വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിന്‌ വിവാഹജീവിതത്തിൽ നിങ്ങളെ സഹായിക്കാനാകും

ബൈബിളിന്‌ വിവാഹജീവിതത്തിൽ നിങ്ങളെ സഹായിക്കാനാകും

ബൈബിളിന്‌ വിവാഹജീവിതത്തിൽ നിങ്ങളെ സഹായിക്കാനാകും

ദാമ്പത്യം​—⁠ചിലരുടെ സ്‌മൃതിപഥങ്ങളിൽ ആ പദം ആഹ്ലാദകരമായ ചിന്തകൾ ഉണർത്തുമ്പോൾ മറ്റനേകർക്ക്‌ അതു ഹൃദയവേദനയാണ്‌ ഉളവാക്കുന്നത്‌. “വിവാഹിതയാണെങ്കിലും വിവാഹമോചനം കഴിഞ്ഞതുപോലെയാണ്‌ എനിക്കു തോന്നുന്നത്‌. അവഗണിക്കപ്പെട്ടിരിക്കുന്നതായുള്ള തോന്നൽ എപ്പോഴും എന്നെ അലട്ടുന്നു, എനിക്ക്‌ ആരും ഇല്ലാത്തതുപോലെ,” ഒരു കുടുംബിനി വിലപിക്കുന്നു.

പരസ്‌പരം സ്‌നേഹിക്കാനും പരിപാലിക്കാനും ഒരിക്കൽ പ്രതിജ്ഞയെടുത്ത രണ്ടുപേർ പിന്നീട്‌ ഇത്രയധികം അകന്നുപോകാൻ എന്താണ്‌ കാരണം? ദാമ്പത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണ്‌ എന്നതിനെ കുറിച്ചുള്ള ശരിയായ അറിവിന്റെ അഭാവമാണ്‌ ഒരു ഘടകം. “യാതൊരുവിധ പരിശീലനവും ഇല്ലാതെയാണ്‌ നാം വിവാഹജീവിതത്തിലേക്കു കാലെടുത്തുവെക്കുന്നത്‌” എന്ന്‌ ഒരു വൈദ്യശാസ്‌ത്ര ലേഖകൻ അഭിപ്രായപ്പെടുന്നു.

യു.എ⁠സ്‌.എ.-യിലെ ന്യൂ ജേഴ്‌സിയിലുള്ള ററ്റ്‌ഗെർസ്‌ സർവകലാശാലയുടെ ഒരു ഗവേഷണ ശാഖയായ ‘ദേശീയ ദാമ്പത്യ പദ്ധതി’ നടത്തിയ ഒരു പഠനം, ഇന്ന്‌ ഒട്ടുമിക്കവർക്കും അത്തരം അറിവ്‌ ഇല്ല എന്ന വസ്‌തുതയെ സ്ഥിരീകരിക്കുന്നു. “ഈ പഠനത്തിൽ പങ്കെടുത്ത പലരും അസന്തുഷ്ട വിവാഹജീവിതം നയിച്ച അല്ലെങ്കിൽ വിവാഹമോചിതരായ മാതാപിതാക്കളാൽ വളർത്തപ്പെട്ടവരാണ്‌” എന്ന്‌ പദ്ധതിയുടെ ഡയറക്ടർമാർ എഴുതുന്നു. “അസന്തുഷ്ട ദാമ്പത്യം എന്നാൽ എന്താണെന്ന്‌ അവർക്ക്‌ കൃത്യമായി അറിയാം, പക്ഷേ സന്തുഷ്ടമായ ഒരു ദാമ്പത്യം എങ്ങനെയുള്ളത്‌ ആയിരിക്കും എന്നതിനെ കുറിച്ച്‌ അവർക്കു വലിയ നിശ്ചയമില്ല. ‘എന്റെ മാതാപിതാക്കൾ നയിച്ചതിനു നേർവിപരീതമായ’ ഒരു ദാമ്പത്യമാണ്‌ സന്തുഷ്ട ദാമ്പത്യം എന്നു മാത്രമേ ചിലർക്കു വിശദീകരിക്കാൻ കഴിയുന്നുള്ളൂ.”

