വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഭിമുഖം | ഫാൻ യു

ഒരു സോഫ്‌റ്റ്‌വെയർ ഡിസൈനർ വിശ്വാസത്തെക്കുറിച്ച് വിശദീകരിക്കുന്നു

ഒരു സോഫ്‌റ്റ്‌വെയർ ഡിസൈനർ വിശ്വാസത്തെക്കുറിച്ച് വിശദീകരിക്കുന്നു

ചൈനയിലെ ബെയ്‌ജിങ്ങിന്‌ അടുത്തുള്ള ആണവോർജ കേന്ദ്രത്തിൽ ഗണിതശാസ്‌ത്ര ഗവേഷകനെന്ന നിലയിൽ ഡോ. ഫാൻ യു അദ്ദേഹത്തിന്‍റെ കരിയർ ആരംഭിച്ചു. ആ സമയത്ത്‌ അദ്ദേഹം ഒരു നിരീശ്വരവാദിയും പരിണാമസിദ്ധാന്തത്തിൽ വിശ്വസിക്കുന്ന ഒരാളും ആയിരുന്നു. എന്നാൽ ജീവൻ രൂപകല്‌പന ചെയ്‌തതും സൃഷ്ടിച്ചതും ദൈവമാണെന്ന് ഇന്ന് ഡോ. യു അടിയുറച്ച് വിശ്വസിക്കുന്നു. അദ്ദേഹത്തിന്‍റെ വിശ്വാസത്തിലേക്ക് ഉണരുക!. . .

താങ്കളുടെ ബാല്യകാലത്തെക്കുറിച്ച് ഞങ്ങളോടു പറയാമോ?

ചൈനയിലെ ജിയാൻസി സംസ്ഥാനത്തിലെ ഫുഷു നഗരത്തിൽ 1959-ലാണ്‌ ഞാൻ ജനിച്ചത്‌. എനിക്ക് എട്ടു വയസ്സുള്ളപ്പോൾ സാംസ്‌കാരിക വിപ്ലവം വിതച്ച കെടുതികളുടെ പിടിയിലായിരുന്നു രാജ്യം. എന്‍റെ ഡാഡി ഒരു സിവിൽ എഞ്ചിനീയറായിരുന്നു. ദൂരെ, ആൾപ്പാർപ്പില്ലാത്ത ഒരു സ്ഥലത്ത്‌ റെയിൽപ്പാത നിർമിക്കാൻ ഡാഡിയോട്‌ ആവശ്യപ്പെട്ടു. ഒരുപാട്‌ കാലത്തേക്ക് വർഷത്തിൽ ഒരിക്കൽ മാത്രമേ ഡാഡിക്ക് ഞങ്ങളുടെ അടുത്ത്‌ വരാൻ കഴിയുമായിരുന്നുള്ളൂ. ആ സമയത്ത്‌ ഞാൻ അമ്മയുടെകൂടെയായിരുന്നു. അമ്മ ഒരു സ്‌കൂൾ അധ്യാപികയായിരുന്നു. അമ്മ പഠിപ്പിച്ച ആ സ്‌കൂളിലാണ്‌ ഞങ്ങൾ അപ്പോൾ താമസിച്ചത്‌. 1970-ഓടെ ഞങ്ങൾ ലിൻചുവാൻ ജില്ലയിലെ ഒരു കുഗ്രാമമായ ലിയുഫാങ്ങിലേക്കു താമസം മാറി. അവിടെ ഭക്ഷണത്തിനൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു.

താങ്കളുടെ കുടുംബത്തിന്‍റെ മതപശ്ചാത്തലം?

എന്‍റെ ഡാഡിക്ക് മതത്തിലും രാഷ്‌ട്രീയത്തിലും ഒന്നും വലിയ താത്‌പര്യമുണ്ടായിരുന്നില്ല. അമ്മ ഒരു ബുദ്ധമതവിശ്വാസിയായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ ജീവൻ പ്രകൃതിയിൽനിന്ന് താനേ പരിണമിച്ചുവന്നതാണെന്ന് ടീച്ചർമാർ പഠിപ്പിച്ചു, അക്കാര്യം ഞാൻ വിശ്വസിച്ചു.

