വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ മാതാപിതാക്കളുടെ മാതൃക എന്നെ ശക്തീകരിച്ചു

എന്റെ മാതാപിതാക്കളുടെ മാതൃക എന്നെ ശക്തീകരിച്ചു

ജീവിത കഥ

എന്റെ മാതാപിതാക്കളുടെ മാതൃക എന്നെ ശക്തീകരിച്ചു

യാനെസ്‌ റെക്കെൽ പറഞ്ഞപ്രകാരം

വർഷം 1958. ഞാനും ഭാര്യ സ്റ്റാങ്കയും യൂഗോസ്ലാവ്‌-ഓസ്‌ട്രിയൻ അതിർത്തിയിലുള്ള കാരവാങ്കെൻ ആൽപ്‌സ്‌ പർവതത്തിലായിരുന്നു, ഓസ്‌ട്രിയയിലേക്കു പലായനം ചെയ്യാനുള്ള തയ്യാറെടുപ്പോടെ. തികച്ചും അപകടകരമായ ഒരു ശ്രമമായിരുന്നു അത്‌. കാരണം യൂഗോസ്ലാവ്‌ അതിർത്തിയിൽ സായുധ ഭടന്മാർ കാവലുണ്ടായിരുന്നു. അതിർത്തി കടക്കാൻ ആരെയും അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു അവർ. മുന്നോട്ടു നീങ്ങിയ ഞങ്ങൾ എത്തിപ്പെട്ടത്‌ ചെങ്കുത്തായ ഒരു പാറയിലാണ്‌. പർവതത്തിന്റെ, ഓസ്‌ട്രിയയ്‌ക്ക്‌ അഭിമുഖമായുള്ള വശം ഞാനും സ്റ്റാങ്കയും ഒരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. ഞങ്ങൾ കിഴക്കോട്ടു നീങ്ങി, ഒടുവിൽ പാറക്കഷണങ്ങളും ചരലും നിറഞ്ഞ പരുപരുത്ത ഒരു ചെരിവിലെത്തി. കയ്യിലുണ്ടായിരുന്ന ടാർപോളിൻ ശരീരത്തിൽ ചുറ്റി ആ പർവതചെരിവിലൂടെ ഞങ്ങൾ ഊർന്നിറങ്ങി. എങ്ങോട്ടാണ്‌ പോകുന്നതെന്നു ഞങ്ങൾക്ക്‌ ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.

ഞങ്ങൾ ഈ സാഹചര്യത്തിൽ എത്തിപ്പെട്ടത്‌ എങ്ങനെയെന്നും വിശ്വസ്‌തതയുടെ കാര്യത്തിൽ എന്റെ മാതാപിതാക്കൾ വെച്ച മാതൃക, ദുഷ്‌കരമായ സമയങ്ങളിൽ വിശ്വസ്‌തതയോടെ നിലകൊള്ളാൻ എനിക്കു പ്രചോദനമായത്‌ എപ്രകാരമെന്നും ഞാൻ വിവരിക്കട്ടെ.

സ്ലോവേനിയയിലാണു ഞാൻ വളർന്നത്‌, ഇന്ന്‌ അത്‌ ഒരു കൊച്ചു മധ്യയൂറോപ്യൻ രാജ്യമാണ്‌. യൂറോപ്യൻ ആൽപ്‌സിൽ സ്ഥിതി ചെയ്യുന്ന ഈ ഭൂപ്രദേശത്തിന്‌ വടക്ക്‌ ഓസ്‌ട്രിയയും പടിഞ്ഞാറ്‌ ഇറ്റലിയും തെക്ക്‌ ക്രൊയേഷ്യയും കിഴക്ക്‌ ഹംഗറിയും അതിരു ചമയ്‌ക്കുന്നു. എന്നാൽ എന്റെ മാതാപിതാക്കൾ ജനിക്കുമ്പോൾ സ്ലോവേനിയ ഓസ്‌ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ സ്ലോവേനിയ ‘സെർബിയക്കാരുടെയും ക്രൊയേഷ്യക്കാരുടെയും സ്ലോവേനിയക്കാരുടെയും രാജ്യം’ എന്നു വിളിക്കപ്പെട്ട ഒരു പുതിയ രാഷ്‌ട്രത്തിന്റെ ഭാഗമായിത്തീർന്നു. 1929-ൽ രാജ്യത്തിന്റെ പേര്‌ “തെക്കൻ സ്ലാവിയ” എന്ന്‌ അർഥം വരുന്ന യൂഗോസ്ലാവിയ എന്നാക്കി മാറ്റി. ആ വർഷം ജനുവരി 9-നായിരുന്നു എന്റെ ജനനം, മനോഹരമായ ബ്ലെഡ്‌ തടാകത്തിനരികെയുള്ള പോഡ്‌ഹോം എന്ന ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത്‌.

എന്റെ മമ്മിയുടെ പേര്‌ റോസാലിയ എന്നും ഡാഡിയുടേത്‌ ഫ്രാന്റ്‌സ്‌ എന്നുമായിരുന്നു. ഒരു യാഥാസ്ഥിതിക കത്തോലിക്കാ കുടുംബമായിരുന്നു മമ്മിയുടേത്‌. മമ്മിയുടെ പിതാവിന്റെ ഇളയ സഹോദരൻ വൈദികനും മൂത്ത മൂന്നു സഹോദരിമാർ കന്യാസ്‌ത്രീകളുമായിരുന്നു. ഒരു ബൈബിൾ സ്വന്തമാക്കി അതു വായിച്ചു മനസ്സിലാക്കാൻ മമ്മി അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ ഡാഡിക്ക്‌ മതത്തിൽ യാതൊരു താത്‌പര്യവും ഇല്ലായിരുന്നു. 1914-18-ലെ മഹായുദ്ധത്തിൽ മതം വഹിച്ച പങ്ക്‌ അദ്ദേഹത്തിൽ കടുത്ത വെറുപ്പ്‌ ഉളവാക്കിയിരുന്നു.

