“ഒരു ദൈവമുണ്ടെന്ന് ഇന്നുമുതൽ ഞാൻ വിശ്വസിക്കുന്നു”
“ഒരു ദൈവമുണ്ടെന്ന് ഇന്നുമുതൽ ഞാൻ വിശ്വസിക്കുന്നു”
ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ താമസിക്കുന്ന യൂക്രേനിയക്കാരിയായ ആലിക്‌സാൻഡ്ര ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു. ട്രാംസ്റ്റോപ്പിൽ ഒരു പേഴ്‌സ് കിടക്കുന്നതും വഴിപോക്കർ അതിൽ ചവിട്ടി കടന്നുപോകുന്നതും അവളുടെ ശ്രദ്ധയിൽപ്പെട്ടു. അതെടുത്തു തുറന്നുനോക്കിയ അവൾക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. 5,000-ത്തിന്റെ ഒരു കെട്ടു കോരുണാനോട്ടുകൾ! ആരും അതു തിരയുന്നതായി കണ്ടില്ല. ചെക്ക് റിപ്പബ്ലിക്കിൽ താമസിക്കുന്ന ഒരു വിദേശിയെന്ന നിലയ്‌ക്ക് ആലിക്‌സാൻഡ്ര ഉപജീവനം കഴിക്കാൻ പാടുപെടുകയായിരുന്നു. അവൾ എന്തു ചെയ്യുമായിരുന്നു?
വീട്ടിൽ മടങ്ങിയെത്തിയ ആലിക്‌സാൻഡ്ര ആ പേഴ്‌സ് തന്റെ മകളായ വിക്ടോറിയായെ കാണിച്ചു. ഉടമയുടെ പേരും വിലാസവും ലഭിക്കാനായി അവർ അതിൽ പരതിയെങ്കിലും കിട്ടിയില്ല. എന്നിരുന്നാലും ചില നമ്പരുകൾ എഴുതിയ ഒരു കടലാസുതുണ്ട് ആ പേഴ്‌സിലുണ്ടായിരുന്നു. അതിന്റെ ഒരു വശത്ത് ഒരു അക്കൗണ്ട് നമ്പരും മറുവശത്ത് വേറെ ചില നമ്പരുകളും എഴുതിയിരുന്നു. പേഴ്‌സിൽ സ്ഥലത്തെ ഒരു ബാങ്കിനുള്ള ചില നിർദേശങ്ങളും “3,30,000 കോരുണി” (ഏകദേശം 4,50,000 രൂപ) എന്നെഴുതിയ ഒരു കുറിപ്പും ഉണ്ടായിരുന്നു. അത്രയും പണം തന്നെയാണ് പേഴ്‌സിൽ ഉണ്ടായിരുന്നത്.
ഫോൺ നമ്പരെന്നു തോന്നിയ ഒരു നമ്പരിൽ ബാങ്കിലേക്കു വിളിക്കാൻ ആലിക്‌സാൻഡ്ര ശ്രമിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല. അതുകൊണ്ട് അവർ മകളോടൊപ്പം ബാങ്കിൽ ചെന്ന് എന്താണു സംഭവിച്ചതെന്നു വിശദീകരിച്ചു. പേഴ്‌സിൽ കണ്ട അക്കൗണ്ട് നമ്പരിനെക്കുറിച്ച് അവർ ചോദിച്ചു. എന്നാൽ അങ്ങനെയൊരു അക്കൗണ്ടിനെ സംബന്ധിച്ചുള്ള യാതൊരു രേഖയും ബാങ്കിലുണ്ടായിരുന്നില്ല. പിറ്റേ ദിവസം, അതിലുണ്ടായിരുന്ന മറ്റേ നമ്പരുമായി ആലിക്‌സാൻഡ്ര മടങ്ങിച്ചെന്നു. ആ നമ്പർ ബാങ്കിലെ ഒരു ഇടപാടുകാരിയുടേതായിരുന്നു. ആലിക്‌സാൻഡ്രയും വിക്ടോറിയായും ആ സ്‌ത്രീയുമായി ബന്ധപ്പെട്ടു. തനിക്കു നഷ്ടപ്പെട്ട പണമാണതെന്ന് അവൾ പറഞ്ഞു. ഒടുവിൽ, അവർ കണ്ടുമുട്ടിയപ്പോൾ ആ സ്‌ത്രീ അവരോടു ഹൃദയംഗമമായി നന്ദിപറയുകയും “പണം തിരികെ കിട്ടാൻ ഞാൻ എന്താണു തരേണ്ടത്?” എന്നു ചോദിക്കുകയും ചെയ്‌തു.
വിക്ടോറിയാ ഇങ്ങനെ മറുപടി പറഞ്ഞു: “ഞങ്ങൾക്ക് ഒന്നും വേണ്ട. ഈ പണം വേണമെന്നുണ്ടായിരുന്നെങ്കിൽ ഞങ്ങൾ അത് എടുക്കുമായിരുന്നു.” തനിക്ക് അറിയാമായിരുന്ന ചെക്ക് ഭാഷയിൽ അവൾ ഇങ്ങനെ വിശദീകരിച്ചു: “യഹോവയുടെ സാക്ഷികളായതിനാലാണ് ഞങ്ങൾ പണം തിരികെ തരുന്നത്. ഞങ്ങളുടേതല്ലാത്ത എന്തെങ്കിലും കൈവശംവയ്‌ക്കാൻ ഞങ്ങളുടെ ബൈബിൾ പരിശീലിത മനസ്സാക്ഷി അനുവദിക്കുന്നില്ല.” (എബ്രായർ 13:18) അപ്പോൾ ആ സ്‌ത്രീ സന്തോഷത്തോടെ ഇപ്രകാരം പറഞ്ഞു: “ഒരു ദൈവമുണ്ടെന്ന് ഇന്നുമുതൽ ഞാൻ വിശ്വസിക്കുന്നു.”