എന്തുകൊണ്ടാണ്‌ ഗണിതശാസ്‌ത്രം പഠനവിഷയമായി തിരഞ്ഞെടുത്തത്‌?

ഗണിതശാസ്‌ത്രം എനിക്ക് ഇഷ്ടമായിരുന്നു. കാരണം യുക്തിയോടെ ചിന്തിച്ച് സത്യം കണ്ടെത്തുന്ന ഒരു വിഷയമാണല്ലോ അത്‌. 1976-ൽ ഞാൻ സർവകലാശാലയിൽ ചേർന്നു. വിപ്ലവനേതാവായ മാവോ സെതുങ്‌ മരിച്ചത്‌ ആ സമയത്താണ്‌. എന്‍റെ മുഖ്യവിഷയമായി ഞാൻ കണക്ക് തിരഞ്ഞെടുത്തു. ബിരുദാനന്തരബിരുദത്തിനു ശേഷം, ന്യൂക്ലിയർ റിയാക്‌ടറുകൾ രൂപകല്‌പന ചെയ്യുന്ന വിഭാഗത്തിൽ ഗണിതശാസ്‌ത്ര ഗവേഷണം ഉൾപ്പെടുന്നതായിരുന്നു എന്‍റെ ആദ്യത്തെ ജോലി.

ബൈബിളിനെക്കുറിച്ച് ആദ്യമുണ്ടായിരുന്ന മനോഭാവം എന്തായിരുന്നു?

1987-ൽ ഡോക്‌ടറേറ്റ്‌ എടുക്കാൻവേണ്ടി ഐക്യനാടുകളിലെ ടെക്‌സസിലുള്ള ഒരു യൂണിവേഴ്‌സിറ്റിയിലേക്കു (A&M University) ഞാൻ പോയി. അമേരിക്കയിലുള്ള മിക്ക ആളുകളും ദൈവവിശ്വാസികളും ബൈബിൾ വായിക്കുന്നവരും ആണെന്ന് എനിക്ക് അറിയാമായിരുന്നു. നിത്യജീവിതത്തിൽ ഗുണം ചെയ്യുന്ന ധാരാളം വിവരങ്ങൾ ബൈബിളിലുണ്ടെന്നും ഞാൻ കേട്ടിരുന്നു. അതുകൊണ്ട് ബൈബിളൊന്നു വായിച്ചാലോ എന്നു ഞാൻ ചിന്തിച്ചു.

ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ കൊള്ളാമെന്ന് എനിക്കു തോന്നി. എന്നാൽ ചില ഭാഗങ്ങൾ വളരെ കട്ടിയായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ പെട്ടെന്നു വായന നിറുത്തി.

പിന്നീട്‌ എപ്പോഴാണ്‌ ബൈബിളിനോടു താത്‌പര്യം തോന്നിയത്‌?

സ്രഷ്ടാവെന്നത്‌ എനിക്കു പുതുമയുള്ള ഒരു ആശയമായിരുന്നു. അതുകൊണ്ട് ആ വിഷയത്തെക്കുറിച്ചൊന്ന് ഗവേഷണം ചെയ്യാൻ ഞാൻ തീരുമാനിച്ചു