സത്യം പഠിക്കുന്നു

യുദ്ധം അവസാനിച്ചു കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ മമ്മിയുടെ ബന്ധുക്കളായ ജാനെസ്‌ ബ്രായെറ്റ്‌സും ഭാര്യ ആഞ്ച്‌ക്കയും ബൈബിൾ വിദ്യാർഥികൾ ആയിത്തീർന്നു, യഹോവയുടെ സാക്ഷികൾ അന്ന്‌ അറിയപ്പെട്ടിരുന്നത്‌ അങ്ങനെയാണ്‌. അന്ന്‌ ഓസ്‌ട്രിയയിലായിരുന്നു അവരുടെ താമസം. 1936 മുതൽ ആഞ്ച്‌ക്ക പല പ്രാവശ്യം മമ്മിയെ സന്ദർശിക്കുകയുണ്ടായി. അവർ മമ്മിക്ക്‌ ഒരു ബൈബിളും വീക്ഷാഗോപുരം ഉൾപ്പെടെ സ്ലോവേനിയൻ ഭാഷയിലുള്ള നിരവധി ബൈബിൾ സാഹിത്യങ്ങളും കൊണ്ടുവന്നുകൊടുത്തു. ബൈബിൾ കയ്യിൽകിട്ടിയ ഉടനെ മമ്മി അതു വായിക്കാൻ തുടങ്ങി. 1938-ൽ ഹിറ്റ്‌ലർ ഓസ്‌ട്രിയ പിടിച്ചെടുത്തതിനെത്തുടർന്ന്‌ ജാനെസും ആഞ്ച്‌ക്കയും സ്ലോവേനിയയിലേക്കു തിരിച്ചുപോന്നു. അഭ്യസ്‌തവിദ്യരും നല്ല വിവേചനാപ്രാപ്‌തിയുള്ളവരും ആയിരുന്ന അവർ ഇരുവരും യഹോവയോട്‌ യഥാർഥ സ്‌നേഹം പുലർത്തിയിരുന്ന വ്യക്തികളായിരുന്നു. മിക്കപ്പോഴും അവർ മമ്മിയുമായി ബൈബിൾ സത്യങ്ങൾ ചർച്ച ചെയ്യുമായിരുന്നു. ഇത്‌, തന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കാൻ മമ്മിയെ പ്രേരിപ്പിച്ചു. 1938-ൽ മമ്മി സ്‌നാപനമേറ്റു.

രക്തം കലർന്ന സോസിജുകൾ ഭക്ഷിക്കുന്നതും ക്രിസ്‌തുമസ്സ്‌ ആഘോഷിക്കുന്നത്‌ ഉൾപ്പെടെ തിരുവെഴുത്തുവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നതും മമ്മി നിറുത്തിയത്‌ ആ പ്രദേശത്തു വലിയ കോളിളക്കംതന്നെ സൃഷ്ടിച്ചു. കൈവശമുണ്ടായിരുന്ന രൂപങ്ങളും മറ്റും കത്തിച്ചുകളഞ്ഞതാണ്‌ വിശേഷിച്ചും വിവാദത്തിനു തിരികൊളുത്തിയത്‌. താമസിയാതെ മമ്മിക്ക്‌ എതിർപ്പുകളെയും നേരിടേണ്ടിവന്നു. മറിയയുടെയും തിരുസഭയുടെയും പക്കലേക്കു മടങ്ങിവരാൻ ആവശ്യപ്പെട്ടുകൊണ്ട്‌ മമ്മിയുടെ, കന്യാസ്‌ത്രീകളായ ആന്റിമാർ കത്തുകളെഴുതാൻ തുടങ്ങി. എന്നാൽ ചില ബൈബിൾ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട്‌ മമ്മി മറുപടിയെഴുതാൻ തുടങ്ങിയപ്പോൾ അവരുടെ കത്തുകൾ നിലച്ചു. വല്യപ്പച്ചനും മമ്മിയെ ശക്തമായി എതിർത്തിരുന്നു. ക്രൂരനായ വ്യക്തിയൊന്നുമായിരുന്നില്ലെങ്കിലും ബന്ധുക്കളിൽനിന്നും സമൂഹത്തിൽനിന്നും ഉള്ള സമ്മർദംകൊണ്ടാണ്‌ അദ്ദേഹം മമ്മിയെ എതിർത്തത്‌. നിരവധി പ്രാവശ്യം വല്യപ്പച്ചൻ മമ്മിയുടെ കയ്യിലുള്ള ബൈബിൾ സാഹിത്യങ്ങൾ കത്തിച്ചുകളഞ്ഞു, ബൈബിൾ പക്ഷേ അദ്ദേഹം തൊട്ടതേയില്ല. കത്തോലിക്കാ സഭയിലേക്കു തിരിച്ചുചെല്ലാൻ അദ്ദേഹം മമ്മിയോടു കേണപേക്ഷിച്ചുകൊണ്ടിരുന്നു. ഒരിക്കൽ കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകപോലും ചെയ്‌തു. എന്നാൽ, ഇങ്ങനെയുള്ള പെരുമാറ്റങ്ങൾ വകവെച്ചുതരാൻ പറ്റില്ലെന്നു ഡാഡി വല്യപ്പച്ചനോടു തീർത്തുപറഞ്ഞു.

