വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിനയപൂർവം ബർസില്ലായി

വിനയപൂർവം ബർസില്ലായി

വിനയപൂർവം ബർസില്ലായി

‘അടിയൻ അങ്ങേക്കു ഭാരമായിത്തീരുന്നത്‌ എന്തിന്‌?’ ഇസ്രായേൽ രാജാവായ ദാവീദിനോട്‌ ഇങ്ങനെ പറഞ്ഞത്‌ 80 വയസ്സുള്ള ബർസില്ലായി ആയിരുന്നു. വളരെ സമ്പത്തുണ്ടായിരുന്നതിനാൽ അവനെ ബൈബിൾ “മഹാധനികൻ” എന്നാണു വിളിച്ചിരിക്കുന്നത്‌. (2 ശമൂവേൽ 19:32, 35) യോർദ്ദാൻ നദിക്കു കിഴക്കുള്ള പർവതപ്രദേശമായ ഗിലെയാദിലാണ്‌ അവൻ താമസിച്ചിരുന്നത്‌.​—⁠2 ശമൂവേൽ 17:27; 19:31.

ഏതു സാഹചര്യത്തിലാണ്‌ ദാവീദിനോട്‌ ബർസില്ലായി അങ്ങനെ പറഞ്ഞത്‌? വയോധികനായ ആ മനുഷ്യൻ അങ്ങനെ പറയാനുണ്ടായ കാരണമെന്താണ്‌?

രാജാവിനെതിരെ മത്സരം

ദാവീദ്‌ അപകടത്തിലായിരുന്നു. അവന്റെ പുത്രനായ അബ്‌ശാലോം “യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചു”കൊണ്ട്‌ തന്റെ പിതാവിന്റെ സിംഹാസനം തട്ടിയെടുത്തിരുന്നു. ദാവീദിനോടു കൂറുപുലർത്തുന്ന ആരെയും അവൻ വെറുതെവിടുമായിരുന്നില്ല. അതുകൊണ്ട്‌ ദാവീദ്‌ സേവകരെയുംകൂട്ടി യെരൂശലേം വിട്ടു. (2 ശമൂവേൽ 15:6, 13, 14) യോർദ്ദാനു കിഴക്കുള്ള മഹനയീമിലെത്തിയ അവനെ സഹായിക്കാൻ ബർസില്ലായി മുന്നോട്ടുവന്നു.

ബർസില്ലായിയും അവന്റെ സ്‌നേഹിതന്മാരായ ശോബിയും മാഖീറും ചേർന്ന്‌ ഭക്ഷണത്തിനും മറ്റുമുള്ള ധാരാളം സാധനങ്ങൾ ദാവീദിനു കൊണ്ടുവന്നുകൊടുത്തു. വിശ്വസ്‌തരായ ആ മൂന്നു പ്രജകൾ ദാവീദിനെയും സംഘത്തെയും കുറിച്ചു പറഞ്ഞ വാക്കുകൾ, അവരുടെ പരിതാപകരമായ അവസ്ഥ സംബന്ധിച്ചു തങ്ങൾക്കു ബോധ്യമുണ്ടെന്നു പ്രകടമാക്കുന്നതായിരുന്നു. “ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ഇരിക്കു”ന്നുവല്ലോ എന്നവർ പറഞ്ഞു. അവരുടെ രക്ഷയ്‌ക്കായി ആ മൂവർസംഘം “കോതമ്പു, യവം, മാവു, മലർ, അമരക്ക, പയർ, പരിപ്പു, തേൻ, വെണ്ണ, ആട്‌” എന്നിവയും മറ്റു വസ്‌തുവകകളും പ്രദാനംചെയ്‌തുകൊണ്ട്‌ തങ്ങളാലാവതെല്ലാം ചെയ്‌തു.​—⁠2 ശമൂവേൽ 17:27-29.

ദാവീദിനെ സഹായിക്കുകയെന്നത്‌ അത്ര എളുപ്പമായിരുന്നില്ല. യഥാർഥ രാജ്യാധികാരിയായ അവനെ പിന്തുണയ്‌ക്കുന്ന സകലരെയും അബ്‌ശാലോം ദ്രോഹിക്കുമെന്നുറപ്പായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ, ദാവീദിനോടു വിശ്വസ്‌തത കാണിച്ച ബർസില്ലായിയുടെ ധൈര്യം അപാരംതന്നെ!