1990-ൽ ഒരു യഹോവയുടെ സാക്ഷി എന്‍റെ വീട്ടിൽ വന്നു. എന്നിട്ട് മനുഷ്യർക്കു ഭാവിയിൽ വരാൻപോകുന്ന നല്ല അവസ്ഥയെക്കുറിച്ച് ബൈബിളിൽനിന്ന് എനിക്കു കാണിച്ചുതന്നു. ബൈബിളിലെ കാര്യങ്ങൾ മനസ്സിലാക്കിത്തരാൻ ഒരു ദമ്പതികളെ ആ സ്‌ത്രീ എന്‍റെ അടുത്തേക്ക് അയച്ചു. പിന്നീട്‌ എന്‍റെ ഭാര്യ ലെപിങ്ങും എന്നോടൊപ്പം ബൈബിൾ പഠിക്കാൻതുടങ്ങി. ലെപിങ്ങ് ഹൈസ്‌കൂളിലെ ഫിസിക്‌സ്‌ അധ്യാപികയായിരുന്നു. എന്നെപ്പോലെതന്നെ ഒരു നിരീശ്വരവാദിയായിരുന്നു ലെപിങ്ങും. ജീവന്‍റെ ഉത്ഭവത്തെക്കുറിച്ച് ബൈബിൾ പറയുന്നത്‌ ഞങ്ങൾ പഠിച്ചു. സ്രഷ്ടാവെന്നത്‌ എനിക്കു പുതുമയുള്ള ഒരു ആശയമായിരുന്നു. അതുകൊണ്ട് ആ വിഷയത്തെക്കുറിച്ചൊന്ന് ഗവേഷണം ചെയ്യാൻ ഞാൻ തീരുമാനിച്ചു.

എന്നിട്ട് ആ ഗവേഷണം എങ്ങനെ മുന്നോട്ടുപോയി?

ഗണിതശാസ്‌ത്രജ്ഞനായതുകൊണ്ട് സംഭവങ്ങളുടെ സാധ്യതകൾ കണക്കുകൂട്ടാൻ ഞാൻ പരിശീലിച്ചിരുന്നു. ജീവൻ ഒരു സുപ്രഭാതത്തിൽ പരിണമിച്ചുണ്ടാകണമെങ്കിൽ പ്രോട്ടീനുകൾ ഇവിടെ സ്ഥിതി ചെയ്‌തിരുന്നിരിക്കണം എന്നും ഞാൻ മനസ്സിലാക്കി. അതുകൊണ്ട് പ്രോട്ടീൻ ഇവിടെ താനേ ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് ഞാൻ ചിന്തിച്ചു. ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും സങ്കീർണമായ തന്മാത്രകളിൽ ഒന്നാണ്‌ പ്രോട്ടീനുകൾ. ജീവകോശങ്ങളിൽ പല തരത്തിലുള്ള, ആയിരക്കണക്കിനു പ്രോട്ടീനുകൾ അതീവകൃത്യതയോടെ പ്രവർത്തിക്കുന്നു. പ്രോട്ടീനുകൾ തനിയെ ഉത്ഭവിക്കാനുള്ള സാധ്യത തീർത്തും അസാധ്യമാണെന്നു മറ്റുള്ളവരെപ്പോലെ ഞാനും തിരിച്ചറിഞ്ഞു. അതിസങ്കീർണമായ ഈ പ്രോട്ടീൻ തന്മാത്രകൾ സ്വയം എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ചുള്ള തൃപ്‌തികരമായ വിശദീകരണം പരിണാമസിദ്ധാന്തത്തെക്കുറിച്ച് പറയുന്ന ഒരു പുസ്‌തകത്തിലും ഞാൻ വായിച്ചിട്ടില്ല. അപ്പോൾപ്പിന്നെ ജീവരൂപം താനേ ഉണ്ടായതിനെക്കുറിച്ച് പറയുകയേ വേണ്ടല്ലോ! തെളിവുകളെല്ലാം വിരൽ ചൂണ്ടിയത്‌ ഒരു സ്രഷ്ടാവിലേക്കാണ്‌.

ബൈബിൾ ദൈവത്തിന്‍റെ പുസ്‌തകമാണെന്ന് വിശ്വസിക്കാൻ കാരണം എന്താണ്‌?

യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചപ്പോൾ ബൈബിളിൽ പറഞ്ഞിരിക്കുന്ന പല പ്രവചനങ്ങളും വളരെ കൃത്യതയോടെ നിറവേറിയതായി ഞാൻ മനസ്സിലാക്കി. ബൈബിൾതത്ത്വങ്ങൾ നിത്യജീവിതത്തിൽ അനുസരിച്ചാലുള്ള പ്രയോജനങ്ങളും ഞാൻ അനുഭവിച്ചറിഞ്ഞു. എനിക്ക് അതിശയം തോന്നിയിട്ടുണ്ട്: ‘ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ബൈബിളെഴുത്തുകാർ എഴുതിയ ജ്ഞാനമൊഴികൾ ഇക്കാലത്തും ഗുണം ചെയ്യുന്നു!’ പതിയെപ്പതിയെ ആ സത്യം ഞാൻ തിരിച്ചറിഞ്ഞു: ബൈബിൾ ദൈവത്തിന്‍റെ സ്വന്തം പുസ്‌തകമാണ്‌.

ഒരു സ്രഷ്ടാവുണ്ടെന്ന് ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നുണ്ടോ?

പ്രകൃതിയിലെ പല വസ്‌തുക്കളെക്കുറിച്ചും ചിന്തിച്ചാൽ ഒരു സ്രഷ്ടാവിൽ വിശ്വസിക്കാതെ തരമില്ല. ഞാൻ ഇപ്പോൾ കമ്പ്യൂട്ടറുകളിലെ സോഫ്‌റ്റ്‌വെയർ ഡിസൈൻ ചെയ്യുകയാണ്‌. നമ്മുടെ തലച്ചോർ ഏതൊരു കമ്പ്യൂട്ടർ പ്രോഗ്രാമിനെയും വെല്ലുന്നതാണെന്ന സത്യം എന്നെ അതിശയിപ്പിച്ചിട്ടുണ്ട്! ശബ്ദം തിരിച്ചറിയാനുള്ള തലച്ചോറിന്‍റെ പ്രാപ്‌തിയെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ. അതു നമ്മളെ അത്ഭുതപ്പെടുത്തും. പൂർത്തീകരിക്കാത്ത വാചകങ്ങൾ, വിക്ക്, ചിരി, ചുമ, ഉച്ചാരണരീതി, ശബ്ദത്തിന്‍റെ അലകൾ, പശ്ചാത്തലശബ്ദം, എന്തിന്‌ ഫോൺ വിളിക്കുമ്പോഴുള്ള ഇരപ്പുപോലും നമുക്കെല്ലാം പെട്ടെന്നു തിരിച്ചറിയാനാകുന്നു. ഇതൊന്നും അത്ര വലിയ കാര്യമായി നമുക്കു തോന്നണമെന്നില്ല. എന്നാൽ ഇതിന്‍റെ വില സോഫ്‌റ്റ്‌വെയർ ഡിസൈനർമാർക്ക് അറിയാം. ശബ്ദം തിരിച്ചറിയാൻ സഹായിക്കുന്ന ഏറ്റവും മികച്ച സോഫ്‌റ്റ്‌വെയറിനെയും കടത്തിവെട്ടുന്നതാണ്‌ മനുഷ്യന്‍റെ തലച്ചോർ!

അത്യുഗ്രൻ കമ്പ്യൂട്ടറുകൾക്കു ചെയ്യാൻ പറ്റാത്ത കാര്യങ്ങൾപോലും തലച്ചോറിനു ചെയ്യാനാകും. ഉദാഹരണത്തിന്‌, വികാരങ്ങളും ഉച്ചാരണരീതിയും മനസ്സിലാക്കാനും ശബ്ദം കേട്ട് ആളെ തിരിച്ചറിയാനും എല്ലാം നമ്മുടെ തലച്ചോറിനു പ്രാപ്‌തിയുണ്ട്. ശബ്ദം തിരിച്ചറിയാനുള്ള തലച്ചോറിന്‍റെ ഈ പ്രാപ്‌തി കമ്പ്യൂട്ടറുകളിൽ എങ്ങനെ പകർത്താമെന്ന ഗവേഷണത്തിലാണ്‌ സോഫ്‌റ്റ്‌വെയർ ഡിസൈനർമാർ. സത്യത്തിൽ ദൈവത്തിന്‍റെ കൈവേലയെക്കുറിച്ചാണ്‌ അവർ പഠിക്കുന്നത്‌! ഇന്ന്, എനിക്ക് അത്‌ അറിയാം.