ക​യും, ഞായറാ​ഴ്‌ചത്തെ പ്രസം​ഗ​ങ്ങ​ളിൽനിന്ന്‌ പല ബൈബിൾഭാ​ഗങ്ങൾ വായി​ക്കു​ന്നത്‌ കേൾക്കു​ക​യും ചെയ്‌തി​ട്ടു​ണ്ടെ​ങ്കി​ലും, സത്യം പറഞ്ഞാൽ ശരിക്കും ബൈബി​ളൊ​ന്നും പഠിച്ചി​ട്ടില്ല.

സെമി​നാ​രി​യി​ലെ റെക്‌റ്റർ ആയിരു​ന്ന​ല്ലോ? അപ്പോൾ കുട്ടി​കളെ പഠിപ്പി​ക്കു​മാ​യി​രു​ന്നോ?

അവിടത്തെ കാര്യ​ങ്ങ​ളൊ​ക്കെ നോക്കി​ന​ട​ത്തുക, അതായി​രു​ന്നു എന്റെ പ്രധാന ജോലി. പിന്നെ രണ്ടാം വത്തിക്കാൻ കൗൺസി​ലി​ന്റെ കല്‌പ​ന​ക​ളും മറ്റും പഠിപ്പി​ക്കു​മാ​യി​രു​ന്നു.

എപ്പോ​ഴാണ്‌ സഭയുടെ പഠിപ്പി​ക്ക​ലു​കൾ തെറ്റാ​ണെന്ന്‌ തോന്നാൻ തുടങ്ങി​യത്‌?

മൂന്നു കാര്യ​ങ്ങ​ളാണ്‌ എന്നെ ചിന്തി​പ്പി​ച്ചത്‌. പള്ളി, രാഷ്ട്രീയ കാര്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നു, പുരോ​ഹി​ത​ന്മാ​രു​ടെ​യും ഇടവക​ക്കാ​രു​ടെ​യും കൊള്ള​രു​താ​യ്‌മകൾ വെച്ചു​പൊ​റു​പ്പി​ക്കു​ന്നു. ഇനി, അവർ പഠിപ്പി​ക്കുന്ന ചില കാര്യങ്ങൾ ശരിയാ​ണെ​ന്നും എനിക്ക്‌ തോന്നി​യില്ല. ഒന്ന്‌ ചിന്തി​ച്ചു​നോ​ക്കൂ! ഒരു സ്‌നേ​ഹ​വാ​നായ ദൈവം ഒരാളു​ടെ മരണ​ശേ​ഷ​വും അയാളെ ശിക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​മോ? ഒരു കൊന്ത ഉപയോ​ഗിച്ച്‌, ഒരേ പ്രാർഥ​ന​തന്നെ നൂറു പ്രാവ​ശ്യം ചൊല്ലാൻ ദൈവം ശരിക്കും പറഞ്ഞി​ട്ടു​ണ്ടോ? *

പിന്നെ എന്താണ്‌ ചെയ്‌തത്‌?

‘എന്നെ സഹായി​ക്കണേ’ എന്ന്‌ പറഞ്ഞ്‌ ദൈവ​ത്തോട്‌ ഞാൻ കരഞ്ഞ്‌ പ്രാർഥി​ച്ചു. ഇറ്റാലി​യൻ ഭാഷയിൽ ആ ഇടയ്‌ക്കാണ്‌ കത്തോ​ലി​ക്ക​രു​ടെ യരുശ​ലേം ബൈബിൾ പുറത്തി​റ​ങ്ങി​യത്‌. ഞാൻ ഒരെണ്ണം വാങ്ങി വായന തുടങ്ങി. ഒരു ഞായറാഴ്‌ച രാവിലെ കുർബാ​ന​യൊ​ക്കെ കഴിഞ്ഞ്‌ ഇരിക്കു​മ്പോൾ രണ്ടു പേർ സെമി​നാ​രി​യി​ലേക്ക്‌ വന്നു. അവർ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രു​ന്നു. സത്യമ​തത്തെ തിരി​ച്ച​റി​യി​ക്കുന്ന കാര്യങ്ങൾ എന്തൊ​ക്കെ​യാ​ണെന്ന്‌ ബൈബി​ളിൽനിന്ന്‌ ഞങ്ങൾ ഒരു മണിക്കൂ​റി​ല​ധി​കം നേരം സംസാ​രി​ച്ചി​രു​ന്നു.