സാഹചര്യങ്ങൾ പൂർവസ്ഥിതിയിലേക്കു മടങ്ങുന്നു

താമസിയാതെ അബ്‌ശാലോമിന്റെ വിമതസേന എഫ്രയീംവനത്തിൽവെച്ചു (മഹനയീമിനു സമീപമായിരുന്നിരിക്കാം ആ വനം) ദാവീദിന്റെ സംഘത്തെ നേരിട്ടു. പോരാട്ടത്തിൽ അബ്‌ശാലോമിന്റെ സൈന്യം തോറ്റുതുന്നംപാടി. “അന്നു അവിടെ ഒരു മഹാസംഹാരം നടന്നു”വെന്നു വിവരണം പറയുന്നു. അബ്‌ശാലോം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പെട്ടെന്നുതന്നെ അവനും കൊല്ലപ്പെട്ടു.​—⁠2 ശമൂവേൽ 18:7-15.

ദാവീദ്‌ വീണ്ടും ഇസ്രായേലിന്റെ എതിരില്ലാത്ത രാജാവായിത്തീർന്നു. അവനോടൊപ്പമുണ്ടായിരുന്നവർക്കു മേലാൽ അഭയാർഥികളായി കഴിയേണ്ടിവന്നില്ല. തന്നെയുമല്ല, ദാവീദിനോടു വിശ്വസ്‌തമായി പറ്റിനിന്ന എല്ലാവരും അവന്റെ ആദരവിനും പ്രീതിക്കും പാത്രമായിത്തീർന്നു.

ദാവീദിനു യെരൂശലേമിലേക്കു മടങ്ങാറായപ്പോൾ “ഗിലെയാദ്യനായ ബർസില്ലായി . . . രാജാവിനെ യോർദ്ദാന്നക്കരെ കടത്തി യാത്ര അയപ്പാൻ” രോഗെലീമിൽനിന്നു വന്നു. പ്രസ്‌തുത സന്ദർഭത്തിൽ ദാവീദ്‌ പ്രായംചെന്ന ബർസില്ലായിയോട്‌ ഇങ്ങനെ പറഞ്ഞു: “എന്നോടുകൂടെ പോരിക; ഞാൻ നീന്നെ യെരൂശലേമിൽ എന്റെ അടുക്കൽ പാർപ്പിച്ചു രക്ഷിക്കും.”​—⁠2 ശമൂവേൽ 19:15, 31, 33.

വ്യക്തമായും, ബർസില്ലായിയുടെ സഹായം ദാവീദ്‌ അത്യന്തം വിലമതിച്ചിരുന്നു. എന്നാൽ കേവലം ഭൗതികാവശ്യങ്ങൾ നിറവേറ്റിക്കൊടുത്തുകൊണ്ട്‌ ആ കടപ്പാടു തീർക്കാൻ രാജാവ്‌ ഉദ്ദേശിക്കുകയായിരുന്നില്ല എന്നുവേണം കരുതാൻ. ധനവാനായ ബർസില്ലായിക്ക്‌ അത്തരമൊരു സഹായം ആവശ്യമില്ലായിരുന്നു. പ്രായംചെന്ന ആ മനുഷ്യന്റെ സ്‌തുത്യർഹമായ ഗുണങ്ങൾ നിമിത്തം ദാവീദ്‌ അവനെ തന്റെ കൊട്ടാരത്തിൽ നിയമിക്കാൻ തീരുമാനിച്ചിരുന്നിരിക്കാം. അവിടെയായിരിക്കുന്നതു ബർസില്ലായിക്ക്‌ ഒരു ബഹുമതിയായിരിക്കുമായിരുന്നു. കൂടാതെ, രാജാവുമായുള്ള അടുത്ത സഹവാസവും അതിന്റെ പ്രയോജനങ്ങളും അവന്‌ ആസ്വദിക്കാൻ കഴിയുമായിരുന്നു.