ബൈബിൾ വായിക്കാനും വിശ്വാസം സംബന്ധിച്ചു സ്വന്തമായി തീരുമാനമെടുക്കാനും ഉള്ള മമ്മിയുടെ അവകാശത്തെ ഡാഡി പിന്തുണച്ചുകൊണ്ടിരുന്നു. 1946-ൽ അദ്ദേഹവും സ്‌നാപനമേറ്റു. എതിർപ്പുകൾ ഗണ്യമാക്കാതെ ധൈര്യസമേതം സത്യത്തിന്റെ പക്ഷത്തു നിലയുറപ്പിക്കാൻ യഹോവ മമ്മിയെ ശക്തീകരിച്ചതും മമ്മിയുടെ വിശ്വാസത്തിനു പ്രതിഫലം നൽകിയതും കണ്ടത്‌ ദൈവവുമായി വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കാൻ എന്നെ പ്രേരിപ്പിച്ചു. ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും മമ്മി എന്നെ വായിച്ചുകേൾപ്പിക്കുമായിരുന്നു. അതും എനിക്കു വളരെ പ്രയോജനം ചെയ്‌തു.

തന്റെ അനുജത്തിയായ മാരിയ റെപ്പെയുമായി മമ്മി ദീർഘനേരം ബൈബിൾ വിഷയങ്ങൾ ചർച്ച ചെയ്യുമായിരുന്നു. 1942 ജൂലൈ മധ്യത്തിൽ ഞാനും മാരിയ ആന്റിയും ഒരുമിച്ച്‌ സ്‌നാപനമേറ്റു. ഒരു സഹോദരൻ ഹ്രസ്വമായ സ്‌നാപനപ്രസംഗം നടത്തി. വീട്ടിലുള്ള ഒരു വലിയ മരത്തൊട്ടിയിലായിരുന്നു ഞങ്ങൾ സ്‌നാപനമേറ്റത്‌.

രണ്ടാം ലോകമഹായുദ്ധസമയത്തെ നിർബന്ധിത തൊഴിൽ

വർഷം 1942. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. ജർമനിയും ഇറ്റലിയും സ്ലോവേനിയ പിടിച്ചെടുത്ത്‌ ഹംഗറിയുമായി ദേശം പങ്കിട്ടെടുത്തു. ഫോൽക്‌സ്‌ബുന്റ്‌ എന്ന നാസി സംഘടനയിൽ ചേരാൻ എന്റെ മാതാപിതാക്കൾ വിസമ്മതിച്ചു. അതുപോലെ, സ്‌കൂളിൽ “ഹെയ്‌ൽ ഹിറ്റ്‌ലർ” പറയാൻ ഞാൻ കൂട്ടാക്കിയില്ല. എന്റെ ടീച്ചർ ഇക്കാര്യം അധികാരികളെ അറിയിച്ചു.

ഞങ്ങളെ ഒരു ട്രെയിനിൽ കയറ്റി ബവേറിയയിലെ ഹ്യൂറ്റൻബാഹിലുള്ള ഒരു നിർബന്ധിത തൊഴിൽപ്പാളയത്തിലേക്ക്‌ അയച്ചു. മുമ്പ്‌ അത്‌ ഒരു പ്രഭുഹർമ്യമായിരുന്നു. ഡാഡി എന്നെ ആ പ്രദേശത്തുള്ള ഒരു ബേക്കറിപ്പണിക്കാരന്റെ കുടുംബത്തോടൊപ്പമാക്കി. ഈ കാലയളവിൽ ഞാൻ ബേക്കറിപ്പണി പഠിച്ചെടുത്തു, പിൽക്കാലത്ത്‌ അത്‌ എനിക്കു വളരെ പ്രയോജനം ചെയ്‌തു. കുറെ നാളുകൾ കഴിഞ്ഞപ്പോൾ, എന്റെ കുടുംബാംഗങ്ങളെയെല്ലാം (മാരിയ ആന്റിയെയും അവരുടെ കുടുംബത്തെയും ഉൾപ്പെടെ) ഗുൻസൻഹൗസനിലുള്ള പാളയത്തിലേക്കു മാറ്റി.