വന്ന ആ രണ്ടു​പേരെ കുറിച്ച്‌ എന്ത്‌ തോന്നി?

അവരുടെ ആ ആത്മവി​ശ്വാ​സ​വും കത്തോ​ലി​ക്കർ പുറത്തി​റ​ക്കിയ ബൈബി​ളിൽനിന്ന്‌ വളരെ എളുപ്പ​ത്തിൽ ഓരോ​രോ കാര്യങ്ങൾ എടുത്ത്‌ കാണി​ച്ചു​ത​രു​ന്ന​തും കണ്ടപ്പോൾ ഞാൻ ശരിക്കും അതിശ​യി​ച്ചു​പോ​യി. പിന്നീട്‌ മാരി​യോ എന്ന്‌ പേരുള്ള ഒരു യഹോ​വ​യു​ടെ സാക്ഷി എന്നെ കാണാൻ വരാൻ തുടങ്ങി. അദ്ദേഹം നല്ല ക്ഷമയും ആത്മാർഥ​ത​യും ഉള്ള വ്യക്തി​യാ​യി​രു​ന്നു. എല്ലാ ശനിയാ​ഴ്‌ച​യും രാവിലെ അത്‌ മഴയാ​ണെ​ങ്കി​ലും വെയി​ലാ​ണെ​ങ്കി​ലും ഒൻപതു​മണി എന്നു പറയുന്ന ഒരു സമയമു​ണ്ടെ​ങ്കിൽ മാരി​യോ ഞങ്ങളുടെ സെമി​നാ​രി​യിൽ ഉണ്ടായി​രി​ക്കും!

അദ്ദേഹം ഇങ്ങനെ വരുന്നത്‌ മറ്റ്‌ പുരോ​ഹി​ത​ന്മാർ കണ്ടില്ലേ?

പിന്നില്ലേ, അവരും കാണു​മാ​യി​രു​ന്നു. ഞാൻ അവരെ​യും വിളി​ക്കും. എന്നാൽ ഒരാളു​പോ​ലും കാര്യ​മാ​യിട്ട്‌ ബൈബിൾ പഠിക്കാൻ കൂട്ടാ​ക്കി​യില്ല. പക്ഷേ എനിക്ക്‌ ബൈബിൾ പഠിക്കാൻ വലിയ ഇഷ്ടമാ​യി​രു​ന്നു. രസകര​മായ ഒരുപാട്‌ കാര്യങ്ങൾ ഞാൻ പഠിച്ചു. പലപ്പോ​ഴും, ഞാൻ തലപു​കഞ്ഞ്‌ ചിന്തി​ച്ചു​കൊ​ണ്ടി​രുന്ന ഒരു കാര്യം ഉണ്ടായി​രു​ന്നു. ദൈവം എന്തു​കൊ​ണ്ടാണ്‌ ഈ ദുഷ്ടത​യും കഷ്ടപ്പാ​ടും ഒക്കെ വെച്ചു​പൊ​റു​പ്പി​ക്കു​ന്ന​തെന്ന്‌. അതു​പോ​ലുള്ള പല ചോദ്യ​ങ്ങൾക്കു​മുള്ള ഉത്തരം ഈ പഠനത്തി​ലൂ​ടെ എനിക്കു കിട്ടി.

അല്ല, മേലധി​കാ​രി​കൾ ഇതൊ​ന്നും കണ്ടിട്ട്‌ ഒന്നും പറഞ്ഞില്ലേ?