വിനയവും യാഥാർഥ്യബോധവും

രാജാവിന്റെ ക്ഷണത്തോടുള്ള പ്രതികരണമായി ബർസില്ലായി ഇങ്ങനെ പറഞ്ഞു: “ഞാൻ രാജാവിനോടുകൂടെ യെരൂശലേമിൽ വരുന്നതെന്തിനു? ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും? എനിക്കു ഇന്നു എണ്‌പതു വയസ്സായിരിക്കുന്നു; നല്ലതും ആകാത്തതും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനങ്ങളുടെ സ്വാദു അടിയന്നു അറിയാമോ? സംഗീതക്കാരുടെയും സംഗീതക്കാരത്തികളുടെയും സ്വരം എനിക്കു ഇനി കേട്ടു രസിക്കാമോ?” (2 ശമൂവേൽ 19:34, 35) അങ്ങനെ രാജാവിന്റെ ക്ഷണം ആദരപൂർവം നിരസിച്ചുകൊണ്ട്‌ ബർസില്ലായി ഉയർന്ന ഒരു പദവി വേണ്ടെന്നുവെച്ചു. എന്താണ്‌ അങ്ങനെ ചെയ്യാൻ അവനെ പ്രേരിപ്പിച്ചത്‌?

വാർധക്യവും അതിന്റേതായ പ്രശ്‌നങ്ങളുമായിരുന്നിരിക്കാം ബർസില്ലായിയുടെ തീരുമാനത്തിന്റെ ഒരു കാരണം. ഏറെനാൾ ഇനി ജീവിച്ചിരിക്കില്ലെന്ന്‌ അവനു തോന്നിയിരുന്നിരിക്കാം. (സങ്കീർത്തനം 90:10) ദാവീദിനെ പിന്തുണയ്‌ക്കാൻ തന്നെക്കൊണ്ടാകുന്നതെല്ലാം അവൻ ചെയ്‌തെങ്കിലും പ്രായാധിക്യത്തിന്റെ പരിമിതി സംബന്ധിച്ച്‌ അവനു നല്ല ബോധ്യമുണ്ടായിരുന്നു. പ്രതാപത്തിന്റെയും പ്രശസ്‌തിയുടെയും തിളക്കം, യാഥാർഥ്യബോധത്തോടെ സ്വന്തം കഴിവുകൾ തൂക്കിനോക്കുന്നതിനു തടസ്സമാകാൻ അവൻ അനുവദിച്ചില്ല. അധികാരമോഹിയായ അബ്‌ശാലോമിൽനിന്നു തികച്ചും വ്യത്യസ്‌തനായിരുന്ന അവൻ ജ്ഞാനവും വിനയവും പ്രകടമാക്കി.​—⁠സദൃശവാക്യങ്ങൾ 11:⁠2.

ദൈവനിയുക്തനായ രാജാവിന്റെ പ്രവർത്തനങ്ങൾക്കു താൻ ഒരു തടസ്സമാകരുതെന്നുള്ള ചിന്തയായിരുന്നിരിക്കാം ബർസില്ലായിയുടെ തീരുമാനത്തിനു പിന്നിലെ മറ്റൊരു കാരണം. അവൻ ഇങ്ങനെ ചോദിച്ചു: “അടിയൻ യജമാനനായ രാജാവിന്നു ഭാരമായ്‌തീരുന്നതു എന്തിന്‌?” (2 ശമൂവേൽ 19:35) ദാവീദിന്‌ അകമഴിഞ്ഞ പിന്തുണ നൽകിയപ്പോഴും, നിയമനങ്ങൾ കൂടുതൽ ഫലകരമായി നിറവേറ്റാൻ യുവപ്രായത്തിലുള്ള ഒരാൾക്കു കഴിയുമെന്നു ബർസില്ലായി ചിന്തിച്ചിട്ടുണ്ടായിരിക്കണം. സാധ്യതയനുസരിച്ച്‌ തന്റെ പുത്രനെ ചൂണ്ടിക്കൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു: “എന്നാൽ നിന്റെ ദാസനായ കിംഹാം ഇതാ; അവൻ യജമാനനായ രാജാവിനോടുകൂടെ പോരട്ടെ; നിനക്കു പ്രസാദമായതു അവന്നു ചെയ്‌തുകൊടുത്താലും.” യാതൊരു കെറുവും കൂടാതെ ദാവീദ്‌ ആ നിർദേശം സ്വീകരിച്ചു. തന്നെയുമല്ല, യോർദ്ദാൻ കടക്കുന്നതിനുമുമ്പ്‌ അവൻ “ബർസില്ലായിയെ ചുംബിച്ച്‌ അനുഗ്രഹിച്ചു.”​—⁠2 ശമൂവേൽ 19:37-39, NW.