യുദ്ധം അവസാനിച്ചപ്പോൾ എന്റെ മാതാപിതാക്കളുടെ അടുത്തേക്കു പോകാനായി ഞാൻ ഒരു കൂട്ടത്തോടൊപ്പം യാത്ര ചെയ്യാൻ തയ്യാറെടുക്കുകയായിരുന്നു. എന്നാൽ പോകാനിരുന്നതിന്റെ തലേന്നു സന്ധ്യയ്‌ക്ക്‌ ഡാഡി സ്ഥലത്തെത്തി. ആ കൂട്ടത്തോടൊപ്പം പോയിരുന്നെങ്കിൽ എനിക്കെന്തു സംഭവിക്കുമായിരുന്നെന്ന്‌ എനിക്കറിയില്ല, കാരണം അവർ അത്ര നല്ല ആളുകളായിരുന്നില്ല. ഒരിക്കൽക്കൂടെ യഹോവയുടെ സ്‌നേഹപൂർവകമായ കരുതൽ ഞാൻ അനുഭവിച്ചറിഞ്ഞു, എന്റെ മാതാപിതാക്കളെ ഉപയോഗിച്ച്‌ അവൻ എനിക്കു സംരക്ഷണവും പരിശീലനവും പ്രദാനം ചെയ്‌തു. മൂന്നു ദിവസം കാൽനടയായി യാത്ര ചെയ്‌താണ്‌ ഞാനും ഡാഡിയും കുടുംബത്തോടൊപ്പം ചേർന്നത്‌. 1945 ജൂൺമാസത്തോടെ ഞങ്ങളെല്ലാവരും വീട്ടിൽ തിരിച്ചെത്തി.

യുദ്ധാനന്തരം യോസിപ്പ്‌ ബ്രോസ്‌ ടിറ്റോയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റുകാർ യൂഗോസ്ലാവിയയിൽ അധികാരത്തിലേറി. അതുകൊണ്ട്‌ യഹോവയുടെ സാക്ഷികളുടെ അവസ്ഥ ദുഷ്‌കരമായിത്തന്നെ തുടർന്നു.

1948-ൽ ഓസ്‌ട്രിയയിൽനിന്നുള്ള ഒരു സഹോദരൻ ഞങ്ങളുടെ വീട്ടിൽവന്നു, ഞങ്ങളുടെ ക്ഷണം സ്വീകരിച്ച്‌ ഒരു നേരത്തെ ഭക്ഷണം കഴിക്കുകയും ചെയ്‌തു. എന്നാൽ പോലീസ്‌ അദ്ദേഹത്തെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു, അദ്ദേഹം ഏതെല്ലാം സഹോദരങ്ങളെ സന്ദർശിച്ചുവോ അവരെയെല്ലാം പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. അദ്ദേഹത്തിന്‌ ആതിഥ്യമരുളിയതിനും പോലീസിൽ അദ്ദേഹത്തെക്കുറിച്ചു വിവരം നൽകാതിരുന്നതിനും ഡാഡിയും അറസ്റ്റിലായി. ഇതിന്റെ പേരിൽ രണ്ടു വർഷം ഡാഡി തടവിൽ കഴിഞ്ഞു. ഡാഡി അടുത്തില്ലാതിരുന്നതിനാലും ഞാനും അനുജനും താമസിയാതെ നിഷ്‌പക്ഷതയുടെ പരിശോധന നേരിടേണ്ടിവരുമെന്ന്‌ അറിയാമായിരുന്നതിനാലും ആ കാലഘട്ടം മമ്മിയെ സംബന്ധിച്ചിടത്തോളം തികച്ചും ദുഷ്‌കരമായിരുന്നു.

മാസിഡോണിയയിലെ തടവുജീവിതം

1949 നവംബറിൽ സൈന്യത്തിൽ ചേരാൻ എനിക്ക്‌ ഉത്തരവു ലഭിച്ചു. സൈനിക സേവനത്തിൽ ഏർപ്പെടാൻ എന്റെ മനസ്സാക്ഷി അനുവദിക്കുകയില്ലെന്ന കാര്യം വിശദീകരിക്കാൻ ഞാൻ അധികാരികളുടെ മുമ്പിൽ ഹാജരായി. അവർ എന്റെ വിശദീകരണം ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല, പകരം സൈനിക സേവനത്തിനു റിക്രൂട്ടു ചെയ്‌തിരുന്നവരോടൊപ്പം എന്നെ ഒരു ട്രെയിനിൽ കയറ്റി യൂഗോസ്ലാവിയയുടെ മറ്റേ അറ്റത്തേക്ക്‌, മാസിഡോണിയയിലേക്ക്‌, അയച്ചു.

മൂന്നു വർഷത്തേക്ക്‌ കുടുംബവും സഹോദരവർഗവുമായുള്ള സമ്പർക്കം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ. എന്റെ കയ്യിൽ ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളോ എന്തിന്‌ ഒരു ബൈബിൾപോലുമോ ഉണ്ടായിരുന്നില്ല. സാഹചര്യം തികച്ചും ദുഷ്‌കരമായിരുന്നു. യഹോവയെയും അവന്റെ പുത്രനായ യേശുക്രിസ്‌തുവിന്റെ മാതൃകയെയും കുറിച്ചു ധ്യാനിച്ചത്‌ പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചു. എന്റെ മാതാപിതാക്കളുടെ മാതൃകയും എന്നെ ശക്തീകരിച്ചു. കൂടാതെ, ഉൾക്കരുത്തിനായുള്ള നിരന്തര പ്രാർഥനയും, നിരാശയിലാണ്ടുപോകാതിരിക്കാൻ എന്നെ സഹായിച്ചു.