1975-ൽ എന്റെ നിലപാട്‌ വ്യക്തമാ​ക്കാൻ ഞാൻ പല പ്രാവ​ശ്യം റോമിൽ പോയി. മേലധി​കാ​രി​കൾ എന്റെ മനസ്സു​മാ​റ്റാൻ പല പണികൾ നോക്കി. അവസാനം, 1976 ജനുവരി 9-ാം തീയതി ഞാൻ റോമി​ലേക്ക്‌ ഒരു കത്തെഴു​തി. ഇനി മുതൽ ഒരു കത്തോ​ലി​ക്കാ മതവി​ശ്വാ​സി ആയിരി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല എന്നാണ്‌ അതിൽ എഴുതി​യി​രു​ന്നത്‌. രണ്ടു ദിവസം കഴിഞ്ഞ​പ്പോൾ ഞാൻ സെമി​നാ​രി വിട്ടു, നേരെ ട്രെയിൻ കയറി. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു മീറ്റിങ്ങ്‌ കൂടാം എന്ന്‌ വിചാ​രി​ച്ചാണ്‌ ഞാൻ പോയത്‌. പക്ഷേ അന്ന്‌ അവരുടെ ഒരു സമ്മേള​ന​മാ​യി​രു​ന്നു. ഞാൻ അതുവരെ കണ്ടിട്ടി​ല്ലാത്ത ഒരു പുതിയ ചുറ്റു​പാ​ടാ​യി​രു​ന്നു അത്‌. എനിക്ക്‌ അതിശയം തോന്നി. എല്ലാവ​രു​ടെ​യും കൈയിൽ ബൈബിൾ. പ്രസം​ഗകൻ ഓരോ കാര്യങ്ങൾ പറയു​മ്പോൾ ആളുകൾ ബൈബിൾ തുറന്ന്‌ അതു നോക്കു​ന്നു.

വീട്ടു​കാ​രു​ടെ പ്രതി​ക​രണം എന്തായി​രു​ന്നു?

അത്‌ ആർക്കും ഇഷ്ടപ്പെ​ടി​ല്ല​ല്ലോ? മിക്കവ​രും എതിർത്തു. എന്നാൽ ഇറ്റലി​യു​ടെ വടക്കൻ പ്രദേ​ശ​മായ ലൊം​ബാർഡി​യിൽ എന്റെ അനിയൻ ബൈബിൾ പഠിക്കു​ന്നുണ്ട്‌ എന്ന കാര്യം ഞാൻ അറിഞ്ഞു. ഞാൻ അങ്ങോട്ട്‌ പോയി. അവി​ടെ​യുള്ള യഹോ​വ​യു​ടെ സാക്ഷികൾ എനിക്ക്‌ ജോലി​യും താമസി​ക്കാ​നുള്ള ഒരു സ്ഥലവും തരപ്പെ​ടു​ത്തി​ത്തന്നു. ആ വർഷം അവസാനം ഞാൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി സ്‌നാ​ന​മേറ്റു.

ബൈബിൾ പഠിച്ച​പ്പോൾ ഞാൻ ദൈവ​ത്തോട്‌ കൂടുതൽ അടുത്തു

പുറ​കോട്ട്‌ നോക്കു​മ്പോൾ, എടുത്ത തീരു​മാ​നം വേണ്ടാ​യി​രു​ന്നു എന്ന്‌ തോന്നി​യി​ട്ടു​ണ്ടോ?

ഇല്ലേ ഇല്ല. ഒരിക്ക​ലു​മില്ല. ബൈബിൾ പഠിച്ച​പ്പോൾ ഞാൻ ദൈവ​ത്തോട്‌ കൂടുതൽ അടുക്കു​ക​യാണ്‌ ചെയ്‌തത്‌. ദൈവ​ത്തെ​ക്കു​റിച്ച്‌ ഞാൻ മനസ്സി​ലാ​ക്കി​യത്‌ ബൈബി​ളിൽ നിന്നാണ്‌. അല്ലാതെ തത്ത്വശാ​സ്‌ത്ര​ങ്ങ​ളിൽനി​ന്നോ പാരമ്പ​ര്യ​ങ്ങ​ളിൽനി​ന്നോ ഒന്നുമല്ല. അതു​കൊ​ണ്ടു​തന്നെ ഞാൻ പഠിച്ച കാര്യങ്ങൾ വളരെ ബോധ്യ​ത്തോ​ടും ആത്മാർഥ​ത​യോ​ടും കൂടെ മറ്റുള്ള​വരെ പഠിപ്പി​ക്കാൻ എനിക്കു കഴിയും.

^ ഖ. 13 ഇതുപോലുള്ള പല ചോദ്യ​ങ്ങൾക്കു​മുള്ള വ്യക്തമായ ഉത്തരം ബൈബിൾ തരുന്നുണ്ട്‌. ആ വിവരങ്ങൾ മനസ്സി​ലാ​ക്കാൻ jw.org സന്ദർശി​ക്കുക. അവിടെ ബൈബിൾപഠിപ്പിക്കലുകൾ എന്നതിനു കീഴിൽ ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ എന്ന ഭാഗം കാണുക.