സമനില സുപ്രധാനം

സമനിലയുള്ളവരായിരിക്കേണ്ടത്‌ എത്ര പ്രധാനമാണെന്ന കാര്യത്തിന്‌ അടിവരയിടുന്നതാണ്‌ ബർസില്ലായിയെക്കുറിച്ചുള്ള ഈ വിവരണം. സ്വസ്ഥമായ ജീവിതം നയിക്കാനുള്ള ആഗ്രഹത്താലോ ഉത്തരവാദിത്വങ്ങൾ കയ്യേൽക്കാൻ പ്രാപ്‌തിയില്ലെന്ന ചിന്തയാലോ നാം സേവനപദവികൾ നിഷേധിക്കുകയോ അത്തരം പദവികൾ എത്തിപ്പിടിക്കാൻ ശ്രമിക്കാതിരിക്കുകയോ ചെയ്യരുത്‌. ശക്തിക്കും ജ്ഞാനത്തിനുമായി നാം ദൈവത്തിൽ ആശ്രയിക്കുന്നപക്ഷം അവൻ നമ്മുടെ കുറവുകൾ പരിഹരിച്ചുകൊള്ളും.​—⁠ഫിലിപ്പിയർ 4:13; യാക്കോബ്‌ 4:17; 1 പത്രൊസ്‌ 4:11.

അതേസമയം, നാം നമ്മുടെ പരിമിതികൾ തിരിച്ചറിയുകയും വേണം. ഉദാഹരണത്തിന്‌ ആത്മീയ പ്രവർത്തനങ്ങളിൽ നല്ല തിരക്കുള്ള ഒരു സഹോദരന്റെ കാര്യമെടുക്കുക. കൂടുതലായ പദവികൾ സ്വീകരിക്കുന്നപക്ഷം കുടുംബത്തിനായി കരുതുന്നതുപോലുള്ള തിരുവെഴുത്ത്‌ ഉത്തരവാദിത്വങ്ങൾ അവഗണിക്കേണ്ടതായി വന്നേക്കുമെന്ന്‌ അദ്ദേഹം തിരിച്ചറിയുന്നു. അത്തരമൊരു സാഹചര്യത്തിൽ തത്‌കാലം മറ്റു പദവികൾ കയ്യേൽക്കാതിരിക്കുന്നത്‌, അദ്ദേഹം വിനയവും ന്യായബോധവുമുള്ള വ്യക്തിയാണെന്നതിന്റെ തെളിവായിരിക്കില്ലേ?​—⁠ഫിലിപ്പിയർ 4:​5, NW; 1 തിമൊഥെയൊസ്‌ 5:⁠8.

ബർസില്ലായി നമുക്കൊരു ഉത്തമ ദൃഷ്ടാന്തമാണ്‌, അതേക്കുറിച്ചു ധ്യാനിക്കുന്നതു നമുക്കു പ്രയോജനം ചെയ്യും. അവൻ വിശ്വസ്‌തനും ധൈര്യശാലിയും ഉദാരമതിയും വിനയവാനുമായിരുന്നു. എല്ലാറ്റിനുമുപരി, ദൈവേഷ്ടത്തെ സ്വതാത്‌പര്യത്തെക്കാൾ പ്രധാനമായി വീക്ഷിച്ച ദൃഢചിത്തനായ ഒരു വ്യക്തിയായിരുന്നു അവൻ.​—⁠മത്തായി 6:33.

[15-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

80 വയസ്സുണ്ടായിരുന്നിട്ടും ബർസില്ലായി ദാവീദിനെ സഹായിക്കാൻ ദുർഘടമായ ഒരു യാത്രനടത്തി

ഗിലെയാദ്‌

രോഗെലീം

സുക്കോത്ത്‌

മഹനയീം

യോർദ്ദാൻനദി

ഗിൽഗാൽ

യെരീഹോ

യെരൂശലേം

എഫ്രയീം

[13-ാം പേജിലെ ചിത്രം]

ബർസില്ലായി ദാവീദിന്റെ വാഗ്‌ദാനം നിരസിച്ചത്‌ എന്തുകൊണ്ട്‌?