ഒടുവിൽ എന്നെ സ്‌കോപ്യേയ്‌ക്കു സമീപം സ്ഥിതി ചെയ്യുന്ന ഇഡ്‌റിസോവോയിലുള്ള ഒരു ജയിലിലേക്ക്‌ അയച്ചു. അവിടത്തെ അന്തേവാസികൾക്കു പലതരത്തിലുള്ള തൊഴിലുകൾ ചെയ്യേണ്ടതുണ്ടായിരുന്നു. ആദ്യമൊക്കെ തൂപ്പുപണിയായിരുന്നു എനിക്ക്‌, ഇതിനുപുറമേ ഓഫീസുകളിൽനിന്ന്‌ ഓഫീസുകളിലേക്ക്‌ കത്തുകളും മറ്റും എത്തിച്ചുകൊടുക്കുന്ന ജോലിയും ചെയ്യേണ്ടിയിരുന്നു. മുമ്പ്‌ രഹസ്യപ്പോലീസിൽ അംഗമായിരുന്ന ഒരു തടവുകാരൻ എന്നെ പലപ്പോഴും ഉപദ്രവിക്കാറുണ്ടായിരുന്നെങ്കിലും പാറാവുകാരും തടവുകാരും ഉൾപ്പെടെ മറ്റെല്ലാവരുമായും, ജയിൽ ഫാക്ടറിയിലെ മാനേജറുമായിപ്പോലും എനിക്ക്‌ ഒരു നല്ല ബന്ധമുണ്ടായിരുന്നു.

പിന്നീട്‌, ജയിലിൽ ഒരു ബേക്കറിപ്പണിക്കാരന്റെ ആവശ്യമുണ്ടെന്ന്‌ ഞാൻ അറിയാനിടയായി. കുറച്ചു ദിവസങ്ങൾക്കുശേഷം, ഹാജരെടുപ്പിനായി തടവുകാരെല്ലാം നിരനിരയായി നിൽക്കുകയായിരുന്നു. മാനേജർ, തടവുകാരുടെ ഇടയിലൂടെ നടന്ന്‌ എന്റെ അടുക്കൽ വന്നു. അദ്ദേഹം ചോദിച്ചു, “തനിക്ക്‌ ബേക്കറിപ്പണി അറിയാമോ?” “ഉവ്വ്‌, സർ,” ഞാൻ പറഞ്ഞു. “നാളെ രാവിലെ ബേക്കറിയിൽച്ചെന്ന്‌ റിപ്പോർട്ടു ചെയ്യണം,” അദ്ദേഹം ആവശ്യപ്പെട്ടു. എന്നെ ഉപദ്രവിച്ചിരുന്ന ആ തടവുകാരൻ പലപ്പോഴും ബേക്കറിയുടെ മുന്നിലൂടെ പോകാറുണ്ടായിരുന്നു, എന്നാൽ എന്നെ ഒന്നും ചെയ്യാൻ അയാൾക്കു കഴിയുമായിരുന്നില്ല. 1950 ഫെബ്രുവരിമുതൽ ജൂലൈവരെ ഞാൻ അവിടെ പണിയെടുത്തു.

പിന്നീട്‌ എന്നെ പ്രെസ്‌പ തടാകത്തിനു സമീപം, മാസിഡോണിയയുടെ തെക്കു സ്ഥിതി ചെയ്യുന്ന വോൾക്കോഡെരി ബാരക്കുകളിലേക്കു മാറ്റി. അടുത്തുള്ള ഓറ്റെസോവോ പട്ടണത്തിൽ ചെന്നാൽ എനിക്കു വീട്ടിലേക്കു കത്തുകളയയ്‌ക്കാൻ കഴിയുമായിരുന്നു. റോഡുപണിക്ക്‌ ആക്കിയിരുന്ന തടവുകാരുടെ കൂട്ടത്തിലായിരുന്നെങ്കിലും മിക്ക സമയവും എനിക്കു ബേക്കറിയിലായിരുന്നു ജോലി, അതുകൊണ്ട്‌ ഒരൽപ്പം ആശ്വാസമുണ്ടായിരുന്നു. 1952 നവംബറിൽ ഞാൻ മോചിതനായി.

ഞാൻ പോഡ്‌ഹോമിൽ ഇല്ലാതിരുന്ന ആ കാലത്ത്‌ അവിടെ ഒരു സഭ രൂപംകൊണ്ടിരുന്നു. ആദ്യകാലങ്ങളിൽ സ്‌പോഡ്‌ന്യെ ഗോർയെയിലുള്ള ഒരു ചെറിയ ഹോട്ടലിലാണു സഭ കൂടിവന്നിരുന്നത്‌. പിന്നീട്‌, ഡാഡി ഞങ്ങളുടെ വീട്ടിലെ ഒരു കൊച്ചുമുറി സഭയ്‌ക്കു വിട്ടുകൊടുത്തു. മാസിഡോണിയയിൽനിന്നു തിരിച്ചെത്തിയ എനിക്ക്‌ അവരോടൊപ്പം ചേരാൻ സന്തോഷമായിരുന്നു. ജയിലിൽ പോകുന്നതിനുമുമ്പ്‌ ഞാൻ സ്റ്റാങ്കയെ പരിചയപ്പെട്ടിരുന്നു. തിരിച്ചെത്തിയപ്പോൾ ഞങ്ങൾ പരിചയം പുതുക്കി, 1954 ഏപ്രിൽ 24-ന്‌ വിവാഹിതരുമായി. എന്നാൽ ആ ആശ്വാസകാലം പെട്ടെന്നുതന്നെ അവസാനിക്കാൻ പോകുകയായിരുന്നു.