ക്രിസ്‌ത്യാനികൾ ദാമ്പത്യ പ്രശ്‌നങ്ങളിൽനിന്ന്‌ ഒഴിവുള്ളവരാണോ? അല്ല. വാസ്‌തവത്തിൽ ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്‌ത്യാനികൾക്ക്‌, തങ്ങളുടെ ദാമ്പത്യത്തിൽനിന്ന്‌ “വേറുപാടു അന്വേഷിക്കരുതു [“അന്വേഷിക്കുന്നതു നിറുത്തുക,” NW]” എന്നുള്ള വളരെ ശക്തമായ ബുദ്ധിയുപദേശത്തിന്റെ ആവശ്യമുണ്ടായിരുന്നു. (1 കൊരിന്ത്യർ 7:27) വ്യക്തമായും, രണ്ട്‌ അപൂർണ വ്യക്തികൾ ഉൾപ്പെടുന്ന ഏതൊരു ദാമ്പത്യത്തിലും ഇടയ്‌ക്കൊക്കെ അസ്വാരസ്യങ്ങൾ ഉണ്ടായെന്നു വരും. എന്നാൽ നമുക്കു സഹായം ലഭ്യമാണ്‌. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുകവഴി ഭാര്യാഭർത്താക്കന്മാർക്ക്‌ തങ്ങളുടെ വിവാഹബന്ധത്തെ കരുത്തുറ്റതാക്കാൻ കഴിയും.

ബൈബിൾ ഒരു ദാമ്പത്യ പാഠപുസ്‌തകമല്ല എന്നതു സത്യംതന്നെ. എന്നിരുന്നാലും അത്‌ ദാമ്പത്യ ക്രമീകരണത്തിന്റെ ഉപജ്ഞാതാവുതന്നെ നിശ്വസ്‌തമാക്കിയ പുസ്‌തകം ആയതുകൊണ്ട്‌ അതിലെ തത്ത്വങ്ങൾ സഹായകം ആയിരിക്കും എന്ന്‌ നമുക്കു പ്രതീക്ഷിക്കാൻ കഴിയും. പ്രവാചകനായ യെശയ്യാവ്‌ മുഖാന്തരം യഹോവയാം ദൈവം ഇപ്രകാരം പ്രസ്‌താവിച്ചു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ. അയ്യോ, നീ എന്റെ കല്‌പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.”​—⁠യെശയ്യാവു 48:17, 18.

നിങ്ങൾക്കും നിങ്ങളുടെ വിവാഹ ഇണയ്‌ക്കും തമ്മിൽ ഒരിക്കൽ ഉണ്ടായിരുന്ന സ്‌നേഹത്തിന്‌ മങ്ങലേറ്റു തുടങ്ങിയിരിക്കുന്നുവോ? സ്‌നേഹം വറ്റിയ ഒരു ദാമ്പത്യത്തിൽ കുടുങ്ങിക്കിടക്കുന്നതായി നിങ്ങൾക്കു തോന്നാറുണ്ടോ? വിവാഹിതയായിട്ട്‌ 26 വർഷമായ ഒരു സ്‌ത്രീ ഇങ്ങനെ പറഞ്ഞു: “ഇത്തരത്തിലുള്ള ഒരു വിവാഹ ബന്ധത്തിൽ അനുഭവിക്കേണ്ടിവരുന്ന വേദന പറഞ്ഞു മനസ്സിലാക്കുക വളരെ ബുദ്ധിമുട്ടാണ്‌. അത്‌ ഊണിലും ഉറക്കത്തിലും വിടാതെ പിന്തുടർന്നുകൊണ്ടിരിക്കും.” നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു നീങ്ങാത്ത ഒരു ദാമ്പത്യത്തിൽ ശ്വാസംമുട്ടി ജീവിക്കുന്നതിനെക്കാൾ അതു സംബന്ധിച്ച്‌ എന്തെങ്കിലും ചെയ്യാൻ തീരുമാനിക്കുന്നത്‌ ആയിരിക്കില്ലേ നല്ലത്‌? ദാമ്പത്യത്തിലെ പ്രതിബദ്ധത എന്ന പ്രത്യേക മണ്ഡലത്തിൽ ബൈബിൾ തത്ത്വങ്ങൾക്ക്‌ ഭാര്യാഭർത്താക്കന്മാരെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന്‌ പിൻവരുന്ന ലേഖനം വ്യക്തമാക്കും.