മാരിബോറിലെ തടവുജീവിതം

1954 സെപ്‌റ്റംബറിൽ, സൈന്യത്തിൽ ചേരാനുള്ള മറ്റൊരു ഉത്തരവ്‌ എനിക്കു ലഭിച്ചു. അതു നിരസിച്ചതിനെ തുടർന്ന്‌ എനിക്കു വീണ്ടും തടവുശിക്ഷ ലഭിച്ചു, ഇപ്രാവശ്യം ശിക്ഷയുടെ കാലാവധി മൂന്നര വർഷത്തിലധികം നീണ്ടുനിൽക്കുമായിരുന്നു. സ്ലോവേനിയയുടെ കിഴക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന മാരിബോറിലെ ജയിലിലേക്കാണ്‌ എന്നെ കൊണ്ടുപോയത്‌. കഴിയുന്നത്ര പെട്ടെന്ന്‌ ഞാൻ കുറച്ചു കടലാസ്സും പെൻസിലുകളും വാങ്ങി. എനിക്ക്‌ ഓർമയുണ്ടായിരുന്നതെല്ലാം​—⁠തിരുവെഴുത്തുകളും വീക്ഷാഗോപുരം ഉൾപ്പെടെയുള്ള ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളിൽനിന്നുള്ള ആശയങ്ങളും​—⁠ഞാൻ എഴുതാൻ തുടങ്ങി. ഞാൻ ആ കുറിപ്പുകൾ വായിക്കും, വീണ്ടും എന്തെങ്കിലും ഓർമവരുമ്പോൾ അവയും കുറിച്ചുവെക്കും. ഈ രീതിയിൽ, അനേകം തിരുവെഴുത്തുകളും തിരുവെഴുത്തധിഷ്‌ഠിത ആശയങ്ങളും ഓർമയിൽനിന്നു സമാഹരിക്കാൻ എനിക്കു കഴിഞ്ഞു. ഇത്‌, സത്യത്തിൽ ദൃഷ്ടി കേന്ദ്രീകരിച്ചു നിറുത്താനും ആത്മീയകരുത്തു കാത്തുസൂക്ഷിക്കാനും സഹായിച്ചു. ആത്മീയ കരുത്തു പ്രദാനം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച മറ്റു രണ്ടു സംഗതികളായിരുന്നു പ്രാർഥനയും ധ്യാനവും. മറ്റുള്ളവരുമായി സത്യം പങ്കുവെക്കുന്നതിൽ കൂടുതൽ ധൈര്യമുള്ളവനായിരിക്കാൻ അവ എന്നെ പ്രാപ്‌തനാക്കി.

ആ സമയത്ത്‌ മാസത്തിലൊരിക്കൽ, കുടുംബാംഗങ്ങളിൽനിന്നോ മറ്റോ ഉള്ള ഒരു കത്തു വായിക്കാൻ എനിക്ക്‌ അനുവാദമുണ്ടായിരുന്നു. അതുപോലെ മാസത്തിലൊരിക്കൽ അവർക്കാർക്കെങ്കിലും 15 മിനിട്ടു നേരത്തേക്ക്‌ എന്നെ സന്ദർശിക്കാനും കഴിയുമായിരുന്നു. അതിരാവിലെതന്നെ എന്നെ വന്നുകാണാനായി രാത്രി മുഴുവൻ ട്രെയിനിൽ യാത്ര ചെയ്‌ത്‌ സ്റ്റാങ്ക എത്തും. രാവിലെ എത്തിയാൽ അന്നുതന്നെ അവൾക്കു മടങ്ങാൻ കഴിയുമായിരുന്നു. ഈ സന്ദർശനങ്ങൾ എന്നെ വളരെ പ്രോത്സാഹിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബൈബിൾ കയ്യിൽകിട്ടാൻ എന്താണു വഴിയെന്നു ഞാൻ ചിന്തിക്കാൻ തുടങ്ങി. ഒരിക്കൽ പതിവുപോലെ സ്റ്റാങ്ക എന്നെ കാണാൻ എത്തി. ഒരു മേശയുടെ അപ്പുറത്തുമിപ്പുറത്തുമായി ഞങ്ങൾ ഇരിക്കുകയായിരുന്നു, ഞങ്ങളെ നിരീക്ഷിച്ചുകൊണ്ട്‌ ഒരു ഗാർഡും നിൽപ്പുണ്ടായിരുന്നു. ഗാർഡിന്റെ കണ്ണു തെറ്റിയ ഉടൻ ഞാൻ അവളുടെ ഹാന്റ്‌ബാഗിൽ ഒരു കത്തു വെച്ചു. അടുത്തതവണ വരുമ്പോൾ ഒരു ബൈബിൾ കൊണ്ടുവരണമെന്ന്‌ അതിൽ എഴുതിയിരുന്നു.

അതു വളരെ അപകടകരമാണെന്ന്‌ സ്റ്റാങ്കയ്‌ക്കും എന്റെ മാതാപിതാക്കൾക്കും തോന്നി. അതുകൊണ്ട്‌ അവർ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ പേജുകൾ ബണ്ണുകളുടെ ഉള്ളിലാക്കി എന്റെ പക്കലെത്തിച്ചു. അങ്ങനെ എനിക്ക്‌ ബൈബിൾ ലഭിച്ചു. വീക്ഷാഗോപുര ലേഖനങ്ങൾ അവൾ കൈകൊണ്ടെഴുതി ഇതേവിധത്തിൽ എനിക്ക്‌ എത്തിച്ചുതരുമായിരുന്നു. അതു കയ്യിൽ കിട്ടുന്ന ഉടനെ ഞാൻ സ്വന്തം കൈപ്പടയിൽ മറ്റൊരു പ്രതി തയ്യാറാക്കും. എന്നിട്ട്‌ ആദ്യത്തേതു നശിപ്പിച്ചുകളയും. അങ്ങനെയാകുമ്പോൾ എനിക്ക്‌ അവ എവിടെനിന്നു കിട്ടിയെന്ന്‌ ആർക്കും കണ്ടെത്താൻ കഴിയുമായിരുന്നില്ല.

സാക്ഷീകരണവേല ഉപേക്ഷിക്കാൻ തയ്യാറാകാത്തതിനാൽ, ഞാൻ തീർച്ചയായും കുഴപ്പത്തിൽപ്പെടുമെന്നു സഹതടവുകാർ പറയാറുണ്ടായിരുന്നു. ഒരിക്കൽ മറ്റൊരു തടവുകാരനുമായി ഞാൻ വളരെ സജീവമായ ഒരു ബൈബിൾ ചർച്ച നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ്‌ താക്കോൽ തിരിക്കുന്ന ശബ്ദം കേട്ടത്‌, തുടർന്ന്‌ ഒരു ഗാർഡ്‌ അകത്തേക്കു വന്നു. എന്നെ ഏകാന്തതടവിലാക്കുമെന്നു ഞാൻ ഉറപ്പിച്ചു. എന്നാൽ ഗാർഡിന്റെ ഉദ്ദേശ്യം അതായിരുന്നില്ല. അദ്ദേഹം ആ ചർച്ച കേട്ട്‌ അതിൽ സംബന്ധിക്കാൻ വന്നതായിരുന്നു. തന്റെ ചോദ്യങ്ങൾക്കെല്ലാം തൃപ്‌തികരമായ ഉത്തരം ലഭിച്ചപ്പോൾ അദ്ദേഹം പുറത്തുകടന്നു വാതിലടച്ചു.

എന്റെ ശിക്ഷയുടെ അവസാനമാസം, തടവുകാരുടെ സ്വഭാവരൂപീകരണത്തിന്റെ ചുമതല വഹിച്ചിരുന്ന കമ്മീഷണർ, സത്യത്തിനുവേണ്ടി ഞാൻ കൈക്കൊണ്ട ഉറച്ച നിലപാടിനെപ്രതി എന്നെ അഭിനന്ദിച്ചു. യഹോവയുടെ നാമം പ്രസിദ്ധമാക്കാനുള്ള എന്റെ ശ്രമങ്ങൾക്കു ലഭിച്ച മഹത്തായ പ്രതിഫലമാണ്‌ അതെന്ന്‌ എനിക്കു തോന്നി. 1958 മേയ്‌ മാസത്തിൽ ഞാൻ വീണ്ടും മോചിതനായി.

ഓസ്‌ട്രിയയിലേക്ക്‌, അവിടെനിന്ന്‌ ഓസ്‌ട്രേലിയയിലേക്ക്‌

1958 ആഗസ്റ്റിൽ മമ്മി മരിച്ചു. കുറെ നാളായി മമ്മി സുഖമില്ലാതിരിക്കുകയായിരുന്നു. 1958 സെപ്‌റ്റംബറിൽ, എനിക്ക്‌ സൈന്യത്തിൽ ചേരാനുള്ള മൂന്നാമത്തെ ഉത്തരവു വന്നു. ആ സന്ധ്യയ്‌ക്ക്‌ സ്റ്റാങ്കയും ഞാനും നിർണായകമായ ഒരു തീരുമാനം കൈക്കൊണ്ടു. തുടക്കത്തിൽ പരാമർശിച്ച, അതിർത്തി കടക്കാനുള്ള ആ സാഹസിക ശ്രമത്തിലേക്കു ഞങ്ങളെ നയിച്ചത്‌ അതാണ്‌. ആരോടും പറയാതെ, ഞങ്ങൾ കുറെ സാധനങ്ങളും പുറത്തുവെച്ചുകെട്ടി ഒരു ടാർപ്പോളിനും കയ്യിലെടുത്ത്‌ ജനാലയിലൂടെ പുറത്തു കടന്നു. സ്റ്റോൾ പർവതത്തിനു തൊട്ടുപടിഞ്ഞാറുള്ള ഓസ്‌ട്രിയൻ അതിർത്തി ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. ഇനി ഞങ്ങൾക്ക്‌ അൽപ്പം ആശ്വാസം ആവശ്യമാണെന്നു മനസ്സിലാക്കി യഹോവതന്നെ ഒരു വഴി തുറന്നുതന്നതുപോലെയായിരുന്നു അത്‌.

ഓസ്‌ട്രിയൻ അധികാരികൾ ഞങ്ങളെ സാൽബർഗിന്‌ അരികിലുള്ള ഒരു അഭയാർഥി ക്യാമ്പിലേക്ക്‌ അയച്ചു. അവിടെ ഞങ്ങൾ ആറു മാസം ഉണ്ടായിരുന്നു. എപ്പോഴും ഞങ്ങൾ അവിടത്തെ സാക്ഷികളോടൊപ്പമായിരുന്നതുകൊണ്ട്‌ ഞങ്ങൾക്കു ക്യാമ്പിൽ അധികം ചെലവിടേണ്ടിവന്നില്ല. ഞങ്ങൾ ഇത്ര പെട്ടെന്ന്‌ സുഹൃത്തുക്കളെ സമ്പാദിച്ചത്‌ ക്യാമ്പിലുള്ളവരെ അത്ഭുതപ്പെടുത്തി. ഇക്കാലത്താണ്‌ ഞങ്ങൾ ആദ്യമായി ഒരു സമ്മേളനത്തിൽ സംബന്ധിക്കുന്നത്‌. ആദ്യമായി വീടുതോറുമുള്ള പ്രസംഗവേലയിൽ സ്വതന്ത്രമായി ഏർപ്പെട്ടതും ആ കാലയളവിൽത്തന്നെ. അവിടെയുള്ള ഞങ്ങളുടെ പ്രിയസുഹൃത്തുക്കളോടു യാത്ര പറഞ്ഞു പിരിയുക എളുപ്പമായിരുന്നില്ല.

ഓസ്‌ട്രേലിയയിലേക്കു കുടിയേറാനുള്ള അവസരം ഓസ്‌ട്രിയൻ അധികാരികൾ ഞങ്ങൾക്കു നൽകി. അത്ര ദൂരേക്കു പോകേണ്ടിവരുമെന്നു ഞങ്ങൾ സ്വപ്‌നത്തിൽപ്പോലും ഓർത്തിരുന്നില്ല. ഞങ്ങൾ ട്രെയിനിൽ ഇറ്റലിയിലെ ജെനോവയിലെത്തി, അവിടെനിന്ന്‌ ഓസ്‌ട്രേലിയയിലേക്കു കപ്പൽ കയറി. ഒടുവിൽ ഞങ്ങൾ ന്യൂസൗത്ത്‌ വെയ്‌ൽസിലെ വോല്ലോങ്കോങ്‌ നഗരത്തിൽ താമസമുറപ്പിച്ചു. അവിടെവെച്ച്‌ 1965 മാർച്ച്‌ 30-ന്‌ ഞങ്ങൾക്ക്‌ ഒരു മകൻ പിറന്നു, ഞങ്ങൾ അവന്‌ ഫിലിപ്പ്‌ എന്നു പേരിട്ടു.

ഓസ്‌ട്രേലിയയിലെ ജീവിതം സേവനത്തിന്റെ വിവിധ വശങ്ങൾ ഞങ്ങൾക്കു തുറന്നുതന്നിരിക്കുന്നു, യൂഗോസ്ലാവിയ എന്ന്‌ മുമ്പ്‌ അറിയപ്പെട്ടിരുന്ന പ്രദേശങ്ങളിൽനിന്നു കുടിയേറിപ്പാർത്തവരോടു പ്രസംഗിക്കാനുള്ള അവസരവും ഇതിൽ ഉൾപ്പെടുന്നു. ഏകീകൃത കുടുംബമെന്നനിലയിൽ സേവിക്കാനുള്ള പദവി ഉൾപ്പെടെ യഹോവ നൽകിയ അനുഗ്രഹങ്ങൾക്കായി ഞങ്ങൾ അവനോടു നന്ദിയുള്ളവരാണ്‌. ഫിലിപ്പും ഭാര്യ സൂസിയും യഹോവയുടെ സാക്ഷികളുടെ ഓസ്‌ട്രേലിയ ബ്രാഞ്ചിൽ സേവിക്കുന്നു, സ്ലോവേനിയ ബ്രാഞ്ച്‌ ഓഫീസിൽ രണ്ടു വർഷം സേവിക്കാനുള്ള അവസരവും അവർക്കു ലഭിക്കുകയുണ്ടായി.

പ്രായാധിക്യത്തിന്റേതായ വെല്ലുവിളികൾ ഉണ്ടെങ്കിലും, ഞാനും ഭാര്യയും യഹോവയുടെ സേവനം തുടർന്നും ആസ്വദിക്കുന്നു. എന്റെ മാതാപിതാക്കളുടെ വിശിഷ്ട മാതൃകയെപ്രതി ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്‌. അത്‌ എനിക്ക്‌ ഇപ്പോഴും ശക്തിപകർന്നു തരുന്നു, പൗലൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞതുപോലെ ‘ആശയിൽ സന്തോഷിക്കാനും കഷ്ടതയിൽ സഹിഷ്‌ണുത കാണിക്കാനും പ്രാർത്ഥനയിൽ ഉറ്റിരിപ്പാനും’ അത്‌ എന്നെ സഹായിക്കുന്നു​—⁠റോമർ 12:12, 13.

[16, 17 പേജുകളിലെ ചിത്രം]

എന്റെ മാതാപിതാക്കൾ, 1920-കളുടെ അവസാനത്തിൽ

[17-ാം പേജിലെ ചിത്രം]

വലത്തേ അറ്റത്ത്‌ മമ്മി, ഒപ്പം മമ്മിയെ സത്യം പഠിപ്പിച്ച ആഞ്ച്‌ക്കയും

[18-ാം പേജിലെ ചിത്രം]

ഭാര്യ സ്റ്റാങ്കയുമൊത്ത്‌, ഞങ്ങൾ വിവാഹിതരായി അധികം കഴിയുന്നതിനുമുമ്പ്‌ എടുത്ത ചിത്രം

[19-ാം പേജിലെ ചിത്രം]

1955-ൽ ഞങ്ങളുടെ വീട്ടിൽ കൂടിവന്നിരുന്ന സഭ

[20-ാം പേജിലെ ചിത്രം]

ഭാര്യ, മകൻ ഫിലിപ്പ്‌, മരുമകൾ സൂസി എന്നിവരോടൊപ്പം